മൃതദേഹങ്ങള്‍ക്കരികിലെ ‘പ്രതീക്ഷ’കളും താരാട്ടുപാട്ടുകളും

ഇറ്റ്‌ഫോക്ക് – മൂന്ന് കുറിപ്പുകള്‍

ങ്ങനെയൊരു തലക്കെട്ടുള്ള മറ്റൊരു പുസ്തകം കണ്ടതായി ഓര്‍മ്മിക്കുന്നില്ല- Doomed by hope എന്ന ശീര്‍ഷകത്തിലുള്ള അതിഗംഭീരമായ പുസ്തകം സമാകാലിക അറബ് നാടകലോകത്തിലേക്ക് ആഴത്തില്‍ വെളിച്ചം വീശുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച പുസ്തകം വീണ്ടും ഓര്‍മ്മയിലേക്ക് വന്നത് ഇറ്റ്‌ഫോക്കില്‍ ലബനീസ് നാടകം ‘Told by my mother’ കണ്ടപ്പോഴാണ്. അറബ് ജനതയുടെ ജീവിതത്തെ മൃതദേഹങ്ങള്‍ക്കരികിലെ പ്രതീക്ഷയെന്ന് വിളിക്കാമെന്ന് പുസ്തകത്തിന്റെ എഡിറ്റര്‍ ഇയാദ് ഹുസൈമി എഴുതിയതിന്റെ ആഘാതം ഈ നാടകം കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി അനുഭവപ്പെട്ടു. (വിഖ്യാത എഴുത്തുകാരന്‍ ഇല്യാസ് ഖൂരിയാണ് അവതാരിക- ഈ ആശയത്തെ അദ്ദേഹം കൂടുതല്‍ വിപുലമാക്കുന്നു). മരിച്ചവര്‍ തിരിച്ചുവരുമെന്ന തോന്നലില്‍, അങ്ങിനെയുള്ള മാനസികാവസ്ഥയില്‍ പലതലമുറകളായി അറബികള്‍ തള്ളിനീക്കുന്ന ജീവിതത്തെ ഒരു മണിക്കൂര്‍ 10 മിനിറ്റിൽ അതിശക്തമായി അവതരിപ്പിക്കുകയാണ് നാടകം. ലബനോന്‍, ഫലസ്തീന്‍, ഇറാഖ്, സിറിയ, യമന്‍ ഇങ്ങിനെ അറബ് നാടുകളിലെ ജീവിതത്തിന്റെ രൂപകമായി മൃതദേഹങ്ങള്‍ക്കരികിലെ പ്രതീക്ഷ സംഭവിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. പരിഹാരങ്ങള്‍ ഉണ്ടാകുന്നില്ല, കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. അറബ് ലോകത്തിന്റെ ഈ അനുഭവം ഇന്ന് മറ്റിടങ്ങളിലേക്കും പടരുന്നു.

Doomed by hope കവർ

ഫെസ്റ്റിവല്‍ ബുക്കില്‍ നാടകത്തെ ഇങ്ങിനെ സംക്ഷിപ്തമാക്കുന്നു: “ലബനീസ് നര്‍ത്തകനും നൃത്ത സംവിധായകനുമായ അലി ചാഹ്രോറിന്റെ പ്രണയത്തെക്കുറിച്ചുള്ള നാടകത്രയത്തിലെ രണ്ടാം ഭാഗമാണിത്. സ്വന്തം കുടുംബ ചരിത്രത്തില്‍ നിന്നുള്ള വികാര നിര്‍ഭരമായ കഥകളും പ്രക്ഷുബ്ധമായ ലബനാനുമാണ് ഈ അവതരണത്തിനു പിന്നിലെ പ്രചോദനം. അമ്മ ലൈലയാണ് ആഖ്യാന കേന്ദ്രം. അമ്മയുടെ കൂടെയുള്ള കുട്ടിയായ അബ്ബാസ്, അവനെ രക്തസാക്ഷിത്വത്തില്‍ നിന്നും രക്ഷിക്കാനാണ് അമ്മയുടെ ശ്രമം. പിന്നെയുള്ളത് ഫാത്തിമയാണ്. സ്വന്തം മകന്‍ ഹസ്സനെ തിരഞ്ഞുകൊണ്ടേയിരിക്കുന്ന ഒരമ്മ. അങ്ങിനെ വികസിക്കുന്ന പല പല കഥകളിലൂടെ സാധാരണ സ്ത്രീകളായ അമ്മമാരുടെ സ്‌നേഹത്തിന്റേ തീവ്രതയും തരളതയും ഇവിടെ ആവിഷ്‌ക്കരിക്കപ്പെടുന്നു. അരങ്ങില്‍ അവര്‍ ഹൃദയഭേദകമായ കുടുംബ ചിത്രങ്ങള്‍ അവതരിപ്പിക്കുന്നു, രക്തബന്ധങ്ങളുടെ അനന്തമായ സൗന്ദര്യത്തിന്റെ തീവ്രതയോടെ. അലി ചാഹ്രോര്‍, നടി ഹല ഒമ്ര എന്നിവരുടെ പ്രകടനങ്ങള്‍ക്ക് അറബ് സംസ്‌ക്കാരത്തില്‍ നിന്നുരവം കൊള്ളുന്നതും നാഗരിക ശബ്ദങ്ങള്‍ ഇഴ ചേരുന്നതുമായ സംഗീത അകമ്പടി നല്‍കുന്നത് ടു ആന്റ് ദ ഡ്രാഗൺ സംഗീതജ്ഞരാണ്. ചലനങ്ങള്‍, ഗാനങ്ങള്‍, വാക്കുകള്‍, സംഗീതം ഇവയെല്ലാം തലമുറകള്‍ക്ക് ഒന്നിക്കാനും വേര്‍പിരിയാനുമുള്ള വേദിയൊരുക്കുന്നു, അമ്മയും കുട്ടിയും തമ്മിലുള്ള നേര്‍ത്ത എന്നാല്‍ ആഴമറ്റ സ്‌നേഹം പോലെ.”

Told by my mother എന്ന നാടകാവതരണത്തിൽ നിന്നും. ഫോട്ടോ: itfokmediadesk

നാടകാഖ്യാനത്തിന്റെ ആരംഭത്തിലുള്ള അമ്മ ഫാത്തിമ മകന്‍ ഹസനെ തിരഞ്ഞുകൊണ്ടിരിക്കുന്നു. ഫാത്തിമ ലബനോനില്‍ എത്തിയ ഫലസ്തീനി അഭയാര്‍ഥിയാണ്. അവരുടെ ഭര്‍ത്താവ് സിറിയക്കാരനാണ്. ഹസന്റെ പൗരത്വം സൂരിയ (സിറയ) ആണ്. ഇടക്ക് പൗരത്വം പുതുക്കാനായി ലെബനോനില്‍ നിന്നും അയാള്‍ സിറിയയിലേക്കു പോകും. അങ്ങിനെ ഒരു യാത്രയില്‍ ഹസന്‍ കൊല്ലപ്പെടുന്നു. അയാളുടെ മരണ വാര്‍ത്തയും ധരിച്ചിരുന്ന കമ്പിളിക്കുപ്പായവും ഫാത്തിമക്ക് ലഭിക്കുന്നു. കൂട്ടക്കുഴിമാടത്തിലാണ് ഖബറടക്കിയത് എന്ന വ്യക്തതയില്ലാത്ത വിവരവും. അവന്റെ ഒരു പിടി എല്ലുപോലും കിട്ടാതെ ഞാനവനെ എങ്ങിനെ അടക്കുമെന്ന ചോദ്യം, കമ്പിളിക്കുപ്പായം മാത്രം എങ്ങിനെ ഖബറില്‍ വെക്കുമെന്ന ഫാത്തിമയുടെ ചോദ്യം, വിലാപ ഗാനമായി അരങ്ങില്‍ ഉയരുന്നു. ഓരോ ചോദ്യങ്ങളും അവസാനിക്കുന്നത് യാ ഹസ്സന്‍ എന്ന് മകനെ പേരു ചൊല്ലി വിളിക്കുന്നതിലാണ്. മരിച്ചവരോട് ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന സംഭാഷണങ്ങളുടെ ശേഖരമാണീ നാടകം. ഷിയാ മുസ്‌ലിംകള്‍ക്കിടയിലെ വിലാപ ഗീതങ്ങളുടെ പാരമ്പര്യത്തിലുള്ളതാണ് (കര്‍ബലയില്‍ അലിയുടെ പേരില്‍ നടക്കുന്ന ഘമാലിശേിഴ പോലെ) ഇതിലെ പാട്ടുകളും അതിനെ പിന്തുടരുന്ന സംഗീതവും. മരിച്ചവരെ താരാട്ട് പാടി ഉറക്കുന്ന അമ്മമാരുടെ ജീവിത നേര്‍ക്കഥകളുടെ നിരവധി അടരുകള്‍ ഇവിടെ കാണിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതം കണ്ണീര്‍ തോരാത്ത പ്രാര്‍ഥനയും മരിച്ച മക്കള്‍ക്കുള്ള താരാട്ടുപാട്ടുകളുമായി മാറിയ അമ്മമാരെയാണ് അരങ്ങ് അവതരിപ്പിക്കുന്നത്. മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ സുമേറിയന്‍ താരാട്ടുപാട്ടടക്കം ഈ നാടകത്തിലെ അമ്മമാര്‍ പാടുന്നു, എന്തിന്? രാത്രി മക്കള്‍ സ്വസ്ഥരായി ഉറങ്ങാനും പിറ്റേന്ന് പ്രഭാതത്തില്‍ ആഹ്‌ളാദത്തോടെ ഉണരാനുമായി. എന്നാലിവിടെ നിത്യമായ ഉറക്കം മാത്രമാണുള്ളത്, ഉണര്‍വ് ഒരിക്കലും ഉണ്ടാകുന്നില്ല. അമ്മമാരുടെ കാത്തിരിപ്പും പ്രതീക്ഷകളും കണ്ണീരിനും കുറുകെ കൂട്ടക്കുഴിമാടങ്ങളുടെ നിത്യ സഞ്ചാരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതൊരു ലോകക്രമമായി മാറിയിരിക്കുന്നു. അവശേഷിക്കുന്നത് അമ്മമാരുടെ വിലാപങ്ങളാണ്. ഈ അന്തരീക്ഷത്തെയാണ് അലി ചാഹ്രോര്‍ അരങ്ങിലെത്തുന്നത്. നാടക അരങ്ങ് വിലാപ കാവ്യങ്ങളാല്‍ മുഖരിതമായ ഒരു ശ്മശാനത്തെ ഓര്‍മ്മിപ്പിച്ചു. കണ്ണീര്‍ കുടിച്ച്, അതില്‍ നനഞ്ഞ് വളരുന്ന പൂക്കളും മരങ്ങളും പ്രകൃതിയുമാണ് അവിടെയുള്ളത്. അങ്ങിനെയൊരു ഇക്കോസിസ്റ്റത്തിലാണ് നാടകത്തിലെ അമ്മമാര്‍ ജീവിക്കുന്നത്.

പിടഞ്ഞു മരിക്കുന്നവര്‍, മരണത്തിനും ജീവിതത്തിനും ഇടയില്‍ നൃത്തം ചെയ്യുവര്‍, ഒടുവില്‍ അമ്മമാരുടെ താരാട്ടുപാട്ടുകള്‍ക്കും വിലാപകാവ്യങ്ങള്‍ക്കുമിടിയില്‍ അലിഞ്ഞില്ലാതാകുന്ന, അകാരണമായി കാണാതാകുന്ന മനുഷ്യര്‍. ഈ അനുഭവത്തെ അതിത്രീവമായി നാടകം കാണിക്ക് പകർന്നു നല്‍കുന്നു. രക്തസാക്ഷിയാകുന്നതില്‍ നിന്ന് മക്കള്‍ രക്ഷപ്പെടണേ എന്ന് പ്രാര്‍ഥിക്കുന്ന അമ്മമാരെയാണ് നാടകം അവതരിപ്പിക്കുന്നത്. എന്റെ മകന്‍ രക്തസാക്ഷിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നു പറയുന്ന ആര്‍ക്കിടൈപ്പ് (സ്റ്റാറ്റസ് കോ) അമ്മമാരെയല്ല. രക്തസാക്ഷിത്വം അര്‍ത്ഥ രഹിതമായിക്കഴിഞ്ഞ ലോകത്ത് അങ്ങിനെയൊന്നിൽ അഭിമാനിക്കാന്‍ ഒന്നുമില്ലെന്നാണ് നാടകത്തിലെ കഥാപാത്രങ്ങള്‍ വിളിച്ചു പറയുന്നത്. ഹസന്റെ അമ്മ അര്‍ബുദം ബാധിച്ച് മരിക്കുമ്പോഴും അവര്‍ മകന്‍ തിരിച്ചുവരുമെന്നുതന്നെ പ്രതീക്ഷിച്ചു. ഒട്ടനവധി സ്ഥലങ്ങളില്‍ അവര്‍ ഹസനെ അന്വേഷിച്ചു. മരണം സ്ഥിരീകരിക്കും വരെ ഒന്നും അവര്‍ക്ക് കിട്ടിയില്ല. മനുഷ്യജീവിതം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന സംഗതി ഈ സ്ഥിരീകരണമാണ്. അത് ലഭിക്കാത്ത ഒരു ലോകത്ത്, രക്തസാക്ഷിത്വത്തെ പഴയ പോലെ ആദര്‍ശവല്‍ക്കരിക്കാന്‍ ഇന്ന് ഒരു അമ്മക്കും കഴിയില്ല. ഗോര്‍ക്കിയുടെ അമ്മയല്ല ഹസന്റെ അമ്മ ഫാത്തിമ. ആദര്‍ശ ലോകങ്ങളിലെ ഇത്തരമൊരു മാറ്റത്തെക്കൂടി ‘Told by my mother’ രേഖപ്പെടുത്തുന്നു. ഹസ്സനു ശേഷം അബ്ബാസ് കടന്നുവരുന്നു. അവനെ വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നു, അവനേയും നഷ്ടപ്പെടുന്ന അമ്മ കാണിയെ അടുത്ത രംഗത്തില്‍ അഭിമുഖീകരിക്കുന്നു. അറബ് ലോകവും ഇതര ദേശങ്ങളും സാമാന്യവല്‍കൃത ആദര്‍ശ രൂപകങ്ങളില്‍ നിന്നും മോചനം നേടണമെന്ന സംവാദത്തിലേക്ക് തുറക്കുന്ന വാതിലായിക്കൂടി നാടകം അതിന്റെ അടിത്തട്ടിൽ പ്രവര്‍ത്തിക്കുന്നു. അമ്മമാര്‍ക്കുള്ള ആദരം എന്ന് സാമാന്യവല്‍കൃത അമ്മ രൂപകമുപയോഗിച്ച് മാധ്യമങ്ങള്‍ ഈ നാടകത്തെ വിശേഷിപ്പിച്ചു കഴിഞ്ഞു. സത്യത്തില്‍ ആ പ്രയോഗത്തെ വെല്ലുവിളിക്കുകയാണ് ഈ രചനയെന്ന് മനസ്സിലാക്കാതെ!

Told by my mother എന്ന നാടകാവതരണത്തിൽ നിന്നും. ഫോട്ടോ: itfokmediadesk

ഇന്ത്യ ട്രൈബ്യൂണല്‍: അസംബന്ധങ്ങളുടെ നിത്യവാഴ്‌വ്

നിഖില്‍ മേത്ത സംവിധാനം ചെയ്ത ‘For the record’ കലയുടെ വിധ്വംസക ശക്തിയുടെ അസാധാരണമായ ഊര്‍ജ്ജപ്രവാഹം സാക്ഷാത്കരിച്ച് അതിന്റെ സാക്ഷിയും സത്യവാങ്മൂലവുമായി. നാടകത്തെക്കുറിച്ച് ഫെസ്റ്റിവല്‍ ബുക്കില്‍ നിന്ന്: “ഇന്ത്യയെ ലോകത്തിന്റെ മുന്നില്‍ പ്രതിനിധാനം ചെയ്യുവാനായി 1971ല്‍ മൂന്ന് കലാവസ്തുക്കള്‍ തിരഞ്ഞെടുക്കാനായി ഒരു ട്രൈബ്യൂണലിനെ ചുമതലപ്പെടുത്തുന്നു. ഫ്‌ളാഷ് ഫോര്‍വേര്‍ഡ്: 2018ല്‍ ആ ട്രൈബ്യൂണലിന്റെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. 2022ല്‍ ഫോര്‍ ദ റെക്കോര്‍ഡ് അവരുടെ കൂടിച്ചേരലുകള്‍, ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ എന്നിവയിലെ നാടകീയ സന്ദര്‍ഭങ്ങളെ പുനരാവിഷ്‌ക്കരിക്കുന്നു.”

സംവിധായകന്റെ കുറിപ്പ് ഇങ്ങിനെ വായിക്കാം: “ഈ നാടകത്തിന്റെ കേന്ദ്രത്തിലുള്ളത് വിശാലവും അസംബന്ധവുമായ ഒരു ചോദ്യമാണ്. എങ്ങിനെയാണ് നാം നമ്മളുടെ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുക? അതെങ്ങനെയായിരിക്കും കേള്‍പ്പിക്കുക, കാണിക്കുക? ആരുടെ കഥകളാണ് നമ്മള്‍ പറയുക? അസംബന്ധമായ ഈ ചോദ്യത്തിന്റെ ഒരുവശത്ത് കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലെ അസാധ്യതയും ഒപ്പം ആ ചോദ്യം ഉയര്‍ത്തുന്ന അനന്തമായ സാധ്യതകളും ഉണ്ട്. ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന ആറു പേരും അവര്‍ നേരിടുന്ന സംഘര്‍ഷങ്ങളുമാണ് For the record.”

For the record

ഇന്ത്യയെക്കുറിച്ച്, അതിന്റെ സാംസ്‌കാരിക അര്‍ത്ഥങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം, അല്ലെങ്കില്‍ സംസാരം വഴിമുട്ടി നില്‍ക്കുന്നത് എവിടെയായിരിക്കും? ഇന്ന് ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതായിരിക്കുന്നു. ഭൂരിപക്ഷതയുടെ ഹിംസ എല്ലാ അതിരുകളും മറികടക്കുന്ന ഇക്കാലത്ത്. നിഖില്‍ മേത്ത ഈയൊരു സന്ദര്‍ഭത്തെ അതിതീവ്രമായി അവതരിപ്പിച്ചു. അതില്‍ സമ്പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു. സംസ്‌കാരത്തിന്റെ ഉല്‍പ്പാദകര്‍ ആര്, അതിനെ പ്രതിനിധീകരിക്കുന്നത് ആരെല്ലാം- ഈ ചോദ്യത്തെ പല വഴികളിലൂടെ ആക്രമിച്ച് ബഹുതല സ്പര്‍ശിയായ ‘ഇന്ത്യയെ കണ്ടെത്തല്‍’ ഈ നാടകത്തില്‍ സംഭവിക്കുന്നു. യു.എന്‍ അതിന്റെ സാംസ്‌കാരിക ഗാലറിയിലേക്ക് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും Artifacts ശേഖരിക്കുന്നു. ഇന്ത്യയില്‍ നിന്നും എന്ത് എതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ആറംഗ ട്രൈബ്യൂണലിനെ നിയോഗിക്കുന്നു. ഗാന്ധിയും താജ്മഹലും പൂജ്യവും കര്‍ണാടക സംഗീതവും സമൂസയും ഉള്‍പ്പെടെ (കാണികള്‍ക്ക് നാടകക്കാര്‍ നിരവധി സമൂസകള്‍ കൈമാറുകയും ചെയ്തു) പലതും ചര്‍ച്ചയില്‍ വരുന്നു. പക്ഷെ ഒരിക്കലും സമവായത്തിലെത്താന്‍ ട്രൈബ്യൂണലിന് കഴിഞ്ഞില്ല. ഗാന്ധിയോ ബോധിവൃക്ഷമോ എന്ന ചോദ്യത്തില്‍ ജയിച്ചത് ബോധിവൃക്ഷം. അങ്ങിനെ പലതരം ചര്‍ച്ചകള്‍. അതിന്റെ അസംബന്ധതകള്‍. മുഗളേ ആസാം എന്ന സിനിമ വേണോ മദര്‍ ഇന്ത്യയായാലോ എന്ന ചര്‍ച്ചയില്‍ പോലും ഒരു സമവായം സാധ്യമായില്ല. അതായത് സമവായ ഇന്ത്യ എന്നൊന്നില്ല, യഥാര്‍ഥ ഇന്ത്യ എന്ന ഒന്നേയുള്ളൂ. ട്രൈബ്യൂണലിലെ ഒരോ അംഗത്തിന്റേയും ജാതിതാല്‍പര്യങ്ങള്‍, അത്രതന്നെ പാരമ്പര്യ മഹിമാ താല്‍പര്യങ്ങള്‍ ആണ് അവരെ ഓരോ തെരഞ്ഞെടുപ്പിലേക്കും നയിക്കുന്നത്. അതെല്ലാം കൊടിയ തര്‍ക്കത്തില്‍ അതിന്റെ അന്ത്യം കണ്ടെത്തുന്നു. വിയോജിപ്പ് ആണ് ട്രൈബ്യൂണല്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. വിയോജിക്കാനുള്ള അവകാശമാണ്, ബഹുതലതയാണ് ഇന്ത്യ എന്ന ആശയം ഒരു മണിക്കൂറില്‍ നാടകം സ്ഥാപിക്കുന്നു, അതില്‍ വിജയിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നുള്ള ഏകമുഖമായ തിരഞ്ഞെടുപ്പ് സാധ്യമാണോ? ഒരിക്കലുമില്ല. അതുകൊണ്ടാണ് നാടകത്തിന്റെ അവസാനത്തില്‍ ഇന്ത്യ ഒന്നുമില്ലായ്മയാണ്, ശൂന്യതയാണ് എന്നൊരാൾ വാദിക്കുന്നത്. വാദങ്ങളും പ്രതിവാദങ്ങളും തര്‍ക്കങ്ങളും വിയോജിപ്പുകളും ശ്രദ്ധിക്കുന്ന ഒരാള്‍ എത്തുക ഇന്ത്യന്‍ ജീവിതത്തില്‍ ഒന്നിനും ഒറ്റയുത്തരം ഇല്ല എന്നതിലാണ്. ഒരേ ചോദ്യം നിരവധിയായ ഉത്തരങ്ങളിലേക്ക് (വാദമുഖങ്ങളിലേക്ക്) നമ്മെ കൊണ്ടുപോകുന്നു. യു.എന്‍ ജീവനില്ലാത്തെ ആര്‍ക്കൈവല്‍ മെറ്റീരിയലായി എല്ലാ രാജ്യങ്ങളേയും അവരുടെ ഗ്യാലറിയില്‍ മ്യൂസിയം പീസാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അങ്ങേയറ്റം ജൈവികമായി സ്പന്ദിക്കുന്ന ഇന്ത്യയുടെ യഥാര്‍ഥ ആര്‍ക്കൈവ് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിലേക്ക് നാടകം കാണിയെ കൊണ്ടുപോകുന്നു. ഇങ്ങിനെയൊരു നാടകം സാധ്യമാണോ എന്നൊരു തോന്നല്‍ തുടക്കത്തില്‍ സൃഷ്ടിച്ച് തീര്‍ച്ചയായും സാധ്യം എന്ന ബോധത്തിലേക്ക് കാണിയെ നടത്തിക്കാന്‍ നാടക സംഘത്തിനു കഴിയുന്നു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല, എന്നത്തേയും ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമായിക്കൊണ്ട്, അതത് കാലങ്ങളെ വായിക്കാന്‍ ഏതൊരാളേയും ഈ നാടകം സഹായിക്കും. കാലങ്ങളെ ഭേദിച്ചു വളർന്നുകൊണ്ടേയിരിക്കുന്ന ഇന്ത്യന്‍ നാടകമാണ് ‘For the record’. ഒരു കാണി എന്ന നിലയില്‍ എനിക്കതില്‍ സംശയമില്ല.

For the record എന്ന നാടകത്തിലെ രം​ഗം. ഫോട്ടോ: itfokmediadesk

നാടകത്തില്‍ ഒരിടത്ത് ട്രൈബ്യൂണലില്‍ ഇങ്ങിനെയെല്ലാം നടന്നെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എന്‍ ഗ്യാലറിയില്‍ മൂന്ന് സാധനങ്ങള്‍ ഇടം പിടിച്ചുണ്ടെന്നും അതിനു പിന്നില്‍ ആരെന്നറിയില്ലെന്നും ഒരു കഥാപാത്രം പറയുന്നുണ്ട്. അത് ഇന്ത്യയിലെ നിരവധി ട്രൈബ്യൂണലുകളുടെ ചരിത്ര അസംബന്ധത്തിലേക്കു കൂടി ഓരോ ഇന്ത്യക്കാരനേയും നയിക്കുന്നു. നാടകത്തിന്റെ അവസാനത്തില്‍ ഒരു ഗ്യാലറി തിരശ്ശീല ഉയരുകയും അതില്‍ കഥാപാത്രങ്ങള്‍ ചീം എന്നെഴുതുകയും ചെയ്യുന്നു. ആ ഗാലറിയിലെ ചീം അല്ല ഇന്ത്യന്‍ ബഹുതലത. അങ്ങിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നാടക സംഘം പിന്‍വാങ്ങുമ്പോള്‍ കാണികള്‍ പലതരം സ്ഥലകാല വിഭ്രമത്തില്‍ നിന്നും മുക്തരായി ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ കാഴ്ച്ചകളിലേക്ക് ഒരിക്കല്‍ കൂടി നോക്കാന്‍ നിര്‍ബന്ധിതരാകുന്നു.

റെയ്‌ന കലയിലുള്ള വിശ്വാസം വീണ്ടും ഊട്ടിയുറപ്പിച്ചു

കശ്മീരിലെ നിസ്‌ക്കാരക്കഥ (നമാസ് കഹാനി) കല എങ്ങിനെ എപ്പോഴും അതിന്റെ മാന്ത്രികക്കമ്പളത്തില്‍ സഞ്ചാരം തുടരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. Theatre often Resists-Conversion to different Purposes പ്രബന്ധാവതരണ വേളയിലാണ് എം.കെ റെയ്‌ന ആ സത്യകഥ പറഞ്ഞത് (താരേ സമീന്‍പറിലെ പ്രിന്‍സിപ്പള്‍ എന്ന നിലയിലാണ് റെയ്‌നയെ പുതുതലമുറ ഇറ്റ്‌ഫോക്കില്‍ കണ്ടതെന്നു തോന്നി). കശ്മീര്‍ സ്വതന്ത്രവാദത്തിന്റെ ഉച്ചസ്ഥായില്‍ കലയും കലാകാരന്മാരും താഴ്‌വരയില്‍ നിന്നും പുറത്താക്കപ്പെട്ടു. കശ്മീരിയും കലാകാരനുമായ റെയ്‌നയുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. ഏറെ നാളിനു ശേഷം കശ്മീര്‍ താഴ്‌വരയിലേക്ക് മടങ്ങി വന്ന് അദ്ദേഹം ഒരു നാടകം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വളരെ മുതിര്‍ന്ന പല കലാകാരന്‍മാരും കല തന്നെ മറന്ന അവസ്ഥയിലായിരുന്നു. സംഗീതജ്ഞര്‍ എല്ലാ ദിവസവും തങ്ങളുടെ ഉപകരണങ്ങള്‍ പുറത്തെടുത്ത് പൊടി തുടച്ച് പഴയ സ്ഥാനത്തുതന്നെ വയ്ക്കും. എന്നും ഇതാവര്‍ത്തിക്കും. അങ്ങിനെ മൂന്നു ഗ്രാമങ്ങളുടെ സഹകരണത്തോടെ റെയ്‌ന നാടകത്തിന്റെ ജോലികള്‍ ആരംഭിച്ചു. നാടക സെറ്റിനുവേണ്ട എല്ലാം ഗ്രാമങ്ങളില്‍ തന്നെയുണ്ടാക്കി. ആശാരിമാരും മൂശാരിമാരും കൈവേലക്കാരും കളിമൺ നിര്‍മ്മാണത്തൊഴിലാളികളും മറ്റ് കരകൗശല വിദഗ്ധരും തുടങ്ങി എല്ലാവരേയും നാടകത്തിന്റെ ഭാഗമാക്കാന്‍ റെയ്‌ന ശ്രദ്ധിച്ചു. നടീനടന്‍മാര്‍ തയ്യാറായി. റിഹേഴ്‌സലുകള്‍ സജീവമായി. അരങ്ങിലെത്തുമോ ഈ നാടകം എന്ന തീര്‍പ്പില്ലായ്മ എല്ലാവരിലും എല്ലായ്‌പ്പോഴും വിങ്ങി നിന്നു.

എം.കെ റെയ്ന ഇറ്റ്ഫോക് കൊളോക്കിയത്തിൽ സംസാരിക്കുന്നു. ഫോട്ടോ: itfokmediadesk

ഒടുവില്‍ നാടകം കളിക്കേണ്ടതിന്റെ രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത ഗ്രാമത്തില്‍ ആക്രമണം, 22 മരണം. നാടകം നടക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായി. എങ്കിലും റെയ്‌ന അരങ്ങില്‍ ഒരു ചുവടെങ്കിലും വെക്കണം എന്ന നിലയില്‍ തന്നെ മുന്നോട്ടുപോയി. പ്രധാന നടന്മാരില്‍ ഒരാള്‍ നാടകം ഉപേക്ഷിക്കണം എന്ന് തറപ്പിച്ചു പറഞ്ഞു. എന്നാല്‍ സംഘത്തിലെ ഒരു ചെറുപ്പക്കാരന്‍ ഒന്നും സംഭവിക്കില്ല, നാടകം കളിക്കാം എന്ന ആത്മവിശ്വാസം പങ്കുവെച്ചു. നാടകം കളിക്കേണ്ട ദിവസം പള്ളിയില്‍ ബാങ്കുവിളിച്ചു. എല്ലാവരും പ്രാര്‍ഥിക്കാന്‍ പോയി. പള്ളി വേഗം പിരിഞ്ഞു. നാടകം കളിക്കാം എന്നു പറഞ്ഞ ചെറുപ്പക്കാരന്‍ പ്രതീക്ഷകെട്ട മുഖവുമായി (അതായിരുന്നു അഭിനയം) റെയ്‌നയുടെ അടുത്തെത്തി. അയാളോട് റെയ്‌ന എന്താണ് സംഭവിച്ചത് എന്നു ചോദിച്ചു. പള്ളിയില്‍ ചെല്ലുമ്പോള്‍ നിസ്‌ക്കരിക്കാന്‍ എത്തിയവര്‍ക്കിടയില്‍ ഒരു ‘പിറുപിറുക്കല്‍ കാമ്പയിന്‍’ നടക്കുകയായിരുന്നു. ‘നാടകമുണ്ട്, നിസ്‌ക്കാരം വേഗം തീര്‍ത്താല്‍ നന്നായിരുന്നു’- ഇതാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. അത് ഇമാമിന്റെ ചെവിയിലുമെത്തി. നമസ്‌ക്കാരം കഴിയാവുന്നത്ര വേഗത്തിലാക്കി. പിന്നെ റെയ്‌ന കാണുന്നത് നാടകത്തട്ടിനരികിലേക്ക് ആയിരിക്കണക്കിനാളുകള്‍ ഒഴുകി വരുന്നതാണ്. തന്റെ നാടക ജീവിതത്തിലെ, പാരമ്പര്യം എങ്ങിനെ കലയിലേക്ക് ഒഴുകി എന്നതിന് മറ്റധികം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ല-റെയ്‌ന പറഞ്ഞു. കശ്മീരികള്‍ മറന്നുപോയ അതിമനോഹരമായ ചിരി റെയ്‌നയില്‍ നിന്ന് പുറത്തേക്കുവന്നത് കണ്ടുനിന്നപ്പോള്‍ കലയുടെ പ്രാര്‍ഥന എന്താണെന്ന് ഒരിക്കല്‍ കൂടി എനിക്കും മനസ്സിലായി.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read