ഈ തൊഴിലാളികൾ പണിമുടക്കിയാൽ ഇന്ത്യൻ റെയിൽവേ നിശ്ചലമാകും

ഓരോ വ‍ർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന വ്യാജവാ​ഗ്ദാനം നൽകി അധികാരത്തിലേറിയ മോദി സർക്കാർ‌ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ കുറയ്ക്കുകയും കരാ‍ർ നിയമനങ്ങൾ വർദ്ധിപ്പിക്കുകയുമാണ്. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള ഈ നീക്കം ഇന്ത്യൻ റെയിൽവെയെ എങ്ങനെയെല്ലാം ബാധിക്കുന്നു ?

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. റെയിൽവേയിലെ മിക്കവാറും മേഖലകൾ കരാർവത്കരണത്തിലേക്കെത്തി. പ്ലാറ്റ്ഫോം ക്ലീനിങ്ങ്, വണ്ടി കഴുകുന്ന ട്രെയിൻ ക്ലീനിങ്ങ് ജോലി, വണ്ടിക്ക് വെള്ളം പിടിക്കുന്ന വാട്ടറിങ്ങ് ജോലി, ലോക്കോ പൈലറ്റ്മാരെ വിവരമറിയിക്കുന്ന കോൾ ബോയ് ജോലി, അതുപോലെതന്നെ റെയിൽവേയിൽ 24 മണിക്കൂറും ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിശ്രമം ഒരുക്കുകയും ഭക്ഷണവും കൊടുക്കുകയും ചെയ്യുന്ന റണ്ണിം​ഗ് റൂമിലെ ജോലി എന്നിങ്ങനെ ഇത്തരം മേഖലകളെല്ലാം ഇപ്പോൾ കരാർവത്കരിച്ചിരിക്കുകയാണ്. ഇതിന് പുറമെ തീവണ്ടികളിലെ ബെഡ് റോൾ കൊടുക്കുന്ന ജോലി, പാർസൽ കയറ്റുന്നതും ഇറക്കുന്നതുമായ ജോലി, റെയിൽവെ കാറ്ററിംഗ് മേഖല, തീവണ്ടിയ്ക്കകത്ത് നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുത്തിരുന്ന പാൻട്രികാ‍ർ മേഖല ഇതെല്ലാം പൂ‍ർണ്ണമായും സ്വകാര്യവത്കരിച്ചിരിക്കുകയാണ്.

തീവണ്ടി കഴുകുന്നവർ. കടപ്പാട് : thehindu.com

അതുകൊണ്ട് തന്നെ 16 ലക്ഷം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ഇന്ത്യൻ റെയിൽവേയിൽ ഇപ്പോൾ 12 ലക്ഷം ജീവനക്കാരുണ്ടെന്നാണ് പറയുന്നത്. 16 ലക്ഷം ജീവനക്കാരിൽ നിന്നും 6 ലക്ഷമായി കുറയ്ക്കാനാണ് റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. കരാർ തൊഴിലാളികൾക്കാണെങ്കിൽ ന്യായമായ ഒരു ആനുകൂല്യവും അവകാശവും കൊടുക്കുന്നില്ല. കുറഞ്ഞ കൂലിയാണ് അവർക്ക് കൊടുക്കുന്നത്. 60 വയസ്സാണ് റെയിൽവേ ജോലിക്കാരുടെ വിരമിക്കൽ പ്രായം. പക്ഷേ, കരാർ തൊഴിലാളികൾ 56 വയസ്സായാൽ പിരിഞ്ഞ് പോകണം. ഒരാനുകൂല്യവും ഇല്ല എന്നുമാത്രമല്ല 60 വയസ്സ് വരെ ജോലി ചെയ്യാൻ പോലും അനുവദിക്കുന്നില്ല. കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഉള്ള പാർട്ട് ടൈം കണ്ടിജൻ്റ് ജീവനക്കാർക്ക് പോലും കേരളത്തിൽ സംസ്ഥാന സർക്കാറിന്റെ കീഴിൽ 70 വയസ്സ് വരെ ജോലി ചെയ്യാം എന്നോർക്കണം. റെയിൽവേയിലെ കരാർ തൊഴിലാളികൾക്ക് ബോണസില്ല, ഇ.പി.എഫില്ല, ഇ.എസ്.ഐയില്ല, ഗ്രാറ്റിവിറ്റിയില്ല, ലീവ് വിത്ത് വേജസില്ല. ഇതൊന്നും ഇല്ലാതിരുന്നിട്ടും 56 വയസ്സായാൽ അവരെ പിരിച്ചുവിടും.

അസംഘടിത തൊഴിലാളികളുടെ വലിയൊരു വിഭാ​ഗമാണ് കരാ‍ർ തൊഴിലാളികൾ. അസംഘടിതരായിരിക്കുന്നത് കരാർ തൊഴിലാളികൾ വളരെയേറെ ചൂഷണം ചെയ്യപ്പെടുന്നതിന് കാരണമാകുന്നില്ലേ ?

ചൂഷണം ചെയ്യുന്നതിന് വേണ്ടിയാണ് ഇവരെ അസംഘടിതരാക്കുന്നതും കരാർ തൊഴിലാളികളാക്കുന്നതും. എന്നാൽ ഇതിന് പരിഹാരം കാണാനായി ഞങ്ങൾ ഇപ്പോൾ അഖിലേന്ത്യ അടിസ്ഥാനത്തിൽ റെയിൽവേയിലെ കരാർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദേശവ്യാപകമായ ഒരു സംഘടന രൂപികരിച്ച് അതിന്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും വലിയ സമരങ്ങൾ തുടങ്ങിക്കഴിഞ്ഞു.

1970 ലെ കോൺട്രാക്ട് ലേബർ (റെഗുലേഷൻ ആൻഡ് അബോളിഷൻ) ആക്ടിലെ വ്യവസ്ഥകൾ കരാർ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ തടയുന്നതിനും കരാർ തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പര്യാപ്തമാണോ?

ആ നിയമത്തിൽ പറയുന്ന ഒരു ആനുകൂല്യവും ഈ തൊഴിലാളികൾക്ക് കൊടുക്കുന്നില്ല. നിയമം ഉപയോഗിച്ച് ഞങ്ങൾ പലപ്പോഴും ലേബർ കമ്മീഷന് പരാതികൾ കൊടുക്കുന്നുണ്ടെങ്കിലും അതെല്ലാം നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയാണുള്ളത്. റെയിൽവേ ഉദ്യോഗസ്ഥർ പലപ്പോഴും കമ്മീഷന് മുൻപാകെ ഹാജരാവുന്നില്ല. എങ്കിൽ പോലും സംഘടനാശക്തികൊണ്ടും കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ സാന്നിധ്യം കൊണ്ടും കേരളത്തിൽ തൊഴിലാളിപക്ഷ നിലപാട് സ്വീകരിക്കുന്ന ഒരു സർക്കാർ ഉള്ളത്കൊണ്ടും കുറേകാര്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നുണ്ട്. കേരളത്തിൽ ഒരു അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡുണ്ട്. പ്രതീക്ഷയ്ക്ക് വക നൽകുന്ന കുറേ കാര്യങ്ങൾ അത് വഴി കേരളത്തിൽ നടപ്പിലാക്കുന്നുണ്ട്. അതിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് മരണാനന്തര ആനുകൂല്യമുണ്ട്. പെൻഷനും ചികിത്സാസഹായവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അസംഘടിത തൊഴിലാളി ക്ഷേമനിധിയിലൂടെ നൽകപ്പെടുന്നുണ്ട്.

ട്രാക്ക് വൃത്തിയാക്കുന്നവർ. കടപ്പാട് : thehindu.com.

ഈ ബോർഡ് രൂപീകരിച്ചിട്ട് വളരെ കുറച്ചെ ആയിട്ടുള്ളു. ഇതെല്ലാം നടപ്പിലാക്കി വരുന്നേയുള്ളു. എന്നാൽ ഇതിന്റെ പരിധിയിലും റെയിൽവേ ജീവനക്കാർ ഉൾപ്പെടുന്നില്ല. കേന്ദ്ര സർക്കാറിന്റെ പരിധിയിലുള്ള തൊഴിലാളികളൊന്നും ഈ ക്ഷേമനിധികളിൽ ഉൾപ്പെടുന്നില്ല. കേന്ദ്ര സർക്കാറിന്റെ ലേബർ കമ്മീഷൻ ഓഫീസിലാണ് ഈ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പലപ്പോഴും ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. കേരളത്തിലെ കരാർ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവർ നിർമ്മാണ തൊഴിലാളികളാണെങ്കിൽ കെട്ടിട നിർമ്മാണ ക്ഷേമനിധിയിൽ അംഗത്വം എടുക്കാം, ടെയിലർമാരാണെങ്കിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡുണ്ട്, മോട്ടോർ തൊഴിലാളികളാണെങ്കിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡുണ്ട്. പിന്നെ കേരളത്തിലെ ആദ്യത്തെ ക്ഷേമനിധി ബോർഡായ ലേബർ വെൽഫയർ ഫണ്ട് ബോർഡ് പ്രവ‍ർത്തിക്കുന്നുണ്ട്, അതിന്റെ പരിധിയിൽ കുറേ തൊഴിലാളികളെ അംഗത്വം എടുപ്പിക്കുന്നുണ്ട്. ഇതിനകത്തെല്ലാം ഉള്ള പരിമിതി എന്താണെന്നാൽ കേന്ദ്ര സർക്കാർ മേഖലയിലെ തൊഴിലാളികളൊന്നും ഇതിന്റെയൊന്നും പരിധിയിൽ വരുന്നില്ലെന്നതാണ്. അതിനായി കേന്ദ്ര സർക്കാർ തന്നെ ഒരു ക്ഷേമനിധി നിയമം കൊണ്ടുവരേണ്ടതുണ്ട്.

ശുചിമുറി, വിശ്രമമുറി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് കോൺട്രാക്ട് ലേബർ ആക്ട് അനുശാസിക്കുന്നുണ്ടെങ്കിലും ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ കരാർ തൊഴിലാളികൾക്ക് ലഭ്യമാകുന്നുണ്ടോ ?

നിയമം അനുശാസിക്കുന്നുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്ന മഹാഭൂരിപക്ഷം തൊഴിലാളികൾക്കും ഈ സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. വാട്ടറിങ്ങ്, ക്ലീനിങ്ങ്, കോച്ച് ക്ലീനിങ്ങ് തുടങ്ങിയ മേഖലകളിൽ നല്ല ശതമാനവും സ്ത്രീ തൊഴിലാളികളാണ്. അവർക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും റെയിൽവേ ചെയ്ത് കൊടുക്കുന്നില്ല. അതിനുവേണ്ടി ഞങ്ങൾ നിരന്തരം നിവേദനം കൊടുക്കുന്നുണ്ട്. ലേബർ കമ്മീഷനിൽ പരാതികൊടുക്കുന്നുണ്ട്. പക്ഷേ, പരിഹാരം ഉണ്ടാവുന്നില്ല.

ഗുഡ്സ് ഷെഡിലെ തൊഴിലാളികൾ. കടപ്പാട് : indianrailways.gov.in.

നിരന്തരമായ പോരാട്ടത്തിന്റെയും എം.പിമാരുടെ ഇടപെടലിന്റെയും ഭാഗമായി ഗുഡ് ഷെഡിലെ തൊഴിലാളികൾ ഈ സൗകര്യങ്ങൾ നേടിയെടുക്കാനായി. പക്ഷേ, റെയിൽവേ സ്റ്റേഷനിൽ സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന മേഖലകളിൽ ഇപ്പോഴും ആ സൗകര്യങ്ങളില്ല.

ഇത്തരം സൗകര്യങ്ങൾ ഇല്ലാതെയും കരാറുകാർക്ക് ലൈസൻസ് അനുവദിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ?

ഇതെല്ലാം അനുവദിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ലൈസൻസിന്റെ ചട്ടങ്ങൾ ഉണ്ടാക്കുന്നത്. പക്ഷേ, ഇതൊന്നും അനുവദിച്ചില്ലെങ്കിലും കരാറുകാരുടെ ബില്ലുകൾ കൃത്യമായി കൊടുക്കുന്നുണ്ട്. തൊഴിലാളികളുടെ പരാതികളാണെങ്കിൽ മുഖവിലയ്ക്ക് എടുക്കുന്നില്ലതാനും. ഇതൊരു പ്രത്യേക മേഖലയാണല്ലോ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പരിധിയിലാണ് ഇതെല്ലാം വരുന്നത്. അവിടെയാണെങ്കിൽ നമുക്ക് തൊഴിൽ സ്തംഭനം ഉണ്ടാക്കുന്ന ഒരു സമരം ചെയ്യാൻ പോലും അനുവാദമില്ലാത്തതിന്റെ പ്രശ്നമുണ്ട്. അവശ്യസേവന മേഖലയുടെ പരിധിയിൽ വരുന്നതിനാൽ ഒരു പണിമുടക്ക് സമരം നടത്താൻ പോലുമാവില്ല.

അതേസമയം കരാറുകാരും റെയിൽവേയിലെ ഉദ്യോഗസ്ഥരും ചേർന്നുള്ള ഒരു അവിഹിതസഖ്യമുണ്ട്. ആ സഖ്യം ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നത്. എല്ലാ ഉദ്യോഗസ്ഥന്മാരും അതിൽ പെടില്ലെങ്കിലും ചില ഉദ്യോഗസ്ഥന്മാരിൽ നിന്നും അത്തരം അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.

ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടികൾ ഉണ്ടാവുന്നുണ്ടോ ?

അപൂർവ്വമായി അങ്ങനെ സംഭവിക്കാറുണ്ട്. ഒരുദാഹരണം പറയാം. റെയിൽവേ ട്രാക്ക് മെയ്ന്റനൻസ് മേഖലയിലെ മഹാഭൂരിപക്ഷം തൊഴിലാളികളും റെയിൽവേ തൊഴിലാളികളല്ല, കരാർ തൊഴിലാളികളാണ്. അവർ ഒരു ദിവസം പണിമുടക്കിയാൽ ഇന്ത്യയിലെ ട്രെയിൻ ഗതാഗതം തന്നെ നിശ്ചലമാകും. എന്നാൽ ഈ മേഖലയിൽ പണിയെടുത്താൽ പോലും പലപ്പോഴും തൊഴിലാളികൾക്ക് കൂലി കിട്ടില്ല. കരാറുകാരൻ കൃത്യമായി ബില്ല് വാങ്ങുന്നുണ്ടാവും. കരാറുകാരെ പോലെ തന്നെ സൂപ്പർവെയ്സറി കേഡർമാർ എന്നു പറയുന്ന റെയിൽവേ എഞ്ചിനിയർമാരും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരും കൂടി ചേർന്നാണ് തൊഴിലാളികളെകൊണ്ട് ഈ പണിയെടുപ്പിക്കുന്നത്.

ട്രാക്കിൽ പണിയെടുക്കുന്നവർ. കടപ്പാട്:business-standard.com

ഇവർക്ക് കൂലി കിട്ടാത്ത പ്രശ്നം പരിഹരിക്കാനായി പബ്ലിക്ക് വർക്ക് ഡിപാർട്ട്മെന്റിൽ ഞങ്ങൾ പരാതിയുമായി പോയപ്പോൾ തമിഴ്നാടിൽ നിന്നുള്ള ഒരു എഞ്ചിനിയർ ഞങ്ങളോട് പറഞ്ഞു, നിങ്ങൾക്ക് കൂലി കിട്ടിയില്ല എന്ന പ്രശ്നമല്ലേ? ഞാൻ തരാം! അത് കേട്ട് ഞങ്ങൾ ചോദിച്ചു, നിങ്ങൾ എന്തിനാണ് കൂലി കൊടുക്കുന്നത്? കൂലി കൊടുപ്പിക്കാനുള്ള പണിയല്ലേ നിങ്ങൾ എടുക്കേണ്ടത്? ഞാൻ അത് ചെയ്തോളാം എന്നായിരുന്ന അപ്പോഴും മറുപടി. ഇയാൾ കരാറുകാരുടെ ബിനാമിയായിരുന്നു. മലയാളിയായ ഒരു ജനറൽ മാനേജർ ഉണ്ടായിരുന്നതിനാൽ അയാൾക്ക് ഞങ്ങൾ പരാതി കൊടുത്തു. ഇയാൾക്ക് പണിഷ്മെന്റ് ട്രാൻസ്ഫ്ർ കിട്ടി.

കേരളത്തിലെ റെയിൽവേ കരാറുകാർ മലയാളികളായ തൊഴിലാളികളെ ഒഴിവാക്കുകയും അതിഥി തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഈ അതിഥി തൊഴിലാളികൾ ഏറെ ചൂഷണം ചെയ്യപ്പെടുന്നില്ലേ ?

തീ‍ർച്ചയായും, കരാറുകാരെ സംബന്ധിച്ച് ഇവരെകൊണ്ട് പണിയെടുപ്പിക്കുന്നതാണ് അവർക്ക് ലാഭം. കാരണം ഹയർ ആന്റ് ഫയറാണ്. എപ്പോൾ വേണമെങ്കിലും എടുക്കാം എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം. ജോലിസ്ഥിരത വേണമെന്നില്ല. ഇവിടെയുള്ള തൊഴിലാളികളാണെങ്കിൽ ജോലിസ്ഥിരത വേണം. സംഘടനയുണ്ടാക്കും, ഇ.എസ്.ഐ യും ഐ.പി.എഫും ആവശ്യപ്പെടും, കൂലിവർധനവും കമ്മീഷൻ വർധനവും ആവശ്യപ്പെടും. കമ്മീഷനാണ് പാൻട്രി തൊഴിലാളികൾക്ക് നൽകുന്നത്. മറിച്ച് അതിഥി തൊഴിലാളികളാണെങ്കിൽ ഒന്നും ആവശ്യപ്പെടില്ല. ഭക്ഷണവും, എന്തെങ്കിലും വേതനവും എവിടെയെങ്കിലും കിടന്നുറങ്ങാനുള്ള ഒരു സൗകര്യവും കൊടുത്തുകഴിഞ്ഞാൽ അവര് വന്ന് പണിയെടുത്തുകൊള്ളും. അതിഥി തൊഴിലാളികളെ മാത്രമല്ല ഇവിടെയുള്ള തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു.

ടി.കെ അച്യുതൻ

തൊഴിലാളികളെ എന്ന പോലെ തന്നെ യാത്രികരെയും ഈ മാറ്റം സാരമായി ബാധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണ വിതരണ മേഖലയിലെ നല്ല ശതമാനം തൊഴിലാളികളും ഇപ്പോൾ അതിഥി തൊഴിലാളികളാണ്. നമ്മുടെ ഭക്ഷണ സംസ്കാരത്തിന് വിപരീതമായ രീതിയിലാണ് ഇവരൊക്കെ പണിയെടുക്കുന്നത്. കേരളത്തിൽ ഓടുന്ന ദീ‍‍ർഘദൂര വണ്ടികളിലെ പാൻട്രി കാറുകളിൽ മലയാളി തൊഴിലാളികളും മലയാളി കരാറുകാരുമാരുമായിരുന്നു മുമ്പ്. കോഴിക്കോട് ഒരു കൃഷ്ണക്കുറുപ്പുണ്ടായിരുന്നു, മൊയ്തുഹാജിയുണ്ടായിരുന്നു, ഫറോക്കിൽ ഒരു ഷെട്ടിയുണ്ടായിരുന്നു. ഇവരൊക്കെ പാൻട്രി കരാറുകാരായിരുന്നു. കരാറുകാരാണ് എങ്കിലും ഇവരൊന്നും ഭക്ഷണ രം​ഗത്ത് കൃത്രിമം കാണിച്ചിരുന്നില്ല. ശുചിത്വവും, ശുദ്ധമായ ഭക്ഷണവും അവർ ഒരുക്കിയിരുന്നു.

പാൻട്രി കാറിലെ തൊഴിലാളികൾ. കടപ്പാട്: deccanherald.com.

ഇപ്പോൾ ദീ‍ർഘ ​ദൂര തീവണ്ടികളിലെല്ലാം ഉത്തരേന്ത്യൻ കരാറുകാരാണ് പാൻട്രി നടത്തുന്നത്. തൊഴിലാളികളും ഉത്തരേന്ത്യക്കാരാണ്. ഈ തൊഴിലാളികളെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ, അവർക്ക് ജോലിസ്ഥിരതയില്ലാത്തത് കാരണം ഭക്ഷണമേഖലയിൽ നിലനിന്നിരുന്ന സുതാര്യമായ സമീപനം ഇല്ലാതായി. ശുചിത്വം ഇല്ലാതായി. ശുദ്ധമായ ഭക്ഷണം കിട്ടാതായി. നേരത്തെ ഡൽഹിയിൽ നിന്നും വിമാന യാത്ര പോലും ഒഴിവാക്കി ആളുകൾ നിസാമു​ദ്ദീൻ എക്സ്പ്രസിൽ യാത്ര ചെയ്യുമായിരുന്നു. കാരണം നല്ല ഭക്ഷണം കിട്ടുമായിരുന്നു. ഇന്നതെല്ലാം താറുമാറായി.

വർഷങ്ങളോളം തൊഴിലെടുത്തിട്ടും കരാർ തൊഴിലാളികൾക്ക് സാമ്പത്തികസുരക്ഷിതത്വമില്ലാത്തവരായി വിരമിക്കേണ്ടി വരുന്നു. തൊഴിലാളികൾ സംഘടിതമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങളും ആനുകൂല്യങ്ങളും കരാർ തൊഴിലാളികൾക്കും നൽകപ്പെടേണ്ടതല്ലേ ?

ഈ അവകാശങ്ങൾ കരാ‍‍ർ തൊഴിലാളികൾക്കും കിട്ടേണ്ടതാണ്. ചില മേഖലകളിൽ എങ്കിലും നേടിയെടുക്കാൻ നമുക്ക് സാധിച്ചിട്ടിണ്ട്. പക്ഷേ, ആ മേഖലകളിൽ തന്നെ കരാറുകാ‍ർ‌ മാറുമ്പോൾ ഈ അവകാശങ്ങൾ പിന്നെയും കിട്ടാതാവുന്ന സ്ഥിതിവിശേഷമാണ്. സ്ഥിരമായി ഒരു കരാറുകാരൻ തന്നെ ആവുകയുമില്ലല്ലോ.

തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾ സംസാരിക്കുന്നു..

എങ്കിലും ക്ലീനിങ്ങ് മേഖലയിലും പാ‍ർസൽ പോ‍ർട്ടർമാരുടെ മേഖലയിലും നിലവിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട്. എന്നാൽ റെയിൽവേ ട്രാക്ക് മെയ്ന്റെയ്ൻസ് മേഖലയിൽ ഒരു ആനുകൂല്യങ്ങളും ഇല്ല. പണിയെടുത്ത കൂലി കിട്ടാൻ തന്നെ പോരാട്ടം നടത്തണം. കാറ്ററിം​ഗ് മേഖലയിൽ ലവലേശമില്ല. പാൻട്രികാ‍ർ മേഖലയിൽ സമ്പൂ‍ർണ്ണമായും അതിഥി തൊഴിലാളികളായതിനാൽ അവിടെയുമില്ല.

തൊഴിലില്ലായ്മ രൂക്ഷമായി വരുന്ന ഒരു നാടായതിനാൽ തൊഴിലാളികൾ കരാ‍ർ ജോലികൾ എടുക്കാൻ നിർബന്ധിതരാകുന്ന ഒരു സാഹചര്യമാണുള്ളത്, പ്രതേകിച്ചും സ്ത്രീ തൊഴിലാളികൾ. അവ‍ർക്ക് ന്യായമായ കൂലിയെങ്കിലും കിട്ടണം. നിലവിൽ കേരളത്തിൽ ഇപ്പോൾ ലാസ്റ്റ് ​ഗ്രേഡ് ആയിട്ടുള്ള ജീവനക്കാ‍ർക്ക് 820 രൂപ മിനിമം കൂലികൊടുക്കുന്നുണ്ട്. അതിവിടെ നടപ്പിലാക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ട്രേഡ് യൂണിയൻ നിരന്തരമായ പ്രക്ഷോഭം നടത്തുന്നുണ്ട്. പിന്നെ ഇ.എസ്.ഐയും ഇ.പി.എഫും ​​ഗ്രാറ്റുവിറ്റിയും നടപ്പിലാക്കണം. ദേശീയ അവധി ദിനങ്ങൾ അനുവദിക്കപ്പെടണം. കരാറുകാരൻ മാറുമ്പോഴും തൊഴിലാളികൾക്ക് ജോലി സ്ഥിരതയുണ്ടാവണം. ഇതെല്ലാം ഞങ്ങളുടെ നിരന്തരമായ ആവശ്യങ്ങളാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read