

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ടാർഗറ്റ് തികയ്ക്കാൻ വേണ്ടി കൃഷി വകുപ്പ് പി.ജി.എസ് സംവിധാനത്തെ (Participatory Guarantee System for India അഥവാ PGS ആണ് ഇന്ത്യയിൽ കാർഷിക ഉൽപന്നങ്ങളുടെ ഓർഗാനിക് സർട്ടിഫിക്കേഷൻ സംവിധാനം) മൊത്തം തകിടം മറിച്ച് ജൈവകൃഷി ചെയ്യാത്തവർക്ക് കൂടി സർട്ടിഫിക്കേറ്റ് നൽകിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. മുപ്പത് ശതമാനം കാർഷിക മേഖലയും ജൈവകൃഷിയായി മാറിയിരിക്കുന്നുവെന്ന് കേന്ദ്രത്തെ അറിയിക്കാൻ വേണ്ടി ചെയ്യുന്ന തന്ത്രപ്പാടാണിത്. ഇതിനായി തങ്ങൾ രാസകീടനാശിനികൾ ഉപയോഗിക്കില്ല എന്നും ജൈവകൃഷിരീതികൾ മാത്രമേ പിന്തുടരുവൂവെന്നും പറഞ്ഞുകൊണ്ട് കർഷകരിൽ നിന്ന് ഒരു പ്രതിജ്ഞ ഒപ്പിട്ടുവാങ്ങി എല്ലാവരെയും ജൈവകൃഷിക്കാരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. പി.ജി.എസിന് ആവശ്യമായ ഗ്രൂപ്പുകൾ രൂപീകരിക്കരിക്കാതെയും അവർക്കാവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകാതെയും അതേസമയം കർഷകർ ഏതോ ഒരു ഗ്രൂപ്പിന്റെ ഭാഗമാണെന്ന് കബളിപ്പിക്കുന്ന രീതിയിൽ, ഒരു പേപ്പറിൽ പ്രതിജ്ഞ ഒപ്പിട്ടുവാങ്ങുന്നത്. കർഷകർ പോലും അറിയുന്നില്ല അവർ ജൈവകൃഷിക്കാരായ കാര്യം! ഓരോ കൃഷി ഓഫീസർക്കും ടാർഗറ്റ് കൊടുത്ത് നിശ്ചിത ശതമാനം കർഷകരെ ജൈവകൃഷിക്കാരാക്കി കാണിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. ഇതിലൂടെ എന്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കണം?
കാരണം നിലവിൽ ജൈവകൃഷി ചെയ്യുന്നവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കാനോ, അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകാനോ, വിപണിയൊരുക്കാനോ കൃഷിവകുപ്പിന് ഇത്ര ശുഷ്കാന്തിയില്ല! ജൈവകൃഷി മേഖലയിൽ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ജൈവകൃഷിക്ക് വേണ്ടി രൂപീകരിക്കുന്ന നയങ്ങളിലോ അതിന്റെ കമ്മിറ്റികളിലോ ഉൾപ്പെടുത്താനും തയ്യാറല്ല. കൃഷി വകുപ്പിലെയും കേരളാ കാർഷിക സർവകലാശാലയിലെയും ഒരു വിഭാഗവും പ്ലാനിംഗ് ബോർഡും അടക്കം എല്ലാവരും ജൈവകൃഷിക്കെതിരുമാണ്. അതേസമയം ഇവിടെ നല്ല രീതിയിൽ ജൈവകൃഷി പ്രവർത്തനങ്ങൾ നടക്കൂന്നുണ്ടുവെന്ന് കേന്ദ്രത്തെ കാണിക്കുകയും വേണം. ഇപ്പോൾ കേന്ദ്ര സർക്കാർ രൂപീകരിച്ച നാച്യുറൽ ഫാമിംഗ് മിഷന്റെ ഫണ്ട് ലഭിക്കാൻ വേണ്ടി ചെയ്യുന്ന തട്ടിക്കൂട്ട് പരിപാടിയാണിതെന്ന് സംശയിക്കേണ്ടി വരുന്നു. അതല്ലെങ്കിൽ പി.ജി.എസിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ഒരു ബോധവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.


എന്താണ് പി.ജി.എസ്?
പരസ്പര വിശ്വാസത്തിലധിഷ്ഠിതമായി, ജൈവകർഷകരുടെ പങ്കാളിത്തത്തോടെ ഗ്രൂപ്പുകൾ രൂപീകരിച്ച് സ്വയം പരിശോധന നടത്തി കുറഞ്ഞ ചെലവിൽ നടത്തുന്ന ഒരു സർട്ടിഫിക്കേഷൻ പ്രക്രിയയാണ് പി.ജി.എസ്. ഒരു പ്രദേശത്ത് അഞ്ച് മുതൽ 20 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾ ഇതിനാവശ്യമാണ്. ഓരോ കർഷകനും മറ്റു കർഷകരുടെ കൃഷിയും പ്രവർത്തനങ്ങളും സന്ദർശിച്ച് വിലയിരുത്തും. ഇതിന് ‘പിയർ റിവ്യൂ’ (Peer Review) എന്നാണ് പറയുന്നത്. കൃഷിസ്ഥലം, ചെയ്യുന്ന വിള, വളപ്രയോഗം, കീടരോഗനിയന്ത്രണം, വിളവ് എന്നിവയെല്ലാം പരസ്പരം കർഷകർ രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കും. ഇത് പുറമെയുള്ള ഏതെങ്കിലും ഏജൻസിക്കോ സർക്കാർ സംവിധാനങ്ങൾക്കോ പരിശോധിക്കാവുന്നതാണ്. വളരെ സുതാര്യവും സാമ്പത്തിക ചെലവും കുറഞ്ഞ ഒരു രീതിയാണിത്. ഏതെങ്കിലും ഒരു കർഷകൻ രാസവിഷങ്ങൾ ഉപയോഗിച്ചാൽ മൊത്തം ഗ്രൂപ്പിന്റെ സർട്ടിഫിക്കേഷൻ റദ്ദാകുന്നതാണ്.
ബ്രസീൽ, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ തുടങ്ങിയ രാജ്യങ്ങളിൽ പി.ജി.എസ് ഭംഗിയായി നടപ്പിലാക്കിയിട്ടുണ്ട്. ഒരു വിശ്വസനീയമായ ജൈവവസർട്ടിഫിക്കേഷൻ സംവിധാനമായി വർഷങ്ങളായി ഇത് വിജയകരമായി നടന്നു വരുന്നു. ഈ രാജ്യങ്ങളിൽ ജൈവകർഷക കൂട്ടായ്മകൾ ശക്തിപ്പെടുന്നതിനും പി.ജി.എസ് കാരണമാണ്.


നിരവധി രാജ്യങ്ങൾ പി.ജി.എസ് സംവിധാനം സർക്കാർ തലത്തിൽ അംഗീകരിക്കുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീലിലെ കൃഷിമന്ത്രാലയം ഔദ്യോഗികമായി പി.ജി.എസ് നടപ്പിൽ വരുത്തുകയും ജൈവവിപണിയിൽ ഒരു നിയമപരമായ സർട്ടിഫിക്കേഷൻ രീതിയായി ഇത് അംഗീകരിച്ചിട്ടുമുണ്ട്. തായ്ലൻഡിലും വിയറ്റ്നാമിലുമായി, കൃഷിവകുപ്പുകൾ പ്രാദേശിക സന്നദ്ധസംഘടനകളുമായി ചേർന്ന് കർഷക ഗ്രൂപ്പുകൾ രൂപീകരിക്കുകയും പിയർ റിവ്യൂ വഴി പി ജി എസ് സർട്ടിഫിക്കേഷൻ പ്രക്രിയ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കർഷകർക്കിടയിലെ സഹകരണവും പ്രതിബദ്ധതയും വർദ്ധിപ്പിക്കാനും ജൈവകൃഷിയുടെ മാനദണ്ഡങ്ങൾ നിലനിർത്താനും ഈ രാജ്യങ്ങളിലെ പി.ജി.എസ് പ്രക്രിയ നിർണ്ണായകമായിട്ടുണ്ട്.
ജൈവകൃഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളാണ് 2006 ൽ ഇന്ത്യയിൽ പി.ജി.എസ് സംവിധാനത്തെ പരിചയപ്പെടുത്തുന്നത്. 2011 മുതൽ വിവിധ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ ചേർന്ന് പി.ജി.എസ് ഓർഗാനിക് കൗൺസിൽ (PGSOC) എന്ന സംഘടന രൂപീകരിച്ച് രജിസ്റ്റർ ചെയ്ത് പി.ജി.എസ് സർട്ടിഫിക്കേഷൻ നടപ്പിലാകാൻ തുടങ്ങി. തേഡ് പാർട്ടി സർട്ടിഫിക്കേഷൻ ചെലവേറിയതിനാൽ സാധാരണ കർഷകർക്ക് ഇത് താങ്ങാൻ പറ്റാത്തതിനാലാണ് പി.ജി.എസ് ഓർഗാനിക് കൗൺസിൽ ഒട്ടും ചെലവില്ലാതെ കർഷകർക്ക് പി.ജി.എസ് ഓ സി വഴി സർട്ടിഫിക്കേഷൻ നൽകാൻ തുടങ്ങിയത്. പിന്നീട് ഈ സംവിധാനത്തെ കേന്ദ്രസർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയും കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിൽ 2015 ൽ National Centre of Organic Farming (NCOF) പി.ജി.എസ് ഇന്ത്യ എന്ന പോർട്ടൽ രൂപീകരിക്കുകയും ചെയ്തു.


വെരിഫിക്കേഷന് വേണ്ടി തെരഞ്ഞെടുത്ത ചില സന്നദ്ധ സംഘടനകളെ റീജിയണൽ കൗൺസിൽ (RC) ആയി അംഗീകരിക്കുകയും അവർ വഴി ഗ്രൂപ്പുകൾ രൂപീകരിച്ച് പി.ജി.എസ് സർട്ടിഫിക്കേഷൻ നൽകാൻ ആരംഭിക്കുകയും ചെയ്തു. റീജ്യയണൽ കൗൺസിൽ വഴി പി.ജി.എസ് നൽകുന്നതിൽ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകാൻ ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. ഡോക്യുമെന്റേഷൻ ചെലവുകൾ സംഘടനകൾ തന്നെ വഹിക്കേണ്ടി വന്നു. ഗ്രൂപ്പുകൾ പി.ജി.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ RC വഴി പരിശോധനകൾക്ക് വിധേയമാക്കുകയും പിന്നീട് ഗ്രൂപ്പുകൾക്ക് സർട്ടിഫിക്കേഷൻ നൽകുകയും ചെയ്യും. രണ്ടോ മൂന്നോ വർഷം എടുക്കുന്ന ഒരു പ്രക്രിയയാണിത്. എന്നാൽ ഇത്തരത്തിൽ ഗ്രൂപ്പ് രൂപീകരിക്കാതെയും പിയർ റിവ്യൂ നടത്താതെയുമാണ് ഇപ്പോൾ കൃഷി വകുപ്പ് ഒരു വെള്ളകടലാസിലെ ഒപ്പുക്കൊണ്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
അംഗീകരിക്കപ്പെട്ട കർഷക ഗ്രൂപ്പുകൾക്ക് PGS ഇന്ത്യ ലോഗോ ഉപയോഗിച്ച് അവരുടെ ഉൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ വിൽക്കാൻ സാധിക്കും. ഇത് കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള നേരിട്ടുള്ള വിശ്വാസ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. ജൈവകർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കാൻ സാധിക്കുന്നു. അതേസമയം കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്ന കർഷകർക്ക് പി.ജി.എസ് സർട്ടിഫിക്കേഷൻ നൽകുന്നതിലൂടെ ഈ സംവിധാനത്തെ മൊത്തം അട്ടിമറിക്കുകയാണ് കൃഷിവകുപ്പ് ഇപ്പോൾ ചെയ്ത്കൊണ്ടിരിക്കുന്നത്. ഇത് ഒട്ടും ശരിയായ ഒരു നടപടിയല്ല.
(ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ(ofai)യുടെ ദേശീയ പ്രസിഡന്റ് ആണ് ലേഖകൻ.)