ബി.ജെ.‌പിയുടെ ഉദ്ദേശം ‘മുസ്ലീം സിവിൽ കോഡ്’‌

മുതിർന്ന മാധ്യമപ്രവർത്തകനും കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററുമായ ആർ രാജഗോപാൽ കേരളീയം എഡിറ്റോറിയൽ ടീമുമായി നടത്തിയ സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്. ഏകീകൃത സിവിൽ കോഡ്, മണിപ്പൂർ, മാധ്യമങ്ങൾക്ക് നേരെയുണ്ടാകുന്ന നിയമനടപടികൾ, ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ… ആർ രാജഗോപാൽ സംസാരിക്കുന്നു.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമോ?

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ബി.ജെ.പി തുടക്കമിട്ടിരിക്കുന്നത് അത് നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെയല്ല. ഏകീകൃത സിവിൽ നിമയം യാഥാർത്ഥ്യമായില്ലെങ്കിലും അവർക്ക് കുഴപ്പമില്ല. ‌ഈ ചർച്ചയിലൂടെ ഹിന്ദു അനുകൂല സമ്മതിദായകർക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്നതാണ് അവർ ലക്ഷ്യമാക്കുന്നത്. ഹിന്ദു ഭൂരിപക്ഷ നിയോജകണ്ഡലങ്ങളിലെ മിക്ക വോട്ടർമാരും ഏകീകൃത സിവിൽ കോഡ് വരുന്നതിൽ വളരെ സന്തുഷ്ടരാണ്. അടുത്ത തെരഞ്ഞെടുപ്പിൽ അത് ബി.ജെ.പിക്ക് സഹായകമാകും. അപ്പർ മിഡിൽക്ലാസ് ഹിന്ദുക്കൾ ഇത് വളരെ പുരോഗമന സ്വഭാവമുള്ള നീക്കമായാണ് കാണുന്നത്. ശരിക്കും അവരുടെ ഉള്ളിലുള്ള മുസ്ലീം വിരോധം കൊണ്ട് അങ്ങനെ തോന്നിക്കുന്നതാണ്. ഏകീകൃത സിവിൽ കോഡ് വന്നാൽ ഹിന്ദു സമൂഹത്തിനുള്ളിൽ തന്നെ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് ബി.ജെ.പിക്ക് അറിയാം. അതുകൊണ്ട് നടപ്പിലാക്കണം എന്നതല്ല അവരുടെ താത്പര്യം. ഇപ്പോൾ നാഗാലാന്റ് പോലെയുള്ള ആദിവാസി മേഖലകളിൽ നിയമം നടപ്പിലാക്കില്ല എന്ന് ഉറപ്പുകൊടുത്തു എന്ന് പറയുന്നു. ഏകീകൃതമായ സിവിൽ കോഡ് ഇന്ത്യയിൽ കൊണ്ടുവരാൻ കഴിയില്ലെന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങൾ. ആത്യന്തികമായി ഇത് മുസ്ലീം സിവിൽ കോഡ് ആണ്. യൂണിഫോം സിവിൽ കോഡ് എന്ന് വിളിക്കും, പക്ഷെ മുസ്ലീങ്ങളെ ടാർഗറ്റ് ചെയ്യുക എന്നതാണ് അവർ ഇതിലൂടെ താത്പര്യപ്പെടുന്നത്.

സി.എ.എ വിരുദ്ധ പ്രക്ഷോഭം. കടപ്പാട് : outlookindia

മണ്ഡൽ കാലത്ത് ഉണ്ടായതുപോലെയുള്ള അക്രമങ്ങളിലേക്ക് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ എത്തണമെന്നാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. ആ രീതിയിൽ നോക്കിയാൽ ഇപ്പോൾ തെരുവിൽ ഇറങ്ങേണ്ടതില്ല എന്ന് മുസ്ലീം ലീഗ് എടുത്ത നിലപാട് വളരെ പക്വതയുള്ളതാണ്. തെരുവിൽ ഇതിനെതിരെ പ്രക്ഷോഭം ഉയർന്നുവരണമെന്നും അതുവഴി സൃഷ്ടിക്കപ്പെടുന്ന ഭിന്നതയെ തങ്ങൾക്കനുകൂലമാക്കാനുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അതുവഴി ഹിന്ദു വോട്ടുകൾ ഏകീകരിക്കാം എന്നവർ ആഗ്രഹിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിൽ തന്നെ പ്രതിഷേധിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെതിരെ തെരുവിൽ സമരങ്ങൾ രൂപപ്പെടുകയാണെങ്കിൽ അത് 2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുകയേയുള്ളൂ. തെരുവിൽ ലഹളയുണ്ടാകണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എന്തായാലും മൺസൂൺ സെഷനിൽ പാർലമെന്റിൽ അവർ ഇത് മുന്നോട്ടുവയ്ക്കാൻ സാധ്യതയില്ല. വിന്റർ സെഷനിൽ ടേബിളിൽ വയ്ക്കാൻ സാധ്യതയുണ്ട്. അപ്പോഴേക്കും തെരഞ്ഞെടുപ്പ് അടുക്കും. അതുവരെ ഈ ചർച്ച നിലനിർത്താൻ അവർ ശ്രമിക്കും.

മണിപ്പൂരിലെ വിലപേശലുകൾ

നോർത്ത് ഈസ്റ്റ് എനിക്ക് അറിയുന്നിടത്തോളം വളരെ സങ്കീർണ്ണമായ സ്ഥലമാണ്. സൈന്യത്തെ ഉപയോഗിച്ച് നോർത്ത് ഈസ്റ്റ് ഇന്ത്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് നെഹ്റുവിനും ഇന്ദിരയ്ക്കും മനസ്സിലായതാണ്. പ്രായോഗികമായി അത് സാധ്യമല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അവർ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് വലിയ രീതിയിൽ പണം ഇറക്കി നോർത്ത് ഈസ്റ്റ് ഇന്ത്യയെ കൂടെ നിർത്താൻ ശ്രമിച്ചത്, തുടർന്നുള്ള കോൺഗ്രസ് സർക്കാരുകളും അതുതന്നെയാണ് ചെയ്തത്. ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം പല മിലിട്ടന്റ് ഗ്രൂപ്പകളുമായി വിലപേശൽ നടത്തുകയാണ് അവർ ചെയതത്. നരേന്ദ്ര മോദി ഇക്കാര്യങ്ങളൊന്നും അറിയുന്നതുപോലെയല്ല പെരുമാറുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യയെക്കുറിച്ച് അവഗാഹമില്ലാതെ ഇടപെടുന്നതിന്റെ ഫലമാണ് മണിപ്പൂരിലെ കലാപം.

ഇതൊന്നും ശ്രദ്ധിക്കാതെ നടക്കുന്നതാണ് ‘സ്ട്രോംങ് മാൻ ഇമേജ്’ എന്നതാണ് മോദി സൃഷ്ടിക്കുന്ന മാതൃക. അദ്ദേഹത്തിന്റെ അണികൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു. ഗുജറാത്ത് കലാപത്തിൽ ഇതുവരെ മോദി മാപ്പ് പറഞ്ഞിട്ടില്ല. അങ്ങനെ പറയാതിരിക്കലാണ് ‘സ്ട്രോംങ് ലീഡർഷിപ്പ്’ എന്ന് വിശ്വസിക്കുന്നവരെ ബി.ജെ.പി രൂപപ്പെടുത്തിയിട്ടുണ്ട്.

ബംഗാളിലെ മാറ്റങ്ങൾ

ഞാൻ പ്രതീക്ഷിച്ചിരുന്നത് മമതയ്ക്ക് ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കുറച്ച് തിരിച്ചടിയുണ്ടാകുമെന്നാണ്. എന്നാൽ അങ്ങനെയൊരു തിരിച്ചടിയുണ്ടായില്ല. ചെറിയ സീറ്റ് കുറവ് പോലും മമത ബാനർജി വളരെ സസൂക്ഷ്മം ശ്രദ്ധിക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ മാൾഡയിലും മൂർഷിദാബാദിലുമെല്ലാം തൃണമൂലിന് വിജയിക്കാൻ കഴിഞ്ഞെങ്കിലും വോട്ട് വിഹിതം കുറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന കണക്കുകൾ വ്യക്തമാകുന്നതേയുള്ളൂ. മുസ്ലീങ്ങൾ വ്യാപകമായി മമതയ്ക്കെതിരെ വോട്ട് ചെയ്തതായി തോന്നുന്നില്ല. ചില ചെറിയ പോക്കറ്റുകളിൽ മാത്രം അങ്ങനെയുണ്ടായിട്ടുണ്ട്. സി.പി.എമ്മും കോൺഗ്രസുമാണ് ആ വോട്ടുകൾ നേടിയത്. ബി.ജെ.പിക്ക് അത്ര വോട്ട് ഷെയർ വർദ്ധനവ് ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ സ്ഥാനാർത്ഥികൾ പലരും ജയിച്ചു. പക്ഷെ അവരുടെ വോട്ട് ഷെയർ വല്ലാതെ കൂടിയിട്ടില്ല. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുമോ എന്ന ഭയമുണ്ട്. അവർ അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഹനുമാൻ ജയന്തിയും രാമനവമിയുമെല്ലാം അത്രയും വയലന്റായാണ് ബംഗാളിൽ അവർ നടത്തിയത്. ഹനുമാന്റെ രൂപം പോലും അവർ ആ രീതിയിൽ വയലന്റായി മാറ്റിയിരിക്കുന്നു.

ആങ്ഗ്രി ഹനുമാൻ

മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലങ്ങളെ ടാർഗറ്റ് ചെയ്താണ് ഇത്തരം ഘോഷ യാത്രകൾ നടത്തുന്നത്. നമ്മൾ ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ ഭാഗമായ കലാപങ്ങൾ ആദ്യം ആളിപ്പടർന്ന സ്ഥലമാണ് കൊൽക്കത്ത. ആ വൈരവും ഭീതിയും ഇപ്പോഴും ഹൗറ പോലെയുള്ള സെമി അർബൻ മേഖലകളിൽ നിലനിൽക്കുന്നുണ്ട്. ആ മേഖലകളിലാണ് കലാപ ശ്രമങ്ങൾക്ക് ഇപ്പോൾ ബി.ജെ.പി ശ്രമിക്കുന്നത്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുണ്ടായ വയലൻസിനെ തുടർന്ന് ഹൗറയിൽ സെക്ഷൻ 144 പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു. പ്രഖ്യാപിക്കുകയുണ്ടായി. രാമനവമി ആഘോഷങ്ങളൊന്നും ബംഗാളിൽ മുമ്പ് ഉണ്ടായിരുന്നില്ല. അവിടെ ആകെയുണ്ടായിരുന്ന ആഘോഷം ദുർഗാപൂജയായിരുന്നു. അതൊരു ഹിന്ദു ആഘോഷം എന്ന നിലയിൽ ആയിരുന്നില്ല നടത്തപ്പെട്ടിരുന്നത്. മുഹറവും ദുർഗാപൂജയുടെ ഭാഗമായ വിഗ്രഹ നിമഞ്ജനവും ഒരുമിച്ചാണ് ചില വർഷങ്ങളിൽ വരാറുണ്ടായിരുന്നത്. അങ്ങനെ വരുമ്പോൾ ദുർഗാപ്രതിമകൾ നിമഞ്ജനം ചെയ്യുന്നത് ഹിന്ദുക്കൾ മാറ്റിവയ്ക്കുകയാണ് പതിവ്. അത് കാലങ്ങളായി തുടർന്നുപോന്നിരുന്ന പരമ്പരാഗത രീതിയാണ്. മമത ദുർഗാപൂജ അനുവദിക്കുന്നില്ല എന്നു പറഞ്ഞ് 2019ൽ ബി.ജെ.പി ഇതിന്റെ പേരിൽ വലിയ ക്യാമ്പയിൻ നടത്തി.

ദുർഗയ്ക്ക് കണ്ണ് വരക്കുന്ന മമത. കടപ്പാട് : thecsrjournal

ദശമിയുടെ അന്ന് പൂജ കഴിഞ്ഞാൽ വിഗ്രഹം എന്ന് വേണമെങ്കിലും ഒഴുക്കാമെന്നും നിമഞ്ജനം നീട്ടിവച്ചാൽ വിശ്വാസ പ്രകാരം ഒന്നും സംഭവിക്കാനില്ലെന്നും പല ഹിന്ദു പണ്ഡിതന്മാരും അന്ന് പറഞ്ഞു. പക്ഷെ ബി.ജെ.പി അതിഭീകരമായ ക്യാമ്പയിൻ നടത്തി. പക്ഷെ മമത തീരുമാനത്തിൽ ഉറച്ചുനിന്നു. മമത ആ നിലപാടിൽ ഉറച്ച് നിന്നാൽ കലാപങ്ങൾ ബംഗാളിൽ ഉണ്ടാകില്ല. പക്ഷെ ബി.ജെ.പി അതിന് ശ്രമിച്ചുകൊണ്ടേയിരിക്കും എന്നത് ഉറപ്പാണ്.

മാധ്യമ നിയന്ത്രണങ്ങൾ

മാധ്യമങ്ങളോടുള്ള സമീപനത്തിൽ നരേന്ദ്ര മോദി സ്വീകരിക്കുന്ന നയം തന്നെയാണ് കേരളത്തിലും തുടരുന്നതെന്നാണ് എനിക്ക് കാണാൻ കഴിയുന്നത്. പക്ഷെ ഇടതുപക്ഷക്കാരായ സുഹൃത്തുക്കൾ പറയുന്നത് ഇവിടെ മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകുന്നതെല്ലാം വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണെന്നാണ്. എന്നാൽ അങ്ങനെ മാത്രം കാണാൻ കഴിയില്ല. പി.വി അൻവറിനെയും പി.വി ശ്രീനിജനെയുമൊന്നും കേവലം വ്യക്തികളായി മാത്രം കാണാൻ കഴിയില്ല. വ്യക്തിപരമായി പരാതികൾ നൽകിയല്ല മോശമായി പ്രവർത്തിക്കുന്ന ഒരു മാധ്യമസ്ഥാപനത്തെ നേരിടേണ്ടത്. മറുനാടൻ മലയാളി എന്ന സ്ഥാപനം വളരെ മോശമായരീതിയിൽ മതപരമായ വെറുപ്പ് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി. സർക്കാർ ഇക്കാര്യത്തിൽ നിയമപരമായി ഒന്നും ചെയ്യാതെ വ്യക്തികൾ കൊടുക്കുന്ന കേസിൽ വലിയ രീതിയിലുള്ള പൊലീസ് നടപടികൾ സ്വീകരിക്കുകയാണ്. ഇത്തരം കാര്യങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ വകുപ്പുണ്ടായിട്ടും അത് ചെയ്യാതെ വ്യക്തിപരമായ കേസുകളിലൂടെ നേരിടുന്നത് ശരിയായ കാര്യമല്ല.

ആർ രാജഗോപാൽ കേരളീയം ഓഫീസിൽ

രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഇതുതന്നെയാണ് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം ചെയ്യുന്നത്. ബി.ജെ.പി-ആർ.എസ്.എസ് എന്ന രാഷ്ട്രീയ സംഘടനയല്ല രാഹുലിനെതിരെ കേസ് കൊടുത്തിട്ടുള്ളത്, സ്വകാര്യ വ്യക്തികളാണ്. അതൊരു ട്രാപ്പ് ആണ്. നാളെ ആർക്കെതിരെയും പ്രയോഗിക്കപ്പെടാവുന്ന ഒന്ന്. മീഡിയ വണ്ണിന്റെ കേസ് അങ്ങനെയായിരുന്നില്ല. മീഡിയ വണ്ണിനെ സർക്കാർ നേരിട്ടാണ് നിരോധിച്ചത്. അതിനെ അനുകൂലിച്ച് പറയുന്നതല്ല. ആ നിയമപോരാട്ടത്തിൽ ഞാൻ മീഡിയ വണ്ണിനൊപ്പമായിരുന്നു. പക്ഷെ അവിടെ സർക്കാരാണ് മറുവശത്ത് എന്നുള്ളതുകൊണ്ട് കേസ് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ മീഡിയ വണ്ണിനും വ്യക്തതയുണ്ടായിരുന്നു. പകരം ഒരു സ്വകാര്യ വ്യക്തി ഏതെങ്കിലും ഒരു കോടതിയിൽ കേസ് കൊടുത്താൽ നമുക്ക് അത് കൈകാര്യം ചെയ്യാൻ വളരെ പ്രയാസമാണ്. അങ്ങനെ പല കോടതികളിൽ പല സ്വകാര്യവ്യക്തികളെ ഉപയോഗിച്ച് കേസ് കൊടുത്ത് പ്രയാസത്തിലാക്കുക എന്നതാണ് ഇപ്പോൾ നടക്കുന്നത്. അത് എതിർക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ ഒരു സീനിയർ ജേർണലിസ്റ്റിന് അതാണ് സംഭവിക്കുന്നത്. പല കോടതികളിലാണ് കേസ് നടക്കുന്നത്. ഒരു കേസിന് ഹാജരാകുമ്പോൾ മുപ്പത്തിയയ്യായിരം രൂപയോളം ചിലവ് വരും. എം.എ യൂസഫലി ഷാജൻ സ്കറിയയ്ക്കെതിരെ ലക്നൗ കോടതിയിലാണ് കേസ് കൊടുത്തത്. അത് തെറ്റായ വാർത്തയായിരുന്നു, എതിർക്കപ്പെടേണ്ടതാണ്. പക്ഷെ അതിനെതിരെ ലക്നൗ കോടതിയിൽ കേസ് കൊടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.  

വ്യക്തി നിയമ പരിഷ്കരണമാണോ വേണ്ടത്?

വ്യക്തി നിയമ പരിഷ്കരണമാണ് വേണ്ടത് എന്ന വാദവും ഏകീകൃത സിവിൽ കോഡ് ചർച്ചകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. എനിക്കതിൽ അഭിപ്രായം പറയാൻ വേണ്ടിയുള്ള വ്യക്തതയില്ല. പക്ഷെ പിൻതുടർച്ചാ അവകാശം എന്നത് സ്ത്രീകൾക്ക് ഉറപ്പാക്കപ്പെടേണ്ടതുണ്ട്. മേരി റോയിയുടെ കേസിൽ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമം സുപ്രീം കോടതി അസാധുവാക്കിയെങ്കിലും ക്രിസ്ത്യൻ സമൂഹത്തിനിടയിൽ പ്രായോഗികമായി അത് നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. വിൽപ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്നാണ് കോടതി പറഞ്ഞതെങ്കിലും ഇപ്പോഴും അത് നടക്കുന്നില്ല. പുരോഗമന സ്വഭാവമുള്ള കുടുംബങ്ങൾ തുല്യാവകാശം കൊടുക്കുന്നുണ്ടാകാം. പക്ഷെ അല്ലാതെയും നടക്കുന്നുണ്ട്. സ്വത്തവകാശം സ്ത്രീകൾക്കും ഉറപ്പാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതൊക്കെ അഡ്രസ് ചെയ്യുക എന്ന ലക്ഷ്യമൊന്നും ബി.ജെ.പി കൊണ്ടുവരുന്ന യൂണിഫോം സിവിൽ കോഡിൽ ഇല്ല. മുസ്ലീങ്ങളെ ടാർഗറ്റ് ചെയ്യുക എന്നത് മാത്രമാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്, പ്രത്യേകിച്ച് 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹിന്ദു ഏകീകരണത്തിന് വേണ്ടി.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 13, 2023 4:25 pm