ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് 32 വർഷം മുൻപ് നടന്ന ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യം നിഷേധിക്കപ്പെട്ട് നാല് വർഷമായി ജയിലിൽ കഴിയുകയുമാണ്. കേന്ദ്ര സർക്കാർ എങ്ങനെയാണ് ഇന്ത്യയിലെ പൊലീസ് സംവിധാനത്തെയും, നീതിന്യായ വ്യവസ്ഥയെയും മാധ്യമങ്ങളെയും സ്വാധീനിക്കുന്നതെന്ന്, സഞ്ജീവ് ഭട്ടിന്റെ മോചനത്തിനായി പോരാട്ടം തുടരുന്ന അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാ ഭട്ട് സംസാരിക്കുന്നു.
ബി.ബി.സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ ഏറെ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞല്ലോ. ഇന്ത്യയിലെ സമകാലിക മാധ്യമങ്ങൾ മിക്കവയും മോദിയെക്കുറിച്ചോ എൻ.ഡി.എ സർക്കാരിനെക്കുറിച്ചോ വിമർശനാത്മക സമീപനം സ്വീകരിക്കാത്ത കാലത്താണ് ഈ ഡോക്യുമെന്ററി പുറത്തുവരുന്നത്. ഇന്ത്യൻ മാധ്യമങ്ങൾ അക്കാലത്ത് പുറത്തുവിടാത്ത കുറച്ചധികം ദൃശ്യങ്ങളും ഈ ഡോക്യുമെന്ററിയിലുണ്ട്. ഒപ്പം നമ്മുടെ സർക്കാർ മറച്ചുവച്ച പല കണക്കുകളും വിവരങ്ങളും കൂടിയാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ സാഹചര്യത്തെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?
ഒരു ജനാധിപത്യ രാജ്യമാണെന്ന് അവകാശപ്പെടുമ്പോൾ എങ്ങനെയാണ് മറ്റൊരാൾക്ക് നമ്മൾ എന്ത് കാണണമെന്നും എന്ത് കാണരുതെന്നും പറയാൻ കഴിയുക? ഞാൻ എന്തു കാണണം എന്നോ എന്ത് കാണരുതെന്നോ എന്നോടു പറയാൻ മറ്റൊരാൾക്ക് അവകാശമില്ല. നിങ്ങളുടെ തലമുറയിൽ നിന്നുള്ളവർക്ക് ഒന്നുമറിയില്ല, 2002ൽ ശരിക്കുമെന്താണ് സംഭവിച്ചതെന്ന്. മാധ്യമപ്രവർത്തകരും മാധ്യമങ്ങളും സൃഷ്ടിച്ച ആഖ്യാനങ്ങൾ മാത്രമേ നിങ്ങൾക്കറിയൂ. ഇന്ത്യയിലെ ജനങ്ങളും ലോകത്തെല്ലാവരും, അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ഏതൊരു ജനാധിപത്യ രാജ്യത്തിലും നിരോധനങ്ങൾക്ക് സ്ഥാനമുണ്ടാകാൻ പാടില്ല.

2002ന് മുൻപും ശേഷവും ഇന്ത്യയിൽ നടന്നിട്ടുള്ള വർഗീയ ആക്രമണങ്ങളിൽ പലതും നടന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ്. മിക്ക ആക്രമണങ്ങളും നടന്നിട്ടുള്ളത് പൊലീസ് നോക്കിനിൽക്കെയാണ്. 2020ൽ നോർത്ത് ഈസ്റ്റ് ദില്ലിയിൽ നടന്ന കലാപത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സഞ്ജീവ് ഭട്ടിന്റെ നിലപാട് ഇതിന് എതിരായിരുന്നു. അതുകൊണ്ടല്ലേ ഇത്തരത്തിൽ ഫ്രെയിം ചെയ്യപ്പെടുന്നത്?
നോക്കൂ ഒരു പൊലീസ് ഓഫീസറുടെ ചുമതല ക്രമസമാധനം നിലനിർത്തുക എന്നതാണ്. അവർ രാഷ്ട്രീയ സേവകരല്ല, പൊതുജനങ്ങളുടെ സേവകരാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെയോ രാഷ്ട്രീയ നേതാവിനെയോ സേവിക്കാനല്ല അവരെ നിയമിക്കുന്നത്. ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഒരു പൊലീസ് ഓഫീസർ പോയി ചോദിക്കുകയില്ല അവൾ ഏത് ജാതിയിൽ നിന്നുള്ളവളാണെന്ന്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യതയുണ്ടെങ്കിൽ കാര്യങ്ങളും കൃത്യമായി നടക്കും. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തം നിർവ്വഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. എന്റെ ഭർത്താവ് പറയാറുണ്ട് ‘ഖാക്കി ഫീകീ ഹോ രഹീ ഹേ’ (കാക്കിയുടെ സ്വഭാവം മാറുന്നു). സഞ്ജീവ് എല്ലായ്പ്പോഴും യൂണിഫോം ധരിച്ചിരുന്നത് വലിയ അഭിമാനത്തോടെയാണ്. പൊലീസ് ഓഫീസർമാർ പൊലീസ് ഓഫീസർമാരെപ്പോലെയല്ല ഇപ്പോൾ പെരുമാറുന്നത്. ചിലപ്പോൾ ഭയം കൊണ്ടായിരിക്കാം, ചിലപ്പോൾ പ്രൊമോഷൻ കിട്ടാനുള്ള അത്യാഗ്രഹം കൊണ്ടാകാം.
പൊലീസ് സേന കൂടുതൽ സെെനികവൽക്കരിക്കപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ?
ഏകാധിപത്യപരമായിട്ടുണ്ട്. ഏത് എതിർപ്പിനെയും ഇല്ലായ്മ ചെയ്യുന്നതിലൂടെ സംഭവിക്കുക ഏകാധിപത്യ സംവിധാനം രൂപപ്പെടുകയാണ്. ഒരു ജനാധിപത്യ സംവിധാനത്തിന് താങ്ങാൻ കഴിയാത്തതാണത്. നമ്മളെല്ലാവരും ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ഫോണുകൾ ചോർത്തുന്നു. ഞങ്ങളെ പിന്തുടരുന്നു. എന്റെ വീട് വരെ തകർക്കുകയുണ്ടായി. എന്റെ വീടിന്റെ പകുതിഭാഗം ബുൾഡോസർ ഉപയോഗിച്ച് തകർത്തിരിക്കുകയാണ്. എനിക്കൊരു ആക്സിഡന്റ് ഉണ്ടായി. എന്തുകൊണ്ട് അഭിഭാഷകർ എന്റെ കേസ് എടുക്കാൻ ഭയക്കുന്നു? എന്തിനാണവർ സഞ്ജീവ് ഭട്ടിനെ തടവിൽ നിർത്താൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കുന്നത്? പത്തും പന്ത്രണ്ടും അഭിഭാഷകരാണ് ഞങ്ങളുടെ അഭിഭാഷകൻ കപിൽ സിബലിനെതിരെ വാദിക്കാൻ കോടതിയിലെത്തുന്നത്. സഞ്ജീവ് ഭട്ട് പുറത്തിറങ്ങുകയില്ല എന്ന് ഉറപ്പാക്കുന്നതിനായി എന്തിനാണവർ ലക്ഷക്കണക്കിന് രൂപ ഈ അഭിഭാഷകർക്ക് വേണ്ടി ചെലവാക്കുന്നത്? ഞങ്ങളുടെ കേസ് രജിസ്ട്രിയിൽ നിന്നും മുന്നോട്ടുപോയിട്ടില്ല, ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. നാലുവർഷമായ ജാമ്യാപേക്ഷയിലാണ് ഇത് സംഭവിക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ? ചോദിച്ചാൽ അവർ പറയുന്നത് ഞങ്ങൾക്ക് മുകളിൽ നിന്നും ഓർഡറുകൾ കിട്ടിയിട്ടില്ല എന്നാണ്. ആരാണ് ഈ മുകളിലുള്ള ആളുകൾ? സുപ്രീംകോടതി രജിസ്ട്രിയെയും സുപ്രീംകോടതി ജഡ്ജിമാരെയും സ്വാധീനിക്കുന്നത് ആരാണ്? എന്തിനാണ് അവരിത് ചെയ്യുന്നത്? ഇതാണോ ജനാധിപത്യം? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിക്കുന്നതിന് തൊട്ടുമുമ്പായി ജസ്റ്റിസ് ഖാൻവിൽക്കറിന്റെ ബെഞ്ചിൽ കേസ് എത്തുകയാണ് ചെയ്തത്. ഞങ്ങളെ കേൾക്കാതെ വെറും ഇരുപത് സെക്കന്റ് കൊണ്ട് ഡിസ്മിസ് ചെയ്യുകയാണ് ഉണ്ടായത്. ഇതാണോ ജുഡീഷ്യറി? ജുഡീഷ്യറിയിൽ വിശ്വാസം സൂക്ഷിക്കുക എന്നത് വളരെ പ്രയാസമായിരിക്കുന്നു. ജുഡീഷ്യറിയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടാതിരിക്കാൻ ഞാൻ കഴിയുന്നത്രയും ശ്രമിക്കുകയാണ്. കാരണം അവസാനം എനിക്ക് കോടതിയിൽ നിന്നൊരു ഉത്തരവ് കിട്ടേണ്ടതുണ്ട്. നമ്മളിപ്പോളുള്ളത് ഒരു ലീഗൽ ലൂപ്പിലാണ്. മൂന്നരവർഷമെടുത്തു സുപ്രീംകോടതിയിലെത്താൻ. സെഷൻസ് കോടതിയിൽ ആറുമാസം എല്ലാം തള്ളുകയാണുണ്ടായത്. ഹെെക്കോടതിയിൽ പോകുന്നു, അവിടെയും നമ്മുടെ ഹർജികൾ തള്ളുന്നു. ഡോക്യുമെന്റുകൾക്ക് വേണ്ടിയുള്ള നമ്മുടെ അപേക്ഷകളും റിജക്റ്റ് ചെയ്യപ്പെടുന്നു. ഒടുവിൽ സുപ്രീംകോടതിയിൽ എത്തുമ്പോൾ നമ്മുടെ കേസ് ലിസ്റ്റ് ചെയ്യപ്പെടാതെ വൈകിക്കുന്നു. ഒടുവിൽ ഹർജി തള്ളുന്നു. വീണ്ടും സെഷൻസ് കോടതിയിലേക്ക് തിരിച്ചുപോകേണ്ടിവരികയാണ്. ഓരോ വാദത്തിനും 25 ലക്ഷം രൂപ വാങ്ങിക്കുന്ന എട്ടോ പത്തോ അഭിഭാഷകരാണ്, മുകുൾ രൊഹ്തഗി, മനീന്ദർ സിങ് എന്നിവരുൾപ്പെടെയുള്ളവരാണ് സ്റ്റേറ്റിന് വേണ്ടി ഹാജരാകുന്നത്. എന്തുകൊണ്ടാണ് സഞ്ജീവ് ഭട്ടിനെ എന്തുവിലകൊടുത്തും ജയിലിലടക്കണമെന്ന് അവർ തീരുമാനിക്കുന്നത്? അതൊരു കെട്ടിച്ചമച്ച കേസാണ്. സാങ്കൽപികമായ ഒരു കഥയുണ്ടാക്കി അതിന്മേൽ ഉണ്ടാക്കിയ കേസാണ്. അവർ തുടർച്ചയായി പ്രതികാരാത്മകമായി, വിദ്വേഷത്തോടെ എന്റെ ഭർത്താവിനെ തടവിലിട്ടിരിക്കുകയാണ്. അതും 32 വർഷം പഴക്കമുള്ള ഒരു കേസിൽ.
ഈ പറയുന്ന കേസിൽ കൊല്ലപ്പെട്ടയാൾ ഒരു കലാപകാരിയായിരുന്നു. എന്റെ ഭർത്താവിന്റെ കസ്റ്റഡിയിലായിരുന്നുമില്ല അയാൾ. അയാളെ അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്തതും സഞ്ജീവ് ഭട്ട് അല്ല. ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നു അയാൾ. 300 സാക്ഷികളുണ്ട് ഈ കേസിൽ. പ്രൊസിക്യൂഷൻ വിചാരണ തുടങ്ങിയപ്പോൾ 29 പേർ മാത്രമാണ് വിളിക്കപ്പെട്ടത്. ഡോക്ടർമാരെ ആരെയും വിളിച്ചില്ല, അന്വേഷണ ഉദ്യോഗസ്ഥരെയും വിളിച്ചില്ല. കേസുമായി ബന്ധമില്ലാത്തവരാണ് പ്രൊസിക്യൂഷൻ സാക്ഷികളായി വിളിക്കപ്പെട്ടത്. എതിർഭാഗത്ത് ഒരു സാക്ഷിയെയെങ്കിലും നിർത്താൻ അവർ നമ്മളെ അനുവദിച്ചിട്ടില്ല. സുപ്രീംകോടതിയിൽ നിന്നും അരുൺ മിശ്രയുടെ ഉത്തരവ് അവർക്ക് കിട്ടുന്നു, ഈ കേസിലെ വിചാരണ 15 ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കണമെന്ന്. എങ്ങനെയാണ് വിചാരണ നടന്നുകൊണ്ടിരിക്കെ, അതിന്റെ സ്ഥിതിയെന്താണെന്ന് അറിയാതെ, എതിർഭാഗത്ത് ഡിഫൻസ് സാക്ഷികളില്ലാതെ ചെയ്യാൻ പറ്റുന്നത്? പക്ഷെ അങ്ങനെയൊരു ഉത്തരവ് വരുന്നു, ജഡ്ജ് ഉത്തരവ് പാലിക്കുന്നു, വിചാരണ അവസാനിപ്പിക്കുന്നു. എന്റെ ഭർത്താവിന് ജീവപര്യന്തം ശിക്ഷ നൽകുന്നു. അതിനെതിരെ ഞാൻ സുപ്രീംകോടതിയിലേക്ക് റിവ്യൂ പെറ്റീഷനുമായി പോയി. ജസ്റ്റിസ് ഖാൻവിൽക്കർ ആ പെറ്റീഷൻ തള്ളിക്കളഞ്ഞു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? നമ്മളൊരു ജനാധിപത്യ സംവിധാനത്തിലാണോ ജീവിക്കുന്നത്? അവർക്ക് സഞ്ജീവ് ഭട്ടിലൂടെ ഒരു ഉദാഹരണം ഉയർത്തിക്കാണിക്കുകയാണ് ലക്ഷ്യം. പക്ഷെ എനിക്കത് അനുവദിക്കാൻ കഴിയില്ല. അങ്ങനെയായാൽ ഓഫീസർമാർ അവരുടെ ജോലി ചെയ്യാൻ മടിക്കും. എന്തെങ്കിലും ചെയ്യുമ്പോൾ അവരെ ഭയം ബാധിക്കും, സഞ്ജീവ് ഭട്ടിന് സംഭവിച്ചത് തങ്ങൾക്കും സംഭവിക്കുമെന്ന്. ഇത് തന്നെയാണ് അവരുടെ ആവശ്യം. നമുക്കാർക്കും അത് താങ്ങാൻ കഴിയില്ല.അതുകൊണ്ടാണ് ഞാൻ യാത്ര ചെയ്യുന്നത്, ആളുകളോട് സംസാരിക്കുന്നത്, മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത്, നടന്നുകൊണ്ടിരിക്കുന്നത് തെറ്റാണ് എന്ന് എല്ലാവരും അറിയണം. എന്തെങ്കിലും ചെയ്യണം. ഇന്ന് സഞ്ജീവ് ഭട്ട് ആണെങ്കിൽ നാളെയത് ആരുമാകാം.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി ഇന്ന് മുസ്ലീംങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണ്, അവരുടെ ഭൂമിയിൽ നിന്നും പുറത്താക്കുകയാണ്. ഇതേ അനുഭവം നേരിട്ട ഒരാൾ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?
ഗുജറാത്ത് ആണ് ഇക്കാര്യത്തിൽ അവരുടെ പരീക്ഷണ ശാല. 2017ൽ അവർ എന്റെ വീട് ബുൾഡോസ് ചെയ്തു. ഇപ്പോളിതാ ഈ രീതി വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങൾ ഈ വിഷയങ്ങളിലെല്ലാം വ്യാജമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഈയൊരു പ്രതിസന്ധിയെ എങ്ങനെ മറികടക്കാൻ കഴിയും?
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. പക്ഷെ ഇന്നത് പ്രവർത്തിക്കുന്നത് ശരിയായ രീതിയിലല്ല. ഭയമാണ് ബി.ജെ.പി ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത ഉയർന്ന പദവികൾ നൽകുക, അല്ലെങ്കിൽ എന്തെങ്കിലും ശിക്ഷ നൽകുക. എന്റെ ഉത്തരവ് നീ അനുസരിച്ചാൽ നിനക്കതിന്റെ പ്രതിഫലം ലഭിക്കും. ഞാൻ പറയുന്നതിനെ എതിർത്താൽ നീ ശിക്ഷിക്കപ്പെടും. നിങ്ങൾ നമുക്കൊപ്പമാണോ നമുക്കെതിരാണോ എന്ന ചോദ്യം മാത്രമാണ് ബാക്കി. നിങ്ങൾക്ക് അഭിപ്രായമുണ്ടായിരിക്കാൻ പാടില്ല. നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്താൽ മതി. ഉത്തരവുകൾ പാലിച്ചാൽ മതി. അതാണ് മാധ്യമങ്ങൾ ചെയ്യുന്നത്.

ഹിന്ദുവലതുപക്ഷത്തിന്റെ അടിത്തറ ജാതിയാണ്. മനുഷ്യരെ വേർതിരിച്ചുനിർത്തുന്ന ജാതിയെ നേരിടാതെ ഇവിടെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
മതം വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. ആർക്കുമത് മറ്റൊരാൾക്ക് മുകളിൽ അടിച്ചേൽപിക്കാൻ കഴിയില്ല. ഓരോരുത്തർക്കും സ്വയമേ തോന്നുന്നതുവരെ മാറ്റങ്ങളുണ്ടാകുക എന്നത് പ്രയാസമാണ്. അങ്ങനെയൊരു മാറ്റം നമുക്ക് ബലപ്രയോഗത്തിലൂടെ ചെയ്യാൻ കഴിയില്ല. യഥാർത്ഥത്തിൽ നമ്മൾ പരസ്പരം നമ്മുടെ മതങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടത്. എല്ലാത്തിനുമൊടുവിൽ എല്ലാവരും മനുഷ്യരാണ് എന്നതാണ് പ്രധാനം. മറ്റുമതങ്ങളിലുള്ളവരുമായി മോശമായി പെരുമാറാനോ ഇതര മതസ്ഥരെ അപമാനിക്കാനോ ഒരു മതവും പറയുന്നില്ല.
എപ്പോഴാണ് നിങ്ങൾ സഞ്ജീവ് ഭട്ടിനെ അവസാനമായി കണ്ടത്?
കോടതിയിൽ വച്ചാണ് ഞങ്ങൾ കാണാറുള്ളത്. അല്ലാത്തപ്പോൾ ഫോൺ വിളിക്കുന്നതിനായി അഞ്ചുമിനിറ്റ് അനുവദിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ മൂന്നു തവണ വിളിക്കാം. കൃത്യം 4 മിനിറ്റ് 59 സെക്കന്റിൽ സഞ്ജീവ് കൃത്യതയോടെ ഫോൺകോൾ അവസാനിപ്പിക്കും. കോടതിയിൽ കാണുമ്പോൾ ഞങ്ങൾ കേസിന്റെ കാര്യങ്ങൾ സംസാരിക്കും, നിർദ്ദേശങ്ങൾ സ്വീകരിക്കും, ഞാനത് ചെയ്യും. എനിക്ക് പറയാനുള്ള നിർദ്ദേശങ്ങളും വിവരങ്ങളും അറിയിക്കും.
(ബാനർ ഇമേജ്: ശ്വേതാ ഭട്ട്. ഫോട്ടോ: മൃദുല ഭവാനി)
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
