ഹല്ലാ ബോൽ, തെരുവ് സമരഭൂമിയാക്കുകയും കലയിലൂടെ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന കലാപ്രവർത്തകർ എക്കാലത്തും നെഞ്ചിലേറ്റിയ മുദ്രാവാക്യം. തെരുവ് നാടകഭൂമിയാക്കിയ സഫ്ദർ ഹാഷ്മി എന്ന വിപ്ലവകാരി സമ്മാനിച്ച ആ വാക്കിനർത്ഥം ‘ഉറക്കെ പറയൂ’ എന്നാണ്. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾ ലിംഗനീതിക്കും അധ്യാപകന്റെ ലൈംഗിക ചൂഷണത്തിനുമെതിരെ നടത്തിയ പോരാട്ടത്തിന് ‘ഹല്ലാ ബോൽ’ എന്ന പേര് വന്നത് യാദൃശ്ചികമല്ല.
കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ സെന്ററിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ഡ്രാമയിൽ ഫെബ്രുവരി 24 ന് തുടങ്ങിയ ‘ഹല്ലാ ബോൽ’ സമരത്തിന്റെ ഒന്നാംഘട്ടം നാടക വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമണം നടത്തിയ അദ്ധ്യാപകൻ ഡോ. എസ് സുനിൽ കുമാറിന്റെ അറസ്റ്റോട് കൂടി വിജയിച്ചിരിക്കുകയാണ്. എന്നാൽ ലിംഗനീതിക്കും കാമ്പസുകളിലെ സ്ത്രീ സുരക്ഷയ്ക്കും സദാചാര പോലീസിങ്ങിനുമെതിരെ തുടങ്ങിയ സമരം കേരളത്തിലെ മുഴുവൻ കാമ്പസുകളിലെക്കും വ്യാപിപ്പിക്കാൻ ആണ് സമര സമിതിയുടെ തീരുമാനം.
“ഹല്ലാ ബോൽ എന്ന പേരിൽ ഞങ്ങൾ തുടങ്ങിയ ക്യാമ്പയിൻ തുടർന്നും ശക്തമായി മുന്നോട്ടുപോകും. കേരളത്തിലെ എല്ലാ കാമ്പസുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ തടയാനും, അവർക്ക് തുറന്നുപറയാനും, നിയമസഹായങ്ങൾ നൽകാനും ആവശ്യമായ ഒരു സ്ഥിരം സമിതി വേണം എന്നതാണ് ക്യാമ്പയിന്റെ പ്രധാന ആവശ്യം.” സമര സമിതി കൺവീനറും പി.ജി വിദ്യാർത്ഥിയുമായ കല്ലു കല്യാണി പറഞ്ഞു.
പ്രതിഷേധത്തിന്റെ തുടക്കം
അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മോണോലോഗ് പരിശീലനം കഴിഞ്ഞ് ഹോസ്റ്റലിൽ വൈകി എത്തിയ രണ്ടാം വർഷ വിദ്യാർത്ഥിനികൾക്ക് നേരെ ഹോസ്റ്റൽ വാർഡൻ നടത്തിയ സദാചാര പോലിസിങ്ങിൽ സഹികെട്ടാണ് വിദ്യാർത്ഥികൾ സമരത്തിനിറങ്ങുന്നത്. രണ്ടാം വർഷ വിദ്യാർത്ഥിനികൾ ഹോസ്റ്റൽ വാർഡനോട് ശബ്ദമുയർത്തി സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന പരാതിയുടെ പേരിൽ ഡ്രാമ വകുപ്പിലെ പെൺകുട്ടികൾക്ക് മാത്രമായി അധ്യാപകർ ഫെബ്രുവരി 24ന് ഒരു മീറ്റിംഗ് വച്ചു. ഡ്രാമ വകുപ്പ് അധ്യക്ഷൻ വിനോദ് വി. നാരായണൻ, ഹോസ്റ്റൽ വാർഡൻ നജ്മുൽ ഷാഹി, അധ്യാപകരായ സുരഭി, വിപിൻ എന്നിവരാണ് മീറ്റിങ്ങിലുണ്ടായിരുന്നത്. വിദ്യാർഥിനികളെ ഓരോരുത്തരായിട്ടാണ് അകത്തേക്ക് വിളിച്ചത്. കാര്യം എന്താണ് എന്ന് അന്വേഷിച്ച വിദ്യാർത്ഥിനികളോട് ഇതൊരു അന്വേഷണമാണെന്നും പെൺകുട്ടികൾക്കെതിരെ കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്ക് മെമ്മോ കൊടുക്കുമെന്നും അധ്യാപകർ പറഞ്ഞു.
“തുടർന്നു മൂന്ന് കുട്ടികളെ ഓഫീസിലേക്ക് വിളിച്ചു. ഏകദേശം പതിനഞ്ചോളം മിനിറ്റ് അവർ സദാചാരപ്രസംഗം നടത്തി. ഞങ്ങളുടെ വസ്ത്രധാരണരീതി, ആൺകുട്ടികളുമായുള്ള സൗഹൃദം, കാമ്പസിനകത്തെ സഞ്ചാരം തുടങ്ങിയ കാര്യങ്ങളിൽ അധ്യാപകർ മോശം കമന്റ് നടത്തി. നീയൊക്കെ ഇവിടെ അഴിഞ്ഞാടി നടക്കുന്നത് വീട്ടിൽ വിളിച്ചുപറയട്ടെ എന്ന് അധ്യാപികമാരടക്കം ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള സദാചാര പ്രസംഗങ്ങളിൽ സഹികെട്ടാണ് ഞങ്ങൾ പ്രതികരിച്ചത്.” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർത്ഥിനി പറഞ്ഞു.
“ഞങ്ങൾ ആർടിസ്ട്ടുകളാണ്. ഞങ്ങൾ പഠിക്കുന്നത് തിയേറ്റർ ആണ്. മറ്റു കുട്ടികളെ പോലെ 9 മുതൽ 5 മണി വരെ ക്ലാസ്റൂമുകളിൽ മാത്രമിരിക്കുന്ന ഒരു പഠനപ്രക്രിയ അല്ല ഞങ്ങളുടേത്. പ്രാക്ടികൾ ആയിട്ടുള്ള ഒരു പഠനമാണ് ഇവിടെയുള്ളത്. നാടക പരിശീലനങ്ങൾ, മോണോലോഗുകൾ, ബോഡി പ്രാക്ടീസുകൾ ഈ രീതിയിലുള്ള ഒരുപാട് പ്രവർത്തനങ്ങളിലൂടെയാണ് ഞങ്ങൾ നാടകം പഠിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു കുട്ടികളെ അഡ്രസ്സ് ചെയ്യുന്ന രീതിയിൽ അഡ്രസ് ചെയ്‌താൽ പോരാ ഞങ്ങളുടെ വിഷയങ്ങൾ. ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ആവശ്യമുള്ള ഒരു പഠന മേഖലയാണിത്.” കല്ലു കല്യാണി പറഞ്ഞു.
ഹോസ്റ്റൽ കർഫ്യുവിനെ കുറിച്ച് ഒരധ്യാപികയോട് അന്വേഷിച്ചപ്പോൾ സർക്കാരിന്റെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ഒരു സ്വാഭാവിക നടപടിയാണ് എന്നായിരുന്നു പ്രതികരണം. എന്നാൽ, കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കുക എന്ന ഉദ്ദേശമാണെങ്കിൽ ഹോസ്റ്റൽ ഡോർമറ്ററിയിൽ കുട്ടികൾ തിങ്ങിപാർക്കുന്ന സാഹചര്യത്തിന് പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ഒന്നാം വർഷ നാടക വിദ്യാർത്ഥി അമീർ സുഹൈൽ പറഞ്ഞു. “ഏകദേശം പത്തോളം കുട്ടികളാണ് പായ വിരിച്ചു ഡോർമറ്ററിയിൽ കിടക്കുന്നത്. യാതൊരു വിധത്തിലുള്ള കോവിഡ് മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല.” സുഹൈൽ പറഞ്ഞു.
പെൺകുട്ടികളെ ലക്ഷ്യമാക്കി കൊണ്ടുള്ള സദാചാര പോലിസിങ്ങിനെതിരെ കാമ്പസിലെ വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ അത് ബഹളത്തിൽ കലാശിച്ചു. ഇതിനിടയിൽ, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്ക് പരിഹാരമുണ്ടാക്കിയതിന് ശേഷം മതി കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യം ചെയ്യൽ എന്ന് പ്രതികരിച്ചുകൊണ്ട് ഒരു വിദ്യാർത്ഥിനി ഡ്രാമാ സ്കൂൾ ഡീനായ ഡോ. എസ് സുനിൽ കുമാറിൽ നിന്നുണ്ടായ മാനസികാതിക്രമത്തിനെക്കുറിച്ചും വിസിറ്റിംഗ് ഫാക്കൽറ്റിയായ രാജാ വാര്യറിൽ നിന്നുമേൽക്കേണ്ടി വന്ന ശാരീരികാക്രമണത്തെ കുറിച്ചും തുറന്നുപറഞ്ഞു. വാര്യർക്കെതിരെ താനും സഹപാഠികളും വകുപ്പധ്യക്ഷനോടും വാർഡനോടും മറ്റ് അധ്യാപകരോടും പരാതിപ്പെട്ടപ്പോൾ അത് ‘കാഷ്വലാ’യിട്ടെടുക്കുകയാണുണ്ടായത് എന്നും വിദ്യാർത്ഥിനി ആരോപിച്ചു.
“2021 നവംബർ 21 ന് സ്കൂൾ ഓഫ് ഡ്രാമയിൽ മലയാളം ഡ്രാമാ ഹിസ്റ്ററി ക്ലാസ് എടുക്കാൻ എത്തിയ വിസിറ്റിംഗ് ഫാക്കൽറ്റി ആയ രാജാ വാര്യർ ക്ലാസ്സിന്റെ തുടക്കം മുതലേ എന്നെ വ്യക്തിഹത്യ നടത്തുകയും മറ്റു കുട്ടികളെ ബോഡി ഷെയിമിങ്ങ് നടത്തുകയും ചെയ്തു. വലിയ കണ്ണട വച്ചാൽ മാത്രം പോരാ തലക്ക് അകത്ത് വല്ലതും വേണം എന്നൊക്കെ പറഞ്ഞ് അയാൾ എന്നെ അപമാനിച്ചു. ആരെയും പ്രതികരിക്കാൻ അനുവദിക്കാത്ത രീതിയിൽ ആയിരുന്നു അയാൾ ക്ലാസെടുത്തുകൊണ്ടിരുന്നത്. ക്ലാസിനിടയിൽ ഒരു പെൺകുട്ടിയായ ഞാൻ പ്രതികരിച്ചതാവാം അയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് ക്ലാസ് നടക്കുന്നതിനിടയിൽ വളരെ അപ്രതീക്ഷിതമായി യാതൊരു പ്രകോപനവും കൂടാതെ അയാൾ എന്നെ അടിച്ചു, അതിന്റെ കാരണം അന്വേഷിച്ചപ്പോൾ, ടച്ചിങ് സെൻസേഷനെപ്പറ്റിയാണല്ലോ ക്ലാസ് അപ്പോൾ ടച്ചിങ്ങിനെപ്പറി പറയാനാണ് അടിച്ചതെന്നായിരുന്നു അയാളുടെ മറുപടി.” പരാതിക്കാരി പറഞ്ഞു. “ ഇവിടുത്തെ എച്ച്.ഒ.ഡി. വിനോദ് വി. നാരായണനും, ഡീൻ ഡോ. എസ്. സുനിൽ കുമാറും എന്നെ അബ്യൂസ് ചെയ്ത രാജാ വാര്യരും വളരെയടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ കള്ളുകുടി ചർച്ചയിലെ വിഷയമായിരുന്നു എന്നെ അടിച്ച കാര്യമെന്നും ഡോ. എസ്. സുനിൽ പിന്നീടുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ എന്നോട് പറഞ്ഞിരുന്നു.”
താനുമായി വളർന്നുവന്ന ആ സൗഹൃദം ഡോ. എസ്. സുനിൽ കുമാർ ദുരുപയോഗം ചെയ്യുകയും തന്നെ ‘ഇമോഷണലി മാനിപുലേറ്റ്’ ചെയ്യുകയും മദ്യപിച്ചു ലൈംഗികച്ചുവയോടെ സംസാരിക്കികുകയും ചെയ്തു എന്നും വിദ്യാർത്ഥിനി പരാതിപ്പെട്ടു. “ഇതൊക്കെ ഞാൻ അധ്യാപകരോട് പറഞ്ഞപ്പോൾ അവർ ചിരിച്ചു തള്ളുകയാണുണ്ടായത്. മാത്രമല്ല, എന്തുകൊണ്ടാണ് ഇത്രകാലം ഞാനിത് തുറന്നുപറയാതിരുന്നത് എന്ന് ചോദിച്ച് അധ്യാപികയും ഹോസ്റ്റൽ വാർഡനുമായ നജ്മുൽ ഷാഹി എന്നെ ബ്ലെയിം ചെയ്തു. ഇതേ തുടർന്നാണ് എല്ലാ കുട്ടികളും പ്രതികരിക്കേണ്ട അവസ്ഥ വന്നത്.” വിദ്യാർത്ഥിനി പറഞ്ഞു.
“ഞങ്ങൾ നേരിടേണ്ടി വരുന്ന ഫിസിക്കൽ അബ്യുസുകളെയും മെന്റൽ അബ്യുസുകളെയും കുറിച്ച് പരാതിപെടാൻ ഇവിടെ ഞങ്ങൾക്ക് വിശ്വാസയോഗ്യമായ ഒരു സംവിധാനവും ഇല്ല. ഞങ്ങൾക്ക് ധൈര്യപൂർവ്വം സമീപിക്കാൻ കഴിയുന്ന ഒരു ലേഡി സ്റ്റാഫു പോലും ഇതിനകത്തില്ല,” കല്ലു കല്യാണി പറഞ്ഞു.
ഹല്ലാ ബോൽ ക്യാമ്പയിനിലേക്ക്
ഡോ. എസ് സുനിലിനും രാജാ വാര്യർക്കുമെതിരെ നടപടിയെടുക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സ്കൂൾ ഓഫ് ഡ്രാമയിലെ മുഴുവൻ വിദ്യാർത്ഥികളും ‘ഹല്ലാ ബോൽ’ എന്ന കാമ്പയിൻ സ്റ്റാർട്ട് ചെയ്തു. ആരോപണ വിധേയനായ അധ്യാപകൻ കാമ്പസിലെത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിൽ പൂട്ടിയിട്ട് സമരം നടത്തി. തുടർന്ന് അധ്യാപകരുടെ പരാതി പ്രകാരം രാത്രി 11 മണിയോടെ പോലീസെത്തി. പിറ്റേന്നു സ്റ്റേഷനിൽ വച്ച് ആരോപണ വിധേയരായ അധ്യാപകർക്കെതിരെയുള്ള പരാതി സ്വീകരിക്കാം എന്ന് പോലീസ് നൽകിയ ഉറപ്പിന്റെ പേരിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരെ മോചിപ്പിച്ചു. വിദ്യാർത്ഥികളുടെ സമ്മർദ്ദ പ്രകാരം ഫെബ്രുവരി 25ന് ഗ്രീവൻസ് സെൽ യോഗം ചേരാൻ അദ്ധ്യാപകർ തീരുമാനിച്ചു. ഗ്രീവൻസ് കമ്മിറ്റിയിൽ പങ്കെടുത്ത വിദ്യാർത്ഥി പ്രതിനിധിയായ കല്ലു കല്യാണി പറഞ്ഞത് ഡോ. സുനിൽ ഒന്നുമറിയാത്ത പോലെ സംസാരിക്കുകയും തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ചെയ്തു എന്നാണ്. ഗ്രീവൻസ് സെൽ യോഗത്തിൽ വെച്ച് ഡോ. രാജാ വാര്യർക്കെതിരായ കേസ് യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് ചെയ്യാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും രാജാ വാര്യരെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് മാറ്റിനിർത്താനും സുനിൽ കുമാറിനെ സസ്‌പെൻഷനിൽ നിർത്തിക്കൊണ്ട് അന്വേഷണം നടത്താനും ശുപാർശ ചെയ്തിട്ടുണ്ട് എന്ന് ഗ്രീവൻസ് സെൽ കോർഡിനേറ്ററും ഡ്രാമാ സ്കൂൾ അധ്യാപകനുമായ ഷിബു എസ് കൊട്ടാരത്തെ അധികരിച്ച് ട്രൂ കോപ്പി തിങ്ക് എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്തു.
പെൺകുട്ടിയുടെ പരാതിപ്രകാരം രാജാ വാര്യരെ ഒന്നാം പ്രതിയാക്കിയും സുനിൽ കുമാറിനെ രണ്ടാം പ്രതിയാക്കിയും സെക്ഷൻ 354 (സ്ത്രീത്വത്തെ അപമാനിക്കൽ), 354 എ (സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമണം) എന്നീ വകുപ്പുകൾ പ്രകാരം അയ്യന്തോൾ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തന്റെ പരാതിയുടെമേൽ അധ്യാപകരിൽ നിന്നും, പോലിസുദ്യോഗസ്ഥരിൽ നിന്നും യൂണിവേഴ്സിറ്റി അധികൃതരിൽ നിന്നും ഒരു നടപടിയുമില്ലാതായപ്പോൾ സുനിൽ കുമാറിൽ നിന്നും നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് സംസാരിക്കാൻ വിദ്യാർത്ഥിനി നിർബന്ധിതയായി.
“ഒരു സ്ത്രീക്കു നേരിടേണ്ടി വന്ന ഫിസിക്കൽ അബ്യൂസും ഇമോഷണൽ ടോർച്ചറുകളും ഒന്നും ഈ സമൂഹത്തിൽ ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ അല്ലല്ലോ. അവൾ ലൈംഗികമായി അതിക്രമപ്പെട്ട വിവരം തുറന്നുപറഞ്ഞാൽ മാത്രമേ സമൂഹം ഗൗരവത്തിലെടുക്കുകയുള്ളൂ,” വിദ്യാർത്ഥിനി പറഞ്ഞു.
ജനുവരി 21ന് ഡോ. സുനിൽ കുമാർ അയ്യന്തോളിലുള്ള വീട്ടിൽ വെച്ച് തന്നെ ലൈംഗികാതിക്രമണം നടത്തി എന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആരോപണം. ഇതിനെ പിന്നീട് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയോട്, “എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ പുറത്ത് ചെയ്തതാണിതെല്ലാം” എന്ന് ന്യായീകരിക്കുകയായിരുന്നു സുനിൽ. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഹോസ്റ്റൽ സൗകര്യം ലഭ്യമല്ലാത്തതിനാലാണ് വിദ്യാർത്ഥിനി സുനിലിന്റെ വീട്ടിൽ താമസിച്ചത്. സുനിൽ കുമാറിന്റെ മദ്യപിച്ചു കൊണ്ടുള്ള തുടർച്ചയായ ഫോൺകോളുകളും മെസേജുകളും കോളേജിലെ സാമീപ്യവും വിദ്യാർത്ഥിനിയെ മാനസിക സമ്മർദത്തിലാക്കി. സംഭവത്തിന് ശേഷം നടന്ന സെമിനാർ അവതരണത്തിൽ നന്നായി തയ്യാറെടുപ്പുകൾ നടത്തിയിട്ടും സുനിൽ കുമാറിന്റെ സാമിപ്യം സൃഷ്ടിച്ച പാനിക് അറ്റാക്ക് കാരണം വിദ്യാർത്ഥിനിക്ക് മതിയായ ശ്രദ്ധ ചെലുത്താൻ സാധിച്ചില്ല എന്നും അവർ പറഞ്ഞു.
ഇതേ തുടർന്ന് ഫെബ്രുവരി 13നു വിദ്യാർത്ഥിനി ആത്മഹത്യാ ശ്രമം നടത്തി. ഹോസ്പിറ്റലിൽ അഡ്മിറ്റായ വിദ്യാർഥിനിയെ കാണാൻ സുനിൽ കുമാർ എത്തിയപ്പോൾ അവളുടെ മാനസികനില വീണ്ടും വഷളായെന്ന് സഹപാഠികൾ പറഞ്ഞു. “അവൾക്ക് മാനസിക പ്രശ്‌നമാണെന്നും അതിനാൽ അവൾ എന്നെ കുറിച്ച് വരെ എന്തേലും പറഞ്ഞു വരും” എന്ന് സുനിൽകുമാർ ആ സന്ദർഭത്തിൽ മറ്റൊരു വിദ്യാർത്ഥിയോട് പറഞ്ഞു. നടന്നത് വല്ലതും വെളിയിൽ പറഞ്ഞാൽ താൻ കടലിലേക്ക് കാറോടിച്ചു കയറ്റി ആത്മഹത്യ ചെയ്യും എന്നും സുനിൽ കുമാർ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി.
“സുനിൽ കുമാർ പലർക്കു നേരെയും വൃത്തികെട്ട അപ്രോച് നടത്തിയിട്ടുണ്ട്. തുറന്നു പറയാൻ മുന്നിട്ട് നിൽകുന്ന കുറേ പെൺകുട്ടികൾ ഉണ്ട്. ഇയാളുടെ പിടിത്തങ്ങൾ, ഇയാളുടെ നോട്ടങ്ങൾ, ഇയാളുടെ കോളുകൾ, കിടക്ക പങ്കിടാനുള്ള ക്ഷണങ്ങൾ… തുറന്നു പറയാത്ത അനേകം കേസുകൾ ഉണ്ട്.” കല്ലു കല്യാണി പറഞ്ഞു.
വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിനു ശേഷം സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ വിദ്യാർത്ഥികളടക്കം സുനിൽ കുമാറിനെതിരെ രംഗത്ത് വന്നു. സുനിൽ കുമാറിന്റെ സിനിമയുടെ ചിത്രീകരണ വേളയിലുണ്ടായ ഒരു സംഭവത്തെ കുറിച്ച് ഡ്രാമ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും നടിയുമായ മാളു ആർ. ദാസ് ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ‘വിശുദ്ധ രാത്രികൾ’ എന്ന സിനിമ ലൊക്കേഷനിൽ വച്ച് കൂടെ പ്രവർത്തിച്ചിരുന്ന ഒരു പെൺകുട്ടിയോട് സുനിൽകുമാറിന്റെയും സുഹൃത്തുകളുടെയും പെരുമാറ്റം നേരിൽ ബോധ്യപ്പെട്ടതാണെന്ന് ഈ ഫെയ്സ് ബുക്ക് പോസ്റ്റ് പറയുന്നു. ആ പെൺകുട്ടിയുടെ സമ്മതം ഇല്ലാത്തതു കൊണ്ട് മാത്രം പുറം ലോകത്തെ അറിയിക്കാൻ പറ്റാതെ പോയതാണെന്നും പോസ്റ്റിൽ പറയുന്നു. “സുഹൃത്തുകളോടും ഇയാളുടെ സഹ പ്രവർത്തകരോടും ഈ വിവരം അറിയിച്ചപ്പോൾ സ്കൂൾ ഓഫ് ഡ്രാമയുടെ സൽപ്പേര് കളയരുത്, വ്യക്തി വൈരാഗ്യം കാട്ടരുത് എന്ന മറുപടികളാണ് കേട്ടിരുന്നത്. ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ മൂടിവക്കപ്പെട്ടതുകൊണ്ടാണ് ഇയാൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.” മാളു ആർ. ദാസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
എഴുത്തുകാരിയും ഡ്രാമ സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ യമയും സുനിലിനെതിരെ രംഗത്ത് വന്നു. “എനിക്ക് നേരിട്ട് മോശം അനുഭവം ഉണ്ടാക്കിയിട്ടുള്ള ഒരാളാണ് സുനിൽ. അയാൾ അയാളുടെ പൂർവ പെൺ സുഹൃത്തിനെക്കുറിച്ച് വളരെ മോശം ഭാഷയിൽ സംസാരിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. അങ്ങനെ ഒരു സ്ത്രീയെക്കുറിച്ച് സംസാരിക്കാൻ സാധ്യത ഉള്ള ഒരാളെ ഒരു കാരണവശാലും അടുപ്പിയ്ക്കാൻ കൊള്ളുകയില്ല. ഇനി എന്റെ ചുറ്റുവട്ടത്തു വന്നാൽ ചിലപ്പോൾ ഞാൻ തല്ലും എന്ന് ഞാൻ പരസ്യമായി പറഞ്ഞു.” ഇതായിരുന്നു യമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
പോലീസ് സമീപനത്തിലെ പ്രശ്നങ്ങൾ
വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ പ്രകാരം സുനിൽ കുമാറിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ ഡ്രാമാ സ്കൂൾ വിദ്യാർത്ഥികൾ അയ്യന്തോൾ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഫെബ്രുവരി 26ന് പോയി. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ മോശം സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. “ഞങ്ങൾ പരാതി സമർപ്പിച്ചപ്പോൾ പോലീസുകാർ അത് വാങ്ങാൻ തയാറായില്ല. പഴയ FIR ന്റെ ഭാഗമായി അന്വേഷിക്കാം എന്നാണ് അവർ പറഞ്ഞത്. പുതിയ പരാതി വാങ്ങണം എന്ന് അഭ്യർത്ഥിച്ചപ്പോൾ നീയെന്നെ നിയമം പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ് എസ്.ഐ ബൈജു ദേഷ്യപ്പെട്ടു. അയാളുടെ ഹരാസ്മെന്റ് സഹിക്കാൻ പറ്റാതെ പരാതിക്കാരി സ്റ്റേഷനിൽ വെച്ച് പൊട്ടിക്കരയാൻ തുടങ്ങി.” പരാതി കൊടുക്കാൻ സ്റ്റേഷനിൽ പോയ സംഘത്തിലുണ്ടായിരുന്ന അഖിൽ പറഞ്ഞു. ഒടുവിൽ പരാതി സ്വീകരിച്ച രശീതി നൽകിയെങ്കിലും പോലീസ് FIR രജിസ്റ്റർ ചെയ്തില്ല.
പരാതിക്കാരിയായ കുട്ടിയെ കാണാൻ സ്കൂൾ ഓഫ് ഡ്രാമാ കാമ്പസിലെത്തിയ ലീഗൽ അഡ്വൈസർ ആശാ ഉണ്ണിത്താൻ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം സ്റ്റേഷനിലേക്ക് വിളിച്ചു. “കുട്ടികളുടെ ആവശ്യപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. സുനിലിനെതിരെ ഒരു കേസ് നിലവിൽ ഉണ്ടല്ലോ അതിന്റെ ഭാഗമായിട്ട് അന്വേഷിക്കാം എന്നായിരുന്നു പോലീസിന്റെ മറുപടി. പ്രതിക്കെതിരെ സെക്ഷൻ 376 വകുപ്പ് (ബലാത്സംഗം) പ്രകാരമുള്ള കുറ്റമാണ് ഉന്നയിച്ചിട്ടുള്ളത് എന്നും ആയതിനാൽ പ്രത്യേകം FIR രജിസ്റ്റർ ചെയ്യണം എന്നും ഞാൻ ആവശ്യപെട്ടു.” ആശ പറഞ്ഞു. തുടർന്നു ഫെബ്രുവരി 27 വൈകീട്ട് 5 മണിക്ക് സെക്ഷൻ 376(2)f, 376(2)n, 376-C എന്നീ വകുപ്പുകൾ പ്രകാരം FIR രജിസ്റ്റർ ചെയ്തു.
ഇതേ തുടർന്ന് വൈദ്യ പരിശോധന നടത്താൻ വേണ്ടി കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം കാമ്പസിന് പുറത്ത് കുട്ടിയെ കൊണ്ടുപോകാനായി പോലീസ് ജീപ്പ് വന്നു. എന്നാൽ പോലീസ് ജീപ്പിൽ ഒറ്റക്ക് സഞ്ചരിക്കുന്നത് വിദ്യാർത്ഥിക്ക് മനപ്രയാസം ഉണ്ടാക്കാൻ സാധ്യത ഉള്ളതുകൊണ്ട് ബൈക്കിൽ കൊണ്ടുവരാം എന്ന് സുഹൃത്തുക്കൾ നിർദേശിച്ചു. എന്നാൽ നിർദ്ദേശം തള്ളിയ വനിതാ പോലീസുകാരി വിദ്യാർത്ഥിനിയോട് ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. “എസ് ഐ സാർ പറഞ്ഞിട്ടുണ്ട് വേറെ ആരെയും കൂടെ കയറ്റണ്ട എന്ന്. കുട്ടിയെ മാത്രം ജീപ്പിൽ കൊണ്ട് പോകാനാണ് എനിക്ക് കിട്ടിയ ഓർഡർ.” സമര സമിതി പ്രവർത്തകനായ അഖിലിനോട് വനിതാ പോലീസ് പറഞ്ഞു. തുടർന്നു ലീഗൽ അഡ്വൈസർ ഇടപെട്ടതിന് ശേഷം വിദ്യാർത്ഥിനിയെ ബൈക്കിൽ പോകാൻ അനുവദിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം എസ്.ഐ ബൈജു നിഷേധിച്ചു. “കുട്ടികൾക്ക് ആരെയും വിശ്വാസമില്ല. കുട്ടി കരഞ്ഞത് ഞാൻ ദേഷ്യപ്പെട്ട കാരണമല്ല. ഞാൻ അവർക്ക് നിയമവശങ്ങൾ പറഞ്ഞു കൊടുത്തു. അവരെ പൂർണമായി തൃപ്തിപ്പെടുത്താൻ എന്നെ കൊണ്ട് സാധിക്കില്ല.” എസ്.ഐ ബൈജു പറഞ്ഞു.
വൈദ്യ പരിശോധന നടത്തിയ തൃശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ അടുത്ത് നിന്നും വളരെ മോശം അനുഭവമാണുണ്ടായത് എന്നും വിദ്യാർത്ഥിനി പറഞ്ഞു. “എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ഞാൻ അവർക്ക് പരാതിയുടെ കോപ്പി കൊടുത്തു. അത് പോരാ സംഭവിച്ചതൊക്കെ ഞാൻ വാമൊഴിയായി പറയണം എന്ന് അവർ ആവശ്യപെട്ടു. എന്റെ മൊഴി മുഴുവൻ കേട്ടതിനു ശേഷം എന്തിനാണ് അധ്യാപകന്റെ വീട്ടിൽ താമസിക്കാൻ പോയത്, അയാളുടെ കൂടെ എന്തിനു ഇടപഴകി, ഓരോന്ന് ഒപ്പിച്ചിട്ട് വന്നോളും എന്നിങ്ങനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ മുൻവിധിയോടു കൂടിയാണ് ലേഡി ഡോക്ടർ സംസാരിച്ചത്.” വിദ്യാർത്ഥിനി പറഞ്ഞു.
“ഭയങ്കരമായ ട്രോമയിലൂടെ കടന്നുപോകുന്ന പെൺകുട്ടിയെ വീണ്ടും ഹരാസ് ചെയ്തുകൊണ്ട് ഒരു FIR പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറല്ലാത്ത പോലീസ് സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. പ്രാദേശിക തലത്തിലും, ദേശീയ-അന്താരാഷ്ട്ര തലത്തിലും ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് ഈ കുട്ടികൾക്ക് ഇത്തരമൊരു ട്രോമയിലൂടെ കടന്നുപോകേണ്ടി വരുന്നത്. സദാചാര പോലീസായി മാറിക്കൊണ്ടിരിക്കുന്ന പോലീസുകാർക്ക് മര്യാദക്കുള്ള ട്രെയിനിങ് നൽകി ഇത്തരത്തിലുള്ള സെൻസിറ്റീവ് കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടതാണ്. സർക്കാരിന് അതിനുള്ള സംവിധാനമില്ലെങ്കിൽ ഞങ്ങളെ പോലെയുള്ളവർ അതിന് സന്നദ്ധരാണ്. ” സാമൂഹ്യ പ്രവർത്തകയും അഭിഭാഷകയുമായ ബിന്ദു അമ്മിണി പ്രതികരിച്ചു.
“കേരളത്തിലെ പോലീസുകാർക്ക് നാടക പ്രവർത്തകരോട് ഒരു മുൻ വിധിയുണ്ട്. കള്ളും കഞ്ചാവും വലിച്ചു നടക്കുന്ന അരാജകവാദികൾ ആണ് ഞങ്ങൾ എന്നതാണ് അവരുടെ ധാരണ. സദാചാര ഗുണ്ടായിസം നടപ്പിലാക്കുക എന്നതാണ് ഇവരുടെ പ്രധാന പണി.” ആർത്തവം പ്രമേയമാക്കി തെരുവ് നാടകം കളിച്ചതിന്റെ പേരിൽ മാനന്തവാടി പോലീസിൽ നിന്നും ക്രൂര മർദനമേൽക്കേണ്ടി വന്ന ഒരു ഡ്രാമ സ്കൂൾ പൂർവ വിദ്യാർത്ഥി പറഞ്ഞു.
ഇതിനിടയിൽ, ഫെബ്രുവരി 26ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെ കണ്ട് സമര സമിതി പ്രവർത്തകർ പരാതി നൽകിയിരുന്നു. തുടർന്ന്, ഞായറാഴ്ച വി.സിയും സംഘവും സ്‌കൂൾ ഓഫ് ഡ്രാമയിലെത്തി വിദ്യാർത്ഥികളുമായിട്ടു ചർച്ച നടത്തി. മാനസികപരമായി ഞങ്ങൾ സമരത്തിന്റെ കൂടെയാണ്. പക്ഷെ പരസ്യമായ പിന്തുണ നൽകുന്നതിൽ ചില പരിമിതികൾ ഉണ്ട് എന്നാണ് പല അധ്യാപകരും വിദ്യാർത്ഥികളോട് പറഞ്ഞത്. എന്നാൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മീറ്റിംഗിൽ കുട്ടികൾക്കെതിരെ അധ്യാപകർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ വഴി തിരിച്ചുവിടാൻ അവർ കെട്ടിച്ചമച്ചതാണ് ഈ ലൈംഗിക പീഡന കേസ് എന്നാണ് ചില അധ്യാപകർ പറഞ്ഞതെന്ന് സമര സമിതി പ്രവർത്തകർ പറഞ്ഞു. “യൂണിവേഴ്സിറ്റിയിലുള്ള ഞങ്ങളുടെ ചില സുഹൃത്തുക്കൾ വഴി അറിയാൻ സാധിച്ചതാണ്. പല അധ്യാപകർക്കും സുനിൽ കുമാറിനെ സംരക്ഷിക്കുക എന്ന നിലപാടായിരുന്നു.” ഒരു പി.ജി വിദ്യാർത്ഥി പറഞ്ഞു.
സമരത്തിലെ വിദ്യാർത്ഥി ഐക്യം
വിദ്യാർത്ഥി സമരത്തിന്റെ ഫലമായി, ഫെബ്രുവരി 28 ന് ഡോ. എസ്. സുനിൽ കുമാറിനെ അസിസ്റ്റൻറ് പ്രൊഫസർ സ്ഥാനത്തു നിന്നും സസ്‌പെൻറ് ചെയ്തു കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഉത്തരവിറക്കി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുനിൽ കുമാറിന് കാമ്പസിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല എന്നും വിദ്യാർഥിനിയുടെ പരാതി അടിയന്തര നടപടിക്ക് പൊലീസ് സൂപ്രണ്ടിനും യൂണിവേഴ്‌സിറ്റിയിലെ ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐ.സി.സി) ക്കും കൈമാറിയതായും ഉത്തരവിൽ പറഞ്ഞു.
സമരത്തിന്റെ തുടക്ക ദിവസത്തിൽ തന്നെ വകുപ്പ് അദ്ധ്യക്ഷൻ വിനോദ് നാരായണനും വാർഡൻ നജ്മുൽ ഷാഹിയും അവരുടെ ചുമതലകൾ രാജി വെച്ചിരുന്നു. ആസാദി മുദ്രാവാക്യങ്ങളും ഹല്ലാ ബോലും മുഴങ്ങിയ വിദ്യാർഥി പ്രതിഷേധം എല്ലാ അർത്ഥത്തിലും ഒരു കലാ സമരമായിരുന്നു. നാടൻ പാട്ടുകളും, പ്രതിഷേധ ഗാനങ്ങളും, റാപ്പ് മ്യൂസികും മുഴങ്ങിയ രാപ്പകൽ സമര വേദിയിൽ കഹോനും ജമ്പേയും ഡഫിലിയും മുദ്രാവാക്യത്തിനു താളം പകർന്നു. ഡോ. സുനിൽ കുമാറിന്റെ കാരിക്കേച്ചർ രൂപങ്ങളും, കാമ്പസിനകത്തെ സദാചാര വാദികളെ ലക്ഷ്യം വെച്ചുള്ള പോസ്റ്ററുകളും പ്ലകാർഡുകളും, ലിംഗ സമത്വത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളും കാമ്പസിലാകെ നിറഞ്ഞു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാടകപ്രവർത്തകരും, കലാകാരന്മാരും, ആക്ടിവിസ്റ്റുകളും, പൂർവ വിദ്യാർത്ഥികളും, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുമെല്ലാം കാമ്പസിലെത്തി.
“ഈ സമരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒറ്റകെട്ടായാണ് അണിചേർന്നിരിക്കുന്നത്. പല തരത്തിലുള്ള മാനിപുലേഷനുകൾക്ക് അവരെ വിധേയരാക്കാൻ പലരും ശ്രമിച്ചെങ്കിലും ആ കെണികളിലൊന്നും വീഴാതെ കൃത്യമായി ഇവിടുത്തെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം നീതിക്ക് വേണ്ടി നിലകൊണ്ടു.” ഡ്രാമ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഊരാളി ബാൻഡിലെ ഗായകനുമായ മാർട്ടിൻ ഊരാളി പറഞ്ഞു.
ഫെബ്രുവരി 28ന് അധ്യാപകരെയും മറ്റു വിദ്യാർത്ഥികളെയും കാമ്പസിൽ തടഞ്ഞുവച്ച് ശക്തമായ രീതിയിലായിരുന്നു സമരം മുന്നോട്ടുപോയത്. ഏകദേശം നാലര മണിയായപ്പോൾ അയ്യന്തോൾ വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിൽ പോലീസെത്തി കുട്ടികളോട് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റിനു മുന്നിൽ നിരനിരയായി നിന്ന് വിദ്യാർത്ഥികൾ പാട്ട് പാടാനും മുദ്രാവാക്യങ്ങൾ വിളിക്കാനും ആരംഭിച്ചു. ‘എസ്.ഐ ബൈജു മാപ്പ് പറയുക’, ‘സുനിൽ കുമാറിനെ അറസ്റ്റു ചെയ്യുക’ എന്നിവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങൾ. “നിങ്ങൾ സംയമനം പാലിക്കണം. സുനിൽ കുമാറിനായിട്ട് ഞങ്ങൾ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അയാളുടെ വീട് പൂട്ടിയ നിലയിൽ ആണ്.” പോലീസ് സമരക്കാരോട് പറഞ്ഞു. “സാർ, സുനിൽകുമാർ അയാളുടെ പുതിയ നാടകവുമായി ബന്ധപെട്ട് കണ്ണൂർ ഉണ്ട്. പാനൂരിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ഉണ്ട്.” സമരക്കാരിലൊരാൾ പോലീസിനോട് വിളിച്ചു പറഞ്ഞു.
അൽപ സമയത്തിനകം തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കുറെയധികം പോലീസ് സംഘം ഗേറ്റിനു മുന്നിൽ ലാത്തിയുമായി നിലയുറപ്പിച്ചു. തുടർന്ന് സമരക്കാരുമായുള്ള ചർച്ചക്കിടയിൽ സുനിൽ കുമാറിനെ പിറ്റേ ദിവസം ഉച്ചയ്ക്ക് മുന്നേ അറസ്റ്റ് ചെയ്യും എന്ന് അസിസ്റ്റന്റ് കമ്മീഷണർ ഉറപ്പു നൽകി. അതിന് ശേഷമാണ് വിദ്യാർത്ഥികൾ ഗേറ്റ് തുറന്നത്. വാക്ക് പാലിക്കപ്പെട്ടില്ലെങ്കിൽ സമരം തൃശ്ശൂർ നഗരത്തിലേക്ക് വ്യാപിപ്പിക്കാനായിരുന്നു സമരക്കാരുടെ തീരുമാനം.
ചൊവ്വാഴ്ച രാവിലെ സമരക്കാർ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത വന്നെത്തി. കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ സുനിൽ ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ചു. രാവിലെ 10 മണിയോടെ പരാതിക്കാരി സ്റ്റേഷനിൽ പോയി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സുനിലിന്റെ അറസ്റ്റോടെ ഈ സമരം അവസാനിക്കുന്നില്ല എന്നാണ് സമര സമിതി പറയുന്നത്. പീഡനത്തിനിരയായ വിദ്യാർത്ഥിക്ക് നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരും എന്ന് സമര സമിതി പ്രവർത്തകനും പി.ജി വിദ്യാർത്ഥിയുമായ വൈശാഖ് പറഞ്ഞു. കാമ്പസിനകത്തെ മോറൽ പോലീസിംഗ്, അധ്യാപകരുടെ അനാസ്ഥ, ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെടാൻ ഒരു സ്ഥിരം കംപ്ലയിന്റ് സെൽ എന്നിവയുൾപ്പടെ എട്ട് പ്രധാന ആവശ്യങ്ങളുയർത്തി സമരം തുടരാൻ തന്നെയാണ് നാടക വിദ്യാർഥികളുടെ തീരുമാനം.
“തടുക്കവാ ഉന്നാൽ മുടിയുമാ
പറവയായി നാങ്ക പറന്നിടും
നാങ്ക ഇറങ്കിടും എരിതീയിൽ
ഉന്നാൽ ഇറങ്കവും മുടിയാത്
നീ അധികാരവർഗം.”
സമരപ്പന്തലിൽ വച്ച് ഒരു പൂർവ വിദ്യാർത്ഥി രചിച്ച ഈ റാപ്പ് തന്നെയാണ് സമരത്തിന്റെ ആത്മാവ്. എരിതീയിൽ പറന്നിറങ്ങിയ പറവകൾ അധികാരവർഗത്തെ വേട്ടയാടിയ ആ നാലു ദിവസങ്ങൾ കലാ കേരളം എന്നും ഓർത്തു വെക്കും, തീർച്ച.
(അഷ്ഫാഖ് ഇ.ജെ, ഫ്രീലാൻസ് ജേർണലിസ്റ്റ്)