സമകാലീന അറബ് കവികളിൽ പ്രമുഖനാണ് നജ്വാൻ ദർവീശ് (ജനനം 1978, ജറുസലേം) അറബി ഭാഷയിൽ എട്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ മിക്ക കൃതികളും ഇരുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എക്‌സോസ്റ്റഡ് ഓൺ ദ ക്രോസ് (Exhausted on the Cross) ആണ് ഏറ്റവും പുതിയ ഇംഗ്ലീഷ് വിവർത്തന സമാഹാരം. പലസ്തീനെ പ്രമേയമാക്കി അദ്ദേഹം അറബി ഭാഷയിൽ എഴുതിയ രണ്ട് കവിതകളുടെ വിവർത്തനമാണ്, ഷെല്ലിംഗ്ങുകൾ അവസാനിച്ചു, ഞാൻ ഭൂമിയെ എഴുതുന്നു എന്നീ കവിതകൾ.
ഷെല്ലിംഗ്ങുകൾ അവസാനിച്ചു
നിന്റെ ഉളള് വേദനിക്കാൻ മാത്രം
കെട്ടിടങ്ങൾ വീഴ്ത്തി
ചക്രവാളം കത്തിച്ച്
കല്ലുപോലും വിഴുങ്ങും തീജ്വാലകളുടെ
ഷെല്ലാക്രമണമിപ്പോൾ അവസാനിച്ചിരിക്കുന്നു.
ആയതിനാൽ,
നിന്റെയുള്ള് നീറുകയല്ലാതെ
ആരും അറിയില്ല നാളെ ഇനി നിന്നെ.
കൊല്ലപ്പെട്ടവർ ഉറക്കത്തിലാണ്ടുപോയ്
ഈ ഉറക്കം ഇനി നിന്നെ കണ്ടെത്തുകയില്ല
ആയതിനാൽ, എന്നേക്കും ഉണരുക.
കൂറ്റനാമീ പാറകൾ തകരും വരെ ഉണരൂ..
കരുണയുള്ള ദൈവങ്ങളോടെന്നിട്ട്
കണ്ണീർ പൊഴിക്കൂ..
അവസാനിച്ചിരിക്കുന്നു ക്ഷമ,
സമയത്തിനുമപ്പുറം ചോരുന്നു കാരുണ്യം.
ആർക്കും അറിയില്ല നിന്നെയിപ്പോൾ,
നാളെ ആരും അറിയുകയുമില്ല.
ആയതിനാൽ,
ഷെല്ലുകൾ വീഴുന്നിടത്തു നട്ടുവളർത്തിയ
ചെടികളെപ്പോലെയാവും നാളെ നീയും.
ഞാൻ ആ മണ്ണിൽ എഴുതുന്നു
എനിക്ക് എഴുതണം ആ മണ്ണിൽ.
ആ ദേശം തന്നെയാകണം എന്റെ വാക്കുകൾ.
ഞാനെന്നാൽ
ഒരു പ്രതിമ മാത്രം.
റോമക്കാർ കൊത്തിയെടുത്ത്
അറബികൾ മറന്നുപോയ
ഒരു പ്രതിമ.
കോളനിവാഴ്ച്ചക്കാർ മോഷ്ടിച്ചു –
അറ്റുപോയ എന്റെ കൈ.
പിന്നീടൊരു മ്യൂസിയത്തിൽ വെച്ചു.
എനിക്കൊരു പ്രശ്നവുമില്ല !
എങ്കിലും ഇപ്പോഴും എഴുതണം
എനിക്കാ മണ്ണിൽ.
എല്ലായിടത്തും ചിതറിക്കിടപ്പുണ്ട്
എന്റെ വാക്കുകൾ.
നിശബ്ദത,
അതെന്റെ കഥയാണ്.
(കോഴിക്കോട് മർക്കസ് ലോ കോളേജിൽ നാലാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി കോഴ്സ് വിദ്യാർത്ഥിയാണ് വിവർത്തകൻ)