“മലബാർ കലാപത്തിൻ്റെ വാമൊഴി പാരമ്പര്യത്തെക്കുറിച്ചായിരുന്നു എൻ്റെ ഗവേഷണം. ഈ ഗവേഷണാവശ്യത്തിനായി സ്ത്രീകളായ ആവേദകർക്ക് വേണ്ടി എനിക്ക് പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒന്ന്, ആവേദകരുടെ കൂട്ടത്തിൽ ആരും സ്ത്രീകളെക്കുറിച്ച് പരാമർശിക്കില്ല. സ്ത്രീകളെ കുറിച്ച് പ്രത്യേകം ചോദിച്ചാൽ അവർക്കൊന്നും അറിയില്ല, അവര് പഠിച്ചിട്ടില്ല ഇങ്ങനെയൊക്കെയുള്ള മറുപടികളാണ് കിട്ടുക. ആണുങ്ങളായ ആവേദകരും ഔപചാരിക വിദ്യാഭ്യാസം ഒന്നും കിട്ടിയവരായിരുന്നില്ല. എന്നാൽ സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഇതു പ്രത്യേകം എടുത്തുപറയും. ഇങ്ങനെ സ്ത്രീകളുടെ അറിവിനെക്കുറിച്ചുള്ള കുറെയധികം മുൻധാരണകളെ നമുക്ക് മറികടക്കേണ്ടതായിവരും. ഒരിക്കൽ നാട്ടിലെ ഒരു കാരണവർ ആരൊക്കെ കണ്ടു എന്ന ചോദ്യത്തിന് ആ പ്രദേശത്തെ മുതിർന്ന ഒരു സ്ത്രീയുടെ പേര് പറഞ്ഞപ്പോൾ അവൾക്ക് എന്താണ് അറിയാ കുറെ ‘ബിടല് ‘കഥ അറിയാം, എന്നാണ് പ്രതികരിച്ചത് “.
കാലടി സംസ്കൃത സർവകലാശാല മലയാള അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്റെ ഫീൽഡിൽ നിന്നുള്ള ഈ അനുഭവം വായിച്ചു തുടങ്ങിയാണ് കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലെ സോന ബിൽഡിങ്ങിൽ വെച്ച് ഒക്ടോബർ നാല് മുതൽ ആറുവരെ നടന്ന ‘റീഡിങ് റൂമേഴ്‌സ്സി’ലേക്ക് പ്രവേശിച്ചത്. 1900 മുതൽ 1950 വരെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന സ്ത്രീകളുടെ അച്ചടി ചരിത്രങ്ങളെയും അവയുടെ സ്മൃതി ശേഖരങ്ങളെയും ജനങ്ങളിലേക്കെത്തിക്കുന്ന ഒരു പ്രദർശനമാണ് ‘റീഡിങ് റൂമേർസ് ‘. കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ മാസികകളെയും അവരുടെ എഴുത്തുകാരെയും കേന്ദ്രീകരിച്ചുള്ള ‘around the sufrah ‘എന്ന ഗവേഷണ കൂട്ടായ്മയുടെ രണ്ടു വർഷത്തെ ഗവേഷണത്തിന്റെ പരിസമാപ്തിയാണ് ഈ പ്രദർശനം.
എറൗണ്ട് ദി സുഫ്റ
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതലുള്ള മാപ്പിള സ്ത്രീകളുടെ സംഭാവനകളെ കേന്ദ്രീകരിച്ചുള്ള ഒരു വിഷ്വൽ റിസർച്ച് പ്രോജക്ടാണ് എറൗണ്ട് ദി സുഫ്റ. കേരളത്തിലെ മുസ്ലീം വീടുകളിൽ ഭക്ഷണപദാർഥങ്ങൾ നിരത്താനുപയോഗിക്കുന്ന വൃത്താകൃതിയിൽ നെയ്ത പായയായ സുഫ്റയിൽ നിന്നാണ് ഈ പ്രോജെക്ടിന് പേരുവന്നത്. സുഫ്റ ഒരു കൂട്ടായ്മയുടെയും സമൂഹത്തിൻ്റെയും പ്രതീകമാണ്. ആളുകൾക്ക് ഒന്നിച്ചുകൂടാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു ‘സുഫ്റയ്ക്ക് ചുറ്റും’ എന്ന ആശയം. ഗവേഷകയായ ഹനീന പി.എ യും ഡിസൈനറായ ജസീല ബഷീറും ചേർന്നാണ് ഇതിന് രൂപം നൽകിയത്. ഗവേഷണത്തെ അതിന്റെ പാരമ്പര്യരൂപത്തിൽ നിന്ന് മാറ്റി എങ്ങനെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് എറൗണ്ട് ദി സുഫ്റ. സ്ത്രീ എഴുത്തുകാരുടെ സംഭാവനകൾ അവഗണിക്കപ്പെടുകയും എഴുത്തുമേഖലയിൽ അവരുടെ സാന്നിധ്യം ചർച്ച ചെയ്യപെടാതിരിക്കുകയും ചെയ്ത അക്കാലഘട്ടത്തിന്റെ അത്യന്താപേക്ഷിതമായ ഒരോർമ്മപ്പെടുത്തലാണ് ‘റീഡിങ് റൂമേഴ്‌സ്’. റൂമർ അഥവാ അപവാദങ്ങൾ സൂചിപ്പിക്കുന്നത് ആധികാരികമല്ലാത്തതും സത്യമല്ലാത്തതുമായ പ്രസ്താവനകളെയോ റിപ്പോർട്ടുകളെയോ ആണ്. സ്ത്രീകളുമായി പരക്കെ ബന്ധപ്പെട്ടിരിക്കുന്ന ഈ പദപ്രയോഗങ്ങൾ, സ്ത്രീകളുടെ അറിവുകളും ചരിത്രങ്ങളും അനുഭവങ്ങളുമൊക്കെ അടയാളപ്പെടുത്താൻ പലപ്പോഴായി ഉപയോഗപ്പെട്ടിട്ടുണ്ട്. പണ്ട് സുഫ്റക്ക് ചുറ്റുമിരുന്ന് പെണ്ണുങ്ങൾ പറഞ്ഞ വർത്തമാനങ്ങളെ വെറും ബിടലുകൾ (പരദൂഷണം) മാത്രമായി കണ്ടിരുന്ന സമൂഹത്തിനു മുന്നിലേക്ക്, മുസ്ലീം സ്ത്രീകളുടെ ഓർമ്മകൾ, ഭാഷ, എഴുത്തുകൾ, പാചകരീതികൾ എന്നിവ ആർക്കൈവ് ചെയ്യുക എന്നതാണ് എറൗണ്ട് ദി സുഫ്റയുടെ ലക്ഷ്യം.
“മലബാർ സമരത്തിന്റെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളായ മാപ്പിളപ്പാട്ടിനെക്കുറിച്ചായിരുന്നു എൻ്റെ പി.ജി പ്രൊജക്റ്റ്. അതിന്റെ ഗവേഷണ വേളയിൽ ചില മാപ്പിളപ്പാട്ടുകൾ പുത്തൂർ ആമിന അടക്കമുള്ള മുസ്ലിം സ്ത്രീകൾ എഴുതിയത് ശ്രദ്ധയിൽ പെട്ടു. ഇത് എന്നിൽ ഒരു ജിജ്ഞാസ ഉണർത്തി. ഈ സ്ത്രീകളെക്കുറിച്ച്, പ്രത്യേകിച്ച് മാപ്പിള സാഹിത്യത്തിൽ എഴുതുന്നവരെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു, കാരണം അവരുടെ സംഭാവനകൾ എവിടെയും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. പി.ജിക്ക് ശേഷം മാപ്പിളസ്ത്രീ എഴുത്തുകാരികൾ ആരാണെന്നറിയാനുള്ള എന്റെ പേർസണൽ പ്രൊജക്റ്റ് അവിടെ നിന്നാണ് ആരംഭിക്കുന്നത്”. എറൗണ്ട് ദി സുഫ്റയിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ച് ഗവേഷകയായ ഹനീന പി.എ പറഞ്ഞു. മുംബൈയിലും കേരളത്തിലുമായി ഗവേഷണം ചെയ്യുന്ന ഹനീന പി.എ, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് മീഡിയ ആന്റ് കൾച്ചറൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഇന്ത്യയിലെ രാഷ്ട്രീയം, സംസ്കാരം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചെഴുതി ഹനീന മാധ്യമ പ്രവർത്തനരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ എക്സിബിഷൻ ഡിസൈനറായ ജസീല ബഷീർ ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദധാരിയാണ്. തിയേറ്റർ ഡിസൈനിങ് , മ്യൂസിയം ഡിസൈനിങ്, ഇൻസ്റ്റാളേഷൻ ഡിസൈൻ, സ്പെഷ്യൽ പ്ലാനിങ്, ഫോട്ടോഗ്രഫി എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. 2021ൽ ജസീലയുമായുള്ള ഹനീനയുടെ യാദൃശ്ചിക കൂടിക്കാഴ്ചയാണ് മാപ്പിള സ്ത്രീകളെയും ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിന് അവർ നൽകിയ സംഭാവനകളെയും രേഖപ്പെടുത്തുന്ന ഒരു ഗവേഷണ സംരംഭം ആരംഭിക്കാൻ കാരണമായിത്തീർന്നത്.ഹനീനയുടെ രണ്ട് വർഷത്തെ ഗവേഷണത്തിൻ്റെയും ജസീലയുടെ ക്യൂറേഷൻ്റെയും പരിസമാപ്തിയാണ് ‘റീഡിങ് റൂമേർസ്’. പൊതുജനങ്ങൾക്ക് അപ്രാപ്യമായ അക്കാദമിക് പേപ്പറുകളിലേക്ക് തങ്ങളുടെ ഗവേഷണത്തിൻ്റെ ഗുണഫലങ്ങൾ ഒതുക്കാൻ അവർ ആഗ്രഹിച്ചില്ല. അക്കാദമിക് ഗവേഷണം പലപ്പോഴും അതിൻ്റെ പ്രചരണത്തെ പരിമിതപ്പെടുത്തുന്നു എന്നതിനാൽ ഈ കഥകൾ എല്ലാവർക്കും ലഭ്യമാകുന്ന ഒരു പ്ലാറ്റ്ഫോമിലൂടെ, കൂടുതൽ ആകർഷകമായ ഒരു രീതിയിൽ സൃഷ്ടിക്കാൻ ഇരുവരും ആഗ്രഹിച്ചു.
ക്യൂറേറ്റിംഗ് റിസേർച്ച്
ക്യൂറേറ്റിംഗ് ഗവേഷണം ജസീലയെ സംബന്ധിച്ചിടത്തോളം ഒരു സവിശേഷമായ വെല്ലുവിളിയായിരുന്നു. ഗവേഷണത്തെ എങ്ങനെ ഒരു സംവേദനാത്മക പ്രദർശനമാക്കി മാറ്റാം എന്നായിരുന്നു അവർ ചിന്തിച്ചത്. മിക്ക എക്സിബിഷനുകളും കലയെ കേന്ദ്രീകരിച്ചുള്ളതാണ് എന്നതിനാൽ തന്നെ ഇത് വളരെ വ്യത്യസ്തമായിരുന്നു. ഗവേഷണാത്മകവും ധാരാളം വാചകങ്ങൾ ഉള്ളതുമായ ഇത് പക്ഷേ അമിതമായി ലളിതമാക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. എക്‌സിബിഷനുകളിൽ ടെക്‌സ്‌റ്റ് കുറവായിരിക്കണമെന്ന് ആളുകൾ പറയാറുണ്ട്, എന്നാൽ ആളുകളെ ഇതിലൂടെ കൂടുതലായി ഇടപഴകാനും വായിപ്പിക്കാനും ചിന്തിപ്പിക്കാനുമൊക്കെ അവർ ആഗ്രഹിച്ചു. ഏതാണ്ട് ഒരു ഗെയിം പോലെ ഇൻ്ററാക്ടീവ് ആയിട്ടാണ് എക്സിബിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകർ ആ ഗെയിം മെത്തേഡ് വഴി സ്വയം മെറ്റീരിയലുകൾ കണ്ടെത്താനും പ്രാപ്തരാവുന്നു. ഇത് കണ്ടെത്തൽ പ്രക്രിയയെ കൂടുതൽ ആകർഷകമാക്കുന്നു. ഒരു എക്സിബിഷൻ വിരസമാവാതിരിക്കാൻ വളരെ ക്രീയേറ്റീവ് ആയിട്ടാണ് ജസീല ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
മാപ്പിളപ്പെണ്ണുങ്ങളുടെ അറിയപ്പെടാത്ത എഴുത്തുകൾ
മാപ്പിള സ്ത്രീ എഴുത്തുകാരുടെ കഥയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ് റീഡിങ് റൂമേർസ്. മുസ്ലീം നവോത്ഥാനത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സാഹിത്യത്തിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും സംഘടനയിലൂടെയും സമൂഹത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ മുസ്ലീം എഴുത്തുകാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മതത്തിന്റെ പരിപ്രേക്ഷ്യത്തില്‍ കേരളത്തിലെ സാമൂഹ്യഘടനയില്‍ അടിയുറച്ച് നിന്നുകൊണ്ട് സ്വന്തം അവകാശങ്ങള്‍ക്കും സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു നവോത്ഥാനകാല സ്ത്രീപ്രതിഭകള്‍. എന്നാൽ ഈ പെൺസംഭാവനകൾ നമുക്ക് അന്യമാണ്. അവ കൃത്യമായി ഡോക്യുമെന്റ് ചെയ്യപ്പെടാതെ പോവുകയും ആരും വായിക്കാത്ത ചരിത്രത്തിൽ മറയുകയും ചെയ്തു. ഈ സ്ത്രീകളുടെ കഥകൾ മറക്കാതിരിക്കാൻ ഹനീനയും ജസീലയും അക്ഷീണം പ്രയത്നിക്കുന്നു,വ്യക്തിഗത സംഭാവനകളിലൂടെ അത് വളർന്നുകൊണ്ടിരിക്കുന്നു. ഹനീനയും ജസീലയും അവരുടെ ഈ പ്രൊജക്റ്റ് പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കുന്നതോടെ ചരിത്രത്തിലും സാഹിത്യത്തിലും സ്ത്രീകളുടെ പങ്ക് പുനർനിർമ്മിക്കപ്പെടുന്നു.
1920 കൾ മുതൽ 1940 കളുടെ അവസാനം വരെ പത്രപ്രവർത്തന രംഗത്തും രാഷ്ട്രീയ – സാമൂഹ്യരംഗങ്ങളിലും മികവ് പുലർത്തിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളുണ്ട്. ഇതിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് കേരളത്തിലെ സാംസ്കാരിക സമൂഹം അടുത്തകാലത്ത് മാത്രം ചർച്ചക്കെടുത്ത ഹലീമ ബീവിയാണ്. 1918 ൽ ജനിച്ച അവർ മുസ്ലിം വനിത (1938), ഭാരതചന്ദ്രിക (1944) ,ആധുനിക വനിത (1970) എന്നീ മാസികകളുടെ പ്രസാധകയും പത്രാധിപയുമായിരുന്നു. പത്രപ്രവര്‍ത്തക, പ്രഭാഷക, സാമൂഹിക പ്രവര്‍ത്തക, സംഘാടക എന്നീ നിലകളിലൊക്കെ സ്തുത്യര്‍ഹമായ സേവനമാണ് ഹലീമാബീവി കാഴ്ച്ചവെച്ചത്. സ്ത്രീകള്‍ അക്ഷരങ്ങളാൽ വിലക്കപ്പെട്ട, സാമൂഹിക ജീവിതത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കാലത്താണ് ഹലീമാ ബീവിയുടെ രംഗപ്രവേശം. സ്ത്രീകള്‍ പുരുഷന്‍മാരെയും കുട്ടികളെയും ആരാധിച്ച് മാത്രം കഴിയേണ്ടവരല്ലെന്നും അങ്ങനെ വന്നാല്‍ അത് സ്ത്രീകളെ ചരിത്രത്തില്‍ നിന്ന് പുറന്തള്ളാനിടയാക്കുമെന്നും അവര്‍ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. സ്ത്രീ പ്രവര്‍ത്തിക്കേണ്ടവളാണെന്ന് മനസ്സിലാക്കിയ അവര്‍ തന്റെ കര്‍മമണ്ഡലം വിപുലമാക്കി. വിദ്യാഭ്യാസം നേടിയ അച്ചടക്കമുള്ള സ്ത്രീയെയല്ല അവര്‍ വിഭാവനം ചെയ്തത്, അവകാശങ്ങൾക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ആത്മാഭിമാനമുള്ളവരായി പുലരുകയും ചെയ്യുന്ന സ്ത്രീയെയാണ്. ഹലീമ ബീവിയുടെ മിക്ക ലേഖനങ്ങളിലും ചര്‍ച്ച ചെയ്ത വിഷയം മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസമാണ്. പൗരോഹിത്യം വിലക്കിയ സ്ത്രീവിദ്യാഭ്യാസം നടപ്പില്‍ വരുത്തുന്നതിനു വേണ്ടിയാണവര്‍ പ്രധാനമായും വാദിച്ചത്. രാഷ്ട്രത്തിലും സമുദായത്തിലും പൂര്‍ണ്ണ പൗരത്വമുള്ള സ്ത്രീകളെ രൂപാന്തരപ്പെടുത്താനുള്ള ഉപകരണമായി വിദ്യാഭ്യാസത്തെ അവര്‍ കണ്ടു. വനിതാ സംവരണമൊന്നുമില്ലാത്ത കാലത്ത് അവർ 1938 മുതൽ 1945 വരെ തിരുവല്ല മുനിസിപ്പാലിറ്റി കൗൺസിലറുമായിരുന്നു. അക്കാലത്ത് ഹലീമ ബീവിയുടെ പ്രസിദ്ധീകരണങ്ങൾ കൂടാതെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, ശ്രീമതി തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതിയ പി.കെ. ഉമ്മ, കുട്ടീമ, വി.എം ഫാത്തിമ ബീവി, എം.റഹ്മ, ഹബ്സ ബീവി മരയ്ക്കാർ ,എം.കെ ഫാത്തിമ ബീവി പാനായിക്കുളം, എം.കെ ആയിഷക്കുട്ടി, സുബൈദ തുടങ്ങിയ ഒട്ടേറെ വനിതകളുടെ ലേഖനങ്ങൾ എക്‌സിബിഷനിൽ ഉണ്ടായിരുന്നു. അവിടെക്കണ്ട ‘ഭാരതചന്ദ്രിക’യുടെ പഴയകാല കോപ്പികൾ വ്യക്തമാക്കുന്നത് രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം തുടങ്ങി അന്താരാഷ്ട്രീയം വരെയുള്ള അക്കാലത്തെ പ്രസിദ്ധീകരണങ്ങൾ ഇവർ സമാഹരിച്ചിരുന്നു എന്നതാണ്.
ഈ കാലയളവിൽ ഏകദേശം 20 മുതൽ 25 വരെ സ്ത്രീ എഴുത്തുകാരെ കണ്ടെത്താൻ അവർക്കു കഴിഞ്ഞു. എന്നിരുന്നാലും കണ്ടെത്തലുകളിലേക്കുള്ള അവരുടെ യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അതിനെ കുറിച്ച് ഹനീന പറയുന്നതിങ്ങനെ: “2022-ൽ ഞങ്ങൾ മുസ്ലീം വനിതാ എഴുത്തുകാരെ തേടിയുള്ള ഗവേഷണം ആരംഭിച്ചു. ഞങ്ങളുടെ ഗവേഷണത്തിൻ്റെ തുടക്കം മുതൽ തന്നെ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഞങ്ങൾ കണ്ടുമുട്ടിയ ആളുകൾ പലപ്പോഴും ഈ എഴുത്തുകാരുടെ അസ്തിത്വം നിരസിച്ചു. അക്കാലത്ത് ധാരാളം എഴുത്തുകാർ ഉണ്ടായിരുന്നില്ല, മാസികകൾ നിലവിലില്ലായിരുന്നു എന്ന് ഞങ്ങൾ നിരന്തരം കേട്ടു. മാത്രവുമല്ല, ഞങ്ങൾ അന്വേഷിച്ചുചെന്ന പല രേഖകളും അസ്ഥാനത്താവുകയോ നഷ്ടപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തിരുന്നു. ഞങ്ങൾ ഈ എഴുത്തുകൾ ആളുകളിലേക്ക് കൊണ്ടുപോയി, ഇത് ആരാണ് എഴുതിയതെന്ന് നിങ്ങൾക്കറിയാമോ? എന്ന് ചോദിച്ചപ്പോൾ, ഇത് ഒരു സ്ത്രീ ആയിരിക്കില്ല എന്നായിരുന്നു പലപ്പോഴും ഉത്തരം. അവിടെ നിന്നാണ് ‘റീഡിങ് റൂമേർസ്’എന്ന ആശയം ഉടലെടുത്തത്”.
“സാമഗ്രികൾ തേടി ഞങ്ങൾ കേരളത്തിലുടനീളം സഞ്ചരിച്ചു. പല എഴുത്തുകാരികളും ഇന്ന് ജീവിച്ചിരിപ്പില്ല ,ജീവിച്ചിരിക്കുന്നവരെ കണ്ടുപിടിക്കുക എന്നതും എളുപ്പമല്ലായിരുന്നു. ഞാൻ ഫീൽഡ് വിസിറ്റിനായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും യാത്ര ചെയ്തു. ഞങ്ങൾ തിരുവനന്തപുരത്ത് രണ്ട് മൂന്ന് മാസത്തിലേറെയായി മെറ്റീരിയലുകൾക്കായി ചെലവഴിച്ചു. ചില വായനശാലകൾ വർഷങ്ങളോളം അടഞ്ഞുകിടന്നിരുന്നതിനാൽ അത് തുറക്കുന്നത് നാടകീയത നിറഞ്ഞതായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായ ഞങ്ങളുടെ യാത്ര ഇത്തരം രസകരമായ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ എൻ്റെ ഫീൽഡ് ഡയറികൾ എക്‌സിബിഷനിൽ ആളുകൾക്കായി സൂക്ഷിച്ചിട്ടുണ്ട്”. ഹനീന കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് പെണ്ണെഴുത്തുകൾ രേഖപ്പെടുത്താതെപോയി?
സാഹിത്യ പാരമ്പര്യത്തിന് പേരുകേട്ട ഒരു സംസഥാനത്തെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സ്ത്രീകളുടെ ചരിത്രവും സംഭാവനകളും എന്തുകൊണ്ടാണ് രേഖപ്പെടുത്താതെ പോയത്? എന്തുകൊണ്ടാണ് മുഖ്യധാരാ സാഹിത്യവേദികളിൽ ചർച്ചയാവാതെ പോയത്? ഡോ.ഷംഷാദ് ഹുസൈന്‍ ഇതിനെക്കുറിച്ച് പറയുന്നതിങ്ങെനെ: “കാലങ്ങളായി പൊതുസമൂഹത്തിന് മുസ്ലീം സ്ത്രീയെ കുറിച്ചുള്ള മുൻധാരണ തന്നെയാണ് അവരുടെ കലയേയും ചരിത്രത്തെയും രേഖപ്പെടുത്താതെ പോയതിലുള്ള പ്രധാനകാരണം. മുസ്ലീം സ്ത്രീ നിരക്ഷരയാണെന്നും വീട്ടിനകത്ത് ഒതുങ്ങിക്കഴിയേണ്ടവളാണെന്നും മതപരമായ കാര്യങ്ങളിൽ മാത്രം ഇടപെടലുകൾ നടത്തേണ്ടവളാണെന്നുമുള്ള ധാരണയാണ് മുസ്ലീം സ്ത്രീയെ,അവളുടെ സർഗാത്മകതയെ സമൂഹത്തിന് അന്യമാക്കിയത്.”
“എൻ്റെ വല്ലിമ്മാനെ കുറിച്ച് ഞാൻ ഒരു കഥ എഴുതാൻ ആഗ്രഹിച്ചിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങൾ സജീവമായിരുന്ന ഒരു കാലഘട്ടത്തിൽ ഞാൻ വല്ലിമ്മാനെ മലയാള അക്ഷരം പഠിപ്പിക്കാനായിട്ട് തീരുമാനമെടുത്ത് വീട്ടിൽ വരുന്നതും പക്ഷേ ആ അവധിക്കു നാട്ടിലെത്തുമ്പോഴേക്കും വല്ലിമ്മ മരിച്ചു പോകുന്നതുമായിരുന്നു കഥ. ജീവിച്ചിരുന്ന വല്യുമ്മയെ കുറിച്ച് അങ്ങനെ കഥ എഴുതാൻ പറ്റുമോ എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ധാർമികപ്രശ്‌നം. എന്നാൽ എത്രയോ കാലം കഴിഞ്ഞാണ് വല്ലിമ്മാക്കറിയാവുന്ന വലിയ ഒരു അക്ഷര ലോകത്തെക്കുറിച്ച് ഞാൻ തിരിച്ചറിഞ്ഞത്. അതായിരുന്നു അറബി മലയാളം. അറബി മലയാളത്തിൽ ഉള്ള കുറേയധികം പുസ്തകങ്ങൾ വല്യുമ്മാന്റെ കൈവശമുണ്ടായിരുന്നു. അതിൽ പാട്ടുകളും പ്രാർത്ഥനകളും എല്ലാമുണ്ടായിരുന്നു. ഇതൊക്കെ നിത്യേന വായിക്കുകയും ഈണത്തിൽ പാടുകയും ചെയ്യുമായിരുന്നു വല്ലിമ്മ. ഇവയിൽ പലതും ചരിത്രകാവ്യങ്ങൾ ആയിരുന്നു. ഇങ്ങനെ വായിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്ന ഒരാൾ എങ്ങനെയാണ് നിരക്ഷര ആവുക”? ( ഫീൽഡിൽ നിന്നുള്ള ഓർമ്മകൾ, ഷംഷാദ് ഹുസൈൻ)
മാപ്പിള മലയാളം എന്നറിയപ്പെടുന്ന അറബി മലയാളം പലപ്പോഴും മുഖ്യധാരാ സാഹിത്യത്തിൽ നിന്ന് പുറന്തള്ളപ്പെടാറുണ്ട്. കേരളത്തിൽ ആദ്യകാലത്ത് അറബി അക്ഷരമാല മാത്രമേ കൂടുതൽ മുസ്ലീങ്ങളും പഠിച്ചിരുന്നുള്ളൂ. പാട്ട്, ഗദ്യം, ചരിത്രം, ശാസ്ത്രം തുടങ്ങി നിരവധി മേഖലകൾ ഉള്ള ബൃഹത്തായ ഭാഷയാണ് അറബിമലയാളം. അറബിമലയാളത്തിൽ എഴുതിയ മുസ്ലീം മാസികകളിലെല്ലാം സ്ത്രീസ്വാധീനം കാണാൻ സാധിക്കും. ഷംഷാദ് ഹുസൈൻ തന്റെ റിപ്പോർട്ടിങ്ങിനിടയിൽ മാസികാ എഡിറ്റർമാർക്ക് മുസ്ലീം സ്ത്രീകൾ എഴുതിയ കത്തുകൾ കണ്ടെത്തി. അതിൽ മാസികകളിലെ ഉള്ളടക്കങ്ങൾ വായനാസുഖത്തിനു വേണ്ടി ലളിതമായ ഭാഷയിൽ ആക്കണമെന്ന നിർദേശങ്ങളും ഉണ്ടായിരുന്നു .അക്കാലത്ത് അവർ വായിക്കുക മാത്രമല്ല നിരന്തരം ആ മേഖലകളിൽ ഇടപെടലുകളും നടത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണിത്. അറബിമലയാളം മുഖ്യധാരാ സാഹിത്യത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാൽ തന്നെ അറബി മലയാളത്തിൽ എഴുതിയ എഴുത്തുകാരികളും അറിയപ്പെടാതെ പോയി.
നവോത്ഥാനത്തിന്റെ ഫലമായിട്ടാണ് മുസ്ലീം സ്ത്രീകളെ ചരിത്രത്തിൽ എക്കാലത്തും പരാമർശിച്ചിട്ടുള്ളത്. എന്നാൽ നവോത്ഥാനത്തിന് വേണ്ടി അവർ ചെയ്ത സൃഷ്ടികൾ പലപ്പോഴും ചരിത്രം മറച്ചുവെച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും ഇല്ലാത്ത കാലത്താണ് പത്രലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നേരിട്ട് ഉദ്‌ബോധനം നടത്തി ഹലീമ ബീവിയെപ്പോലുള്ള മഹതികള്‍ സാമുദായിക നവോത്ഥാനത്തിന് പരിശ്രമിച്ചത്. കേരളത്തിലെ ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങള്‍ക്കും സാമൂഹികാധഃപതനത്തിനുമെതിരെ തന്റെ രചനകളിലൂടെ വീറോടെ ശബ്ദിച്ച ലളിതാംബിക അന്തർജനത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല കേരളത്തിലെ ആദ്യകാല വനിതാ എഴുത്തുകാർ എന്ന് നമ്മൾ തിരുത്തേണ്ടിയിരിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക പ്രാതിനിധ്യത്തിനും വഴിമരുന്നിടാനും സാമൂഹിക ദുരാചാരങ്ങളെ ഇല്ലാതാക്കാനും മുസ്ലീം സ്ത്രീ എഴുത്തുകാരികള്‍ നടത്തിയ ശ്രമങ്ങള്‍ കേരളത്തിലെ മുസ്ലിംനവോത്ഥാന ചരിത്രത്തില്‍ മുഖ്യസ്ഥാനത്ത് അടയാളപ്പെടുത്തേണ്ടവ തന്നെയാണ്. അതടയാളപ്പെടുത്താൻ’റീഡിങ് റൂമേഴ്‌സ്’പോലെയുള്ള വേദികൾ ഇനിയും ഉയർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്.
(ആർക്കൈവ് aroundthesufrah.in ൽ ലഭ്യമാണ്)