കലങ്ങിമറിയുന്ന ഈ പുഴകൾ മലകളുടെ മുന്നറിയിപ്പാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹിമാലയത്തിന് മുന്നറിയിപ്പ് നൽകാനുള്ള വിചിത്രമായ ഒരു കഴിവുണ്ട്. ആ മുന്നറിയിപ്പ് അവഗണിച്ചാൽ അതിന് വലിയ വില നൽകേണ്ടിയും വരും. ആഗസ്റ്റ് 26-ലെ ദുരന്തം നമ്മൾ അവഗണിച്ച അനവധി മുന്നറിയിപ്പുകളിൽ ഏറ്റവും ഒടുവിലത്തേത് മാത്രമാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വസ്തുതകൾ ആഗസ്റ്റ് 26-ലെ ദുരന്തത്തെ കൂടുതൽ ഭീതിജനകമാക്കുന്നു. മഞ്ഞുകാല സായാഹ്നങ്ങളിൽ ഞങ്ങളുടെ പൂർവ്വികർ അടുപ്പിനരികിൽ കുട്ടികളെ ചേർത്തിരുത്തി പറഞ്ഞുകൊടുക്കുമായിരുന്ന പഴയ പ്രളയകഥകളിലെ പോലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമായിരുന്നില്ല അത്.

മറിച്ച്, തുടർച്ചയായി സംഭവിച്ച നിരവധി പർവത തകർച്ചകളുടെ ഒരു ശൃംഖലയായിരുന്നു അതെന്ന് ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ടിബറ്റൻ ഭാഗത്തുള്ള ല്ഹെൻഡെ നദിക്ക് മുകളിൽ വൻതോതിലുള്ള ഒരു അവലാഞ്ചോ (മഞ്ഞ്, പാറ, മണ്ണ് തുടങ്ങിയവ വലിയ അളവിൽ പെട്ടെന്ന് താഴേക്ക് പതിച്ചുവരുന്ന പ്രതിഭാസം) ഹിമാനി തകർച്ചയോ ഉണ്ടായതോടെ മഞ്ഞ്, പാറ, ചെളി, അവശിഷ്ടങ്ങൾ എന്നിവ ഭീമമായ അളവിൽ നദിയിലേക്ക് പതിച്ചു. ഇത് നദിയുടെ ഒഴുക്ക് തടയുകയും താൽക്കാലികമായ ഒരു തടാകം രൂപപ്പെടുകയും ചെയ്തു.

നദി തടയപ്പെട്ടു. തടസ്സത്തിന് പിന്നിൽ വെള്ളം കെട്ടിക്കിടന്ന് ഒരു താൽക്കാലിക തടാകം രൂപപ്പെട്ടു. പ്രകൃതിദത്ത അണക്കെട്ടിന് കൂടുതൽ വെള്ളം താങ്ങാനാകാതെ വന്നപ്പോൾ അത് തകർന്നു. തുടർന്ന് വെള്ളവും മഞ്ഞും ചെളിയും അവശിഷ്ടങ്ങളും താഴേക്കുള്ള ഭോട്ടെ കോസി, ത്രിശൂലി നദീതടങ്ങളിലേക്ക് കുതിച്ചെത്തി.

പ്രളയത്തിന് ശേഷം ത്രിശൂലി നദി, നേപ്പാളിലെ ദേവീഘട്ടിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:bloomberg

ഈ ദുരന്തത്തിന് തുടക്കമിട്ടത് മഞ്ഞും പാറയും ഉൾപ്പെട്ട ഒരു വൻ അവലാഞ്ചാണ് എന്നതിലേക്കാണ് ഉപഗ്രഹ തെളിവുകളും പ്രാഥമിക ശാസ്ത്രീയ വിശകലനങ്ങളും ഇപ്പോൾ കൂടുതൽ വിരൽചൂണ്ടുന്നത്. അതായത്, തുടക്കത്തിൽ ഭൂകമ്പം മൂലമുണ്ടായ വെള്ളപ്പൊക്കമെന്ന് തോന്നിയ സംഭവം കൂടുതൽ ഭീതിജനകമായ ഒന്നായി മാറുകയാണ് — ഒരു ക്രയോസ്ഫിയറിക് കാസ്കേഡ്, അതായത് മഞ്ഞുമണ്ഡലത്തിൽ നിന്നും ആരംഭിച്ച് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ദുരന്തങ്ങളുടെ ശൃംഖല.

തടാകം തകർന്ന് ആദ്യത്തെ ജലപ്രവാഹമുണ്ടായതോടെ അപകടം അവസാനിച്ചില്ല. ദുരന്തമേഖലയ്ക്ക് മുകളിലായി പിന്നീട് മറ്റൊരു തടാകം രൂപപ്പെട്ടതായും അതിൽ ദശലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളം കെട്ടിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മറ്റൊരു തടാക വിസ്ഫോടന പ്രളയത്തിന്റെ സാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതായത്, ഒരു ദുരന്തം മറ്റൊരു ഒളിഞ്ഞിരിക്കുന്ന ദുരന്തത്തിന് ജന്മം നൽകിയിരിക്കുന്നു.

മല ഇതുവരെ സംസാരിച്ചു തീർന്നിട്ടില്ല. അതിന്റെ സന്ദേശം കാതിന്റെ കർണപടലം പൊട്ടിക്കുന്നത്ര ഉച്ചത്തിലാണ്. ഇത് നേപ്പാളിന്റെ മാത്രം പ്രശ്നമല്ല. അതുകൊണ്ടുതന്നെയാണ് ഭോട്ടെ കോസിയുടെ കഥ നേപ്പാളിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് സഞ്ചരിക്കേണ്ടത്. ഹിമാലയം രാഷ്ട്രീയ അതിർത്തികളെ അംഗീകരിക്കുന്നില്ല. ഒരു ഹിമാനി ടിബറ്റിൽ തകരാം. ഒരു രാജ്യത്ത് മണ്ണും പാറയും അടിഞ്ഞ് നദിക്ക് തടസ്സമുണ്ടാകാം. മറ്റൊരു രാജ്യത്ത് ഒരു തടാകം പൊട്ടിയൊഴുകാം. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഒരു നദി വഹിച്ചുകൊണ്ടുപോകാം. നദിക്ക് പാസ്‌പോർട്ടില്ല.

അതുകൊണ്ടുതന്നെ ഇന്ത്യയിലെ സിക്കിമിൽ ഉയർന്നുവരുന്ന ആശങ്കയ്ക്ക് വളരെ കൂടുതൽ ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. ല്ഹെൻഡെ–ഭോട്ടെ കോസി മേഖലയിൽ നടന്ന ദുരന്തം നൽകുന്ന സന്ദേശം സിക്കിമിലെ ജനങ്ങൾ മനസ്സിലാക്കുന്നു — നദിക്ക് അതിർത്തികളില്ല. എന്നാൽ ന്യൂഡൽഹി ഇപ്പോഴും ഈ നാശത്തെ വികസനത്തിന്റെ പേരിലുള്ള ‘കൊളാറ്ററൽ ഡാമേജ്’ ആയി മാത്രം കാണുന്നുണ്ടാകാം.

നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ കെട്ടിടങ്ങൾ ചെളി കൊണ്ട് മൂടിയ ഡ്രോൺ ദൃശ്യം. കടപ്പാട്: Reuters

എന്തുകൊണ്ടാണ് സിക്കിമിലെ ജനങ്ങൾ പെട്ടെന്ന് ഇത്ര ശക്തമായി മുന്നറിയിപ്പ് നൽകുന്നത് എന്ന് ഒരാൾ ചോദിച്ചേക്കാം. ഭോട്ടെ കോസി ദുരന്തത്തെ തുടർന്ന് സിക്കിമിലെ വിവിധ സംഘടനകൾ പുതിയ ജലവൈദ്യുത പദ്ധതികൾ നിർത്തിവയ്ക്കണമെന്നും ഹിമാലയൻ സംസ്ഥാനങ്ങളിലെ ജലവൈദ്യുത പദ്ധതി വികസനത്തിന്റെ സുരക്ഷാ, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് സ്വതന്ത്രമായൊരു പുനഃപരിശോധന നടത്തണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ ആവശ്യം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. കാരണം, 2023 ഒക്ടോബറിലെ സൗത്ത് ലോണാക് ഹിമാനി തടാക വിസ്ഫോടന പ്രളയത്തിന്റെ (GLOF – Glacial Lake Outburst Flood) നാശം സിക്കിമിലെ ജനങ്ങൾ നേരിട്ടുകഴിഞ്ഞതാണ്. 1,200 മെഗാവാട്ട് ശേഷിയുള്ള തീസ്ത III ജലവൈദ്യുത പദ്ധതി ആ ദുരന്തത്തിൽ തകർന്നു. അതിൽ നിന്നുണ്ടായ അതിശക്തമായ ജലപ്രവാഹം താഴേക്കുള്ള പ്രദേശങ്ങളെയും ബാധിച്ചു. അതുകൊണ്ട് സിക്കിമിൽനിന്നുള്ള സന്ദേശം ഇപ്പോൾ വ്യക്തമാണ്.

ഒരു അണക്കെട്ട് നമ്മുടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാനാകുമോ എന്നത് മാത്രമല്ല പ്രശ്നം. ആ അണക്കെട്ടിന് മലയുടെ സമ്മതമുണ്ടോ എന്നതാണ് ചോദിക്കേണ്ടത്. അത് തികച്ചും വ്യത്യസ്തമായൊരു ചോദ്യമാണ്. സിക്കിമിൽ സംഭവിക്കുന്നത് സിക്കിമിൽ അവസാനിക്കുന്നില്ല. തീസ്ത അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന തീസ്ത സിക്കിമിലൂടെയും പശ്ചിമ ബംഗാളിലൂടെയും ഒഴുകി ഒടുവിൽ ബംഗ്ലാദേശിലെത്തുന്നു. തീസ്ത നദീതടത്തിൽ ഏകദേശം മൂന്ന് കോടി ജനങ്ങൾ ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇവരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലാണ് താമസിക്കുന്നത്. അതിനാൽ ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം, മുകളിലെ ഹിമാലയത്തിൽ സംഭവിക്കുന്നത് പ്രഭാതഭക്ഷണത്തിനൊപ്പം വായിച്ചു തീർക്കാവുന്ന വിദൂരമായ ഒരു പർവത വാർത്തയല്ല. അത് ആശങ്കാജനകവും താഴ്‌വരകളിലേക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നതുമായ കാര്യമാണ്.

മഞ്ഞുമല തകർന്നതിനെ തുടർന്ന് സിക്കിമിൽ 2023ൽ ഉണ്ടായ ദുരന്തം. കടപ്പാട്:AFP

2023-ലെ സൗത്ത് ലോണാക് ദുരന്തം ഈ അപകടകരമായ ബന്ധം ഇതിനകം തെളിയിച്ചുകഴിഞ്ഞു. സിക്കിമിലെ അടിസ്ഥാന സൗകര്യങ്ങളെ ഒരു ഹിമാനി തടാക വിസ്ഫോടന പ്രളയം തകർത്തു. അതിശക്തമായ ജലപ്രവാഹം താഴേക്കെത്തുകയും ഇന്ത്യയ്ക്കപ്പുറമുള്ള പ്രദേശങ്ങളെയും, ബംഗ്ലാദേശ് ഉൾപ്പെടെ, ബാധിക്കുകയും ചെയ്തു.

ഇനി മറ്റൊരു ഭാവിയെക്കുറിച്ച് ചിന്തിക്കുക. ഹിമാനി തകർച്ചകൾ, അസ്ഥിരമായ പർവതച്ചരിവുകൾ, താൽക്കാലിക തടാകങ്ങൾ, അതിശക്തമായ മഴ, ജലവൈദ്യുത അടിസ്ഥാനസൗകര്യങ്ങൾ — ഇവയെല്ലാം ഇടയ്ക്കിടെ പരസ്പരം ഇടപെടുന്ന ഒരു ഭാവി. അപകടം വെറുമൊരു വെള്ളപ്പൊക്കമല്ല. അത് ഒരു കാസ്കേഡിംഗ് ഫെയിലുവറാണ് — ഒന്നിനുപിറകെ മറ്റൊന്നായി സംഭവിക്കുന്ന തകർച്ച.

ഒരു ഹിമാനി തകരുന്നു. നദി തടയപ്പെടുന്നു. ഒരു തടാകം രൂപപ്പെടുന്നു. തടസ്സം തകരുന്നു. പ്രളയം ഒരു ജലവൈദ്യുത പദ്ധതിയെ തകർക്കുന്നു. പദ്ധതിയിൽ സംഭരിച്ചിരുന്ന വെള്ളവും അവശിഷ്ടങ്ങളും പ്രളയത്തിന്റെ ശക്തി വർധിപ്പിക്കുന്നു. താഴെയുള്ള മറ്റൊരു ഘടന അതിന്റെ ആഘാതത്തിൽ തകർന്നടിയുന്നു. ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു. ഒടുവിൽ അത് താഴേക്കുള്ള പ്രദേശങ്ങളിൽ ഒരു ഡൊമിനോ ഇഫക്റ്റ് സൃഷ്ടിക്കുന്നു.

ഇതുകൊണ്ടുതന്നെയാണ് പരമ്പരാഗത പരിസ്ഥിതി ആഘാത പഠനങ്ങൾ അപകടകരമാംവിധം അപര്യാപ്തമാകുന്നത്. ഓരോ പദ്ധതിയെയും ഒറ്റപ്പെട്ട ഒന്നായി കണ്ട് അവ വിലയിരുത്തുന്നു. പ്രകൃതി അങ്ങനെയല്ല. തീസ്തയെ ഒരു ദേശീയ നദിയായി മാത്രം കൈകാര്യം ചെയ്യാനാവില്ല. ഇന്ത്യയും ബംഗ്ലാദേശും വർഷങ്ങളായി തീസ്തയെക്കുറിച്ച് ചർച്ചചെയ്യുന്നു. എന്നാൽ പ്രധാനമായും അത് ജലവിഹിതത്തിന്റെ പ്രശ്നമായാണ് പരിഗണിച്ചിട്ടുള്ളത്. ഇനി ആ സംഭാഷണം മാത്രം മതിയാകില്ല. തീസ്തയെ പങ്കിടുന്ന ജലസ്രോതസ്സായി മാത്രമല്ല, പങ്കിടുന്ന കാലാവസ്ഥാ-അപകട സംവിധാനമായും കാണണം. മുകളിലെ നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഹിമാനികൾക്കും പർവതച്ചരിവുകൾക്കും അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും എന്ത് സംഭവിക്കുന്നു എന്നതിൽ ബംഗ്ലാദേശിന് കാര്യമായ നിയന്ത്രണമില്ല. എന്നിട്ടും അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത് അവിടെയുള്ള ജനങ്ങളാണ്.

വടക്കൻ ബംഗ്ലാദേശിലെയോ പശ്ചിമ ബംഗാളിലെയോ കർഷകൻ ആ അണക്കെട്ടിന് അനുമതി നൽകിയിട്ടില്ല. അയാൾ ഹിമാനിയെ അസ്ഥിരമാക്കിയിട്ടില്ല. അന്തരീക്ഷത്തെ ചൂടാക്കിയിട്ടില്ല. റോഡോ തുരങ്കമോ നിർമിച്ചിട്ടില്ല. എന്നിട്ടും, അതിന്റെ പ്രത്യാഘാതങ്ങൾ വന്നെത്തുമ്പോൾ കഴുത്തോളം വെള്ളത്തിൽ നിൽക്കേണ്ടിവരുന്നത് അയാളായിരിക്കാം.

2023 ഒക്ടോബറിലെ അപകടത്തിൽപ്പെട്ട് തകർന്നുപോയ സിക്കിമിലെ ടീസ്റ്റ III HEP അണക്കെട്ട്.

ഇതാണ് കാലാവസ്ഥാ നീതിയുടെ ഏറ്റവും കയ്പേറിയ പരിഹാസം — പ്രശ്നം സൃഷ്ടിക്കുന്നതിൽ ഏറ്റവും കുറഞ്ഞ പങ്കുള്ളവരാണ് പലപ്പോഴും അതിന്റെ വില ആദ്യം നൽകേണ്ടിവരുന്നത്. അപ്പോൾ കാലാവസ്ഥാ ധനസഹായത്തിന്റെ സ്ഥാനം എവിടെയാണ്? ഇത് നമ്മെ വീണ്ടും യു.എന്നിന്റെ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് (GCF) കൊണ്ടുപോകുന്നു.

ഹിമാനിത്തടാക വിസ്ഫോടന പ്രളയങ്ങളുടെയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്നതിനായി GCF-ന്റെ നേപ്പാൾ പദ്ധതി FP272ന് 36.16 ദശലക്ഷം ഡോളർ ഗ്രാന്റ് 2025 ജൂലൈയിൽ അംഗീകരിക്കപ്പെട്ടു. 2026 മാർച്ചിൽ പദ്ധതി പ്രാബല്യത്തിൽ വന്നു. അതിനാൽ GLOF ഭീഷണി അജ്ഞാതമായിരുന്നുവെന്ന് ആർക്കും ഗൗരവമായി വാദിക്കാനാകില്ല.

അപകടം തിരിച്ചറിഞ്ഞിരുന്നു. പണം അനുവദിച്ചിരുന്നു. പദ്ധതികൾ രൂപകൽപ്പന ചെയ്തിരുന്നു. മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നിട്ടും ഭോട്ടെ കോസി സംഭവിച്ചു. ഒരു GCF പദ്ധതിക്ക് മാത്രം ഈ ദുരന്തം തടയാനാകുമായിരുന്നുവെന്ന് വാദിക്കുന്നത് ലളിതവൽക്കരണമായിരിക്കും. കൂടുതൽ ബുദ്ധിമുട്ടുള്ള ചോദ്യം ഇതാണ്: കാലാവസ്ഥാ ധനസഹായ സ്ഥാപനങ്ങളും സർക്കാരുകളും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഹിമാലയൻ അപകടങ്ങളുടെ യഥാർഥ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണോ തങ്ങളുടെ പ്രതികരണം രൂപപ്പെടുത്തുന്നത്, അതോ പദ്ധതികളുടെ അതിരുകൾ, ഭരണപരമായ അധികാരപരിധികൾ, ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ചുമതലകൾ എന്നിവയുടെ സൗകര്യപ്രദമായ അതിരുകളെ അടിസ്ഥാനമാക്കിയാണോ?

ഹിമാനിക്ക് ഒരു പദ്ധതിയുടെ അതിരുകളെക്കുറിച്ച് അറിവില്ല. ഒരു താൽക്കാലിക തടാകം സർക്കാർ സംഭരണ നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കില്ല. ഒരു മണ്ണിടിച്ചിൽ ഒരു ദാതാവിന്റെ കലണ്ടറുമായി കൂടിയാലോചിക്കില്ല. ഒരു പ്രളയം അന്താരാഷ്ട്ര അതിർത്തിയിൽ എത്തിയാൽ നിൽക്കുകയുമില്ല. ഹിമാലയത്തിന് ഒരൊറ്റ മുന്നറിയിപ്പ് സംവിധാനം ആവശ്യമാണ്. ഇതിന് പരിഹാരം മറ്റൊരു സമ്മേളനവും മറ്റൊരു പ്രഖ്യാപനവും ആകരുത്. നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങൾ യഥാർഥത്തിൽ അതിർത്തികൾക്കപ്പുറത്തേക്ക് പ്രവർത്തിക്കുന്ന ഒരു ഹിമാലയൻ മുൻകൂർ മുന്നറിയിപ്പ് സംവിധാന ശൃംഖ രൂപപ്പെടുത്തണം.

പങ്കിടുന്ന ഉപഗ്രഹ നിരീക്ഷണം, പങ്കിടുന്ന ഹിമാനി-ഹിമാനിത്തടാക നിരീക്ഷണം,
തത്സമയ ജലശാസ്ത്ര വിവരങ്ങൾ, അപകടകരമായ തടാക രൂപീകരണമോ മുകളിലെ നദീതടത്തിലെ പെട്ടെന്നുള്ള തടസ്സമോ ഉണ്ടായാൽ ഉടനടി മുന്നറിയിപ്പ്,
സംയുക്ത പ്രളയ മാതൃകാ നിർമ്മാണം, താഴ്‌വരകളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള പൊതുവായ പ്രോട്ടോക്കോളുകൾ. എല്ലാറ്റിനുമുപരി, ഹിമാലയത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു പുതിയ മാനദണ്ഡം ആവശ്യമാണ്. ഓരോ അണക്കെട്ടിനെയും റോഡിനെയും തുരങ്കത്തെയും ജനവാസകേന്ദ്രത്തെയും ഒറ്റപ്പെട്ട പദ്ധതിയായി കാണാതെ, പരസ്പരം ബന്ധപ്പെടുന്ന ദുരന്തസാധ്യതകളെ കണക്കിലെടുക്കുന്ന ഒരു മാനദണ്ഡം വേണം.

അതുകൊണ്ട് ജലവൈദ്യുത വികസനത്തെക്കുറിച്ച് പുതിയൊരു പരിശോധന വേണമെന്ന സിക്കിമിലെ ആവശ്യം വികസനവിരുദ്ധ പ്രചാരണമെന്ന പേരിൽ തള്ളിക്കളയരുത്. അത് ഒരു മുന്നറിയിപ്പായി കാണണം.ദക്ഷിണേഷ്യയ്ക്ക് വൈദ്യുതി ആവശ്യമില്ല എന്നല്ല പ്രശ്നം. തീർച്ചയായും ആവശ്യമുണ്ട്. ചോദ്യം മറ്റൊന്നാണ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത് ഇന്നലത്തെ ഹിമാലയം ഇപ്പോഴും നിലനിൽക്കുന്നുവെന്ന ധാരണയിലാണോ?അത് നിലനിൽക്കുന്നില്ല. ഹിമാനികൾ മാറുകയാണ്. പർവതച്ചരിവുകൾ മാറുകയാണ്. നദികൾ മാറുകയാണ്. അപകടങ്ങൾ പരസ്പരം കൂടുതൽ കൈകോർക്കുകയാണ്.

ബംഗ്ലാദേശിലെ 2024ലെ വെള്ളപ്പൊക്കം. കടപ്പാട്:dailynews

ഇനി നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഭോട്ടെ കോസിയെ മറ്റൊരു പ്രകൃതിദുരന്തമായി മാത്രം കണക്കാക്കുന്നതായിരിക്കും. അനുശോചനം രേഖപ്പെടുത്തുക, ദുരിതാശ്വാസം പ്രഖ്യാപിക്കുക, തകർന്നതെല്ലാം പുനർനിർമിക്കുക, അടുത്ത മല ഇടിഞ്ഞുവീഴുന്നതുവരെ കാത്തിരിക്കുക — ഇതായിരിക്കരുത് നമ്മുടെ പ്രതികരണം. അടുത്ത മല സിക്കിമിൽ ഇടിഞ്ഞുവീഴാം. അടുത്ത താൽക്കാലിക തടാകം മറ്റെവിടെയെങ്കിലും രൂപപ്പെടാം. അടുത്ത പ്രളയം ബംഗ്ലാദേശിലേക്ക് ഒഴുകിയെത്താം. അടുത്ത കാസ്കേഡിംഗ് ദുരന്തം ഭോട്ടെ കോസിയെ ഒരു പരിശീലന കേന്ദ്രം മാത്രമാക്കി മാറ്റിയേക്കാം.

ഹിമാലയം ഇതിനകം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. നദികൾ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണെന്ന് ദക്ഷിണേഷ്യ ഒടുവിൽ മനസ്സിലാക്കുമോ എന്നതാണ് ചോദ്യം. മലമുകളിൽ ആരംഭിക്കുന്ന ഒരു ദുരന്തം, മല തകർന്നുവീണ രാജ്യത്തിന്റേത് മാത്രമല്ല. മലകൾക്ക് പാസ്‌പോർട്ടില്ല, ഹിമാനിക്ക് അതിർത്തിയില്ല, നദികൾക്ക് ദേശീയതയില്ല, താഴ്‌വരകളിലെ മനുഷ്യർക്ക് മറ്റ് വഴികളുമില്ല. നമ്മൾ ശരിക്കും കേൾക്കുന്നതിന് വേണ്ടി മലകൾ ഇനിയുമെത്ര മുന്നറിയിപ്പുകൾ നൽകേണ്ടി വരും?

Also Read

6 minutes read September 4, 2026 2:09 pm