റോസിലിന്‍: സര്‍ഫാസി വിരുദ്ധ പോരാട്ടത്തിന്റെ പുതിയ മുഖം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ചോളമണ്ഡലം ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന സ്വകാര്യ ബ്ലേഡ് കമ്പനിയുടെ തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയായി തെരുവിലെറിയപ്പെട്ട എളങ്കുന്നപ്പുഴ പെരുമാള്‍ പടിയില്‍ റോസിലിന്‍ എന്ന വീട്ടമ്മ സര്‍ഫാസി (SARFAESI) നിയമത്തിനെതിരെ പുതിയൊരു സമരമുഖം തുറക്കുകയാണ്. 126 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും 1757 ശാഖകളും രണ്ട് ലക്ഷം കോടി രൂപയ്ക്ക് മേലെ ആസ്തിയുമുള്ള സ്വകാര്യ ഫിനാന്‍സ് കമ്പനിയക്കെതിരെയാണ് റോസ്ലിയുടെ സമരം. റോസിലി കടക്കെണിയലായ കഥ ഇങ്ങനെയാണ്: റോസിലിന്റെ ഇളയ മകന്‍ വിവേക് 2020 ഡിസംബറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് കഴുത്തിലെ ഞരമ്പ് മുറിയുകയും സ്‌പൈനല്‍ കോഡിന് ഗുരുതരമായ തകരാറ് പറ്റുകയും ചെയ്തു. ഇടതുകാലിലെ അസ്ഥികള്‍ ഒടിഞ്ഞു. ഇപ്പോഴും അംഗപരിമിതനായി ജീവിതം തുടരുകയാണ് വിവേക്. മെഡിക്കല്‍ ട്രസ്റ്റ്, സ്‌പെഷലിസ്റ്റ്, ആസ്റ്റര്‍ മെഡിസിറ്റി എന്നീ ഹോസ്പിറ്റലുകളില്‍ ചികിത്സക്കായി ചെലവായ 30 ലക്ഷം രൂപയുടെ കടബാധ്യത റോസിലിനുണ്ടായി. അത് വീട്ടാന്‍ വഴി തേടുമ്പോഴാണ് മരുമകന്റെ പേരിലേക്ക് നാല് സെന്റ് കിടപ്പാടം മാറ്റിയെഴുതിയാല്‍ 20 വര്‍ഷത്തെ വായ്പക്കാലാവധിയില്‍ 20 ലക്ഷം രൂപ പര്‍ച്ചേസ് ലോണ്‍ തരാമെന്ന് പറഞ്ഞ് ചോളമണ്ഡലത്തിന്റെ ഏജന്റ് റോസിലിന് മുന്നില്‍ രക്ഷക വേഷത്തിൽ അവതരിച്ചത്. അതൊരു കടകെണിയാവുമെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.

രണ്ടര ലക്ഷം രൂപ ആധാര ചെലവും അമ്പതിനായിരം രൂപ ഏജന്റിന്റെ കമ്മീഷനും കേരള ബാങ്കില്‍ പണയപ്പെടുത്തിയ ആധാരം ബാധ്യത തീര്‍ത്ത് എടുക്കാന്‍ ചെലവായ തുകയും കഴിച്ച് 10 ലക്ഷം രൂപയോളം കിട്ടി. അതുകൊണ്ട് കടം വീട്ടാൻ തികഞ്ഞതുമില്ല. സാമ്പത്തിക ഞെരുക്കത്തിലും പ്രതിമാസം 27,000 രൂപ വെച്ച് എട്ട് ലക്ഷം രൂപയോളം വായ്പ റോസിലിന്‍ ചോളമണ്ഡലത്തിന് തിരിച്ചടച്ചു. പക്ഷേ, മൂന്ന് മാസം ​ഗഡു മുടങ്ങിയപ്പോള്‍ മരുമകന്റെ കൈയില്‍ നിന്ന് സെക്യൂരിറ്റിയായി വാങ്ങിയ ഏഴ് ബ്ലാങ്ക് ചെക്കുകള്‍ കല്‍ക്കത്തയിലെ ബാങ്കിൽ നിന്നും മടങ്ങി. അയാൾക്കെതിരെ ചോളമണ്ഡലം കമ്പനി ചെക്ക് കേസ് കൊടുത്തു. തുടര്‍ന്ന് കല്‍ക്കത്താ കോടതിയില്‍ അറസ്റ്റ് ചെയ്തു ഹാജരാക്കുമെന്ന് ഭീഷണി മുഴക്കി. ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു പെറ്റി കേസില്‍ പോലും പെടാത്ത മരുമകന്റെ കുടുംബം വല്ലാത്ത ഭീതിയിലും, അരക്ഷിതാവസ്ഥയിലുമായി. കടക്കെണിയിലായതോടെ റോസിലിന്റെ കുടുംബ ബന്ധങ്ങള്‍ ഉലഞ്ഞു.

സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സമരപന്തലിൽ റോസിലിൻ.

ഇരയെ വലയിലാക്കാന്‍ തക്കംപാര്‍ത്തിരുന്ന ചോളമണ്ഡലം ബ്ലേഡ് കമ്പനി വെറുതെയിരുന്നില്ല. സര്‍ഫാസി നിയമ പ്രകാരം കിടപ്പാടം ജപ്തി ചെയ്ത് കുടിയിറക്കാന്‍ സി.ജെ.എം കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി. കുടിയിറക്കുന്നത് തടസ്സപ്പെടുത്താനായി റോസിലിന്റെ മൂത്തമകന്‍ തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നു എന്ന് പറഞ്ഞ് ചോള മണ്ഡലം ബ്ലേഡ് കമ്പനിയിലെ സ്റ്റാഫിനെ കൊണ്ട് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ അവർ ഒരു കേസും കൊടുത്തു.

16 വര്‍ഷം കൂടി വായ്പ കാലാവധി ശേഷിക്കുന്ന, പോകാന്‍ മറ്റൊരിടവും ഇല്ലാത്ത കുടുംബത്തെ കുടിയിറക്കരുതെന്നും സാവകാശം കൊടുക്കണമെന്നുമുള്ള എറണാകുളം കളക്ടറുടെ നിര്‍ദ്ദേശം ചോളമണ്ഡലം ബ്ലേഡ് കമ്പനി അവഗണിച്ചു. ഉടുതുണിക്ക് മറുതുണി എടുക്കാന്‍ അനുവദിക്കാതെ ബലമായി റോസിലിന്റെ കുടുംബത്തെ ചോളമണ്ഡലം ബ്ലേഡ് കമ്പനി തെരുവില്‍തള്ളി.

മകന്റെ ഓട്ടോറിക്ഷയില്‍ ചെറായി കടപ്പുറത്തെ അരക്ഷിതത്വത്തില്‍ ഉറങ്ങാനാവാതെ കുറച്ചുനാള്‍ കഴിച്ചുകൂട്ടി. അതിന് കഴിയാതെ വന്നപ്പോള്‍, ജനറല്‍ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിന് വന്നയാള്‍ എന്നു വരുത്തി കാഷ്വാലിറ്റിയിലും മോര്‍ച്ചറിയിലും സെക്യൂരിറ്റിക്കാരുടെ ആക്ഷേപവും ശകാരവും സഹിച്ച് ഏഴു മാസം തള്ളിനീക്കി. റോസിലിന്റെ ഇളയ മകന്‍ അംഗപരിമിതനാണ്. മൂത്ത മകന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലാണ്. റോസിലിനും മാനസിക പ്രയാസത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണ്.

ഭര്‍ത്താവിന് വീതം കിട്ടിയ നാല് സെന്റിലെ ഓലപ്പുരമേഞ്ഞ കുടിലില്‍ തുടങ്ങിയതാണ് റോസിലിന്റെ ജീവിതം. 37 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കെട്ടിയ ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടാണ് ജപ്തിയിലൂടെ നഷ്ടപ്പെട്ടത്. മൂത്തമകന്‍ വിപിനെതിരെ പൊലീസ് കേസും വന്നു. ‘റോസിലിന്റെ കുടുംബത്തെ കുടിയിറക്കാതെ അവർക്ക് സമയവും ഇളവും കൊടുക്കണം’ എന്ന എറണാകുളം ജില്ലാ കളക്ടറുടെ രേഖാമൂലമുള്ള ശുപാര്‍ശന്ത കമ്പനി അവഗണിച്ച് തള്ളി.

ചോളമണ്ഡലം കമ്പനിയുടെ ഓഫീസിലേക്ക് നടന്ന മാർച്ച്

40 ലക്ഷം രൂപ വിലമതിക്കുന്ന വീട് പൊതു ലേലത്തിന് പോലും വയ്ക്കാതെ ചോളമണ്ഡലം ബ്ലേഡ് കമ്പനി തിരക്കിട്ട് റിയല്‍ എസ്റ്റേറ്റ് കച്ചവടകകാര്‍ വഴി വിറ്റു. 40 ലക്ഷം രൂപ വരുന്ന കിടപ്പാടം 13 ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ചോളമണ്ഡലം തന്നെ 12 ലക്ഷം രൂപയോളം പര്‍ച്ചേസ് ലോൺ നല്‍കിയാണ് ഒരു വ്യക്തിക്ക് വീടും സ്ഥലവും ലേലം ചെയ്തുകൊടുത്തത്. ഇതോടെയാണ് സര്‍ഫാസി വിരുദ്ധ സമരസമിതി വിഷയത്തില്‍ ഇടപെടുന്നത്. പതിനാറ് വര്‍ഷം ഇനിയും വായ്പാ കാലാവധി നിലനില്‍ക്കെ റോസിലിന്റെ കുടുംബത്തെ തെരുവിലിറക്കി 40 ലക്ഷം രൂപ വിലമതിക്കുന്ന കിടപ്പാടം 13 ലക്ഷം രൂപയ്ക്ക് അന്യായ വില്പന നടത്തിയത് റദ്ദാക്കി കുടിയിറക്കപ്പെട്ട കുടുംബത്തിന് തിരികെ നല്‍കണമെന്ന് സര്‍ഫാസി വിരുദ്ധ സമരസമിതി ആവശ്യപ്പെട്ടു.

‘2026 ആഗസ്റ്റ് പതിനാലാം തീയതി കമ്പനി കുടിയിറക്കാന്‍ വന്നപ്പോള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച റോസിലിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, വിവരം കേട്ടറിഞ്ഞ് അവിടെയെത്തിയ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പ്രാദേശിക പ്രവര്‍ത്തകരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനു കഴിഞ്ഞു. എന്നാല്‍, അന്നേദിവസം പോലീസും, കൊട്ടേഷന്‍ ഗുണ്ടകളുമായി വന്ന ഫിനാന്‍സ് കമ്പനി 27,000 രൂപ തന്നാല്‍ മാത്രമേ ജപ്തി ഒഴിവാക്കി പോകുകയുള്ളൂ എന്ന് വാശി പിടിച്ചു. ഓടിനടന്ന് പലരില്‍ നിന്നും കൈവായ്പ വാങ്ങി റോസിലിന്‍ 27,000 രൂപ കൊടുത്തതിനുശേഷമാണ് പൊലീസും, സംഘവുമായി അവര്‍ തിരിച്ചുപോയത്.

40 ലക്ഷം രൂപയുടെ കിടപ്പാടം വിറ്റാലും കടബാധ്യത തീരുന്നില്ല. വിറ്റു കിട്ടിയ 13 ലക്ഷം രൂപ കഴിഞ്ഞ് അവശേഷിക്കുന്ന തുക ഈടാക്കാന്‍ റോസിലിന്റെ വീട്ടിലുള്ള വീട്ടുപകരണങ്ങളും മറ്റ് ജംഗമ വസ്തുക്കളും ലേലം ചെയ്യാനായി ഫിനാന്‍സ് കമ്പനി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് ജനങ്ങള്‍ അത് തടഞ്ഞത്. ബിജു എബ്രഹാം എന്ന മരുമകന്റെ പേരിലുള്ള കടബാധ്യത തീര്‍ക്കാന്‍ റോസിലിന്റെ ജംഗമവസ്തുക്കള്‍ വില്‍ക്കുന്നതിന്റെ ന്യായം എന്താണ്? ബിജു എബ്രഹാമിനെ കല്‍ക്കത്താ കോടതിയില്‍ ചെക്ക് കേസില്‍ കുടുക്കി കടം വസൂലാക്കാനുള്ള വഞ്ചനാപരമായ നീക്കം കമ്പനി തുടരുകയുമാണ്!

എറണാകുളം വൈറ്റില ചളിക്കവട്ടം ബൈപാസ് സ്റ്റോപ്പിലുളള ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് മെയിന്‍ ഓഫീസിന് മുന്നില്‍ ജൂണ്‍ 10ന് രാവിലെ 10 മണി മുതല്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പ്രതിഷേധം സംഘടിപ്പിച്ചു. ധര്‍ണ നടക്കുമ്പോള്‍ തന്നെ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് മെയിന്‍ ഓഫീസിലെ മാനേജര്‍ക്ക് ഈ വിഷയത്തില്‍ തനിക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോസിലിന്‍ ഒരു സങ്കട ഹര്‍ജി നല്‍കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ റോസിലിന്റെ ടീമിന് മുന്നില്‍ ഉണ്ടായിരുന്ന സമരപ്പന്തലില്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും സമരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി എറണാകുളത്തേക്ക് വന്നിരുന്നു.

ചോളമണ്ഡലം കമ്പനിയുടെ ഓഫീസിലേക്ക് നടന്ന മാർച്ച്

ഈ അവസരം മുതലെടുത്ത് റോസിലിന്റെ വീട് ലേലത്തില്‍ പിടിച്ചയാളും കൂട്ടാളികളായ മറ്റ് ഗുണ്ടകളും റോസിലിന്റെ ഭവനത്തില്‍ അതിക്രമിച്ചു കടക്കുകയും അവിടെയുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. മാത്രമല്ല, ഗുണ്ടാസംഘം അവിടെ റോസിലിന്റെ വീട്ടില്‍ തമ്പടിക്കുകയും ചെയ്തു. പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈറ്റിലയില്‍ നിന്നും അവിടെയെത്തിയ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പ്രവര്‍ത്തകര്‍ സമീപത്തുള്ള സമരപ്പന്തലില്‍ നിന്നും കൊടിയുയര്‍ത്തി ആ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് വീടിന് മുന്നിലെത്തിയപ്പോള്‍ മാര്‍ച്ചിന് നേതൃത്വം കൊടുത്തിരുന്ന അഡ്വ. പി.ജെ മാനുവലിനെ നാല് ഗുണ്ടകള്‍ ചേര്‍ന്ന കയ്യേറ്റം ചെയ്യുകയും തള്ളി താഴെ ഇടുകയും ചെയ്തു.

മുമ്പൊരിക്കല്‍ ഗുണ്ടകളുടെ ആക്രമണത്തിന് വിധേയനായി കാലില്‍ മാരകമായി മുറിവേറ്റ് ഇപ്പോഴും ചികിത്സ തുടരുന്ന അദ്ദേഹത്തിന് ഒന്ന് പ്രതിരോധിക്കാന്‍ പോലും കഴിയില്ല. തടയാന്‍ ശ്രമിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ വി.സി ജെന്നിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍ തന്നെ ഉപയോഗിച്ച് ശ്വാസം മുട്ടുന്ന തരത്തില്‍ അവരെ ആക്രമിച്ചു. ഇതിനിടയില്‍ വി.സി ജെന്നിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സാവിത്രി കണ്ണന്‍ എന്ന 67 വയസ്സു കഴിഞ്ഞ ദലിത് വൃദ്ധയെ അവരുടെ കൈ പിടിച്ച് തിരിച്ച് കയ്യില്‍ നീരുവയ്ക്കുന്ന തരത്തില്‍ അവശ നിലയിലാക്കുകയുണ്ടായി. സമരത്തിൽ പങ്കെടുത്ത പി.കെ വിജയന്‍, ദിവ്യേഷ നാരായണന്‍, ടി.കെ പുഷ്‌കരന്‍, ഇ.എം കുമാരന്‍, സതീഷ് കുമാര്‍ ഇ.ജെ, വാമനന്‍ എന്‍.കെ, ഗിരീഷ്. പി.കെ, ശശി കെ.ബി, വര്‍ഗീസ് ഇ.എം എന്നിവരും ആക്രമിക്കപ്പെട്ടു.

മാരകായുധങ്ങളുമായി ആ വീട്ടില്‍ കേന്ദ്രീകരിച്ചിരുന്നവരുമായി ഏറ്റുമുട്ടലിന് നില്‍ക്കാതെ സമരസമിതി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു. റോസിലിന്‍ തന്റെ വീടിന്റെ വരാന്തയില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം ആരംഭിച്ചു. സമരപ്പന്തലില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളും പ്രതിഷേധപ്രസംഗങ്ങളുമായി മുന്നേറിയ സന്ദര്‍ഭത്തിലാണ് ഞാറക്കല്‍ പൊലീസ് വന്‍ സന്നാഹവുമായി സ്ഥലത്തെത്തിയത്. അവിടെയുണ്ടായ മുഴുവന്‍ സംഭവവികാസങ്ങളും നേതാക്കളും പ്രവര്‍ത്തകരും പൊലീസിനെ അറിയിക്കുകയും, രേഖാമൂലം പരാതി നല്‍കുകയും ചെയ്തെങ്കിലും അക്രമിച്ചവരെ അറസ്റ്റ് ചെയ്യുവാനോ, സ്ഥലത്ത് നിന്നും നീക്കാനോ പൊലീസ്റ്റ് തയ്യാറായില്ല. മുനമ്പത്ത് നിന്നും സി.ഐ.യുടെ നേതൃത്വത്തില്‍ മറ്റൊരു വലിയ സംഘം പൊലീസ് കൂടി എത്തിയപ്പോള്‍ സമരപ്പന്തലിലുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും, തന്റെ വീടിന് മുന്നില്‍ സമരം തുടര്‍ന്നിരുന്ന റോസിലിനെയും അറസ്റ്റ് ചെയ്ത് ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സർഫാസി വിരുദ്ധ സമരത്തിൽ നിന്നും

തുടര്‍ന്ന് ആക്രമണത്തിന് വിധേയരായ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കൾക്കും പ്രവര്‍ത്തകർക്കുമെതിരെ കമ്പനിയുടെ പരാതിയിൽ കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ റോസിലിന്റെ വീടിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടിയിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥനെ ‘തീവ്രവാദ’ കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയും സമരപ്പന്തല്‍ അടച്ചുപൂട്ടി വേലി കെട്ടുകയും ചെയ്തു.

നേതാക്കള്‍ ജയിലില്‍ ആയതിനാലും സമരപ്പന്തല്‍ ഇല്ലാത്തതുകൊണ്ടും സമരം പൊളിയുമെന്നാണ് പൊലീസ് കരുതിയത്. ഭൂമിയില്‍ പെരുവിരല്‍ കുത്തി നില്‍ക്കാനെങ്കിലും ഇടം ലഭിച്ചാല്‍ ഏതൊരു സമരവും വിജയിപ്പിക്കാന്‍ കഴിയും എന്ന് പലവുരു തെളിയിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ റോസിലിന്റെ നേതൃത്വത്തില്‍ റോഡിനരികില്‍ കുത്തിയിരുന്നു കാറ്റിനെയും മഴയെയും അതിജീവിച്ച് സമരം തുടരുകയാണ്. അന്തിമ വിജയം വരെ അത് തുടരും.

റോസിലിന്‍ എന്ന വീട്ടമ്മയുടേത് ഒരു ഒറ്റപ്പെട്ട പ്രശ്‌നമല്ല, സര്‍ഫാസിയെ പോലെ ഒരു നിയമം ബ്ലേഡ് കമ്പനികളെ പോലുള്ള എന്‍.ബി.എഫ്.സികൾ (Non-Banking Financial Company)ക്ക് അമിതാധികാരം കൊടുത്തതിന്റെ സ്വാഭാവിക പരിണിതിയാണിത്. കേരളത്തില്‍ നിയമ വിരുദ്ധ ബ്ലേഡ് ഇടപാട് നടത്തിയിരുന്ന സംഘങ്ങള്‍ കുബേര ഓപ്പറേഷനിലൂടെ ഇല്ലാതായതിലൂടെ പണമിടപാട് നടത്തിവരുന്ന ഫിനാന്‍സ് കമ്പനികളെല്ലാം എന്‍.ബി.എഫ്.സികളായി മാറി. സര്‍ഫാസി എന്ന കൊലയാളി നിയമം ഉപയോഗിക്കാനുള്ള കിടമത്സരമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശക്കൊള്ളയ്ക്ക് ഇരയാകാത്ത ഒരു വീട് പോലും കേരളത്തില്‍ ഇല്ലെന്നായിരിക്കുന്നു. സാധാരണക്കാരുടെ വായ്പാ ലഭ്യതയ്ക്ക് ബദല്‍ മാര്‍ഗം കാണുകയും, കടഭാരം കൊണ്ട് തകര്‍ന്ന കുടുംബങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും തെരുവിലെറിയാതെ സംരക്ഷിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സമിതി നേതാവ് പി.ജെ മാനുവല്‍ പറഞ്ഞു.

കേരളത്തിലെ 65 ശതമാനം കുടുംബങ്ങളും കടക്കെണിയിലാണ്. സ്വകാര്യ ബ്ലേഡ് കമ്പനികള്‍ക്ക് പോലും അന്യായമായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള സര്‍ഫാസി നിയമ പ്രകാരം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിൽ കുടിയിറക്കപ്പെടുന്നുണ്ട്. ഈ പ്രശ്നം അഭിസംബോധന ചെയ്യാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടുവരുന്നില്ല. കടത്തില്‍ ജനിച്ചു വീണത്, കടത്തില്‍ ജീവിച്ച്, കടത്തില്‍ മരിക്കേണ്ടി വരുന്നത് ആരുടെയും കുറ്റമല്ല. കടത്തിലേക്ക് തള്ളിയ വ്യവസ്ഥയാണ് അതിനുത്തരം തരേണ്ടത്. അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്, ജനങ്ങളുടെ അവകാശമാണ്. അതുകൊണ്ടാണ്, ‘കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്! സര്‍ഫാസി എന്ന കൊലയാളി നിയമം റദ്ദാക്കുക, ജപ്തി അല്ല സമവായമാണ് നീതി’ എന്ന മുദ്രാവാക്യം സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് പി.ജെ മാനുവല്‍ പറയുന്നു. ബാങ്കിതര സ്വകാര്യ ഫിനാന്‍സ് കമ്പനികള്‍ സര്‍ഫാസി നിയമം ഉപയോഗിക്കുന്നത് തടയണമെന്നും പ്രസ്ഥാനം ആവശ്യപ്പെടുന്നു. കേരളം ചർച്ച ചെയ്ത എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി സമരത്തിന് ശേഷം പുതിയൊരു സമരമുഖം തുറന്നിരിക്കുകയാണ് വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പെരുമാള്‍പടിയില്‍.

Also Read

6 minutes read June 17, 2026 2:36 pm