‘പൊൻമാൻ’ മറച്ചുവയ്ക്കുന്ന യഥാർത്ഥ സ്ത്രീധന കുറ്റവാളികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

‘അതിജീവനത്തിനായി മനുഷ്യത്വം വെടിഞ്ഞ് എന്ത് ക്രൂരതയും ചെയ്യുന്ന അടിസ്ഥാന വർഗം’ – കേരളമിന്നേറെ ആഘോഷിക്കുന്ന ‘പൊൻമാൻ’ എന്ന സിനിമയുടെ ഇതിവൃത്തം ഇങ്ങനെ ചുരുക്കാം. സിനിമയിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമെന്ന് എഴുതി കാണിക്കുമ്പോഴും നടന്ന കഥയാണെന്ന് അഭിമുഖങ്ങളിൽ ആവർത്തിക്കുന്ന സംവിധായകനും കഥാകൃത്തും കൊല്ലം ജില്ലയിലെ കടലോര-കായലോര മേഖലയിലെ ലത്തീൻ സമുദായത്തിലെ മത്സ്യത്തൊഴിലാളികളായ മനുഷ്യരെ, അവരുടെ സാമൂഹിക-സാംസ്കാരിക ഇടപെടലുകളെ, കൊടുക്കൽ വാങ്ങലുകളെ തെറ്റിദ്ധാരണ നിറഞ്ഞതും സഹാനുഭൂതിയില്ലാത്തതുമായ കാഴ്ചകളായി മാറ്റുന്നു. ജി.ആർ ഇന്ദുഗോപൻ എഴുതി 2020 ൽ പുറത്തിറങ്ങിയ ‘നാലഞ്ചു ചെറുപ്പക്കാർ ‘എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത് 2025 ജനുവരിയിൽ പുറത്തിറങ്ങിയ ‘പൊൻമാൻ’ തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും വളരെയേറെ സ്വീകരിക്കപ്പെട്ടു. എന്നാൽ സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെക്കുറിച്ച് സംസാരിക്കുന്ന ഈ സിനിമ യഥാർത്ഥ സ്ത്രീധന കുറ്റവാളികളെ മറച്ചുവയ്ക്കുക കൂടിയാണ് ചെയ്യുന്നത്.

ഗാർ‌ഹിക പീഡന കേസുകൾക്കും ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും വരെ കാരണമായിത്തീരുന്ന സാമൂഹ്യ വിപത്താണ് സ്ത്രീധനം. സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കങ്ങളും അക്രമവും ഇന്നും കേരളത്തിൽ പതിവ് വാർത്തയാണ്. ആ വാർത്തകളിൽ പലപ്പോഴും ഇടം പിടിക്കാറുള്ള ഒരു ജില്ലയാണ് കൊല്ലം. സ്ത്രീധന തർക്കത്തെ തുടർന്ന് ക്രൂരമായ കൊലപാതകം വരെ നടന്ന ജില്ല. എന്നാൽ ഇത് കൊല്ലം ജില്ലയിൽ മാത്രം നിലനിൽക്കുന്ന ഒരു പ്രശ്നമല്ലെന്ന് നമുക്കറിയാം. മതപരമായ വ്യത്യാസങ്ങളില്ലാതെ കേരളത്തിലെമ്പാടും എല്ലാ വിഭാഗം മനുഷ്യർക്കിടയിലും സ്ത്രീധന സംവിധാനമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സ്ത്രീധനനിരോധനത്തിന് ഒരു നിയമമുണ്ടെങ്കിലും രണ്ട് ശതമാനത്തിൽ താഴെ കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇത് സ്ത്രീധനമെന്ന ആചാരത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന സാമൂഹികാംഗീകാരത്തിന് വ്യക്തമായ തെളിവാണ്. എന്നാൽ, വാങ്ങുന്നതും നൽകുന്നതും ശിക്ഷാർഹമായിരിക്കുന്ന ഈ തിന്മക്കെതിരായി ഒരു സിനിമ നിർമ്മിക്കുമ്പോൾ ഏത് ജനവിഭാഗത്തെ മുൻ നിർത്തിയാണ് ആ കഥ പറയേണ്ടത് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സംസാരിക്കുന്നത് എന്ന് പറയുന്ന സിനിമയുടെ പിന്നണി പ്രവർത്തകർക്കും അതാവർത്തിക്കുന്ന പ്രേക്ഷകർക്കും അവിടെയാണ് പിഴച്ചുപോകുന്നത്. സത്രീധനമെന്ന വ്യവസ്ഥയുടെ ക്രൂരത തുറന്നകാട്ടാനായി സിനിമയിൽ കാണിച്ചിരിക്കുന്ന ജനവിഭാഗമേതാണ്? അടിസ്ഥാന വർഗ ജനവിഭാഗത്തിലെ മനുഷ്യരുടെ ജീവിതത്തെ അവാസ്തവികമായി ദൃശ്യവത്കരിച്ചുകൊണ്ട് സ്ത്രീധനത്തിനെതിരെ നിങ്ങൾ എന്ത് ഉദ്ബോധനമാണ് നടത്തുന്നത്?

സിനിമയിലെ ദൃശ്യം

നൂറ് പവനും, ഭൂമിയും, കാറും ഒക്കെ സ്ത്രീധനമായി ലഭിച്ചിട്ടും മതിവരാതെ കൊല നടത്തിയ ആർത്തി മൂത്ത ആണുങ്ങളും വിലപേശി വാങ്ങിയിട്ടും തൃപ്തിയാകാതെ ഗാർഹിക പീഢനം നടത്തിയ സർക്കാർ ഉദ്യോഗസ്ഥരായ സവർണ പുരുഷന്മാരും നിങ്ങളുടെ ആഖ്യാനത്തിൽ കടന്നുവരാത്തത് എന്തുകൊണ്ടാണ്? സാമൂഹികമായ പ്രിവിലേജിന് പുറത്ത് അഭിരമിക്കുന്ന പ്രബല സമുദായങ്ങൾ സ്ത്രീധനമായി വലിയ തുകയും സ്വർണ്ണവും ഭൂമിയും അനധികൃതമായി വന്നുചേർന്ന പരമ്പരാഗത ആസ്തികളും കൈമാറുകയും അതിന്റെ പേരിൽ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നത് പതിവ് വാർത്തയാകുന്ന ഒരു സംസ്ഥാനത്ത്, അതേ വ്യവസ്ഥ ഇരകളാക്കിയ അടിസ്ഥാന വർഗ മനുഷ്യരെ സ്ത്രീധനത്തിനായി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ക്രൂരരായി ചിത്രീകരിക്കുന്നത് വരേണ്യബോധം തന്നെയാണ്. കേരളത്തിൽ നിലനിൽക്കുന്ന സവർണ്ണ പൊതുബോധത്തിനെ തൃപ്തിപ്പെടുത്തുന്ന ഈ സന്ദേശത്തെയാണ് എഴുത്തുകാരനും സംവിധായകനും ‘സാമൂഹ്യപ്രസക്തിയുള്ള മെസേജ്’ എന്ന് പറയുന്നത്. ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ആയുർവേദ ഡോക്ടറാകാൻ പഠിച്ചിരുന്ന വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ് നടന്നത് ഇതേ കൊല്ലം ജില്ലയിലാണ്. കേസിലെ കുറ്റക്കാരൻ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ ഭര്‍ത്താവ് കിരണ്‍കുമാര്‍ ആണ്. 101 പവന്‍ സ്വര്‍ണവും ഒന്നരയേക്കര്‍ സ്ഥലവും കാറും നല്‍കാമെന്നാണ് പറഞ്ഞിരുന്നെങ്കിലും 80 പവന്‍ മാത്രമേ നൽകിയുള്ളൂ എന്നതായിരുന്നു സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാറിന്റെ പ്രശ്നം. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരണ്‍ വേറെ കാര്‍ വേണമെന്ന് വിസ്മയയോടു പറഞ്ഞതായി വിസ്മയുടെ പിതാവ് ത്രിവിക്രമന്‍നായര്‍ നൽകിയ മൊഴിയിലുണ്ട്. പക്ഷേ, സിനിമയിലാകുമ്പോൾ സ്ത്രീധനത്തിന്റെ പ്രശ്നത്തെ കാണിക്കാൻ സർക്കാർ ഉദ്യോഗസ്ഥനല്ല, ചെമ്മീൻ പണിക്കാരനാണ് വേണ്ടതെന്ന് തോന്നുന്ന ബോധമാണ് പ്രശ്നം. മലയാള സിനിമ വർഷങ്ങളായി നിർമ്മിച്ചെടുത്ത ഒരു വാർപ്പുമാതൃകയുടെ തുടർച്ച തന്നെയാണത്.

കേരളത്തിലെ എല്ലാ സമുദായങ്ങൾക്കുള്ളിലും കേരള സമൂഹത്തിലൊട്ടാകെയും നിലനിൽക്കുന്ന സത്രീധനമെന്ന വ്യവസ്ഥയുടെ ഇരകളാണ് യഥാർത്ഥത്തിൽ അരികുവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹം. എന്നാൽ അവരുടെ നിസഹായവസ്ഥയോട് പ്രേക്ഷകർക്ക് എംപതി തോന്നുന്ന രീതിയിലല്ല കഥാപാത്രങ്ങളുടെ നിർമ്മിതി. ആ നിസഹായവസ്ഥ എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത, നെറികേടില്ലാത്ത, സ്വന്തം നിലനിൽപ്പിനായി അന്യരുടെ മുതൽ ആഗ്രഹിക്കുന്ന മനുഷ്യരാക്കി അവരെ മാറ്റിയെന്നാണ് സിനിമ പറയുന്നത്. എന്നാൽ കടലോര മനുഷ്യർ ആരെയും കൊന്നും കുത്തിയുമല്ല അവരുടെ നിലനില്പ് കണ്ടെത്തുന്നത്, പകരം ജീവൻ പണയം വെച്ച് കടലിലും കായലിലും പകലന്തിയോളം പണിയെടുത്തും, സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ച് വിദേശ നാടുകളിലേക്ക് കുടിയേറിയും വരും തലമുറക്ക് വിദ്യാഭ്യാസം നൽകിയുമാണ് അവർ അവരുടെ നിലനിൽപ്പുറപ്പിച്ചത്. കൊല്ലത്തിന്റെ തീരദേശ ഗ്രാമങ്ങളിലെ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒരു പ്രവാസിയെങ്കിലുമുണ്ട് എന്നതാണ് തീരത്തിന്റെ യാഥാർത്ഥ്യം. ആ നിലനിൽപ്പിന്റെ യാഥാർത്ഥ്യത്തെയാണ് സിനിമയിലെ ക്രൈം സീനുകൾ മറച്ചുവയ്ക്കുന്നത്.

അരികുവത്കരിക്കപ്പെട്ട മനുഷ്യർ ജീവിക്കുന്ന സ്ഥലങ്ങളെ വയലൻസ് നടക്കുന്ന ഇടങ്ങളായി ചിത്രീകരിക്കുന്ന മലയാള സിനിമയുടെ പതിവ് ആഖ്യാനത്തിലേക്ക് സ്ത്രീധനമെന്ന സാമൂഹിക പ്രശ്നത്തെ കൂടി കൂട്ടിച്ചേർക്കാനാണ് ‘പൊൻമാൻ’ ശ്രമിക്കുന്നത്. ചേരികളെയും കോളനികളെയും കടലോരങ്ങളെയും ക്രൈം ഹബ്ബുകളായി ചിത്രീകരിച്ചുകൊണ്ട് മലയാള സിനിമ പണ്ട് മുതലേ നടത്തുന്ന ഗെറ്റോവത്കരണത്തിന് (ghettoization) മറ്റൊരു ഉദാഹരണമാണ് ഈ സിനിമ. വരനായ മരിയാനോയുടെയും അയാൾ ജീവിക്കുന്ന തുരുത്തിന്റെയും അവിടെയുള്ള മനുഷ്യരുടെയും അവതരണങ്ങളിൽ ഗെറ്റോകളെ സ്വാഭാവികമായി കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമം മുഴച്ചുനിൽക്കുന്നുണ്ട്. തലവെട്ടിച്ചിറയെ കുറിച്ച് ബ്രൂണോ പറയുന്നത് തന്നെ, ‘പെശക് ഏരിയയാണെന്നും, മൂന്ന് ചുറ്റും വെള്ളമാണെന്നും, ഒരൊറ്റ വഴിയേ ഉള്ളൂ അതടച്ചു കഴിഞ്ഞാൽ ആർക്കും പുറത്തിറങ്ങാൻ പറ്റില്ല’ എന്നുമാണ്. കൊല്ലത്തെ തീരഗ്രാമങ്ങളും കായലോര ഗ്രാമങ്ങളും തമ്മിൽ അങ്ങനെ പറയത്തക്ക ദൂരമില്ലെന്ന് മാത്രമല്ല രണ്ടിടങ്ങളും പരസ്പരം പരിചിതമാണ്. ഒരു ഗ്രാമത്തിൽ തന്നെ കടലോരവും കായലും ഒരുമിച്ചുള്ള പ്രദേശവും കൊല്ലത്തുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെപോലെ ഒരു അപരനോട്ടം തുരുത്ത് സംബന്ധിച്ച് കമ്മ്യൂണിറ്റിക്കുള്ളിലില്ല. തലവെട്ടിച്ചിറയെക്കുറിച്ചുള്ള ആ വിവരണത്തിനൊപ്പമെത്തുന്ന ഭീതിയുളവാക്കുന്ന പശ്ചാത്തല സംഗീതം സിനിമയിലുടനീളം ആ തുരുത്തിനെ കാണിക്കുമ്പോഴെല്ലാം അകമ്പടിയായെത്തുന്നുണ്ട്.

സിനിമയിലെ ദൃശ്യം

തുരുത്തിൽ മരിയാനോ ഉൾപ്പടെയുള്ള പുരുഷ കഥാപാത്രങ്ങളെല്ലാം പരുക്കന്മാരായ വയലൻസ് സ്വഭാവമുള്ളവരാണ്. മാത്രവുമല്ല അവിടെയുള്ളവരെല്ലാം കറുത്ത നിറമുള്ളവരായി എന്നതിനെ എങ്ങനെയാണ് യാദൃശ്ചികമായി കാണാൻ സാധിക്കുന്നത്? മരിയാനോ എന്ന കഥാപാത്രത്തെ ‘മലപോലെയൊരുത്ത’നെന്നാണ് സിനിമയിൽ പറയുന്നത് തന്നെ. മരിയാനോ എന്ന കഥാപാത്രത്തിന്റെ ഭക്ഷണം കഴിക്കുന്ന രീതിയുൾപ്പടെ വളരെ വെറുപ്പുളവാക്കുന്ന തരത്തിലാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. പണിയെടുക്കുന്ന അടിസ്ഥാന വർഗത്തിൽപ്പെട്ട മനുഷ്യരുടെ മാനറിസങ്ങളെ വരെ ‘അപരിഷ്കൃതം’ എന്ന പൊതുബോധത്തലൂന്നി സൃഷ്ടിക്കുന്നതിന്റെ വാർപ്പ് മാതൃകയാണ് പൊൻമാനിലെ മരിയാനോ. ചെമ്മീൻ‌ മോഷ്ടിച്ചവരെ തല്ലിച്ചതയ്ക്കുന്ന സീനിലൂടെ മരിയാനോയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുകയാണ് സിനിമയിൽ. കല്യാണ ദിവസം തന്നെ നവവധുവിനോട് പരുക്കനായി പെരുമാറുന്ന കഥാപാത്രം. ഈ സ്വർണം, വിവാഹിതയായ സഹോദരിക്ക് ബാക്കി സ്ത്രീധനം കൊടുക്കാനും ഇളയ സഹോദരിയുടെ കല്യാണം നടത്താനുമുള്ളതാണെന്ന് പറയുന്നുണ്ട് മരിയാനോ. എന്നാൽ മരിയാനോയുടെ വില്ലൻ ഭാവത്തെ എടുത്ത് കാണിക്കുന്ന വിധമാണ് ആ സീൻ മുന്നോട്ടുപോകുന്നത്, അയാളുടെ നിസഹായതയിൽ യാതൊരനുകമ്പയും പ്രേക്ഷകന് മരിയാനോയോട് തോന്നുകയില്ല. ‘സ്വർണവും കൊണ്ടേ പോകൂ’ എന്നുറപ്പിച്ച് പറയുമ്പോൾ അജേഷിനെ കുത്തുന്ന മരിയാനോയെയാണ് തൊട്ടടുത്ത സീനിൽ കാണിക്കുന്നത്. ക്ലൈമാക്സിലും അത്ര തന്നെ ക്രൂരമായ രീതിയിൽ, ചെളിയിൽ കിടന്നുരുണ്ട് കൊണ്ടുള്ള അടി അജേഷും മരിയാനോയും തമ്മിലുണ്ടാകുന്നുമുണ്ട്. എന്നാൽ നോവലിൽ മരിയാനോ അജേഷിനെ കുത്തുന്നില്ല, മറിച്ച് തന്റെ സഹോദരിമാർക്ക് സ്ത്രീധനം നൽകണമെന്ന നിസഹായവസ്ഥ പറഞ്ഞ ശേഷം പെരുന്നാൾ കഴിഞ്ഞ് തീരുമാനമുണ്ടാക്കമെന്നാണ് പറയുന്നത്. അതുപോലെ സിനിമയുടെ ക്ലൈമാക്സിലെ പോലെ ക്രൂരമായ അടി അജേഷും മരിയാനോയും തമ്മിലുണ്ടാകുന്നതായി നോവലിലില്ല. പല തവണ രണ്ട് പവൻ നൽ‌കാമെന്ന് മരിയാനോ പറയുന്നത് അജേഷ് സമ്മതിക്കാതെ വരുമ്പോൾ മരിയാനോ പങ്കായമെടുത്ത് അയാളെ തല്ലുന്നു. വീണ് പോകുന്ന അജേഷ് അവിടെ നിന്ന് സ്റ്റെഫിയെ കാണാനെത്തുകയും ഇട്ടിരിക്കുന്ന 12 പവനുമായി ഒപ്പം വന്നാൽ പൊന്ന് പോലെ നോക്കാമെന്ന് പറയുകയും ചെയ്യുന്നു. പിറ്റേന്ന് സ്റ്റെഫി അജേഷിനൊപ്പം പോകുന്നതായാണ് നോവൽ‌. എന്നാൽ കച്ചവട സിനിമയുടെ ചേരുവയൊപ്പിക്കാനും പ്രേക്ഷകർക്ക് ആഘോഷിക്കാനും ഒരു നായകനും വില്ലനും ആവശ്യമാണല്ലോ? അതിനായി വളരെ ക്രൂരനായ വില്ലനായി മരിയാനോയെ മാറ്റുമ്പോൾ ചെളിയിൽ‌ കിടന്നുരുണ്ട് നിലനിൽപ്പിനായി അങ്ങേയറ്റം വയലൻസ് ചെയ്യുന്ന നായകനായി അജേഷും മാറുന്നു. മരിയാനോയുടെ കയ്യിൽ നിന്നും പൊന്നും മരിയാനോയുടെ ഭാര്യയേയും കൊണ്ട് പോകുന്ന പി.പി അജേഷ് അങ്ങനെ സിനിമയിലെ ഹീറോയാകുന്നു. അങ്ങനെ, ഇന്ദുഗോപന്റെ നോവലുകളിലെ സ്ഥിരം ഫോർമുലയായ രണ്ടാണുങ്ങൾ തമ്മിലുള്ള ഈഗോയും അതുവഴിയുണ്ടാകുന്ന അടിയും പൊൻമാനിലും ആവർത്തിക്കുന്നു.

സിനിമയിലെ ദൃശ്യം

ആണുങ്ങളുടെ ഈഗോയും അടിയും മുഖ്യ ഇതിവൃത്തമാക്കുമ്പോൾ പതിവായി സംഭവിക്കാറുള്ളത് പൊൻമാനിലും മാറ്റമില്ലാതെ തുടർന്നു. സ്ത്രീകളെയും അവരുടെ ഐഡന്റിറ്റിയെയും എസ്റ്റാബ്ലിഷ് ചെയ്യുന്നതിൽ അണിയറ പ്രവർത്തകർ തീർത്തും പരാജയപ്പെട്ടു. നായിക കഥാപാത്രമായ സ്റ്റെഫി, സ്റ്റെഫിയുടെ അമ്മ, മരിയാനോയുടെ അമ്മ, സഹോദരിമാർ‌ എന്നിവരെയൊക്കെ സ്വർണത്തോട് അമിതാഗ്രഹമുള്ളവരായാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ സ്ത്രീകളൊന്നും വരുമാനമുണ്ടാക്കുന്ന തൊഴിലിൽ ഏർപ്പെടുന്നതായി സിനിമയിലെങ്ങും വ്യക്തമല്ല. സ്റ്റെഫിയുടെ അമ്മ സിനിമയുടെ അവസാനത്തോടടുത്ത് പാത്രം കഴുകുന്നതായി കാണിക്കുമ്പോഴും അവർ വരുമാനത്തിനായി തൊഴിലേർപ്പെടുന്നതായി എസ്റ്റാബ്ലിഷ് ചെയ്യപ്പെടുന്നില്ല. എന്നാൽ‌ നോവലിൽ അവർ ജോലിക്ക് പോകുകയും കിട്ടുന്ന ചെറിയ തുക അജേഷിന് നൽകാനേൽപ്പിക്കുകയും ചെയ്യുന്നതായി വിശദമാക്കുന്നുണ്ട്. സിനിമയിലെ സ്റ്റെഫിയുടെ കഥാപാത്രത്തിന്റെ വയസ് 32 ആണെന്ന് പറയുമ്പോഴും അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചോ ജോലിയെ പറ്റിയോ സിനിമയിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ സിനിമ റിലീസായ ശേഷം വന്ന ചർച്ച‌കളിലൊക്കെ 32 വയസ് വരെ സ്റ്റെഫി എന്തേ ഒരു പണിക്കും പോയില്ല, സ്റ്റെഫിയുടെ അമ്മയെന്തേ ജോലിക്ക് പോകുന്നില്ല എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. സ്റ്റെഫി അജേഷിനെ തിരക്കിപ്പോകുമ്പോൾ, ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന അജേഷിന്റെ അമ്മയേയും സഹോദരിയേയും കണ്ടപ്പോഴാണ് സ്ത്രീകൾ ജോലി ചെയ്യേണ്ടതിന്റെ പ്രാധാന്യം സ്റ്റെഫിക്ക് മനസിലായതെന്നാണ് സമൂഹ മാധ്യമ ചർച്ചകൾ.

ഫേസ്ബുക്ക് പോസ്റ്റ്

എന്നാൽ സ്റ്റെഫിയെന്ന കടലോര ഗ്രാമത്തിലെ പെൺകുട്ടി, സ്ത്രീകളും ജോലി ചെയ്യുന്നുണ്ടെന്ന് അജേഷിന്റെ അമ്മയേയും പെങ്ങളെയും കണ്ട് മനസിലാക്കി എന്ന് പറയുന്ന പൊതുബോധ വ്യാഖ്യാനത്തിലും തെറ്റുണ്ട്. കടപ്പുറത്തെ തൊഴിലെടുക്കുന്ന സ്ത്രീകളെയൊന്നും ഒരു സീനിൽ പോലും കാണിക്കാത്ത സിനിമയുടെ അണിയറ പ്രവർത്തകർക്കും കൂടി അറിയാൻ വേണ്ടി കടപ്പുറത്തെ പെണ്ണുങ്ങളെ കുറിച്ച് പറയാം. ആണുങ്ങൾ കുടുംബം നോക്കാൻ‌ കാത്തിരിക്കാതെ തലച്ചുമടായി മീൻ ചുമന്നും, കൂനിക്കൂടിയിരുന്ന് കൊഞ്ച് പൊളിച്ചും, വെയിലുകൊണ്ട് മീൻ ഉണക്കിയും ഏഴും എട്ടും പത്തും അതിൽക്കൂടുതലും മക്കളെ പോറ്റിയ പെണ്ണുങ്ങളുടെ നാടിന്റെ കഥയാണ് നിങ്ങൾ ഈവിധം ചിത്രീകരിച്ചത്. മീൻപിടുത്തക്കാരുടെ കുടുബങ്ങളിലെ സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കുന്നത് തന്നെ പലപ്പോഴും സ്ത്രീകളാണ്. സ്ത്രീകൾ ജോലി ചെയ്തുണ്ടാക്കുന്ന പണം ചിട്ടി അടച്ചും സ്വരുകൂട്ടി വെച്ചും മക്കളുടെ മാത്രമല്ല ചെറുമക്കളുടെ കല്യാണത്തിന് വരെ പൊന്നുണ്ടാക്കുന്ന, 60 ഉം 70 ഉം കഴിഞ്ഞിട്ടും സ്വന്തമായി ജോലി ചെയ്ത് കാശുണ്ടാക്കണമെന്ന് വാശിയുള്ള കടപ്പുറത്തെ പെണ്ണുങ്ങളുടെ ഏജൻസിയെക്കൂടിയാണ് പൊൻമാൻ സിനിമ റദ്ദ് ചെയ്യുന്നത്.

സിനിമയിലെ ദൃശ്യം

ഇനി പുതുതലമുറയിലെ പെൺകുട്ടികളാണെങ്കിലും കൊല്ലത്തെ കടലോര ഗ്രാമങ്ങളിൽ ആൺകുട്ടികളെ അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടിളുടെ എണ്ണം വളരെ കൂടുതലാണ്. വിവാഹത്തിന് മുൻപ് തന്നെ വിദേശത്ത് ജോലി തേടി പോകുന്ന പെൺകുട്ടികളുണ്ട് കടലോര ഗ്രാമങ്ങളിൽ. വിവാഹിതരായ, കുട്ടികളുള്ള നിരവധി സ്ത്രീകൾ കുടുംബം പോറ്റാൻ ഇസ്രായേൽ പോലെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നുമുണ്ട്. ഇപ്പോൾ, കേരളത്തിലെ പൊതു ട്രെന്റിന് അനുസൃതമായി വിദ്യാഭ്യാസത്തിനായുള്ള പെൺകുട്ടികളുടെ കുടിയേറ്റം ഇവിടങ്ങളിലും കൂടുതലാണ്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് 18 അല്ലെങ്കിൽ 21 വയസിനുള്ളിൽ വിവാഹം നടത്തുന്ന പ്രവണതയുണ്ടായിരുന്ന സമൂഹം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തേയും ജോലിയേയും ഇന്ന് വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

നോവലിൽ കഥനടക്കുന്ന ദിവസവും തിയതിയും പലയിടത്തും കൃത്യമായി പറയുന്നുണ്ട്. എന്നാൽ സിനിമയിൽ‌ അങ്ങനെ പറയുന്നില്ലെങ്കിലും 2024-25 കാലഘട്ടത്തിലാണെന്നത് വ്യക്തമാണ്. കഥാപാത്രങ്ങൾ സ്മാർ‌ട്ട് ഫോൺ ഉപയോഗിക്കുന്നതായും സ്മാർ‌ട്ട് വാച്ച് ധരിക്കുന്നതായും കാണിക്കുന്നുണ്ട്. ബേസിലിന്റെ കഥാപാത്രം സ്വർണവില പറയുമ്പോഴും അടുത്ത കാലത്തെ വിലയാണ് റഫറൻസ്. എന്നാൽ നോവലിലെ കഥാപരിസരത്തിൽ നിന്ന് 2024-25 കാലത്ത് എത്തുമ്പോൾ കടലോരത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ അഡ്രസ് ചെയ്യാൻ സിനിമക്ക് സാധിക്കുന്നതുമില്ല.

സിനിമയിൽ ഏറ്റവും കൈയ്യടി നേടിയ പെർഫോമൻസ് ബേസിൽ ജോസഫ് ചെയ്ത പി.പി അജേഷിന്റേതാണ്. മലയാളിയുടെ പൊതുബോധത്തിന് വളരെ എളുപ്പം കണക്ടാവുന്ന ആൽഫാ മെയിൽ ഷേയ്ഡുണ്ട് പി.പി അജേഷിന്. ‘പൊന്നില്ലാത്ത പെണ്ണിനാണ് ചന്ത’മെന്ന ക്ലീഷേ ഡയലോഗിൽ തന്നെയുണ്ട് അജേഷിന്റെ ആൺബോധം. അതുകൊണ്ട് കൂടിയാണ് ആ കഥാപാത്രം ഇത്ര ആഘോഷമായി മാറുന്നതും. അജേഷ് നിലനിൽപ്പിനായി ചെയ്യുന്നതാണ് ഇതെല്ലാമെന്ന് അജേഷിന്റെ തീപ്പൊരി ഡയലോഗുകളിലൂടെയും വീട്ടിലെ സാഹചര്യം കാണിച്ചും സിനിമ ന്യായീകരിക്കുന്നുണ്ട്. അജേഷിന്റെ വീടും സഹോദരിയെയും അമ്മയേയും കാണിക്കുന്ന സീനുകളിലും ദാരിദ്യത്തെ പെരുപ്പിച്ച് കാണിക്കാനായി മനപ്പൂർവ്വമായ ശ്രമം നടത്തിയിട്ടുണ്ട്. നിലനിൽപ്പിനായി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ഗതിയുമില്ലാത്ത മനുഷ്യരുടെ പ്രതിനിധികളായി സിനിമയിലെ അജേഷും മരിയാനോയും സ്റ്റെഫിയും അവതരിപ്പിക്കപ്പെടുന്നു. അരികുവത്കരിക്കപ്പെട്ട മനുഷ്യർ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നുള്ളവർ അതിജീവനത്തിനായി കുറ്റകൃത്യം നടത്തുമെന്ന മലയാള സിനിമയുടെ സ്ഥിരസങ്കല്പം അവിടെ മുഴച്ച് നിൽക്കുന്നു. ചുരുക്കത്തിൽ, സാമൂഹിക-സാമ്പത്തിക അസമത്വത്തിനൊപ്പം അലിഖിത വ്യവസ്ഥകളും രാഷ്ട്രീയ കാരണങ്ങളും ഇരകളാക്കിയ മനുഷ്യരെ, അവരുടെ അതിജീവന ശ്രമങ്ങളെ പുറത്ത് നിന്നും ജഡ്ജ് ചെയ്യുന്ന ഒരു സിനിമയാണ് പൊന്മാൻ.

സ്റ്റെഫിയുടെ അമ്മ ആഗ്നസ്, സ്വർണ്ണ തർക്കത്തിൽ ഒരു സന്ധി സംഭാഷണത്തിനായി പള്ളിവികാരിയെ കാണാനെത്തുന്ന സന്ദർഭം നോവലിലുണ്ട്. ‘വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയേയുള്ളൂ അച്ചോ’ എന്ന് ആ സന്ദർഭത്തിൽ ആഗ്നസ് പറയുന്ന സംഭാഷണം നോവലിന്റെ കവർ പേജിൽ തന്നെ ടാഗ് ലൈനാക്കിയിട്ടുണ്ട്. പൊന്ന് തിരിച്ച് കൊടുക്കുന്നതിന് വഴി കാണണമെന്ന് പറയുന്ന അച്ചനോട്, പള്ളിയിൽ പൊന്നും കുരിശും മാലയുമൊക്കെ നേർച്ചയായി വന്നതെടുത്ത് ഉരുക്കി കൊടുക്കാൻ ആഗ്നസ് പറയുന്നുണ്ട്. എന്നാൽ സിനിമയിൽ അതൊഴിവാക്കുകയാണുണ്ടായത്. അതേസമയം, ടെറർ ബ്രൂണോ എന്ന രാഷ്ട്രീയ പ്രവർത്തകനായ സഹോദര കഥാപാത്രമാകട്ടെ കുടുംബം നോക്കാത്തവനും പ്രശ്നക്കാരനുമാണ് സിനിമയിൽ. കടലോര സമൂഹങ്ങളിൽ അത്രയേറെ സ്വാധീനമുള്ള സഭയെ ചോദ്യം ചെയ്യുന്നത് മനഃപ്പൂർവ്വം ഒഴിവാക്കുകയും എന്നാൽ രാഷ്ട്രീയ പ്രവർത്തനമെന്നത് മോശമാണെന്നുള്ള പൊതുധാരണയെ നിലനിർത്തുകയുമാണ് സിനിമ.

‘കൊല്ലം പാട്ട്’ എന്ന പേരിൽ അൻവർ അലി എഴുതിയ പാട്ടും ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും, കടലിന്റെയും കായലിന്റെയും ഭംഗിയുമൊക്കെ മനോഹരമായി ദൃശ്യവത്കരിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പാട്ടിലും സിനിമയിലും കൊല്ലം ഭാഷയും പ്രത്യേകിച്ച് കൊല്ലത്തിന്റെ കടലോര മേഖലയിലെ ഭാഷയുടെ പ്രാദേശിക പ്രത്യേകതകളും ഏച്ചുകെട്ടലില്ലാതെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പാട്ടിൽ കൊല്ലംകാരെ കുറിച്ച് അൻവർ അലി എഴുതിയത് അത്ര സ്വാഭാവികമായ വരികളായി തോന്നില്ല. ‘മഹാചൂടന്മാർ, തെറിപറയുന്നവർ, പെശകുള്ളവർ’ എന്ന് പറഞ്ഞ ശേഷം ഒന്ന് മയപ്പെടുത്തി ‘അലമ്പോടലമ്പ് ആണേലും തങ്കമനസാണ്’ എന്ന് സർട്ടിഫിക്കറ്റ് നൽകുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും അൻവർ അലിയുടെ വരികളിൽ പറയുന്ന ചൂടന്മാരായ, തെറി പറയുന്ന, പെശക് മനുഷ്യരുണ്ടെങ്കിലും കൊല്ലത്തിന് വേണ്ടി എഴുതപ്പെടുന്ന പാട്ടിന്റെ വരിക്ക് പിന്നിലെ ചേതോവികാരം എന്താണ്? കേരളത്തിൽ ഏറ്റവും കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് കൊല്ലമെന്ന സോഷ്യൽ മീഡിയ സിദ്ധാന്തത്തെ ഒന്നുകൂടെ ഊട്ടിഉറപ്പിക്കുന്നതാണ് സിനമയും പാട്ടുമൊക്കെ. സിനിമ തുടങ്ങുന്നത് തന്നെ അടിയിലാണെന്ന് വേണമെങ്കിൽ പറയാം. ടെറർ ബ്രൂണോ എന്ന കഥാപാത്രം കപ്പിയാരെ തല്ലുന്നിടത്താണ് തുടക്കം. എന്നാൽ ഇന്ദുഗോപന്റെ നോവലിന്റെ തുടക്കമങ്ങനെയല്ല താനും.

കല്യാണങ്ങളോട് അനുബന്ധിച്ച് സംഭാവന നൽകുന്ന വ്യവസ്ഥ വളരെ വിശദമായി തന്നെ സിനിമയിൽ പറയുന്നുണ്ട്. കൊല്ലത്തെ കടലോര മേഖലയിൽ ‘പൊലിവ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ വിവാഹത്തിന്റെയന്ന് മാത്രമല്ല മാമ്മോദീസ, വീട് പാലുകാച്ചൽ മുതൽ എല്ലാത്തരം ആഘോഷങ്ങളിലും ഇത്തരത്തിൽ സംഭാവന നൽകുന്ന രീതിയുണ്ട്. മലബാറിൽ കുറി കല്യാണമെന്ന പേരിൽ ഇതേ ഏർപ്പാട് നിലനിൽക്കുന്നുണ്ട്. കേരളത്തിലെ മറ്റിടങ്ങളിലെ പോലെ, പരിപാടി നടത്തുന്നവർക്ക് ഒരു സഹായമെന്ന രീതിയിലാണ് അടിസ്ഥാന വർഗത്തിൽപ്പെട്ട മനുഷ്യരുടെ ഇടയിൽ സാമൂഹിക ജീവിതത്തിന്റ ഭാഗമായി ഇത്തരം കൊടുക്കൽ വാങ്ങലുകൾ നടക്കുന്നത്. തനതായ ആഘോഷങ്ങളും, ഭക്ഷണവും, ഭാഷയുമൊക്കെയുള്ള മീൻപിടിച്ചും, വിദ്യാഭ്യാസം നേടിയും, വിദേശ നാടുകളിലേക്ക് കുടിയേറിയും സ്വപനം കണ്ട ജീവിതം പടുത്തുയർത്തുന്ന മനുഷ്യരാണ് ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികളും. എന്നാൽ സാംസ്കാരികമായി കമ്മ്യൂണിറ്റിയുടെ പ്രത്യേകതകളെ അടയാളപ്പെടുത്തുന്നതിൽ സിനിമ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, പൊതുബോധത്തിലേക്ക് കമ്മ്യൂണിറ്റിയെ സംബന്ധിച്ച തെറ്റായ ധാരണകൾ നൽകുകകയും ചെയ്തതായി സമൂഹ മാധ്യമ ചർച്ചകളിൽ നിന്ന് വ്യക്തമാണ്. ഗതികേട് കൊണ്ട് മനുഷ്യത്വം നശിച്ചുപോയെന്ന് സിനിമ കാണിക്കുന്ന ഇതേ കമ്മ്യൂണിറ്റിയിലെ മനുഷ്യരാണ് പ്രളയ സമയത്ത് കൊല്ലത്ത് നിന്ന് ആദ്യം വള്ളമിറക്കി രക്ഷരായി വന്നതെന്ന് മറക്കരുത്.

സിനിമയിലെ ദൃശ്യം

കൊല്ലത്തെ കടപ്പുറത്തെ കാറ്റ് കൊണ്ടവരാണ് തങ്ങളെന്നും, സിനിമയിലെ അജേഷിനെ പോലെ കടപ്പുറത്തുകൂടെ ജെട്ടിയിട്ടോടിയ അനുഭവങ്ങളുണ്ടെന്നും എഴുത്തുകാരനും സംവിധായകനും അഭിമുഖങ്ങളിൽ ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ കടപ്പുറത്ത് കാറ്റ് കൊണ്ട് ഓടുമ്പോൾ കാണുന്നതല്ല കടലോരത്തെ മനുഷ്യരുടെ സാമൂഹിക സാംസ്കാരിക ജീവിതം. അത് പല അടരുകളുള്ള അതിജീവനത്തിന്റെ ചരിത്രം പേറുന്നതാണ്. ആ അതിജീവന ചരിത്രത്തോട് മലയാള സിനിമ ചെയ്ത നീതികേടാണ് പൊൻമാൻ.

Also Read

10 minutes read March 26, 2025 2:14 pm