ചങ്ങാത്ത മുതലാളിത്തം എങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തനത്തിലൂടെ വിശദമാക്കുന്ന ആക്ടിവിസ്റ്റാണ് പരഞ്ജോയ് ഗുഹ താക്കുർത്ത. അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരഞ്ജോയ് ഗുഹ താക്കുർത്തയെക്കുറിച്ച് പരാമർശമുണ്ട്. അദാനി ഗ്രൂപ്പിന്റെ താത്പര്യങ്ങൾക്ക് വിഘാതമായതൊന്നും പറയുകയോ എഴുതുകയോ ചെയ്യരുതെന്ന് കോടതി അദ്ദേഹത്തെ വിലക്കുകപോലുമുണ്ടായി. വിവിധ കോടതികളിലായി അദാനി ഗ്രൂപ്പ് നൽകിയ ആറ് മാനനഷ്ടക്കേസുകൾ അദ്ദേഹത്തിന് നേരിടേണ്ടതായി വരുന്നുണ്ട്. കോടതി നിർദ്ദേശം ലംഘിക്കാതെ വസ്തുതകൾ പങ്കുവയ്ക്കുക മാത്രമാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. ഒരു കോർപ്പറേറ്റ് വ്യവസായഭീമന്റെ ക്രമക്കേടുകളെക്കുറിച്ച് എഴുതിയതിന്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട മാധ്യമപ്രവർത്തകൻ സംസാരിക്കുന്നു.
അദാനിക്കെതിരെയും അദ്ദേഹത്തിന്റെ ബിസിനസ്സ് സ്ഥാപനങ്ങൾക്കെതിരെയും താങ്കൾ അഭിപ്രായം പറയാനും വിമർശിക്കാനും പാടില്ലെന്ന് നിർദ്ദേശിക്കുന്ന അഹമ്മദാബാദിലെ കോടതി ഉത്തരവ് വരാനിടയായ സാഹചര്യമെന്തായിരുന്നു?
2020 സെപ്റ്റംബറിൽ അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും വന്ന ഒരു ഉത്തരവായിരുന്നു അത്. ‘Justice Arun Mishra’s Final ‘Gift’ of Rs 8,000 Crore to Adani’ എന്ന ലേഖന പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ കേസിലാണ് അങ്ങനെ ഒരു വിധി വരുന്നത്. അബീർദാസ് ഗുപ്തയും ഞാനും ചേർന്നെഴുതിയ ലേഖനങ്ങൾ NEWSclick ആണ് പ്രസിദ്ധീകരിച്ചത് . അതിന്റെ ഉള്ളടക്കവും പ്രത്യേകിച്ച് അതിന്റെ തലക്കെട്ടും നീതിന്യായ സംവിധാനത്തിനെ ഇകഴ്ത്തിക്കാട്ടുന്നതാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. അതുകൊണ്ട് എനിക്കും അബീർ ദാസ്ഗുപ്തയ്ക്കും അദാനി ഗ്രൂപ്പിനെപ്പറ്റി അഭിപ്രായം പറയുന്നതിൽ നിന്നും വിമർശിക്കുന്നതിൽ നിന്നും കോടതി വിലക്കേർപ്പെടുത്തുകയായിരുന്നു. ആദ്യം അത് അപകീർത്തിപ്പെടുത്തലിനെതിരായുള്ള സിവിൽ കേസ് ആയിരുന്നു. പിന്നീട് അത് ക്രിമിനൽ കേസായി മാറി. അതിനുശേഷം ന്യൂസ്‌ക്ലിക്ക് അഭിഭാഷകർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഈ കേസിനെ തുടർന്ന് രണ്ടര വർഷത്തോളം ഞാൻ അദാനി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
രണ്ടര വർഷത്തിന് ശേഷം എങ്ങനെയാണ് സ്വതന്ത്രമായി സംസാരിക്കാനും മൗനം ഭേദിക്കാനും ഇടയായത് എന്ന് പറയാമോ?
രണ്ടര വർഷത്തിന് ശേഷം എനിക്കെതിരെയുള്ള കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും വസ്തുതകൾ പുറംലോകത്തോട് പറയാൻ ഞാൻ സ്വയം തീരുമാനിക്കുകയായിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ഞാൻ താങ്കളോടും പങ്കുവയ്ക്കാൻ പോകുന്നത്, വസ്തുതകൾ മാത്രമാണ്. ഞാൻ പങ്കുവയ്ക്കുന്ന വസ്തുതകളിൽ നിന്നും ഒരു നിഗമനത്തിൽ എത്താൻ ഓരോ പൗരനും സ്വാതന്ത്ര്യമുണ്ട്. അദാനി കമ്പനികളുടെ ഷെയർ മാർക്കറ്റുകൾ ജനുവരി 24 ന് ശേഷം ഇടിഞ്ഞു എന്ന് ഞാൻ പറഞ്ഞാൽ അത് അഭിപ്രായം അല്ലല്ലോ. അത് നല്ലതാണോ അല്ലയോ എന്ന് ഞാൻ പറയുന്നില്ല. അത് നിർണ്ണയിക്കേണ്ടത് നിങ്ങളാണ്. കോടതി തടഞ്ഞിരിക്കുന്നതു എന്റെ അഭിപ്രായ പ്രകടനം ആണല്ലോ. അങ്ങനെയാണ് എനിക്ക് ബോധ്യമായത്. ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജ് അതിൽക്കൂടുതൽ ഉദ്ദേശിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.
വസ്തുതകൾ പങ്കുവയ്ക്കാം എന്ന ഒരു തീരുമാനം എടുക്കാൻ ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു കാരണമായിട്ടുണ്ടോ?
ഞാൻ ലോകത്തോട് ഇത്രയും നാൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സാധൂകരിക്കുന്നതാണ് ഹിൻഡർബെർഗ് റിപ്പോർട്ട് എന്നത് ഒരു വാസ്തവം അല്ലെ? 2015 മുതൽ എന്നെ പോലുള്ള സ്വതന്ത്ര പത്രപ്രവർത്തകരും രവി നായർ, അബീർ ദാസ്ഗുപ്തയെപ്പോലുള്ള എന്റെ സഹപ്രവർത്തകരും ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഞാൻ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ (EPW) എഡിറ്റർ ആയതിനു ശേഷം 2016 ഏപ്രിൽ ആണ് അദാനിയുമായി ബന്ധപ്പെട്ട എന്റെ ഒരു പ്രധാനപ്പെട്ട റിപ്പോർട്ട് വരുന്നത്. അതിലെ കാര്യങ്ങൾ ഡിറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI), റവന്യൂ ഡിപ്പാർട്മെന്റ്, ഫിനാൻസ് മന്ത്രാലയം, കസ്റ്റംസ് ഡിപ്പാർട്മെന്റ് തുടങ്ങിയ ഇടങ്ങളിൽ ഞാൻ പങ്കുവച്ചിരുന്നു. കൽക്കരിയുടെയും ഊർജ്ജ ഉൽപ്പാദന ഉപകരണങ്ങളുടെയും ഇറക്കുമതിയിൽ നാൽപ്പതോളം സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾ ബോധപൂർവം അതിന്റെ വില ഉയർത്തി (Over Invoicing) നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ അവർക്ക് വിവരങ്ങൾ കൈമാറിയിരുന്നു. അതിൽ അദാനിയുടെയും കുറെ കമ്പനികൾ ഉൾപ്പെട്ടിരുന്നു. ഈ വിവരങ്ങളൊക്കെ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് നിലനിൽക്കെ ഇത്തരം വസ്തുതകൾ പങ്കുവച്ചതിന്റെ പേരിൽ വേറെ കോടതി നടപടികൾ ഉണ്ടാവുമോ?
ഭാവിയിൽ എന്ത് സംഭവിക്കും എന്ന് എനിക്ക് എങ്ങനെ പറയാനാകും? ഗൗതം അദാനിക്ക് നാളെ എന്താണ് സംഭവിക്കുക എന്ന് എങ്ങനെ പറയാൻ കഴിയും? 2024 തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയാത്തപോലെ ആണ് ഭാവിയിൽ എന്റെ പേരിൽ ഉണ്ടാകാൻ പോകുന്ന കേസുകളുടെ കാര്യവും.
ജനുവരി 24 ന് പുറത്തുവന്ന ഹിൻഡൻബെർഗ് റിസേർച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്ന ഏക ഇന്ത്യൻ മാധ്യമ പ്രവർത്തകനാണ് താങ്കൾ. അതിന്റെ വിശദാംശങ്ങൾ പറയാമോ?
ജനുവരി 24 ന് ആണ് ഹിൻഡൻബെർഗ് റിസേർച്ചന്റെ ,വാക്കുകളുള്ള റിപ്പോർട്ട് വന്നത്. എന്നെക്കൂടാതെ CNBC , ഇക്കണോമിക് ടൈംസ് പോലുള്ള മാധ്യമ സ്ഥാപനങ്ങളും അതിൽ പരാമർശിക്കപ്പെട്ടു. 88 ചോദ്യങ്ങളാണ് അദാനി ഗ്രൂപ്പിന് മറുപടി നൽകാനായി ഹിൻഡൻബെർഗ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എൺപത്തി നാലാമത്തെ ചോദ്യത്തിൽ എന്റെ പേര് പരാമർശിക്കപ്പെട്ടു. ആ ചോദ്യം ഇങ്ങനെയാണ്, ‘ഗൗതം അദാനി, താങ്കൾ ആവിഷ്‌ക്കാര സ്വാതന്തന്ത്ര്യത്തിലും, അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നെങ്കിൽ എന്തിനാണ് പരഞ്‌ജോയ് ഗുഹ താകുർത്ത എന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്കു പോയത്? അദാനി ഗ്രൂപ്പിന് വേണ്ടി അഭിഭാഷകൻ നൽകിയ മറുപടി പറയുന്നത് ‘അതിൽ ഞങ്ങൾക്ക് പങ്കില്ല, അത് ഒരു കോടതിയുടെ തീരുമാനം ആണ്’ എന്നായിരുന്നു. അത് ഒരർത്ഥത്തിൽ ശരിയാണ് താനും.
ഹിൻഡൻബെർഗ് റിപ്പോർട്ടിൽ ഈ കേസ് പരാമർശം വന്നപ്പോൾ അതിന് അദാനി ഗ്രൂപ്പ് മറുപടി നൽകിയപ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പൊതുസമൂഹത്തോട് പറയണമെന്ന് എനിക്ക് തോന്നുന്നു. 2017 ജൂണിൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ഞാൻ എഡിറ്റർ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടതായിരുന്നു ആ കേസ്. ആ ലേഖനം The Wire (https://thewire.in ) പുനഃപ്രസിദ്ധീകരിച്ചിരുന്നു. Modi Government’s Rs 500-Crore Bonanza to the Adani Group എന്ന പേരിലുള്ള ആ ലേഖനം ഇപ്പോഴും വായനക്കാർക്കു ലഭ്യമാണ്. ഇത് നടക്കുന്നത് 2017 ജൂലൈ മാസമായിരുന്നു. അതിന് ശേഷമാണ് അദാനി ഗ്രൂപ്പ് ഗുജറാത്തിലെ കോടതിയെ സമീപിക്കുന്നത്. ഗുജറാത്തിലെ ഭുജിലും (Bhuj) മുന്ദ്രയിലും (Mundra) അവർ സിവിൽ, ക്രിമിനൽ കേസുകൾ ഫയൽ ചെയ്തു. ഗുജറാത്തിലെ മുന്ദ്രയിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ കോടതിയിൽ ഞാൻ മൂന്ന് തവണ ഹാജരായിട്ടുണ്ട്.
സിവിൽ കേസിൽ ഭുജിലെ മജിസ്‌ട്രേറ്റ് ലേഖനം പൂർണ്ണമായും പിൻവലിക്കാൻ ആവശ്യപ്പെട്ടില്ല. അദ്ദേഹം പറഞ്ഞത് ആ ലേഖനത്തിലെ ഒരു വാക്കും, ഒരു വാചകവും പിൻവലിക്കാൻ ആയിരുന്നു. ദി വയർ അങ്ങനെ ചെയ്യുകയും ചെയ്തു. ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് 2019 മെയ് മാസത്തിൽ, ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വരുന്നതിനു മുൻപ് എന്റെ കൂടെ ലേഖനം എഴുതിയവർക്കെതിരെയും വയറിനെതിരെയും ഉള്ള കേസുകൾ പിൻവലിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചു. എനിക്കെതിരെയുള്ള കേസ് മാത്രം തുടരാനും. തുടർന്ന് കോവിഡ് കാലത്ത് കോടതി അടഞ്ഞു കിടക്കുകയായിരുന്നല്ലോ. അങ്ങനെ 2021 ജനുവരിയിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (PTI) ഒരു പത്രപ്രവർത്തക സുഹൃത്ത് എന്നെ വിളിച്ച് എനിക്കെതിരെ മുന്ദ്ര കോടതി ഒരു ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കാര്യം അറിയിക്കുകയായിരുന്നു. എന്റെ അഭിഭാഷകൻ പോലും അറിയുന്നതിന് മുൻപേ മറ്റു പലർക്കും ഈ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഞാൻ കോടതിയിൽ ഹാജരായി. എനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് സുപ്രീംകോടതി മാർഗ്ഗരേഖകൾക്കു വിരുദ്ധമായിരുന്നു എന്ന് എന്റെ അഭിഭാഷകൻ വാദിച്ചു. പത്തു ദിവസത്തിണ് ശേഷം ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും ഈ വാറണ്ടിന് സ്റ്റേ ഓർഡർ ലഭിക്കുകയായിരുന്നു. അങ്ങനെ എന്റെ അറസ്റ്റ് ഒഴിവായി. ഇതിനെ തുടർന്ന് 2021 ഫെബ്രുവരിയിലും മാർച്ചിലും ഞാൻ കോടതിയിൽ ഹാജരായി. ആ കേസ് ഇപ്പോഴും തുടരുകയാണ്.
എന്താണ് താങ്കൾ നേരിടുന്ന കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ?
ഇപ്പോൾ മുന്ദ്ര കോടതിയിലാണ് രണ്ടു കേസുകളും നടക്കുന്നത്. വേറെ മൂന്ന് കേസുകൾ അഹമ്മദാബാദ് കോടതിയിൽ നടക്കുന്നു. അവിടെ നിന്നാണല്ലോ അദാനി വിഷയം സംസാരിക്കരുത് എന്ന വിലക്ക് വന്നത്. അദാനിയുടെ കമ്പനി നൽകിയ ആറ് അപകീർത്തി കേസുകൾ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ ഏക വ്യക്തിയാണ് ഞാൻ. ഈ അടുത്തകാലത്ത് എനിക്കെതിരേയും എന്റെ കൂടെ എഴുതിയ അബീർ ദാസ്ഗുപ്തയ്ക്കും ന്യൂസ്‌ക്ലിക് പോർട്ടലിനും എതിരെയും അപകീർത്തിപ്പെടുത്തലിനു വേറൊരു ക്രിമിനൽ കേസ് രാജസ്ഥാനിലെ ബറാൻ (Baren) ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറാമത്തെ കേസ് എ.ഐ.സി.സി മെമ്പർ ആയ വരുൺ സന്തോഷും ഞാനും ചേർന്നെഴുതിയ ഒരു ലേഖനം എന്റെ സ്വന്തം വെബ്സൈറ്റിൽ (https://paranjoy.in ) The A Files എന്ന വിഭാഗത്തിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ്. ഇതിൽ പ്രസിദ്ധീകരിച്ച പല രേഖകളെക്കുറിച്ചും റിപ്പോർട്ടുകളെക്കുറിച്ചും ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
സ്വതന്ത്ര മാധ്യമം എന്ന രീതിയിൽ ഏറെ പേരുകേട്ട EPW എന്തിനായിരിക്കും തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ അദാനിയെക്കുറിച്ചുള്ള ലേഖനം പിൻവലിക്കാൻ താങ്കളോട് ആവശ്യപ്പെട്ടത്?
അത് സമീക്ഷ ട്രസ്റ്റിന് മാത്രമേ പറയാൻ കഴിയുള്ളൂ. അതിന്റെ ചെയർമാൻ പ്രൊഫ. ദീപക് നയ്യാർ അതിനുള്ള മറുപടി പറയാൻ ബാധ്യസ്ഥനാണ്. എന്നാൽ എന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് പങ്കുവയ്ക്കാൻ കഴിയും. Modi Government’s Rs 500-Crore Bonanza to the Adani Group എന്ന പേരിലുള്ള ആ ലേഖനം പ്രത്യേക സാമ്പത്തിക മേഖലകൾക്ക് (SEZ) വേണ്ടിയുള്ള ഊർജ്ജമേഖലയിലെ പ്രോജക്ടുകളിൽ സർക്കാർ ചട്ടങ്ങൾ മാറ്റിയതിന്റെ ഫലമായി എങ്ങനെയാണ് അദാനി പവർ എന്ന ഒരു കമ്പനിക്ക് വലിയ നേട്ടങ്ങൾ സാധ്യമായത് എന്നതിനെ സംബന്ധിച്ചായിരുന്നു. ഈ ലേഖനവുമായി ബന്ധപ്പെട്ട് എന്നോടൊപ്പം അവർക്കും പ്രസാധകനും അദാനി പവറിന്റെ സ്ഥാപനത്തിൽ നിന്നും വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എനിക്ക് വന്ന നോട്ടീസിന് ഞാൻ എന്റെ വക്കീൽ വഴി നേരിട്ട് മറുപടി നൽകിയിരുന്നു. തുടർന്ന് സമീക്ഷ ട്രസ്റ്റ് എന്നോട് അതിന്റെ വിശദീകരണം ചോദിച്ചു. ഞാൻ വക്കീൽ നോട്ടീസിന് മറുപടി നൽകുന്നതിന് മുന്നോടിയായി പ്രസാധകനിൽ നിന്നും അനുമതി തേടിയിരുന്നില്ല. അത് എന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായിട്ടാണ് സമീക്ഷ ട്രസ്റ്റ് ചൂണ്ടിക്കാട്ടിയത്. അങ്ങനെ ഞാൻ കരുതിയില്ലെങ്കിലും അത് എന്റെ ഭാഗത്തു നിന്നും ഉണ്ടായൊരു സാങ്കേതിക പിഴവായി കരുതി ഞാൻ ട്രസ്റ്റിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. കൂടാതെ ഞാൻ EPW എന്ന പ്രസിദ്ധീകരണത്തിന്റെ ധാർമികത നശിപ്പിക്കുന്ന രീതിയിൽ പല രീതിയിൽ പ്രവർത്തിച്ചു എന്നും അവർ ആരോപിച്ചു. അതുകൊണ്ട് എന്റെ മുൻഗാമികളെ പോലെ സ്വന്തം പേരിൽ EPW ൽ ലേഖനങ്ങൾ എഴുതാൻ പാടില്ലെന്നും അവർ ഒരു സഹപത്രാധിപരെ കൂടി നിയമിക്കാൻ പോവുകയാണെന്നും എന്നെ അറിയിച്ചു. കൂടാതെ ഞാൻ എഴുതിയ ലേഖനം വെബ്സൈറ്റിൽ നിന്നും പിൻവലിക്കാതെ ഓഫീസിൽ നിന്ന് ഇറങ്ങാൻ പാടില്ലെന്നും അവർ പറഞ്ഞു. അത് ചെയ്തതിനു ശേഷം ഒരു പേപ്പറിൽ ഞാൻ എന്റെ രാജിക്കത്ത് എഴുതിക്കൊടുക്കുകയായിരുന്നു. തുടർന്നുണ്ടായ പ്രതികരണങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. നൂറുകണക്കിനാളുകൾ എന്നെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചു. അവരിൽ അമർത്യ സെൻ, Angus Deaton എന്നീ നോബൽ ജേതാക്കളും ഞാൻ ഏറെ ബഹുമാനിക്കുന്ന നോം ചോംസ്കിയും ഉണ്ടായിരുന്നു.
ദി വയറിനെതിരെയും താങ്കളുടെ സഹപ്രവർത്തകർക്കെതിരെയും ഉള്ള കേസുകൾ പിൻവലിച്ചപ്പോഴും താങ്കൾക്കെതിരെ നിയമ നടപടി തുടരുന്നത് ഒരു ഗൂഡാലോചനയുടെ ഭാഗമായിട്ടായിരിക്കുമോ? എന്തായിരിക്കും താങ്കളെ ഇങ്ങനെ ഉന്നം വയ്ക്കാൻ കാരണം? ആരായിരിക്കും അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവുക?
ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. എന്നാൽ അതിനുള്ള ഉത്തരം എനിക്കറിയില്ല. ഇതിനു മറുപടി പറയാൻ കഴിയുക ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അഭിഭാഷകർക്കും ആയിരിക്കും.
താങ്കൾ എഴുതുന്നത് ഒരു ലേഖനം മാത്രമല്ലല്ലോ, അതിലെ വാദങ്ങളെ സാധൂകരിക്കുന്ന ഒരു പാട് രേഖകൾ കൂടിയാണല്ലോ. അത് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ആയിരിക്കുമോ താങ്കൾക്കെതിരെ ഇങ്ങനെ ഒരു നിലപാട് എടുക്കാൻ അദാനിയെ പ്രേരിപ്പിക്കുന്നത്?
അത് നിങ്ങളുടെ ഒരു അഭിപ്രായം ആണ്. അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല. എനിക്ക് പറയാനുള്ളത് വസ്തുതതകൾ മാത്രമാണ്. നിങ്ങൾക്ക് എന്ത് നിഗമനത്തിലും എത്തിച്ചേരാം. ഇന്ത്യയിലെ ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
മോദിയുടെയും ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഒരു വലിയ സ്രോതസ്സ് അദാനി ആണല്ലോ. ഹിൻഡെർബിർഗ് റിപ്പോർട്ടും ഇപ്പോൾ അദാനി കമ്പനികൾ നേരിടുന്ന ഷെയർ മാർക്കറ്റിലെ പ്രതിസന്ധികളും അടുത്ത തിരഞ്ഞെടുപ്പിലെ നിർണ്ണായക സ്വാധീനം ആകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
എന്താണ് 2024 ലെ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല. 2019 ലെ തെരഞ്ഞെടുപ്പിന് മുൻപ് പുൽവാമയും ബാലകോട്ടും ഉണ്ടാവുമെന്ന് നമ്മൾ പ്രതീക്ഷിച്ചില്ലല്ലോ? എന്നെ അത്ഭുതപ്പെടുത്തിയ ചില കാര്യങ്ങൾ പറയാം. ഹിൻഡൻബെർഗ് റിപ്പോർട്ട് വന്നതിന്റെ തൊട്ടടുത്ത ദിവസം, ജനുവരി 25 ന് അദാനി ഗ്രൂപ്പ്, അദാനി എന്റർപ്രൈസസ് എന്ന ഫ്‌ളാഗ്‌ഷിപ് കമ്പനി പൊതുജനങ്ങൾക്ക് ഇരുപതിനായിരം കോടി രൂപ ഷെയർ വാഗ്ദാനം ചെയ്തുകൊണ്ട് അതിന്റെ Follow-on Public Offer (FPO) തുറന്നിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനി, നിക്ഷേപകർക്കോ നിലവിൽ ഷെയർ ഉള്ളവർക്കോ പ്രൊമോട്ടർമാർക്കോ പുതിയ ഓഹരികൾ നൽകുന്ന ഒരു പ്രക്രിയയാണ് ഫോളോ-ഓൺ പബ്ലിക് ഓഫർ. കമ്പനികൾ അവരുടെ ഇക്വിറ്റി ബേസ് വൈവിധ്യവത്കരിക്കുന്നതിനും അവരുടെ ബിസിനസ്സിനായി മൂലധനം സ്വരൂപിക്കുന്നതിനും ആണ് FPO-കൾ ഉപയോഗിക്കുന്നത്. FPO തുറന്നതിന്റെ അടുത്ത ദിവസം റിപ്പബ്ലിക്ക് ദിനം ആയിരുന്നതുകൊണ്ട് പൊതു അവധിയായിരുന്നു. ഫെബ്രുവരി ഒന്നിനായിരുന്നു കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്. അതിനിടയിൽ സംഭവിച്ച കാര്യം പറയാം. അദാനി കമ്പനിയുടെ ഇരുപതിനായിരം കോടി രൂപയുടെ FPO വന്ന ഉടനെ അതിനോട് നല്ല പ്രതികരണമാണ് ഷെയർ വിപണിയിൽ നിന്നും ഉണ്ടായത്. എന്നാൽ പിന്നീട് അതിന്റെ മൂല്യം ഇടിയാൻ തുടങ്ങി. ജനുവരി 31 ന് FPO അവസാനിച്ചപ്പോൾ എല്ലാവരും കരുതിയത് അദാനിയുടെ പ്രതിസന്ധി അവസാനിച്ചു എന്നായിരുന്നു. ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം സ്വാഭാവികമായും പല കമ്പനികളുടെയും ഷെയറുകളുടെ മൂല്യം ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അദാനി ഗ്രൂപ്പിന്റെത് താഴേക്കു തന്നെ ആയിരുന്നു. പിന്നീട് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദാനി എന്റർപ്രൈസസ് അതിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫർ പിൻവലിക്കുകയാണെന്നും പണം മുടക്കിയവർക്ക് അത് തിരിച്ചു നല്കുമെന്നുമുള്ള ഔപചാരിക പ്രഖ്യാപനം രാത്രി 10.30 ന് നടത്തി. അടുത്ത ദിവസം രാവിലെ ഗൗതം അദാനി ഒരു വീഡിയോയിൽ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ അദ്ദേഹം FPO പിൻവലിക്കുന്നു എന്നാണു പറഞ്ഞത്. എന്നാൽ അതിനുമുൻപ് അദാനി ഗ്രൂപ്പ് പറഞ്ഞത് ഹിൻഡൻബെർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ ആണ് പങ്കുവച്ചത് എന്നാണ്. കൂടാതെ തന്റെയും രാജ്യത്തിന്റെയും യശസ്സിനെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണ് അതെന്നുമായിരുന്നു. അന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻസ് ഓഫീസർ പത്രസമ്മേളനം നടത്തിയപ്പോൾ അദാനി ഗ്രൂപ്പിന്റെ ലോഗോയെക്കാൾ വലുപ്പത്തിൽ ഉണ്ടായിരുന്നത് ഇന്ത്യയുടെ ദേശീയ പതാകയായിരുന്നു. കൂടാതെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള പരാമർശവും അദ്ദേഹം നടത്തുകയുണ്ടായി. ബ്രിട്ടീഷ് സൈനികർ ഇന്ത്യൻ സൈനികരെ ഉപയോഗിച്ചാണ് ഇന്ത്യക്കാരെ വെടിവച്ചത് എന്നൊക്കെ. ഇതിനൊക്കെ ശേഷം ജനുവരി 24 മുതൽ അദാനി ഗ്രൂപ്പിന്റെ എല്ലാ ഷെയറുകളുടെയും മൂല്യം 50 -70 ശതമാനം ഇടിയുകയാണുണ്ടായതെന്നു നമുക്കെല്ലാം അറിയാം. രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നമുക്ക് കാത്തിരുന്നു കാണാം.
അദാനി കമ്പനികളെക്കുറിച്ചു പുറത്തു വന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ താങ്കൾ ഹിൻഡൻബെർഗ് റിസേർച് ഓർഗനൈസേഷനെ സഹായിച്ചിട്ടുണ്ടോ?
എന്നോട് ഒരുപാട് പേർ ഈ ചോദ്യം ചോദിച്ചിരുന്നു. ആ റിപ്പോർട്ട് വരുന്നതു വരെ ഞാൻ അങ്ങനെയൊരു സ്ഥാപനത്തിന്റെ പേര് പോലും കേട്ടിരുന്നില്ല. എനിക്കറിയാവുന്നത് ജർമനി ഭരിച്ച Paul Von Hindenburg നെ കുറിച്ചു മാത്രമാണ്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഇംപീരിയൽ ജർമ്മൻ സൈന്യത്തെ നയിച്ച അദ്ദേഹം പിന്നീട് 1925 മുതൽ ജർമ്മനിയുടെ പ്രസിഡന്റായി മരണം വരെ ആ സ്ഥാനം വഹിച്ചു എന്നത് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ.
തുടർച്ചയായി ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും അത് ജനാധിപത്യത്തിനും സാമ്പത്തിക മേഖലയിലും സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും എഴുതിക്കൊണ്ടിരിക്കുന്ന ആളാണ് താങ്കൾ. എങ്ങനെയാണ് പൊളിറ്റിക്കൽ ഇക്കോണമി താങ്കളുടെ മാധ്യമ പ്രവർത്തനത്തിന്റെ ഒരു പ്രധാന വിഷയമായി മാറുന്നത്?
ഞാൻ ഒരു മാധ്യമപ്രവർത്തകനായിരിക്കെ ഇന്ത്യയുടെയും ലോകത്തിന്റെയും പൊളിറ്റിക്കൽ എക്കണോമിയെക്കുറിച്ചു പഠിക്കുന്ന ഒരു വിദ്യാർഥികൂടി ആണ്. ഡൽഹി സർവ്വകലാശാലയിൽ ഞാൻ പഠിച്ചത് സാമ്പത്തികശാസ്ത്രമായിരുന്നു. പിന്നീട് ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. അതിനുശേഷം വിവിധ വിഷയങ്ങളെ ആധാരമാക്കി എഴുതുകയും ഡോക്യുമെന്ററി ചിത്രങ്ങൾ നിർമ്മിക്കുകയും ചില പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പാർട് ടൈം അദ്ധ്യാപകൻ കൂടിയായിരുന്നു. 45 വർഷത്തിലധികമായി ഞാൻ മാധ്യമ പ്രവർത്തനം ആരംഭിച്ചിട്ട്. എല്ലാ പ്രധാനപ്പെട്ട ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചും ഞാൻ റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്. അംബാനിയെക്കുറിച്ചു Gas Wars: Crony Capitalism and the Ambanis എന്ന ഒരു പുസ്തകം ഞാൻ 2014 ലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
എങ്ങനെയാണ് അദാനിയിലേക്ക് ശ്രദ്ധ തിരിയുന്നത്?
ഞാൻ ഏതെങ്കിലും ഒരു പ്രത്യേക ബിസിനസ് സ്ഥാപനത്തെ മാത്രം കേന്ദ്രീകരിച്ച് എഴുത്തുകയായിരുന്നില്ല ഒരിക്കലും. ലോകത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും ധനികനായി ഒരാൾ ഒരു ചെറിയ സമയത്തിനുള്ളിൽ മാറിയപ്പോൾ അദാനിയെക്കുറിച്ചു അന്വേഷിക്കാനും എഴുതാനും ഇടയായി എന്നെ ഉള്ളൂ. അദ്ദേഹത്തിന്റെ വളർച്ച ശരിക്കും ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. രാജീവ് ഗാന്ധി സർക്കാരിന്റെയും നയങ്ങളും നരസിംഹ റാവു സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങളുമാണ് തന്റെ ഗുജറാത്തിലെ ബിസിനസ്സിന്റെ വളർച്ചയെ തുടക്കത്തിൽ സഹായിച്ചത് എന്ന് അദാനിയുടെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അതിനുശേഷം അദ്ദേഹത്തിന്റ വളർച്ചപോലെ തന്നെ നാടകീയവും അത്ഭുതപ്പെടുത്തുന്നതുമാണ് അദ്ദേഹം നേരിടുന്ന തളർച്ചയും. രാഷ്ട്രീയവും ബിസിനസ്സും തമ്മിലുള്ള ബന്ധവും (Nexus between Politics and Business) അവയ്ക്കിടയിൽ നടക്കുന്ന കൊടുക്കൽ വാങ്ങലും അറിയാൻ എനിക്ക് എപ്പോഴും താൽപ്പര്യം ഉള്ള കാര്യം ആണ്. കൂടാതെ അതിന് നമ്മുടെ തെരെഞ്ഞുടുപ്പുകളുമായും ജനാധിപത്യ സംവിധാനങ്ങളുമായും ബന്ധമുണ്ട്.
ചങ്ങാത്ത മുതലാളിത്തം ഇപ്പോൾ ഉണ്ടായ ഒന്നല്ല. ഇന്ത്യയിലും ലോകത്തും അത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് മുൻപും പിൻപും ഉള്ള അതിന്റെ സ്വഭാവത്തിലെ വ്യത്യാസം എന്താണ്?
ക്രോണി കാപ്പിറ്റലിസത്തിൽ നിന്നും അത് ഒളിഗാർഗിക് ക്യാപിറ്റലിസത്തിലേക്കു ചുവട് മാറ്റി എന്നതാണ് കാണാൻ കഴിയുന്ന ഒരു സുപ്രധാന മാറ്റം. മോദി വരുന്നതിനു മുൻപ് ഒരുകൂട്ടം ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്ന പ്രത്യേക പരിചരണം ഇന്ന് ഒരു കമ്പനിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് കാണാനാകും. ബിർള, ടാറ്റ, റിലയൻസ് തുടങ്ങി നിരവധി കമ്പനികൾക്കു നേരത്തെ സർക്കാരിന്റെ നയപരിപാടികളെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നു. ഈ കാര്യങ്ങൾ പഠിക്കുക എന്നത് എന്റെ താൽപ്പര്യമാണ്. അല്ലാതെ വെറും അദാനിയോടുള്ള വിദ്വേഷമോ എതിർപ്പോ അല്ല കാര്യം. യു.പി.എ സർക്കാരിന്റെ സമയത്തുണ്ടായിരുന്ന വലതുപക്ഷ നയങ്ങളിൽ നിന്നും കൂടുതൽ തീവ്രമായ വലതുപക്ഷ നയങ്ങളാണ് മോദി നടപ്പാക്കുന്നത് എന്ന് കാണാനാകും. യു.പി.എ സർക്കാരിന്റെ സമയത്ത് ക്ഷേമ രാഷ്ട്രം, പൗരന്മാരുടെ അവകാശങ്ങൾ, അരികുവൽക്കരിക്കപ്പെട്ടവർക്കുള്ള ആശ്വാസ നടപടികൾ, സ്ത്രീകൾ, കർഷകർ, ആദിവാസികൾ തുടങ്ങിയവരുടെ ആവശ്യങ്ങൾ, എല്ലാവർക്കും വേണ്ടിയുള്ള സാമ്പത്തിക വളർച്ച തുടങ്ങിയ കാര്യങ്ങൾ പലപ്പോഴായി പറഞ്ഞു കേൾക്കുമായിരുന്നു. മാത്രവുമല്ല ആ ദിശയിലേക്കുള്ള ചില നയപരിപാടികളും പ്രവർത്തനങ്ങളും അന്ന് നടക്കുകയും ചെയ്തിരുന്നു. അപ്പോഴും നയപരിപാടികൾ ധനിക വർഗത്തിന് അനുകൂലമായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. എല്ലാക്കാലത്തും രാഷ്ട്രീയക്കാരും ബിസിനസ് സ്ഥാപനങ്ങളും തമ്മിൽ അടുപ്പം പുലർത്തിയിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുൻപും അങ്ങനെയായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അദാനിയുടെ കമ്പനി മുൻപില്ലാത്തവിധം സ്വാധീനം ചെലുത്തുകയും ഏതാണ്ട് ബിസിനസ്സിന്റെ എല്ലാ മേഖലകളിലും അധീശത്വം നേടുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രധാന വ്യത്യാസം. അദാനി തന്റെ ബിസിനസ് ആരംഭിക്കുന്നത് ഡയമണ്ട്, പ്ലാസ്റ്റിക് വേസ്റ്റ് രംഗത്ത് നിന്നാണ്. ഇരുപതു വർഷം മുൻപ് അദാനിയെപ്പറ്റി ആളുകൾക്കറിയില്ലായിരുന്നു. വളരെ പെട്ടന്നാണ് അദ്ദേഹം ലോകത്തെ രണ്ടാമത്തേയും മൂന്നാമത്തേയുമൊക്കെ ധനികനാകുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ഇന്ന് അദാനി നിക്ഷേപം ഇല്ലാത്ത പ്രധാന മേഖലകൾ ഇല്ലെന്നു തന്നെ പറയാം. വിമാനത്താവളം, യുദ്ധ വിമാന നിർമ്മാണം തുടങ്ങിയ മേഖലകളിൽ മുൻപരിചയം പോലും നോക്കാതെ അദ്ദേഹത്തിനുള്ള ബിസിനസ്സ് സാധ്യതകൾ തുറന്നുകൊടുക്കാൻ സർക്കാരും കൂടെയുണ്ട്.
മുതലാളിത്തത്തിന്റെ നിലനിൽപ്പിനും വിജയത്തിനും സമ്പത്തിന്റെ വിതരണം അനിവാര്യമല്ലേ? അത് നീതിപൂർവ്വം നടന്നില്ലെങ്കിലും. അപ്പോൾ ഒരു വ്യക്തിയിൽ ഒതുങ്ങുന്ന ഒളിഗാർഗിക് ക്യാപിറ്റലിസം മുതലാളിത്തം എന്ന സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാകില്ലേ?
അത് ശരിയാണ്. അദാനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഏതെങ്കിലും സാമ്പത്തിക രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി അധികം ബന്ധമില്ല എന്ന് കാണാം. നിങ്ങൾ മുതലാളിത്തം ആണ് ഏറ്റവും ശരി എന്ന് കരുതുന്ന ഒരാളാണെന്ന് കരുതുക. അതിനും ചില നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ ഇല്ലേ? സെബി, റിസേർവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ എന്തിനാണ്? അവർ ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത് എന്നതൊക്കെ തൽക്കാലം മാറ്റിവയ്ക്കാം. അമേരിക്കയിൽ പോലും Securities and Exchange Commission ഉണ്ട്. അദാനിയുടെ കമ്പനി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വ്യവസ്ഥയെയും അനുസരിക്കുന്നില്ല എന്ന് കാണാനാകും. ഹിൻഡൻബെർഗ് റിപ്പോർട്ട് പറയുന്നത് അദാനി പിന്തുടരുന്നത് സ്വന്തം നിയമങ്ങൾ ആണെന്നാണ്. അതുകൊണ്ടാണ് സെബി നടത്തുന്ന അന്വേഷണം മാസങ്ങൾ കഴിഞ്ഞിട്ടും അവസാനിക്കാത്തതും റിപ്പോർട്ട് വരാത്തതും. ഞാൻ പറയുക ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് മുതലാളിത്ത സാമ്പത്തിക നയങ്ങൾ കൂടി അല്ല എന്നാണ്. മുതലാളിത്തം level playing field നെക്കുറിച്ചു പറയുന്നുണ്ട്. ഇവിടെ ഇപ്പോൾ മത്സരത്തിന് പോലും സാധ്യതയില്ലെന്ന അവസ്ഥയാണ്.
താങ്കൾ എന്തിനാണ് അദാനിയെ കാണാൻ പോയത് എന്ന് പറയാമോ?
രണ്ടുതവണ ഞാൻ ഗൗതം അദാനിയുമായി കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ആദ്യം കാണുന്നത് 2017 ൽ EPW ൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു. രണ്ടാമത് കണ്ടത് 2021 ഫെബ്രുവരിയിൽ ആയിരുന്നു. എല്ലാ സംഭാഷണവും ഓഫ് ദി റെക്കോർഡ് ആയിരിക്കുമെന്ന ധാരണയിൽ ആണ് നടന്നത്. കോടതിക്ക് പുറത്ത് കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ എന്റെ അഭിഭാഷകനാണ് അതിനു മുൻകൈ എടുത്തത്. അടുത്ത കാലത്ത് അദ്ദേഹവുമായി ഒരു ടെലിഫോൺ സംഭാഷണവും നടന്നു. അത് ഹിൻഡൻബർഗ് റിപ്പോർട്ട് വന്ന ശേഷം ആയിരുന്നു. FPO സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചായിരുന്നു മുഖ്യമായും സംസാരിച്ചത്. അന്നും ഞാൻ അദ്ദേഹത്തോട് എനിക്കെതിരെയുള്ള മാനനഷ്ട കേസുകൾ പിൻവലിക്കാൻ അഭ്യർത്ഥിക്കുകയുണ്ടായി. അദ്ദേഹം അതിനോട് അനുകൂലമായി ഒന്നും പ്രതികരിച്ചില്ല എന്നുമാത്രമേ എനിക്ക് ഇപ്പോൾ പറയാൻ കഴിയുകയുള്ളു.
താങ്കൾ കുറെ വർഷങ്ങളായി കോടതി വ്യവഹാരവുമായി കഴിയുന്നു. അത് എങ്ങനെയാണ് താങ്കളുടെ ജീവിതത്തെയും മാധ്യമ പ്രവർത്തനത്തെയും ഒക്കെ ബാധിച്ചത് എന്ന് പറയാമോ?
കേസുകൾ എന്റെ വ്യക്തി ജീവിതത്തെ, കുടുംബ ജീവിതത്തെ, എന്റെ എഴുത്തിനെ ഒക്കെ നന്നായി ബാധിച്ചു. എന്റെ അഭിഭാഷകർക്ക് ഒരുപാട് സമയം, യാത്ര ഒക്കെ എന്റെ കേസിന്റെ ആവശ്യങ്ങൾക്കായി ചെയ്യേണ്ടി വരുന്നുണ്ട്. പല സ്ഥലങ്ങളിലെ കോടതിയിൽ ഹാജരാകാനുള്ള യാത്ര കൂടാതെ ഹോട്ടൽ താമസം, ഭക്ഷണം ഒക്കെ ചെലവുള്ള കാര്യമാണ്. എനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചപ്പോൾ എന്റെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. അവർ എന്നോട് കേസുകളിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ നിർത്താൻ ആവശ്യപ്പെട്ടു. ഇത്രയും നാൾ ചെയ്തതൊക്കെ മതി എന്നും രക്തസാക്ഷി ആകരുത് എന്നൊക്കെയായിരുന്നു പറഞ്ഞത്.
ഈ സാഹചര്യത്തിൽ ആണോ അദാനിയെ സമീപിച്ച് കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിനു ശ്രമിച്ചത്?
അതിനുള്ള സാധ്യതകൾ നേരത്തെയും നോക്കിയിരുന്നു. എന്റെ അഭിഭാഷകൻ സ്വന്തം നിലയിലും ശ്രമിച്ചു നോക്കിയിട്ടുണ്ട്. എനിക്കെതിരെ മാത്രം എന്തു കൊണ്ട് കേസുകൾ തുടരുന്നു എന്ന് അദ്ദേഹം അദാനിയോട് ചോദിച്ചിരുന്നു. സാധാരണ കോടതി വ്യവഹാരങ്ങളിലൂടെ കേസ് തീരാൻ ഒരുപാട് സമയം എടുക്കും. അതുവരെ പണം, സമയം ഒക്കെ ചെലവഴിക്കേണ്ടി വരും. ഇതിനെ SLAPP എന്നാണ് പറയുക. Strategic Litigation Against Public Participation. ഇത് മറ്റുള്ളവർക്ക് നൽകുന്ന താക്കീതുകൂടിയാണ്. മറ്റുള്ളവരെ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് ഉപയോഗിക്കുന്നത്. ഇതിനെപ്പറ്റി Subir Ghosh മായി ചേർന്ന് ഞാൻ Sue the Messenger എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. നമ്മൾ എഴുതിയത് ആർക്കെങ്കിലും അനിഷ്ടം ഉണ്ടാക്കിയാൽ അതുമായി ബന്ധപ്പെട്ട കേസുകൾ നമ്മളെ ഒരർത്ഥത്തിൽ ഇല്ലാതാക്കുന്നത് ആയിരിക്കും.
കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിലൂടെ കേസുകൾ പിൻവലിക്കുകയാണെങ്കിൽ അത് താങ്കൾ അദാനിയുമായി അവസാനം രാജിയായി എന്ന് വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയില്ലേ? കൂടാതെ ഒത്തുതീർപ്പിൽ താങ്കളെ ബാധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള വ്യവസ്ഥകൾ ഉണ്ടാവാനും സാധ്യത ഇല്ലേ?
ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. അതിനുള്ള ഉത്തരം എന്താണ് ഒത്തുതീർപ്പ് എന്നുള്ളതിന് അനുസരിച്ചിരിക്കും. ഒത്തുതീർപ്പു നടന്നാൽ എന്ത് സംഭവിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നത് പരിതാപകരമായ അവസ്ഥയല്ലേ?
ഭരണഘടനയുടെ ആർട്ടികൾ 19A എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യം വാഗ്‌ദാനം ചെയ്യുന്നുണ്ട്. മാധ്യമ പ്രവർത്തകർ ഇതുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആർട്ടിക്കിൾ 19 (2 ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിൽ ന്യായമായ നിയന്ത്രണത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത്രയും മാത്രമേ ഞാൻ പറയാൻ ആഗ്രഹിക്കുന്നുള്ളൂ.
താങ്കളെപ്പോലെ ഒട്ടേറെ സ്വതന്ത്ര മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നെങ്കിൽ എന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?
മറ്റുള്ളവരുടെ കാര്യം ഞാൻ എങ്ങനെ തീരുമാനിക്കും? ഒരു കാര്യം എനിക്ക് പറയാൻ കഴിയും. ഒരു വലിയ വിഭാഗം മാധ്യമ പ്രവർത്തകർ അധികാരത്തിലിരിക്കുന്ന സർക്കാരിനോട് അങ്ങേയറ്റം വിധേയത്വമുള്ളവരാണ്. കൂടാതെ കോർപ്പറേറ്റ് താല്പര്യങ്ങൾക്കും വഴങ്ങുന്നവരാണ് അവർ. അധികാരത്തിലിരിക്കുന്നവരെ ഉത്തരവാദിത്തം ഉള്ളവരാക്കുന്ന, ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകർ ഇന്ന് വളരെ കുറവാണ്. നേരത്തെ എഴുതി തയ്യാറാക്കാതെ വാർത്താ സമ്മേളനം നടത്താത്ത ഇന്ത്യയിലെ ഏക പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2014 മെയ് മാസത്തിൽ പ്രധാനമന്ത്രിയായതു മുതൽ ഇന്നേവരെ മാധ്യമങ്ങളുടെ ചോദ്യങ്ങൾ അദ്ദേഹം അഭിമുഖീകരിച്ചിട്ടില്ല. അദ്ദേഹം തെരഞ്ഞെടുത്ത ചിലർക്ക് മാത്രമാണ് അദ്ദേഹം അഭിമുഖങ്ങൾ നൽകിയിട്ടുള്ളത്. അദ്ദേഹം ആഗ്രഹിക്കുന്ന ചോദ്യങ്ങൾ മാത്രമേ അപ്പോൾ മാധ്യമ പ്രവർത്തകർ ചോദിച്ചിട്ടുമുള്ളു. അത്തരം ഒരു അഭിമുഖത്തിൽ അക്ഷയ് കുമാർ അദ്ദേഹത്തോട് ആദ്യം ചോദിച്ച ചോദ്യം ഓർമ്മയുണ്ടോ? മോദി മാങ്ങ കഴിക്കാറുണ്ടോ? മാങ്ങ മുറിച്ചിട്ടാണോ അതോ മുഴുവനായി വായിലേക്കിട്ടാണോ കഴിക്കുക എന്നായിരുന്നു.
താങ്കളെ പോലുള്ള മാധ്യമ പ്രവർത്തകർ ഭരണകൂടത്തോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുകയും, ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉതകുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരുകയും ചെയ്യുമ്പോൾ അത് ഏറ്റെടുക്കേണ്ടത് പ്രതിപക്ഷ പാർട്ടികളുടെ ധർമ്മമാണ്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെക്കുറിച്ച് എന്താണ് താങ്കൾക്കു പറയാനുള്ളത്?
ഇത് ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. എനിക്ക് പറയാൻ കഴിയുന്നത് ഹിൻഡൻബെർഗ് റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുന്നതിനു കാരണമാക്കി എന്നാണ്. അവർ ഒരു പ്ലാറ്റഫോമിൽ ഒന്നിച്ചു വന്നില്ല എന്നുള്ളത് യാഥാർഥ്യമാണ്. പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതികരിക്കണമെന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ആഗ്രഹമാണ്. തൃണമൂൽ എം.പി മഹുവ മൊയ്ത്രയെ പോലുള്ളർ പ്രതീക്ഷ നൽകുന്ന രീതിയിൽ ഇടപെടുന്നവരാണ്. ഈയിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ നിന്നും 18 ഭാഗങ്ങൾ ലോകസഭ സ്പീക്കർ രേഖകളിൽ നിന്നും എടുത്തു മാറ്റിയിരുന്നു. ബി.ബി.സി ഡോക്യുമെന്ററിയുടെ കാര്യത്തിൽ എന്നപോലെ ഏറെ പരിഹാസ്യമായ ഒരു നടപടിയായിരുന്നു അത്.