

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ലസ്റ്റ് സ്റ്റോറീസിൻ്റെ രണ്ടാം ഭാഗത്തിൽ, വീട്ടുജോലി ചെയ്യുന്ന ഫ്ലാറ്റിലേക്ക് ഭർത്താവിനെ വിളിച്ചുവരുത്തി രതിയിലേർപ്പെടുന്ന ഒരു വേലക്കാരിയുണ്ട്. കുട്ടികളെയും ഭർത്താവിന്റെ അമ്മയെയും ഒക്കെ അട്ടിയിട്ടിരിക്കുന്ന ഇടുങ്ങിയ ഒറ്റമുറി വീട്ടിൽ വേണ്ടത്ര ‘സ്വകാര്യത’യില്ലാത്തതിനാലാണ് അവൾ ശീതീകരിച്ച ഫ്ലാറ്റ് മുറിയിലേക്ക് ഭർത്താവിനെ രഹസ്യമായി ക്ഷണിക്കുന്നത്. കിടപ്പുമുറിയിൽ രതിവേഴ്ച്ചക്കിടയിൽ പിടിക്കപ്പെടും നേരം ‘ഇതൊക്കെ നീ നിന്റെ വീട്ടിപ്പോയി ചെയ്തോണ്ടീ’ന്ന് യജമാനത്തി അവളോട് അലറുന്നുണ്ട്. സിനിമയിലേക്ക് ആഴത്തിൽ കടക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. മറിച്ച് സ്വകാര്യതയെ സംബന്ധിച്ച ചില സാമാന്യാലോചനകളാണ് പങ്കുവെക്കുന്നത്. ഇവിടെ പ്രധാനമായും സ്വകാര്യതയെ മുൻനിർത്തി ഐ.പി.സി 377-ന്റെ ഭാഗമായുണ്ടായ ചർച്ചകളെയും വാളയാർ അമ്മയ്ക്ക് നേരെ ഉന്നയിക്കപ്പെട്ട, ‘മകളുടെ മുന്നിൽ വെച്ച് പ്രതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു’ എന്ന കുറ്റപത്രത്തിലെ ആരോപണത്തെയുമാണ് പരിശോധിക്കുന്നത്. പൊതുലൈംഗികതയുടെ ജാതി ചരിത്രവും ഉള്ളടങ്ങിയ അപകടങ്ങളും ലേഖനത്തിന്റെ ഒടുക്കം സൂചിപ്പിക്കപ്പെടുന്നു. വാളയാർ സംഭവത്തെ മുൻനിർത്തിയുള്ള വിധിനിർണ്ണയനങ്ങളിലേക്കൊന്നും ലേഖനം കടക്കില്ല. മറിച്ച്, സ്വകാര്യത, ജാതി എന്നീ ഊന്നലുകളിലാണ് ലേഖനം നീങ്ങുക.


‘സ്വകാര്യത’യും സ്വവർഗ്ഗാനുരാഗികളും
സ്വവർഗ്ഗ ലൈംഗികതയെ സംബന്ധിച്ച നിയമചർച്ചകളിൽ ‘സ്വകാര്യത’ പ്രധാനപ്പെട്ട ആശയമായി ഉയർന്നിരുന്നു. ‘സ്വകാര്യമായി ഉഭയ സമ്മത പ്രകാരം സ്വവർഗ്ഗ ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന’ വിധിയെ ചുറ്റിപ്പറ്റിയുള്ള വലിയ ചർച്ചകൾ ഇക്കാലത്തുണ്ടായി. ‘സ്വകാര്യത’ എന്ന ആശയം പേറുന്ന ജാതീയവും വർഗ്ഗപരവുമായ അടരുകളെ മുൻനിർത്തിയാണ് ഈ ചർച്ച വികസിച്ചത്. ഇന്ത്യൻ സാഹചര്യത്തിൽ സ്വവർഗ്ഗ ലൈംഗികതയുടെ ചരിത്രം പൊതുസ്ഥലങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലം, സ്വകാര്യ സ്ഥലം എന്ന ഇട വിഭജനത്തെ നിർവീര്യമാക്കിയാണ് സ്വവർഗ്ഗ ലൈംഗികാന്വേഷണങ്ങൾ വളർന്നത്. പൊതുമൂത്രപ്പുരകൾ, പാർക്കുകൾ, ഒഴിഞ്ഞ ഇടങ്ങൾ തുടങ്ങിയവ ലൈംഗികാന്വേഷണങ്ങളുടെ പ്രധാന ഇടമായിരുന്നു.
സ്വവർഗ്ഗ ലൈംഗികതയെ മുൻനിർത്തിയുള്ള തുറന്ന സംവാദങ്ങൾ രൂപപ്പെടുന്നതിനും മുന്നേതന്നെ പൊതുസ്ഥലങ്ങളിലും ഉത്സവപറമ്പുകളിലുമൊക്കെ സ്വവർഗ്ഗ(ലൈംഗിക)ബന്ധങ്ങൾ സജീവമായിരുന്നു. ഇന്റർനെറ്റിന്റെ വ്യാപനത്തോടെ ഒരു പുതിയ (സമാന്തര) വിർച്വൽ ലോകം രൂപപ്പെടുകയും സൈബർ ലൈംഗിക സംസ്ക്കാരം ശക്തമാകുകയും ചെയ്തു. മുൻകാലങ്ങളിൽ പൊതുമൂത്രപ്പുരകളിലും പാർക്കുകളിലും ലൈംഗികാവശ്യങ്ങളെ പ്രതി പ്രത്യക്ഷപ്പെട്ടിരുന്ന മനുഷ്യർ പതിയെ പുതിയ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി. ഇവിടെ സ്വന്തം മുഖം വെളിപ്പെടുത്താതെ പങ്കാളികളെ കണ്ടെത്താൻ സൗകര്യമുണ്ടായിരുന്നു.
മേൽ സൂചിപ്പിച്ച പ്രകാരം സ്വവർഗ്ഗ സാമൂഹികവത്കരണമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ട്. ഒന്നാമതായി, പൊതുസ്ഥലങ്ങളിലും മറ്റുമായി രൂപപ്പെടുന്ന സ്വവർഗ്ഗ (ലൈംഗിക) കൂട്ടായ്മകളുടേതായ ആദ്യഘട്ടത്തിൽ ഓരോ പ്രദേശങ്ങളിലേയും പ്രത്യേക പാർക്കുകളോ, പൊതുമൂത്രപ്പുരകളോ, ഉത്സവപ്പറമ്പുകളോ കേന്ദ്രീകരിച്ചാണ് സ്വവർഗ്ഗ ബന്ധങ്ങൾ സജീവമായിരുന്നത്. രണ്ടാം ഘട്ടം, ഇന്റർനെറ്റിന്റെ വ്യാപനത്തോടെ വിർച്വൽ ലോകത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി വികസിച്ചുവരുന്ന ഓൺലൈൻ സ്വവർഗ്ഗ (ലൈംഗിക) സാമൂഹികതയുടേതാണ്. ഈ പ്രക്രിയകളുടെ അടിസ്ഥാന സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകുന്നത് പ്രധാനമായും രണ്ടാം ഘട്ടത്തിലാണ്. ലൈംഗികാഭിമുഖ്യവും ലിംഗതന്മയുമെല്ലാം സ്വത്വത്തിന്റെ പ്രധാന ഉള്ളടക്കമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള സത്താവത്ക്കരണശ്രമങ്ങളും രാഷ്ട്രീയവത്ക്കരണവുമാണത്. ആണധികാര വ്യവസ്ഥ വെച്ചുനീട്ടിയ അധികപ്രിവിലേജുകളുടെ സ്വാധീനത്തിലാണ് മേൽ സൂചിപ്പിച്ച ലൈംഗികാവിഷ്ക്കാരങ്ങളെല്ലാം സാധ്യമായത്. ഇതാകട്ടെ പുരുഷാധിപത്യവും ജാതിശ്രേണിയും വർഗ്ഗനിലയും നൽകുന്ന സവിശേഷാധികാരങ്ങളാൽ നിർണ്ണയിക്കപ്പെട്ടതുമാണ്.
2017-ലെ പുട്ടസ്വാമി വിധിന്യായത്തിൽ വ്യക്തമാക്കിയ സ്വകാര്യതയ്ക്കുള്ള അവകാശം, IPC 377-ന്റെ ഭാഗികമായ റദ്ദാക്കലിൽ നിർണായകമായിരുന്നു. പക്ഷേ, സ്വകാര്യതയിലേക്കുള്ള ഊന്നൽ ജാതി, വർഗ്ഗ യാഥാർത്ഥ്യങ്ങളെ സമർത്ഥമായി ഒളിപ്പിക്കുകയാണുണ്ടായത്. ‘എന്റെ ലൈംഗികത എന്റെ സ്വകാര്യതയാണ്’ എന്ന മുദ്രാവാക്യം നിരന്തരം ഈ സന്ദർഭങ്ങളിൽ ഉയർന്നുകേൾക്കുകയുണ്ടായി. അന്നേരമെല്ലാം സ്വകാര്യത എല്ലാവരും ഒരേ പോലെ പൊതുവിൽ പങ്കിടുന്ന ആശയമായാണ് മനസ്സിലാക്കപ്പെട്ടിരുന്നത്.


ഇന്ത്യൻ സാഹചര്യത്തിൽ സ്വകാര്യത എല്ലാ ശരീരങ്ങൾക്കും ഒരേപോലെ അവകാശപ്പെടാൻ കഴിയുന്ന സ്ഥിതിയില്ല. വിധി പ്രകാരം സ്വന്തമായി മുറിയുള്ള സ്വവർഗ്ഗാനുരാഗിയുടെ ലൈംഗികത നിയമത്തിന്റെ കണ്ണിൽ തെറ്റല്ല. പക്ഷേ, ഈ മുറിയില്ലാത്ത ശരീരങ്ങളുടെ മൂത്രപ്പുരകളിലും പാർക്കുകളിലും അരങ്ങേറുന്ന ലൈംഗികാന്വേഷണങ്ങൾ കുറ്റകരവുമാണ്. നവ് തേജ് ജോഹർ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലുണ്ടായ വിധിയെ ദലിത്-ബഹുജൻ ക്വിയർ വ്യക്തികൾ വിമർശനാത്മകമായാണ് സമീപിച്ചത്. സ്വകാര്യത ഒരു സാർവത്രിക അവകാശമല്ല, മറിച്ച് ജാതിപരമായ പ്രത്യേകാവകാശമാണെന്ന് ഈ സന്ദർഭം ഊന്നി. സ്വകാര്യതയുടെയും വ്യക്തിഗത അവകാശങ്ങളുടെയും പരിധികൾക്കപ്പുറത്തേക്ക് ക്വിയർ മുന്നേറ്റം നീങ്ങേണ്ടതിന്റെ ആവശ്യവും ഈ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു.
സ്വകാര്യതയും ജാതിയും; വാളയാർ അമ്മ
ആർക്കാണ് സ്വകാര്യത താങ്ങാൻ കഴിയുക എന്ന ചോദ്യത്തെ നമ്മൾ നേരിടേണ്ടതുണ്ട്. സ്വകാര്യത സാമൂഹിക-സാമ്പത്തിക-ജാതീയ ശ്രേണികളാലാണ് നിർണ്ണയിക്കപ്പെടുന്നത്. വർഗ്ഗം, ജാതി, ശേഷീയത തുടങ്ങിയ കരുക്കളെല്ലാം സ്വകാര്യ ഇടങ്ങളിലേക്കുള്ള പ്രവേശനം നിർണ്ണയിക്കുന്നു. കോളനികളിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വീട്ടുജോലിക്കാരി ഭർത്താവിനെ ഫ്ലാറ്റിലേക്ക് വിളിക്കുന്നത് ആർക്കാണ് സ്വകാര്യത താങ്ങാൻ കഴിയുക എന്ന ചോദ്യത്തെയാണ് അഴിക്കുന്നത്. കോളനികളിൽ സ്വകാര്യതയുടെ അഭാവത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് താമസസ്ഥലങ്ങളുടെ രൂപകൽപ്പനയാണ്. അവിടെ വീടുകൾ ചെറുതും അടുത്തടുത്തായുമാണ് സ്ഥിതി ചെയ്യുന്നത്. ചിലപ്പോൾ ഒന്നിലധികം തലമുറകൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒറ്റ മുറിയിൽ പാർക്കുന്നു. കുടുംബാംഗങ്ങൾ, കുട്ടികൾ എന്നിവരുടെ നിരന്തരമായ സാന്നിധ്യം ലൈംഗികമായ നിമിഷങ്ങൾക്കൊന്നും ഇടം നൽകണമെന്നില്ല. വീടുകളുടെ ഭൗതിക സാമീപ്യമാകട്ടെ പലപ്പോഴും പരസ്പരം നിരീക്ഷണങ്ങൾക്ക് വിധേയമാകുന്നു.
ഇടുങ്ങിയ ഒറ്റമുറി വീടുകളും ജീവിത ക്രമീകരണങ്ങളും സ്വകാര്യതയെ ജാതീയവും വർഗ്ഗപരവുമായ കീഴാളത അനുഭവിക്കുന്ന ശരീരങ്ങൾക്ക് അപ്രാപ്യമാക്കിത്തീർക്കുന്നു. സ്വകാര്യത സാമ്പത്തികവും ജാതീയവുമായ മൂലധനവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വകാര്യ പാർപ്പിടം അല്ലെങ്കിൽ സ്വന്തമായി ഒരു മുറി എന്നിവ താങ്ങാനുള്ള കഴിവ് സാമ്പത്തിക സ്രോതസ്സുകളെയും ജാതിപദവിയെയും ആശ്രയിച്ചാണിരിക്കുന്നത്. കോളനിയിലെ ജാതി ശരീരങ്ങൾക്കും തൊഴിലാളിവർഗത്തിനും ഒരു തരത്തിലും വേർതിരിക്കാനാകാത്ത പങ്കിട്ട ഇടങ്ങളാണുള്ളത്. സ്വന്തമായ മുറികൾ ഈ ഇടങ്ങളിലില്ല. സ്വകാര്യത ഈ സന്ദർഭത്തിൽ സങ്കീർണ്ണമാണ്. പൊതുലൈംഗികത ജാതിയുമായി പിണയുന്നത് ഈ ഘട്ടത്തിലാണ്.


വാളയാർ അമ്മയ്ക്കെതിരെ സി.ബി.ഐ നൽകിയ കുറ്റപത്രത്തെ മുൻനിർത്തി മാധ്യമങ്ങൾ അടിവരയിട്ടത് ‘അമ്മ മക്കളുടെ മുന്നിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെ’ന്നാണ്. വാളയാർ അമ്മയെ സദാചാരവിരുദ്ധയായും ദുർനടപ്പുകാരിയായും എളുപ്പം ചിത്രീകരിക്കാൻ ഈ പരാമർശങ്ങൾ സഹായിച്ചു. കീഴാള സ്ത്രീ ശരീരങ്ങൾ ചരിത്രപരമായിത്തന്നെ ഈ മട്ടിലുള്ള വിചാരണകളെ നേരിടുന്നുണ്ട്. ഈ കുറ്റപത്രത്തിലെ പരാമർശം സ്വകാര്യത എന്ന ആശയവുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. സ്വകാര്യത എല്ലാ ശരീരങ്ങളും ഒരേ മട്ടിൽ അനുഭവിക്കുന്ന സാർവത്രികമായ അനുഭവമെന്ന നിലയില്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. സ്വകാര്യത നിർമ്മിതമാണ്. ജാത്യാധികാരത്താലും വർഗ്ഗാധികാരത്താലുമാണ് സ്വകാര്യതയിലേക്കുള്ള പ്രവേശം.
ഉപരിവർഗ്ഗ-മേൽ ജാതി ശരീരങ്ങൾക്ക് ചുമരുകൾ, അടച്ചിട്ട വാതിലുകൾ, അടച്ചുറപ്പുള്ള വീട്, സ്വന്തം മുറി, ദൃശ്യത നിയന്ത്രിക്കാനുള്ള കഴിവ് എന്നിങ്ങനെ സ്വകാര്യത ലഭ്യമാണ്. കീഴാള ശരീരങ്ങൾക്കാകട്ടെ, പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള കോളനികളിലും ഒറ്റമുറി വീടുകളിലും താമസിക്കുന്നവർക്ക് സ്വകാര്യത അവ്യക്തവും അപ്രാപ്യവുമാണ്. വ്യക്തിഗത ഇടം ഉറപ്പാക്കാൻ ആവശ്യമായ വാസ്തുവിദ്യാപരവും സാമൂഹികവുമായ ഘടനകൾ പലപ്പോഴും അവിടെയില്ല. അവരുടെ ജീവിതം അയൽക്കാർക്കും അധികാരികൾക്കും പൊതു സമൂഹത്തിനും മുന്നിൽ തുറന്നുകാട്ടപ്പെട്ട നിലയിലാണ്. ഒരു കോളനിയിലെ തുറന്നതും ഇടുങ്ങിയതുമായ ഇടങ്ങൾ നിവാസികൾക്ക് വ്യക്തിജീവിതവും പൊതുജീവിതവും തമ്മിലുള്ള അടിസ്ഥാന വേർതിരിവ് നിഷേധിക്കുകയും അവരുടെ നിലനിൽപ്പിനെ സാമൂഹിക പരിശോധനയ്ക്കുള്ള ഒരു കാഴ്ചയാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. വാതിൽ അടയ്ക്കാനും കാണപ്പെടാതെ നിലനിൽക്കാനുമുള്ള കഴിവ് സാമ്പത്തിക സ്ഥിരതയെയും ജാതിപദവിയെയും സ്ഥലപരമായ സ്വയംഭരണത്തെയും ആശ്രയിച്ചാണിരിക്കുന്നത്. വാളയാർ അമ്മയ്ക്കും എണ്ണമറ്റ ശരീരങ്ങൾക്കും ലഭ്യമല്ലാത്ത ആഡംബരമാണീ സ്വകാര്യത. സാമ്പത്തികമായും ജാതീയമായും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഒറ്റമുറി വീടുകളിൽ, സ്വകാര്യത പലപ്പോഴും നേടാനാകാത്ത ആശയമായി മാറുന്നു. ‘സ്വകാര്യ’ ഇടം എന്ന ആശയം സ്ഥലപരവും സാമ്പത്തികവും ജാതീയവുമായ പ്രത്യേകാവകാശങ്ങൾ മുൻനിർത്തിയാണ് നിലനിൽക്കുന്നത്. ഈ സവിശേഷാവകാശം വാളയാർ അമ്മയ്ക്കില്ല. സ്വകാര്യ ഇടം, ഗാർഹികതയ്ക്കകമേ വേർതിരിക്കാനുള്ള കഴിവില്ലായ്മ സമൂഹം അവരെ അധാർമികയായി ചിത്രീകരിക്കാൻ ഉപയോഗിക്കുന്നു.
കീഴാള സ്ത്രീകളെ അതിലൈംഗികവൽക്കരിക്കുന്ന ജാതീയ വാർപ്പുമാതൃകകളുടെ ഭാഗം കൂടിയായി ഈ ആരോപണത്തെ കണക്കാക്കാം. ചരിത്രപരമായി, ദലിത് സ്ത്രീകളെ ലൈംഗികമായി എളുപ്പം ലഭ്യമായവരായി ചിത്രീകരിച്ചിട്ടുണ്ട്. ജാതി അടിച്ചമർത്തലിൽ വേരൂന്നിയ ഈ ആഖ്യാനം ശരീരങ്ങളെ അപമാനവീകരിക്കുകയും സ്വകാര്യതയ്ക്കും അന്തസ്സിനുമായുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു. ഇവിടെ കീഴാള ശരീരങ്ങളുടെ ലൈംഗികതയെ വ്യതിചലിച്ചതായി ചിത്രീകരിക്കുന്നു. വാളയാർ അമ്മയ്‌ക്കെതിരായ സമൂഹത്തിന്റെ ധാർമ്മിക രോഷം ഈ വ്യവസ്ഥാപരമായ ജാതി അക്രമത്തിന്റെ തുടർച്ചയായി മനസ്സിലാക്കണം.
ദാരിദ്ര്യവും ജാതിയും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ മേൽ സമൂഹത്തിന്റെ പഴി കേൾക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പൊതുജീവിതത്തിനും സ്വകാര്യജീവിതത്തിനും ഇടയിൽ അതിരുകൾ നിർമ്മിക്കാനുള്ള കഴിവ് വാളയാർ അമ്മയുടെ ദാരിദ്ര്യം നിഷേധിക്കുന്നു. ഇത് അവരെ സദാചാര പോലീസിംഗിന് എളുപ്പത്തിൽ ഇരയാക്കുന്നു. ഈ ആരോപണം അവരുടെ സാഹചര്യങ്ങളെ രൂപപ്പെടുത്തുന്ന വ്യവസ്ഥാപരമായ ഘടകങ്ങളായ ജാതി, ദാരിദ്ര്യം, സ്ഥലപരിമിതികൾ, വിഭവങ്ങളിലേക്കുള്ള പ്രവേശനക്കുറവ് എന്നിവയെ അവഗണിക്കുകയും അവരുടെ സ്വഭാവത്തിൽ കുറ്റം ചുമത്തുകയും ചെയ്യുന്നു. വ്യവസ്ഥാപിത പ്രശ്‌നങ്ങളെ വ്യക്തിഗതമാക്കുന്നതിലൂടെ, ഘടനാപരമായ അസമത്വങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാൻ സമൂഹത്തിനാകും.


പൊതുലൈംഗികത; നിരീക്ഷണം, അക്രമം
“നിങ്ങളിവിടെ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം” – അയാൾ പിറുപിറുത്തു. മറൈൻഡ്രൈവിൽ കൂട്ടുകാരോടൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്നു ഞാൻ. കുറെയേറെ പ്രണയ ജോഡികൾ ഓരോ മൂലയിലും ഇരിക്കുന്നുണ്ട്, പ്രേമിക്കുന്നുണ്ട്. എന്താകും അവരെയെല്ലാം ഉപേക്ഷിച്ച് ഞങ്ങളുടെ ഇടയിൽ കേറി, ‘നിങ്ങളിവിടെ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം’ എന്ന് ക്ഷോഭിക്കാൻ ഒരു അപരിചിതനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക? മറൈൻ ഡ്രൈവിൽ നിന്നും പിന്നീടും സമാന അനുഭവങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു തവണ ഒരു കൂട്ടം പൊലീസുകാർ ലാത്തിയുമേന്തി വരികയും ഫോൺ പരിശോധിക്കണമെന്ന് പറയുകയും ദേഷ്യപ്പെടുകയും ചെയ്തു. ‘നീ എന്തിനാണ് ഇവിടെ വന്നതെന്ന് ഞങ്ങൾക്ക് അറിയാം’ പൊലീസുകാരിൽ ഒരാൾ പറഞ്ഞു.
ഞാനെന്തിനാണ് ഇവിടെ വന്നത് ? മറൈൻ ഡ്രൈവ് പ്രധാനപ്പെട്ട ഗേ ക്രൂയിസിങ് സ്ഥലമാണ്. അപരിചിതനായ ആ മനുഷ്യനും സ്റ്റേറ്റിന്റെ പൊലീസും ഈ ഇടത്ത് ഉണ്ടായേക്കാവുന്ന സാമൂഹ്യവിരുദ്ധ കാമനകളെ വിലക്കേണ്ടത് പ്രധാന കടമയായി തിരിച്ചറിയുന്നുണ്ടാകണം. പൊതുലൈംഗികതയിൽ ഏർപ്പെടുന്ന ശരീരങ്ങൾ ഈ മട്ടിൽ വലിയ തോതിൽ നിരീക്ഷിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നു. ഈയിടെയാണ്, ഡൽഹിയിലെ ഒരു ഗേ സ്പായിൽ ഒരു യൂട്യൂബർ നുഴഞ്ഞുകയറുകയും ശരീരങ്ങളെ ക്യാമറയിൽ പകർത്തുകയും ചെയ്തത്. പൊതു ലൈംഗികത സ്വകാര്യ- പൊതു ഇട ദ്വന്ദ്വത്തെ വെല്ലുവിളിക്കുന്നു. പൊതു ഇടം ലൈംഗികേതരമായി പാലിക്കാനായുള്ള സദാചാര ശ്രമങ്ങൾ ഈ ഇടങ്ങളുടെ മേൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തുന്നു. വിവാഹത്തിന് പുറമേയുള്ള ശാരീരികാടുപ്പങ്ങളെയും സ്വവർഗ്ഗലൈംഗികതയെയും ലൈംഗികതൊഴിലിനെയും നിയന്ത്രിക്കാനും അടിച്ചമർത്താനും ഈ നയങ്ങൾ സഹായിക്കുന്നു. നിരീക്ഷണ ക്യാമറകൾ, രഹസ്യ പൊലീസിംഗ് എന്നിവ ഉപയോഗിച്ച് സാമൂഹ്യപ്രതീക്ഷകളിൽ നിന്നും വ്യതിചലിക്കുന്ന ശരീരങ്ങളെ ശിക്ഷിക്കുന്നു. ഈ നിരീക്ഷണം വലിയ തോതിൽ ലക്ഷ്യമിടുന്നത് കീഴാള ശരീരങ്ങൾ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ, തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ്. പാർക്കുകൾ, ബീച്ചുകൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ, മൂത്രപ്പുരകൾ തുടങ്ങിയ ഇടങ്ങൾ പലപ്പോഴും ഉയർന്ന നിരീക്ഷണങ്ങളുടെ മേഖലകളായി മാറുന്നു. ഈ പ്രശ്നം വെറും നിരീക്ഷണ പ്രവൃത്തിക്കപ്പുറം നീങ്ങുന്നു. പലപ്പോഴും ശിക്ഷ, അപമാനിക്കൽ, അക്രമം എന്നിവയുടെ മുന്നോടിയാണിത്.


പൊതുലൈംഗികതയിൽ ഏർപ്പെടുന്ന ശരീരങ്ങൾ പിടിക്കപ്പെടുമ്പോൾ നേരിടുന്നത് ഭീഷണികളും ശാരീരിക ആക്രമണങ്ങളും ബലാത്സംഗവുമാണ്. മർദിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുമ്പോൾ വ്യക്തികളെ സമ്മതമില്ലാതെ ചിത്രീകരിക്കുന്ന സംഭവങ്ങളും ഈ വീഡിയോകൾ പ്രചരിപ്പിക്കുന്ന സന്ദർഭങ്ങളുമുണ്ട്. പൊതുലൈംഗിക പ്രവൃത്തികളിൽ പിടിക്കപ്പെടുന്ന സ്ത്രീകളെയും, സ്വവർഗ്ഗലൈംഗികരെയും ബലാത്സംഗം ചെയ്യുന്ന വീഡിയോകൾ വലിയ തോതിൽ പ്രചരിക്കപ്പെടാറുണ്ട്. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകയായ സുനിത കൃഷ്‌ണൻ ഇന്റർനെറ്റിൽ പ്രചരിക്കപ്പെടുന്ന ഷൂട്ട് ചെയ്‌ത റേപ്പ് വീഡിയോകളുടെ പൊതു സ്വഭാവത്തെ കുറിച്ച് ഒരു സന്ദർഭത്തിൽ സംസാരിക്കുന്നുണ്ട്. ഏതെങ്കിലും പൊതുസ്ഥലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പങ്കാളികളുടെ ചിത്രം ഒരുകൂട്ടം ആളുകൾ പകർത്തുന്നു, അവർ പങ്കാളികളെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു, ശേഷം വീഡിയോകൾ വ്യാപകമായി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നു. പാർക്കുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ഇരുന്ന് പ്രേമിക്കുന്നവരെയാണ് ഈ കൂട്ടർ പ്രധാനമായും ലക്ഷ്യമിടുന്നത്. പലപ്പോഴും സ്വന്തമായി സ്വകാര്യ സ്ഥലങ്ങൾ നേടാനാകാത്ത ശരീരങ്ങളാണ് ഈ മട്ടിലുള്ള അക്രമങ്ങൾക്ക് വിധേയരാകുന്നത്. വിദ്യാർഥികൾ, വർഗ്ഗപരമായും ജാതീയമായും പിന്നാക്കം നിൽക്കുന്നവർ എന്നിവരെല്ലാം ഈ അക്രമങ്ങൾക്ക് വലിയ തോതിൽ ഇരയാകുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ പൊതുലൈംഗികതയുടെ ചരിത്രം ജാതിയുമായി ചേർന്നിരിക്കുന്നു. സ്വകാര്യ ഇടങ്ങൾ താങ്ങാനാകാത്ത ശരീരങ്ങൾക്ക് പൊതുഇടങ്ങൾ ശാരീരികാടുപ്പങ്ങളുടെ ഇടങ്ങളായിത്തീരുന്നു. സ്ഥലം എങ്ങനെയാണ് അധികാരബന്ധങ്ങളാൽ രൂപപ്പെടുന്നതെന്ന് ഈ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു.