വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയെ തുടർന്ന് ഹരിയാനയിലെ നൂഹിൽ ആരംഭിച്ച വർഗീയ കലാപം രൂക്ഷമാവുകയാണ്. രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ ഇതുവരെ ആറ് പേർ കൊല്ലപ്പെട്ടതായും നിരവധി പോലീസുകാർക്ക് പരിക്കേറ്റതായും ഹരിയാന പൊലീസ് റിപ്പോർട്ട് ചെയ്തതായി ദേശീയ മാധ്യമങ്ങൾ അറിയിക്കുന്നു. സമീപ പ്രദേശങ്ങളിലേക്ക് കലാപം വ്യാപിച്ചതിനെ തുടർന്ന് ഗുരുഗ്രാമിൽ ആക്രമിക്കപ്പെട്ട പള്ളിയിലെ ഇമാമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബജ്റംഗ്ദൾ പ്രവർത്തകരിൽ ഒരാൾ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടതായി ബജ്റംഗ്ദളും അറിയിക്കുന്നു.
മേവാത്തിയിലെ മിയോ മേഖലയിലെ പുരാതന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റംഗദൾ, മാതൃശക്തി ദുർഗാവഹിനി എന്നീ സംഘടനകൾ നേതൃത്വം നൽകുന്ന ഘോഷയാത്രയാണ് ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര. വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ശിവലിംഗങ്ങളിൽ ജലാഭിഷേകം നടത്തകയും ചെയ്യുന്ന യാത്ര തിങ്കളാഴ്ച്ച ഉച്ചയ്ക്ക് നൂഹിൽ എത്തിയപ്പോൾ യാത്രയ്ക്ക് നേരെ കല്ലേറുണ്ടായി. ഘോഷയാത്രയിൽ പങ്കെടുത്തിരുന്നവർ ആദ്യം ചിതറിയോടിയെന്നും പിന്നീട് വ്യാപകമായ പ്രത്യാക്രമണം നടത്തി എന്നുമാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഘോഷയാത്രയിൽ പങ്കെടുത്തവർ ആയുധങ്ങൾ കൈവശം വെക്കാൻ പാടില്ലായിരുന്നു എന്നും ഇരുഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായെന്നും ഗുരുഗ്രാം എം.പിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദ്രജിത് സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ബജ്റംഗദൾ പ്രവർത്തകന്റെ വിദ്വേഷ വീഡിയോയും ഗോസംരക്ഷണത്തിനായി രണ്ട് മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗോ സംരക്ഷൻ മോനു മനേസർ ഘോഷയാത്രയിൽ പങ്കെടുക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പടർന്ന വിവരവും ജലാഭിഷേക് യാത്രയ്ക്ക് എതിരെയുള്ള ആക്രമണത്തിന് കാരണമായതായി പറയപ്പെടുന്നു.
ബജ്റംഗദൾ അംഗമായ മോനു മനേസർ എന്ന മോഹിത് യാദവ് ഗുരുഗ്രാമിന് അടുത്തുള്ള മനേസർ സ്വദേശിയാണ്. ബജ്റംഗ്ദളിന്റെ ഗോസംരക്ഷണ ടാസ്ക് ഫോഴ്സ് ആയ ഗോരക്ഷാ ദളിന്റെ തലവനെന്ന നിലയിൽ കുപ്രസിദ്ധനാണ് മോനു മനേസർ. നൈറ്റ് ഷിഫ്റ്റ് തൊഴിലാളികളെ ഉപയോഗിച്ച് വാഹനങ്ങൾ നിരീക്ഷിക്കുകയും, സംശയാസ്പദമായ വാഹനങ്ങളടെ വിവരങ്ങൾ പൊലീസിന് കൈമാറുകയും, ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതികളെ പിന്തുടർന്ന് പിടികൂടുകയുമാണ് മോനു മനേശ്വറിന്റെയും ഗോ രക്ഷാ ദളിന്റെയും പ്രവർത്തന രീതി.
2023 ഫെബ്രുവരി 14 നാണ് രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഘട്മീക ഗ്രാമവാസികളായ ജുനൈദിനെയും നസീറിനെയും കാണാതായത്. ഗോ സംരക്ഷകർ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫെബ്രുവരി 16ന് ഭിവാനിയിൽ ഒരു വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടെയും ശരീരങ്ങൾ കണ്ടെത്തി. മോനു മനേസർ ഉൾപ്പെടെ 21 പേർക്കെതിരെയാണ് തട്ടിക്കൊണ്ടുപോകലിനും, ആക്രമണത്തിനും, കൊലപാതകത്തിനും രാജസ്ഥാൻ പോലീസ് കേസെടുത്തത്. പ്രതികളുടെ വിവരങ്ങൾ പുറത്തു വിടുകയും കുറ്റപത്രം തയ്യാറാക്കുകയും ചെയ്തെങ്കിലും മോനു മനേസറിനെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരിക്കുമ്പോഴും അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉന്നയിക്കപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാനുള്ള ആവശ്യം ശക്തമായിരുന്നിട്ടും കഴിഞ്ഞ ആറു മാസമായി മോനു മനേസർ പിടികിട്ടാ പുള്ളിയായി തുടരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിജ് മണ്ഡൽ ജലഭിഷേക് യാത്രയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തും, പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചും മോനു മനേസർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ യാത്രയിൽ മോനു മനേസർ പങ്കെടുത്തിട്ടില്ല എന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ബ്രിജ് മണ്ഡൽ ജലഭിഷേക് യാത്രയ്ക്കിടയിലെ സംഘർഷത്തെ തുടർന്ന് മുസ്ലിം വീടുകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി ഗുരുഗ്രാം ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ നിരവധി അക്രമങ്ങളുണ്ടായി. ചൊവ്വാഴ്ച്ച പുലർച്ചെ ഗുരുഗ്രാമിലെ അഞ്ജുമാംമ് ജമാ മസ്ജിദിന് തീയിടുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തു. ഗുരുഗ്രാം സെക്ടർ 57ലെ അഞ്ജുമാൻ ജുമാമസ്ജിദാണ് 70-80 പേരടങ്ങുന്ന സംഘം തീവച്ചത്. ഇവിടെയുണ്ടായിരുന്ന ഇമാം മൗലാന സാദിനും ഖുർഷിദ് എന്നയാൾക്കും നേരെ അക്രമികൾ വെടിവയ്ക്കുകയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇമാമിന്റെ മരണം. നിരവധി കടകൾ തകർത്തതായും തീയിട്ടതായും, വീടുകളിൽ നിന്നും ഒഴിഞ്ഞുപോകാൻ അക്രമികൾ ആവശ്യപ്പെട്ടതായും, പൊലീസ് സുരക്ഷ വാഗ്ദാനം ചെയ്തിട്ടും നിരവധി പേർ വീടുകൾ വിട്ടുപോയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് ജില്ലകളിൽ 144 പ്രഖ്യാപിക്കുകയും കൂട്ടം കൂടുന്നത് വിലക്കുകയും ചെയ്തു. ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. 120 ഓളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും 50 വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായും കണക്കാക്കുന്നു. 44 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ് 116 ലധികം പേരെ കസ്റ്റഡിയിലെടുത്തതായും സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ദില്ലി നഗരത്തിലെ വിവിധ ഇടങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ബദർപൂർ അതിർത്തിയിൽ പ്രതിഷേധക്കാർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഹരിയാനയിലെ അക്രമങ്ങൾ കണക്കിലെടുത്ത് ദില്ലിയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചതായി പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. കലാപത്തെ തുടർന്ന് മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായിട്ടുണ്ട്. അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടുന്ന വിവരങ്ങളും പുറത്തുവന്നു. തിങ്കളാഴ്ച നൂഹില്‍ സംഘര്‍ഷം ഉണ്ടാവുന്നതിനും രണ്ട് ദിവസം മുമ്പേ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണികള്‍ ഉയര്‍ന്നിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വീഡിയോ പ്രചരിക്കുന്നത് തടയാൻ പൊലീസ് സൈബര്‍ വിഭാഗം ഒന്നും ചെയ്തില്ല എന്ന് വിമർശനമുണ്ട്.