ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കായികതാരം വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വം നിലവിൽ വലിയ ചർച്ചയാണ്. 90 നിയമസഭ മണ്ഡലങ്ങളുള്ള ഹരിയാനയിലെ ജുലാന മണ്ഡലത്തിലാണ് വിനേഷിന്റ കന്നിയങ്കം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറച്ചധികം മാസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് വിനേഷ് ഫോഗട്ടിന്റേത്. ഗോദയിലെ നേട്ടങ്ങളുടെ പേരിൽ അറിയപ്പെടേണ്ട ആ സ്ത്രീ പക്ഷേ തുടർച്ചയായി മാധ്യമങ്ങളിൽ ഇടം നേടിയത് വനിത ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ ഉൾപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ് എതിരായ പോരാട്ടത്തിലൂടെയാണ്.
യു.പി രാഷ്ട്രീയത്തിലെ പകരക്കാരില്ലത്ത ക്രിമിനലാണ് ബി.ജെ.പി നേതാവും പാർലമെൻ്റ് അംഗമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിംഗ്. 38 ക്രിമിനൽ കേസിൽ പ്രതിയാണയാൾ. അതിൽ പീഡനം മോഷണം, കൊലപാതക ശ്രമം എന്നിങ്ങനെയുള്ള എല്ലാ മേഖലയും ഉൾപ്പെടുന്നു. 1992 ൽ ബാബരി മസ്ജിദ് തകർത്ത കേസിലും അയാൾ പ്രതിയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ബോംബെ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകി എന്ന പേരിൽ അറസ്റ്റിലാവുകയും തീവ്രവാദപ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ജയിലിലാവുകയും ചെയ്തിട്ടുണ്ട് ബ്രിജ്ഭൂഷൺ. 2022 ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട് എന്ന് യാതൊരു മടിയുമില്ലാതെയാണ് ബ്രിജ്ഭൂഷൺ വിളിച്ച് പറഞ്ഞത്. ഈ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഇടയിലും ആറ് തവണ ബ്രിജ്ഭൂഷൺ ഉത്തർ പ്രദേശിൽ നിന്നും പാർലമെന്റിലെത്തി. ഒരു തവണ സമാജ്‌വാദി പാർട്ടിയുടേയും അഞ്ച് തവണ ബി.ജെ.പിയുടെ ടിക്കറ്റിലുമാണ് അയാൾ മത്സരിച്ച് വിജയിച്ചത്. അയോധ്യ മുതൽ ശ്രാവസ്തിവരെയുള്ള സ്ഥലങ്ങളിലായി 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും കാര്യമായ രാഷ്ട്രീയ സ്വാധീനവും ബ്രിജ്ഭൂഷണുണ്ട്. എല്ലാ രാഷ്ട്രീയ സ്വാധീനവും വ്യക്തിജീവിതത്തിലെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുക എന്നതിലപ്പുറം ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ ബ്രിജ്ഭൂഷന്റെ സംഭാവന വട്ടപൂജ്യമാണ്.
വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാനപ്പെട്ട ഗുസ്തി താരങ്ങൾ 2023 ജനുവരിയിലാണ് ബ്രിജ്ഭൂഷണെതിരെ രംഗത്തെത്തുന്നത്. ഗുസ്തി ഫെഡറേഷന്റെ തലപ്പത്തിരുന്നുകൊണ്ട് തന്റെ പദവിയും കൈക്കരുത്തും ആൾബലവും ഉപയോഗിച്ച് ബ്രിജ്ഭൂഷൺ നടത്തിയ അതിക്രമങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഏഴ് വനിതാ താരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇയാൾ തങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നു എന്ന താരങ്ങളുടെ വെളിപ്പെടുത്തലിൽ പക്ഷേ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ഉണ്ടായില്ല. ആരോപണം ഉന്നയിച്ചവർ പ്രതിസ്ഥാനത്താവുന്ന പതിവ് രീതിതന്നെ ഇവിടെയും തുടർന്നു. ഡൽഹിയിലെ ജന്തർമന്ദറിൽ താരങ്ങളുടെ സമരം കടുത്തപ്പോൾ ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, മേരികോം, യോഗേഷ്വർ ദത്ത് എന്നിവർ ഉൾപ്പെട്ട പാനൽ രൂപീകരിക്കുകയും ബ്രിജ്ഭൂഷന്റെ നേതൃത്വത്തിലുള്ള പാനൽ പിരിച്ചുവിടുകയും ചെയ്തു. നിലവിൽ ബ്രിജ്ഭൂഷനെതിരെയുള്ള കേസ് കോടതിയിലാണ്, വിചാരണ ആരംഭിച്ച സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രിജ്ഭൂഷൺ സമർപ്പിച്ച ഹർജിക്കെതിരെ കോടതിയുടെ ഭാഗത്തുനിന്നും കഴിഞ്ഞമാസം വിമർശനമാണുണ്ടായത്. കേസുമായി മുന്നോട്ടുപോകുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്. “സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പാർട്ടിക്കും പ്രത്യയശാസ്ത്രത്തിനും ഒപ്പമാണ് താൻ, പോരാടാൻ തയ്യാറാണ്, ഇവിടെ ഒരു പുതിയ ഇന്നിങ്‌സ് ആരംഭിക്കുകയാണ്.” വിനേഷ് വ്യക്തമാക്കി.
ഹരിയാനയിലെ സാധ്യതകൾ
ബി.ജെ.പിയുടെ അപ്രമാദിത്വം കുറഞ്ഞ സാഹചര്യമാണ് നിലവിൽ ഹരിയാനയിൽ. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിലും വിജയിച്ച ബി.ജെ.പിക്ക് 2024 ൽ ആ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസാണ് 2024 ൽ വിജയിച്ചത്. ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഹൈക്കമാന്റിന് മനോഹർ ലാൽ ഘട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കേണ്ട അവസ്ഥ വരെ ഉണ്ടായി. 90 നിയമസഭ സീറ്റുകളുള്ള ഹരിയാനയിൽ വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്. ആം ആദ്മി പാർട്ടിയുമായി ചേർന്ന് മത്സരിക്കാം എന്ന രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും 10 സീറ്റുകളെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. ഇതോടെ 50 സീറ്റുകളിൽ ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മുന്നണി സംവിധാനത്തിലായാലും അല്ലെങ്കിലും കോൺഗ്രസ് അനുകൂല സാഹചര്യം ഹരിയാനയിൽ പ്രത്യക്ഷത്തിലുണ്ട്. ജനസംഖ്യയുടെ 27 ശതമാനം വരുന്ന ജാട്ടുകൾക്കിടയിൽ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ട്. കർഷക സമരത്തിന്റെ ഇനിയും അവസാനിച്ചിട്ടില്ലാത്ത അലയൊലികൾ കോൺഗ്രസിനനുകൂലമാകും. സമരത്തെ തുടന്ന് അടച്ച ഡൽഹിയിലേക്കുള്ള അതിർത്തികളിൽ ചിലത് ഇനിയും തുറന്നിട്ടില്ല. ഇതിൽ വലിയ എതിർപ്പ് ജനങ്ങൾക്കിടയിൽ നിലവിലുണ്ട്.
ജെ.ജെ.പി, ഐ.എൻ.എൽ.ഡി തുടങ്ങിയ മറ്റ് പ്രധാന പാർട്ടികൾ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യത നിലവിൽ കുറവാണ്. അത് കോൺഗ്രസിനനുകൂലമായേക്കാം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടുവിഹിതം നേടാൻ പോലും ജെ.ജെ.പിക്ക് സാധിച്ചിട്ടില്ല. ഐ.എൻ.എൽ.ഡി, ബി.എസ്.പിയുമായി ചേർന്നാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 17 ദലിത് സംവരണ സീറ്റുകളിൽ കണ്ണുവെച്ചാണ് ഈ നീക്കം. ഹരിയാനയിലെ ജനസംഖ്യയുടെ 27 ശതമാനം ജാട്ടുകളാണ്. 8-10 ശതമാനം ബ്രാഹ്മിൺ, 7-8 ശതമാനം ഘത്തരീസ്, 27 ശതമാനം ഒബിസി, 7 ശതമാനം മുസ്ലീങ്ങൾ, 7 ശതമാനം മുസ്ലീങ്ങളിൽ ഭൂരിഭാഗവും പരമ്പരാഗത കോൺഗ്രസ് വോട്ടേർമാരാണ്. ജാട്ടുവിഭാഗത്തിന് വലിയ ആധിപത്യമാണ് പലമേഖലകളിലും, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ. അതുകൊണ്ടുതന്നെ വിജയിക്കുന്നത് ഏത് പാർട്ടിയായിരുന്നാലും മുഖ്യമന്ത്രി ജാട്ട് വിഭാഗത്തിൽ നിന്നായിരിക്കും, അതാണ് ചരിത്രം.
അഗ്നിവീർ പദ്ധതിയാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോകുന്ന മറ്റൊരു പ്രധാന ഘടകം. ഹരിയാനയിലെ യുവാക്കളിൽ ഒരു വലിയ വിഭാഗം മിലിറ്ററിയിൽ ചേരണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ റിക്രൂട്ടമെന്റിലുൾപ്പെടെ ബി.ജെ.പി സർക്കാർ വരുത്തിയ മാറ്റങ്ങൾക്കും നയങ്ങൾക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങൾക്കിടയിലുണ്ട്. വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നതും വിനേഷിന്റെ സ്ഥാനാർത്ഥിത്വവുമാണ് മറ്റൊരു പ്രധാന വിഷയം. ഗുസ്തി താരങ്ങൾക്ക് അനുകൂലമായ വികാരം നിലവിൽ രാജ്യത്തെ ജനങ്ങളിലുണ്ട്. ഹരിയാനയിൽ അത് കോൺഗ്രസിനനുകൂലമാകും.
സ്ത്രീകൾക്ക് വിജയത്തിലേക്ക് നടന്നുകയറാൻ അനുകൂലമായ മണ്ണായിരുന്നില്ല ഒരിക്കലും ഹരിയാനയിലേത്. സാക്ഷരതയുടെ കാര്യത്തിലും തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യത്തിലും മറ്റ് ഭൗതിക നിലവാരത്തിലുമെല്ലാം ഹരിയാനയിലെ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ഇത്തരം ഒരു സാഹചര്യത്തെ മറികടന്നുകൊണ്ടാണ് വിനേഷ് ഫോഗട്ടിനെ പോലുള്ള ശക്തരായ സ്ത്രീകൾ മുന്നോട്ടുവരുന്നത്. അത്തരം സ്ത്രീകളോടും അവരുടെ പോരാട്ടത്തോടുമുള്ള ബി.ജെ.പി സർക്കാരിന്റെ നയം വ്യക്തമായി കഴിഞ്ഞതാണ്. ആ നയത്തിനെതിരെ ജനങ്ങൾ ഇത്തവണ വോട്ടുചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.