പ്രണയം പൂത്ത കാടകം

പോത്തുണ്ടി ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ട് പോകുമ്പോൾ പലയിടങ്ങളിലും വലിയ മഴക്കാലത്തിന്റെ തിരുശേഷിപ്പായി ചെറുചോലകൾ ഒഴുകുന്നുണ്ടായിരുന്നു. ആ ചോലകളുടെ ഓരങ്ങളിൽ ചെറുകിളിക്കൂട്ടങ്ങൾ ചിലച്ചുകൊണ്ട് ഭക്ഷണം തേടുന്നു. ലക്ഷ്യം അതല്ലാത്തതുകൊണ്ട് അവയെ അലോസരപ്പെടുത്താതെ യാത്ര തുടർന്നു. വ്യൂപോയിന്റ് എത്തുന്നതിന് കുറച്ചു മുന്നിലായി ആനകളുടെ സാമീപ്യമുണ്ടെന്ന് മനസ്സിലായിട്ടും അവിടെയും ഇറങ്ങാൻ മനസ്സ് അനുവദിച്ചില്ല. കാരണം മനസ്സിലെ തീക്ഷ്ണമായ ആഗ്രഹം മറ്റൊന്നായിരുന്നു.

കഴിഞ്ഞ തവണ നെല്ലിയാമ്പതി ചുരം കയറുമ്പോൾ വേഴാമ്പലുകളുടെ പ്രണയകാലമായിരുന്നു. കൊക്കുകൾ ഉരുമിയും, ആകാശത്ത് സ്നേഹനൃത്തമാടിയും, വായിൽ ഒതുക്കിവച്ച ഏറ്റവും നല്ല പഴവർഗ്ഗം തന്റെ പ്രണയിനിയുടെ ചുണ്ടുകളിൽ ചേർത്തുവച്ച് നൽകുകയും ചെയ്യുന്ന ആ സുന്ദരനിമിഷം നേരിട്ടാസ്വദിക്കാനായി. പിന്നീടൊരിക്കൽ ചുരം കയറുമ്പോൾ തന്റെ പ്രണയിനിക്കും കുട്ടിക്കും വേണ്ടി ഇടതടവില്ലാതെ ഭക്ഷണം ശേഖരിച്ച് കൂട്ടിലേക്ക് പോകുന്ന ആൺവേഴാമ്പലിനെ കാണുകയും ചിത്രം പകർത്തുകയും ചെയ്തിരുന്നു.

ഇത്തവണ അവരുടെ പ്രണയനിമിഷങ്ങൾ വീണ്ടും കാണണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. കേശവൻപാറയും ലില്ലി എസ്റ്റേറ്റും താണ്ടി മുന്നോട്ടുപോകുമ്പോൾ ദൂരെ എവിടെ നിന്നോ വേഴാമ്പലുകളുടെ ശബ്‌ദം കേട്ടു. കാതോർത്ത ശബ്ദത്തിന് അടുത്തെത്തിയപ്പോൾ വണ്ടിയൊതുക്കി പതിയെ പുറത്തിറങ്ങി. മഴതോർന്നിറങ്ങിയ നേരമായിരുന്നതുകൊണ്ട് റോഡിന് ഇരുവശത്ത് നിന്നും ധാരാളം കുളയട്ടകൾ ദേഹത്തേക്ക് അരിച്ച് കയറി. അതൊന്നും വകവയ്ക്കാതെ, അങ്ങകലെ പൊട്ടുപോലെ കണ്ടിരുന്ന വേഴാമ്പലിനെ ലക്ഷ്യമാക്കി നടന്നു. അടുത്തുചെല്ലുമ്പോൾ അവൻ മഴയിൽ കുതിർന്ന തന്റെ ചിറകുകൾ മിനുക്കുകയായിരുന്നു. പ്രീനിങ്ങ് ഗ്രന്ഥിയിൽനിന്ന് വരുന്ന ഓയിൽ പോലുള്ള മഞ്ഞസ്രവം കൊക്കിൽ ശേഖരിച്ച് ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നത് കണ്ടു നിന്ന് സമയം പോയത് അറിഞ്ഞില്ല. ഈ മഞ്ഞ സ്രവമാണ് ആൺവേഴാമ്പലുകളുടെ ചിറകുകൾക്ക് ഭംഗി കൂട്ടുന്നത്. മാത്രമല്ല ഇത് ചിറകുകൾ മിനുസപ്പെടുത്തുന്നതിനും വേഴാമ്പലുകൾ ഉപയോഗപ്പെടുത്തുന്നു. ഇതിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യാനുഭവം ആയിരുന്നു. ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ വലിയ രീതിയിൽ ശബ്ദമുണ്ടാക്കി. അത് കേട്ടമാത്രയിൽ അപ്പുറത്തെ മരത്തിൽ എവിടെയോ ഇരുന്ന പെൺവേഴാമ്പലും കുട്ടിയും പതുക്കെ പറന്ന്, ഞങ്ങൾക്ക് പെട്ടെന്ന് കാണാൻ പറ്റാത്ത ഒരിടത്തേക്ക് മാറിയിരുന്നു. ചിറകുകൾ മഴയിൽ നനഞ്ഞ് കുതിർന്നതുകൊണ്ട് കുഞ്ഞുവേഴാമ്പൽ വളരെ ആയാസപ്പെട്ടാണ് പറന്നത്. അൽപ്പനേരം കഴിഞ്ഞ് കുട്ടിയെ സുരക്ഷിതമായ സ്ഥലത്ത് ഒളിപ്പിച്ച് ഇരുത്തിയ ശേഷം അമ്മയും അച്ഛനും കുഞ്ഞിനായുള്ള തീറ്റതേടി വിദൂരതയിലേക്ക് പറന്നകന്നു. അമ്മയും അച്ഛനും തനിക്കുള്ള ഭക്ഷണവുമായി തിരികെ വരുന്നതുവരെ അനുസരണയുള്ള കുട്ടിയായി ആ കുഞ്ഞു വേഴാമ്പൽ കാത്തിരുന്നു.

പ്രീനിങ്ങ് ഗ്രന്ഥിയിൽ നിന്നും വരുന്ന മഞ്ഞസ്രവം കൊക്കുകൊണ്ട് ശേഖരിക്കുന്ന വേഴാമ്പൽ
ഭക്ഷണം തേ‌ടിയുള്ള യാത്ര
കാട്ടുപഴങ്ങളിലേക്ക് എത്തിയ യാത്ര
കാട്ടുപഴങ്ങൾ കൊക്കിലൊതുക്കുന്നു

പിന്നീടുള്ള യാത്ര കേശവൻപാറയിലേക്ക് ആയിരുന്നു. കേശവൻപാറ കയറുന്ന വഴിയുടെ അരികിലായി അവിടെ സ്ഥിരസാന്നിദ്ധ്യമാണെന്ന് കേട്ടിട്ടുള്ള ചില്ലിക്കൊമ്പനെ കാണാൻ ഇടയായി. ഒരുപാട് തവണ ചുരം കയറിയിട്ടുണ്ടെങ്കിലും, അവന്റെ നല്ല ഒരു ചിത്രം ഇതുവരെ പകർത്തിയിട്ടില്ല. പക്ഷെ ഇത്തവണ എന്റെ ആഗ്രഹം നടന്നു. ഞങ്ങൾ പതിയെ വഴിയിലൂടെ നടന്ന് നീങ്ങിയതും താഴെ നിന്നിരുന്ന അവൻ നടവഴിയിലേക്ക് കയറിവന്നതും ഒരേ സമയത്തായിരുന്നു. ഏകദേശം ഞങ്ങളും അവനും തമ്മിൽ ഇരുന്നൂറ് മീറ്ററിന്റെ വ്യത്യാസം. പക്ഷെ അവൻ വളരെ ശാന്തനായിരുന്നു. ഞങ്ങളെ കണ്ടതും, അനുസരണയുള്ള കുട്ടിയെപ്പോലെ കുറച്ചു നേരം ക്യാമറക്ക് പോസ്സ്‌ ചെയ്ത് തന്നിട്ട് പതിയെ എതിർവശത്തുള്ള കാട്ടിലേക്ക് അവൻ നടന്നുനീങ്ങി.

പാതയിലൂടെ നടന്നുവരുന്ന ചില്ലികൊമ്പൻ
മീൻകൂമൻ

പിന്നീട്, കേശവൻപാറയുടെ മുകളിൽ നിന്ന് വലത് വശത്തുള്ള പാറയിലേക്കായിരുന്നു ഞങ്ങളുടെ നോട്ടം. ഒരുപാട്‌ തവണ അവിടെ പുള്ളിപ്പുലിയെ കണ്ടിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞുള്ള അറിവുണ്ട്. അങ്ങനെ നോക്കി നിൽക്കുമ്പോൾ അകലെ ആ പാറയുടെ ഓരം ചേർന്ന് എന്തോ നടന്ന് പോകുന്നതായി ശ്രദ്ധയിൽപെട്ടു. പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയത് പുലിയുടെ മുഖമാണെങ്കിലും അത് പുലി ആയിരുന്നില്ല. കാട്ടുനായകളുടെ ഒരു കൂട്ടമായിരുന്നു. ഒന്നിന് പുറകെ ഒന്നായി 12 പേർ ഉണ്ടായിരുന്നു. ദൂരത്തായിരുന്നെങ്കിലും അവർ ഞങ്ങളെ വ്യക്തമായി വീക്ഷിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം അവർ ആ പാറയിൽ വിശ്രമിച്ചശേഷം, ആ പാറയുടെ ചരുവിലൂടെ പതിയെ നടന്ന് കാട് കയറി. അതോ‌ടെ ഞങ്ങളും കാടിറങ്ങാൻ തുടങ്ങി.

ദൂരെനിന്നും ഞങ്ങളെ നോക്കുന്ന കാട്ടുനായ്ക്കൾ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

3 minutes read December 28, 2022 4:35 pm