സിനിമയെ പിടികൂടിയ ഭൂതങ്ങൾ

നമ്മുടെ സര്‍ക്കാർ ചലച്ചിത്ര സ്ഥാപനങ്ങളുടെയും അവാര്‍ഡുകളുടെയും ലക്ഷ്യമെന്താണ് ? ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ പ്രഖ്യാപിത ലക്ഷ്യം സൗന്ദര്യപരവും സാങ്കതികവുമായ മികവും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. സിനിമയെക്കുറിച്ചുള്ള മികച്ച രചനയ്ക്കുള്ള പുരസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് സിനിമയെ ഒരു കലാരൂപമെന്ന നിലയിൽ പഠിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെയ്യുക എന്നതാണ്. കേരളത്തിലെ ചലച്ചിത്ര അക്കാദമിയുടെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സമാനമാണ്: സൗന്ദര്യാത്മകവും സാമൂഹികമായ പ്രാധാന്യമുള്ള സിനിമകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സാമ്പത്തിക സംവിധാനം വികസിപ്പിക്കുക, നല്ല സിനിമകളുടെയും ടി.വി/വീഡിയോ പ്രോഗ്രാമുകളുടെയും പ്രചാരണത്തിന് പിന്തുണ നല്‍കുക. സ്വതന്ത്ര ഇന്ത്യൻ സിനിമയുടെ ആഭ്യന്തരവും ആഗോളവുമായ പ്രചാരം ഉറപ്പുവരുത്തുക എന്നതാണ് എന്‍.എഫ്.ഡി.സിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഇന്ന് നമ്മുടെ അവാര്‍ഡുകളിലും മേളകളിലും മുമ്പ് ഇല്ലാത്ത വിധത്തിൽ മെയിന്‍സ്ട്രീം സിനിമാക്കാര്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നു. നമ്മുടെ ഒരു പ്രാദേശിക മേള മെയിന്‍സ്ട്രീം സിനിമാക്കാര്‍ കയ്യടക്കുകയുണ്ടായി. അത്തരം സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു, മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നു. കലാത്മക സിനിമയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്തിനാണ് റിലീസ് ചെയ്ത് പണമുണ്ടാക്കിയ സിനിമകളെ അവാര്‍ഡിനും മേളയിലും പരിഗണിക്കുന്നത്? തീയറ്ററുകളില്‍ റിലീസ് ചെയ്യാൻ പറ്റാത്ത സിനിമകളെയല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്? ഇതിനര്‍ത്ഥം, കാലക്രമേണ സര്‍ക്കാർ സ്ഥാപനങ്ങളും പുരസ്കാരങ്ങളും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിതരാവുന്നവരുടെ പ്രൊഫൈല്‍ പരിശോധിച്ചാൽ സര്‍ക്കാറുകളുടെ മെയിന്‍സ്ട്രീം ചായ്‌വ് വ്യക്തമാവും. തലപ്പത്ത് ഇരിക്കുന്ന ഇത്തരം ആളുകളുടെ സിനിമാ സമീപനങ്ങള്‍ സ്വാഭാവികമായും നമ്മുടെ മേളകളിലും, സിനിമകളുടെ തിരഞ്ഞെടുപ്പിലും, പുരസ്കാരങ്ങളിലും പ്രതിഫലിക്കും. ഇന്ന് ലോക പ്രശസ്തമായ പല മേളകളിലെയും സജീവ സാന്നിധ്യം ബോളിവുഡ് താരങ്ങളാണ്. ഒരു കാലത്ത് ചില മേളകളുടെ എഴയലത്തുപോലും ഇവര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യയിലെ മേളകളുടെയും അവസ്ഥ ഇതുതന്നെയാണ്.

2022ലെ ഐ.എഫ്.എഫ്.കെ സമാപന ചടങ്ങ്.

ആക്ഷന്‍ കോറിയോഗ്രാഫിക്ക് കൂടി അവാര്‍ഡ് ഏര്‍പ്പെടുത്തണം എന്നാണ് ഇത്തവണത്തെ ജൂറിയുടെ അഭിപ്രായം. ഇനി വരുന്ന ജൂറികള്‍ ഇനിയും പലതിനും അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടേക്കാം. കാരണം, സര്‍ക്കാർ സിനിമയെ ഒരു ഇന്റസ്ട്രി എന്ന നിലയിലായിരിക്കും കാണുന്നത്. അപ്പോൾ അവരെ സംബന്ധിച്ച് മെയിന്‍സ്ട്രീം സിനിമയും അവാര്‍ഡിലും മേളയിലും ഉള്‍ക്കൊള്ളണം. അതിന്റെ ഭാഗമായിട്ടായിരിക്കുമല്ലോ ജനപ്രിയ സിനിമയ്ക്കും, അഭിനേതാക്കള്‍ക്കും മറ്റുമുള്ള അവാര്‍ഡുകൾ നല്‍കുന്നത്.

മറ്റൊന്ന്, അവാര്‍ഡിന് അര്‍ഹാമാകുന്ന ‘സ്വതന്ത്ര’സിനിമകളില്‍ ഭൂരിഭാഗവും പ്രശ്നാധിഷ്ഠിത സിനിമകളാണ്. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്ന് അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കും വനിതകള്‍ക്കും, ട്രാന്‍സ്ജൻഡർ വിഭാഗങ്ങള്‍ക്കും മറ്റും പ്രത്യേക പരിഗണന നല്‍കുന്നത്. ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ട്രാന്‍സ്ജൻഡർ വിഭാഗത്തെ അവഗണിച്ചതിനെതിരെ ബന്ധപ്പെട്ട മന്ത്രിക്ക് പരാതി പോയിട്ടുണ്ട്. അവാര്‍ഡ് പുനഃപരിശോധിക്കാൻ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് ട്രാന്‍സ്ജൻഡർ വിഭാഗം. അപ്പോള്‍ എല്ലാ വിഭാഗങ്ങളെയും പ്രീതിപ്പെടുത്തുന്ന രീതിയിലായിരിക്കും പുരസ്കാരങ്ങൾ നല്‍കുക.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ്

ഓരോ മേളയ്ക്കും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ടല്ലോ. ചില മേളകള്‍ ചില രീതിയിൽ മാത്രമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റു ചില മേളകൾ വിഷയത്തിലെ സാമൂഹികപരതയ്ക്കൊപ്പം പരീക്ഷണാത്മകതയ്ക്കും പ്രാധാന്യം കൊടുക്കുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍, കേരളത്തിലെ പുരസ്കാരങ്ങള്‍ സ്ത്രീ മുന്നേറ്റം, ആദിവാസി പ്രശ്നം, പ്രകൃതി ചൂഷണം മുതലായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക്, അവ ശൈലീപരമായി വ്യവസ്ഥാപിതമായാലും അവാര്‍ഡുകൾ നല്‍കുന്നു. അവാര്‍ഡിന് അര്‍ഹമായ സിനിമകളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡ് നയത്തിൽ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾക്കൊപ്പം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് അവാർഡ് നൽകുക എന്ന ലക്ഷ്യവുമുള്ളതുപോലെ.

‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന സിനിമയെ കുറിച്ച് ജൂറി ഇപ്രകാരം പറഞ്ഞു: ​ഗൗരവവുള്ള സാമൂഹ്യ വിഷയത്തെ കലയും വാണിജ്യ മൂല്യങ്ങളും അതിവിദഗ്ദ്ധമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച സിനിമ. ഇത് സര്‍ക്കാറിന്റെ സിനിമകളോടുള്ള, അതുകൊണ്ടുതന്നെ പുരസ്കാരങ്ങളോടുള്ള സമീപനം വ്യക്തമാക്കുന്നു – അതായത്, വാണിജ്യവും കലയും ഒന്നിപ്പിക്കുക.

ഇത്തവണ മികച്ച രണ്ടാമത്തെ സിനിമയായി തെരഞ്ഞെടുത്ത ‘അടിത്തട്ടി’നെ കുറിച്ച് ജൂറി ഇപ്രകാരം പറയുന്നു: ആദിമവും വന്യവുമായ ചോദനകളെ പച്ചയായി അവതരിപ്പിക്കുന്നു ഈ സിനിമ. ഇത് സിനിമയോടുള്ള നമ്മുടെ സമീപനം വ്യക്തമാക്കുന്നു. ഡിജിറ്റലും കടന്ന് നിര്‍മ്മിത ബുദ്ധി സിനിമയുണ്ടാക്കുന്ന ഇക്കാലത്താണ് നാം ജീവിതത്തെ ‘പച്ചയായി’ അവതരിപ്പിക്കുന്നത്‌ വലിയ കേമത്തമായി പറയുന്നത്. ഇത് നമ്മുടെ പൊതു ബോധമാണ്, സംവിധായകരുടെയും, പ്രേക്ഷകരുടെയും, ജൂറിയുടെയും. സിനിമ ഒരിക്കലും യാഥാര്‍ത്ഥ്യത്തിന്റെ, ജീവിതത്തിന്റെ ‘പച്ചയായ’ പ്രതിഫലനമല്ലല്ലോ. യാഥാര്‍ത്ഥ്യത്തെ ഒരു ക്യാമറയാണ് പിടിച്ചെടുക്കുന്നത്. അതില്‍ രാസായനിക പ്രക്രിയ നടക്കുന്നുണ്ട്. അതിനുശേഷം എഡിറ്റിംഗ്, പ്രദര്‍ശനം മുതലായ യാന്ത്രിക പ്രവര്‍ത്തികള്‍. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യത്തെ അതേപോലെ സിനിമയിലേക്ക് പറിച്ചുനടാന്‍ സാധിക്കില്ല. ഈ രീതിയിലുള്ള ‘ഒപ്പിയെടുക്കൽ’ സാധ്യമല്ല എന്ന് വളരെക്കാലം മുമ്പ് പ്ലാറ്റോ പറഞ്ഞിട്ടുണ്ട്: കല ആശയത്തിന്റെ അനുകരണത്തിന്റെ അനുകരണമാണ്, സത്യത്തില്‍ നിന്ന് രണ്ടുതവണ അകന്നതാണ്. ആനന്ദവര്‍ദ്ധൻ പറയുന്നത് ധ്വനിയാണ് കവിതയുടെ ആത്മാവ് എന്നാണ്. ജൈന സിദ്ധാന്തത്തിന്റെ അടിസ്ഥാനം അനേകാന്തവാദമാണ്. അതായത്, യാഥാര്‍ത്ഥ്യം വ്യത്യസ്ത കോണുകളിൽ നിന്ന് വ്യത്യസ്തമായി മനസ്സിലാക്കപ്പെടുന്നു, ഒരു വീക്ഷണ കോണും പൂര്‍ണ്ണമായും ശരിയല്ല. ഒരു വസ്തുവിനെ കുറിച്ച് ലഭിക്കുന്ന അറിവ് എപ്പോഴും അപൂര്‍ണ്ണവും അവ്യക്തവും ആപേക്ഷികവുമാണ്.

ഈ രീതിയില്‍ ജീവിതത്തെ പച്ചയായി അവതരിപ്പിക്കാനും, കഥാപാത്രമായി ജീവിക്കാനുമാണ് നമ്മുടെ സിനിമകള്‍, മെയിന്‍സ്ട്രീം ആയാലും ആര്‍ട്ട് ആയാലും ശ്രമിക്കുന്നത്. കഥാപാത്രമായി ‘ജീവിക്കാന്‍’ അഭിനയിക്കുന്നവർ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കുന്നു, രണ്ടു മൂന്ന് മണിക്കൂറിനുള്ളിൽ പത്തുപതിനഞ്ച് ബീഡി വലിച്ചും കുറേ പ്രാവശ്യം പുകയിലയും അടയ്ക്കയും കൂട്ടി മുറുക്കിയും കേടായ പല്ലുകളെ ശരിയാക്കാൻ റൂട്ട് കനാൽ ചെയ്യേണ്ടി വരുന്നു. മാലിന്യം നിറഞ്ഞ മണ്ണില്‍ ഏറെ നേരം കിടന്നുള്ള ചിത്രീകരണത്തിൽ അനുഭവിക്കേണ്ടി വന്ന യാതനകള്‍ മറ്റൊരു ഭാഗത്ത്. മറ്റൊന്ന്, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഒരു സിനിമയിൽ അതിമാനുഷിക ശക്തിയുള്ള കഥാപാത്രമായി അഭിനയിക്കുന്ന നായകന്റെ വസ്ത്രധാരണവും മേക്കപ്പും അഭിനയവും വളരെ റിയലിസ്റ്റിക്കായി എന്തിനാണ് അവതരിപ്പിക്കുന്നത്‌? ഈ രീതിയിൽ യാഥാര്‍ത്ഥ്യത്തിന്റെ പ്രേതം ആവാഹിച്ചതുകൊണ്ടാണ് നമുക്ക് ഒരു സയന്‍സ് ഫിക്ഷൻ സിനിമ ഉണ്ടാക്കാന്‍ കഴിയാത്തത്. ഇതിനെ ഉച്ചാടനം ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടാണ്.

“നവീനമായ ഒരു ദൃശ്യഭാഷയുടെ സമർത്ഥമായ ഉപയോഗം” എന്നാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ‘നൻ പകൽ നേരത്ത് മയക്ക’ത്തെ കുറിച്ച് ജൂറി അഭിപ്രായപ്പെട്ടത്. എന്റെ അഭിപ്രായത്തില്‍ ഈ സിനിമയിൽ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്ന സങ്കേതങ്ങൾ വി.കെ.എന്നിന്റെ ശൈലിയിൽ പഴങ്കഞ്ഞിയാണ്. സിനിമയുടെ അവസാന ഭാഗത്തുള്ള ദൃശ്യങ്ങള്‍ കാലങ്ങളോളം നമ്മുടെ മെയിന്‍സ്ട്രീം സിനിമ ഉപയോഗിച്ച് നശിപ്പിച്ചതാണ്. ഇതേ സങ്കേതങ്ങളാണ് സംവിധായകൻ ഡിജിറ്റല്‍ കാലത്തും ഉപയോഗിക്കുന്നത്. മറ്റൊന്ന്, സിനിമയില്‍ ധാരാളമായി ഉപയോഗിച്ചിട്ടുള്ള നിശ്ചല ഷോട്ടുകള്‍ക്കും തീരെ പുതുമയില്ല. ആദ്യ സിനിമ തൊട്ട് ഉപയോഗിക്കുന്ന ഒരു സങ്കേതമാണിത്. (അന്നത്തെ സാങ്കേതിക പുരോഗതി ക്യാമറയെ ചലിപ്പിക്കാൻ അനുവദിക്കാത്തതിനാലാണ് നിശ്ചല ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടിവന്നത്). പിന്നീട് ജാപ്പനീസ് സംവിധായകനായ ഓസു 1950-1960കളില്‍ സ്റ്റാറ്റിക് ക്യാമറാ ഷോട്ടുകളെ വളരെ സൗന്ദര്യാത്മകമായി ഉപയോഗിക്കുകയുണ്ടായി. അതായത്, സ്റ്റാട്ടിക് ഷോട്ടുകളെ പോലെ ദൈര്‍ഘ്യമേറിയ ഷോട്ടുകളോ എന്തിന് ഒറ്റ ഷോട്ടിലുള്ള സിനിമ പോലും ഇന്ന് പുതുമയല്ല. ഒരു കാലത്ത് ‘വിപ്ലവകരമായി’ അനുഭവപ്പെട്ടിരുന്ന പല സങ്കേതങ്ങളും ഇന്ന് വീണ്ടും ഉപയോഗിക്കുമ്പോൾ അതിൽ നവീനതയോ, പുതുമയോ അനുഭവപ്പെടുന്നില്ല. (ഈ സിനിമയെ കുറിച്ചുള്ള വിമര്‍ശനാത്മക പഠനത്തിന് മലബാർ ജേര്‍ണൽ ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച എന്റെ ‘വാഴ്ത്തലുകല്‍ക്കിടയിൽ കാണാതെ പോവുന്നത്’ എന്നെ ലേഖനം കാണുക).

യാസുജിറോ ഓസു

അടൂര്‍ ഗോപാലകൃഷ്ണന്റെയോ ഷാജി എന്‍. കരുണിന്റെയോ കെ.ജി ജോര്‍ജിന്റെയോ സിനിമകളുടെ നിലവാരത്തിലേക്ക് സിനിമകള്‍ ഉയര്‍ന്നില്ല എന്നാണ് ജൂറി ചെയര്‍മാൻ ​ഗൗതം ഘോഷ് പ്രതികരിച്ചത്. ലോകവും സിനിമയും ഈ സംവിധായകരില്‍ നിന്ന് ഏറെ മുന്നോട്ട് പോയ, നിര്‍മ്മിത ബുദ്ധി സിനിമയുണ്ടാക്കുന്ന, പ്രേക്ഷകര്‍ മൊബൈലിൽ സിനിമകള്‍ കാണുന്ന ഇക്കാലത്ത് നാം എന്തിനാണ് ഇവരില്‍ത്തന്നെ തറഞ്ഞു നില്‍ക്കുന്നത്? പുതിയ കാലത്തെ സിനിമയെ അഭിമുഖീകരിക്കാന്‍ പ്രാപ്തമായ ആളുകൾ ജൂറിയില്‍ ആവശ്യമാവുന്നത് അതുകൊണ്ടാണ്.

അവാര്‍ഡ് നിര്‍ണ്ണയത്തിൽ ഓരോ ജൂറിയുടെയും നിലപാടുകളും മാനദണ്ഡങ്ങളും കടന്നുവരുന്നു. കഴിഞ്ഞ വര്‍ഷം പ്രാപ്പെടപോലുള്ള വളരെ വ്യത്യസ്തമായ ഒരു സിനിമയ്ക്കും അവാര്‍ഡ് നല്‍കുകയുണ്ടായല്ലോ. ഇത്തവണ 154 എൻട്രികളിൽ നിന്ന് അവസാന പട്ടികയിൽ ഇടംപിടിച്ച 50 സിനിമകളില്‍ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് ഉന്നത നിലവാരം പുലര്‍ത്തിയത്‌ എന്നാണ് ജൂറി അഭിപ്രായപ്പെട്ടത്. വിരലില്‍ എണ്ണാവുന്ന ഈ സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകള്‍ക്കായിരിക്കുമല്ലോ പുരസ്കാരങ്ങൾ നല്‍കിയിരിക്കുക. അപ്പോള്‍ പുരസ്കാരങ്ങള്‍ നല്‍കിയ സിനിമകളെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ് എന്നാണോ?

ഇക്കാലത്ത് നമ്മുടെ സ്വതന്ത്ര സിനിമകൾ പ്രശ്നാധിഷ്ഠിതമാവുകയാണ് എന്ന് മുകളിൽ സൂചിപ്പിക്കുകയുണ്ടായി. ഇതിനൊപ്പം പോളിറ്റിക്കൽ കറക്റ്റ്നസ് കൂടി വന്നതോടെ സിനിമയുടെ ആവിഷ്കാരത്തെ കുറിച്ച്, രൂപത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. (അവാര്‍ഡ് ലഭിക്കുന്ന ഭൂരിഭാഗം സിനിമകളുടെ സ്വഭാവവും, കെ.എസ്.എഫ്.ഡി നിര്‍മ്മിക്കുന്ന സ്ത്രീ സിനിമകളുടെ സ്വഭാവവും പരിശോധിച്ചാല്‍ നമ്മുടെ ഇന്നത്തെ സ്വതന്ത്ര സിനിമകളുടെ സ്വഭാവം മനസ്സിലാവും. (സിനിമയ്ക്ക് യഥാര്‍ത്ഥത്തിൽ സ്വതന്ത്രമാവാന്‍ പറ്റുമോ എന്നത് തര്‍ക്കവിഷയമാണ്). ഈ സിനിമകള്‍ ‘പുരോഗമനപരമായ’ വിഷയങ്ങൾ അവതരിപ്പിക്കുന്നു എന്ന് ഭാവിക്കുമ്പോഴും സിനിമയുടെ രൂപത്തില്‍, സത്യത്തില്‍ വളരെ യാഥാസ്ഥിതികമാണ്.

ഒരു വിഷയം സിനിമയിൽ എങ്ങിനെ ആവിഷ്കൃതമാവുന്നു എന്നത് വളരെ പ്രധാനമാണ്. സിനിമയ്ക്ക് ‘ഭാഷ’യുണ്ട്, സൗന്ദര്യശാസ്ത്രമുണ്ട്, ചരിത്രമുണ്ട്. ക്യാമറ, എഡിറ്റിംഗ്, ശബ്ദം മുതലായ സിനിമയ്ക്ക് മാത്രം സാധ്യമാവുന്ന ഘടകങ്ങൾ ചേരുന്ന ഒന്ന്. ഇവയെ എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഉദാഹരണമായി, മലയാളത്തിലെ ഒരു പുതിയ കവി ഒരു കവിത എഴുതുമ്പോള്‍ മണിപ്രവാളത്തിന്റെയോ, കുഞ്ഞിരാമൻ നായരുടെയോ, ഇടശ്ശേരിയുടെയോ, എന്തിന് ഇന്നലെ എഴുതിയ ഒരു കവിയുടെ ഭാഷയോ അല്ല ഉപയോഗിക്കേണ്ടത്. ഭാഷയെ വ്യത്യസ്തമായി ഉപയോഗിക്കുമ്പോഴാണ് അത് നല്ല കവിതയാവുന്നത്. അതിനര്‍ത്ഥം ഭാഷയെ പുതുക്കുക എന്നതാണ്. ഇത് സിനിമയ്ക്കും ബാധകമാണ്. എന്നാല്‍ നമ്മുടെ സംവിധായകരും, നിരൂപകരും പൊളിറ്റിക്കൽ കറക്റ്റ്നസ്സിന്റെ അടിസ്ഥാനത്തിൽ സിനിമ എന്ത് പറയുന്നു എന്ന് മാത്രം നോക്കുന്നു. അതുകൊണ്ട് സിനിമകളും എഴുത്തും പാഠകേന്ദ്രീകൃതമാവുന്നു. സാംസ്കാരിക, രാഷ്ട്രീയ പഠനങ്ങള്‍ ആവുന്നു. എന്നാല്‍ രാഷ്ട്രീയത്തെ വളരെ ഇടുങ്ങിയതും യാന്ത്രികവുമായ കള്ളിയിലേക്ക് ചുരുക്കുകയാണ്, കക്ഷി രാഷ്ട്രീയത്തിന്റെ ബൈനറിയിലാണ് എല്ലാം നടക്കുന്നത്.

മറ്റൊന്ന്, വളരെ സാഹിതീയമാണ് നമ്മുടെ സിനിമ. അതുകൊണ്ടാണ് നാം ടെക്സ്റ്റിനെ പഠിക്കുന്നത്. എന്നാല്‍, സിനിമാ നിരൂപണത്തിൽ എന്ന പോലെ സാഹിത്യ നിരൂപണത്തിലും നാം ഒരു കൃതി ഭാഷയെ എങ്ങിനെ ഉപയോഗിക്കുന്നു, അവ മുന്‍കാലങ്ങളിൽ നിന്ന് എങ്ങിനെ വ്യത്യസ്തമാവുന്നു എന്നോ, അതിന്റെ രൂപത്തെ കുറിച്ചോ ചര്‍ച്ചചെയ്യുന്നില്ല. സിനിമയിലാണെങ്കില്‍ മൃണാള്‍ സെൻ എങ്ങിനെ രാഷ്ട്രീയം അവതരിപ്പിക്കുന്നു, ഋത്വിക് ഘട്ടക് എങ്ങിനെ രാഷ്ട്രീയം അവതരിപ്പിക്കുന്നു എന്ന് കണ്ടെത്തുക പ്രധാനമാണ്. അതായത്, ഇവര്‍ സിനിമയുടെ ‘ഭാഷയെ’ എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കുകയാണ് വേണ്ടത്.

ചിന്ത രവീന്ദ്രൻ

സിനിമയെ നാം സമീപിച്ച രീതി ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു കാലത്ത് ചിന്ത രവീന്ദ്രൻ എഴുതിയത് സിനിമയില്‍ പ്രത്യയശാസ്ത്രം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു. മെയിന്‍സ്ട്രീം സിനിമയെയും ആര്‍ട്ട് സിനിമയെയും അദ്ദേഹം ആ രീതിയില്‍ അപഗ്രഥിച്ചു. അക്കാലത്ത് ആ രീതി വളരെ പുതുമയുള്ളതും ആവശ്യവുമായിരുന്നു. എന്നാല്‍ പിന്നീട് നാം അതില്‍ത്തന്നെ കുടുങ്ങിക്കിടന്നു. ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ നാം സ്വീകരിക്കുന്ന സമീപനത്തെ പുതുക്കുക ആവശ്യമാണല്ലോ. പിന്നീട് വന്നവര്‍ ഇതിനെ പുതിക്കിയില്ല എന്നു മാത്രമല്ല, വളരെ ഉപരിപ്ലവമായി പൊളിറ്റിക്കൽ കറക്റ്റ്നസ്സിന്റെ അടിസ്ഥാനത്തില്‍ മാത്രം സിനിമയെ സമീപിച്ചു. അര്‍ത്ഥം ഉത്പാദിപ്പിക്കുന്ന യന്ത്രമല്ലല്ലോ സിനിമ. അതില്‍ മറ്റു പല ഘടകങ്ങളും ഉള്‍ചെര്‍ന്നിട്ടുണ്ടല്ലോ. അര്‍ത്ഥം തിരയുമ്പോൾ സിനിമ പകരുന്ന അനുഭൂതി നഷ്ടമാവുന്നു. കാണാനും കേള്‍ക്കാനും മാത്രമുള്ളതല്ല സിനിമ. സിനിമാ കാഴ്ചയില്‍ പ്രേക്ഷകരുടെ ശരീരം കൂടി ഉള്‍ക്കൊള്ളുന്നു എന്ന് വളരെ കാലം മുമ്പ് മൗറീസ് മെര്‍ലിയോ പോണ്ടിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട വിവിയൻ സോബ്ചാക്കിനെ പോലുള്ള ഫിനമെനോളജിസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. രവീന്ദ്രനും തുടര്‍ന്നുവന്ന പോളിറ്റിക്കൽ കറക്റ്റ്നസ്സിനെ ആധാരമാക്കി മാത്രം സിനിമയെ കുറിച്ച് എഴുതുന്നവരും സിനിമയുടെ അനുഭൂതിയെ റദ്ദുചെയ്യുകയാണ്. അതേ സമയം, രാഷ്ട്രീയം എന്ന് നാം ഉദ്ദേശിക്കുന്നത് ഇടത്-വലത്, സ്ത്രീ-പുരുഷന്‍, കമ്യൂണിസം-മുതലാളിത്തം, ആദിവാസി-ആദിവാസി വിരുദ്ധം എന്ന രീതിയിലാണ്. ഇത് മലയാള സിനിമ അനുഭവിക്കുന്ന വലിയ ദുര്യോഗമാണ്‌.

ഇതിനര്‍ത്ഥം സിനിമയെ അനുഭൂതിയായി മാത്രം കാണണമെന്നല്ല. അല്ലെങ്കില്‍ രൂപത്തെ മാത്രം പഠിക്കണം എന്നല്ല. സിനിമകള്‍ രാഷ്ടീയ സംഘര്‍ഷങ്ങൾ, സ്വത്വ പ്രതിസന്ധികള്‍, സാമൂഹ്യ സാഹചര്യങ്ങള്‍, ഫാസിസം, ആഗോളവല്‍ക്കരണം, കണ്‍സ്യൂമറിസം, യുദ്ധം, സര്‍വേലന്‍സ് മുതലായ വിഷയങ്ങള്‍ എങ്ങിനെയാണ് ആവിഷ്കരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

7 minutes read July 24, 2023 12:09 pm