നഷ്ടമായ ക്യാമ്പസ് ജീവിതം ഇനി നികത്തപ്പെടുമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സർവ്വകലാശാല വിദ്യാർത്ഥികളുടെ കോവിഡ് കാല ജീവിതം (ഭാ​ഗം 2)

യാന്ത്രിക പ്രക്രിയയായി പഠനം ചുരുങ്ങുമ്പോൾ

മുഹമ്മദ് ത്വാഹിർ, എം.എ ജിയോ​ഗ്രഫി, ജെ.എൻ.യു

കോവിഡ് കഠിനമായിരുന്ന കാലത്ത് വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റുഫോമുകളിൽ മാത്രമായി ചുരുങ്ങിയത് സമൂഹത്തിലെ ഘടനാപരമായ അസമത്വങ്ങൾ കൂടുതലായി പുറത്തുകൊണ്ടുവന്നു. 2020 മാർച്ച് മുതൽ രാജ്യത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഇതിനിടയിൽ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞതോടെ പലയിടങ്ങളിലും ക്യാമ്പസുകൾ തുറന്നു. ജെ.എൻ.യു , ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങൾ അയഞ്ഞ നയമായിരുന്നു സ്വീകരിച്ചത്. യു.ജി.സി. നിർദേശമുണ്ടായിട്ടും വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് എത്തിക്കുന്നതിൽ അവർ അലംഭാവം കാണിച്ചു.

അധ്യാപനവും, പഠന പ്രക്രിയയും ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്ക് മാറിയ നാളുകൾ അരികുവക്കരിക്കപ്പെട്ട സമൂഹങ്ങളെ സംബന്ധിച്ച് അപ്രാപ്യവും, അകറ്റിനിർത്തുന്നതുമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർ​ഗനൈസേഷന്റെ ‘The household social consumption of education in India’ എന്ന റിപ്പോർട്ട് പ്രകാരം 4 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്കും, 23 ശതമാനം നഗരകുടുംബങ്ങൾക്കും മാത്രമേ കംപ്യൂട്ടറുകളും, ലാപ്ടോപ്പുകളും ലഭ്യമായിട്ടുള്ളു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഇത്രയും അഭാവമുള്ളപ്പോഴാണ് ഓൺലൈൻ വിദ്യാഭ്യാസം ഏറെക്കാലം തുടർന്നുപോരുന്നത്. നോട്ടുനിരോധനവും, പിന്നാലെ വന്ന കോവിഡ് പ്രതിസന്ധിയും കാരണം ഗാർഹികവും വ്യക്തിഗത വരുമാനവും തകർന്ന സാമ്പത്തിക സാഹചര്യത്തിലേക്കാണ് ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെയും കണക്ടിവിറ്റിയുടെയും അധിക ബാധ്യത കൂടി അടിച്ചേല്പിക്കപ്പെടുന്നത്. ആവശ്യമായ പഠന സാമഗ്രികൾ ലഭിക്കാതെ വിദ്യാർത്ഥികൾ പഠനം തുടരാൻ നിർബന്ധിതരായി. അതിന് സാധിക്കാതെ വന്നവർ വിദ്യാഭ്യാസത്തിൽ നിന്നും പുറത്തേക്കു പോയി. മുമ്പെങ്ങുമില്ലാത്ത, വർധിച്ച കൊഴിഞ്ഞുപോക്കു നിരക്കാണ് 2020-21 വർഷം ജെ.എൻ.യുവിലെ മിക്ക ഡിപാർട്ട്മെന്റുകളിലും പ്രകടമായത്. അതിൽ ഭൂരിഭാഗവും പട്ടിക ജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗ, മുസ്ലിം, കാശ്മീരി തുടങ്ങിയ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുമുള്ളവരാണ്. കാശ്മീരിലെ ഇന്റർനെറ്റ് ഷട്ട്ഡൗണും വിദ്യാർത്ഥികൾക്ക് പ്രതികൂലമായിത്തീർന്നു.

സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ നൽകുന്ന ലൈബ്രറികളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് ഏറെക്കാലം കഴിഞ്ഞില്ല. സ്വന്തം ഇന്റർനെറ്റ് കണക്ടിവിറ്റി മോശമായതിനാൽ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ദീർഘദൂരം യാത്ര ചെയ്യേണ്ടിവന്ന വിദ്യാർത്ഥികളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രാക്ടിക്കൽ വർക്കിനാവശ്യമായ മെറ്റീരിയലുകൾ പ്രിന്റ് ചെയ്യാൻ ഓരോ ക്ലാസിനു ശേഷവും 15 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി പോകേണ്ടിവരുന്ന സഹപാഠികളുടെ അനുഭവം ഓർക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സമൂഹത്തിന്റെ പുരോഗതിക്ക് കരണമാകേണ്ട സംഭാഷണപരവും ക്രിയാത്മകവുമായ പെഡഗോ​ജിക്കൽ പ്രവർത്തനങ്ങളിൽ നിന്ന് തികച്ചും യാന്ത്രികമായ ഒരു പ്രക്രിയയിലേക്ക് പഠനത്തെ ചുരുക്കി.

കണക്ടിവിറ്റി കുറവ് കാരണം അധ്യാപകർക്ക് പോലും ക്യാമറ ഓഫ് ചെയ്ത് ക്ലാസ്സുകൾ തുടരേണ്ടിവന്നു. ഒരു തരത്തിൽ റേഡിയോ സംപ്രേഷണം കണക്കെയാണ് ക്ലാസ്സുകൾ നടക്കുന്നത്. ഇതിനെല്ലാം പുറമെയുള്ള വോയ്സ് ബ്രേക്കിംഗ് വേറെയും. ഒരു കോൺസെപ്റ്റ് പോലും പൂർണമായി വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കാനോ, പറയുന്നത് പൂർണമായി കേൾക്കാനോ സാധിക്കാതെ വിദ്യാർത്ഥികളും, അധ്യാപകരും ഒരേപോലെ പ്രതിസന്ധിയിലാവുന്നു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ കൗൺസിലറായ അനഘ പ്രദീപിന് ജെ.എൻ.യു അഡ്മിനിസ്ട്രേഷനിൽ നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയനുസരിച്ച് 2020 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള ഒരു വർഷക്കാലയളവിൽ 98 വിദ്യാർഥികൾ (45 എം.എ, 53 എം.ഫിൽ ) ആണ് സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് മാത്രം പഠനമുപേക്ഷിച്ചു പോയത്. എന്റെ ക്ലാസ്സിൽ ഞങ്ങൾ വിദ്യാർത്ഥികൾ തന്നെ നടത്തിയ സർവ്വേ പ്രകാരം 70 ശതമാനം വിദ്യർത്ഥികൾക്കും ലാപ്ടോപ്പും, ബ്രോഡ്ബാൻഡ് കണക്ഷനും ലഭ്യമല്ല. ലാപ്ടോപ്പ് ലഭ്യമായവരിൽ പകുതി പേർക്കും നിശ്ചിത സമയത്തേക്ക് മാത്രമേ ലഭ്യമാവുന്നുള്ളു. ബാക്കി സമയങ്ങളിൽ മറ്റു കുട്ടികൾക്കായി അത് നൽകേണ്ടതുണ്ട്.

പരിഷ്കരിച്ച ഒരു കലണ്ടറില്ലാത്തതിനാൽ അക്കാദമിക് പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിലാണ്. അഡ്മിനിസ്ട്രേഷന്റെ ഭാഗത്തു നിന്ന് പൊതുവായ മാർഗ്ഗനിർദ്ദേശവുമില്ല. അതുകൊണ്ടുതന്നെ അധ്യാപകരും സംശയത്തിലാണ്. അഞ്ച് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർക്കേണ്ട അവസ്ഥ. സിലബസ്സിൽ പ്രധാനപ്പെട്ട ഭാഗങ്ങളൊന്നും പൂർത്തിയാക്കാതെയാണ് ഒന്നാം സെമസ്റ്റർ എക്സാം നടന്നത്. തുടർ മൂല്യനിർണയത്തിന്റെ ഭാഗമായ തുടരെത്തുടരെയുള്ള അസൈന്മെന്റുകളുടെയും, ടേം പേപ്പറുകളുടെയും സമ്മർദ്ദം വേറെയും. മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ അവസ്ഥകളും വ്യത്യസ്തമല്ല. പകുതി ക്രെഡിറ്റും കോഴ്സ് വർക്കിൽ അധിഷ്ഠിതമായ ജെ.എൻ.യുപോലുള്ള യൂണിവേഴ്സിറ്റികൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോൾ അധ്യാപന-പഠന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സെമസ്റ്റർ എക്സറ്റൻഷന് വേണ്ടിയുള്ള വിദ്യാർത്ഥികളുടെ ആവശ്യം ചെവിക്കൊള്ളാൻ പോലും അഡ്മിനിസ്ട്രേഷൻ തയ്യാറല്ല.

ഇത്തരത്തിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ അഭാവത്തിന്റെ വ്യക്തമായ ഡാറ്റയുൾപ്പെടെ വിദ്യാർത്ഥികളും, അധ്യാപകരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് യൂണിവേഴ്സിറ്റി അധികാരികളെ പലവട്ടം സമീപിച്ചുവെങ്കിലും അവർ ഇതിനെയൊന്നും അഡ്രസ് ചെയ്യാൻ തയ്യാറായില്ലെന്നു മാത്രമല്ല, അർഹമായ ഫെലോഷിപ്പ് ഉൾപ്പെടെ നൽകാൻ തയ്യാറാകാതെ വിദ്യാർത്ഥികളുടെമേലുള്ള സാമ്പത്തികഭാരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അഡ്മിഷൻ കഴിഞ്ഞു 10 മാസക്കാലമായിട്ടും ഹോസ്റ്റൽ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. അതേക്കാരണം ചൂണ്ടിക്കാട്ടി ഫെലോഷിപ്പും നൽകാതിരിക്കുന്നു.

കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സോഷ്യൽ സയൻസ് പ്രോഗ്രാമുകളിലെ ഫീൽഡ് വർക്ക് കോഴ്സുകൾ എടുത്തുകളയുകയും, സോഷ്യൽ സയൻസ് പ്രോഗ്രാമുകൾ പൂർണ്ണമായും ഓൺലൈൻ മോഡിൽ നടത്തിയാൽ മതിയെന്ന രീതിയിൽ ശാഠ്യം പിടിക്കുകയുമാണ് അഡ്മിനിസ്ട്രേഷൻ. സോഷ്യൽ സയൻസ് പ്രോഗ്രാമുകൾക്ക് പ്രശസ്തമായ ജെ.എൻ.യുപോലുള്ള സ്ഥാപനങ്ങളെ കോവിഡിന്റെ മറവിൽ ഇല്ലാതാക്കാനാണ് അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികളുടെ അനുഭവങ്ങളെ മനസ്സിലാക്കാനോ അവരുന്നയിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെയും ആവശ്യങ്ങളെയും പരിഗണിക്കാനോ അഡ്മിനിസ്ട്രേഷൻ തയ്യാറാകുന്നില്ല. ഓൺലൈൻ പഠനത്തിനാവശ്യമായ സാങ്കേതിക-ഭൗതിക സാഹചര്യങ്ങൾ എത്രത്തോളം ലഭ്യമാണെന്നറിയുന്നതിന് വിദ്യാർത്ഥികൾക്കിടയിൽ ഒരു സർവ്വേ നടത്താനോ, വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനോ യാതൊരുവിധ ശ്രമങ്ങളും അഡ്മിനിസ്ട്രേഷന്റെ ഭാഗത്തു നിന്നുണ്ടായില്ല.

ഓൺലൈൻ പഠനകാലത്ത് കൂടുതൽ ബുദ്ധിമുട്ടിയത് വിദ്യാർത്ഥിനികളാണ്. ഓൺലൈൻ ക്ലാസ്സുകൾ നടക്കുമ്പോൾ പോലും ഗാർഹിക ചുമതലകൾ നിർവഹിക്കാൻ പലരും നിർബന്ധിതരാകുന്നു. പഠന സമയം ഗണ്യമായി കുറയുന്നു. ഗാർഹികവും സാമൂഹികവുമായ പീഡനങ്ങൾ വേറെയും. കൂടാതെ വരുമാനം കുറയുകയും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്തതോടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള നീക്കിയിരിപ്പു കുറക്കാൻ രക്ഷിതാക്കൾ നിർബന്ധിതരായി. ഇന്ത്യ പോലുള്ള ഒരു പുരുഷാധികാര വ്യവസ്ഥിതിയിൽ സ്വാഭാവികമായും ഇതിന് ആദ്യം ഇരയാകുന്നത് പെൺകുട്ടികളാണ്. വിദ്യാർത്ഥിനികളുടെ ഗണ്യമായ കൊഴിഞ്ഞുപോക്ക് നിരക്കിന് ഇത് കാണാമായിട്ടുണ്ട്.

ഡിജിറ്റൽ ഡിവൈഡ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിപ്പിച്ചു. ഗ്രാമീണ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഇത് കൂടുതലായി പിൻതള്ളി. എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങൾ തുടങ്ങിയ പാർശ്വവത്കൃത സമൂഹങ്ങളെ വിദ്യാഭ്യാസത്തിന് പുറത്തുനിർത്തുകയാണ് യഥാർത്ഥത്തിൽ ഓൺലൈൻ എഡ്യൂക്കേഷൻ ചെയ്യുന്നത്. നിലവിലെ ഓൺലൈൻ മോഡിനോട് അനുരൂപീകരണം സാധ്യമാക്കാനാവശ്യമായ വിഭവാധികാരം, വിദ്യാഭ്യാസം തുടങ്ങിയവ ചരിത്രപരമായി തന്നെ നിഷേധിക്കപ്പെട്ട ഒരു ജനതയാണത്. ആ യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ, അവരുടെ മേൽ അടിച്ചേല്പിക്കപ്പെട്ടിരുന്ന ഈ ഓൺലൈൻ വിദ്യാഭ്യാസം തികച്ചും അനീതിയും നിലവിലുള്ള സാമൂഹിക ഉച്ചനീചത്വത്തെ പതിന്മടങ്ങു വർദ്ധിപ്പിക്കുന്നതുമാണ്.

അടച്ചുപൂട്ടലുകളുടെ ആഘാതം ​ഗൗരവത്തോടെ പരി​ഗണിക്കണം

സാരം​ഗി സുനിൽ, എം.ഫിൽ, പൊളിറ്റിക്കൽ സയൻസ്, കേരള യൂണിവേഴ്സിറ്റി

അടച്ചുപൂട്ടലുകളുടെയും അതിജീവനശ്രമങ്ങളുടെയും ഈ നാളുകൾക്കിടയിൽ വിദ്യാർത്ഥികൾ അനുഭവിച്ചതും നേരിടുന്നതുമായ വെല്ലുവിളികൾ സമൂഹം എത്രമാത്രം ഉൾകൊണ്ടു എന്നത് വളരെ ​ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. ലോക്ഡൗൺ കാലയളവിൽ വിദ്യാർത്ഥികൾ നേരിട്ട പ്രശ്നങ്ങൾ വൈകിയാണെങ്കിൽ പോലും പൊതുസമൂഹം പരി​ഗണിച്ചെങ്കിലും അതിന്റെ ഭാ​ഗമായ അന്വേഷണങ്ങൾ എത്രമാത്രം ഫലപ്രദമായിരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ വേണ്ടത്ര പരി​ഗണിക്കപ്പെട്ടില്ല എന്നുതന്നെ പറയാം.

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ് പലപ്പോഴും പൊതുസമൂഹത്തിനു മുന്നിൽ എത്തിയിട്ടുള്ളത്. കേരളത്തിലെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലെയും ക്രമരഹിതമായ പരീക്ഷാ നടത്തിപ്പുരീതികളും, മൂല്യനിർണ്ണയവും, സമയബന്ധിതമല്ലാത്ത ഫലപ്രഖ്യാപനവും കാരണം വലഞ്ഞിരുന്ന വിദ്യാർത്ഥികളുടെ മേലാണ് അടച്ചുപൂട്ടലുകൾ പുതിയ ഭാരമായി മാറിയത്. പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെയും ഇരുപത്തി നാലിനും അതിനു മുകളിലും പ്രായമുള്ള ഗവേഷണ വിദ്യാർത്ഥികളുടേയും പ്രശ്നങ്ങളെ ഒറ്റ ത്രാസിൽ തൂക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങളെ മുൻനിർത്തികൊണ്ട് യുക്തിസഹമായ പഠനങ്ങൾ ഇനിയും ആവശ്യമാണ്.

കേരള യൂണിവേഴ്സിറ്റിയിലെ ചില വിദ്യാർത്ഥികൾ അവർ അനുഭവിച്ച യാതനകളേക്കുറിച്ച് സംസാരിക്കുന്നത്, മുൻപെങ്ങും അനുഭവിച്ചിട്ടില്ലാത്ത മാനസിക പിരിമുറുക്കങ്ങളും വിഷാദവും ഭയവും കൂടിച്ചേർന്ന അങ്ങേയറ്റം നിരാശാജനകമായ ഭാവത്തിലാണ്. ശരിയായ വായു സഞ്ചാരമുള്ളതും സ്വകാര്യതയുള്ളതുമായ മുറികൾ വീടുകളിലും മറ്റു താൽകാലിക ഇടങ്ങളിലും ഇല്ലാത്തത് പലരേയും സമ്മർദ്ദത്തിലാക്കി. വീടുകളിൽ കഴിയുന്ന പെൺകുട്ടികളെ സംബന്ധിച്ച് വീട്ടുജോലികൾക്കിടയിൽ അവരുടെ അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല എന്ന് മാത്രമല്ല മുൻപ് ഹോസറ്റൽ അന്തരീക്ഷത്തിൽ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും മാനസിക ഉല്ലാസവും ഇല്ലാതായി. സ്റ്റൈഫന്റ്റ് കൃത്യമായി ലഭിക്കാത്തതും രക്ഷിതാക്കളെ അമിതമായി ആശ്രയക്കേണ്ടി വരുന്നു എന്ന ബോധവും വിദ്യാർത്ഥികളിൽ സ്വയം ഉൾവലിയൽ സ്വഭാവം ഉണ്ടാക്കി. ഈ സംഗതികൾ പലപ്പോഴും രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പടുത്തുന്നതിൽ പരാജയപ്പെട്ടവരാണ് കൂടുതൽ പേരും. സുഹൃത്തുക്കളുമായി അടുത്ത ബന്ധം പുലർത്താനും മാനസികനിലയെക്കുറിച്ച് തുറന്നു സംസാരിക്കാനും കഴിയാത്തത് സമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിച്ചു. മാനസിക പിരിമുറുക്കം കാരണം പലരും സ്വമേധയാ കൗൺസിലിങ്ങിന് വിധേയരാകുകയും ചിലർ തീവ്ര വിഷാദത്തിനടിപ്പെട്ട് അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയും ചെയതു.

അടുത്തിടെ എം.ജി യൂണിവേഴ്സിറ്റിയിലെ ചില വിദ്യാർത്ഥികൾ ഹോസ്റ്റൽ സൗകര്യം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ താമസിച്ച് പരീക്ഷയെഴുതിയ അനുഭവങ്ങൾ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാതാപിതാക്കൾ തൊഴിൽ രഹിതരായി മാറിയതിനെ തുടർന്നുമുണ്ടായ സാമ്പത്തിക ഞെരുക്കങ്ങളും തുടർവിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ഇതോടൊപ്പമാണ് കാലിക്കറ്റ്, എം.ജി യൂണിവേഴ്സിറ്റികളിലെ പരീക്ഷാ ഫലപ്രഖ്യാപനത്തിൽ ഉണ്ടാകുന്ന കാലതാമസവും മൈഗ്രേഷൻ, എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾ കൃത്യമായി യൂണിവേഴ്സിറ്റി നൽകാതിരിക്കുന്നതും തുടർവിദ്യാഭ്യാസത്തിന് തിരിച്ചടിയായിത്തീരുന്നത്.

വിദ്യാർത്ഥികൾ ഉന്നയിക്കുന്ന കാതലായ മറ്റൊരു പ്രശ്നം പുതുതായി പരിഷ്കരിച്ചതും ഭാരിച്ചതുമായ സിലബസിനെ സംബന്ധിച്ചുള്ളതാണ്. നിലവിലെ സാഹചര്യത്തിൽ ഇതു മുഴുവൻ പഠിച്ച് പരീക്ഷയെ അഭിമുഖീകരിക്കുക എന്നത് വിഷമകരമായതിനാൽ സിലബസ് ലഘൂകരിക്കുകയോ പരീക്ഷകൾ സാവകാശത്തിലാക്കുകയോ ചെയ്യണമെന്ന ആവശ്യം യൂണിവേഴ്സിറ്റി ചെവികൊണ്ടില്ല. അതുപോലെ ഇടവേളകൾ ഇല്ലാത്ത പരീക്ഷാ നടത്തിപ്പിനെതിരെ പരാതികൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളെ കേൾക്കുവാനോ ചർച്ചക്കു തയ്യാറാകുവാനോ അധികൃതർ തയ്യാറായില്ല.

അനേകം വിദ്യാർത്ഥികളെ ബാധിച്ചിട്ടുള്ള മറ്റൊരു പ്രശ്നമാണ് ലൈബ്രറികൾ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നത്. ഇതോടൊപ്പം മെച്ചപ്പെട്ട ഇന്റ്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. വിദ്യാർത്ഥികളിലെ സ്ക്രീൻ ഉപയോഗം അമിതമായി വർദ്ധിക്കുകയും ആനുപാതികമായി അവരുടെ ശാരീരിക അദ്ധ്വാനവും കുറയുകയും ചെയ്തു. തൽഫലമായി അമിത ഭാരം, പുറം വേദന, തലവേദന, ക്ഷീണം തുടങ്ങിയ അവശതകൾ അനുഭവിച്ചവരാണ് ഭൂരിഭാഗം ആളുകളും. ഉൾപ്രദേശങ്ങളിൽ കഴിയുന്ന ട്രൈബൽ വിദ്യാർത്ഥികളുടെ സ്ഥിതി വീണ്ടും മോശമാണ്. ലോക്ഡൌൺ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് സ്മാർട്ട് ഫോണും ലാപ്ടോപും ഒഴിച്ചുകൂടാനാകാത്തതായി മാറിയത്. തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകാത്തതും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും പഠനം ഉപേക്ഷിച്ച് ചെറുതും താൽക്കാലികവുമായ പല ജോലികളിലേക്കും തിരിയുവാൻ വിദ്യാർത്ഥികൾ നിർബന്ധിതരാവുകയും ചെയ്തു. കേരള യൂണിവേഴ്സിറ്റിയിലെ ചില എം.ഫിൽ ഗവേഷക വിദ്യാർത്ഥികൾ കോഴ്സ് ഉപേക്ഷിച്ച്, കിട്ടിയ തൊഴിലുകളിലേക്ക് തിരിഞ്ഞ അവസ്ഥയുണ്ടായി.

നഷ്ടമായ, തിരിച്ചുപിടിക്കേണ്ട ഇടങ്ങൾ

അർജുൻ എസ്. മോഹൻ, എം.എ പൊളിറ്റിക്കൽ സയൻസ്, മഹാത്മാ ​ഗാന്ധി യൂണിവേഴ്സിറ്റി

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നു വരുന്നതും സമൂഹത്തിൽ വിവിധ തട്ടുകളിൽ ജീവിക്കുന്നതുമായ വിദ്യാർഥികളെയും ഗവേഷകരെയും ഒന്നിച്ചു കാണാവുന്ന ഇടമാണ് കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികൾ. ലോക്ക്ഡൗണും തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയും തെല്ലൊന്നുമല്ല ഇക്കൂട്ടരെ ബാധിച്ചത്. ഹൈസ്പീഡ് ഇന്റർനെറ്റ് അടക്കം മികച്ച ഹോസ്റ്റൽ സൗകര്യങ്ങളിൽ നിന്നും ലാബും ലൈബ്രറിയും ഉൾപ്പെടെയുള്ള അക്കാഡമിക് ആവശ്യങ്ങളിൽ നിന്നും വിദ്യാർഥികളും ഗവേഷകരും മാറ്റി നിർത്തപ്പെട്ടു. ബദൽ സംവിധാനമായി പരി​ഗണിക്കപ്പെട്ട ഓൺലൈൻ ക്ലാസുകൾക്ക് ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ സാധിച്ചതുമില്ല.

സാമ്പത്തികമായും സാമൂഹികമായും പല തട്ടുകളിൽ നിന്നുകൊണ്ടാണ് വിദ്യാർഥികൾ പരീക്ഷകളെ നേരിടുന്നത്. ഈ-ജേണലുകളിൽ സബ്സ്ക്രിപ്ഷൻ ഉള്ളവർ, മികച്ച ലാപ്ടോപ്പ്-മൊബൈൽഫോൺ സൗകര്യം ഉള്ളവർ, കൃത്യമായി ഡാറ്റ ചാർജ് ചെയ്യാൻ പണമുള്ളവർ, കാലങ്ങളായി ഇത്തരം സംവിധാനങ്ങളിൽ സാങ്കേതികജ്ഞാനം ഉള്ളവർ തുടങ്ങി മൂലധനത്തിന്റെ പലവിധ പ്രിവിലിജുകൾ അനുഭവിക്കുന്നവർ ഓൺലൈൻ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, പൊട്ടിയ മൊബൈൽ സ്ക്രീനുമായി ഡാറ്റ ചാർജ് ചെയ്യാൻ പണമില്ലാതെ ഒരു വിഭാഗം പിന്തള്ളപ്പെടുകയായിരുന്നു.

കുടുംബത്തിലെയും സമൂഹത്തിലെയും യാഥാസ്ഥിതിക ചരടുകൾ മുറിച്ചുമാറ്റി, തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുവാനുള്ള ഒരു ഇടം നൽകിക്കൊണ്ട് നൈതികമായി വിദ്യാർഥികളെ വളർത്തിയെടുക്കുവാൻ കേരളത്തിലെ ക്യാമ്പസുകൾ വളരെ വലിയ പങ്കുവഹിച്ചിരുന്നു. കൊറോണകാലത്തെ വിദ്യാർഥികളുടെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഇതുമുൾപ്പെടുന്നു. വളരെ സ്വതന്ത്രമായും ലിംഗവിവേചനങ്ങൾ ഇല്ലാതിരുന്നതുമായ പല യൂണിവേഴ്‌സിറ്റികളും അടച്ചിട്ടത് അവിടുത്തെ വിദ്യാർഥികളുടെ ജീവിതങ്ങളിൽ വലിയ പ്രത്യാഖ്യാതങ്ങൾ സൃഷ്ടിച്ചിരുന്നു. ഏറെ അനുഭവിക്കേണ്ടി വന്നത് പെൺകുട്ടികൾക്കാണ്. വീട്ടകങ്ങളിൽ പെട്ടുപോയ പലർക്കും ഒരുപാട് സമയം വീട്ടുജോലികൾക്കായി ചെലവഴിക്കേണ്ടി വന്നു. താത്പര്യമില്ലാത്ത കല്യാണാലോചനകൾക്ക് വരെ നിന്നുകൊടുക്കേണ്ട സാഹചര്യമുണ്ടായി. വീട്ടിലെ സാഹചര്യങ്ങൾ മൂലം സ്വന്തം നിലക്ക് ജീവിക്കാൻ തുടങ്ങിയ വിദ്യാർത്ഥികളാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത്. സ്വന്തമായി ഒരു ഇടമോ കയ്യിൽ പണമോ ഇല്ലാതെ ഇത്തരക്കാർ വലഞ്ഞു. പലരുടെയും സഹായങ്ങൾ മാത്രമാണ് ഇവർക്ക് തുണയായത്.

ഡിജിറ്റൽ ഡിവൈഡിനെതിരെ വിദ്യാർത്ഥിസംഘടനകൾ എടുക്കുന്ന നിലപാടുകളും പ്രതിഷേധങ്ങളും ഓൺലൈൻ പരീക്ഷക്കെതിരെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പ് എടുത്ത നിലപാടും പ്രതീക്ഷാവഹമാവുന്നത് മേൽപറഞ്ഞ സാഹചര്യങ്ങളിലാണ്. വിദ്യാഭ്യാസം തങ്ങളുടെ അടിസ്ഥാന അവകാശമാണെന്ന് സമൂഹത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്യാമ്പസുകളും ഇടങ്ങളും തിരികെ പിടിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വിദ്യാർത്ഥി സമൂഹം.

നിർബന്ധിത ഡിജിറ്റൽ കാലം

അലോഷ്യസ് തോംപ്സൺ, ബി.ടെക്, വിദ്യ അക്കാദമി ഓഫ് സയൻസ് ആന്റ് ടെക്നോളജി

വെർച്വൽ ക്ലാസുകളുടെ പ്രവർത്തനക്ഷമത എത്രത്തോളമുണ്ടെന്നത് വലയിരുത്താതെയാണ് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമാക്കുന്നത്. എന്നാൽ പെട്ടെന്നുള്ള ഈ മാറ്റം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അത്രവേ​ഗം വഴങ്ങുന്ന ഒന്നായിരുന്നില്ല. മാത്രവുമല്ല ഇതിനായി പ്രത്യേക പരിശീലനങ്ങളോ നിർദ്ദേശങ്ങളോ ലഭ്യമായിരുന്നില്ല. പലപ്പോഴും വേണ്ടത്ര പ്രതികരണങ്ങളോ ഇടപെടലുകളോ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ലഭ്യമാകാത്തതിനാൽ അധ്യാപകർക്ക് എങ്ങനെ ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകണം എന്നറിയാത്ത അവസ്ഥയുണ്ടായി. നേരിട്ടുള്ള ആശയവിനിമയം ഇല്ലാത്തതിനാലും, സമയക്കുറവ് മൂലവും, എത്രയും വേഗത്തിൽ പാഠഭാഗങ്ങൾ തീർക്കാനുള്ള ഓട്ടമായിരുന്നു. നാലഞ്ച് മാസം കൊണ്ട് തീരേണ്ട പാഠഭാ​ഗങ്ങൾ മൂന്ന് മാസം കൊണ്ട് പഠിപ്പിക്കേണ്ടി വന്നു.

ഉന്നതവിദ്യാഭ്യാസമേഖലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസുകൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന് പോലും കോളേജ് മാനേജ്മെൻറുകൾ തയ്യാറായില്ല. ഒരു രൂപ പോലും ഫീസിനത്തിൽ കുറയ്ക്കാതെയും പല മാനേജ്മെൻറ് സ്ഥാപനങ്ങളും വിദ്യാർഥികളെ കൂടുതൽ ദുരിതത്തിലാക്കി. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് ഫീസ് ഇളവ് ചെയ്തെങ്കിലും അത് നന്നേ കുറവായിരുന്നു. യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അധികമായി ഫീസ് വാങ്ങുന്നത് കുറയ്ക്കണമെന്ന് ഒരു ഉത്തരവും ഉണ്ടായില്ല. മുഴുവൻ ഫീസും അടക്കാതെ പരീക്ഷയെഴുതാൻ കഴിയില്ല എന്ന് ഭീഷണിപ്പെടുത്തിയ സ്ഥാപനങ്ങളും ഉണ്ട്.

ദിവസവും നാലുമണിക്കൂർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരായി. വിദ്യാർത്ഥികളുടെ മാനസികനില ഒരുതരത്തിലും ഗൗരവമായി കാണാതെ എക്സ്ട്രാ ക്ലാസ്സുകളും ഇന്റേണൽ അസൈൻമെന്റുകളും കൊണ്ട് ഒരു നിമിഷം പോലും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് മാറി നിൽക്കാൻ സമ്മതിക്കാത്ത അവസ്ഥയും പലർക്കുമുണ്ടായി. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലാണെങ്കിൽ, പ്രാക്ടിക്കൽ ലാബ് പരീക്ഷണങ്ങൾ ചെയ്യാൻ കഴിയാതെ കടന്നുപോയ വിദ്യാർത്ഥികളും ഏറെയാണ്. ഓഫ് ലൈൻ പരീക്ഷയെഴുതാൻ വന്നപ്പോഴാണ് മിക്ക വിദ്യാർത്ഥികളും പല ഉപകരണങ്ങളും ആദ്യമായി കാണുന്നത്. ആ അങ്കലാപ്പോടെയാണ് മിക്കവരും പ്രാക്ടിക്കൽ പരീക്ഷകൾ എഴുതിയത്. ഈ രീതിയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരത്തെ ഇത് സാരമായി ബാധിക്കുകതന്നെ ചെയ്യും.

അടഞ്ഞുപോയ സാധ്യതകൾ

അജ്മൽ എം.പി, എം.എസ്.സി സുവോളജി, ​ഗാന്ധി​ഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്

ഓൺലൈൻ വിദ്യാഭ്യാസം ഉൾക്കൊള്ളലിന്റെതല്ല, പുറംതള്ളലിന്റെതായിരുന്നു. ഒരു ഗ്രാമീണ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ എന്റെ സഹപാഠികളുടെ അവസ്ഥ പരിതാപകരമായിരുന്നു. സാങ്കേതികവിദ്യ ശരിയായി ഉപയോഗിക്കാൻ പോലും അറിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികളെയാണ് പെട്ടെന്ന് ഓൺലൈൻ പ്ലാറ്റഫോമിലേക്ക് തിരിച്ചുവിട്ടത്. തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിൽ നാലും, അഞ്ചും കിലോമീറ്ററുകൾ സഞ്ചരിച്ചു ക്ലാസുകൾ കേൾക്കേണ്ട ദുരവസ്ഥയുണ്ടായി. സയൻസ് വിദ്യാർത്ഥിയായ എനിക്ക് പ്രാക്ടിക്കൽ സെഷൻസ് പോലും ഓൺലൈൻ ക്ലാസുകളിലൂടെയാണ് ലഭിച്ചത്. ഇത് കുളക്കടവിൽ നിന്ന് നീന്തൽ കണ്ടു പഠിച്ചതിനു ശേഷം വെള്ളത്തിലേക്ക് ചാടേണ്ടി വരുന്ന അവസ്ഥക്ക് സമാനമാണത്.

അദ്ധ്യാപക-വിദ്യാർത്ഥി സംവാദങ്ങളും, സംശയ ദുരീകരണത്തിനുള്ള സാധ്യതകളും ഓൺലൈനിൽ വളരെ കുറവായിരുന്നു. ക്ലാസ്സ്മുറിയും, കലാലയ അന്തരീക്ഷവും, സഹപാഠികളുടെ സാന്നിധ്യവും ഓരോ വിദ്യാർത്ഥിയുടെയും സമഗ്രമായ വളർച്ചക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഇതെല്ലം നഷ്ട്ടപ്പെട്ട് സ്വന്തം വീട്ടിലെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വരുന്നത് ഭീകരമായ അവസ്ഥയാണ്. ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്ക്, അക്കാഡമിക് സമൂഹവുമായി നല്ല ബന്ധം ഉണ്ടെങ്കിൽ മാത്രമേ തുടർ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള കൂടുതൽ സാധ്യതകൾ മനസ്സിലാക്കൻ സാധിക്കു. ഓൺലൈൻ വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള യാത്രയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

Also Read

10 minutes read October 27, 2021 3:47 pm