ഖത്തറിൽ കളികാണാൻ എത്തുന്ന പെണ്ണിന് എന്ത് സംഭവിക്കും? കളിക്കളങ്ങളിൽ പന്തുരുണ്ട് തുടങ്ങും മുൻപേ ഗ്യാലറിയിലെ സ്ത്രീ സാന്നിധ്യം ചോദ്യ ചിഹ്നമായി കഴിഞ്ഞിരുന്നു. ‘ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കുവാൻ അഭ്യർത്ഥിക്കുന്നു’. ഖത്തർ അധികൃതരുടെ പ്രസ്താവന സ്ത്രീകൾക്ക് വിലക്കുകളുണ്ട് എന്ന രീതിയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഖത്തറിൽ എത്തുന്ന പെണ്ണുങ്ങൾ തോളുകളും വയറും മറയ്ക്കണമെന്നും, ഷോർട്ട് സ്കെർട്ട് ഉപേക്ഷിക്കണമെന്നും ആധികാരികം എന്ന് തോന്നിക്കുന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റു വാർത്താമാധ്യമങ്ങളിലും ചോദ്യങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു.
“ഉയർന്ന ഫൈനും, ജയിൽ ശിക്ഷയും വരെ ലഭിച്ചേക്കാം.”
അഭ്യൂഹങ്ങൾക്ക് വിശ്വാസ്യത ഏറെയായിരുന്നു, ഖത്തറിലായതിനാൽ !
ഇതെല്ലാം യൂറോപ്യൻ മാധ്യമങ്ങളുടെ കുപ്രചാരണങ്ങൾ മാത്രമായിരുന്നു എന്നാണ് അൽ-ജസീറ പോലെയുള്ള മാധ്യമങ്ങൾ ഇപ്പോൾ പങ്കുവെക്കുന്ന റിപ്പോർട്ടുകൾ.
മൊറോക്കോയുമായുള്ള ക്രൊയേഷ്യയുടെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യൻ സൗന്ദര്യ റാണി, ഇവാനാ ക്നോൽ വെള്ളയും ചുവപ്പും കളങ്ങളുള്ള ബിക്കിനി ടോപ്പും ഇറുകിയ ചുവന്ന ലഗിൻസും അണിഞ്ഞ് ഗ്യാലറിയിൽ എത്തി ഏവരുടെയും ശ്രദ്ധയാകർഷിക്കുകയുണ്ടായി. ഖത്തറിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ട ഇവാനയെ കണ്ട് ലോകം കണ്ണുതുറന്നു.
ഇവാന തന്നെ പറയുന്നു: “ഞാൻ ആദ്യം വിചാരിച്ചു, ലോകകപ്പ് അവിടെ (ഖത്തർ) നടക്കുകയാണെങ്കിൽ എല്ലാ ആരാധകർക്കും കളി ആസ്വദിക്കാൻ വേണ്ടുന്നത് എല്ലാം വിലക്കുകൾ ഒന്നും തന്നെ ഇല്ലാതെ അവർ ഒരുക്കുമെന്ന്. പിന്നീട് നിയമങ്ങളെക്കുറിച്ച് കേട്ടു ഞെട്ടിപ്പോയി ഞാൻ. തോളുകളും മുട്ടുകളും വയറും എല്ലാം വിലക്കുന്ന ഡ്രസ്സ് കോഡ്. ഞാനപ്പോൾ തലയിൽ കൈവച്ചു, ദൈവമേ… ഇതെല്ലാം കൂടി മറയ്ക്കാനുള്ള തുണി പോലും എൻറെ കൈവശം ഇല്ലല്ലോ! എനിക്ക് കടുത്ത ദേഷ്യം വന്നു. ഞാനൊരു മുസ്ലീമല്ലെങ്കിലും യൂറോപ്പിൽ ഞങ്ങൾ ഹിജാബും നിക്കാബും ബഹുമാനിക്കുന്നുണ്ടെങ്കിൽ, ഞാൻ ആലോചിച്ചു ഞങ്ങളുടെ ജീവിതശൈലിയും മതവും പിന്നെ ഞാൻ ഉടുക്കുന്നതെന്തും അവരും ബഹുമാനിക്കണം. എന്തെന്നാൽ ക്രൊയേഷ്യയിലെ കത്തോലിക്കകാരിയായ ഞാൻ ഇവിടെ വന്നത് ലോകകപ്പ് കാണുവാനാണ്. പക്ഷേ ഞാൻ ഇവിടെ എത്തിയപ്പോൾ എനിക്ക് ആശ്ചര്യമായി ഉടുപ്പിന്റെ കാര്യത്തിൽ അവർ ഒരുടക്കും കാണിക്കുന്നില്ല. നിങ്ങൾ എന്തുടുത്താലും അവർക്കൊരു പ്രശ്നമല്ല; ഗവൺമെൻറ് ഓഫീസുകളിൽ ഒഴികെ അത് ഒരു പ്രശ്നവുമല്ല.”
അറസ്റ്റ് ചെയ്യപ്പെടുന്നത് ഭയക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴും ഇവാനാ പറഞ്ഞു: “അങ്ങനെയൊരു കാര്യത്തെക്കുറിച്ച് എനിക്ക് ആശങ്കയേയില്ല.” ബിക്കിനിയും ലഗിന്‍സും അണിഞ്ഞെത്തിയ തന്നെ ആശ്ചര്യത്തോടെ നോക്കുന്ന ക്യാമറ കണ്ണുകളിലേക്ക് ഇവാന ചുംബനങ്ങൾ പറത്തി. എന്നാൽ പടവുകൾ ഇറങ്ങിവരുന്ന ഇവാനയുടെ പടം പിടിക്കുന്ന ഖത്തറി ആരാധകരുടെ ചിത്രവും ഇവാനയുടെ പോസുകളോടൊപ്പം പ്രചരിച്ചു. വ്യാഖ്യാനങ്ങൾ പിന്നെയും വാചാലമായി.
പുഞ്ചിരിയോടെ ഇവാനയുടെ പിന്നിൽ നിന്നും പടമെടുക്കുന്ന ഖത്തർ ആരാധകൻ ഇവാനയുടെ വസ്ത്രത്തോടുള്ള വിരോധത്താൽ വസ്ത്ര റിപ്പോർട്ടിംഗിനാണ് പടം എടുത്തത്, ഇവാന അറസ്റ്റ് ചെയ്യപ്പെടും എന്നു നിരവധി പേർ ആ ചിത്രത്തെ വിലയിരുത്തുകയും ആശങ്ക പ്രകടിപ്പിക്കുകയും സൗന്ദര്യ റാണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഖത്തറിലെ തന്നെ പ്രമുഖ സംരംഭകനും റോബോട്ട് നിർമ്മാതാവുമായ അൽ-ജഫ്റി ട്വിറ്ററിൽ കുറിച്ചു- “നിങ്ങളുടെ അറിവിലേക്കായി പറയട്ടെ അവർ ആ പടമെടുത്തത് അവളെ ഇഷ്ടമായതിനാലല്ല. ഞങ്ങളുടെ സംസ്കാരത്തിന് വിരുദ്ധമായി അവൾ ഉടുത്തിറങ്ങിയത് പിടിക്കാഞ്ഞിട്ടാണ്. ഏതൊരു ഖത്തറുകാരനോടും നിങ്ങൾക്ക് ഇത് ചോദിക്കാം, മിക്കവാറും റിപ്പോർട്ട് ചെയ്യാനായിരിക്കും.”
ഇത്തരം വാദങ്ങളെയെല്ലാം ഇവാന തള്ളിക്കളയുമ്പോഴാണ് അൽ- ജസീറ പോലെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വരുന്നത്. ബ്രസീൽ, കൊളംബിയ, എത്യോപ്യ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി ഖത്തറിൽ എത്തിച്ചേർന്ന സ്ത്രീകളുമായി ജസീറ ലേഖകൻ ഹഫ്സ ആദിൽ നടത്തിയ സംഭാഷണങ്ങൾ ഖത്തറിനുമേലുള്ള മുൻവിധികളെ ചോദ്യം ചെയ്യുന്നതാണ്. അമേരിക്കയിൽ നിന്നും എത്തിച്ചേർന്ന ആൻഡ്രിയ എം പറയുന്നു “അമേരിക്കൻ മാധ്യമങ്ങൾ ചിത്രീകരിച്ച പശ്ചിമേഷ്യയിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് എനിക്കുണ്ടായത്”.
അപകടകരമായ യാതൊന്നും തന്നെ ചെയ്യുകയില്ലെന്ന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വീണ്ടും വീണ്ടും ഉറപ്പു നൽകിയിട്ടാണ് ആൻഡ്രിയ ഖത്തറിൽ എത്തിയത്. രാത്രി പത്തിന് കിക്കോ ഓഫ് ചെയ്യുന്ന കളികൾ കഴിഞ്ഞ് സ്റ്റേഡിയം വിടുന്ന ആരാധകർ പൊതുഗതാഗത വാഹനങ്ങളിൽ സഞ്ചരിക്കുന്നു, ഫാൻസ് സോണുകളിൽ ആഘോഷം തുടരുന്നു. സ്ത്രീകൾ തനിച്ചും കൂട്ടമായും അവിടെ പൊതുപ്രദർശനങ്ങൾ കാണുന്നു. മറ്റുള്ള ആരാധകരോടൊപ്പം പാടിയും നൃത്തമാടിയും ആധിയില്ലാതെ ചുറ്റിക്കറങ്ങുന്നു. Numbeo crime index പ്രകാരം സുരക്ഷിതമായ നഗരങ്ങളിൽ ദോഹ രണ്ടാം സ്ഥാനത്ത് നിലനിൽക്കുന്നു. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ജോയ് എൻ കുന തൻറെ രാജ്യത്തെ താരതമ്യപ്പെടുത്തിക്കൊണ്ട് പറയുന്നു, “ഇരുട്ടി തുടങ്ങിയാൽ പിന്നെ സ്ത്രീകൾ പുറത്തിറങ്ങാറില്ല”. എന്നാൽ ഖത്തർ സുരക്ഷിതമായി എൻ കുന കാണുന്നു . “ഇവിടെ ഞാനും മകളും പുലർച്ചെ മൂന്നുമണി നേരത്ത് പോലും ചുറ്റിക്കറങ്ങി. ആരും ഞങ്ങളെ തടയുകയോ ചൂളം വിളിക്കുകയോ, അരക്ഷിതരാക്കും വിധം നോക്കുകയോ പോലും ചെയ്തിട്ടില്ല”.
കൊളംബിയയിൽ നിന്നും രണ്ടു കൂട്ടുകാരികളുമായി എത്തിയ ബ്രസീൽ ആരാധക ടാറ്റിയാനാ ലോപ്പസ് പറയുന്നു. “കൊളംബിയയെ അപേക്ഷിച്ചു നോക്കുമ്പോൾ പൊതുവിടങ്ങളിൽ സ്ത്രീകളെക്കാൾ പുരുഷന്മാരെ കാണാം എന്നത് വിചിത്രമായി തോന്നുന്നു. എന്നാൽ അവരെല്ലാം തികച്ചും മാന്യരാണ്”. കൊളംബിയയെ അപേക്ഷിച്ചു ഖത്തറിലാണ് സുരക്ഷിതത്വം കൂടുതൽ എന്നു ടാറ്റിയാനയും അഭിപ്രായപ്പെടുന്നു. “എന്റെ മൊബൈൽ ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് എൻറെ ബാക്ക്പാക്കും ചുമന്നുകൊണ്ട് എനിക്കു നടക്കാം. എനിക്കറിയാം ആരും തന്നെ എന്നിൽ നിന്നും ഒന്നും തന്നെ തട്ടിപ്പറിക്കുകയില്ല എന്ന്.”
ഖത്തറിലെ താമസക്കാരായ സ്ത്രീകൾ പറയുന്നത് ഖത്തറിന്റെ സുരക്ഷിതത്വം ലോകകപ്പ് അനുബന്ധിച്ച് ഉളവായതല്ല എന്നാണ്. “എനിക്ക് സുരക്ഷിതയായിരിക്കാൻ ഒരു പുരുഷൻ കൂടെയുണ്ടാവണം എന്ന് തോന്നുന്നില്ല”. എത്യോപ്യക്കാരിയായ ഖദീജ സുലൈമാൻ പത്തുവർഷമായി ഖത്തറിൽ താമസിക്കുന്നു. മൂന്ന് കുട്ടികളുമായാണ് ലൂസൈൻ സ്റ്റേഡിയത്തിലെ പത്തുമണിക്കുള്ള കളിക്ക് ഖദീജ വന്നത്. സ്റ്റേഡിയത്തിലും ചുറ്റളവിലും മദ്യനിരോധനം ഏർപ്പെടുത്തിയത് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു എന്നും അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിൽ നിന്നും എത്തിച്ചേർന്ന ഡാലിയ അബു ശുലൈഹ് സ്ത്രീകൾ ആഘോഷിക്കുന്ന പൊതുവിടങ്ങൾ കാണുന്നതിന്റെ അത്യാനന്ദത്തിലാണ്. “ഒടുവിൽ ലോകം കാണുകയാണ് സുന്ദരമായ ഞങ്ങളുടെ അറബ് സംസ്കാരം. ആളുകൾ അതിൽ പങ്കുപറ്റുകയും അതിൻറെ ഒരു ഭാഗമായി മടങ്ങിപ്പോവുന്നതും കാണാൻ സുന്ദരമാണ്.”
ഡാലിയ അബൂ ശുലൈഹ് പറയുന്നു. കളി കാണുകയും കളിയാരവങ്ങളിൽ ആർത്തു വിളിക്കുകയും പാതിരാവുകളിൽ പൊതുവിടങ്ങളിൽ നിർഭയരായി സ്വതന്ത്രരായി കറങ്ങുകയും ചെയ്യുന്ന ലോകത്തിൻറെ പല കോണിൽ നിന്നുള്ള സ്ത്രീകളുടെ സത്യവാങ്മൂലങ്ങൾ ഖത്തറിനെ കുറിച്ചുള്ള പാശ്ചാത്യ ധാരണകൾ തിരുത്തുന്നു.
അതോടൊപ്പം കേരളത്തിന്റെ കളിയാരവങ്ങളിലേക്ക് കൂടി കാതോർക്കേണ്ടതുണ്ട്. ലാറ്റിൻ അമേരിക്കൻ യൂറോപ്പ്യൻ കൊടികളും, കാഹളം മുഴക്കുന്ന ഫ്ലക്സ് ബോർഡുകളും, കളിക്കാരെ അമാനുഷികരായി പ്രതിഷ്ഠിക്കുന്ന ഭീമൻ കട്ടൗട്ടുകളം കേരളത്തിൻറെ തെരുവോരങ്ങളും പാടങ്ങളും കീഴടക്കുമ്പോൾ, ഖത്തറിൽ എത്തുന്ന സ്ത്രീകളെ ഓർത്തു നാം ആശങ്കയിൽ ആയിരിക്കുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകരായ സ്ത്രീകളെ വിസ്മരിച്ചു കൂടാ. ദേശാതീതമാണ് കാൽപ്പന്തുകളിയെന്ന് കാല്പനികമായി വാദിക്കുമ്പോഴും ദേശീയതയും വംശീയതയും വർണ്ണബോധവും കളി കാര്യമാക്കിയ കാൽപ്പന്തു ചരിതങ്ങൾ വിസ്മരിക്കാവുന്നതല്ല. കേരളത്തിൽ ഉൾപ്പെടെ കാൽപ്പന്തുകളിക്ക് ലിംഗഭേദം ഉണ്ടെന്ന യാഥാർത്ഥ്യവും ഇതോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ കാൽപ്പന്ത് വെറുമൊരു കളിക്കോപ്പല്ല. അതു പലപ്പോഴും തിരിച്ചറിവുകളിലേക്ക് ഉരുളുന്ന ഒരു രൂപകമാണ്. അതിനാൽ കളി എഴുത്തുകളും പ്രസക്തമാക്കുന്നു.
കേരളത്തിലെ കളി ആരാധകരായ സ്ത്രീകൾ എവിടെ എന്ന ചോദ്യം ഈ ലോകകപ്പിൽ എങ്കിലും നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. മതരാഷ്ട്രമായ ഖത്തറിനെക്കാളും പുരുഷാധിപത്യം നിലനിൽക്കുന്ന ഇടമാണ് കേരളം എന്ന തിരിച്ചറിവിലേക്ക് തന്നെയാണ് ഈ ആലോചന നമ്മെ നയിക്കുക. കേരളത്തിൻറെ സ്വന്തം കാൽപ്പന്തുകളങ്ങളായ സെവൻസ് ഫുട്ബോൾ ഗ്രൗണ്ടുകളിലെ ഗ്യാലറികളിൽ സ്ത്രീകൾ വരാറുണ്ടോ ? ആ കവുങ്ങിൻ പടികളിൽ ഇരുന്ന് അവർക്ക് കളി ആസ്വദിക്കാൻ കഴിയുമോ ? ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന കേരളത്തിലെ ഫാൻസ് സോണുകളിൽ ഖത്തറിലെ പോലെ സ്ത്രീകൾക്കു വന്നു പാടുവാനും നൃത്തമാടുവാനും സാധ്യമാണോ ? ഇനിയെന്നാണ് കേരളത്തിൻറെ കളിക്കളങ്ങളിൽ നിന്നും ഫാൻസ് സോണുകളിൽ നിന്നും പെണ്ണാരവങ്ങൾ കേൾക്കാനാവുക ?
രാത്രിയിൽ സ്ത്രീകൾക്ക് നിർഭയരായി, സ്വതന്ത്രരായി പുറത്തിറങ്ങാൻ കഴിയാത്ത , പൊതുവിടങ്ങളിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ ആവാത്ത ഒരു പുരുഷാധിപത്യ സമൂഹത്തെ തിരുത്തുവാൻ കാൽപ്പന്തിനു കഴിയുമോ ? കേരളത്തിന്റെ ഗ്യാലറിയിൽ ഇരുന്ന് ഒരു സ്ത്രീ കളി കാണുന്നത് പോലും ഒരു രാഷ്ട്രീയപ്രവർത്തനമാകുന്നു. സാമൂഹികവും സാംസ്കാരികവുമായ ഇടപെടൽ ആകുന്നു. അതിനാൽ തന്നെ സന്ധ്യ എൻ.പിയുടെ പെൺബുദ്ധൻ എന്ന കവിതാ സമാഹാരത്തിലെ ‘ ഉടയാത്ത പെണ്ണ് ‘എന്ന കവിത ഈ ലോകകപ്പിൽ വീണ്ടെടുത്ത് വായിക്കേണ്ടിയിരിക്കുന്നു. വീടിന് തൊട്ടടുത്തുള്ള ലോകകപ്പ് പ്രദർശന ശാലയിൽ ചെന്ന് കളി കാണാൻ തനിക്ക് ആശയുണ്ടെന്നും എന്നാൽ അത് എത്തരത്തിലാണ് അവിടെ കളികാണാൻ എത്തുന്നവരെയും തന്നെയും ബാധിക്കുക എന്നറിയായ്കയാൽ ഇതുവരെ ആൾക്കൂട്ടത്തിൽ ഇരുന്ന് കളികാണാൻ കഴിഞ്ഞിട്ടില്ല എന്നും സന്ധ്യ എൻ. പി പറഞ്ഞത് ഈ കവിതയോട് ചേർത്തു വായിക്കേണ്ടതാണ്.
ഉടയാത്ത പെണ്ണ്
കളിക്കളത്തിൽ ഒറ്റയ്ക്കൊരു പന്ത്
ഭീകരമായ നിശബ്ദത
ആരവം ഒരു നിമിഷം
തടയപ്പെട്ട ഗാലറിത്തൊണ്ട
പെട്ടെന്ന്
ഒരു കാൽ പറന്നു വന്ന്
പന്തിലാഞ്ഞടിക്കും
പൊങ്ങിപ്പറന്ന്
വായുവിൽ വട്ടം കറങ്ങി
ആരുടേയോ തലയിലിടിച്ച്
നെഞ്ചിൽത്തട്ടി
വീണ്ടും ഏതൊക്കെയോ
കാലുകൾക്കിടയിലേക്ക്
ഉരുണ്ടു വീഴും പന്ത്.
ഒരേസമയം ഇരുവശങ്ങളിലേക്കും
വലിക്കപ്പെടുന്ന ഒറ്റ ശരീരത്തിലെ
ഇരുകരങ്ങൾ പോലെ പന്ത്
പിളർക്കാനാവാത്ത നിമിഷം –
ഒരു വശത്തേക്ക് ഉരുണ്ടു മറിയുന്നൂ പന്ത്.
വീണ്ടും കാലുകൾക്കിടയിൽപ്പെട്ട്
വലയ്ക്കകത്തേക്ക്
ഉരുണ്ടൂർന്നുരുളുന്ന പന്ത്.
കാൽത്തട്ടേറ്റ് വായുവിൽ
അവ്യക്തമാംഗ്യങ്ങൾ കാട്ടി
നിരാശയോടെ നിലംപതിക്കുന്ന പന്ത്.
ഗാലറിയിലിരുന്ന്
സ്ത്രീകൾ കളിക്കളത്തിലേക്ക് നോക്കുമ്പോഴെല്ലാം
കളിക്കളത്തിൽ ഒറ്റയ്ക്കൊരു പെണ്ണ്.
പിളർത്താനാവാത്ത ഒരു നിമിഷം!
ഗ്യാലറിയിലിരുന്ന് ഒരു സ്ത്രീ കാൽപ്പന്തുകളി കാണുമ്പോൾ, കാൽപ്പന്ത് സ്ത്രീയുടെ ജീവിതത്തിൻറെ രൂപകമായി മാറുന്നു. പൊങ്ങിപ്പറന്നും, വായുവിൽ വട്ടം കറങ്ങിയും, തലയിൽ ഇടിച്ചും, നെഞ്ചിൽ തട്ടിയും വീണ്ടും കാലുകൾക്കിടയിലേക്ക് ഉരുണ്ടുവീഴുന്ന പന്ത്, വായുവിൽ അവ്യക്തമാംഗ്യങ്ങൾ കാട്ടി നിരാശയോടെ നിലം പതിക്കുന്ന പന്ത് !
ഗ്യാലറിയിലിരുന്ന് കളി കാണുന്ന പെണ്ണിനു മാത്രം കാണാം – കളിക്കളത്തിലെ പന്തു പോലെ ഒറ്റയ്ക്ക് ഒരു പെണ്ണിനെയും പന്തിൽ നിന്നും സ്വയം പിളർത്താനാവാത്ത തന്റെ ജീവിതത്തെയും.