പ്ലാച്ചിമടയ്ക്ക് നീതി കിട്ടാൻ കൊക്കക്കോളയെ ശിക്ഷിക്കണം

പ്ലാച്ചിമട സമരം ഇരുപത് വർഷം പിന്നിടുന്ന സാ​ഹചര്യത്തിൽ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്ലാച്ചിമട ഉന്നതാധികാര സമിതിയിലെ പരിസ്ഥിതി ശാസ്ത്ര വിദ​ഗ്ധ അം​ഗവുമായ ഡോ. എസ് ഫെയ്സി സംസാരിക്കുന്നു.

പ്ലാച്ചിമട സമരത്തിന്റെ 20 വർഷത്തെ ചരിത്രം വിലയിരുത്തുമ്പോൾ പലപ്പോഴും സമരം നേടിയെടുത്ത വിജയങ്ങളെ കൊക്കക്കോള പിന്നീട് അവരുടെ കോർപ്പറേറ്റ് ശക്തിയാൽ അട്ടിമറിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സമരത്തിന്റെ വലിയ വിജയങ്ങളിലൊന്നായിരുന്നു കൊക്കക്കോളയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി ഒരു ബിൽ നിയമസഭയിൽ പാസാക്കാൻ കഴിഞ്ഞു എന്നത്. എന്നാൽ ബിൽ യാഥാർത്ഥ്യമാക്കാൻ കഴിയാതെ പോയി. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി തള്ളിയിട്ട് ആറ് വർഷം പിന്നിടുകയാണ്. ആ ബിൽ നിയമമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ ഇനി എത്രത്തോളമാണ്? കേരള സര്‍ക്കാര്‍ അത്തരമൊരു നിയമം പാസാക്കാനുള്ള വിദൂര സാധ്യതയെങ്കിലും ഉള്ളതായി താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ?

ആ ബില്‍ നിയമമാക്കി മാറ്റാനുള്ള സാധ്യതകള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാവണം. നിലവിൽ അതുണ്ടെന്ന് തോന്നുന്നില്ല. പ്ലാച്ചിമടയിലെ നഷ്ടങ്ങൾ കണക്കാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയിലുള്ളവരും കൂടി ചേര്‍ന്നാണ് 2011ൽ ബില്‍ ഡ്രാഫ്റ്റ് ചെയ്തത്. ഉന്നതാധികാര സമിതി അം​ഗം എന്ന നിലയിൽ ഞാനും അതിൽ ഉൾപ്പെട്ടിരുന്നു. പൂര്‍ണ്ണമായും സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ ഉള്‍പ്പെട്ട വിഷങ്ങളെ അധികരിച്ച് മാത്രമാണ് ബിൽ തയ്യാറാക്കിയത്. കേന്ദ്രത്തിന്റെ അനുമതി തേടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക എന്ന തീരുമാനം അതുണ്ടാക്കുമ്പോള്‍ തന്നെ ഉണ്ടായിരുന്നു. പിന്നെ കേന്ദ്രാനുമതിക്ക് എങ്ങനെ അയച്ചു എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. ബിൽ നിയമസഭയിൽ പാസായ ശേഷം നിയമ സെക്രട്ടറിയെ നേരില്‍ വിളിച്ച് നോട്ടിഫിക്കേഷന്‍ എന്ന് വരും എന്ന് ഞാൻ അന്വേഷിച്ചപ്പോള്‍ പ്രിന്റിങ് സൂപ്രണ്ടിന് അയച്ചു എന്നായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ പിറ്റേന്ന് തന്നെ തനിക്ക് അബദ്ധം പറ്റിയതാണെന്നും ആ ബില്‍ കേന്ദ്രത്തിലേക്ക് അയച്ചു എന്നും അദ്ദേഹം വിളിച്ചറിയിച്ചു. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. കേന്ദ്രം ഭരിച്ചിരുന്ന അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് ബില്ലിന് അനുമതി നിഷേധിക്കാനുള്ള ധൈര്യമില്ലായിരുന്നു. അവര്‍ അഞ്ച് വര്‍ഷം അത് പിടിച്ചുവച്ചു. വൈകിപ്പിക്കുന്നതിനു വേണ്ടി ഇടക്ക് ഓരോ ചോദ്യങ്ങള്‍ ചോദിക്കും. അപ്പോഴെല്ലാം നമ്മള്‍ ഇവിടെ നിന്ന് വിശദീകരണം നല്‍കിക്കൊണ്ടിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറ് മാസത്തിനുള്ളില്‍ ബില്ലിന് അനുമതി നിഷേധിച്ച് കത്തയച്ചു. ബിൽ തയ്യാറാക്കിയതിൽ സാങ്കേതികമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ സംസ്ഥാന വിഷയങ്ങള്‍ക്ക് കുറച്ചുകൂടി ഊന്നല്‍ നല്‍കി സംസ്ഥാന സര്‍ക്കാരിന് ആ ഡ്രാഫ്റ്റ് ഒന്നുകൂടി എഴുതാവുന്നതേയുള്ളൂ. 2015ല്‍ ബില്ലിന് അനുമതി നിഷേധിച്ചിട്ടും, അത് സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാനത്തിന് നിയമം പാസ്സാക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നായിട്ടുകൂടി സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നത് സ്വീകാര്യമല്ല.

ഡോ. എസ് ഫെയ്സി

പ്ലാച്ചിമടക്കാര്‍ക്ക് അർഹമായ നഷ്ടപരിഹാരം ട്രിബ്യൂണല്‍ വഴി ലഭിക്കാനുള്ള സാധ്യതകള്‍ അടയുകയാണെങ്കില്‍ അത് കൊക്കക്കോളയിൽ നിന്നും ഈടാക്കാൻ മറ്റെന്താണ് വഴി?

14 അംഗങ്ങളുടെ എക്‌സപെര്‍ട് കമ്മിറ്റി സമഗ്രമായി പഠിച്ചാണ് 216 കോടി രൂപ ചുരുങ്ങിയത് നഷ്ടപരിഹാരമായി നല്‍കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഭൂജലവുമായി ബന്ധപ്പെട്ട ചാര്‍ജ് അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചുരുങ്ങിയത് ഇത്ര തുകയെങ്കിലും കൊക്കക്കോളയില്‍ നിന്ന് ഈടാക്കി നല്‍കാന്‍ സര്‍ക്കാരിന് കഴിയും. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ അതിന് സാധിക്കും. സര്‍ക്കാരിന് പണം കെട്ടിവക്കാന്‍ ആവശ്യപ്പെടാം. കൊക്കക്കോള ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കുമുള്ള ശക്തമായ തെളിവുകള്‍ നമ്മുടെ കയ്യിലുണ്ട്. രണ്ട്, കേന്ദ്രസര്‍ക്കാര്‍ ബിൽ തള്ളിക്കൊണ്ട് പറഞ്ഞിരിക്കുന്നത് ഗ്രീന്‍ ട്രിബ്യൂണലില്‍ പോകാം എന്നാണ്. ഗ്രീന്‍ ട്രിബ്യൂണലില്‍ പോവണമെങ്കില്‍ സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കണം. 2000-2004 കാലത്തെ മലിനീകരണത്തെയും നാശനഷ്ടങ്ങളെയും കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അന്ന് ​ഗ്രീൻ ട്രിബ്യൂണല്‍ തന്നെ ഇല്ല. 2009ലാണ് ട്രിബ്യൂണല്‍ നിയമം ഉണ്ടാവുന്നത്. അത് പ്രവര്‍ത്തനം തുടങ്ങാന്‍ 2011 ആയി. അങ്ങനെ വരുമ്പോള്‍ കോളക്ക് തന്നെ ട്രിബ്യൂണലിലെ കേസില്‍ തടസ്സവാദം ഉന്നയിക്കാവുന്നതാണ്. എന്നാല്‍ അപ്പോഴും ആ സാധ്യത നിലനില്‍ക്കുന്നുണ്ട്. സോളിസിറ്ററി ജനറല്‍ വരെ ഈ കാര്യം പറഞ്ഞ സ്ഥിതിക്ക് ഗ്രീന്‍ ട്രിബ്യൂണലില്‍ സര്‍ക്കാരിന് കേസിന് പോവാം. അതും ഒരു സാധ്യതയാണ്.

നിയമ, ജലവിഭ വകുപ്പുകളാണല്ലോ ബില്‍ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ടത്. അത്തരത്തില്‍ എന്തെങ്കിലും നീക്കം നടക്കുന്നതായി അറിയുമോ? എൽ.ഡി.എഫ് സർക്കാരിന്റെ പരി​ഗണനയിൽ ഈ വിഷയം ഉണ്ടോ?

ഒരു വിവരവുമില്ല. എന്നുമാത്രമല്ല, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് വെബ്‌സൈറ്റില്‍ നിന്ന് എക്‌സ്പര്‍ട്ട് കമ്മിറ്റി റിപ്പോര്‍ട്ട് ഇടക്ക് നീക്കം ചെയ്യുകയും ചെയ്തു. ഇത് ലൈവ് റിപ്പോര്‍ട്ട് ആണ്, അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നതായതിനാല്‍ അത് നീക്കം ചെയ്യരുതെന്ന് ഡയറക്ടര്‍ക്ക് മെയില്‍ അയച്ചിരുന്നെങ്കിലും അതിന് മറുപടി ഒന്നും ഉണ്ടായില്ല. പ്ലാച്ചിമട വിഷയത്തില്‍ ഞാന്‍ മനുഷ്യാവകാശ കമ്മീഷനില്‍ കേസ് പോയിരുന്നു. ആ സമയത്ത് കമ്മീഷന് മുമ്പാകെ ഈ വിഷയവും ഞാന്‍ കൊണ്ടുവന്നു. അതിന് ശേഷമുള്ള നിര്‍ദ്ദേശമാണോ എന്നറിയില്ല റിപ്പോര്‍ട്ട് ഇപ്പോള്‍ വീണ്ടും വെബ്‌സൈറ്റില്‍ എത്തിയിട്ടുണ്ട്.

ബില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് 2016ൽ എൽ.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നതാണല്ലോ. പ്ലാച്ചിമടയുമായി നേരിട്ട് ബന്ധമുള്ള, പ്ലാച്ചിമട ഉൾപ്പെടുന്ന ചിറ്റൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി കെ കൃഷ്ണന്‍കുട്ടി ജലവിഭവവകുപ്പ് മന്ത്രിയായിരുന്നിട്ടുകൂടി ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഒരുകാലത്ത് പ്ലാച്ചിമട സമരത്തിനൊപ്പം നിന്ന രാഷ്ട്രീയ കക്ഷികള്‍, പ്രത്യേകിച്ച് ജനതാദൾ പോലും പിന്‍വലിഞ്ഞ അവസ്ഥയുണ്ടല്ലോ?

എല്‍.ഡി.എഫ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നു എന്ന് മാത്രമല്ല നിയമമന്ത്രി എ.കെ ബാലന്‍ പാലക്കാട് വച്ച് നടന്ന ഒരു പരിപാടിയില്‍ നിയമം വീണ്ടും പാസ്സാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും അത് നടപ്പായില്ല. അതില്‍ ഒട്ടും അതിശയമില്ല. യു.എസ് കോണ്‍സുലേറ്റ് ജനറലിനോട് പ്ലാച്ചിമട ഒരു പ്രാദേശിക വിഷയം മാത്രമാണെന്ന് പിണറായി വജയന്‍ പറഞ്ഞതായി വിക്കിലീക്‌സ് രേഖകളിലൂടെ പുറത്ത് വന്നിട്ടുള്ളതാണ്. ഡല്‍ഹിയിലെ എന്‍.ജി.ഒകളാണ് സമരം നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മുമ്പ് എക്‌സപര്‍ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഡല്‍ഹിയില്‍ വച്ച് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനെ കണ്ടപ്പോള്‍ ഞാൻ സംസാരിച്ചിരുന്നു. എന്നാല്‍ പ്ലാച്ചിമട വിഷയം വരുമ്പോള്‍ അദ്ദേഹം വിഷയം മാറ്റും. പാര്‍ട്ടി പൂര്‍ണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ആയതോടെ പ്ലാച്ചിമടയ്ക്കായി എന്തെങ്കിലും ചെയ്യാത്തതില്‍ അതുകൊണ്ടുതന്നെ അതിശയിക്കേണ്ടതില്ല.

ഇപ്പോള്‍ കേരളം ‘നിക്ഷേപ സൗഹൃദ’മാക്കാനുള്ള കഠിന പരിശ്രമത്തിലാണല്ലോ കേരള സര്‍ക്കാര്‍. അതിനുവേണ്ടി നിയമങ്ങളെല്ലാം തിരുത്തിയെഴുതുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ കൊക്കക്കോളയ്‌ക്കെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാരിന് പ്രായോഗികമാണോ?

സത്യത്തില്‍ ആ ധാരണ തെറ്റാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണമെങ്കില്‍ കൊക്കക്കോളയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. കോളക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിയമസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശം എന്ന ധാരണയില്‍ മാറ്റം വരും. ബിസിനസിന്റെ ലാര്‍ജര്‍ ഇന്ററസ്റ്റിന് തന്നെ അത് എതിരാവും. കൃത്യമായി നിയമം അനുസരിച്ച് ബിസിനസ് ചെയ്യുന്നവര്‍ നിരവധിയാണ്. അവരെ ശിക്ഷിക്കുന്നതിന് തുല്യമാവും കുറ്റം ചെയ്തവരെ ശിക്ഷിക്കാത്തത്.

എന്നാല്‍ കോളക്കെതിരെ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ അവരില്‍ നിന്ന് സഹായം സ്വീകരിക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് കോവിഡ് രോ​ഗികളെ ചികിത്സിക്കുന്നതിനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആയി പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് മാറ്റിയത് കമ്പനിയെ വെള്ളപൂശാനുള്ള ശ്രമങ്ങളുടെ ഭാഗമല്ലേ? ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി തുക അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രി തന്നെയാണ് ഓണ്‍ലൈനായി സെന്‍റര്‍ ഉദ്ഘാടനം ചെയ്തതും?

ഒരു തരത്തിലും സ്വീകാര്യമല്ലാത്ത കാര്യമായിരുന്നു അത്. അര്‍ഹതപ്പെട്ടവരുടെ നഷ്ടപരിഹാരം പോലും കൊടുക്കാത്ത കോളയുടെ ദാനം സ്വീകരിക്കുക എന്നതു വളരെ തെറ്റായ നടപടിയായിരുന്നു. സുപ്രീംകോടതി മോണിറ്ററിം​ഗ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കാത്ത കുറ്റവാളി കമ്പനിയെ വെള്ളപൂശാനുള്ള ശ്രമം തന്നെയാണ് അതിലൂടെ നടന്നത്. എന്നാല്‍ അതിനെതിരെ പ്രതികരിക്കാന്‍ സജീവമായ ഒരു പ്രതിപക്ഷം ഇവിടെ ഇല്ലാതായിപ്പോയി.

എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമപ്രകാരമാണ് കൊക്കക്കോളയ്‌ക്കെതിരെ ആദ്യമായി ഒരു എഫ്.ഐ.ആര്‍ ഇടുന്നത്. അതും പലതവണ പരാതിപ്പെട്ടതിന് ശേഷം. എന്താണ് ആ കേസിന്റെ അവസ്ഥ? വിജയസാധ്യത എത്രത്തോളമാണ്?

ഉറപ്പായിട്ടും വിജയസാധ്യതയുള്ള കേസാണത്. എസ്.സി അല്ലെങ്കില്‍ എസ്.ടി വിഭാഗക്കാര്‍ ഉപയോഗിക്കുന്ന വാട്ടര്‍ റിസോഴ്‌സ് ഫൗള്‍ ചെയ്യുന്നത് അട്രോസിറ്റി ആക്ട് പ്രകാരം ക്രിമിനല്‍ കുറ്റമാണ്. ആ വകുപ്പ് പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആദിവാസി ജനത താമസിക്കുന്നയിടത്തെ വെള്ളം യാതൊരുവിധ മുന്‍കരുതലുമില്ലാതെ മനഃപൂര്‍വ്വം മലിനമാക്കി. അതിന്‍പ്രകാരം അവിടുത്തെ ജനങ്ങള്‍ പോലീസില്‍ കേസ് കൊടുത്തു. എന്നാല്‍ പോലീസ് ആദ്യം കേസെടുത്തില്ല. പിന്നീടാണ് സ്‌പെഷ്യല്‍ കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ ആ കേസ് ഇതേവരെ ഫയലില്‍ എടുത്തിട്ടില്ല എന്നാണ് അറിയുന്നത്. മുന്‍ ജഡ്ജി സ്ഥലം മാറി പോവുന്നതിന് മുമ്പ്, പ്രഥമദൃഷ്ട്യാ എസ്.സി-എസ്.‌ടി അട്രോസിറ്റി വകുപ്പ് പ്രകാരം കേസെടുക്കാനുള്ള വിഷയമാണിതെന്ന് പ്രത്യക പരാമര്‍ശം നടത്തിയിരുന്നു. ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊക്കക്കോളയുടെ വാദങ്ങൾ ആവര്‍ത്തിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജില്ലാ ഓഫീസറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 2000-2004ല്‍ നടന്ന സംഭവത്തിന്റെ എല്ലാ തെളിവുകളും മുന്നേതന്നെ കൈവശമുള്ളതാണ്. ഹൈപവര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും ജലമലിനീകരണത്തിന്റെ കാര്യം പറയുന്നുണ്ട്. ലാബില്‍ പരിശോധനകള്‍ നടത്തിയതിന്റെ തെളിവുകളുണ്ട്. എന്നാല്‍ പൊല്യൂഷൻ കൺട്രോൾ ബോർഡ് ജില്ലാ ഓഫീസര്‍ 2019ല്‍ പ്രദേശത്ത് ചെന്ന് പരിശോധനകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പരിശോധനകളില്‍ പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഇല്ല എന്നും ക്രോമിയം ഉണ്ട്, എന്നാല്‍ അത് കമ്പനി കാരണമാണോ എന്ന് പറയാന്‍ കഴിയില്ല എന്നുമാണ് റിപ്പോര്‍ട്ട് നൽകിയത്. ഇതിന് മുമ്പ് പരിശോധനകള്‍ നടത്തിയിട്ടില്ല എന്നും റിപ്പോർട്ടില്‍ പറയുന്നു. വസ്തുതാവിരുദ്ധവും അടിസ്ഥാനമില്ലാത്തതുമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കൊക്കക്കോളയോടുള്ള വിധേയത്വമാണ് ഈ റിപ്പോർട്ടിൽ കാണാൻ കഴിഞ്ഞത്. പോലീസ് റിപ്പോര്‍ട്ടിലും ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉദ്ധരിക്കുന്നുണ്ട്. ആ കേസ് ഇപ്പോഴും നീളുകയാണ്. എന്നാല്‍ അത് ക്രിമിനല്‍ കേസായതിനാല്‍, തെളിവുകള്‍ നമ്മുടെ കൈവശമുള്ളതിനാല്‍ കോള ഉറപ്പായും സമ്മര്‍ദ്ദത്തിലാവും.

കൊക്കക്കോളയെ കുറ്റവിചാരണയ്ക്ക് വിധേയമാക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കാണ് അതിന് കഴിയുക?

ക്രിമിനല്‍ കേസിന് പുറമെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സിവില്‍ കേസ് നിലനില്‍ക്കുന്നുണ്ടല്ലോ. തങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് കോള ആവര്‍ത്തിച്ച് പറയുന്നത്. വ്യാജപ്രസ്താവനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. ഇരകള്‍ക്ക് കേസ് കൊടുക്കാം. ഇരകള്‍ പാവങ്ങളാണ്, ആദിവാസികളാണ്. അവര്‍ക്കാവശ്യമായ ലീഗല്‍ സപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കണം. പല നിയമവകുപ്പുകള്‍ വഴി സര്‍ക്കാരിന് കേസ് കൊടുക്കാം. ഹൈപവര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു ലീഗല്‍ ഇന്‍സ്ട്രമെന്റ് അല്ല. എന്നാല്‍ വളരെ സിസ്റ്റമാറ്റിക് ആയി തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് സപ്പോര്‍ട്ടിങ് ഡോക്യുമെന്റ് ആയി ഉപയോഗിക്കാവുന്നതാണ്. ഭൂജല ശോഷണം, ചൂഷണം, വെള്ളത്തിന്റെയും മണ്ണിന്റെയും മലിനീകരണം എന്നിവയെല്ലാം വിശദമായ തെളിവുകളോടെ, വ്യക്തവും ലളിതവുമായി വിവരിക്കുന്ന ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കോടതിയില്‍ പോവുന്ന എല്ലാവര്‍ക്കും സഹായകമായി മാറും.

താങ്കള്‍ പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗമായിരുന്ന കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് മാറ്റമാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിലും ഭരണക്രമത്തിലും ഉണ്ടായിരിക്കുന്നത്? കോർപ്പറേറ്റുകൾക്ക് അനുകൂലമായ അന്തരീക്ഷം ഭരണതലത്തിൽ പതിയെ രൂപപ്പെട്ടുവന്നിട്ടില്ലേ?

ഞാൻ ഉന്നതാധികാര സമിതി അംഗമായിരുന്ന കാലത്തെ അവസ്ഥ ഭേദമായിരുന്നു. സര്‍ക്കാരിന്റെ ചിന്തയും വളരെ പോസിറ്റീവ് ആയിരുന്നു. പ്രത്യേകിച്ച് വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹം പരിസ്ഥിതി അനുകൂല ഇമേജ് ഉണ്ടാക്കിയിരുന്നതിനാല്‍ അത്തരത്തിലുള്ള ഉപദേശങ്ങള്‍ ശ്രദ്ധിക്കുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഭരിക്കുന്നവരില്‍ തന്നെ എതിര്‍പ്പുകളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ സർക്കാരിന് കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് പല കാര്യങ്ങളും ധാര്‍ഷ്ട്യത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം എന്ന തോന്നല്‍ സര്‍ക്കാരിനില്ല.

പ്ലാച്ചിമട സമരം 20 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ കാലഘട്ടത്തിനിടയിൽ സമരം ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. തലമുറകള്‍ തന്നെ മാറി. കേരള സമൂഹം പ്ലാച്ചിമടയെ പതിയെ മറന്നുതുടങ്ങി. ഇനിയെന്താണ് പ്ലാച്ചിമടക്കാരില്‍ നിന്ന് പ്രതീക്ഷിക്കാനുള്ളത്? പ്ലാച്ചിമടക്കാര്‍ക്ക് എന്താണ് കേരള സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കാനുള്ളത്?

പുറത്തുള്ളവരേക്കാള്‍ തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിവും ബോധ്യവുമുള്ളവരാണ് പ്ലാച്ചിമടക്കാര്‍. നഷ്ടപരിഹാരം നേടിയെടുക്കും എന്ന നിശ്ചയദാര്‍ഢ്യം അവര്‍ക്കുണ്ട്. തങ്ങള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയാണ് ക്രിമിനല്‍ കേസ് നടക്കുന്നതെന്ന് അവര്‍ക്കറിയാം. തിക്തഫലങ്ങള്‍ അനുഭവിച്ച അവര്‍ക്ക് നിയമപരമായ ബോധവും ഉറച്ച നിലപാടുമുണ്ട്. പുറത്തുനിന്നുള്ളവര്‍ ആ സമരത്തില്‍ നേരിട്ട് ഇടപെടാതെ അവരെ പിന്തുണക്കുകയാണ് വേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ അര്‍ഹമായ നീതി ലഭിക്കും എന്ന പ്രതീക്ഷയും വിശ്വാസവും പ്ലാച്ചിമടക്കാര്‍ക്കുണ്ട്. പക്ഷെ അവര്‍ക്കുള്ള നഷ്ടപരിഹാരം കൊക്കക്കോളയിൽ നിന്നും വാങ്ങിക്കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്തിന് തന്നെ നാളെ അത് ആക്ഷേപമായി മാറും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read