ദൂരപരിധി വേണ്ട, വികസനം മതി

ഖനന ഭീതിയിൽ കേരളം – ഭാ​ഗം 2

2018ലെ പ്രളയത്തിന് ശേഷം ഒരു പുതിയ കേരളമാണ് നിർമ്മിക്കാൻ പോകുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി, സുസ്ഥിരമായ ഒരു വികസന നയമായിരിക്കും ആവിഷ്‌ക്കരിക്കുക എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മഹാപ്രളയത്തിന്റെയും ഉരുൾപൊട്ടലുകളുടെയും നടുക്കത്തിൽ നിന്നും കേരളം കരകയറുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗം നിർമ്മാണാവശ്യത്തിനുള്ള പാറകൾ പൊട്ടിക്കാൻ അതിവേഗ എൻ.ഒ.സികൾ നൽകണമെന്ന് നിർദ്ദേശിച്ചു. കേരളം പിന്തുടരുന്ന വികസന മാതൃകകൾ പുനഃപരിശോധിക്കാൻ 2018 ലെ ദുരന്തങ്ങൾ കാരണമായിത്തീരും എന്ന് കരുതിയവരുടെ പ്രതീക്ഷകൾ അതോടെ തെറ്റി. നയപരമായ തിരുത്തലുകൾ ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധിയും പ്രളയാനന്തരം കൂടിയ നിയമസഭയിൽ ഉയർത്തിയില്ല. ഒരു പദ്ധതിയും വേണ്ടെന്ന് വയ്ക്കാൻ സർക്കാർ തയ്യാറായതുമില്ല. മാത്രമല്ല, പ്രളയാനന്തര പുനർനിർമ്മാണത്തിൽ ഈ പദ്ധതികൾക്ക് പലതിനും മുൻ​ഗണന ലഭിക്കുകയും ചെയ്തു. ഏറെ മനുഷ്യജീവനുകൾ മണ്ണിനടിയിലായിട്ടും, പ്രളയം സാമൂഹികവും പാരിസ്ഥിതികവുമായ വലിയ നഷ്ടം വരുത്തിവച്ചിട്ടും സർക്കാർ ഒന്നും തിരുത്തിയില്ല. അതിൽ പ്രധാനപ്പെട്ട ഒരു നടപടിയായിരുന്നു ജനവാസമേഖലയിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി കുറച്ചുകൊണ്ടുവരുക എന്നത്.

തിരുത്തൽ ഇല്ലാത്ത വികസനനയം

നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് ക്വാറികളുടെ ദൂരപരിധി കുറയ്ക്കുന്നത് എന്നതാണ് സർക്കാർ നൽകുന്ന വിശദീകരണം. വികസന പദ്ധതികൾക്ക് വേണ്ടി അടിസ്ഥാന സൗകര്യമൊരുക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ കടമയാണെന്നും അത് നിർവഹിക്കാതിരിക്കാൻ കഴിയില്ലെന്നും സർക്കാർ പറയുന്നു. എന്നാൽ ഒരുവശത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കപ്പെടുമ്പോൾ മറുവശത്ത് ജീവിക്കാനുള്ള അടിസ്ഥാനപരമായ സൗകര്യങ്ങളാണ് ജനങ്ങൾക്ക് നഷ്ടമാകുന്നത്. ‘പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനം’ എന്നതായിരുന്നു 2016ൽ അധികാരത്തിൽ എത്തുമ്പോൾ എൽ.ഡി.എഫ് സർക്കാർ പറഞ്ഞിരുന്നത്. വലിയ പ്രകൃതി ദുരന്തങ്ങൾക്ക് കേരളം സാക്ഷിയായതും ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. എന്നിട്ടും പരിസ്ഥിതി സംരക്ഷണം വികസനനയത്തിൽ ഒരു അജണ്ടയായി കടന്നുവന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പാറമടകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ തീരുമാനങ്ങളും.

നൂറ് മീറ്ററിൽ നിന്നും അമ്പത് മീറ്ററിലേക്ക്

സംസ്ഥാനത്തെ ക്വാറികൾക്ക് ജനവാസ മേഖലയിൽ നിന്നും ഏർപ്പെടുത്തിയിരുന്ന ദൂരപരിധി 50 മീറ്ററാക്കി പുനഃസ്ഥാപിച്ച് ഖനനനിയമം ഭേദഗതി ചെയ്യുന്നത് 2017ൽ ആണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 100 മീറ്റർ ആയി നിശ്ചയിച്ച ദൂരപരിധി എൽ.ഡി.എഫ് അധികാരത്തിൽ വന്നയുടൻ 50 മീറ്ററായി കുറച്ചു. ക്വാറി പെർമിറ്റിന്റെ കാലാവധി മൂന്നു വർഷത്തിൽനിന്ന് അഞ്ചാക്കി വർധിപ്പിക്കുകയും ചെയ്തു. ദൂരപരിധി 50 മീറ്റർ ആയി കുറച്ചാൽ ചെറുകിട ക്വാറികൾക്ക് പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്നും ഇത് നിർമ്മാണ സാമ​ഗ്രികളുടെ വില വർദ്ധിക്കുന്നതിന് കാരണമാകുമെന്നും ആയിരുന്നു വ്യവസായ വകുപ്പിന്റെ വിശദീകരണം. 1967 മുതലാണ് സംസ്ഥാനത്ത് ക്വാറികൾക്കുള്ള ദൂരപരിധി 50 മീറ്ററായി നിശ്ചയിച്ച് അനുമതി നൽകിത്തുടങ്ങിയത്. റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നിന്ന് ക്വാറിയിലേക്കുള്ള ദൂരം അമ്പത് മീറ്ററായിരുന്നു. എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ദൂരപരിധി 100 മീറ്ററായി വർധിപ്പിച്ചത്. പാറമടകളിൽ നിന്ന് വലിയ പാറക്കഷ്ണങ്ങൾ തെറിച്ചു വീണ് ആളുകൾക്ക് പരുക്കേൽക്കുകയും വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്തിരുന്ന കാലമായിരുന്നു അത്. ക്വാറിയിൽ നിന്നുള്ള പൊടിപടലങ്ങൾ ശ്വസിക്കുന്നത് കാരണം സമീപവാസികൾക്ക് ശ്വാസകോശ രോ​ഗങ്ങളും അസ്വസ്ഥതകളും പതിവായിത്തീരുകയും ചെയ്തു. ഇത്തരം പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ജനവാസ കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിക്കുള്ളിൽ പാറമടകൾ പ്രവർത്തിക്കരുതെന്ന് അന്ന് തീരുമാനിച്ചത്. 2014 ൽ നിയമസഭാ പരിസ്ഥിതി സംരക്ഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിലും ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം 200 മീറ്റർ ആക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

2020 ജൂലൈയിൽ പൊതുസ്ഥലങ്ങളിൽ നിന്നും ജനവാസകേന്ദ്രങ്ങളിൽ നിന്നും ക്വാറികളിലേക്കുള്ള ദൂര പരിധി 200 മീറ്റർ ആക്കി ഉയർത്തിക്കൊണ്ട് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. അമ്പത് മീറ്ററാക്കി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത് 200 മീറ്റർ ആക്കി ഉയർത്താൻ നിർണായക ഉത്തരവിലൂടെ ഗ്രീൻ ട്രിബ്യൂണൽ നിർദ്ദേശിച്ചു. സ്ഫോ​ട​നം ന​ട​ത്തി​യു​ള്ള ക്വാ​റി​ക​ൾ​ക്ക് 200 മീ​റ്റ​ർ അ​ക​ല​വും സ്ഫോ​ട​ന​മി​ല്ലാ​തെ​യു​ള്ള ക്വാ​റി​ക​ൾ​ക്ക്​ 100 മീ​റ്റ​ർ അ​ക​ല​വും ഹരിത ട്രിബ്യൂണൽ നിഷ്കർഷിച്ചു. ഈ ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിൽ പോരാടുകയാണ് ഇപ്പോൾ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനായി പാറ ലഭിക്കാനില്ലെന്ന അദാനിയുടെ പരാതി പരിഹരിക്കാൻ വേണ്ടി പുതിയ ക്വാറികൾക്ക് എൻ.ഒ.സി നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് വരുന്നത്. ഇത് സർക്കാരിന്റെ വികസനവാദത്തിന് തിരിച്ചടിയായി മാറി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും

കിഴക്കഞ്ചേരിയുടെ പരാതി

ദൂരപരിധി 50 മീറ്റർ ആയി കുറച്ച സർക്കാർ തീരുമാനത്തിനെതിരെ പാലക്കാട് സ്വദേശിയായ എം ഹരിദാസും മറ്റ് 112 പേരും പരാതി അയച്ചു. സർക്കാർ ഭൂമിയിൽ വ്യാജരേഖയുണ്ടാക്കി ക്വാറികൾ തുടങ്ങാനുള്ള ശ്രമത്തെ ഹരിദാസ് ഉൾപ്പെടെയുള്ള കിഴക്കഞ്ചേരി മലയോരവാസികൾ എതിർത്ത് തോൽപ്പിച്ചിരുന്നു. എന്നാൽ പല ക്വാറി നടത്തിപ്പുകാരും ജനവാസമേഖലയിൽ ഏക്കറുകണക്കിന് സ്വകാര്യ ഭൂമി ക്വാറി തുടങ്ങാനായി വാങ്ങി. ആ സമയത്താണ് സർക്കാർ കാറികളുടെ ദൂരപരിധി കുറച്ചതും. നിയമപോരാട്ടത്തിന് സാമ്പത്തികാവസ്ഥയില്ലാതിരുന്ന കിഴക്കഞ്ചേരിക്കാർ പരമാവധി പരാതിക്കത്തുകൾ അയക്കാൻ തീരുമാനിച്ചു. 113 പേർ ഒപ്പിട്ട പരാതി പ്രധാനമന്തി മുതൽ ജില്ലാ കളക്ടർ വരെയുള്ളവർക്ക് സമർപ്പിച്ചു. കത്ത് പ്രധാനമന്തിയുടെ ഓഫീസിൽ നിന്ന് ദേശീയ ഹരിത ട്രിബ്യൂണലിന് കൈമാറി. ട്രിബ്യൂണലിനും കിഴക്കഞ്ചേരി നിവാസികൾ നേരിട്ട് പരാതി അയച്ചിരുന്നു. ട്രിബ്യൂണൽ ആ പരാതി ഹർജിയായി പരിഗണിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു. സർക്കാർ നിശ്ചയിച്ച അമ്പത് മീറ്റർ ദൂരപരിധി പര്യാപ്തമാണെന്നും ദൂരപരിധി കൂട്ടേണ്ടത് സംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ യാതൊരുവിധ പഠനവും നിലനിൽക്കുന്നില്ല എന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ട്രിബ്യൂണലിനെ അറയിച്ചു. എന്നാൽ 50 മീറ്റർ അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ട ട്രിബ്യൂണൽ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുണ്ടാക്കുകയും ദൂരപരിധി കൂട്ടുകയും ചെയത് ഇക്കാര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളെ അറിയിക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇതനുസരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദൂരപരിധി കൂട്ടിക്കൊണ്ടുള്ള റിപ്പോർട്ട് ട്രിബ്യൂണലിന് കൈമാറി. 200 മീറ്റർ ദൂരപരിധിയിൽ കൂടുതൽ പാലിക്കുന്ന സംസ്ഥാനങ്ങൾക്ക് അത് തുടരാമെന്നും മറ്റ് സംസ്ഥാനങ്ങൾ സ്‌ഫോടനം നടത്താത്ത ക്വാറികളിൽ 100 മീറ്ററും, സ്‌ഫോടനം നടക്കുന്ന ക്വാറികളിൽ 200 മീറ്ററും ആയി ദൂരപരിധി നിശ്ചയിക്കണമെന്നും കേന്ദ്ര കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടിൽ പറഞ്ഞു. പാറഖനനത്തിന് എക്‌സ്‌പ്ലോസീവ് ഉപയോഗിച്ചുള്ള പാറപൊട്ടിക്കൽ നടക്കുന്നുണ്ടെങ്കിൽ 500 മീറ്റർ ചുറ്റളവിലുള്ളയിടങ്ങൾ ‘ഡേഞ്ചർ സോൺ’ ആയി കണക്കാക്കണമെന്ന ഡയറക്ടർ ജനറൽ ഓഫ് മൈൻ സേഫ്ടി 2003 ൽ ഇറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് ദൂരപരിധയിൽ ഹരിത ട്രിബ്യൂണൽ ഉത്തരവിടുന്നത്. ക്വാറികളും പൊതു സ്ഥലങ്ങളുമായുള്ള ദൂരപരിധി പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതലയാണെന്നും ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു.

ഹൈക്കോടതിയുടെ ഇടപെടൽ

ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ 11 ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. വാദം കേൾക്കുന്നതിനിടെ ക്വാറി ഉടമകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കാതെയാണ് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിട്ടതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ഹൈക്കോടതിയെ അറിയിച്ചു. പതിവ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗ്രീൻ ട്രിബ്യൂണൽ വിധിയിലുള്ള വിയോജിപ്പുകൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ക്വാറി ഉടമകളുടെ ഭാഗം കേട്ടില്ലെന്ന വാദവും ഉയർന്നു. ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരവും കോടതിൽ ചോദ്യം ചെയ്യപ്പെട്ടു. ആദ്യം രണ്ട് ആഴ്ചത്തേക്ക് ഹരിത ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയത ഹൈക്കോടതി പിന്നീട് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി. സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്ന ഹർജിക്കാരുടെ വാദം കോടതി സ്വീകരിച്ചു. ക്വാറി ഉടമകൾക്കും എൻ.ജി.ടിയെ സമീപിക്കാം എന്നും ഹൈക്കോതി ഉത്തരവിലൂടെ വ്യക്തമാക്കി. ഹരിത ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി ദൂരപരിധി 50 മീറ്ററാക്കിയ സർക്കാർ തീരുമാനം അംഗീകരിക്കുകയും അതേസമയം അനുമതികൾ പുതുക്കുകയോ പുതിയ ക്വാറി തുടങ്ങുകയോ ചെയ്യുമ്പോൾ ഹരിത ട്രിബ്യൂണൽ നിർദേശിച്ച 200 മീറ്റർ പരിധി പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

പിന്നീട് ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാനസർക്കാരും ക്വാറി ഉടമകളും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഹരിത ട്രിബ്യൂണൽ ദൂരപരിധി 200 മീറ്റർ ആക്കിയതെന്നാണ് സർക്കാർ വാദം. ദൂരം കൂട്ടിയാൽ സംസ്ഥാനത്തിന്റെ സുപ്രധാന പദ്ധതികളുടെ നിർമ്മാണത്തിനാവശ്യമായ പാറ ലഭിക്കില്ലെന്നും അപ്പീലിൽ പറയുന്നു. ഖനനം നിയന്ത്രിക്കുന്നതിനുള്ള 1957-ലെ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ട് അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾ അനുസരിച്ച് ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 50 മൂറ്റർ ദൂരത്തിൽ ഖനനമാവാം എന്നാണ് സർക്കാർ നിലപാട്. ഈ ചട്ടം നിലനിൽക്കുമ്പോൾ അതിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് ഉത്തരവിറക്കാൻ ഹരിത ട്രിബ്യൂണലിന് അധകാരമില്ല എന്നും സർക്കാർ വാദിക്കുന്നു. ക്വാറി ഉടമകളുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു. അതേസമയം സ്വമേധയാ കേസ് എടുക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ അധികാരത്തെ സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. കേസിൽ വാദം തുടരുകയാണ്. എന്നാൽ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ ട്രിബ്യൂണൽ ഉത്തരവാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. അതായത്, സ്‌ഫോടനം നടത്താത്ത ക്വാറികളിൽ 100 മീറ്ററും, സ്‌ഫോടനം നടക്കുന്ന ക്വാറികളിൽ 200 മീറ്ററും ആയി ദൂരപരിധി നിലനിൽക്കും.

കോവിഡിന്റെ മറവിൽ

എന്നാൽ ഹരിത ട്രിബ്യൂണൽ ഉത്തരവിനേയും ഹൈക്കോടതി നിർദ്ദേശത്തേയും മറികടക്കുന്നതിനായി സർക്കാർ ക്വാറകളുടെ അനുമതി കാലാവധി നീട്ടി നൽകുകയാണുണ്ടായത്. കോവിഡ് സാഹചര്യത്തിൽ അനുമതി പുതുക്കാതെ ലൈസൻസ് കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ലോക്ഡൗൺ കാലത്ത് ഖനന പ്രവൃത്തികൾ നടന്നില്ലെന്നും അതുവഴി വലിയ നഷ്ടമുണ്ടായെന്നും കാണിച്ച് ക്വാറി ഉടമകൾ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് പാറമടകളുടെ പ്രവർത്തനം വീണ്ടും ഊർജ്ജിതമായി. അനുമതി പുതുക്കുകയോ പുതിയ ക്വാറികൾ അനുവദിക്കുകയോ ചെയ്യുമ്പോൾ ദൂരപരിധി 200 ആക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശവും. എന്നാൽ അനുമതി നീട്ടി നൽകിയതിലൂടെ ദൂരപരിധി 50 മീറ്റർ ആയിത്തന്നെ തുടർന്നു. സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ അന്തിമ വിധി വരുന്നതുവരെ ഹരിത ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കില്ല എന്ന തീരുമാനത്തിലാണ് സർക്കാർ.

കാലം തെറ്റി പെയ്ത പേമാരിയും അനുബന്ധ ദുരന്തങ്ങളും പാമകടകളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും പൊതു ചർച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ ക്വാറികളുടെ ദൂരപരിധി 200 മീറ്റർ ആക്കണമെന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കാതിരിക്കുകയും കേരളത്തിലെമ്പാടും റവന്യൂ പുറമ്പോക്ക് ഭൂമിയിൽ വലിയ തോതിൽ പാറമടകൾ തുടങ്ങാൻ പോവുകയും ചെയ്യുന്ന സർക്കാരിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് ?

(അവസാനിച്ചു)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 20, 2021 4:14 pm