രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ഹിന്ദു ആഘോഷങ്ങളുടെ ഭാഗമായി സംഘപരിവാർ സംഘടനകൾ നടത്തുന്ന ഘോഷയാത്രകൾ മുസ്ലീങ്ങളുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആസൂത്രിത അക്രമമായി മാറുന്ന കാഴ്ച ഇന്ത്യയിൽ ആവർത്തിക്കുകയാണ്. മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി, ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ വർഷം വ്യാപകമായ അക്രമങ്ങൾ നടന്നത്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ അക്രമങ്ങൾ നടന്നിരുന്നു. 2022 ലെ അക്രമങ്ങളെക്കുറിച്ച് സിറ്റിസൺസ് ആൻഡ് ലോയേഴ്സ് ഇനിഷ്യേറ്റീവ് തയ്യാറാക്കി, 2023 മാർച്ച് 26ന് പുറത്തിറക്കിയ ‘Routes of Wrath : Weaponising Religious Processions’ എന്ന റിപ്പോർട്ട് അക്രമങ്ങളുടെ ആസൂത്രിത സ്വഭാവവും, പോലീസ് സംവിധാങ്ങളുടെ പക്ഷം ചേരലും വ്യക്തമായി അടയാളപ്പെടുത്തുന്നു. മുൻ സുപ്രീംകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിൻടൺ നരിമാൻ ആമുഖം എഴുതിയ ഈ റിപ്പോർട്ട് എഡിറ്റ് ചെയ്തിരിക്കുന്നത് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനായ ചന്ദർ ഉദയ് സിംഗ് ആണ്. 2014, 2016, 2018, 2019 വർഷങ്ങളിലും രാമനവമി ദിവസങ്ങളിലെ ചടങ്ങുകൾ അക്രമങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാമനവമിയുടെ പശ്ചാത്തലത്തിൽ നടന്ന അക്രമങ്ങൾ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നുണ്ടെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ റിപ്പോർട്ടിന്റെ തുടക്കത്തിൽ സൂചിപ്പിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ഗോഥെൻബർഗ് പുറത്തിറക്കിയ ‘വെറൈറ്റീസ് ഓഫ് ഡെമോക്രസി’ എന്ന റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, 2020 ന് ശേഷം ഇന്ത്യ ഒരു ഇലക്ട്‌റൽ ഓട്ടോക്രസി ആയി മാറിയെന്നും, അടിയന്തരാവസ്ഥക്ക് സമാനമായ ജനാധിപത്യമേ ഇവിടെ നിലനിൽക്കുന്നുള്ളൂ എന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ എഴുതുന്നു.
അക്രമത്തിനായുള്ള ‘ആഘോഷങ്ങൾ’
“31 മാർച്ച് വൈകീട്ട് അഞ്ചരയോടെ ബജറംഗദൾ സംഘടനക്കാരും, ഹിന്ദു സമുദായത്തിലെ ആളുകളും രാമനവമി ശോഭായാത്രയുമായി ഗഗൻ ദിവാനിലെത്തി. ഞാൻ ആ സമയം ഇഫ്‌താർ വിരുന്നിനായി വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവർ എന്നോട് പറഞ്ഞത് ഇപ്രകാരമാണ്. വിദ്വേഷം നിറഞ്ഞ പാട്ടുകൾ ഉച്ചത്തിൽ വച്ചുകൊണ്ടാണ് അവർ വന്നത്. അതിനുശേഷം കല്ലേറ് ആരംഭിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ മുസ്ലിം സ്ഥാപങ്ങൾക്ക് തീവച്ചു. സിറ്റി പാലസ് എന്ന് പേരുള്ള കല്യാണമണ്ഡപവും, പള്ളിയും, മദ്രസയും അവർ കത്തിച്ചു. ആകെ 24 കടകളാണ് അഗ്നിക്കിരയാക്കിയത്. മദ്രസ്സ അസ്സീസിയയിൽ മൂന്ന് മണിക്കൂർ തീ നിന്ന് കത്തിയിട്ടും പോലീസ് സ്ഥലത്തെത്തിയില്ല. കലാപകാരികൾ അവിടെയെല്ലാം കോലാഹലമുണ്ടാക്കി സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു.” ബീഹാർ ഷെരിഫിലെ പ്രശസ്തമായ മദ്രസാ അസ്സീസ്സിയ നശിപ്പിച്ചതിനെക്കുറിച്ച് പ്രദേശവാസിയായ ആമിർ പറയുന്നു. അവിടെ മുസ്ലിം പള്ളികളുടെ സമീപത്തേക്ക് ശോഭായാത്ര എത്തിയപ്പോൾ വിദ്വേഷജനകമായ പാട്ടുകളാണ് ഉച്ചഭാഷിണികളിൽ വച്ചിരുന്നതെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. “രാമക്ഷേത്രം നിർമ്മിക്കും, മുസ്ലിങ്ങളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കും” തുടങ്ങിയവയായിരുന്നു പാട്ടുകളുടെ ഉള്ളടക്കം.
ഇവിടെ പ്രവർത്തിക്കുന്ന നാലായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുള്ള ലൈബ്രറിയും അക്രമികൾ തീവച്ച് നശിപ്പിച്ചു. “പൊലീസ് ആദ്യം അവിടെ ഉണ്ടായിരുന്നു. എന്നാൽ വലിയ ആൾക്കൂട്ടത്തെ കണ്ടപ്പോൾ പൊലീസ് പിൻവാങ്ങി. പൊലീസിന്റെ ഭാഗത്തുനിന്നുമുള്ള നടപടികൾ തികച്ചും നിരുത്തരവാദിത്വപരമായിരുന്നു.”ബീഹാർ ഷെരിഫിലെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനായ മീർ ഫൈസൽ (maktoobmedia.com) പറയുന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രധിഷേധം ഉണ്ടായതിന് ശേഷം പോലീസ് വേഗത്തിൽ നടപടികൾ എടുത്തുവെന്നും, ബീഹാർ ഷെരിഫ് സംഭവങ്ങളുടെ കാര്യത്തിൽ പിന്നീട് പോലീസ് നടപടികൾ കാര്യക്ഷമമായി മുന്നോട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അക്രമങ്ങൾ കലാപം ഉണ്ടാക്കാനുള്ള ഗൂഢ പദ്ധതിയാണെന്ന് ബീഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ബീഹാർ ഷെരീഫിന് സമാനമായി നിരവധി സംസ്ഥാനങ്ങളിൽ രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രയുടെ ഭാഗമായി അക്രമങ്ങൾ നടന്നിട്ടുണ്ട്. രാമമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾ മുസ്ലിം ന്യൂനപക്ഷത്തെ അക്രമിക്കുന്നതിനും ഭയപ്പെടുത്തുന്നതിനും ഉള്ള ആസൂത്രിത പരിപാടിയായി സംഘപരിവാർ മാറ്റുകയാണ് എന്നതിനെ ഉറപ്പിക്കുന്നു 2023ൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നടന്ന സംഭവങ്ങൾ. 2023 മാച്ച് 30 ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ രാമാനവമിദിനത്തിൽ ഉണ്ടായ സംഘർഷത്തിൽ 12 പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളെ തുടർന്നുണ്ടായ പൊലീസ് വെടിവെയ്പ്പിൽ ഷെയ്ഖ് മുനീറുദ്ദിൻ എന്നയാൾ കൊല്ലപ്പെട്ടു. 2022 ൽ വലിയ സംഘർഷങ്ങളുണ്ടായ മധ്യപ്രദേശിലെ ഖാർഗോണിൽ ഇത്തവണയും സംഘർഷം ഉണ്ടാവുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ മുസ്ലിം പള്ളികൾക്ക് നേരെ കല്ലേറുണ്ടാകുകയും, മുസ്ലിങ്ങളുടെ വീടുകളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയുടെ ഭാഗമായി ദുൽദോയാവദ് മസ്ജിദും, ഹസ്‌റത് കാല് ഷാഹിദ് ദർഗയും നശിപ്പിക്കപ്പെട്ടു. ഹൈദരാബാദിൽ നടന്ന രാമനവമി ആഘോഷങ്ങളിൽ ബി.ജെ.പി മുൻ നേതാവും, എം.എൽ.എയുമായ ടി രാജ സിങ് വിദ്വേഷ പ്രസംഗം നടത്തി. ഹിന്ദു രാഷ്ട്രം നിലവിൽ വന്നാൽ പശുക്കൾ മരിക്കില്ലെന്നും, ജിഹാദികളെ ഇന്ത്യയിൽ നിന്നും ഉൻമൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം നേതൃത്വം നൽകിയ യാത്രയിൽ നാഥുറാം വിനായക് ഗോഡ്‌സെയുടെ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷയിലെ സമ്പൽപ്പൂർ ജില്ലയിൽ 89 സ്ഥലങ്ങളിലാണ് സംഘർഷമുണ്ടായത്.
ഗുജറാത്തിലെ രാമനവമി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്ത മലയാളി മാധ്യമപ്രവർത്തകൾ ഷഹീൻ അബ്ദുള്ള (maktoobmedia.com) നൽകുന്ന വിവരങ്ങൾ രാമാനവമി ചടങ്ങുകളുടെ ഭാഗമായുള്ള അക്രമങ്ങളിൽ പരിവാർ സംഘടനകളുടെ പ്രവർത്തന രീതിയും, പോലീസിന്റെ പക്ഷം ചേരലും വ്യക്തമാക്കുന്നുണ്ട്. “വഡോദരയിൽ നടന്ന റാലിയിൽ മറ്റെല്ലായിടത്തെയും പോലെ മുസ്ലിം വിരുദ്ധമായ, വംശീയ ഉന്മൂലനത്തിന് ആഹ്വനം നൽകുന്ന പാട്ടുകളോട് കൂടിയാണ് യാത്ര നടന്നത്. യാത്രയിൽ പങ്കെടുക്കുന്നവരുടെ കൈകളിൽ ത്രിശൂലങ്ങളും, പ്രാദേശികമായി നിർമിച്ച ഘട്ട എന്ന പേരുള്ള തോക്കുകളുമുണ്ടായിരുന്നു. ഈ ആയുധങ്ങളെല്ലാംവച്ചു അവരുടെ ആധിപത്യത്തെ കാണിക്കുകയും മുസ്ലിങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതുപോലെ തന്നെ ഇവർ പള്ളിയിലേക്ക് കല്ലെറിയുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി വിദ്വേഷ പ്രസംഗങ്ങളും നടക്കുന്നുണ്ട്. ഈ സംഭവങ്ങളുടെ പേരിൽ മുന്നൂറ് മുതൽ നാനൂറ് വരെയുള്ള ആളുകളുടെ പേരിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവർ അമ്പത് പേരോളമാണ്. എന്നാൽ ഇതിൽ ഒരാളും സംഘപരിവാർ സംഘടനകളിൽ ഉള്ളവരോ, ഹിന്ദു സമൂഹത്തിൽ നിന്നുള്ളവരോ ഇല്ല എന്നുള്ളതാണ് വസ്തുത.” ഷഹീൻ അബ്ദുള്ള കേരളീയത്തോട് പ്രതികരിച്ചു.
ഗുജറാത്തിലെ ഹിമ്മന്ത് നഗറിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി 2022 ൽ നടന്ന അക്രമങ്ങളും സമാനസ്വഭാവമുള്ളതാണെന്ന് സിറ്റിസൺസ് ആൻഡ് ലോയേഴ്സ് ഇനിഷ്യറ്റീവ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഹിമ്മന്ത് നഗറിൽ അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്, ബജ്റംഗദൾ നോർത്ത് ഗുജാറാത്ത് യൂണിറ്റിന്റെ നേതൃത്വത്തിലുമാണ് രാംനവമി ചടങ്ങുകളുടെ ഭാഗമായുള്ള ആക്രമണങ്ങൾ അരങ്ങേറിയത്. ഈ ചടങ്ങിന്റെ ഭാഗമായി അഞ്ഞൂറോളം ത്രിശൂലങ്ങൾ വിതരണം ചെയ്തതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. ബജറംഗദൾ ദേശീയ അധ്യക്ഷൻ മനോജ് കുമാർ മുസ്ലിം സ്ത്രീകൾക്കെതിരെ പീഡന ആഹ്വാനം നൽകുന്ന വിധത്തിലുള്ള വിധ്വേഷപ്രസംഗവും നടത്തിയിരുന്നു. ഹിമ്മന്ത് നഗറിലെ സൊരാവർ ബാബ ദർഗ, ഗാബൻഷാ പീർ ദർഗ, ഗുലാബ് ഷാ പീർ ദർഗ എന്നിവ ഈ അക്രമങ്ങളുടെ ഭാഗമായി തകർക്കപ്പെട്ടിരുന്നു. 2022 ലും, 2021 ലും രാമനവമി ചടങ്ങുകളുടെ ഭാഗമായി ആക്രമണങ്ങൾ നടന്ന സ്ഥലമാണ് മധ്യപ്രദേശിലെ ഗർഗോൺ. രണ്ട് പള്ളികളും, നാല് ദർഗകളും, രണ്ട് മുസ്ലിം ഖബറുകളും അലങ്കോലമാക്കുകയോ, തീവക്കപ്പെടുകയോ ചെയ്തതായി റിപ്പോർട്ട് (Routes of Wrath : Weaponising Religious Procession) പറയുന്നു. മുപ്പതോളം കടകൾ നശിപ്പിക്കപ്പെടുകയും, മുപ്പതു പേർക്ക് ഈ അക്രമങ്ങളുടെ ഭാഗമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇവിടെയും കലാപത്തിന് ശേഷമുള്ള പോലീസിന്റെ ഇടപെടൽ പക്ഷപാതപരമായിരുന്നു. ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 150 അറസ്റ്റുകൾ നടന്നതിൽ 125 – ഉം മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു.
അസാധ്യമാകുന്ന മാധ്യമപ്രവർത്തനം
രാമനവമി അക്രമങ്ങളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തയ്യാറാക്കുന്നതിൽ ഏറെ പ്രതിസന്ധികളുണ്ട്. പൊലീസും അധികാരികളും വസ്തുതാപരമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന രീതിയിലല്ല പെരുമാറുന്നത്. “ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒരു സൗകര്യവും പോലീസ് തരില്ല. ബീഹാറിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തടവിലാക്കി എന്നറിഞ്ഞ് ഞാൻ റെക്കോർഡ് ചെയ്യാൻ പോയിരുന്നു. ഇതിൽ ഒരു കുടുംബവുമായി സംസാരിച്ച് വാർത്ത ചെയ്യാൻ തീരുമാനിച്ചു. എന്നാൽ എഫ്.ഐ.ആറിന്റെ വിശദാംശങ്ങൾ പോലീസ് നൽകിയില്ല. എഫ്.ഐ.ആറിന്റെ വിവരങ്ങൾ കിട്ടാതെ കുട്ടികളെ എന്തിന് തടവിലാക്കി എന്ന് നമുക്ക് അറിയാൻ സാധിക്കില്ല. ഞാൻ പോലീസുമായും, പ്രാദേശിക ഭരണാധികാരികളുമായും സംസാരിച്ചു. എന്നാൽ ഇവരാരും നമുക്ക് വിശദാംശങ്ങൾ നൽകുന്നില്ല. അത്തരത്തിൽ മാധ്യമപ്രവർത്തനം ചെയ്യാൻ പറ്റാത്ത അവസ്ഥ കൂടിയാണ് ഇപ്പോളുള്ളത്.” ഷഹീൻ അബ്ദുള്ള പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങൾ രാമനവമി-ഹനുമാൻ ജയന്തി സംഘർഷങ്ങളെക്കുറിച്ച് ഏകപക്ഷീയമായ റിപ്പോർട്ടുകൾ മാത്രം പ്രസിദ്ധീകരിക്കുമ്പോൾ വസ്തുതാപരമായി വാർത്തകൾ നൽകാൻ ശ്രമിക്കുന്നവർക്ക് അതിന് കഴിയാതെ പോകുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്.
പക്ഷം ചേരുന്ന ഭരണസംവിധാനങ്ങൾ
സിറ്റിസൺസ് ആൻഡ് ലോയേഴ്സ് ഇനിഷ്യറ്റീവ് റിപ്പോർട്ട് 2022 ലെ രാമാനവമി ചടങ്ങുകളുടെ ഭാഗമായ അക്രമങ്ങളിലെ വ്യത്യസ്തവും അസാധാരണവുമായ രീതികളെക്കുറിച്ച് വിശദമായി പ്രദിപാദിക്കുന്നുണ്ട്. കയ്യിൽ ത്രിശൂലങ്ങളും, തീവയ്പ്പിന് സഹായിക്കുന്ന സാധനസാമഗ്രികളുമുള്ള കാവിവസ്ത്രധാരികളുടെ വലിയ കൂട്ടങ്ങളാണ് ഈ അക്രമങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. പ്രധാന മോസ്‌ക്കുകൾ, മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവയുടെ സ്ഥാനം ഉറപ്പുവരുത്തിയാണ് യാത്രക്കുള്ള റൂട്ട് തിരഞ്ഞെടുക്കുന്നത്. യാത്രയിലുടനീളം ഹിന്ദുരാഷ്ട്രം വരുന്നതിനെക്കുറിച്ചും, ഹിന്ദുരാഷ്ട്രത്തിൽ മുസ്ലിങ്ങൾ എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ചുമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങളും പാട്ടുകളും ഉച്ചത്തിൽ കേൾപ്പിക്കുന്നു. ഗോവ, മഹാരഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന യാത്രകൾ വിലയിരുത്തിയാൽ ന്യൂനപക്ഷങ്ങളെ ഭയപെടുത്തിക്കൊണ്ട് മാത്രം സംഘപരിവാർ തൃപ്തിയടയുന്നുണ്ട്. എന്നാൽ ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്ലിം സ്ഥാപനങ്ങൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നേരിട്ട് ആക്രമിക്കുന്ന പ്രവണത കാണാം. ആൾക്കൂട്ട കൊലപാതകങ്ങൾക്കും, കലാപങ്ങൾക്കും ആഹ്വനം ചെയ്യുന്ന തരത്തിലുള്ളവയാണ് ഈ ഘോഷയാത്രകൾക്കിടയിൽ ഉയർന്ന ശബ്ദത്തിൽ കേൾപ്പിക്കുന്ന പാട്ടുകൾ. “ഇന്ത്യയുടെ ചരിത്രത്തിൽ സർക്കാരുകളും ഭരണ നിവഹണ സംവിധാനങ്ങളും പൗരസമൂഹവും ഇത്തരം സംഭവങ്ങളിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുകകയും, ദുരിതാശ്വാസം നൽകുകയും, ഖേദം രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാന സർക്കാരുകൾ ഇത്തരം കാര്യങ്ങൾ നിഷേധിക്കുകയും, അഭിമാനത്തോടെ പ്രകോപനം നടത്തുന്നവരെ പുണരുകയുമാണ് ചെയ്യുന്നത്” – റിപ്പോർട്ടിന്റെ ആമുഖത്തിൽ ചന്ദർ ഉദയ് സിങ് നിരീക്ഷിക്കുന്നു. ഈ ആക്രമണങ്ങളിൽ പരിവാർ സംഘടനകളും, പൊലീസും, അധികാരികളും തമ്മിലുള്ള ബന്ധത്തെ റിപ്പോർട്ട് ഇങ്ങനെ അഡ്രസ് ചെയ്യുന്നു – “ഹിന്ദുത്വ സംഘടനകളും, പോലീസും, ജില്ലാ ഭരണകൂടവും തമ്മിലുള്ള ഏകോപനത്തിലൂടെ സിവിൽ സർവീസിനെ ഒരു തീവ്ര ആശയധാരയുമായി ബന്ധപ്പെടുത്തുകയാണ് സംഭവിക്കുന്നത്. 2022 ലെ രാമനവമി, ഹനുമാൻ ജയന്തി അക്രമ പരമ്പരകൾ നിരീക്ഷിക്കുമ്പോൾ ഇവർ തമ്മിലുള്ള ബന്ധം വ്യവസ്ഥാപിതമായി മാറുകയും, ഇതുവഴി അക്രമാസക്തവും, ജനാധിപത്യ വിരുദ്ധവുമായ ഭരണമാതൃക നിലനിർത്തപ്പെടുകയും ചെയ്യുന്നതായി കാണാം.” 2022 ലെ രാമനവമി അക്രമങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ റിപ്പോർട്ട് ചർച്ചയായതിന് പിന്നാലെ 2023 ലെ രാമനവമി അക്രമങ്ങൾ സംഘപരിവാർ ആരംഭിച്ചു എന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.