സ്വാൽബാർഡ് ഭാവിക്കുള്ള ബാക്കപ്പ്; ചെറുവയൽ രാമൻ ഭാവിയുടെ ഉറപ്പ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലോകത്തിലെ കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ രണ്ട് സമീപനങ്ങളുണ്ട്. ഒന്ന്, ആർട്ടിക് പർവതത്തിനുള്ളിലെ ഉയർന്ന സുരക്ഷയുള്ള ബാക്കപ്പ് സംഭരണമാണ്. മറ്റൊന്ന്, കേരളത്തിലെ വയനാട്ടിൽ ഒരു ആദിവാസി കർഷകന്റെ ചെളിമണ്ണിലും മൺവീട്ടിലും നടന്ന ജീവൻതുടിക്കുന്ന സംരക്ഷണമാണ്. സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ടും ചെറുവയൽ രാമന്റെ പരമ്പരാഗത നെൽവിത്ത് സംഭരണവും വിത്ത് സംരക്ഷണത്തിന്റെ രണ്ട് മുഖങ്ങളാണ്, മാതൃകകളും.

സ്വാൽബാർഡ്: ലോകത്തിന്റെ കരുതൽ ശേഖരം

നോർവേയിലെ സ്വാൽബാർഡ് ദ്വീപ സമൂഹത്തിലെ സ്പിറ്റ്‌സ്‌ബെർഗൻ ദ്വീപിൽ, ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയാണ് സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ട്. 2008-ൽ ആരംഭിച്ച ഈ കേന്ദ്രം പർവതത്തിനുള്ളിലാണ് നിർമ്മിച്ചിരിക്കുന്നത്. −18°C താപനിലയിലാണ് വിത്തുകൾ ഇവിടെ സൂക്ഷിക്കുന്നത്. യുദ്ധം, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം അല്ലെങ്കിൽ മറ്റ് ജീൻ ബാങ്കുകളിലെ നഷ്ടങ്ങൾ സംഭവിച്ചാൽ ലോകത്തിലെ കാർഷിക വിളകളുടെ ജനിതക വൈവിധ്യം പുനഃസ്ഥാപിക്കാൻ ഒരു ആഗോള ബാക്കപ്പ് എന്നതാണ് ഇതിന്റെ ഉദ്ദേശം. 2026-ലെ ഡാറ്റ പ്രകാരം 1.4 മില്യണിലധികം സീഡ് സാമ്പിളുകൾ (6500-ൽ അധികം വെറൈറ്റികൾ) ഇവിടെ സുരക്ഷിതമാണ്.

സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ടിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:genresj.org

നിക്ഷേപിച്ച സ്ഥാപനങ്ങൾക്ക് മാത്രമേ ഉടമസ്ഥാവകാശവും പിൻവലിക്കാനുള്ള അവകാശവും ഉള്ളൂ. നിക്ഷേപം സൗജന്യവുമാണ്. നോർവേ സർക്കാർ, നോർഡ്ജെൻ (NordGen), ക്രോപ്പ് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗോതമ്പ്, അരി, ചോളം, ഉരുളക്കിഴങ്ങ് തുടങ്ങിയ പ്രധാന വിളകളുടെയും അപൂർവ ഇനങ്ങളുടെയും വിത്തുകൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ബാക്കപ്പ് സംവിധാനമായി കണക്കാക്കപ്പെടുന്നു. വിത്തുകളുടെ ഉടമസ്ഥാവകാശം നിക്ഷേപകർക്ക് തന്നെയായതിനാൽ വോൾട്ടിന് അവയിൽ അവകാശമില്ല.

ലോകമെമ്പാടും പിന്തുണ ലഭിക്കുമ്പോഴും, കർഷക സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ചില ശാസ്ത്രജ്ഞരും വോൾട്ടിനെതിരെ ഗൗരവമുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. സീഡ് വോൾട്ട് സാങ്കേതിക പരിഹാരം നൽകുന്നതായി തോന്നിപ്പിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇത് കർഷകരുടെ വിത്തുസംരക്ഷണത്തിന് പകരമാകില്ലെന്നും കർഷക സമൂഹങ്ങൾ തലമുറകളായി കൃഷിയിടങ്ങളിൽ വിത്ത് കൃഷി ചെയ്തും, കൈമാറിയും നിലനിർത്തുന്ന രീതി വിത്തുകളെ കാലാവസ്ഥയ്ക്കും രോഗങ്ങൾക്കും അനുസരിച്ച് പരിണമിക്കാൻ സഹായിക്കുന്നു. എന്നാൽ ഫ്രീസറിൽ സൂക്ഷിക്കുന്ന വിത്തുകൾ പരിണാമം നിലച്ച, ‘മരവിച്ച’ അവസ്ഥയിലാണുള്ളത് എന്ന് വിമർശകർ പറയുന്നു. കർഷകരെ പിന്തുണയ്ക്കാതെ വിത്തുകൾ ശീതീകരിച്ച് സൂക്ഷിക്കുന്നത് അപര്യാപ്തമാണെന്നും നിരവധി കർഷക സംഘടനകൾ അഭിപ്രായപ്പെടുന്നുണ്ട്.

പരമ്പരാഗത അറിവ് സംരക്ഷിക്കപ്പെടുന്നില്ല, വിത്തുകൾ മാത്രമേ ഇവിടെ സൂക്ഷിക്കുന്നുള്ളൂ. അവ എങ്ങനെ കൃഷി ചെയ്യണം, സംസ്കരിക്കണം, ഏത് ഭൂപ്രകൃതിക്ക് ചേരും എന്നീ അറിവുകൾ ഇതിന്റെ ഭാഗമല്ല. ആ അറിവുള്ള സമൂഹങ്ങൾ ഇല്ലാതായാൽ വിത്തുകളുടെ പ്രയോജനം കുറയും എന്ന വിമർശനം വളരെ പ്രധാനമാണ്. അവിടെയാണ് ചെറുവയൽ രാമനെ പോലെയുള്ള പരമ്പരാഗത കർഷകരുടെ പ്രസക്തി.

നെൽവിത്ത് ഉണക്കുന്ന ചെറുവൽ രാമൻ. കടപ്പാട്:ruralindiaonline

ചെറുവയൽ രാമൻ: വയനാടിന്റെ നെല്ലച്ഛൻ

വയനാട്ടിലെ മാനന്തവാടി താലൂക്കിലെ കമ്മനയിലെ കുറിച്യ ആദിവാസി സമുദായത്തിൽ നിന്നുള്ള ചെറുവയൽ രാമൻ (തലക്കര ചെറിയ രാമൻ) മറ്റൊരു മാർഗ്ഗമാണ് വിത്ത് സംരക്ഷണത്തിനായി തിരഞ്ഞെടുത്തത്. വിത്തുകൾ വെറും ധാന്യമണികളല്ല; ഒരു ജനതയുടെ ചരിത്രവും സംസ്കാരവും കാർഷികജ്ഞാനവും കൂടിയാണെന്ന ചിന്തയാണ് ചെറുവയൽ രാമനെ ആ വേറിട്ട വഴിയിലേക്ക് നയിച്ചത്. 17 വയസ്സിൽ ജോലി ലഭിച്ചിട്ടും അമ്മാവന്റെ 40 ഏക്കർ ഭൂമി നോക്കാൻ വയലിലേക്കിറങ്ങി. പിന്നെ തിരിച്ചുകയറിയില്ല. മുട്ടോളമെത്തുന്ന മുഷിഞ്ഞ മുണ്ടും കുടുക്ക് പൊട്ടിയ കുപ്പായവുമിട്ട് വയനാട്ടിലെ ചെളിമണ്ണിൽ അദ്ദേഹം ഉറച്ചുനിന്നു.

അമ്മാവൻ മരിക്കുമ്പോൾ ആറ് പഴയ നെൽവിത്തുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വയനാട്ടിൽ മാത്രം നൂറിലേറെ ഇനങ്ങൾ ഉണ്ടായിരുന്ന കാലത്തിന്റെ ഓർമ്മയിൽ അദ്ദേഹം വയനാട് മുഴുവൻ അലഞ്ഞ് മുപ്പത്തെട്ട് ഇനങ്ങൾ ശേഖരിച്ചു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ കിട്ടി. ഏകദേശം 45 മുതൽ 60 വരെ പരമ്പരാഗത നെൽവിത്തുകൾ അദ്ദേഹം ഓരോ വർഷവും സ്വന്തം പാടത്ത് കൃഷി ചെയ്ത് നിലനിർത്തി. ഗന്ധകശാല, കൈമ, ചെന്നെല്ല്, തൊണ്ടി, വെളിയൻ, ചെമ്പകം തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. ആധുനിക കൃഷിരീതികളും സങ്കരവിത്തുകളും കാർഷികമേഖലയിൽ ആധിപത്യം നേടുകയും പരമ്പരാഗത നെൽവിത്തുകൾ കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്ത കാലത്തായിരുന്നു അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്.

രാമന്റെ സംഭരണം ലാബിലല്ല. വിളവെടുത്ത് ഉണക്കി, മുളങ്കൂട്ടിലോ വൈക്കോൽ കൂടകളിലോ സൂക്ഷിച്ച് അടുത്ത സീസണിൽ വീണ്ടും വിതയ്ക്കുകയായിരുന്നു പതിവ്. യന്ത്രങ്ങൾ ഉപയോഗിക്കാതെ വടികൊണ്ടടിച്ച് നെല്ല് വേർപെടുത്തുന്ന പരമ്പരാഗത രീതി. രാസവളമോ കീടനാശിനിയോ തൊടില്ല. “എന്റെ കൈകൊണ്ട് ഞാൻ രാസവളം തൊടില്ല. തവളകളും വണ്ടുകളും മീനുകളും എല്ലാം ചത്തുപോകും,” അദ്ദേഹം പറഞ്ഞിരുന്നു. വന്ന് ചോദിക്കുന്ന ഏതൊരാൾക്കും വിത്ത് സൗജന്യമായി നൽകും. വ്യവസ്ഥ ഒന്നേയുള്ളൂ: കൃഷി ചെയ്ത് വിളവെടുത്ത് കലർപ്പില്ലാതെ ഇരട്ടി തിരികെ കൊണ്ടുവരണം. പലരും മടങ്ങി വരാറില്ലെങ്കിലും അദ്ദേഹത്തിന് പരിഭവമില്ലായിരുന്നു. “വിത്തുകളിൽ പ്രകൃതിയുടെ ജീവനുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഹൈബ്രിഡ് വിത്തുകളുടെ ഉയർന്ന വിളവിനെക്കാൾ അര ടൺ കൊണ്ട് എല്ലാവരും ജീവിക്കുന്ന പ്രകൃതിയുടെ യുക്തിയാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. തലമുറകളുടെ അറിവും പ്രകൃതിയുടെ വൈവിധ്യവും ഒത്തുചേരുന്ന, ജീവിക്കുന്ന വിത്തുശേഖരമായിരുന്നു അദ്ദേഹത്തിന്റെ കൃഷിയിടം. അതു തിരിച്ചറിഞ്ഞ ലോകം അദ്ദേഹത്തെ ‘ജീൻ ബാങ്കർ’ എന്ന് വിളിച്ചു. ദേശീയ ശാസ്ത്ര കോൺഗ്രസിലും ബ്രസീലിലെ അന്താരാഷ്ട്ര സമ്മേളനത്തിലും അദ്ദേഹം അതിഥിയായി. 2023-ൽ പദ്മശ്രീ ലഭിച്ചു. നൂറ്റമ്പത് വർഷം പഴക്കമുള്ള പുല്ലുമേഞ്ഞ മൺവീട്ടിൽ ജീവിച്ച ഈ മനുഷ്യൻ ഈ ഒക്ടോബർ ആദ്യം വിട പറഞ്ഞു. എന്നാൽ അദ്ദേഹം നട്ട വിത്തുകളും ആശയങ്ങളും ആ ജീവിതദൗത്യത്തെ മുന്നോട്ടുകൊണ്ടുപോകും.

ചെറുവൽ രാമൻ കൃഷിയിടത്തിൽ. കടപ്പാട്:ruralindiaonline

രണ്ട് സമീപനങ്ങൾ

സ്വാൽബാർഡ് വിത്തുകളുടെ ഭാവിയെ സുരക്ഷിതമായ ശീതീകരണത്തിൽ കാത്തുസൂക്ഷിക്കുമ്പോൾ, ചെറുവയൽ രാമൻ അവയുടെ ഭാവിയെ മണ്ണിൽ വിതച്ച് വളർത്തുകയായിരുന്നു. ഒന്ന് ജനിതകസമ്പത്തിന്റെ സുരക്ഷിത ബാക്കപ്പാണെങ്കിൽ, മറ്റൊന്ന് വിത്തും കൃഷിയും അറിവും ഒരുമിച്ച് തുടർന്നുകൊണ്ടിരിക്കുന്ന ജീവിക്കുന്ന സംരക്ഷണമാണ്. ഒന്ന്, അടിയന്തര സാഹചര്യങ്ങളിൽ ലോകത്തിന് ആശ്രയിക്കാവുന്ന സുരക്ഷിത ബാക്കപ്പായി ശീതീകരിച്ച് സൂക്ഷിക്കപ്പെടുമ്പോൾ, മറ്റൊന്ന് മണ്ണുമായുള്ള നിരന്തര ബന്ധത്തിലൂടെ ഓരോ കൃഷിക്കാലത്തും പുനർജനിക്കുകയും ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.

സ്വാൽബാർഡിനെതിരായ വിമർശനങ്ങളിൽ പലതിനും രാമന്റെ ജീവിതം ഒരു ജീവിക്കുന്ന ഉത്തരമാണ്. പരിണാമം നിലച്ച വിത്തുകളെക്കുറിച്ചുള്ള ആശങ്കയ്ക്ക്, ഓരോ വർഷവും വയലിൽ വീണ്ടും വിതച്ച് കാലാവസ്ഥയോട് ഇണക്കുന്ന ചെറുവയൽ രാമൻ മറുപടിയായി മാറുന്നു. വിത്ത് ആരുടെയും സ്വകാര്യ സ്വത്തല്ല എന്ന രാമന്റെ നിലപാടും പലർക്കുമുള്ള മറുപടിയാണ്. ഹരിതവിപ്ലവത്തിന്റെ ആവേശത്തിനിടയിലും രാമൻ ഒഴുക്കിനെതിരെ നീന്തി. അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ഹ്രസ്വകാല നേട്ടത്തിന് പകരം മണ്ണിന്റെ ഭാവിയാണ് അദ്ദേഹം മനസ്സിൽ കണ്ടത്. സ്വാൽബാർഡ് ആഗോള സഹകരണത്തിന്റെ പ്രതീകമാണ്. ചെറുവയൽ രാമൻ വ്യക്തിഗത ഉത്തരവാദിത്തത്തിന്റെയും പരമ്പരാഗത അറിവിന്റെയും. ഒന്ന് ഭാവിക്കുള്ള ബാക്കപ്പ്, മറ്റൊന്ന് ഭാവിയെ തന്നെ ഉറപ്പാക്കൽ.

Also Read

4 minutes read October 27, 2026 2:26 pm