ഞങ്ങൾക്ക് വേണ്ട ഈ കക്കൂസ് മാലിന്യ പ്ലാന്റ്

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള ആവിക്കൽ തോട് എന്ന തീരപ്രദേശം കുറച്ചുനാളുകളായി ശക്തമായ ഒരു ജനകീയ സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. പ്രദേശവാസികളുടെ സമ്മതമില്ലാതെ കോർപ്പറേഷനിലെ 66, 67 വാർഡുകളിൽ ഉൾപ്പെടുന്ന ആവിക്കൽ തോട് പ്രദേശത്ത് സ്ഥാപിക്കാൻ ശ്രമിക്കുന്ന കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയിട്ട് നാളുകളായി. ‘അമൃത്’ പദ്ധതി പ്രകാരം കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കാൻ പോകുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഈ നാട്ടിൽ വേണ്ടെന്ന് അവർ തറപ്പിച്ചു പറയുന്നു. വെള്ളയിൽ മത്സ്യബന്ധന ഹാർബറിനടുത്തുള്ള ജനസാന്ദ്രതയേറിയ ഒരു പ്രദേശം തന്നെ ഇതിനായി തെരഞ്ഞെടുത്തത് എന്തിനാണെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി ചോദിക്കുന്നു. കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന, ചെറിയ മഴപെയ്താൽ പോലും വെള്ളം കയറുന്ന ഒരു സ്ഥലത്തേക്ക് എന്തിനാണ് കക്കൂസ് മാലിന്യ പ്ലാന്റ് കൊണ്ടുവരുന്നതെന്ന ചോദ്യത്തിന് കോർപ്പറേഷൻ വ്യക്തമായ ഉത്തരം നൽകുന്നുമില്ല. പകരം പൊലീസിനെ അണിനിരത്തി, ജനങ്ങളുടെ പ്രതിഷേധത്തെ അമർച്ച ചെയ്ത് ഇവി‌ടെത്തന്നെ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. മാധ്യമശ്രദ്ധയും പൊതുസമൂഹത്തിന്റെ പിന്തുണയും ഉണ്ടായിട്ടും പൊലീസ് അടിച്ചമർത്തലുകൾ ആവിക്കലിൽ ആവർത്തിക്കുകയാണ്. ലാത്തിച്ചാർജ്ജുകളും കേസുകളും സമരസമിതി പ്രവർത്തകർക്ക് നിരന്തരം നേരിടേണ്ടിവരുന്ന അവസ്ഥ.

സമരസമിതി കൺവീനർ ഇർഫാൻ ഹബീബിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഭീകരതയ്ക്കെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്ന്. ഫോട്ടോ: മൃ​ദുല ഭവാനി

2022 ഫെബ്രുവരി ഒന്നിന് മണ്ണ് പരിശോധനയ്ക്കെത്തിയ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ ശക്തമായ പൊലീസ് നടപടി ഉണ്ടായി. ജൂൺ 23ന് മണ്ണ് പരിശോധന നടത്താൻ ഉദ്യോഗസ്ഥർ വീണ്ടും എത്തിയപ്പോൾ പ്രതിഷേധിച്ച 36 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജൂലെെ 3ന് സർവേ നടപടികൾ തുടങ്ങിയതിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ ​ഗ്രനേഡ് പ്രയോ​ഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ജൂലെെ 30ന് വെള്ളയിൽ ഫിഷറീസ് സ്കൂളിൽ വെച്ച് നടന്ന ജനസഭ യോ​ഗത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സമരസമിതി പ്രവർത്തകർ സമരം ചെയ്തപ്പോഴും ലാത്തിചാർജും മറ്റു മർദ്ദന മുറകളും പൊലീസ് പ്രയോ​ഗിച്ചു. അന്ന് റോഡ് ഉപരോധിച്ച് സമരം ചെയ്തപ്പോൾ, സമരപ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷം എന്ന രീതിയിലാണ് പല മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്തതെന്ന് സമരപ്രവർത്തകർ പറയുന്നു. എന്തുതരം മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിനെതിരെയാണ് സമരമെന്ന് ചില മാധ്യമങ്ങൾ വ്യക്തമാക്കാത്തതും പ്രദേശവാസികളെ രോഷാകുലരാക്കുന്നു.

ഓഗസ്റ്റ് ഒന്നിന് നടന്ന പ്രതിഷേധ മാർച്ചിൽ നിന്ന്. ഫോട്ടോ: മൃ​ദുല ഭവാനി

മേയർ പറയുന്നതും നടക്കുന്നതും

“കഴിഞ്ഞ സെപ്തംബറിൽ തന്നെ ഞങ്ങൾ ഇതിന്റെ ചർച്ച നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ പ്ലാന്റ് വേണ്ട എന്നാരും പറഞ്ഞിട്ടില്ല. ആരൊക്കെയോ പറയുന്നതു കേട്ടിട്ട്, വ്യാജമായ വീഡിയോ സന്ദേശങ്ങൾ കേട്ടിട്ട് ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. അവരെ ഇത്രവലിയ ഒരു എതിർപ്പിന് കാരണമാക്കിയതിന്റെ ഉത്തരവാദികൾ ആരാണോ അവർക്കെന്തായാലും സദുദ്ദേശ്യമില്ല.” (ജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നു’: മാലിന്യപ്രശ്നത്തിൽ മേയർ 2022 ഫെബ്രുവരി 1ന് പറഞ്ഞത്).

“ആവിക്കൽ തോട് ഭാ​ഗത്തുനിന്നുള്ളവരാണ് തിരുവനന്തപുരത്തേക്ക് (മുട്ടത്തറ) വന്നത്. നമ്മളിവിടെനിന്ന് വണ്ടിയിൽ കയറുമ്പോൾ ശത്രുവിനെപ്പോലെയാണ് അവർ നോക്കിയത്. അവിടെപ്പോയി അത് (സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) കണ്ട് തിരിച്ചുവരുമ്പോഴേക്കും അവരുടെ നോട്ടം പോലും മാറി. അതിന്റെ അർത്ഥം അവർക്ക് സംശയമുണ്ടായിരുന്നു എന്നാണ്. കോതിയിലെ കൗൺസിലറെ പല പ്രാവശ്യം വിളിച്ചു. കൗൺസിലർക്ക് വ്യക്തിപരമായ കാരണമുണ്ടായിരുന്നു. ആരും തന്നെ കോതിയിൽ നിന്ന് ആ പരിപാടിക്ക് വന്നില്ല. ലീ​ഗ് നിശ്ശബ്ദത പാലിച്ചു. പക്ഷേ കോൺ​ഗ്രസും ബി.ജെ.പിയും അവരുടെ പ്രകടന പത്രികയിൽത്തന്നെ പറഞ്ഞിട്ടുണ്ട് പ്ലാന്റിന് വേണ്ടി അവർ മുൻപന്തിയിൽ നിൽക്കുമെന്ന്. ബി.ജെ.പിക്കാർ തുറന്നുപറഞ്ഞു, ഞങ്ങൾക്കതിൽ യാതൊരു വിരോധവുമില്ല മറ്റു പല സ്ഥലങ്ങളിലും നടക്കുന്നതാണ് എന്ന്. പിന്നെ ആർക്കായിരിക്കും അവിടെ വിഷമം എന്നാണ് ഞങ്ങൾക്ക് മനസ്സിലാകാത്തത്? ആരാണ് ഇവർക്ക് വേണ്ടി പറയുന്നത് എന്നതാണ് നമ്മളെയൊക്കെ കുഴക്കുന്ന പ്രശ്നം.” (കോതിയിലെ മലിനജല പ്ലാൻറുമായി മുന്നോട്ട്; പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതം; മേയർ, 2022 ഏപ്രിൽ 30).

“ഫോഴ്സ് ഉപയോഗിക്ക് എന്നൊന്നും ഞങ്ങൾ പറയില്ല, ഞങ്ങളുടെ ജനങ്ങളാണ്, കോർപ്പറേഷന്റെ ജനങ്ങളാണ്. അവരെ തല്ലിയിട്ടും കൊന്നിട്ടും നമുക്കൊന്നും ചെയ്യേണ്ട കാര്യമില്ല. അവർ എന്തിന് പ്രതിഷേധിക്കുന്നു എന്നത് ഞങ്ങൾക്കിപ്പോഴും ഒരു കടങ്കഥയാണ്.” ആറ് മാസം മുമ്പ്, മേയർ ബീന ഫിലിപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തുടർച്ചയായ ബലപ്രയോഗത്തിലൂടെ സമരത്തെ പൊലീസ് അടിച്ചമർത്തുന്ന കാഴ്ചയാണ് പിന്നീട് നിരന്തരം കണ്ടത്.

ലാത്തിചാർജിൽ പരിക്കേറ്റ മിർഷാദ് അലി. സമര സ്ഥലത്ത് ഫോണിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് മിർഷാദ് അലിയെ പൊലീസ് മർദ്ദിച്ചത്. തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫോട്ടോ: മൃ​ദുല ഭവാനി

പ്രദേശവാസികൾ പറയുന്നു

മല വിസർജ്യം ട്രീറ്റ് ചെയ്തതിന് ശേഷം ആവിക്കൽ തോ‌ടിലൂടെ കടലിലേക്കാണ് ഒഴുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത് മത്സ്യബന്ധനത്തിന് പ്രയാസം സൃഷ്ടിക്കുമെന്നും ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും സ്വൈര്യമായി ജീവിക്കാൻ കഴിയില്ലെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.

“മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങിനിന്നാണ് ജോലി ചെയ്യുന്നത്. കെമിക്കൽ അടങ്ങിയ വെള്ളം കടലിലേക്ക് വന്നാൽ, ഒന്നാമത് കടലിൽ മീൻ ഉണ്ടാകില്ല. അരവരെ വെള്ളത്തിൽ ഇറങ്ങിനിന്ന് മീൻ പടിക്കുന്നതിന് അതിൻറേതായ ബുദ്ധിമുട്ടുണ്ട്. എപ്പോഴും മീൻ കിട്ടണമെന്നും ഇല്ല. കിട്ടുന്നതുപോലും ഇല്ലാതാകും. ഇവിടെ എഴുപത്, എഴുപത്തിയഞ്ച് ശതമാനം അങ്ങനെ ജീവിക്കുന്നവരാണ്. ഒരു മണിക്കൂർ നല്ല രീതിയിൽ മഴപെയ്താൽത്തന്നെ വീടുകളിലേക്ക് തോട്ടിൽ നിന്ന് വെള്ളം കയറിത്തുടങ്ങും. അപ്പോൾ തണ്ണീർത്തടങ്ങൾ നികത്തി പ്ലാന്റ് പണിയുക കൂടി ചെയ്താൽ അത് നല്ല ബുദ്ധിമുട്ടാകും.” സി.പി.ഐയുടെ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ജംഷീർ പറഞ്ഞു.

ആവിക്കൽ തോടും കടലും, തീരദേശത്തെ വീടുകളും. ഫോട്ടോ: മൃദുല ഭവാനി

“പദ്ധതി പ്രദേശത്തേക്ക് വരാൻ പാടില്ല, പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നെല്ലാമാണ് ജാമ്യ നിബന്ധനകൾ. അലി എന്നൊരു പയ്യനെ അറസ്റ്റ് ചെയ്തു. അലി ഫോൺ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു. അവന് മുപ്പതുവയസ്സേ ഉള്ളൂ. ഹൃദയവാൾവിന് സർജറി ചെയ്തിട്ടുണ്ട്. അവനെ ആണ് മർദ്ദിച്ചത്.” പ്രദേശവാസിയായ ജിതുൻരാജ് പറയുന്നു.

ആറ് വർഷങ്ങൾക്ക് മുമ്പ് മഴക്കാലത്ത് ഒരു കുട്ടി ആവിക്കൽ തോടിൽ വീണ് മരിച്ചിട്ടും തോട് വൃത്തിയാക്കാൻ തയ്യാറാകാത്ത കോർപ്പറേഷനാണ് ഇപ്പോൾ പ്ലാന്റ് കൊണ്ടുവരുന്നതിന്റെ ഭാഗമായി തോട് വൃത്തിയാക്കാൻ തുടങ്ങുന്നതെന്നും ജിതുൻരാജ് ചൂണ്ടിക്കാട്ടുന്നു. “ഈ പ്ലാന്റ് വരുന്നതിന്റെ ഭാ​ഗമായി നമ്മുടെ നാട്ടിലേക്ക് വികസനം എന്നു പറഞ്ഞ് അഞ്ചരക്കോടി, എന്നിട്ടും മനുഷ്യജീവന് വില കൽപ്പിച്ചിട്ടില്ല. മുമ്പ് ഞാൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സി.പി.എം വിട്ടിട്ട് രണ്ട് വർഷമാകുന്നു. ആശയപരമായി അവർ ജനാധിപത്യത്തിൽനിന്നും മാറി പണാധിപത്യത്തിലേക്കായപ്പോൾ നമ്മൾ കുറച്ചു ചെറുപ്പക്കാർ മാറിനിൽക്കുകയായിരുന്നു.” ജിതുൻരാജ് പറഞ്ഞു.

പ്ലാന്റിനായി കോർപ്പറേഷൻ കണ്ടെത്തിയ സ്ഥലം. ഫോട്ടോ: മൃദുല ഭവാനി

“ഒരു സുപ്രഭാതത്തിൽ പെട്ടെന്നാണ് നിറയെ പൊലീസിനെയും ആളുകളെയും ഇവിടെ കാണുന്നത്. എന്താണെന്ന് അന്വേഷിക്കാൻ പോയവരെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. നമ്മുടെയെല്ലാം പേരിൽ കേസെടുത്തിട്ടുണ്ട്.” പ്രദേശവാസികളായ നൂർജഹാനും സജ്നയും പറയുന്നു. “ഇതുപോലെ പ്ലാന്റുള്ള തിരുവനന്തപുരത്തെ മുട്ടത്തറയിൽ തിരികത്തിച്ചുവെച്ചാണ് മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് അറിഞ്ഞു. നാറ്റം കൊണ്ട് വാതിൽ മുന്നിലും പിന്നിലും തുറക്കാൻ കഴിയില്ല. ആളുകൾ പോയി അന്വേഷിച്ച് അവിടെനിന്നുള്ള ഫോട്ടോകളും കണ്ടു. അതുകണ്ടിട്ട് നമ്മുടെ മക്കൾക്കങ്ങനെ വരരുതെന്ന് തോന്നി.” പ്രദേശവാസി സജ്ന അവരുടെ വിഷമം പങ്കുവച്ചു.

”ഞങ്ങൾക്ക് ഒരുപാട് പേരുകൾ അവരിട്ടു. മാവോയിസ്റ്റ്, തീവ്രവാദി, അർബൻ നക്സൽ‍ എന്നെല്ലാം. ഒന്നും രണ്ടും കൊല്ലം മുമ്പ് കുടിയേറിവന്നവരാണ്, വിവരമില്ലാത്തവരാണ് എന്നെല്ലാമാണ് അവർ പറയുന്നത്. അതൊന്നും ശരിയല്ല, പണ്ടുപണ്ടേ ഇവിടെയുള്ള തലമുറകളുടെ ബാക്കിയാണ് നമ്മൾ. റോഡ് ഉപരോധിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നെല്ലാമാണ് നമുക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ. മറ്റെന്തൊക്കെയുണ്ടെന്ന് അറിയില്ല.” നൂർജഹാനും സജ്നയും പറഞ്ഞു.

പ്രദേശത്ത് നിലനിൽക്കുന്ന മാലിന്യ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു ഈ ഫോട്ടോ. മുമ്പ് തോടായി ഒഴുകിയിരുന്നെങ്കിലും ഇന്ന് നഗര, ഗാർഹിക മാലിന്യം പേറുന്ന ഓടയായി ആവിക്കൽ തോട് മാറി. ഫോട്ടോ: മൃ​ദുല ഭവാനി

“ചേരിപ്രദേശങ്ങൾ, പുറമ്പോക്ക് ഭൂമികൾ ഇവിടെയെല്ലാമാണ് ഇവരിത് കൊണ്ടുവരിക. അവിടെയുള്ളവർ ഒന്നിനും പറ്റാത്തവരാണ് എന്ന് അവർ വിചാരിക്കുന്നതുകൊണ്ടാവും. ഈ ഒന്നിനും പറ്റാത്തവരാണ് ഇവരെയൊക്കെ ഈ സ്ഥാനങ്ങളിലെത്തിച്ചതെന്ന് അവർ ഓർക്കുന്നില്ല.” ഫാത്തിമ പറഞ്ഞു.

“പത്തു പതിനഞ്ച് കൊല്ലം മുമ്പ് ഈ തോട് നിറച്ചും ഒരുകാലത്ത് ചെമ്മീൻ ഉണ്ടായിരുന്നു. കെമിക്കൽ വെള്ളം വേറെയും വരുന്നുണ്ട്. പക്ഷെ വീര്യം കുറഞ്ഞ് വരുന്നതുകൊണ്ട് കടലതിനെ വേറെയാക്കും. പക്ഷേ പ്ലാന്റി നിന്നുള്ള മാലിന്യം വന്നാൽ അങ്ങനെയായിരിക്കില്ല.” മത്സ്യത്തൊഴിലാളിയായ ആലി ആശങ്കപ്പെടുന്നു.

ആവിക്കൽ തോട് കടലുമായി ചേരുന്ന ഭാഗം. വെള്ളയിൽ ഹാർബറിന്റെ മതിൽ പശ്ചാത്തലത്തിൽ കാണാം. ഫോട്ടോ: മൃ​ദുല ഭവാനി

മുട്ടത്തറ മാതൃകയാണോ?

‘ഇതാണ് സത്യം, മുട്ടത്തറയിലുണ്ട് മാതൃക’ എന്ന പേരിൽ ദേശാഭിമാനി പത്രത്തിൽ ജൂലെെ എട്ടിന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടത്തറയിലുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാൻറ് പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്നു. സംസ്ഥാനത്തെ ആദ്യത്തെ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറാണിത്. എന്നാൽ 2013ൽ അമൃത് പദ്ധതിക്ക് കീഴിൽ പ്രവർത്തനമാരംഭിച്ച ഈ പ്ലാൻറിൻറെ പ്രവർത്തന പരിമിതികളെക്കുറിച്ച് ഒമ്പതു വർഷങ്ങൾക്കിടയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ നിരവധിയാണ്. “സംസ്കരിച്ച ശേഷം ചെറിയ അളവിൽ മാത്രം ഉണ്ടാകുന്ന മാലിന്യം വളമായി ഉപയോഗിക്കാം” എന്ന് ദേശാഭിമാനി റിപ്പോർട്ട് പറയുമ്പോഴും മുട്ടത്തറയിൽ നിന്നും പുറന്തള്ളുന്ന ടൺ കണക്കിന് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. “ക്ലോറിനേഷൻ നടത്തി ആവിക്കൽ തോട്ടിലേക്ക് വിടുന്നത് ബാക്റ്റീരിയ രഹിതമായ വെള്ളമാണ്” എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ട്രീറ്റ് ചെയ്ത വെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റ് നാഗരിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ് എന്ന് പ്രചരിപ്പിക്കുമ്പോൾ മാതൃകയായി ചൂണ്ടിക്കാണിക്കുന്ന മുട്ടത്തറയിലെ പ്ലാൻറിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഈ റിപ്പോർട്ട് സംസാരിക്കുന്നതേയില്ല. കോഴിക്കോട് നിന്നും മേയറുടെ നേതൃത്വത്തിൽ ഈ പ്ലാന്റ് സന്ദർശിച്ച സംഘത്തിൽ സമരസമിതിയിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും സമരപ്രവർത്തകർ പരാതിപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ ജലക്ഷാമം കണക്കിലെടുത്ത് 2017ൽ മുട്ടത്തറ പ്ലാൻറിൽ നിന്നുള്ള വെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുവാൻ വെൻഡിങ് പോയിൻറുകൾ സ്ഥാപിച്ചെങ്കിലും അത് വാങ്ങാൻ അധികമാരും എത്തിയില്ലെന്ന് പ്ലാൻറിലെ സോഴ്സുകൾ പറഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പമ്പിം​ഗ് നെറ്റ്വർക്ക് നിർമ്മിക്കുന്നതിലുള്ള പരിമിതികൾ കാരണം വർഷങ്ങളോളം മുട്ടത്തറയിലെ പ്ലാൻറിൻറെ 107 മില്യൺ ലിറ്റർ പ്രതിദിന കപ്പാസിറ്റിയിൽ 2018ൽ പ്ലാൻറ് ട്രീറ്റ് ചെയ്തത് 40 മില്യൺ ലിറ്റർ (പ്രതിദിനം) ആണ്. പ്ലാൻറിലേക്കുള്ള ഭൂഗർഭ സ്വീവേജ് പമ്പിം​ഗ് പെെപ്പ് ലെെനുകൾ കടന്നുപോകുന്നതിനാൽ ഡിമോളിഷൻ നോട്ടീസ് കിട്ടിയ വീടുകളെ കുറിച്ചുള്ള വാർത്തകളും 2021ൽ വന്നിട്ടുണ്ട്. എന്നാൽ മുട്ടത്തറ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വാർത്തകൾ കുറവാണ്. മേയറുടെയും സംഘത്തിന്റെയും സന്ദർശനത്തിനു ശേഷം ആവിക്കൽ തോട് ജനകീയ സമര സമിതി നടത്തിയ വസ്തുതാന്വേഷണം വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ.

സമരം തുടങ്ങിയത് എപ്പോൾ?

“കഴിഞ്ഞ വർഷം ഡിസംബറിലാണ് ഞങ്ങളീ കാര്യമറിയുന്നത്. തുടർന്ന് സമരസമിതി രൂപീകരിക്കുകയും നൂറിൽത്താഴെ ആളുകൾ സമരസമിതി അംഗമാകുകയും സമരം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. തീരുമാനം എടുത്ത ശേഷമാണ് കൗൺസിൽ ഹാളിൽ വെച്ച് കാര്യങ്ങൾ വിശദീകരിക്കാനായി കോർപ്പറേഷൻ മീറ്റിങ്ങിന് വിളിച്ചത്. ആ മീറ്റിങ്ങിൽ പങ്കെടുക്കുകയും വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോൾ ഒരുപാട് അപാകതകൾ കണ്ടെത്തുകയുണ്ടായി. പദ്ധതിക്ക് ഞങ്ങളെതിരല്ല, പദ്ധതി നാടിന് അനിവാര്യമാണ്. പക്ഷേ ഇത് ജനവാസ പ്രദേശത്ത് യോജിച്ച പദ്ധതിയല്ല. ഇനി, ഇത് ഇവിടെനിന്ന് മാറ്റി വേറൊരു ജനവാസ മേഖലയിലാണെങ്കിലും സമരസമിതിക്കും ഈ നാട്ടിലെ ജനങ്ങൾക്കും ഇതിനോട് എതിർപ്പുതന്നെയാണ്. ഞങ്ങൾക്ക് പറ്റില്ല, മറ്റാർക്കെങ്കിലും കൊണ്ടുപോയി വെച്ചുകൊടുത്തോളൂ എന്ന അഭിപ്രായം ഞങ്ങൾക്കില്ല. ജനവാസമേഖലയല്ലാത്ത സ്ഥലത്ത് ഇതുകൊണ്ടുപോയി സ്ഥാപിക്കാം. തണ്ണീർത്തടം മണ്ണിട്ട് നികത്തിയാണ് പ്ലാന്റ് സ്ഥാപിക്കാൻ പോകുന്നത്. മണ്ണിട്ട് നികത്തിയതിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിലേക്ക് എല്ലാ മഴയിലും വെള്ളം കയറും. സമരസമിതി കൺവീനർ ഇർഫാൻ ഹബീബ് പറയുന്നു.

എന്താണ് പ്ലാന്റിൽ നടക്കുന്നത്?

നാല് പ്രോസസിലൂടെയാണ് മലിനജലം ശുചീകരിക്കുന്നത്. ആദ്യത്തെ രണ്ട് പ്രോസസിൽ പൂർണ്ണമായ സ്‌മെല്ലും ബാക്കി രണ്ടിൽ ഭാഗികമായ സ്‌മെല്ലും ഉണ്ടാകും. ഇതൊരു തുറന്ന സ്ഥലമാണ്. സെപ്റ്റിക് മാലിന്യം മാത്രം സംസ്‌കരിക്കുകയല്ല, അതിലേക്ക് വെള്ളം ചേർത്ത ശേഷം, അതിൽക്കൂടുതൽ വെള്ളം ചേർത്താണ് ചെയ്യുന്നത്. വെള്ളം ചേർക്കുമ്പോൾ ഒന്നുകൂടി സ്‌മെൽ കൂടും. ബീച്ച് പ്രദേശത്ത് തെക്കുനിന്ന് വടക്കോട്ടാണ് കാറ്റിന്റെ ഗതി. ആ പ്രദേശങ്ങളിൽ മുഴുവൻ ജനങ്ങൾക്കും ഇതിന്റെ അസൗകര്യമുണ്ടാകും. ഇത് ശുദ്ധീകരിച്ച് പുറന്തള്ളാൻ ദിവസം 70ലക്ഷം ലിറ്റർ വെള്ളം വേണം. ആദ്യം 70 ലക്ഷം ലിറ്റർ വെള്ളം വേണമെന്ന് പറഞ്ഞു, പിന്നെ പറഞ്ഞത് ഏഴ് ലക്ഷമാക്കി. ഇവിടെ നിന്നുതന്നെ ഭൂഗർഭ ജലമെടുത്താണ് ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ ഈ പ്രദേശത്ത് ജലക്ഷാമമുണ്ടാകും.

വെള്ളയിൽ ഹാർബറിൽ കടൽവെള്ളത്തിൽ മീൻ കഴുകുന്ന മത്സ്യത്തൊഴിലാളികൾ. ഫോട്ടോ: മൃ​ദുല ഭവാനി

ഒരു തോണിയിൽത്തന്നെ അഞ്ഞൂറോളം ലിറ്റർ വെള്ളം ഹാർബറിൽ നിന്ന് തോണിയിലേക്ക് ഒഴിച്ചാണ് മത്സ്യം കഴുകിയെടുക്കുക. അല്ലെങ്കിൽ അതിന്റെ കുടൽ പൊട്ടും, വരകൾ വീഴും. വിൽപ്പന സമയത്ത് ആളുകൾ എടുക്കില്ല. അത് പൊട്ടിയ മീനാണ്, ചീഞ്ഞ മീനാണ് എന്നു പറയും. മീൻ കഴുകാൻ ഈ വെള്ളമാണ് എടുക്കുന്നത്. നാളെ ഫേസ്ബുക്കിൽ ഒരു ലൈവ് വരുന്നു. വെള്ളയിൽ ഹാർബറിൽ കക്കൂസ് മാലിന്യം സംസ്‌കരിച്ച വെള്ളത്തിൽ കഴുകിയ മത്സ്യമാണ്- ഒരിക്കലും നിങ്ങൾപോലും മത്സ്യം കഴിക്കില്ല. വയനാട് ജില്ലയിലേക്ക് മീൻ പോകുന്നത് വെള്ളയിൽ ഹാർബറിൽ നിന്നാണ്. നമ്മൾ സമരം ചെയ്താൽ വയനാട്ടിലേക്കുള്ള അമ്പത് ശതമാനം മത്സ്യലഭ്യത കുറയും. ഒരാഹ്വാനമുണ്ടായാല്‍ കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും ആവിക്കല്‍ തോടിലെത്തും.” ഇർഫാൻ ഹബീബ് ആശങ്ക പങ്കുവച്ചു.

ഡി.പി.ആറിലെ മോഷണം

“ഡി.പി.ആർ എന്നാൽ ഡീറ്റേൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് ആണല്ലോ. അതിലെല്ലാം വേണം. പ്രൊജക്റ്റ് എങ്ങനെ കൊണ്ടുപോകും, എത്ര വർഷം കമ്പനിക്ക് കരാർ കൊടുക്കും എന്നെല്ലാം. ഈ പ്ലാന്റിന് 17 മുതൽ 22 കോടി രൂപയുടെ എസ്റ്റിമേറ്റേ ഉള്ളൂ. നമ്മൾ അത് പരിശോധിച്ചതാണ്. നമ്മൾ വിദ്യാഭ്യാസ യോഗ്യത വളരെ കുറഞ്ഞ ആളുകളാണ്, മത്സ്യത്തൊഴിലാളികളാണ്. എങ്കിലും സർക്കാരിന്റെ ബുദ്ധിയല്ലല്ലോ നമ്മുടേത്. ഈ പദ്ധതിയുടെ ഡി.പി.ആർ കോപ്പി ചെയ്‌തെടുത്തതാണ് എന്നൊരു വിവരം കിട്ടിയതുകൊണ്ടാണ് നമ്മളത് വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്. വിശദമായി നോക്കിയപ്പോൾ ഏതാണ്ട് 60-70 ശതമാനം കോപ്പിയാണ്. കോപ്പി ചെയ്ത ഡി.പി.ആറിൽ പറയുന്ന സ്ഥലത്ത് ഞങ്ങൾ പോയി നോക്കി. അവിടെ പ്ലാന്റ് സ്ഥാപിച്ചത് ജനവാസകേന്ദ്രത്തിനടുത്തല്ല. അഞ്ഞൂറുമീറ്റർ ദൂരപരിധിയിൽ ഒരു കോളനിയുണ്ട്. എങ്കിലും അവിടെ താമസിക്കുന്നവർക്ക് പ്രശ്‌നമുണ്ട്. അവർ പരാതിക്കാരാണ്. അപ്പോൾ പിന്നെ എങ്ങനെയാണ് 70 മീറ്റർ അകലെയുള്ള മത്സ്യത്തൊഴിലാളികൾക്കിത് ശരിയാകുക? വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണിതെന്നാണ് സർക്കാർ പറയുന്നത്. എന്നാ എന്തുകൊണ്ടിത് കൊട്ടാരം റോഡിലോ, മാവൂർ റോഡിലോ അല്ലെങ്കിൽ ജഡ്ജിമാർ താമസിക്കുന്ന പ്രദേശത്തോ, സർക്കാർ ഉദ്യോഗസ്ഥരുടെ എൻ.ജി.ഒ ക്വാർട്ടേഴ്‌സിനോട് ചേർന്നോ കൊണ്ടുവരുന്നില്ല? അവിടെയാണ് ഇവരുടെ ഉദ്ദേശ്യത്തെ നമ്മൾ ചോദ്യം ചെയ്യുന്നത്.” ഇർഫാൻ വിശദമാക്കി.

ആവിക്കൽ തോടിന്റെ വഴി. ഫോട്ടോ: മൃ​ദുല ഭവാനി

“സരോവരത്ത് ഇവർ ഇത് സ്ഥാപിക്കാൻ തീരുമാനിച്ചതല്ലേ. അവിടെ ജനവാസമേഖലയല്ലല്ലോ. പക്ഷെ അവിടെ ഒന്നുരണ്ട് വ്യവസായികളുണ്ട്, കോടികളുടെ ആസ്തിയുള്ളവർ. വലിയ ആശുപത്രികളും സ്‌കൂളുകളുമുള്ളവർ. മതപണ്ഡിതരുണ്ട്, ബിസിനസ് ചെയ്യുന്നവരുണ്ട്. അവരുടെയൊക്കെ സ്ഥലങ്ങളാണ് അവിടെ കണ്ട പ്ലോട്ടിന് ചുറ്റുമായി ഉള്ളത്. അവരുടെ പല ഭാവി പ്രൊജക്റ്റുകൾക്കും വേണ്ടിയുള്ള സ്ഥലമാണ്. പ്ലാന്റ് വന്നാൽ അതൊന്നും നടക്കില്ല. അവർ കണ്ടൽക്കാട് സംരക്ഷണ സമിതി, സരോവരം കായൽ സംരക്ഷണ സമിതി എന്നെല്ലാമുണ്ടാക്കി ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങി.” ഇർഫാൻ പറയുന്നു.

തീവ്രവാദ ആരോപണം

“മാവോവാദിയായ മൂന്നുപേരെ പൊലീസ് ആവിക്കൽ തോട് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. പിറ്റേന്ന് ദേശാഭിമാനി പത്രത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ഞങ്ങളുടെ ആരോപണം ശരിയായില്ലേ എന്നു ചോദിച്ച് പത്രസമ്മേളനം നടത്തുന്നു. അറസ്റ്റ് ചെയ്ത മാവോയിസ്റ്റുകളെ ഒരു പെറ്റി കേസ് പോലും ചുമത്താതെ വെറുതെ വിടുകയും റോഡ് ഉപരോധിച്ച ഞങ്ങളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു., ഒരാൾക്ക് 15,000 രൂപ വെച്ച് മൂന്ന് പേർക്ക്, നാല് പേർക്ക് മൂവായിരം രൂപ വീതം കെട്ടിവെച്ചു. ഐ.പി.സി 107 ഉൾപ്പെടെയുള്ള കേസുകൾ നമ്മുടെ പേരിലുണ്ട്. വാണ്ടഡ് ക്രിമിനലുകൾ, സ്ഥിരമായ നാട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നവർ, കൊലപാതക കേസിലെ പ്രതികൾ, സ്ഥിരമായി മോഷണം നടത്തുന്നവർ, എന്നിങ്ങനെ ക്രിമിനലുകൾക്ക് ചുമത്തുന്ന വകുപ്പാണ് ചുമത്തിയത്. ഇനി നിങ്ങൾ ഈ പ്രവൃത്തി തുടർന്നാൽ നിങ്ങളെ കാപ ചുമത്തി ജയിലിലടക്കും എന്നതിന്റെ വാണിം​ഗ് നോട്ടീസ് ആണിത്. എഴുപത് വയസ്സായ സ്ത്രീയുടെ പേരിലും ഇട്ടിട്ടുണ്ട് ഐ.പി.സി 107.” പൊലീസ് കേസുകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇർഫാൻ തുടർന്നു.

“ഞാൻ സമരസമിതിയുടെ കൺവീനറാണ്. ജിതിൻരാജ് ജോയിന്റ് കൺവീനർ, ബഷീർ വൈസ് ചെയർമാൻ. ഈ മൂന്നുപേരെയും നിയമലംഘനം നടത്തിയെന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ഞങ്ങളുടെ വാദങ്ങൾ കേട്ട ശേഷം ചേംബറിലേക്ക് വിളിപ്പിച്ചു. ഞങ്ങളുമായി ഒരു മണിക്കൂർ സംസാരിച്ചു. ജില്ലാ കലക്ടറുമായി സംസാരിക്കുമെന്നും സ്ഥലം സന്ദർശിക്കുമെന്നും പറഞ്ഞു. മജിസ്‌ട്രേറ്റിന് കാര്യം ബോധ്യപ്പെട്ടു. എന്നാൽ ചിലർ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവരെ ഭയങ്കര ഭയപ്പാടോടുകൂടി കാണുന്നു. തീവ്രവാദ ആരോപണം ഒരു ഉത്തരേന്ത്യൻ മുദ്രാവാക്യമാണ്. ഇവരീ ആരോപണമുന്നയിക്കുമ്പോൾ തിരിച്ചൊരു ചോദ്യം നമുക്ക് ചോദിക്കാനുള്ളത് ഇതാണ്. എന്തുകൊണ്ട് മുസ്ലിം കമ്മ്യൂണിറ്റി മാത്രം ഉള്ളൊരു സ്ഥലത്ത് ഈ രണ്ടു പ്ലാന്റുകൾ? സമരസമിതിയുടെ മുദ്രാവാക്യമല്ല, വ്യക്തിപരമായ ചോദ്യമാണ്. എന്തുകൊണ്ട് ലീഗിന്റെ രണ്ട് വാർഡുകളിൽ പ്ലാന്റ് കൊണ്ടുവന്നു? കൗൺസിലർ സൗഫിയ അനീഷ് ജയിച്ചിരിക്കുന്നത് 749 വോട്ടിനാണ്. പാർലമെന്റിലും ലീഡുണ്ട്.” ഇർഫാൻ ചോദിക്കുന്നു.

ഓഗസ്റ്റ് ഒന്നിന് നടന്ന പ്രതിഷേധ മാർച്ചിൽ നിന്ന്. ഫോട്ടോ: മൃ​ദുല ഭവാനി

“ഈ പ്രദേശത്ത് സ്ഥലം നികത്തിയത് അഞ്ഞൂറോളം ലോറി മണലും വേസ്റ്റും നിക്ഷേപിച്ചിട്ടാണ്. നികത്തിയതോടുകൂടി ആവിക്കൽ തോട് പരിസരങ്ങളിലെ വീടുകളിൽ വെള്ളം കയറാൻ തുടങ്ങി. ഫയർഫോഴ്‌സ് ഉൾപ്പെടെ എത്തി രക്ഷാ പ്രവർത്തനം നടത്തേണ്ടിവന്നിട്ടുണ്ട്. നാല് പേർ, ഈ വർഷവും കഴിഞ്ഞ വർഷവുമായി എലിപ്പനി ബാധിച്ച് മരിച്ചു. ആവിക്കൽ തോടിനകത്ത് മുപ്പതടി ഉയരത്തിൽ ഒരു പനമരം വളർന്നിട്ടുണ്ട്. ഈ കനാൽ ഇത്രയധികം വർഷങ്ങളായി കോർപ്പറേഷൻ വൃത്തിയാക്കിയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആ മരം.” ഇർഫാൻ പറഞ്ഞു.

വാർഡ് സഭയിലെ പ്രതിഷേധ വോട്ടുകൾ

2022 ആ​ഗസ്റ്റ് 6ന് പുതിയ കടവ് മദ്രസ ഓഡിറ്റോറിയത്തിൽ 66ാം വാർഡ് സഭ നടക്കുകയാണ്. പ്രവേശന ഭാഗത്ത് പൊലീസ് നിൽക്കുന്നു. ഓഡിറ്റോറിയം പകുതിയോളം നിറഞ്ഞപ്പോൾ പൊലീസും അകത്തേക്ക് കടക്കുന്നു. ആളുകൾക്കിടയിലേക്ക് പൊലീസ് കടന്നുവന്നിരിക്കുന്നതും അതിനനുസരിച്ച് ആളുകളുടെ ശരീരഭാഷയും മാറുന്നു.

പ്ലാന്റിനുവേണ്ടി സ്ഥലം കണ്ടെത്തുന്നത് തങ്ങളുടെ വാർഡുകളിലാണ് എന്ന കാര്യം കോർപ്പറേഷൻ യോഗത്തിൽ പങ്കെടുത്തപ്പോൾ അറിഞ്ഞിട്ടില്ലെന്ന് 66ാം വാർഡ് കൗൺസിലർ സൗഫിയ അനീഷ് വാർഡ് സഭയിൽ വ്യക്തമാക്കി. “ഞങ്ങളാരും ഈ എസ്.ടി.പിക്ക് എതിരല്ല. അത് ആളുകളില്ലാത്ത സ്ഥലത്ത് കൊണ്ടുവന്നോട്ടെ. നമ്മുടെ തൊട്ടടുത്ത് ഹാർബറാണ്. ബ്രേക് വാട്ടർ സിസ്റ്റമാണ് അവിടെയുള്ളത്. ഇവിടെനിന്ന് ട്രീറ്റ് ചെയ്യുന്ന വെള്ളം അവിടെ പോയി കെട്ടി നിൽക്കുകയേ ഉള്ളൂ. അതുപോലെ നമ്മുടെ തോടിന്റെ അവസ്ഥ. ഇതെല്ലാം പരിഗണിച്ച് നമ്മളെല്ലാവരും ആവശ്യപ്പെടുന്ന ഒരൊറ്റ കാര്യം നമുക്കീ പ്ലാന്റ് വേണ്ട എന്നാണ്. നമുക്ക് കോർപ്പറേഷനോടോ ജില്ലാ ഭരണകൂടത്തിനോടോ എതിർപ്പില്ല. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും പാവപ്പെട്ടവരും ഒരുപാട് തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് വെള്ളയിൽ. ഇവിടെ ഈ പ്ലാന്റ് വേണ്ട എന്ന് മാത്രമാണ് പറയാനുള്ളത്. നാളെ വരുന്ന തലമുറയ്ക്ക് വേണ്ടിയിട്ടാണ് നമ്മൾ ഇന്ന് കൂടിയിട്ടുള്ള ഈ വാർഡ് സഭ.” സൗഫിയ അനീഷ് പറഞ്ഞു.

തുടർന്ന് പ്ലാന്റിനെതിരായ പ്രമേയവും വാർഡ് സഭയിൽ അവതരിപ്പിച്ചു.

“പ്രദേശവാസികൾക്ക് പാരിസ്ഥിതികമായും ആരോഗ്യപരമായും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽപരമായും ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്നതുകൊണ്ടും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽനിന്ന് ഈ പ്ലാന്റ് മാറ്റി ജനസാന്ദ്രത കുറഞ്ഞ മറ്റൊരിടം കണ്ടെത്തി സ്ഥാപിക്കണമെന്നും ആവശ്യപ്പെടുകയാണ്. മാലിന്യം ട്രീറ്റ് ചെയ്യാൻ ആവശ്യമായ സ്ഥലം ഇവിടെയാണെന്ന മേയറുടെ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണ്. പ്രദേശവാസികൾക്ക് വേണ്ടാത്ത ഈ പ്ലാന്റ് ഇവിടെത്തന്നെ സ്ഥാപിക്കണമെന്ന കോഴിക്കോട് കോർപ്പറേഷന്റെ പിടിവാശി ഒഴിവാക്കി, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ഈ പ്രമേയത്തിലൂടെ വാർഡ് സഭ ആവശ്യപ്പെടുകയാണ്. ഈ ദൃശ്യമാധ്യമങ്ങളെ സാക്ഷിനിർത്തി വെള്ളയിൽ വാർഡിലെ ജനങ്ങൾ കരഘോഷം മുഴക്കി പറയുകയാണ് പ്ലാന്റ് വേണ്ട എന്ന്.”

540 പേർ പങ്കെടുത്ത വാർഡ് സഭയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ രണ്ടു പേർ മാത്രമാണ് പ്ലാന്റിന് അനുകൂലമായി വോട്ട് ചെയ്തത്.

ടൂറിസത്തിന് വേണ്ടി കുടിയൊഴിപ്പിക്കാനുള്ള പദ്ധതി?

സർക്കാരിന്റെ ടൂറിസം പദ്ധതിക്ക് വേണ്ടി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാനുള്ള ഒളിയജണ്ടയാണ് ഈ പ്ലാന്റ് പദ്ധതിയെന്ന് സംശയിക്കുന്നതായും തൽഹത്ത് പറയുന്നു. “ഈ ഗവണ്മെൻറിൻറെ പുതിയൊരു പദ്ധതിയായിരുന്നു പുനർഗേഹം. കേരളത്തിലെ തീരത്ത് വേലിയേറ്റത്തിന് അമ്പത് മീറ്റർ ചുറ്റളവിലുള്ള ഇടങ്ങളിൽ നിന്നൊക്കെ മത്സ്യത്തൊഴിലാളികളായ പാവപ്പെട്ട മനുഷ്യരെ കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പുനർഗേഹം പദ്ധതി നടപ്പിലാക്കുന്നത്. അതാകട്ടെ വളരെ ജനവിരുദ്ധമായ രീതിയിലാണ് നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപ മത്സ്യത്തൊഴിലാളിക്ക് കൊടുക്കും. രണ്ട് സെൻറ് ഭൂമി ആണെങ്കിലും പത്ത് സെൻറ് ആണെങ്കിലും വലിയ രണ്ട് നില വീടാണെങ്കിലും അവർ ഒഴിഞ്ഞുപോകണം. സർക്കാർ തരുന്ന പണം കൊണ്ട് ഭൂമിവാങ്ങിക്കാൻ പറ്റില്ല എന്നുമാത്രമല്ല ഇവരുടെ ഉപജീവനം കടലുമായി ബന്ധപ്പെട്ടുകൊണ്ടാണ്. മറ്റൊരിടത്തേക്ക് മാറിപ്പോവുക എന്നത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ദുരിതത്തിൽനിന്ന് ദുരിതത്തിലേക്ക് കൊണ്ടെത്തിക്കും. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും ആ പണം സ്വീകരിക്കുന്നില്ല. കടലോരത്ത് നിന്ന് ഇങ്ങനെ മാറിപ്പോകാൻ തയ്യാറാകാത്ത മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുക എന്ന ഗൂഢലക്ഷ്യം കൂടി ഇതേപോലുള്ള പദ്ധതികൾക്ക് ഉണ്ട്. കോഴിക്കോട് തന്നെ ഭട്ട് റോഡ് മുതൽ കോതി പാലം വരെയുളള സ്ഥലം ഒരു ടൂറിസ്റ്റ് മേഖലയായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഇവിടത്തെ ബ്യൂറോക്രാറ്റുകളുടെയും ഭരണവർഗത്തിന്റെയും തലച്ചോറിലേക്ക് എന്തുകൊണ്ട് അത് ആദിവാസി കോളനിയിലേക്കോ ദളിത് കോളനിയിലേക്കോ പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി മേഖലയിലേക്കോ കൊണ്ടുപോകാം എന്ന ചിന്ത വരുന്നു?”

ഹാർബറിലെ ഒരു ദിവസം. ഫോട്ടോ: മൃ​ദുല ഭവാനി

“ഞങ്ങളുന്നയിക്കുന്ന ആശങ്കകൾക്ക് മറുപടി പറയാൻ ഇതുവരെ കോർപ്പറേഷനോ റൂളിം​ഗ് പാർട്ടിയെന്ന നിലയ്ക്ക് സി.പി.എമ്മോ തയ്യാറായിട്ടില്ല. അവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് മാലിന്യനിർമ്മാർജന പ്ലാൻറ് എന്നാണ്. ആവിക്കൽ തോടിലെ വെള്ളം ശുദ്ധീകരിക്കാനാണ് എന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആവിക്കൽതോടും ഈ പദ്ധതിയുമായിട്ടുള്ളത് ഒരു പൊക്കിൾക്കൊടി ബന്ധം മാത്രമാണ്. ഇതിൽനിന്ന് ട്രീറ്റ് ചെയ്യുന്ന മലിനജലം അവർക്ക് എളുപ്പത്തിൽ ഒഴിച്ചുവിടാൻ പറ്റുന്ന ഒരു വാൾവ് മാത്രമാണ് ഈ ആവിക്കൽ തോട്. അല്ലാതെ ആ തോടിലെ വെള്ളം ട്രീറ്റ് ചെയ്യാനുള്ള ഒരു പദ്ധതിയും ഈ അമൃത് പദ്ധതിയുടെ ഭാഗമായി വരുന്ന ഈ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിൽ ഇല്ല. സെപ്റ്റിക് ടാങ്ക് മാലിന്യം സംസ്കരിക്കുന്ന പ്ലാന്റാണിത്. ഈ പ്രദേശത്തേക്ക് എങ്ങനെ ഇതെത്തിക്കും എന്ന് ചോദിക്കുമ്പോൾ പറയുന്നത് നെറ്റ് വർക്ക് എന്നാണ്. നെറ്റ് വർക്ക് എന്നിവർ ഉദ്ദേശിക്കുന്നത് പെെപ്പ് ലെെനിലൂടെ സ്വീവേജ് മാലിന്യം സ്റ്റേഷനിലേക്ക് എത്തിക്കുക എന്നാണ്. പക്ഷെ ഭൂമിശാസ്ത്രപരമായി തന്നെ അത് പറ്റില്ല. കക്കൂസ് മാലിന്യം ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം ജെൽ രൂപത്തിലായി മാറും. ജെൽ ആയി മാറിയാൽ ഒന്നുകിൽ അതിൽ വെള്ളം ചേർത്ത് നേർപ്പിച്ച് കടത്തിവിടാനാവശ്യമായ പദ്ധതി ആവിഷ്കരിക്കണം. അല്ലെങ്കിൽ ഇതിൻറെ ഉത്ഭവ സ്ഥാനത്ത് തന്നെ പവർപുള്ളിങ് ഉള്ള ഒരു സംവിധാനമുപയോഗിച്ച് അതിനെ ഇങ്ങോട്ടെത്തിക്കണം. അങ്ങനെ ഒന്നും ഈ പദ്ധതിയുടെ ഡി.പി.ആറിൽ ഇല്ല. പ്ലാന്റ് നിർമ്മിക്കാൻ പോകുന്ന സ്ഥലം അത്രയും ചതുപ്പാണ്. 1937 മുതലുള്ള രേഖ കോർപ്പറേഷനിലുണ്ട്. അന്നുമുതൽ ആവിക്കൽ തോട്ടിലൂടെ വരുന്ന വെള്ളം കെട്ടിനിന്ന ഒരു തണ്ണീർത്തടമാണത്. ആവിക്കൽ തോടിൻറെ രണ്ട് ഓരത്തും താമസിക്കുന്ന നൂറുകണക്കിന് വീടുകളുടെ സംരക്ഷണ കവചമാണ് ഈ സ്ഥലം. വെള്ളം ഒലിച്ചുവന്ന് ഇവിടെ കെട്ടിനിൽക്കുന്നതുകൊണ്ടാണ് അവിടെ വെള്ളം കയറാത്തത്. വേലിയേറ്റ സമയത്ത് കടലിലേക്ക് വെള്ളം പോകില്ല. ഇറക്കമായി കഴിഞ്ഞാൽ വെള്ളം പതുക്കെ പോകും. ഈ പ്ലാന്റ് വരുന്നതുകൊണ്ട് സംഭവിക്കാൻ പോകുന്നത് വെള്ളം അങ്ങനെ നിൽക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് കിട്ടുന്ന വഴികളിലേക്ക് പരന്നൊഴുകും. കനാലിനോട് ചേർന്നുള്ള വീടുകളിലേക്കാകും ഈ വെള്ളം പോകുക. വലിയ തോതിലുള്ള സാംക്രമിക രോഗങ്ങൾ ബാധിക്കാൻ കാരണമാകും.

മോഹനൻ മാസ്റ്റർ പറഞ്ഞത് നാഗ്പൂർ ആർ.എസ്.എസ് ഓഫീസിൽ നിന്ന് പടച്ചുവിട്ട അർബൻ മാവോയിസ്റ്റ് എന്ന പദപ്രയോഗമാണ്. ആർ.എസ്.എസിൻറെ പ്രചാരകരായി പോലും അവർ മാറുന്നതാണ് കാണുന്നത്. പക്ഷെ ഇവിടത്തെ മുഴുവൻ മനുഷ്യരും, സി.പി.എമ്മിലെ തന്നെ വലിയൊരു വിഭാഗം നമ്മുടെ കൂടെത്തന്നെയുണ്ട്. അരയസമാജം, മഹല്ല് കമ്മിറ്റി ഒക്കെ നമ്മളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് നേരെ വലിയ തോതിലുള്ള ഭരണകൂട കടന്നാക്രമണമാണ് നടക്കുന്നത്. പക്ഷെ ഞങ്ങളതിനെ അതിജീവിക്കുകതന്നെ ചെയ്യും. വളരെ ആത്മവിശ്വാസത്തോടുകൂടിത്തന്നെയാണ് നമ്മളീ സമരം മുന്നോട്ടുകൊണ്ടുപോകുന്നത്.” തൽഹത്ത് പറയുന്നു.

ഓഗസ്റ്റ് ഒന്നിന് നടന്ന പ്രതിഷേധ മാർച്ചിൽ നിന്ന്. ഫോട്ടോ: മൃ​ദുല ഭവാനി

പ്ലാന്റ് എന്തു വില കൊടുത്തും നടപ്പിലാക്കുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും കോർപ്പറേഷനും. പൊലീസ് നടപടികളും കേസുകളും കാരണം പിൻമാറില്ല എന്ന ഉറച്ച നിലപാടിൽ നാട്ടുകാരും. സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഒരുങ്ങുകയാണ് ആവിക്കൽ തോട് നിവാസികൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 13, 2022 8:17 am