രേഖകൾ നശിപ്പിച്ച് ആദിവാസി ഫണ്ട് തട്ടിപ്പോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പിറന്ന മണ്ണിൽ നിന്ന് പിഴുതെറിയപ്പെടുന്നവരാണ് കേരളത്തിലെ ആദിവാസികൾ. അവർക്കുവേണ്ടി അനുവദിച്ച പദ്ധതികൾ അവരുടെ ജീവിതം മെച്ചപ്പെടുത്തിയിട്ടില്ല. ആദിവാസികൾക്ക് അനുവദിക്കുന്ന ഫണ്ട് ഉദ്യോഗസ്ഥർ വകമാറ്റി ചെലവഴിക്കുന്നത് കേരളത്തിൽ പതിവായിരിക്കുന്നു. എന്തിന്, എങ്ങനെ ചെലവഴിച്ചുവെന്ന് ആരും ചോദിക്കില്ല എന്നതാണ് ക്രമക്കേട് വ്യാപകമാകാനുള്ള കാരണം. ക്രമക്കേട് കണ്ടെത്തിയാലും പലപ്പോഴും പുറത്തുവരാറുമില്ല. പട്ടികവർഗ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ‘വിദഗ്ധരായി’ മാറിയിരിക്കുന്നു. ഇവ‍ർ ആദിവാസികളുടെ ഫണ്ട് വകമാറ്റുകയോ, ചെലവഴിക്കാതെ തിരിച്ചടയ്ക്കുകയോ, വ്യാജ രസീതുകളുണ്ടാക്കി തട്ടിയെടുക്കുകയോ ചെയ്യുന്നു. സംസ്ഥാനത്ത് ഏറ്റവും കുറവ് ആദിവാസികൾ ജീവിക്കുന്ന ജില്ലയാണ് ആലപ്പുഴ. അവിടെപ്പോലും ഫണ്ട് ചെലവഴിക്കുന്നതിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് പട്ടികവ‍ർ​ഗ വികസന വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് വിഭാ​ഗത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. രേഖകൾ നശിപ്പിച്ചാണ് ഉദ്യോ​ഗസ്ഥ‍ർ പണം തട്ടിയെടുത്തിരിക്കുന്നത്.

പുനലൂർ ട്രൈബൽ ഓഫീസിന്റെ പരിധിയിലുള്ള ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ (ടി.ഇ.ഒ) നടന്ന ക്രമക്കേട് തുറന്ന് കാണിക്കുകയാണ് ആഭ്യന്തര ഓഡിറ്റ് വിഭാ​ഗത്തിന്റെ റിപ്പോർട്ട്. 2014 -16 കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കാൻ പട്ടിക വർഗ ഡയറക്ടറാണ് 2025 ജൂലൈ ഏഴിന് ഉത്തരവിട്ടത്. ഓഡിറ്റ് സംഘത്തിന്റെ പരിശോധനയിൽ ഗുരുതര സ്വഭാവമുള്ള നിരവധി ക്രമക്കേടുകൾ കണ്ടെത്തി. പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്ക് അനുവദിച്ച തുക ഗുണഭോക്താക്കൾക്ക് യഥാസമയം വിതരണം നടത്താതെ നഷ്ടപ്പെടുത്തുകയും വകമാറ്റി ചെലവഴിക്കുകയോ ചെയ്യുക, ക്യാഷ് ബുക്ക് പ്രകാരം അവശേഷിച്ച തുകയും അതിന്റെ വിശദാംശങ്ങളും യഥാവിധി ചാർജ് കൈമാറിയ ഉദ്യോഗത്തിന് നൽകാതിരിക്കുക, പദ്ധതി നടത്തിപ്പിന്റെ ഫയലുകളും അനുബന്ധ രേഖകളും സൂക്ഷിക്കാതിരിക്കുക, പദ്ധതി നടത്തിപ്പിന്റെ വിനിയോഗ സാക്ഷ്യപത്രങ്ങൾ, കൈപ്പറ്റ് രസീതുകൾ എന്നിവ മേലുദ്യോഗസ്ഥന് നൽകാതിരിക്കുക, സുതാര്യത കാത്തുസൂക്ഷിക്കും വിധം പണമിടപാട് സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കാതിരിക്കുക, ക്യാഷ് ബുക്കും അനുബന്ധ രേഖകളും ചാർജ് കൈമാറിയ ഉദ്യോഗസ്ഥന് കൈമാറാതിരിക്കുക എന്നിങ്ങനെ അസ്വാഭാവികമായ നിരവധി നടപടികൾ ആലപ്പുഴ ഓഫീസിൽ ടി.ഇ.ഒ ആയിരുന്ന ആർ. അനൂപിെൻറ കാലത്ത് നടന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

ആലപ്പുഴ ഓഫീസിലെ ക്യാഷ് ബുക്ക് ബാലൻസിൽ 3,58,356 ഒരു രൂപ കുറവുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ തുകയുടേതായി സൂക്ഷിച്ചിട്ടുള്ള താൽക്കാലിക രസീതുകൾ ആധികാരികമല്ലെന്ന് 2016 ജൂൺ 10ന് ഓഫീസർ ആയിരുന്ന ആർ ഹരീന്ദ്രനാഥ് പുനലൂർ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം താൽക്കാലിക രസീതുകൾ നിലവിൽ അവശേഷിക്കുന്നില്ല. ക്യാഷ് ബുക്ക് പ്രകാരം 1,44,541 രൂപയാണ് നിലവിലെ ക്യാഷ് ബാലൻസ്. 85,500 രൂപയുടെ ഒഴികെ അസൽ- താൽക്കാലിക രസീതുകൾ ലഭ്യമല്ല. ചികിത്സ സഹായം അനുവദിച്ചു എന്ന് ചൂണ്ടിക്കാട്ടി 81 രസീതുകൾ പുനലൂർ ട്രൈബൽ ഓഫീസർക്ക് നൽകിയെങ്കിലും അപേക്ഷയുടെ അനുബന്ധ രേഖകൾ ലഭ്യമല്ലാത്തതിനാൽ അത് തിരികെ നൽകി. താൽക്കാലിക രസീത് മുഖേന അനുവദിച്ച തുക ഏതൊക്കെ പദ്ധതികളുടെ പ്രവർത്തനത്തിനായി അനുവദിച്ചതാണെന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ഇത് പരിശോധിച്ചപ്പോൾ, 2013 നവംബർ 28 മുതൽ 2015 സെപ്റ്റംബർ 23 വരെയുള്ള ആലപ്പുഴ ടി.ഇ.ഒയുടെ ചുമതലാ കാലയളവിലാണെന്ന് കണ്ടെത്തി. ഈ കാലയളവിലെ പദ്ധതി നടത്തത്തിന്റെ ഫയലുകളും (ഭൂമി വാങ്ങിയതിന്റെ ഏതാനും ഫയലുകൾ ഒഴികെ) രജിസ്റ്ററുകളും ക്യാഷ് ബുക്കിന്റെ അനുബന്ധ വൗച്ചറകളും ലഭ്യമല്ല.

ലക്ഷങ്ങളുടെ ക്രമക്കേട്

2013 നവംബർ 28 ന് വിധുമോളിൽ നിന്നാണ് ആർ. അനൂപ് ആലപ്പുഴ ടി.ഇ.ഒയുടെ ചാർജ് ഏറ്റെടുക്കുന്നത്. അന്ന് 3,77,495 രൂപയാണ് കാഷ്ബുക്കിലെ ബാലൻസ്. ചെലവഴിക്കാതെ ശേഷിച്ച തുക ഏതൊക്കെ ഇനത്തിൽ ആണെന്ന് രേഖപ്പെടുത്തിയാണ് ചാർജ് കൈമാറിയത്. 2015 സെപ്റ്റംബർ 23ന് അനൂപ് സ്ഥലം മാറി. പകരം എത്തിയത് ടി. പ്രവീൺ ആണ്. അപ്പോഴേക്കും ബാലൻസ് 80,28,469 രൂപയായി. ഇതിൽ 67,92,800 രൂപ ഡിമാൻഡ് ട്രാഫ്റ്റ്, 2,70,917 ഒരു രൂപ ക്യാഷ് ബാലൻസ്, 9,65,352 രൂപ താൽക്കാലിക രസീത് എന്നിങ്ങനെയാണ് ചാർജ് എടുത്ത ഉദ്യോഗസ്ഥൻ ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയത്. താൽക്കാലിക രസീതുകളുടെ അസൽ ലഭിച്ചിട്ടില്ലെന്നും ചാർജെടുത്ത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. ശേഷിച്ച തുക ഏത് ഇനങ്ങളിൽ ആണെന്ന അബ്സ് ട്രാക്ടും ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രവീൺ സ്ഥലം മാറിയതിന് തുടർന്ന് പുനലൂർ ഓഫീസർ ആയിരുന്ന ഷിനു ബാപ്പുക്കുട്ടിയാണ് ആലപ്പുഴയിലെത്തിയത്. അന്നത്തെ ക്യാഷ് ബുക്ക് പ്രകാരം ബാലൻസ് 31,44,542 രൂപയാണ്. ഷിനു ബാപ്പുക്കുട്ടി 13 ദിവസം മാത്രമാണ് ആലപ്പുഴയിൽ ജോലി ചെയ്തത്. തുടർന്ന് ഹരീന്ദ്രനാഥ് എത്തി.

പുനലൂർ ഓഫീസിൽ നടത്തിയ പരിശോധനയിൽ അനൂപിന്റെ കാലത്തെ 3,58,356 രൂപയുടെ താൽക്കാലിക രസീതുകളാണ് കണ്ടെത്തിയത്. അവ പരിശോധിച്ചതിൽ ആധികാരിയുള്ളവയല്ലെന്ന് 2016 ജൂൺ 10ന് ഹരീന്ദ്രനാഥ് പുനലൂർ ട്രൈബൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. ഈ രസീതുകൾ അനൂപിന്റെ കാലത്തേതാണ്. അനൂപ് സ്ഥലം മാറിയപ്പോൾ ക്യാഷ് ബുക്കിൽ ബാലൻസ് ആയി ഉണ്ടായിരുന്ന 10.71 ലക്ഷം രൂപ ചെലവഴിച്ചിരുന്നില്ല. ഇത് ഏതിനത്തിൽ കൈപ്പറ്റിയ തുകയാണെന്ന് പോലും ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ പഴയ ബാലൻസ് എന്നാണ് തുടർന്നുവന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത്. ഇതിൽ 7.13 ലക്ഷം രൂപ ടി.ഇ.ഒ ഹരീന്ദ്രനാഥ് ജില്ലാ ട്രഷറിയിൽ തിരിച്ചടച്ചു. പിന്നീട് 3. 58 ലക്ഷം രൂപ ക്യാഷ് 4 .71 ലക്ഷം രൂപ ഡിമാൻഡ് ഡ്രാഫ്റ്റും അവശേഷിച്ചു. ഇതിൽ മൂന്ന് 58 ലക്ഷം രൂപയുടെ ആധികാരികമല്ലാത്ത താൽക്കാലിക രസീതുകളാണെന്ന് ഹരീന്ദ്രനാഥ് 2016 ൽ നവംബർ 18ന് റിപ്പോർട്ട് ചെയ്തു.

2016 നവംബർ 20ന് അനൂപ് വീണ്ടും ആലപ്പുഴ ടി.ഇ.ഒ ആയി ചുമതലയേറ്റു. ആ സമയം ക്യാഷ് ബുക്കിലെ ബാലൻസ് ആയി ശേഷിച്ചത് 3,58,356 രൂപയും 4,71,200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും ആയിരുന്നു. എന്നാൽ ഇതേ ദിവസം ക്യാഷ് ബുക്കിൽ ചെലവ് കോളത്തിൽ ഒരു ലക്ഷം രൂപ ചെലവ് ചെയ്തായി രേഖപ്പെടുത്തി. ഭക്ഷണം (ഫുഡ്) എന്ന് മാത്രമാണ് വിശദാംശം രേഖപ്പെടുത്തിയത്. തുക ആർക്ക് ഏത് ആവശ്യത്തിന് ഏതു പദ്ധതി പ്രകാരം ഏത് ബിൽ നമ്പർ പ്രകാരം വിതരണം നടത്തി എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. തുക വിതരണം നടത്തിയതിന്റെ വൗച്ചർ ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ ഓഫീസിൽ ലഭ്യമല്ല. ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം 2016 നവംബർ 22 എന്നാണ്. എന്നാൽ അത് ടി.ഇ.ഒ സാക്ഷ്യപ്പെടുത്തിയിട്ടില്ല. കൈയക്ഷരം നോക്കിയാൽ ടി.ഇ.ഒ ആണ് രേഖപ്പെടുത്തിയതെന്ന് മനസിലാക്കാം. ചാർജെടുത്ത ദിവസം തന്നെ ഒരു ലക്ഷം രൂപ വിതരണം നടത്തിയത് എന്തിനാണ്? ബുക്കിൽ രേഖപ്പെടുത്തൽ സാക്ഷ്യപ്പെടുത്താത്തതിലും ദുരൂഹമാണ്. ക്യാഷ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ക്യാഷ് വിതരണം നടത്തിയതായി രേഖപ്പെടുത്തൽ നടത്തി ക്യാഷ് ബുക്കിലെ ബാലൻസ് കുറവ് ചെയ്തതാണെന്ന് സംശയിക്കുന്നു. ഇത് ഗുരുതരമായ ക്രമക്കേടാണ്.

2013-14, 2014-15, 2015-16 വർഷങ്ങളിൽ ആലപ്പുഴയിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനും, പദ്ധതി നിർവഹണത്തിനും പുനലൂർ ട്രൈബൽ ഓഫീസർ പണമായും, ഡിഡിയായും തുക അനുവദിച്ചു. വിതരണത്തിനായി ആലപ്പുഴ ടി.ഡി.ഒ അനൂപിന് കൈമാറിയ തുക ഗുണഭോക്താക്കൾക്ക് വിതരണം നടത്താതെ, പദ്ധതി നിർവഹണം നടത്താതെ തിരികെ ഖജനാവിലേക്ക് അടയ്ക്കുകയോ വിതരണം നടത്താതെ അവശേഷിക്കുകയോ ചെയ്തുവെന്നാണ് പരിശധനയിലെ കണ്ടെത്തൽ. ഇങ്ങനെ വിതരണം നടത്താതെ നഷ്ടപ്പെടുത്തിയത് 14,52,561 രൂപയാണ്. 14.52 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾ നിഷേധിച്ചതിന് ഉത്തരവാദി അനൂപാണ്.

ബോക്സ് -1

തിരികെ അടച്ച ഡിമാൻഡ് ഡ്രാഫ്റ്റ് 4,81,200 രൂപയാണ്. 2015 ജനുവരി ഫെബ്രുവരി, ഏപ്രിൽ, മെയ്, ജൂലൈ മാസങ്ങളിലാണ് ഈ ഡിമാൻഡ് ഡ്രാഫ്റ്റുകൾ കൈപ്പറ്റിയത്. 2015 സെപ്റ്റംബർ 23 ന് അനൂപ് സ്ഥലം മാറി. പുതിയ ടി.ഇ.ഒ പ്രവീൺ വരുന്നത് വരെ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകിയിരുന്നില്ല. പുതിയ ഉദ്യോഗസ്ഥൻ ചാർജെടുത്തപ്പോൾ ഇവയുടെ കാലാവധി കഴിഞ്ഞിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതുവഴി ആദിവാസികൾക്ക് ലഭിക്കേണ്ട തുക നഷ്ടപ്പെട്ടു. അതിന് കാരണക്കാരൻ ടി.ഇ.ഒ അനൂപാണ്. 16 ഡി.ഡികൾ 2025 ഡിസംബർ എട്ടിലെ കത്ത് പ്രകാരം പുനലൂർ ടി.ഡി.ഒക്ക് നൽകിയെന്നാണ് ഫയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടിഡി.ഒ ഇവ ഏത് ആവശ്യത്തിന് അനുവദിച്ചതാണെന്ന് വിവരവും ബാങ്ക് ഫീസും ലഭ്യമാക്കാൻ ആവശ്യപ്പെട്ട് 2016 ജൂലൈ 14ലെ കത്ത് പ്രകാരം തിരികെ നൽകുകയും ചെയ്തു. ആലപ്പുഴ ടി.ഇ.ഒ ഇതിന് പുറമേ ആറ് ഡി.ഡികൾ കൂടി ചേർത്ത് 4.81 ലക്ഷം രൂപയുടെ 22 ഡി.ഡികൾ 2016 നവംബർ 18ന് പുനലൂർ ഓഫീസിലേക്ക് തിരികെ നൽകി.

ഈ വിഷയത്തിൽ നിരവധി തവണ ആലപ്പുഴ ടി.ഇ.ഒയുടെ വിശദീകരണം ആരാഞ്ഞിട്ടും മറുപടി ലഭിച്ചില്ല. 2016 നവംബർ 20ന് അനൂപ് രണ്ടാമതും ആലപ്പുഴ വന്നതിന് ശേഷവും ഈ വിഷയത്തിൽ വിശദീകരണം നൽകിയില്ല. അക്കൗണ്ടന്റ് ജനറലിന്റെയും ഓഡിറ്റ് പരാമർശത്തെ തുടർന്നാണ് 2020 നവംബർ 20ന് 4.81 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റുകൾ പുനലൂർ സബ് ട്രഷറിയിൽ തിരികെ അടച്ചത്. ഈ തുക ഗുണഭോക്താക്കൾക്ക് അനുവദിച്ച് നൽകാതെ തിരികെ അടച്ചതിന്റെ പൂർണ ഉത്തരവാദിത്വം ടി.ഇ.ഒയായ അനൂപിന് ആണെന്ന് പരിശോധനയിൽ കണ്ടെത്തി. പണമായി മാറിയ തുകയിൽ അനൂപ് ചാർജ് ഒഴിയുന്ന വേളയിൽ ക്യാഷ് ബുക്ക് പ്രകാരമുള്ള ബാലൻസ് 12. 36 ലക്ഷം രൂപയാണ്. അതിൽ 9 .65 ലക്ഷം രൂപയുടെ താൽക്കാലിക രസീതുകളും 2. 70 ലക്ഷം രൂപയുടെ ക്യാഷും ഉണ്ടായിരുന്നു. ഈ തുക ഏതിനത്തിൽ കൈപ്പറ്റിയതെന്ന് തുടർന്നുവന്ന ഉദ്യോഗസ്ഥർക്ക് മനസ്സിലാകണമെങ്കിൽ ക്യാഷ് ബുക്കിൽ മാസാന്ത്യം രേഖപ്പെടുത്തണം. എന്നാൽ അനൂപ് സ്ഥലംമാറിയപ്പോൾ ഇത്തരം വിവരങ്ങൾ എഴുതിയിട്ടില്ല. പരിശോധന സംഘം ഈ തുകയുടെ അബ്സ്ട്രാക്ട് കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം നടത്തി.

കണ്ടിജന്റ് ബിൽ നമ്പരുകൾ എഴുതാതെയും തെറ്റായ നമ്പരുകൾ എഴുതിയും ക്യാഷ് ബുക്കിൽ ചെലവ് രേഖപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചെലവഴിക്കാതെ തിരിച്ച് അടച്ചത് പണമായി അനുവദിച്ച 9.71 ലക്ഷം രൂപമാണ്. പട്ടിക വിഭാഗങ്ങൾക്ക് അനുവദിച്ച തുക അവർക്ക് നൽകാതെ തിരിച്ചെടച്ചത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. ട്രഷറിയിൽ നിന്ന് പിൻവലിച്ച തുക നിശ്ചിത സമയ പരിധിക്കകം ചെലവഴിക്കണമെന്നാണ് ധനകാര്യ ചട്ടങ്ങളിൽ നിഷ്കർഷിച്ചിരിക്കുന്നത്. അതും അനൂപ് കാറ്റിൽപ്പറത്തി.

ക്യാഷ് ബുക്കിലെ തിരിമറി

ക്യാഷ് ബുക്ക് ബുക്കിലെ വാല്യം 22 മുതൽ 24 വരെയാണ് പരിശോധിച്ചത്. ഇതിൽ കണക്കുകൾ എല്ലാം അപൂർണ്ണമാണ്. ചെലവഴിച്ച തുക പൂർണമായും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ക്യാഷ് ബാലൻസ് എത്രയാണെന്ന് കണ്ടെത്താൻ കഴിയില്ല. ഉദാഹരണമായി കേന്ദ്ര പ്രത്യേക സഹായ പദ്ധതിയിലെ കണക്ക് കണ്ടെത്തുക പ്രയാസമാണ്. ക്യാഷ് ബുക്കിലെ ചില ചെലവിനത്തിൽ ബിൽ നമ്പർ തെറ്റായി രേഖപ്പെടുത്തിയതായി പരിശോധനയിൽ കണ്ടെത്തി.

ബോക്സ്-2

കണക്ക് പ്രകാരം ക്രമനമ്പർ 1,2 ൽ അധിക ചെലവും 3,5 എന്നിവയിൽ തുക ചെലവഴിക്കാതെയും ഇരിക്കുന്നു. ചിലയിടത്ത് തുക വക മാറ്റി ചെലവഴിച്ചു. പദ്ധതികളെല്ലാം പൂർണമായി നടപ്പിലാക്കിയിട്ടുണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. അസൽ വൗച്ചറുകൾ പരിശോധനക്ക് ലഭിക്കാത്തതിനാൽ പ്രത്യേകിച്ച് കേന്ദ്രസഹായ പദ്ധതിയിലെ ഘടക പദ്ധതികൾ പൂർണമായി നടപ്പിലാക്കിയവ, ഭാഗികമായി നടപ്പിലാക്കിയവ, നടപ്പാക്കാതിരുന്നവ ഏതെല്ലാം എന്ന് കണ്ടെത്താനാവില്ല. ഭൂരിപക്ഷം പദ്ധതികളും വിഭാവനം ചെയ്ത തരത്തിൽ നടപ്പാക്കിയിട്ടില്ലെന്ന് പറയാം. ഭവന പുനരുദ്ധാരണ പദ്ധതിക്കായി 1.60 ലക്ഷം അനുവദിച്ചു. ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1.40 ലക്ഷം എന്നാണ്. 20,000 രൂപ എവിടെപ്പോയി എന്ന് വ്യക്തമല്ല. ഇത് വരവ് ചിലവ് കണക്കുകളിലെ പൊരുത്തക്കേടാണ്. ക്യാഷ് ബുക്കിന്റെ 23 വാല്യത്തിൽ 2015 ഫെബ്രുവരി 19 മുതൽ മാർച്ച് നാലുവരെയുള്ള പണമിടപാടുകളെക്കുറിച്ച് യാതൊന്നും രേഖപ്പെുത്തിയിട്ടില്ല. പണമിപാട് നടത്തയിട്ടില്ലെങ്കിൽ അക്കാര്യം ക്യാഷ് ബുക്കിൽ ആദ്യപേജിൽ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അതും പാലിച്ചിട്ടില്ല.

ഒരു സാമ്പത്തിക വർഷം മാറുന്ന തുക അതിൽ സാമ്പത്തിക വർഷം തന്നെ പൂർണമായും ചെലവഴിക്കുകയോ അല്ലാത്തപക്ഷം ട്രഷറിയിൽ തിരികെ അടയ്ക്കുകയും ചെയ്യണമെന്നാണ് ചട്ടങ്ങളിൽ പറയുന്നുണ്ട്. തുക തിരിച്ചടച്ചതിനെ ഉത്തരവാദിത്വം തുടർന്ന് വന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കാനാവില്ല. ഈ സാഹചര്യത്തിൽ തുക ഏതു പദ്ധതി പ്രകാരമാണ് വിനിയോഗിക്കേണ്ടത് എന്ന് തിരിച്ചറിയാൻ കഴിയാതെ തിരിച്ചിടയ്ക്കേണ്ട സാഹചര്യം ഉടലെടുത്തതിന് മുൻ ടി.ഇ.ഒ അനൂപാണെന്ന് ഉത്തരവാദി എന്ന് ഓഡിറ്റ് കണ്ടെത്തി. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആലപ്പുഴയിലെ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്ക് അനുവദിച്ചതും ചെലവഴിക്കാത്തതും ആയ 14.52 ലക്ഷംരൂപയുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് നിഷേധിച്ച പരിപൂർണ ഉത്തരവാദിത്വം ടി.ഇ.ഒ അനൂപിനാണെന്ന് റിപ്പോർട്ട് അടിവരയിരുന്നു.

2025 ജൂലൈ 17ന് നടത്തിയ പ രിശോധനയിൽ 1.44 ലക്ഷം രൂപയാണ് ക്യാഷ് ബുക്ക് ബാലൻസിൽ കണ്ടെത്തിയത്. എന്നാൽ ഭൗതിക പരിശോധനയിൽ പണം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സാ ധനസഹായ വിതരണം നടത്തിയതിന്റെ 81 വൗച്ചറകളുടെ പകർപ്പകൾ പുനലൂർ ഓഫീസർക്ക് നൽകിയിരുന്നു. ഗുണഭോക്താക്കളുടെ അപേക്ഷയും അനുബന്ധുകളും അതിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2020 ഫെബ്രുവരി രണ്ടിലെ കത്ത് മുഖേന പുനലൂരിലെ ഓഫീസർ അതെല്ലാം തിരികെ നൽകി. ഈ വൗച്ചറുകളുടെ അകത്തുക 86,100 രൂപ ആണ്. ഈ വൗച്ചറുകളുടെ പകർപ്പിൽ അനൂപ് പെയ്ഡ് മി എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവ ആധികാരിക താൽക്കാലിക വൗച്ചറുകൾ ആയി പരിഗണിക്കാൻ കഴിയുന്നതല്ല. താൽക്കാലിക രസീത് മുഖേന ക്യാഷ് തുക കൈപ്പറ്റിയത് തെളിയിക്കുന്ന രേഖകളൊന്നും പരിശോധനയ്ക്ക് നൽകിയിട്ടില്ല.

ആലപ്പുഴയിൽ അനൂപ് രണ്ടാമത്തെ കാലയളവിൽ ജോലി ചെയ്തശേഷം സ്ഥലം മാറ്റം ലഭിച്ച 2019 ജൂൺ 24ന് ആണ് എം.എസ് പ്രശാന്തിന് ക്യാഷ് ബുക്ക് ചാർജ് കൈമാറിയത്. ക്യാഷ് ബുക്ക് ബാലൻസ് പ്രകാരമുള്ള പണം, താൽക്കാലിക രസീതുകൾ, ക്യാഷ് അബ് സ്ട്രാക്ട് എന്നിവ തനിക്ക് ലഭിച്ചിട്ടില്ല എന്ന് പ്രശാന്ത് രേഖപ്പെടുത്തി. ശേഷിക്കുന്ന തുക സംബന്ധിച്ച വിവരങ്ങൾ, വിവിധ പദ്ധതികൾ നടപ്പാക്കിയതിന്റെ രേഖകൾ, തുക വിതരണം നടത്തിയ വൗച്ചറുകൾ എന്നിവയും കൈമാറിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എം.എം. പ്രശാന്ത് പുനലൂർ ഓഫീസർക്ക് റിപ്പോർട്ട് നൽകി. പുനലൂർ ടി.ഡി.ഒ 2019 ജൂലൈ ഏഴിന് ഡയറക്ടർക്കും റിപ്പോർട്ട് കൈമാറി. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അതിനു അനൂപ് മറുപടി നൽകിയിട്ടില്ല. അനൂപ് അല്ലാതെ മറ്റൊരു ജീവനക്കാരനും ഈ പ്രവണത അവിടെ പുലർത്തിയിട്ടില്ല. ലവിലുള്ള ധനകാര്യ ചട്ടങ്ങൾ പ്രകാരം ക്യാഷ് ബുക്ക് ബാലൻസും ഭൗതിക പരിശോധനയുടെ ബാലൻസും തമ്മിലുള്ള വ്യത്യാസം ഗുരുതര ക്രമക്കേടായി മാത്രമേ വിലയിരുത്താൻ കഴിയു. ക്യാഷ് ബുക്ക് ബാലൻസിൽ കുറവുള്ള1,44,541 രൂപ അനൂപിൽ നിന്ന് തിരിച്ചുപിടിക്കണം എന്നാണ് റിപ്പോർട്ട് പറയുന്നത്.

വിനിയോഗ വിവരങ്ങൾ ഇല്ലാത്ത പദ്ധതികൾ

പുനലൂർ ട്രൈബൽ ഓഫീസിലെ ഫയലുകൾ പരിശോധിച്ചതിൽ അനൂപ് ആലപ്പുഴ ടി.ഇ.ഒ ആയിരുന്ന കാലയളവിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് അനുവദിച്ച തുകകളുടെ കൈപ്പറ്റ് രസീത്, വിനിയോഗ സാക്ഷ്യപത്രം എന്നിവ നൽകിയിട്ടില്ല എന്ന് വ്യക്തമായി. ഊരുകൂട്ടം എന്നത് ആദിവാസികളുടെ ജനാധിപത്യ ബോഡിയാണ്. ഗ്രമപഞ്ചായത്തിന് സമാനമാണിത്. ആദിവാസിളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അവതരിപ്പിക്കുന്ന ഇടം. ജില്ലയിൽ 2018–19 സാമ്പത്തിക വർഷം ഈരുകൂട്ടം സംഘടിപ്പിക്കുന്നതിന് പുനലൂർ ട്രൈബൽ ഓഫീസറുടെ 2019 ജനുവരി 22ലെ ഉത്തരവ് പ്രകാരം ആലപ്പുഴ ടി.ഇ.ഒയുടെ അക്കൗണ്ടിലേക്ക് 25,000 രൂപ നൽകി. അനൂപ് ആയിരുന്നു ഈ കാലയളവിലെ ടി.ഇ.ഒ. ഈ തുകയുടെ വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കാൻ ട്രൈബൽ ഓഫീസർ നിരവധി തവണ കത്ത് നൽകി. ഈ വിഷയം ടി.ഡി.ഒ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും ഡയറക്ടർ 2021 ജൂൺ 28ലെ കത്ത് പ്രകാരം 20,000 രൂപയും 18 ശതമാനം പലിശയും അനൂപിെൻ്റ ബാധ്യതയായി നിശ്ചയിക്കാൻ പുനലൂർ ട്രൈബൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

ഈ വിവരം 2021ആഗസ്റ്റ് അഞ്ചിലെ രജിസ്റ്റേർഡ് കത്ത് വഴി അനൂപിനെ അറിയിച്ചു. അനൂപ് ആലുവ ടി.ഇ.ഒ ആയിരുന്ന കാലയളവിൽ ഓഫീസിൽ കത്ത് കൈപ്പറ്റിയതിെൻ്റ മടക്ക രസീത് ഫയലിൽ ഉണ്ട്. ഈ കാലയളവിൽ അനൂപിെൻ്റ നിയന്ത്രണ ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ ട്രൈബൽ ഓഫീസറോട് കത്തുകളും അർദ്ധ ഔദ്യോഗിക കത്തും മുഖേന ഈ തുക റിക്കവറി നടത്തി വിവരം അറിയിക്കാൻ പുനലൂർ ട്രൈബൽ ഓഫീസർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും തുടർ നടപടി അനൂപിെൻ്റ ഭാഗത്തുനിന്നും ഉണ്ടായതായി പുനലൂർ ട്രൈബൽ ഓഫീസിലെ ഫയൽ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഊരുകൂട്ടം സംഘടിപ്പിക്കുന്നതിന് 2017–18 വർഷം ട്രൈബൽ ഓഫീസറുടെ ഉത്തരവ് പ്രകാരം 75,000 രൂപ ആലപ്പുഴക്ക് അക്കൗണ്ടിലേക്ക് നൽകി. ഈ തുക 2018 ജനുവരി 17ന് അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ട്. തുക ചെലവഴിച്ചതിെൻ്റ വിവരങ്ങൾ പുനലൂർ ട്രൈബൽ ഓഫീസിൽ ലഭിച്ചില്ല. ആലപ്പുഴ ഓഫീസിൽ നടത്തിയ പരിശോധനയിലും ഇത് സംബന്ധിച്ച രേഖകൾ ഒന്നും ലഭ്യമായിട്ടില്ല. നിരവധി തവണ രേഖ മൂലം ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 2021 ഡിസംബർ 29 ന് ഈ വിവരം ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2014–15 സാമ്പത്തിക വർഷം ഊരു കൂട്ടങ്ങൾ സംഘടിപ്പിക്കുന്നതിന് 20,000 രൂപ മുൻകൂറായി നൽകി. ഈ തുകയുടെ വിനിയോഗ സാക്ഷ്യപത്രമോ കൈപ്പറ്റ് രസീതോ പുനലൂർ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിലും, ആലപ്പുഴ ട്രൈബൽ ഓഫീസിലും നടത്തിയ പരിശോധനകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണം മാത്രമല്ല ആദിവാസികളുടെ ജനാധിപത്യ അവകാശവും ഇതിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നു.

ഭക്ഷ്യസഹായത്തിൽ പോലും തിരിമറി

ആദിവാസികൾ പട്ടിണി മരണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ്. 2018–19 സാമ്പത്തിക വർഷം ആലപ്പുഴ ജില്ലയിൽ ഭക്ഷ്യ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് 2018 ആഗസ്​റ്റ് 21ലെ ഉത്തരവ് പ്രകാരം 10,48,000 രൂപ ആലപ്പുഴ ടി.ഇ.ഒയുടെ ടി.എസ്​.ബി അക്കൗണ്ടിലേക്ക് കൈമാറി. വാഹന വാടക, പാക്കിംഗ് ചാർജ്, കയറ്റിറക്ക് കൂലി എന്നിവയ്ക്ക് ചെലവായ 81,680 രൂപയുടെ വൗച്ചറുകൾ 2020 ജൂൺ 24ലെ കത്ത് പ്രകാരം അനൂപ് ലഭ്യമാക്കിയതായി ഫയലിൽ കണ്ടെത്തി.

അനൂപ് ആലപ്പുഴ ടി.ഇ.ഒയുടെ ചാർജ് 2019 മെയ് 27ൽ എം.എസ്​. പ്രശാന്തിന് കൈമാറി, പിന്നീട് മൂവാറ്റുപുഴ ടി.ഡി.ഒയുടെ നിയന്ത്രണത്തിലുള്ള ആലുവ ടി.ഇ.ഒ ആയി ജോലി നോക്കുന്ന കാലയളവിലാണ് ആലപ്പുഴ ഓഫീസറുടെ ഔദ്യോഗിക നാമം ഉപയോഗിച്ച് കത്തിടപാട് നടത്തിയത്. അനൂപ് ഭക്ഷ്യ സഹായ പദ്ധതി നടപ്പാക്കിയ ഇനത്തിൽ സപ്ലൈകോക്ക് നൽകിയ 6,04,147 രൂപയുടെ വൗച്ചറുകൾ ഇദ്ദേഹത്തിന് ശേഷം ചാർജെടുത്ത ടി.ഇ.ഒ ഹാജരാക്കി. എന്നാൽ, ഭക്ഷ്യധാന്യങ്ങൾ ഗുണഭോകതാക്കൾക്ക് വിതരണം നടത്തിയതിെൻ്റ അക്ക്വിറ്റൻസ്​, വിനിയോഗ സാക്ഷ്യപത്രം എന്നിവ പുനലൂർ ട്രൈബൽ ഓഫീസിൽ നടത്തിയ ഫയൽ പരിശോധനയിലും, ആലപ്പുഴ ഓഫീസിൽ നടത്തിയ പരിശോധനയിലും ലഭ്യമായിട്ടില്ല. അക്ക്വിറ്റൻസ്​ ലഭിക്കാതെ ഗുണഭോകതാക്കൾക്ക് ഭക്ഷ്യധാന്യം ലഭിച്ചുവെന്ന് ഉറപ്പാക്കാൻ കഴിയില്ല. ആദിവാസികൾ ഭക്ഷ്യവിഭവങ്ങൾ ആദിവാസികളുടെ കൈകളിൽ എത്തിയെന്നതിന് രേഖാപരമായി ഉറപ്പില്ല.

ഈ പദ്ധതിയിൽ വാഹന വാടകയായി 1.92 ലക്ഷം അനുവദിച്ചതിൽ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അരൂർ കളപ്പുരക്കൽ കോളനിയിലെ എം.പി സുബി പരാതി നൽകി. ഇക്കാര്യത്തിൽ പുനലൂർ ടി.ഡി.ഒ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതേ വ്യക്തി തന്നെ അനൂപിനെതിരെ വിജിലൻസിലും പരാതി നൽകി. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2019 മെയ് 24 ന് പ്രിൻസിപ്പൽ സെക്രട്ടറി ആഭ്യന്തര വിജിലൻസിനെ കൊണ്ട് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഡയറക്ടറോട് നിർദ്ദേശിച്ചു. പട്ടികവർഗ കാര്യാലയത്തിലെ ജോയിൻറ് ഡയറക്ടർ 2019 ജൂലൈ 30ന് ആലപ്പുഴ ഓഫീസിൽ സന്ദർശനം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് പുനലൂർ ഓഫിസിലെ ഫയലിൽ ഉറങ്ങുകയാണ്. ഈ റിപ്പോർട്ടിൽ ഭക്ഷ്യസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് സുബി നൽകിയ പരാതി സംബന്ധിച്ച പരാമർശം ഉണ്ട്. അനൂപ് ജോലി ചെയ്തിരുന്ന രണ്ട് കാലയളവിലെയും ക്യാഷ് ബുക്ക് ഉൾപ്പെടെയുള്ള എല്ലാ രേഖകളും പരിശോധിക്കുന്നതിന് വകുപ്പിലെ സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കണമെന്ന് ശിപാർശ നൽകിയിരുന്നു.

2019 മെയ് 27ന് ആലപ്പുഴ ഓഫീസിൽ നിന്നും സ്ഥലം മാറിയ ശേഷവും ജൂൺ 26വരെ ഒരു മാസത്തോളം ക്യാഷ് ബുക്ക് അനൂപ് കൈവശംവെച്ചു. അതിൽ തിരുത്തലുകൾ വരുത്തിയെന്ന് പകരം ചുമതലയേറ്റ ടി.ഇ.ഒ റിപ്പോർട്ട് ചെയ്തു. ക്യാഷ് സംബന്ധമായ രേഖകൾ കൈമാറിയപ്പോൾ ടി.എസ്.ബി അക്കൗണ്ടിലെ നീക്കിയിരിപ്പ് 3,60,689 രൂപയാണ്. പിന്നീടും അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചു എന്നാണ് രേഖകളിൽ കാണിക്കുന്നത്. 2019 മെയ് 28ന് 2,50,833 രൂപ സപ്ലൈകോയ്ക്കും മെയ് 30ന് 1,47,031 രൂപ സപ്ലൈകോ സൂപ്പർ മാർക്കറ്റിനും നൽകിയെന്നാണ് കണക്ക്. ജൂൺ 10ന് 1,92,300 രൂപ ലാലൻ എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ഭക്ഷ്യ സഹായ പദ്ധതിയുടെ അവസാനഘട്ടത്തിൽ വാഹനവാടക, പാക്കിംഗ് ചാർജ് , കയറ്റി ഇറക്കുകൂലി എന്നിവക്ക് ചെലവായ 81,680 രൂപയുടെ വൗച്ചറുകൾ പുനലൂർ ഓഫിസിൽ നൽകി. ഈ വൗച്ചറുകൾ പ്രകാരം ലാലന് നൽകിയത് 27,700 രൂപയാണ്.

2019 ഓഗസ്റ്റ് ഒന്നിന് 1,10,620 രൂപ ക്യാഷ് ബുക്കിൽ വരവ് വെച്ചു. ഇത് ലാലന് അനുവദിച്ച അധിക തുക മുൻ ഓഫീസർ അനൂപിൽ നിന്ന് തിരികെ കൈപ്പറ്റിയതായി ക്യാഷ് ബുക്കിൽ രേഖപ്പെടുത്തി. മുൻവർഷങ്ങളിൽ വാഹന വാടക, കയറ്റിയിറക്ക് കൂലി എന്നിവയ്ക്ക് അനുവദിച്ച തുകയുടെ ഇരട്ടിയിലധികം അനുവദിച്ചതിന്റെ കാരണമെന്താണ് എന്ന് വ്യക്തമല്ല. വാഹന വാടകയുടെ തീയതി 2019 മെയ് 20, 22, 23 എന്നിങ്ങനെയാണ്. 2018 സെപ്റ്റംബർ 13 ന് തുക പുനലൂരിൽ നിന്ന് നൽകിയിട്ടും 2019 മെയ് മാസം മാത്രം ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയതിന്റെ കാരണം എന്താണ് ? 2019 ഓഗസ്റ്റ് ഒന്നിനാണ് 1,10,620 രൂപ തിരികെ നൽകിയത്. ഇതിനും 36 ദിവസം മുമ്പ് 2019 ജൂൺ 24ന് പുനലൂർ ടി.ഡി.ഒക്ക് നൽകിയ വാഹന വാടകയുടെ വൗച്ചർ ആകട്ടെ 81,680 രൂപയുടേതാണ്. ഇതെങ്ങനെ സംഭവിച്ചു? 81,680 രൂപ ലാലന്റെ അക്കൗണ്ടിലേക്ക് അനുവദിച്ച സാഹചര്യം എന്ത് ? ഭക്ഷ്യ സഹായ പദ്ധതി സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ.

Representative Image

2017–18 സാമ്പത്തിക വർഷം ആലപ്പുഴ ജില്ലയിൽ ഭക്ഷ്യ സഹായ പദ്ധതി നടപ്പാക്കുന്നതിന് 3,75,000 രൂപ ലഭിച്ചു. അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടാണ് തുക നൽകിയത്. തുക ചെലവഴിച്ചതിന്റെ‌ കൈപ്പറ്റ് രസീത്, വിനിയോഗ സാക്ഷ്യപത്രം, ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയതിെൻ്റ അക്വിറ്റൻസ്​ എന്നിവ പുനലൂർ, ആലപ്പുഴ ഓഫീസുകളിൽ നടത്തിയ ഫയൽ പരിശോധനകളിൽ കണ്ടെത്താനായിട്ടില്ല. വിനിയോഗ വിവരങ്ങളൊന്നും ആലപ്പുഴ ഓഫീസിൽ തനിക്ക് ലഭ്യമല്ലെന്നും, മുൻഗാമിയായ അനൂപ് ഇവ കൈമാറിയിട്ടില്ലെന്നും തുടർന്ന് ജോലി നോക്കിയ ടി.ഇ.ഒ പ്രശാന്ത് 2020 ഫെബ്രുവരി രണ്ടിലെ കത്ത് പ്രകാരം ട്രൈബൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2014–15 സാമ്പത്തിക വർഷം ജില്ലയിൽ ഭക്ഷ്യസഹായ പദ്ധതി നടപ്പാക്കുന്നതിന് നാലുലക്ഷം രൂപ പണമായി, മുൻകൂറായി മാറി അനൂപിന് നൽകിയിരുന്നു. പലതവണ അറിയിപ്പ് നൽകിയിട്ടും വിനിയോഗ സാക്ഷ്യപത്രം, കൈപ്പറ്റ് രസീത്, അക്വിറ്റൻസ്​ എന്നിവ ലഭ്യമാക്കിയിട്ടില്ല.

2015–ലെ ഓണക്കാലത്ത് ഓണക്കിറ്റ് വിതരണം നടത്തുന്നതിന്റെ വാഹന വാടക, കയറ്റിറക്ക് കൂലി എന്നിവ നൽകുന്നതിന് പുനലൂർ ട്രൈബൽ ഓഫീസറുടെ ഉത്തരവുപ്രകാരം അനൂപിന് 1,00,000 രൂപ മുൻകൂറായി മാറി പണമായി നൽകിയിരുന്നു. ഈ തുക ചെലവഴിച്ചതിെൻ്റ കൈപ്പറ്റി രസീത്, വിനിയോഗ സാക്ഷ്യപത്രം, ഓണക്കിറ്റ് വിതരണം നടത്തിയതിെൻ്റ അക്വിറ്റൻസ്​ എന്നിവർ പുനലൂർ ഓഫീസിൽ ഹാജരാക്കിയിട്ടില്ല. ആലപ്പുഴ ഓഫീസിൽ നടത്തിയ പരിശോധനയിലും കണ്ടെത്താനായിട്ടില്ല.

പട്ടികവർഗ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്നതിന് പുനലൂർ ട്രൈബൽ ഓഫീസറുടെ 2013 ഒക്ടോബർ 25, 2013 ജനുവരി 22, 2014 മാർച്ച് 24 എന്നീ തീയതികളിലെ ഉത്തരവുകൾ പ്രകാരം 50,000 രൂപയുടെ വീതം മൂന്ന് ഡിമാൻഡ് ഡ്രാഫ്റ്റുകൾ വിതരണം നടത്തുന്നതിനായി അനൂപിന് കൈമാറി. എന്നാൽ ഈ തുക വിതരണം നടത്തിയതിെൻ്റ കൈപ്പറ്റ് രസീതോ വിനിയോഗ സാക്ഷ്യപത്രമോ പുനലൂർ ടി.ഡി.ഒയ്ക്ക് തിരികെ നൽകിയതായി കാണുന്നില്ല. ആലപ്പുഴ ട്രൈബൽ ഓഫീസിൽ നടത്തിയ പരിശോധനയിലും ഇത് സംബന്ധിച്ച രേഖകൾ കണ്ടെത്തനായില്ല. വിവാഹ ധനസഹായമായി 2014-15ൽ അനുവദിച്ച 50,000 രൂപയുടെ വീതം രണ്ട് ഡിമാൻഡ് ഡ്രാഫ്റ്റുകൾ വിതരണത്തിനായി അനൂപിനെ ഏൽപ്പിച്ചിരുന്നു. തുക വിതരണം നടത്തിയതിെൻ്റ കൈപ്പറ്റ് രസീതും, വിനിയോഗ സാക്ഷ്യപത്രം പരിശോധനയിൽ കണ്ടെത്താനായില്ല.

2018–19 സാമ്പത്തിക വർഷം ആലപ്പുഴ ജില്ലയിൽ സാമൂഹ്യ ഐക്യദാർഢ്യം പക്ഷാചരണ പരിപാടി സംഘടിപ്പിക്കുന്നതിന് പുനലൂർ ട്രൈബൽ ഓഫീസർ 2018 ഒക്ടോബർ നാലിലെ ഉത്തരവ് പ്രകാരം ആലപ്പുഴ ടി.ഇ.ഒയുടെ ടി.എസ്​.ബി അക്കൗണ്ടിലേക്ക് 10,000 രൂപ മുൻകൂറായി മാറി നൽകി. വിനിയോഗ വിവരവും കൈപ്പറ്റ് രസീതും ലഭ്യമാക്കുന്നതിന് ആലപ്പുഴ ടി.ഇ.ഒക്ക് നിരവധി കത്തുകൾ നൽകിയിട്ടും ഇവ നൽകിയില്ല.

ജില്ലയിലെ അൺ–എയിഡഡ് സ്​ഥാപനങ്ങളിൽ പ്രീമെട്രിക് ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലംപ്സംഗ്രാന്റ്, 2013 ജൂൺ മുതൽ സെപ്തംബർ വരെയുള്ള സ്​റ്റൈപ്പൻ്റ്, ട്യൂഷൻ ഫീസ്​ എന്നിവ നൽകുന്നതിന് 8026 രൂപ പണമായി മാറി ആലപ്പുഴ ടി.ഇ.ക്ക് നൽകി. തുക വിതരണം നടത്തിയതിെൻ്റ കൈപ്പറ്റ് രസീത്, അക്വിറ്റൻസ്​ എന്നിവ ഫയലിൽ ലഭ്യമല്ല. ജില്ലയിൽ 2013–14 അധ്യയന വർഷം പ്രീമെട്രിക് ക്ലാസുകളിൽ പഠനം നടത്തിയ പട്ടിക വർഗ വിദ്യാർഥികളുടെ നവംമ്പർ 2013 മുതൽ 2014 മാർച്ച് വരെയുള്ള സ്​റ്റൈപ്പന്റ് വിതരണം നടത്തുന്നതിനായി 3,50,750 രൂപ ഉത്തരവുപ്രകാരം പണമായി മാറി വിതരണം നടത്തുന്നതിനായി ആലപ്പുഴ ടി.ഇ.ഒ അനൂപിന് കൈമാറിയതായി രേഖയുണ്ട്. തുക വിതരണം നടത്തിയതിന്റെ വിവരങ്ങളോ കൈപ്പറ്റ് രസീതോ പുനലൂർ ട്രൈബൽ ഓഫീസിലെ ഫയലിലോ ആലപ്പുഴ ടി.ഇ.ഒ ഓഫീസിലോ ലഭ്യമല്ല.

ആർട്ടിക്കിൾ 275 പ്രകാരം, ചില സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്. ഈ ധനസഹായം, പട്ടികവർഗവിഭാഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്താനും, പട്ടിക പ്രദേശങ്ങളുടെ ഭരണനിലവാരം ഉയർത്താനും ഉപയോഗിക്കും. പ്രത്യേകിച്ച് ആദിവാസി പ്രദേശങ്ങളുടെ അധിക ചെലവുകൾക്കായി ഇത് വിനിയോഗിക്കണം. ഈ ധനസഹായം ആലപ്പുഴക്കും ലഭിച്ചു. ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ കുന്നേവെളി ഉന്നതിയിൽ ധനലക്ഷ്മി കുടുംബശ്രീ, അരൂർ പഞ്ചായത്തിലെ കളപ്പുരക്കൽ ഉന്നതിയിൽ ശ്രീപാദം കുടുംബശ്രീ എന്നിവയിൽ അംഗങ്ങളായ പട്ടികവർഗ വനിതകൾക്ക് കയർ യൂണിറ്റ് വിപുലീകരിക്കുന്നതിന് യൂണിറ്റ് ഒന്നിന് 1,30,000 രൂപ വീതം പുനലൂർ ട്രൈബൽ ഓഫീസറുടെ 2014 ജനുവരി 21ലെ ഉത്തരവുപ്രകാരം അനുവദിച്ചിരുന്നു. ഇത് ആർട്ടിക്കിൾ 275 പ്രാകരം അനുവദിച്ച തുകയാണ്. കുടുംബത്തിന് വരുമാനം ലഭിക്കുന്ന പദ്ധതിക്കാണ് തുക നൽകിയത്.

ഈ തുകയുടെ രണ്ട് ഡിമാൻഡ് ഡ്രാഫ്റ്റുകൾ വിതരണം നടത്തുന്നതിനായി ആലപ്പുഴ ടി.ഇ.ഒ. ആയ അനൂപിന് കൈമാറിയിരുന്നു. അരൂർ പഞ്ചായത്തിലെ കളപ്പുരക്കൽ ഉന്നതിയിൽ ജവഹർലാൽ നെഹ്റു പുരുഷ സ്വയം സഹായ സംഘത്തിന് മാർബിൾ, ടൈൽ, വെൽഡിങ് ഉപകരണങ്ങൾ വാങ്ങുന്നതിന് 2014 ജനുവരി 21ലെ ലെ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി മാറി അനൂപിന് കൈമാറിയിരുന്നു. ഈ ഡിമാൻഡ് ഡ്രാഫ്റ്റുകൾ വിതരണം നടത്തിയതിെൻ്റ വിനിയോഗ സാക്ഷ്യപത്രമോ കൈപ്പറ്റ് രസീതോ പുനലൂർ ട്രൈബൽ ഡവലപ്മെൻറ് ഓഫീസിലെ ഫയൽ പരിശോധനയിലും ആലപ്പുഴ ഓഫീസിൽ നടത്തിയ പരിശോധനയിലും ലഭ്യമായിട്ടില്ല. ഇതൊന്നും ഗുണഭോക്താകകളുടെ കൈവശം എത്തിയോ എന്നതിന് തെളിവില്ല.

2013–14 സാമ്പത്തിക വർഷം ആർട്ടിക്കിൾ 275 പ്രകാരം പെട്ടിക്കട നടത്തുന്നതിന് നാലുപേർക്ക് 75,000 രൂപയുടെ വീതം നാല് ഡിമാൻഡ് ഡ്രാഫ്റ്റുകൾ, തയ്യൽ യൂണിറ്റ് നടത്തുന്നതിന് ആറുപേർക്ക് 20,000 രൂപയുടെ വീതം ആറ് ഡിമാൻഡ് ഡ്രാഫ്റ്റുകൾ, ഫോട്ടോസ്റ്റാറ്റ് മെഷീൻ സ്​ഥാപിക്കുന്നതിന് ഒരാൾക്ക് നൽകാനുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ വിതരണത്തിനായി ആലപ്പുഴ ടി.ഇ.ഒയെ ഏൽപ്പിച്ചിരുന്നു. ഇവ വിതരണം നടത്തിയതിന്റെ കൈപ്പറ്റ് രസീത്, മറ്റ് വിനിയോഗ വിവരങ്ങൾ എന്നിവ ഫയലിൽ ഇല്ല.

രണ്ട് ഗുണഭോകതാക്കൾക്ക് ആട് വളർത്തൽ പദ്ധതി നടപ്പാക്കുന്നതിന് 2014 മാർച്ച് നാലിലെ ഉത്തരവുപ്രകാരം ഒരു ലക്ഷം രൂപ (ഒരാൾക്ക് 50,000 വീതം) പണമായി മാറി ടി.ഡി.ഒ അനൂപിന് കൈമാറിയിരുന്നു. ഒന്നാം ഗഡുവായി ഷെഡ് നിർമ്മാണത്തിന് 15,000 രൂപ നൽകാനും, ഷെഡ് നിർമ്മാണം പൂർത്തീകരിച്ച ശേഷം രണ്ടാം ഗഡു ആയി ശേഷിക്കുന്ന തുക ചെലവഴിക്കാനുമാണ് നിർദ്ദേശിച്ചിരുന്നത്. ഈ തുക ചെലവഴിച്ചതിന്റെ കൈപ്പറ്റ് രസീത്, വിനിയോഗ സാക്ഷ്യപത്രം എന്നിവ പുനലൂർ ട്രൈബൽ ഓഫീസിലെ ഫയലിൽ ലഭ്യമല്ല. എന്നാൽ 10 വർഷം കഴിഞ്ഞതിനാൽ വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കുക ദുഷ്കരമാണ് എന്ന് നോട്ട് ഫയലിൽ രേഖപ്പെടുത്തി 2024 ഒക്ടോബർ 23ന് ഫയൽ തീർപ്പാക്കി. ആലപ്പുഴ ടി.ഇ.ഒ ഓഫീസിലും ഈ തുകയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

Representative Image

പ്രത്യേക കേന്ദ്ര സഹായം

ആലപ്പുഴ ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 20 പേർക്ക് ചേർത്തല കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വഴി ഒരു വർഷത്തെ ഫാഷൻ ടെക്നോളജി പരിശീലനം നൽകുന്നതിനായി 2015 ജനുവരി 14ലെ ഉത്തരവ് പ്രകാരം 5,38,000 രൂപ മുൻകൂറായി നൽകി. പദ്ധതി നടപ്പാക്കുന്നതിനായി ടി.ഇ.ഒ അനൂപിനാണ് കൈമാറിയത്. ഒരു കുട്ടിക്ക് ചെലവഴിക്കാവുന്നത് 26,900 രൂപ ആയിരുന്നു. സ്ഥാപന മേധാവിയുടെ പുരോഗതി റിപ്പോർട്ട്, ഹാജർ എന്നിവ പരിശോധിച്ച ശേഷമാണ് തുക വിതരണം നടത്തേണ്ടത്. ഫാഷൻ ടെക്നോളജി പരിശീലന പരിപാടിയ്ക്കായി വകയിരുത്തി അനുവദിച്ച 5,38,000 രൂപയിൽ ടി.ഇ.ഒ 1,40,000 രൂപയുടെ വിനിയോഗ സാക്ഷ്യപത്രം നൽകിയതായി ഫയലിൽ രേഖപ്പെടുത്തി. 7,7500 രൂപ തിരിച്ചടച്ചതായും പരാമർശിച്ചു. ഫയലിൽ പദ്ധതി ഭാഗികമായെങ്കിലും നടപ്പാക്കിയതിന്റെ അനുബന്ധ രേഖകളില്ല. തിരിച്ചടച്ച തുക കൂടി ഉൾപ്പെടുത്തിയാൽ 3,98,000 രൂപയും വിനിയോഗിച്ചിട്ടില്ലെന്ന് വ്യക്തമായി. പദ്ധതിയുടെ ലക്ഷ്യങ്ങൾ നിറവേറ്റിയില്ല. പദ്ധതി നടപ്പാക്കിയതിന്റെ വിശദാംശങ്ങൾ ഒന്നും ആലപ്പുഴ ടി.ഇ.ഒ ഓഫീസിൽ ഇല്ല.

ജില്ലയിലെ വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ മോണിറ്ററിങ് ചിലവുകൾക്കായി 2015 ജനുവരി 14 ലെ ഉത്തരവുപ്രകാരം 18,850 രൂപ പണമായി അനുവദിച്ച് അനൂപിന് നൽകിയിരുന്നു. തുക ചെലവഴിച്ചതിെൻ്റ കൈപ്പറ്റ് രസീത്, വിനിയോഗ സാക്ഷ്യപത്രം എന്നിവ ഫയൽ പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ജില്ലയിലെ 20 പട്ടികവർഗക്കാർക്ക് മരം വെട്ടുന്നതിനുള്ള പണിയായുധങ്ങൾ വാങ്ങാൻ ആകെ 1,69,400 രൂപ ഡിമാൻഡ് ഡ്രാഫ്റ്റുകളായി മാറി നൽകി. അഞ്ച് പേർക്ക് കയർ പിരി യൂണിറ്റ് തുടങ്ങുന്നതിന് 36,250 രൂപ ഡിമാൻഡ് ഡ്രാഫ്റ്റുകൾ ആയി മാറി നൽകി. മത്സ്യ വിപണനം ആരംഭിക്കുന്നതിന് 10 പേർക്ക് 65,000 രൂപ ഡിമാൻഡ് ഡ്രാഫ്റ്റുകൾ ആയി മാറി നൽകി. 12 പട്ടികവർഗക്കാർക്ക് ചെറുവള്ളം നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് 90,000 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി മാറി നൽകി. അഞ്ച് പട്ടികവർഗ്ഗ വനിതകൾക്ക് തയ്യൽ യൂണിറ്റുകൾ തുടങ്ങുന്നതിന് 62,500 രൂപ ഡിമാൻ്റ് ഡ്രാഫ്റ്റ് ആയി മാറി നൽകി. 10 പേർക്ക് തഴപ്പായ നിർമാണത്തിന് 45,000 രൂപ ഡിമാൻഡ് ഡ്രാഫ്റ്റുകൾ ആയി മാറി നൽകി. അഞ്ച് പേർക്ക് ഫർണിച്ചർ യൂണിറ്റ് ആരംഭിക്കുന്നതിന് 1,75,000 രൂപ ഡിമാൻഡ് ഡ്രാഫ്റ്റുകൾ ആയി മാറി നൽകി. ഈ പദ്ധതികൾ നടപ്പാക്കുന്നതിനായി ഡിമാൻഡ് ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് യാതൊരു വിവരങ്ങളും റിപ്പോർട്ടുകളും പുനലൂരിലെയും ആലപ്പുഴിയിലെയും ഓഫീസുകളിലില്ല.

ക്രമക്കേട് സമഗ്രമായി അന്വേഷിക്കണം

ഭവന നിർമ്മാണം ഉൾപ്പെടെയുള്ള മറ്റു നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന് അനുവദിച്ച തുകയുടെ വിനിയോഗ സാക്ഷ്യപത്രം, കൈപ്പറ്റ് രസീത് എന്നിവ ലഭ്യമായിട്ടില്ല എന്നാണ് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായത്. സമയപരിമിതി മൂലം ഇക്കാര്യം വിശദമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. അവ കൂടി പരിശോധിച്ച് ഉറപ്പുവരുത്തണം. പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ വകുപ്പിലെ ഉദ്യോഗസ്ഥ‍ർ ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടവരാണ്. അത്തരമൊരു കരുതലും ജാഗ്രതയും ഉണ്ടായിട്ടില്ല എന്നതിന് തെളിവാണിത്.

അന്വേഷത്തിൽ കണ്ടെത്തിയ വീഴ്ചകൾക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. അനുവദിച്ച തുകകളിൽ ഏറെയും ചെലവഴിച്ചതിെൻ്റ രേഖകൾ ലഭ്യമല്ലാത്തതിനാൽ അവ ഗുണഭോകതാക്കൾക്ക് ലഭിച്ചോ എന്ന് ഉറപ്പാക്കുന്നതിന് പ്രത്യക സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തണം. പരിശോധനക്ക് ശേഷം ലഭ്യമാക്കുന്ന കൈപ്പറ്റ് രസീതുകളുടെ സാധുത ഭൗതിക പരിശോധന നടത്തി ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം. ആർ. അനൂപ് തുടർന്നും ജോലി നോക്കിയ സ്​ഥലങ്ങളിൽ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം – റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

പട്ടികവർഗ വകുപ്പിലെ ചില ഉദ്യോഗസ്ഥർ നത്തുന്ന അഴിമതിക്ക് ഡയറക്ടറേറ്റ് വരെയുള്ള മേൽ ഉദ്യോഗസ്ഥർ കുടപിടിക്കുന്നുണ്ട്. തട്ടിപ്പ് നടത്തുന്നവർക്ക് വലിയ രാഷ്ട്രീയ-സാമുദായിക പിൻബലവും അധികാരത്തിന്റെയും പണത്തിന്റെയും പിന്തുണയുമുണ്ട്. തട്ടിപ്പുകാരായ ഒരു ദൂഷിതവലയത്തിന്റെ പിടിയിലായിരിക്കുകയാണ് സംസ്ഥാന പട്ടികവർഗ വികസന വകുപ്പ്.

Also Read

15 minutes read February 10, 2026 3:25 pm