പേരും വിവരവും വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന വാങ്ങാൻ വേണ്ടി ജനപ്രാതിനിധ്യ നിയമവും കമ്പനി നിയമവും ആദായനികുതി നിയമവും വിദേശസംഭാവന നിയന്ത്രണ നിയമവും ഭേദഗതി ചെയ്തുകൊണ്ട് 2018ൽ നടപ്പിലാക്കിയ ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഫെബ്രുവരി 15ലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, അഞ്ച് വർഷത്തിനിടെ വാങ്ങിക്കൂട്ടിയ സംഭാവനയുടെ വിവരങ്ങൾ ഇനി പാർട്ടികൾക്ക് വെളിപ്പെടുത്തിയേ മതിയാവൂ. രാജ്യം ഭരിക്കുന്ന ബി.ജെ.പി തന്നെയാണ് അഞ്ച് വർഷത്തെ കണക്കെടുത്താൽ ഇതുവഴി ഏറ്റവുമധികം സംഭാവന സമാഹരിച്ചത് എന്നത് സ്വാഭാവികം. ഇലക്ടറൽ ബോണ്ട് വഴി 75 ശതമാനം പണവും എത്തിയത് ബി.ജെ.പിയിലേക്ക്. 2018–2023 വരെയുള്ള വർഷങ്ങളിൽ ആകെ ലഭിച്ച 12,008 കോടിയുടെ ഇലക്ടറൽ ബോണ്ടുകളിൽ 6,566.11 കോടിയും കിട്ടിയത് ബി.ജെ.പിക്കാണ്. 2018 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ വിവിധ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയിൽ 54.68 ശതമാനവും ബി.ജെ.പിക്കാണ് കിട്ടിയത്. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ലഭിച്ചത് 9.35 ശതമാനം മാത്രം.
ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനയുടെ 19(1) എ വകുപ്പ് പൗരർക്ക് ഉറപ്പുനൽകുന്ന അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി പറഞ്ഞു. വോട്ടുചെയ്യാനുള്ള അവകാശം വിനിയോഗിക്കുന്നതിന് വിവരലഭ്യത അനിവാര്യമാണെന്നും രാഷ്ട്രീയ കക്ഷികൾക്ക് പരിധിയില്ലാതെ പണം ലഭിക്കുന്നതരത്തിൽ നിയമത്തിൽ മാറ്റം വരുത്തിയത് സ്വേച്ഛാപരമാണെന്നും കോടതി വിധിച്ചു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾ പലതരത്തിലുള്ള വിശ്വാസതകർച്ച നേരിടുന്നകാലത്ത് വന്ന വിധി അതിനാൽ തന്നെ ആശ്വാസകരമാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, സി.പി.എം എന്നിവരുടെ ഹർജിയിലാണ് അഞ്ച് അംഗം ഭരണഘടനാ ബെഞ്ചിന്റെ വിധി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകൾ പരിശോധിച്ചാൽ ഇലക്ടറൽ ബോണ്ട് വഴി ആർക്കാണ് നേട്ടമുണ്ടായത് എന്ന് മനസ്സിലാക്കാം. തീർച്ചയായും ഈ നിയമനിർമ്മാണം നടത്തിയ ഭരണകക്ഷിയായ ബി.ജെ.പിക്ക് തന്നെയാണ് ഇലക്ടറൽ ബോണ്ട് വഴി ഗുണമുണ്ടായത്. കോൺഗ്രസ് അടക്കം ആറ് ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ മൂന്ന് മടങ്ങാണ് ബി.ജെ.പിക്ക് മാത്രം ലഭിച്ചത്. കോർപ്പറേറ്റ് ഫണ്ടിംഗ് ഭരണകക്ഷിക്ക് തന്നെ കൂടുതൽ ലഭിക്കുന്നു എന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് അടിവരയിടുന്നു സുപ്രീം കോടതിയുടെ വിധി പ്രസ്താവം.
ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പി നേട്ടമുണ്ടാക്കിയതിന്റെ കണക്കുകൾ ഇപ്രകാരമാണ്.