തടവറയില് രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന് ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം പതിനൊന്ന്. വര: നാസർ ബഷീർ
ഞങ്ങൾ പതിനാലാം നമ്പർ ബാരക്കിലെത്തുമ്പോൾ, ഞങ്ങളോട് ഒന്നിച്ച് മുലായജ ബാരക്കിലുണ്ടായിരുന്ന ഇല്ല്യാസ് ചാച്ചയും കുറച്ചു പേരും അവിടെ ഉണ്ടായിരുന്നു. അത് എനിക്ക് വലിയ ആശ്വാസമായാണ് തോന്നിയത്. മുലായാജ ബാരക്കിൽ എന്നെ, കൂടുതൽ പരിഗണിക്കുകയും സഹായം ചെയ്യുകയും ചെയ്ത ആളാണ് ഇല്ല്യാസ് ചാച്ച. ഉത്തരേന്ത്യയിലെ തണുപ്പും ആൾക്കൂട്ടത്തിലെ ഏകാന്തതയും അനുഭവിക്കുന്ന എന്നെ തുടക്കത്തിൽ ചേർത്തുപിടിക്കുകയും ആദരവ് നൽകുകയും ചെയ്ത മഹാമനുഷ്യൻ. തണുപ്പ് കാലാവസ്ഥയിൽ, ഒരു ചായ പേലും വാങ്ങികുടുക്കാൻ കാശില്ലാത്ത സമയത്ത്, അദ്ദേഹം ചായ കുടിക്കുമ്പോൾ എല്ലാം എന്നേയും കുടിപ്പിച്ചു. നിലക്കടലയും ചായയും പൂരിയും വാങ്ങിത്തരുമായിരുന്നു. ഇതൊരു സ്ഥിരം ഏർപ്പാടാക്കുന്നതിലെ പ്രയാസവും അഭിമാന പ്രശ്നവും കാരണം ഞാൻ അദ്ദേഹത്തിൽ നിന്ന് പലപ്പോഴും അകലാൻ ശ്രമിച്ചിരുന്നു. എന്നാൽ, അദ്ദേഹം എന്നെ വിടാതെ പിന്തുടരുമായിരുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളൽ വൃതമെടുക്കുമ്പോഴും ഏകാകിയായി ബാരക്കിനുള്ളിൽ ഉലാത്തുമ്പോഴും എല്ലാം അദ്ദേഹം എന്നോട് ഐക്യദാർഢ്യം പ്രകടപിക്കുമായിരുന്നു. എന്റെ കൂടെ നടക്കുകയും കഴിയാവുന്ന ദിവസങ്ങളിൽ വൃതമെടുത്തും, പുകവലിയും തമ്പാക്കു കഴിക്കുന്ന ശീലവുമുണ്ടായതിനാൽ ചാച്ച വൃതമെടുക്കാത്ത ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ചിലവിൽ ഇഫ്താർ ഒരുക്കിയും എന്നെ കൂടെ കൂട്ടി. ആവശ്യമുള്ള സമയത്ത് ചായ വാങ്ങി കുടിക്കാൻ എന്ന് പറഞ്ഞ് ഒരു ദിവസം അഞ്ഞൂറിന്റെ ഒരു നോട്ട് നീട്ടി അദ്ദേഹം എന്നെ സമ്മർദ്ദത്തിലാക്കി. ഞാൻ അത് വാങ്ങാതിരുന്നതോടെ, അദ്ദേഹം അത്തീക്കുറഹ്മാന്റെ ശുപാർശയിലൂടെ അത് എന്നെ പിടിപ്പിക്കാൻ ശ്രമം ആരംഭിച്ചു. അവസാനം, ഞങ്ങൾക്ക് കാശുവരുമ്പോൾ തിരിച്ചുനൽകാം എന്ന വ്യവസ്ഥയിൽ ആ പണം ഞങ്ങൾ വാങ്ങി വെച്ചു. പൈസ സൂക്ഷിക്കാൻ മസൂദിനെ ഏൽപ്പിക്കുകയും ചെയ്തു. ഒരു മാസത്തിൽ അധികം ആ പണം ഉപയോഗിക്കാതെ ഞങ്ങൾ സൂക്ഷിച്ചുവെച്ചു.
ദൈവത്തിന്റെ പ്രത്യേക പ്രതിനിധികൾ എന്ന് തോന്നിപ്പിക്കുന്ന ഇത്തരത്തിലുള്ള കുറച്ചു മനുഷ്യരെ ജയിലിനകത്ത് പലപ്പോഴും ഞാൻ കണ്ടുമുട്ടി. കോശി കലാൻ കോർപ്പറേറ്ററായിരുന്ന അസ്ലം, ജയിലിൽ ചെയർമാൻ സാബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മഥുരയിലെ ഒരു നഗരസഭ ചെയർമാന്റെ മകൻ തുടങ്ങിയവർ അവരിൽ ചിലരാണ്. ‘ജയിലിനകത്തെ ജയിൽ’ എന്നാണ് മഥുര ജില്ലാ ജയിലിലെ പതിനാലാം നമ്പർ ബാരക്ക് അറിയപ്പെട്ടിരുന്നത്. നാല് വശവും ബാരക്കിനേക്കാൾ പൊക്കത്തിൽ ചുറ്റു മതിലിനാൽ ചുറ്റപ്പെട്ട ബാരക്കാണിത്. ബാരക്ക് തുറന്നാൽ, പുറത്ത് ഒന്ന് നടക്കാൻ പോലും സ്ഥലമില്ല. കർക്കശക്കാരനായ കാളിചരൺ റൈറ്ററാണ് ബാരക്കിന്റെ ചുമതലക്കാരൻ. ആത്മഹത്യ പ്രവണത കാണിക്കുന്ന തടവുകാർ, പ്രശ്നക്കാരായ തടവുകാർ, രാഷ്ട്രീയ തടവുകാർ എന്നിവരെയാണ് ഇവിടെ പാർപ്പിക്കുന്നത്. 2020 ജനുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ദേശീയ സുരക്ഷാ നിയമം (നാഷണൽ സെക്യൂരിറ്റി ആക്ട് – എൻ.എസ്.എ) ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടർ കഫീൽ ഖാൻ ഒമ്പത് മാസത്തേളം തടവിൽ കഴിഞ്ഞത് ഈ ബാരക്കിലായിരുന്നു. ‘സംവേദൻ ശീൽ ബാരക്ക് ‘ (സെൻസിറ്റീവ് ബാരക്ക്) എന്നാണ് പതിനാലാം നമ്പർ ബാരക്ക് അറിയപ്പെടുന്നത്. ജയിലിലെ മറ്റ് ബാരക്കുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തടവുകാരെ ശിക്ഷയായിട്ട് ട്രാൻസ്ഫർ ചെയ്യുന്ന ബാരക്കാണ് ഇത്. മറ്റു ബാരക്കിലുള്ള പ്രശ്നക്കാരായ തടവുകാരെ ജയിൽ അധികൃതർ ഭയപ്പെടുത്തി നിർത്തുന്നതിനായി, ‘ചൗദ കർദൂങ്ക’ (പതിനാലിലാക്കും) എന്ന് പറഞ്ഞാണ്.
ഞങ്ങൾ ബാരക്കിൽ ചെല്ലുമ്പോൾ തടവുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചുമര് നിറയെ തടവുകാരുടെ ബാഗുകൾ തൂങ്ങിക്കിടക്കുന്നു. ചുമരിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി, അതിൽ മരക്കമ്പുകൾ തിരുകിവച്ച് ബാഗുകൾ അതിന്മേൽ തൂക്കിയിടും. ചുമരും തറയും ബാഗുകളെയും ആളുകളെയും കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുന്നു. ഒരു ചെറിയ ഹാൾ നിറയെ കുറേ മനുഷ്യരെ കുത്തിനിറച്ചിരിക്കുന്നു. ഹാളിന്റെ മധ്യത്തിലായി കടന്നുചെല്ലുന്നതിന്റെ വലതുവശത്തായി പുറത്തേക്ക് തള്ളി രണ്ട് പടി ഉയരത്തിൽ ഒരു ഇന്ത്യൻ ക്ലോസറ്റ് സ്ഥാപിച്ചിട്ടുണ്ട്. ബാരക്ക് അടച്ചിടുന്ന വൈകുന്നേരം ആറു മണി മുതൽ രാവിലെ ആറു മണി വരേയും ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരേയും നൂറിനടുത്ത് വരുന്ന തടവുകാർ ഒന്നും രണ്ടും സാധിക്കേണ്ടത് ഇവിടെയാണ്. സിനിമ ടിക്കറ്റിന് ക്യൂ നിൽക്കുന്ന പോലെ തങ്ങളുടെ ഊഴം കത്ത് നിന്ന് വേണം ഓരോർത്തർക്കും കാര്യം സാധിക്കാൻ. ക്യൂവിൽ ഉന്തും തള്ളും തെറിവിളിയും സാധാരണയാണ്. ബാരക്കിന്റെ ഇരുവശവും തടവുകാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു, കുറച്ച് തടവുകാരെ ബാരക്കിന്റെ നടുവിലൂടെയുള്ള വഴിയിൽ ഫട്ട (ചണം കൊണ്ടുണ്ടാക്കിയ ചാക്ക്) വിരിച്ച് കിടത്തിയിരിക്കുന്നു. അവർക്ക് അടുത്തായി ഞങ്ങളും ഫട്ട വിരിച്ചു. പിടിച്ചുപറി കേസിൽ ജയിലിൽ എത്തിയ ഡൽഹി സ്വദേശി രാജയുടെ അടുത്താണ് ഞാൻ ഫട്ട വിരിച്ചത്.
മുടിനീട്ടി വളർത്തി കാതൊക്കെ കുത്തി മെലിഞ്ഞ് നീണ്ട രാജ കഴിഞ്ഞ ഒരു വർഷത്തോളമായി ജയിലിലാണ്. ആദ്യ നോട്ടത്തിൽ രാജയെ ഒരു ഗൗരവക്കാരനായിട്ടാണ് തോന്നിയത്. സാവകാശം, രാജയുമായി അടുപ്പത്തിലായി. യു.പിയിൽ നടന്ന ഒരു പിടിച്ചുപറി കേസിൽ ഉത്തർപ്രദേശ് പോലീസ് ഡൽഹിയിൽ വന്ന് തട്ടികൊണ്ടുപോന്നതാണ് തന്നെ എന്നാണ് രാജ പറഞ്ഞത്. ബാരക്കിൽ സീനിയറായ രാജയാണ് പാക്ക്ശാലയിൽ (അടുക്കള) നിന്ന് ബാരക്കിൽ വിതരണം ചെയ്യാനുള്ള റൊട്ടിയും സബ്ജിയും കൊണ്ടുവരുന്നത്. ബാരക്കിൽ ഞങ്ങളുടെ ലോക്കൽ ഗാർഡിയനായി രാജ മാറി. ഞങ്ങൾ ഭക്ഷണം കഴിക്കുന്നത് എല്ലാം ഒരുമിച്ചായി. രാജയടക്കം ഞങ്ങൾ അഞ്ച് പേർക്കുള്ള ഭക്ഷണം രാജ തന്നെ എടുത്തുവെക്കും. എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്ത് രാജ എത്തിയാൽ ഞങ്ങൾ അഞ്ച് പേരും വട്ടത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ നാല് പേരിൽ, എനിക്ക് കേരളക്കാരൻ എന്ന പ്രത്യേക പരിഗണനയും മതിപ്പും ബഹുമാനവും എല്ലാം രാജയും മറ്റു തടവുകാരും നൽകി. എല്ലാവർക്കും കേരളത്തിലേക്ക് വരണം, കേരളത്തിൽ ജോലി ചെയ്യണം. കേരളത്തിൽ വേലക്ക് മാന്യമായ കൂലി ലഭിക്കും, കേരളത്തിൽ എല്ലാവരും ‘പഠാ ലിഖാ ആദ്മി’കളാണ് (വിദ്യാസമ്പന്നരായ ആളുകൾ). ഇത്രയൊക്കെയാണ് ഉത്തർ പ്രദേശിലെ സാധാരണക്കാരായ ആളുകളുടെ കേരളത്തെ കുറിച്ചുള്ള അറിവുകൾ. പല തടവുകാരും എന്റെ മൊബൈൽ നമ്പറും വിലാസവും എല്ലാം ചോദിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ട് അവർക്ക് കേരളത്തിൽ വരണം, അവിടെ സമാധാനമായി ജോലി ചെയ്ത് ജീവിക്കണം. അതിന് അവരെ സഹായിക്കണം, അതാണ് അവരുടെ ആവശ്യം. ചിലർക്കൊക്കെ ഞാൻ മൊബൈൽ നമ്പർ നൽകി. ജയിലിൽ ആർക്കും പേഴ്സണൽ മൊബൈൽ നമ്പർ കൊടുക്കരുത്, പിന്നീട് അവർ വല്ല കേസിലും പെട്ടാൽ ആ ഫോൺ ബന്ധം വെച്ച് നമ്മളേയും പിടിച്ച് അകത്തിടും എന്ന ഉപദേശം എന്നോടൊപ്പം കുറ്റം ചുമത്തപ്പെട്ടവരും മറ്റും നേരത്തെ തന്നെ തന്നിരുന്നെങ്കിലും കുറച്ച് പേർക്കൊക്കെ ഞാൻ നമ്പർ കൊടുത്തു.
ഒരേ കേസിൽ കുറ്റം ചുമത്തപ്പെട്ടവരെയും പ്രതികളേയും ‘കേസ് വാർ’ എന്നാണ് മഥുര ജയിലിൽ വിളിച്ചിരുന്നത്. ലഖ്നോ ജയിലിൽ ഇവർ അറിയപ്പെടുന്നത്, ‘ഫയലി’ എന്ന പേരിലാണ്. അതായത്, അത്തീക്കുറഹ്മാനും മസൂദും ആലമും എല്ലാം എന്റെ കേസ് വാറും (മഥുര ജയിലിൽ) ഫയലിയുമാണ് (ലഖ്നോ ജയിലിൽ) എന്നർത്ഥം. ജയിലിൽ എത്തിയ, ആദ്യ നാളുകളിൽ കേൾക്കുന്ന ചില ചോദ്യങ്ങളിൽ പ്രധാനപ്പട്ട ഒരു ചോദ്യമായിരുന്നു, ‘ആപ് കാ കേസ് മേ കിത് നാ കേസ് വാർ (ഫയലി) ഹേ…’ (താങ്കളുടെ കേസിൽ എത്ര കൂട്ടു പ്രതികളുണ്ട്) എന്നത്.
രാജ എനിക്കായി അവൻ കിടക്കുന്ന ചുമരിനോട് അടുത്തുളള ഭാഗം ഒഴിഞ്ഞു തന്നു. ഇപ്പോൾ എന്റെ വലതുവശത്ത് ചുമരും ഇടത് വശത്ത് അത്തീക്കുറഹ്മാനും കാലിന്റെ ഭാഗത്ത് ഭൻവാരിയും തല ഭാഗത്ത് ദീപുവും അത്തീക്കുറഹ്മാനോട് ചേർന്ന് മസൂദും അതിന് ശേഷം ഡ്രൈവർ ആലമും പിന്നെ രാജയും ആണ് കിടക്കുന്നത്. സെക്സ് റാക്കറ്റിന് പെൺകുട്ടികളെ എത്തിച്ച് കൊടുക്കലായിരുന്നു ഭൻവാരിയുടെ ജോലി. കൂട്ടബലാൽസംഗത്തിനിരയായി പത്ത് വയസ്സുള്ള പെൺകുട്ടി മരണപ്പെട്ട കേസിലാണ് ഭൻവാരി ജയിലിൽ എത്തിയിരിക്കുന്നത്. ദീപു ആവട്ടെ, സഹോദരന്റെ ഭാര്യയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിലായതാണ്. ഞങ്ങളുടെ നിരയിൽ രാജയുടെ അടുത്ത് കിടന്നിരുന്ന സതീഷൻ ജയിലിലെത്തിയിരിക്കുന്നത് ഭാര്യ നൽകിയ പരാതിയിലാണ്. സ്വന്തം മകളെ ബലാൽസംഗം ചെയ്തുവെന്നാണ് സതീഷനെതിരായ പരാതി. ബലാൽസംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായി ജയിലിലായ എനിക്ക് ചുറ്റും കിടക്കുന്നത് റേപിസ്റ്റുകൾ! ബലാൽസംഗത്തിന് പുറമെ, മുർദ ദഹേജ്, ഡൗറി ഡെത്ത് (സ്ത്രീധന പീഢന മൂലമുള്ള മരണം), എൻ.ഡി.പി.എസ് ആക്ട് (നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്), ഡക്കോയ്ത്തി (കൂട്ടമായുള്ള കവർച്ച), ലൂട്ടിങ് (മോഷണം) കൊലപാതകം, സ്നാച്ചിങ് (പിടിച്ചുപറി), ആസിഡ് അറ്റാക്ക് (പെൺകുട്ടികൾക്ക് നേരെയുള്ള ആസിഡ് ആക്രമണം) എന്നീ കേസുകളിലാണ് ഞങ്ങളുടെ ബാരക്കിലെ ഭൂരിപക്ഷം പേരും ജയിലിലെത്തിയത്. (തുടരും).