

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ഫെബ്രുവരി (1–28) റിപ്പോർട്ട്. മൂന്നാം ഭാഗം.
ഫെബ്രുവരി മാസത്തെ ഇസ്‌ലാമോഫോബിയ സംഭവങ്ങളും പ്രസ്താവനകളും 24 കുറിപ്പുകളായി താഴെ കൊടുത്തിരിക്കുന്നു. നാല് പ്രമേയങ്ങളെങ്കിലും ഫെബ്രുവരി മാസം പൊതുവായി വികസിച്ചു.
1) മുസ്ലീം സ്ത്രീകള്‍, മുസ്ലീം നാമധാരികളായ രാഷ്ടീയ തടവുകാര്‍ തുടങ്ങി വിവിധ തരത്തില്‍ മുസ്ലീം ബന്ധമുള്ള സാമൂഹിക വിഭാഗങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍, നഴ്‌സുമാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയ തൊഴിലാളി വിഭാഗങ്ങളും തമ്മില്‍ പ്രത്യക്ഷ ബന്ധമില്ലെങ്കിലും ഇവരും ഇസ്‌ലാമോഫോബിയയുടെ പ്രചാരവേലക്ക് വിധേയമാകുന്നു. മുസ്ലീംങ്ങളുമായി പേരുകൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ലാത്ത സന്നിഗ്ധ/ അസംഘടിത തൊഴിലാളി (precarious workers) വിഭാഗങ്ങളും ഇസ്‌ലാമോഫോബിയയുടെ ലക്ഷ്യമാകുന്നു. കാരണം മുസ്ലീംകളുടെ പ്രവര്‍ത്തനം കൊണ്ടല്ല ഇസ്‌ലാമോഫോബിയ സാധ്യമാക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളും അനുഭവങ്ങളും ഫെബ്രുവരി മാസം റിപ്പോര്‍ട്ടില്‍ വായിക്കാവുന്നതാണ്.
2) വിവിധങ്ങളായ ഭക്ഷണ രീതികള്‍, പ്രാര്‍ഥനാ രീതികള്‍, നേര്‍ച്ച, ഉറൂസ് പോലുള്ള പ്രാദേശിക ആഘോഷങ്ങൾ, ആചാരങ്ങള്‍ ഒക്കെ ബഹുസാംസ്‌കാരിക കേരളത്തില്‍ പൊതുവാണ്. ബഹുസാംസ്‌കാരികതയെ അട്ടിമറിച്ചും പിളര്‍ത്തിയും മുസ്ലീം ഘടകങ്ങളെ വേര്‍തിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ അനുഭവങ്ങള്‍ കേരളത്തില്‍ നിരന്തരം വികസിക്കുന്നു.
3) മടുപ്പില്ലാത്ത ആവര്‍ത്തനക്ഷമതയാണ് ഇസ്‌ലാമോഫോബിയയുടെ ഒരു പ്രധാന ഘടകം. കാരണം തൃഷ്ണയുടെ രാഷ്ട്രീയത്തിലൂടെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. മദ്രസ, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളിലുള്ള പതിവ് പ്രചാരവേലകളും സിനിമയിലെ മുസ്ലീം പ്രതിനിധാനം, ഫലസ്തീന്‍, പേര്‍ഷ്യ തുടങ്ങിയ വിവിധ തരത്തിലുള്ള ആഗോള മുസ്ലീം ബന്ധങ്ങളും ഈ മാസവും ചര്‍ച്ചാ വിഷയമായി.
4) മുസ്ലീം രാഷ്ട്രീയ കര്‍തൃത്വത്തെ മുന്‍നിറുത്തിയുള്ള ആരോപണങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്ന മറ്റൊരു ഘടകം: ‘മുസ്ലീം മുഖ്യമന്ത്രി’, ‘മുസ്ലീം സംഘടനകളുമായുള്ള സഖ്യം മതനിരപേക്ഷതക്ക് എതിര്’, ‘ലോക ജനസംഖ്യയെ നിയന്ത്രിക്കല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ട’, ‘ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലീങ്ങളിലെ ‘കാസ”, ‘ലീഗ് വര്‍ഗീയതയുടെ തടവറയില്‍’ തുടങ്ങിയ തലക്കെട്ടുകളില്‍ ഇത് വായിക്കാം.
5) ‘മുസ്ലീം അദൃശ്യകരം’ എന്ന ആരോപണവും ഉപപാഠമായി വികസിച്ചു: ‘ആശമാര്‍ക്കു പിന്നില്‍’, ‘നഴ്‌സുമാരുടെ അവകാശ സമരത്തിന് പിന്നില്‍’, ‘ആം ആദ്മിയുടെ പരാജയത്തിനു പിന്നിൽ’, ‘പാലാ ബിഷപ്പ് ഹൗസിന്റെ ഭൂമിയില്‍ കപ്പ കൃഷിക്ക് കുഴിയെടുത്തപ്പോള്‍ ശിവലിംഗസമാനമായ ഒരു വസ്തു കണ്ടെത്തിയ ചര്‍ച്ചക്ക് പിന്നില്‍’, ‘യോഗാചാര്യൻ ശ്രീ എം ൻ്റെ അഭിപ്രായത്തിൽ ഹിന്ദുത്വ ആക്രമണപരതക്ക് പിന്നിൽ’- ഇങ്ങനെ എന്തിന് പിന്നിലും ഒരു മുസ്ലീം ഘടകമോ സ്വാധീനമോ രൂപകമോ ആരോപിക്കുന്നു.
6) ‘ഇസ്‌ലാമോഫോബിയക്കു കാരണം മുസ്ലീങ്ങളാണ്’, ‘ഇസ്‌ലാമോഫോബിയക്കെതിരെ സംസാരിക്കുന്നത് ഹിന്ദുത്വവാദത്തെ ശക്തിപ്പെടുത്തും’, ‘ഇസ്‌ലാമിക രാഷ്ട്രീയത്തിനെതിരായ വിമര്‍ശനം തടയാനാണ് ഇസ്‌ലാമോഫോബിയ എന്ന പരികല്‍പന രൂപപ്പെടുത്തിയത്’- തുടങ്ങിയ ലളിത സമീപനങ്ങളും സാമാന്യബോധത്തിലധിഷ്ഠിതമായ വിശകലനങ്ങളും പൊതുചര്‍ച്ചയില്‍ കടന്നുവരുന്നതും കാണാം.
1. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയോ?
യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച ‘മ’ ലിറ്റററി ഫെസ്റ്റിവലില്‍ മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു സംവാദം നടന്നു. സംവാദത്തില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചയായി. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനെ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി ലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ സന്തോഷം എന്നായിരുന്നു സാദിഖലി തങ്ങളുടെ മറുപടി (01 ഫെബ്രുവരി, മനോരമ ന്യൂസ്).
ഈ ചര്‍ച്ച ഏറെ താമസിയാതെ ലീഗ് മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടു. ‘മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ലീഗുമായി പങ്കിടുമോ? 2026ല്‍ പിണറായിക്ക് ശേഷം കുഞ്ഞാലിക്കുട്ടി?’- ഇതായിരുന്നു ഫെബ്രുവരി മൂന്നാംതീയ്യതിയിലെ മാതൃഭൂമിയുടെ സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്തത്.


സാദിഖലി തങ്ങള്‍ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞതായിരുന്നുവെന്നും അതൊരു തമാശയായിരുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഷാഫി ചാലിയം പറഞ്ഞു. അതേസമയം അങ്ങനെയൊരു പദവിക്ക് ലീഗിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. പിന്നീട് പ്രതികരിച്ച സിപിഎം അനുകൂല നിരീക്ഷകൻ പ്രേംകുമാര്‍ ഇത്തരം ചര്‍ച്ചകള്‍ ആര്‍എസ്എസ്സിന് വളംവയ്ക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. മുസ്ലീങ്ങളായ നേതാക്കള്‍ അത് സിപിഎമ്മിന്റെയാണെങ്കിലും കോണ്‍ഗ്രസ്സിന്റെയാണെങ്കിലും ലീഗിന്റെയാണെങ്കിലും മുഖ്യമന്ത്രി പദവിയിലെത്തിയാല്‍ അതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്ന ഒരു വിഭാഗമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് അഭിപ്രായപ്പെട്ടു. ആര്‍ക്കുവേണമെങ്കിലും മുഖ്യമന്ത്രിയാവാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് മാതൃഭൂമി അവതാരകനും ഉദാരമായി ഇടപെട്ടു.
ലീഗ് ആവശ്യപ്പെട്ടാല്‍ എന്തും കിട്ടും ?
ലീഗ് ആവശ്യപ്പെട്ടാല്‍ എന്തും കിട്ടുമെന്നാണ് ഇതിനെക്കുറിച്ച് തൊട്ടടുത്ത ദിവസം എബിസി മലയാളം നടത്തിയ ചര്‍ച്ചയില്‍ രാജേന്ദ്രന്‍ പന്തളം അഭിപ്രായപ്പെട്ടത്. വിവിധ ഇസ്‌ലാമോഫോബിക് വാർപ്പുമാതൃകകളും വിദ്വേഷ പ്രചാരണങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ആവർത്തിച്ചു :
1) ലീഗ് ആവശ്യപ്പെട്ടപ്പോഴാണ് മലപ്പുറം ജില്ല കിട്ടിയത്. അവര്‍ ചോദിച്ചാല്‍ കൊടുത്തേ പറ്റൂവെന്നതാണ് രാഷ്ട്രീയസമവാക്യം.
2) ലീഗിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്ന തിരക്കില്‍ ഈഴവരടക്കമുള്ള പിന്നാക്കക്കാരുടെ കാര്യം നടക്കുന്നില്ല. തരികെയാണെങ്കില്‍ എന്നല്ല, ആവര്‍ ആവശ്യപ്പെടും കൊടുക്കുകയുംചെയ്യും, യുഡിഎഫിന് ഭരണത്തില്‍ നിലനില്‍ക്കണമെങ്കില്‍.
3) ഉമ്മന്‍ചാണ്ടിയെ വെള്ളംകുടിപ്പിച്ച് വാങ്ങിച്ചതാണ് അഞ്ചാം മന്ത്രിസ്ഥാനം. ഉമ്മന്‍ചാണ്ടിയുടെ അസ്ഥിമാടം സ്പന്ദിക്കുകയാണ്. ഒരു വിഭാഗത്തിന്റെ മാത്രം താല്‍പര്യം നോക്കിയാല്‍ മതിയാവില്ല.
4) മുസ്ലീങ്ങളെ മതം ഒന്നിപ്പിക്കുന്നു. ബിജെപി യോജിപ്പിക്കുമ്പോള്‍ മനുവാദമെന്നാണ് പറയുന്നത്. ഇത് ഇരട്ടത്താപ്പാണ്.
5) ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ മറ്റിതര പിന്നാക്കക്കാരുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞിരുന്നു. അത് ശരിയാണ്. അതുതന്നെയാണ് വെള്ളാപ്പിള്ളിയും പറയുന്നത്. അത് പറഞ്ഞതിന്റെ പേരില്‍ എ.കെ ആന്റണിയുടെ ഗളഹസ്തമാണ് നടന്നത്. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കേരളം വിട്ടുപോവേണ്ടിവന്നത്.
6) ഇടതുപക്ഷവും വലതുപക്ഷവും ലീഗിന്റെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇരുപക്ഷവും അവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു.
7) ഒരു ജില്ല പോലും ലീഗ് നേടിയെടുത്തു. അവിടെ ജനസംഖ്യ കൂടുകയാണ്. മണ്ഡലപുനർനിർണ്ണയം നടക്കുമ്പോള്‍ എംഎല്‍എമാരുടെ എണ്ണം കൂടുന്നു. ഇതൊന്നും കാണുന്നില്ല. ഇതുവഴി അവരുടെ വിലപേശലിന്റെ വില കൂടുന്നു.
8) ആഗോള ഭീകരവാദത്തിന്റെ കാരണം മുസ്ലീങ്ങളാണ്. ഇതരമതസ്ഥനെ കൊന്നാല്‍ സ്വര്‍ഗം കിട്ടുമെന്നാണ് പഠിപ്പിക്കുന്നത്. അവിടെ അവര്‍ക്ക് ഹൂറിമാരെക്കിട്ടും. (റഫറൻസ് : മുസ്ലീം മുഖ്യമന്ത്രി ലീഗില്‍ തീരുമാനമായി, 02 ഫെബ്രുവരി, എബിസി മലയാളം).


ലീഗും ഭരിക്കട്ടെ!
ലീഗിന് അതിന് അവകാശമുണ്ടെന്നാണ് ടി.ജി മോഹന്‍ദാസിന്റെ അഭിപ്രായം. എബിസി മലയാളം പുറത്തുവിട്ട ഒരു ചര്‍ച്ചാ വീഡിയോയിലാണ് ഇത് പറഞ്ഞത്. 2016ല്‍ യുഡിഎഫിന് അധികാരമുണ്ടായിരുന്നെങ്കില്‍ ലീഗിന് മുഖ്യമന്ത്രിസ്ഥാനം കിട്ടുമായിരുന്നു. വിളക്കുകൊളുത്തരുതെന്നതുപോലുള്ള പല നിര്‍ബന്ധങ്ങളും ലീഗിനുണ്ട്. പക്ഷേ, അധികാരം കിട്ടിയാല്‍ അവര്‍ മയപ്പെടും. (ലീഗും കേരളം ഭരിക്കട്ടെ : ടി.ജി പറയുന്നു, എബിസി ടോക്ക്, 03 ഫെബ്രുവരി, എബിസി മലയാളം).
അതേസമയം ഈഴവരാണ് കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ തഴയപ്പെടുന്നതെന്നും യുഡിഎഫ് ഈഴവ കമ്മ്യൂണിറ്റിയോട് അവഗണന കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈഴവരും മുസ്ലീങ്ങളും തമ്മിലുള്ള തര്‍ക്കമായി മുഖ്യമന്ത്രി പ്രശ്‌നത്തെ മാറ്റുകയായിരുന്നു അദ്ദേഹം.
ഈഴവര്‍ തഴയപ്പെടുന്നു
ഈ ചര്‍ച്ചകള്‍ നടക്കുന്നതിനു സമാന്തരമായി ജനുവരി 28ാം തിയ്യതി സിഎംപി നേതാവ് സി.പി ജോണിന്റെ ഒരു അഭിമുഖം കേരളകൗമുദി പ്രസിദ്ധീകരിച്ചു (ഈഴവ വിഭാഗത്തിനെ അവഗണിച്ചാല്‍ യുഡിഎഫിന് അപകടമാകും). ഈഴവ ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു അദ്ദേഹം മുഖ്യമായും വാദിച്ചത്. ബിജെപിയ്ക്ക് കേരളത്തില്‍ വിജയംകൊയ്യാന്‍ കഴിയുന്നതിന് പിന്നില്‍ ബിഡിജെഎസിന്റെ പിന്തുണ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഈ സാഹചര്യത്തില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ യോഗനാദത്തില്‍ ഒരു എഡിറ്റോറിയല്‍ എഴുതി, ‘ഈഴവര്‍ കറിവേപ്പിലയോ?’ എന്ന പേരില്‍. (ഫെബ്രുവരി 1 യോഗനാദം, പുനഃപ്രസിദ്ധീകരണം, ഫെബ്രുവരി 03, കേരളകൗമുദി).
“സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കില്‍ അത് ഈഴവരാണ്. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായിട്ടും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥ. കേരളത്തില്‍ ഈഴവ സമുദായം നേരിടുന്ന അവഗണനയെക്കുറിച്ച് തുറന്നുപറയാന്‍ ഒരു രാഷ്ട്രീയ നേതാവ് ഇപ്പോഴെങ്കിലും ചങ്കൂറ്റം കാണിച്ചത് വലിയ കാര്യമാണ്. വിവരവും വിദ്യാഭ്യാസവും യാഥാര്‍ത്ഥ്യബോധവുമുള്ള നേതാവാണ് അദ്ദേഹം. സ്വന്തക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെയിടാനും അവര്‍ സംഘടിതമായി ശ്രമിക്കും. അതിന്റെ അനന്തരഫലമാണ് അധികാരക്കസേരകളില്‍ നിന്നുള്ള ഈഴവരുടെ പടിയിറക്കം.
കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ ബാബു എന്ന ഒരു ഈഴവ എം.എല്‍.എ മാത്രമേയുള്ളൂ. കെ.പി.സി.സി പ്രസിഡന്റു പോലും തഴയപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരുപക്ഷേ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകും. ബി.ജെ.പിയുടെ കാര്യം ഇതിലും കഷ്ടമാണ്. സി.പി.എം തമ്മില്‍ ഭേദമെന്നു മാത്രം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. എങ്കിലും പിണറായി വിജയന്‍ സര്‍ക്കാരും കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതമല്ല. പാര്‍ട്ടി പദവികളിലും അധികാരക്കസേരകളിലും ഈഴവ സമുദായത്തിന് മാന്യമായ പ്രാതിനിധ്യം നല്‍കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കുമുണ്ട്. ഇടതുപക്ഷത്ത് നിന്നുള്ള പരിഗണന പിന്നാക്കവിഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.”
ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യം അവലംബിച്ചത് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടെ വലിയ നിരാശ സൃഷ്ടിച്ചുവെന്ന് കൂടി പറഞ്ഞാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.


ഈഴവ/മുസ്ലീം പ്രശ്നം : മാധ്യമങ്ങളുടെ ഇടപെടൽ
വെള്ളാപ്പള്ളിയുടെ ലേഖനം വന്ന ദിവസമാണ് മലപ്പുറത്ത് ‘മ’ ഫെസ്റ്റിവലില്‍ ഉണ്ടായ സാദിഖലി തങ്ങളുടെ ഒരുപരാമര്‍ശം വിവിധ മാധ്യമങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നത്. യുഡിഎഫിനെ നയിക്കുന്നത് ലീഗാണെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണെന്നും സിപിഎമ്മിനെ യഥാര്‍ത്ഥത്തില്‍ നയക്കുന്നത് പിണറായി വിജയനല്ല, മുഹമ്മദ് റിയാസാണെന്നുമൊക്കെയുള്ള ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് വിവാദം പുറത്തുവരുന്നത്. ഇത് ഇസ്‌ലാമോഫോബിയയുടെ പുതിയൊരു തരംഗം സൃഷ്ടിച്ചാണ് മാഞ്ഞുപോയത്. ഒപ്പം ഈഴവ – മുസ്ലീം പ്രശ്നം സൃഷ്ടിക്കാനും മാധ്യമങ്ങളിലൂടെ ശ്രമങ്ങൾ നടന്നു.
വസ്തുത: സി.എച്ച്. മുഹമ്മദ് കോയയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധിയായി കേരളത്തിന്റെ മുഖ്യമന്ത്രിയായ ഏക മുസ്ലീം. (1981 ഒക്ടോബർ 12 – 1982 മാർച്ച് 24). അഞ്ച് മാസവും പത്ത് ദിവസവും.
2. മുസ്ലീം സംഘടനകളുമായുള്ള സംഖ്യം മതനിരപേക്ഷതക്ക് എതിര്
മുസ്ലീം സംഘനകളുമായി സഖ്യമുണ്ടാക്കുന്നത് മതനിരപേക്ഷതക്ക് എതിരും ജനതാല്‍പര്യത്തിന് ആപത്തുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകരയിലെ സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം:
1) കോണ്‍ഗ്രസ് നാല് വോട്ടിനും അധികാരത്തിനുമായി മുസ്ലീംലീഗുമായും ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയുമായി സഹകരിക്കുകയാണ്.
2) ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയതയെയും മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയതയെയും ചേര്‍ത്തുപടിക്കുന്ന യുഡിഎഫ് നിലപാട് നാടിന് ആപത്താണ്. സംഘടനാദൗര്‍ബല്യം പരിഹരിക്കാന്‍ വര്‍ഗീയതയുടെ സംഘാടനശേഷി ഉപയോഗിക്കുകയാണ്. ഇത് മതനിരപേക്ഷതയ്ക്കും ജനതാല്‍പര്യത്തിനും ആപത്താണ്.
3) ജമാഅത്തെ ഇസ്ലാമിയെയും ബിജെപിയെയും ഒപ്പം കൂട്ടുന്ന മെയ്യഭ്യാസമാണ് യുഡിഎഫ് കാട്ടുന്നത്. മുസ്ലീം ജനസമൂഹം ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നവരാണെങ്കിലും ലീഗിന് അവരെ തുറന്നൈതിര്‍ക്കാന്‍ കഴിയുന്നില്ല. ലീഗിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. (01 ഫെബ്രുവരി, ദീപിക).
വസ്തുത: സിപിഎമ്മിന്റെ ചരിത്രത്തിൽ മുസ്ലീംലീഗ്, ഐഎൻഎൽ, പിഡിപി, ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ജംഇയത്തുൽ ഉലമ മുതലുള്ള വിവിധ സംഘടനകളുമായി നേരിട്ടും അല്ലാതെയും രാഷ്ട്രീയ/സാമൂഹിക സഖ്യം സ്ഥാപിച്ചിട്ടുണ്ട്. ഈ വസ്തുതകൾ ഉണ്ടായിരിക്കെയാണ് മതനിരപേക്ഷതയ്ക്ക് മുഖ്യമന്ത്രി പുതിയ വായന നല്കുന്നത്.
3. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഡീപ് സ്റ്റേറ്റ്, ശ്രമം ആഗോള ജനസംഖ്യാ നിയന്ത്രണം, മോഡറേറ്റ് ഇസ്‌ലാം എന്ന പരിഹാരം
ആഗോള തലത്തിലെ ഡീപ് സ്റ്റേറ്റിനെക്കുറിച്ച് ജന്മഭൂമി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ‘ഡീപ്പ് സ്റ്റേറ്റിന്റെ വിഷപ്പല്ല് കൊഴിയുന്നു; ആദ്യ അടി ഭാരതത്തിൽ നിന്ന്’ എന്ന ശീര്‍ഷകത്തില്‍, ഭാരതീയ മസ്ദൂര്‍ സംഘം മുന്‍ സംസ്ഥാന അധ്യക്ഷനും ഭാരതീയ നഴ്സസ് ആന്‍ഡ് അലൈഡ് സംഘ് ദേശീയ അധ്യക്ഷനുമായ കെ.കെ വിജയകുമാര്‍ എഴുതിയ ലേഖനം ജനുവരി 31, ഫെബ്രുവരി 01 ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചു.
ലേഖകന്റെ അഭിപ്രായത്തില്‍ റോത് ചൈല്‍ഡ്, റോക്ക് ഫെല്ലര്‍, ഫോർഡ് കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് ഡീപ്പ് സ്റ്റേറ്റ്. തിന്മയുടെ ശക്തിയായ ഈ ഡീപ്പ് സ്റ്റേറ്റിനെ ട്രംപാണ് ചോദ്യം ചെയ്തത്. ട്രംപിന്റെ വിജയം ലോകത്തെ ഞെട്ടിച്ചു. ഭാരതമാണ് ട്രംപിന് വിജയം വരിക്കാനുള്ള സാഹചര്യമുണ്ടാക്കിയത്. മോദി ഇതിന് ചുക്കാന്‍ പിടിച്ചു.


2024ല്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ചത് ഡീപ്പ് സ്റ്റേറ്റാണ്. അതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ദ്രാവിഡ പാര്‍ട്ടികള്‍, ഖാലിസ്ഥാന്‍, സിഎഎ സമരം, ഇസ്‌ലാമിക തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, ബുര്‍ക്ക സമരക്കാര്‍, കമ്മ്യൂണിസ്റ്റുകള്‍ ഇവരൊക്കെ ഇതിന്റെ ഭാഗം തന്നെ. ആഗോളതലത്തില്‍ ചൈന ഈ ഡീപ്പ് സ്റ്റേറ്റിന്റെ ഭാഗമാണ്. ഇന്ത്യയില്‍ കരുണാനിധി കുടുംബം, പവാര്‍ കുടുംബം, നെഹ്രു കുടുംബം, അബ്ദുള്ള കുടുംബം ഇതൊക്കെ ഡീപ് സ്റ്റേറ്റിനോട് ചേര്‍ന്നുനിൽക്കുന്നു – ഇത്രയുമാണ് ഡീപ് സ്റ്റേറ്റിനെക്കുറിച്ച് ലേഖകന്‍ നല്‍കുന്ന വിവരങ്ങള്‍.
പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന ആശയത്തിന് രൂപം നല്‍കിയത് ലേഖകന്റെ അഭിപ്രായത്തില്‍ ഡീപ്പ് സ്റ്റേറ്റാണ്: “പൊളിറ്റിക്കല്‍ ഇസ്‌ലാമെന്ന ആശയത്തിന് ഡീപ് സ്റ്റേറ്റ് സഹായം ചെയ്തു കൊടുത്തത് ലോക ജനസംഖ്യയെ ക്രമീകരിക്കാനുള്ള അവരുടെ പുതിയ ലോക ക്രമത്തിന്റെ ഭാഗമായിരുന്നു. അക്രമോത്സുകമായ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വ്യാപനം അരക്ഷിതാവസ്ഥയിലേക്കും അത് യുദ്ധത്തിലേക്കും നയിക്കുമെന്നു തിരിച്ചറിഞ്ഞ ഡീപ് സ്റ്റേറ്റ് വലിയ തോതിലുള്ള സാമ്പത്തിക, രാഷ്ട്രീയ ആയുധ സന്നാഹങ്ങള്‍ ഇത്തരം ശക്തികള്‍ക്ക് നല്‍കി. അത് യുദ്ധങ്ങള്‍ക്കും അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ക്കും വന്‍തോതിലുള്ള കുടിയേറ്റങ്ങള്‍ക്കും കാരണമായി. ഇതുമൂലം ലോകമെങ്ങും ഇപ്പോള്‍ ഗുരുതര സാമൂഹിക പ്രത്യാഘതങ്ങള്‍ അനുഭവിച്ചു വരുന്നു. ട്രംപിന്റെ വരവോടെ പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന ആശയത്തിന് പകരം മോഡറേറ്റ് ഇസ്‌ലാം എന്ന ആശയം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ഒപ്പം മധ്യേഷ്യയിലടക്കം തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ക്ക് കാലിടറുകയും ഭാരതത്തിന്റെ സ്വാധീനം ഈ മേഖലകളില്‍ കൂടുതല്‍ കരുത്തു നേടുകയും ചെയ്യും.”
വസ്തുത:
പൊളിറ്റിക്കല്‍ ഇസ്‌ലാം, ഡീപ് സ്റ്റേറ്റ്, ആഗോള ജനസംഖ്യാ നിയന്ത്രണം, മോഡറേറ്റ് ഇസ്‌ലാം തുടങ്ങിയ താക്കോൽ പദങ്ങൾ ഉപയോഗിക്കുന്നു. ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇവ്വിഷയകമായ ആധികാരിക പഠനങ്ങളോ ഗവേഷണങ്ങളോ ഇത്തരമൊരു നിഗമനത്തിനു തെളിവായി ലഭ്യമല്ല. ഹിന്ദുത്വ പ്രചാരവേലയുടെ ശൈലിയാണിത്.
4. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലീങ്ങളിലെ ‘കാസ’
കടുത്ത മുസ്ലീം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) മുസ്ലീങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ചെയ്യുന്നതുതന്നെയാണ് ക്രൈസ്തവരില്‍ ചെയ്യുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍ അഭിപ്രായപ്പെട്ടു. അപൂര്‍വം ചില ബിഷപ്പുമാര്‍ കാസയുടെ വലയില്‍ വീണതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
“മുസ്ലീങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും എന്താണോ ചെയ്യുന്നത് അതാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ കാസയും ചെയ്തുകൊണ്ടിരിക്കുന്നത്. മലയോര മേഖലകളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വര്‍ഗീയത പരത്തുകയാണ് കാസ. ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം ക്രിസ്ത്യന്‍-മുസ്ലീം പ്രശ്‌നമായാണ് കാസ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത ലവ് ജിഹാദില്‍ പിടിച്ചുതൂങ്ങിയാണ് കാസ വര്‍ഗീയത പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വേട്ട അറിയാതെയാണ് ചില ബിഷപ്പുമാര്‍ കാസക്കൊപ്പം നില്‍ക്കുന്നത്. സിപിഎമ്മിനോടുള്ള വിരോധം കാരണം സംഹാരമൂര്‍ത്തിയുടെ അടുത്തേക്ക് പോവുകയാണ് അത്തരം ബിഷപ്പുമാര്‍.”


മലയോര മേഖലയില്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് കാസ ചെയ്യുന്നതെന്നും എം.വിജയരാജന്‍ പറഞ്ഞു (02 ഫെബ്രുവരി, മാധ്യമം ദിനപത്രം).
കാസയുടെ നിലപാട്
ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ അഥവാ കാസ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, സംഘടന 2006-ല്‍ ആരംഭിച്ചതും 2019-ല്‍ രജിസ്റ്റര്‍ ചെയ്തതുമാണ്. സ്ഥാപക നേതാവായ കെവിന്‍ പീറ്റര്‍ പറയുന്നതനുസരിച്ച്, കാസ (CASA) 2006ല്‍ ആരംഭിച്ച ഒരു ക്രിസ്ത്യന്‍ സ്വതന്ത്ര സംഘടനയാണെന്നാണ്.
ഇക്കാലയളവിൽ (2006-ൽ) നടന്ന തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന് പിന്തുണ നൽകിയിരുന്നു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കാസയെപ്പോലെ പ്രവർത്തിക്കുകയോ സമാനമായ വിദ്വേഷ പ്രസ്താവനകൾ നടത്തിയതിനോ തെളിവുകൾ ഒന്നും ലഭ്യമല്ല. എന്നാൽ ആർഎസ്എസ് പോലെയൊരു സംഘടന ക്രിസ്ത്യാനികള്‍ക്കും വേണം എന്ന നിലപാടിലാണ് സംഘടന രൂപീകരിച്ചതെന്ന് സ്ഥാപകനായ കെവിന്‍ പീറ്റര്‍ പറയുന്നു (അരുൺ എയ്ഞ്ചല, ക്രിസ്തുവിനെ ചുംബനം കൊണ്ട് ഒറ്റിക്കൊടുക്കുന്ന കാസ, അഴിമുഖം, 11 മാർച്ച്, 2025).
അരുൺ എയ്ഞ്ചല (അതേ ലേഖനം) മറ്റൊരു നിരീക്ഷണവും അവതരിപ്പിക്കുന്നു : “ഈ കാസയിലെ ചര്‍ച്ച് എന്ന വാക്ക് മാറ്റി അവിടെ മസ്ജിദ് എന്നാക്കി നോക്കുക. മസ്ജിദ് അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്നൊരു സംഘടന മുസ്ലീങ്ങള്‍ക്കിടയില്‍ ‘ഘര്‍ വാപ്പസി’ ലക്ഷ്യം വച്ച് ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നെങ്കിലോ? സംഘടനയും നിരോധിക്കപ്പെടും, മിക്കവാറും യുഎപിഎയും രാജ്യദ്രോഹവും ഒക്കെ ചാര്‍ത്തപ്പെടുകയും ചെയ്യും. ഇതൊരു ന്യൂ നോര്‍മല്‍ ആണ്.”
5. ഓപറേഷന്‍ ക്ലീന്‍ ബംഗ്ലാദേശി
എറണാകുളം പറവൂരില്‍ ജനുവരി അവസാനം 27 പേരെ ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ഓപ്പറേഷന്‍ ക്ലീന്‍’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്‌ക്വാഡും എറണാകുളം റൂറല്‍ പോലീസും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ പലര്‍ക്കും മതിയായ രേഖകളില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇവര്‍ പശ്ചിമ ബംഗാളിലെത്തി വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും പൊലീസ് ആരോപിക്കുന്നു. നേരത്തെ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിരുന്നു.
ബംഗ്ലാദേശികള്‍ക്ക് വ്യാജ ആധാര്‍ ഉപയോഗിച്ച് കൊച്ചിയില്‍ താമസസൗകര്യം ഒരുക്കി നല്‍കി കോണ്‍ഗ്രസ് പ്രദേശിക നേതാവ് ഹര്‍ഷാദ് ഹുസൈന്‍ പിടിയില്‍ എന്നായിരുന്നു ജനം ടിവി (ഫെബ്രുവരി 2) ഈ വിഷയത്തില്‍ നല്‍കിയ വാര്‍ത്ത. അതേദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി ആര്‍.വി ബാബു സിഎഎ നിയമത്തിന്റെ ആവശ്യകത തെളിയിക്കുന്നതിനുള്ള ഉപാധിയായി ഈ വാര്‍ത്ത ഉപയോഗപ്പെടുത്തി. ജനം ടിവിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു: “സിഎഎ നിയമത്തെ എതിര്‍ത്തവരുടെ ലക്ഷ്യം രാജ്യത്തെ അനധികൃത നുഴഞ്ഞുകയറ്റക്കാരെ സഹായിക്കലായിരുന്നു. മതതാല്‍പര്യത്തിനപ്പുറമുള്ള രാഷ്ട്രതാല്‍പര്യമൊന്നും ഇവര്‍ക്കില്ല.” (02 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്).


സംഘപരിവാര്‍ വ്യാഖ്യാനം
ഇതേ വാര്‍ത്തയ്ക്ക് സംഘപരിവാര്‍ കാഴ്ചപ്പാടുള്ള ലക്ഷ്മി കാനത്ത് എഴുതിയ പോസ്റ്റ് ഇങ്ങനെ: “സിഎഎ നിയമത്തെ എതിര്‍ക്കുന്ന ഭീകരവാദികളുടെ ലക്ഷ്യം വ്യക്തമല്ലേ? ഭാരതത്തെ ബംഗ്ലാദേശ് ആക്കാന്‍ മതേതര മുഖംമൂടി ഇട്ട ചിലരുടെ.” (02 ഫെബ്രുവരി, ഫേസ്ബുക്ക്‌പോസ്റ്റ്). ഈ ഫേസ് ബുക്ക് പോസ്റ്റുകളുടെ താഴെ വന്ന കമന്റുകളും സമാനമായിരുന്നു. അതിഥി തൊഴിലാളി വിരുദ്ധത ഇസ്‌ലാമോഫോബിയയും ചേർത്ത് വികസിക്കുന്നതിൻ്റെ ഭാഗമാണിത്.
6. ഇസ്‌ലാമോഫോബിയക്ക് കാരണം മുസ്ലീങ്ങളും
ഇസ്‌ലാമോഫോബിയയ്ക്ക് പിന്നില്‍ സംഘപരിവാറിനെ കാണുന്നതിനൊപ്പം മുസ്ലീങ്ങളിലും അതിന്റെ കാരണം കണ്ടെത്തുന്നുവെന്നതാണ് മാധ്യമപ്രവര്‍ത്തകനായ എൻ.പി ചെക്കുട്ടി ദി മലബാര്‍ ജേര്‍ണലില്‍ എഴുതിയ (മുസ്ലീം രാഷ്ട്രീയം എങ്ങോട്ട്? ഫെബ്രുവരി 03) ലേഖനത്തിന്റെ പ്രത്യേകത. ബഹുസ്വരസമൂഹത്തില്‍ പാലിക്കേണ്ട നൈതിക മര്യാദകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നതാണ് രാജ്യത്തെ ഇസ്‌ലാമോഫോബിയയുടെ ഒരു കാരണമെന്നും അദ്ദേഹം കരുതുന്നു: “കേരളീയ സമൂഹത്തില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന സാമൂഹിക ധ്രുവീകരണത്തിന് ഭൂരിപക്ഷ വര്‍ഗീയതയുടെ വ്യാപനമടക്കം പല കാരണങ്ങളുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ വിവേചനാരഹിതമായ സമീപനങ്ങളും അതിന് വളംവെച്ച് കൊടുക്കുന്നുണ്ട്. കാല്‍നൂറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി അതേക്കുറിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം പൂർണ്ണമായും അവഗണിച്ചു. എന്നാല്‍ അദ്ദേഹം അന്ന് ആശങ്കിച്ചതെന്തോ അത് ഇന്ന് കേരളത്തില്‍ യാഥാര്‍ഥ്യമായി വരികയാണ്. ഒരു സാമൂഹിക ധ്രുവീകരണം ഇവിടെ രൂപപ്പെട്ട് കഴിഞ്ഞു, നിര്‍ഭാഗ്യവശാല്‍ മുസ്ലീങ്ങളും മുസ്ലീം ഇതരരും എന്ന മട്ടിലാണ് ഇന്നത്തെ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നത്.”


ഇതിനെ അടിസ്ഥാനരഹിതമായ മുസ്ലീം ഭീതിയുടെ പ്രതിഫലനം എന്ന് വിളിച്ച് അവഗണിക്കാനാവില്ലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്: “മുസ്ലീം ഭീതി ആഗോള തലത്തില്‍ തന്നെയുള്ള ഒരു പ്രതിഭാസമാണ്. കേരളത്തിലും അതിന്റെ അനുരണനമുണ്ട്. എന്നാല്‍ എങ്ങനെയാണ് സമൂഹം അതിനോട് പ്രതികരിക്കേണ്ടത്? ഇസ്‌ലാമോഫോബിയ എന്ന സാമൂഹിക വിപത്തിനെ എങ്ങനെ നേരിടണം എന്നതിനെ സംബന്ധിച്ച് മുസ്ലീം സമൂഹത്തില്‍പ്പോലും യോജിച്ച ഒരു അഭിപ്രായമോ സത്യസന്ധമായ വിലയിരുത്തലുകളോ കാണുന്നില്ല.” ചിലരെങ്കിലും രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യാനായാണ് ഈ പ്രതിസന്ധിയെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
സംഘപരിവാരം ഉണ്ടാക്കിയ ഇരുട്ടിനെ മുസ്ലീം സമൂഹം ഇരുട്ടുകൊണ്ടാണ് നേരിട്ടത്. ആധുനികതയുടെ വെല്ലുവിളികളെ നേരിടുന്നതില്‍ സമുദായം പരാജയപ്പെട്ടു. ബഹുസ്വരസമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട പങ്കാളികളായി പെരുമാറിയില്ല. വിഭജനരാഷ്ട്രീയത്തിന്റെ പഴയ പാതയിലൂടെത്തന്നെയാണ് അവര്‍ സഞ്ചരിച്ചത്. യോജിക്കാവുന്ന സമൂഹങ്ങളുമായി ഐക്യദാര്‍ഢ്യം വികസിപ്പിക്കാനായില്ല. മുസ്ലീം നേതൃത്വം യാഥാസ്ഥിതിക മതനേതൃത്വം തന്നെയാണ്. ദേശീയതാല്‍പര്യവും സാമുദായിക താല്‍പര്യവും യോജിപ്പിച്ചുകൊണ്ടുപോവുന്നതില്‍ സമുദായം പരാജയപ്പെട്ടു. ഷാബാനു കേസില്‍ സുപ്രീംകോടതി വിധി വ്യക്തിനിയമത്തിന് എതിരാണെന്ന് സമീപനം എടുക്കാതിരിക്കണമായിരുന്നു. ഇത്തരം സമീപനമാണ് ആരിഫ് അഹമ്മദ് ഖാനെപ്പോലുള്ളവരെ മുസ്ലീങ്ങളില്‍ നിന്ന് അകറ്റി ബിജെപിയിലെത്തിച്ചത്. വ്യക്തിനിയമങ്ങളില്‍ പല രാജ്യങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്ലാം അപകടത്തിലെന്ന കാടിളക്കിയ പ്രചാരണം ഗുണംചെയ്യില്ല.”
രീതിശാസ്ത്ര പ്രശ്നം
ഇസ്‌ലാം, ഇസ്‌ലാമോഫോബിയ, മുസ്ലീങ്ങളുടെ പ്രവർത്തനം, ഇസ്‌ലാമോഫോബിയയുടെ പ്രവർത്തനം ഇവയെല്ലാം വേർതിരിച്ച് കാണേണ്ടതുണ്ട്.
‘മുസ്ലീം’ എന്ന വാക്ക് ഇസ്ലാമിന്റെ സാഹചര്യത്തിൽ പ്രാഥമികമായും ദൈവശാസ്ത്രപരമാണ്. ഇൻഡ്യൻ സാഹചര്യത്തിൽ സാമൂഹികമായും രാഷ്ട്രീയമായും ന്യൂനപക്ഷ പൗരത്വത്തിൻ്റെ പ്രശ്നമാണ്. മുസ്ലീങ്ങൾക്കിടയിൽ വിവിധ വ്യാഖ്യാനങ്ങളുമുണ്ട്. അത്തരമൊരു പ്രശ്നം വിമർശനാത്മകായി വിശകലനം ചെയ്യാവുന്നതാണ്. മുസ്ലീങ്ങളുടെ പ്രവർത്തനങ്ങൾ വിമർശനാർഹമാണ്. എന്നാൽ മുസ്ലീങ്ങളുടെ പ്രവർത്തനം ഇസ്‌ലാമോഫോബിയക്ക് കാരണമാണ് എന്ന വായന തെറ്റാണ്. മുസ്ലീങ്ങളുടെ പ്രവർത്തനം വേറെ, ഇസ്‌ലാമോഫോബിയ വേറെ എന്ന സമീപനത്തിൻ്റെ പ്രാധാന്യമതാണ്.
ഇസ്‌ലാമോഫോബിയ പഠനങ്ങൾ മുസ്ലീം സ്വയം നിർണ്ണയാവകാശത്തെ നിഷേധിക്കുന്ന വംശീയതയെയാണ് പ്രശ്നവൽക്കരിക്കുന്നത്. വെറുപ്പ്, വിദ്വേഷം, വിവേചനം, ഹിംസ ഒക്കെ അതിൻ്റെ ഭൗതിക സാമൂഹിക പ്രതിഫലനങ്ങളാണ്. ഇസ്‌ലാമിൽ മുസ്ലീം സ്വത്വമാണ് ചർച്ച. ഇസ്‌ലാമോഫോബിയയിൽ മുസ്ലീം ‘അപരർ’ ആണ് ചർച്ച. (വിശദ വായനക്ക്: Farid Hafez. 2018. Schools of Thought in Islamophobia Studies: Prejudice, Racism, and Decoloniality. Islamophobia Studies Journal, vol. 4, no. 2,, pp. 210–25.)
രീതിശാസ്ത്രപരമായ ഈ സമീപനത്തിൻ്റെ അഭാവം ഇസ്‌ലാമോഫോബിയക്ക് കാരണം മുസ്ലീങ്ങളാണെന്ന പ്രതീതി നിർമ്മിക്കാൻ കാരണമാകുന്നു. ആൺകോയ്മയെക്കുറിച്ചുള്ള രീതിശാസ്ത്ര വിശകലനത്തിൻ്റെ അഭാവത്തിൽ സ്ത്രീവിരുദ്ധതക്ക് സ്ത്രീകളിൽ തന്നെ കാരണം കണ്ടെത്തുന്നതു പോലെ. ലേഖനത്തിലെ വസ്തുതകൾ രീതിശാസ്ത്രപരമായ വായനയുടെ അഭാവത്തിൽ ധാരാളം തെറ്റിദ്ധാരണക്ക് കാരണമാകാവുന്നതാണ്.
7. ഹലാല്‍, ഇസ്‌ലാമോഫോബിയ, മതേതരത്വം
ഇസ്‌ലാമോഫോബിയയെക്കുറിച്ച് ന്യൂസ് മലയാളം പുറത്തുവിട്ട (ഫെബ്രുവരി 03, ന്യൂസ് മലയാളം) ഒരു ഷോര്‍ട്ട് വീഡിയോ, ഒരേസമയം ശ്രദ്ധേയവും അതേസമയം തെറ്റിദ്ധാരണ പരത്തുന്നതുമായിരുന്നു. ഹലാല്‍ ലേബലില്‍ വില്‍പ്പന നടത്തുന്നതിനെ വിമര്‍ശിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്ന് അവതാരകന്‍ കരുതുന്നു. ജാതി മേധാവികള്‍ ജാതിവ്യത്യാസം പ്രകടിപ്പിക്കുന്നതിനോടാണ് ഇതിനെ അദ്ദേഹം ഉപമിക്കുന്നത്. അതേസമയം ആര്‍എസ്എസ്സിനെയും മുസ്ലീം സംഘടനകളെയും ഒരേ മട്ടില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു:
“ഹലാല്‍ ലേബല്‍ പതിച്ച വില്‍പ്പന നടത്തുന്നതിനെ വിമര്‍ശിക്കുന്നതില്‍ ഇസ്‌ലാമോഫോബിയ ഉണ്ട്. ഏത് മതത്തിലും അതിന്റെ ആചാരങ്ങളിലും വിശ്വസിക്കാനും ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. അത് പരസ്യമായി പ്രകടിപ്പിക്കുന്നതിലും തെറ്റില്ല. പൂണൂല്‍ ധരിച്ച് നടക്കുന്നതും കുടുമ വളര്‍ത്തുന്നതും ജാതി വിളംബരമായി കൊണ്ടുനടക്കുന്ന നാട്ടില്‍ മറ്റ് മതവിഭാഗങ്ങള്‍ക്കും അത് ചെയ്യാം എന്നതാണ് ന്യായം. ഏതെങ്കിലും ഒരു മതത്തെ മാത്രമായോ ജാതിയെ മാത്രമായോ മതേതരമാക്കാന്‍ കഴിയില്ല. അതോടൊപ്പം തന്നെ സിപിഐഎം കോണ്‍ഗ്രസും പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റ് സംഘടനകളെ വിമര്‍ശിക്കുന്നതും മതവിദ്വേഷത്തിന്റെ പരിധിയില്‍ കാണാനും കഴിയില്ല.”
8. ലീഗ് വര്‍ഗീയതയുടെ തടവറയില്‍
ലീഗ് വര്‍ഗീയതയുടെ തടവറയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണം. “കാസയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ് ആണ്. ന്യൂനപക്ഷ വര്‍ഗീയത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും എല്‍ഡിഎഫിനും എതിരെ ഒരു ഐക്യ മുന്നണിയെ പോലെ പ്രവര്‍ത്തിക്കുകയാണ്. ലീഗ് പഴയകാലത്ത് പറഞ്ഞിരുന്നത് അവര്‍ ജനാധിപത്യ സംവിധാനം ആണെന്നാണ്. എന്നാല്‍ ഇപ്പോള്‍ വര്‍ഗീയതയുടെ തടവിലാണ്.” – എം.വി ഗോവിന്ദന്‍ പറഞ്ഞു.
വസ്തുതാപരമായി തെറ്റാണെങ്കിലും ലീഗിനെയും കാസയെയും ആര്‍എസ്എസ്സിനെയും പരസ്പരം ബന്ധിപ്പിക്കുന്ന വിശകലനരീതിയാണ് എം.വി ഗോവിന്ദന്റേത്.
9. മദ്രസ വിദ്യാഭ്യാസം അന്യമതവിരോധുണ്ടാക്കുന്നു
‘മതം തലച്ചോറിനെ ബാധിച്ച ഒരു രോഗമാവുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ ജാമിദ ടീച്ചറും വി ജോമോനും തമ്മിലുള്ള ഒരു സംഭാഷണം കേസരി പ്രസിദ്ധീകരിച്ചു (07 ഫെബ്രുവരി കേസരി). “അന്യമതവിദ്വേഷം ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ മസ്തിഷ്‌കത്തില്‍ ഉറപ്പിക്കുന്നതാണ് മദ്രസ വിദ്യാഭ്യാസം” എന്ന ടീച്ചറിന്റെ തന്നെ അഭിപ്രായത്തെക്കുറിച്ചാണ് അഭിമുഖക്കാരന്‍ ചോദിച്ചത്. മതേതരസമൂഹത്തിന് യോജിച്ചതാണോ എന്നും അദ്ദേഹം ആരാഞ്ഞു.


വിദ്വേഷ പ്രസ്താവനകളുടെ രൂപത്തിലുള്ള മറുപടി ഇങ്ങനെ:
“മദ്രസകളില്‍ അവര്‍ പഠിച്ചിട്ടുള്ള അന്യമതവിരോധമാണ് അവരെ നിയന്ത്രിക്കുന്നത്. ഇപ്പോള്‍ ഹമാസ്, ഐ.എസ്.ഐ.എസ്, ലഷ്‌കര്‍-ഇ-തോയ്ബ, അല്‍-ഖ്വയ്ദ ഭീകരര്‍ക്കൊന്നും മതഗ്രന്ഥങ്ങള്‍ മറിച്ചുനോക്കിയുള്ള വിജ്ഞാനമോ, പഠനമോ ഇല്ല. മദ്രസകളില്‍ നിന്ന് എന്താണോ ലഭിക്കുന്നത് അതാണ് അവരെ ഭീകരന്മാരായി മാറ്റുന്നത്. അന്യമതസ്ഥരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമ്പോഴും വ്യഭിചരിക്കുമ്പോഴും ചെറിയ കുട്ടികളുടെ തലവെട്ടുമ്പോഴും ഇവരുടെ മനസ്സില്‍ മനുഷ്യത്വം വരാത്തതിനു കാരണം അവര്‍ അത്രമാത്രം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടു എന്നതാണ്.”
10. ആം ആദ്മിയുടെ പരാജയം: പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പരാജയം
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച മുന്‍ ബിജെപി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ഇങ്ങനെയാണ്: “രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാന്‍ പതിനഞ്ചുവര്‍ഷമെടുത്തു എന്നുള്ളത് നമ്മുടെ ജനാധിപത്യത്തിന്റെ ദൗര്‍ബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവും. ദില്ലിയില്‍ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അര്‍ബ്ബന്‍ നക്‌സലുകളും ‘കള്‍ച്ചറല്‍’ മാര്‍ക്‌സിസ്റ്റുകളും പൊളിറ്റിക്കല്‍ ഇസ്‌ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജര്‍ണ്ണോകളുമാണ്. കാലം കരുതിവെച്ച കാവ്യനീതി.” (8 ഫെബ്രുവരി, മീഡിയാവണ്‍).
കെ സുരേന്ദ്രൻ്റെ അഭിപ്രായത്തിൽ അദൃശ്യകരമായി പ്രവർത്തിക്കുന്നത് ഇവരൊക്കെ ചേർന്നാണ്: ‘അര്‍ബ്ബന്‍’ നക്‌സലുകൾ, ‘കള്‍ച്ചറല്‍’ മാര്‍ക്‌സിസ്റ്റുകൾ, ‘പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകൾ’, ‘തുക്കടെ തുക്കടെ ഗ്യാങ്’ എന്നറിയപ്പെടുന്ന വിദ്യാർഥി പ്രക്ഷോഭകർ, ‘സോറോസ് ഫണ്ടഡ്’ ജേണലിസ്റ്റുകൾ
11. ഇസ്‌ലാമോഫോബിയയുടെ ഗുണം ബിജെപിക്ക്
കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമോയെന്ന വിവാദത്തില്‍ ഇടപെട്ട് ന്യൂസ് 18, മുസ്ലീംലീഗ് നേതാവ് പി.കെ ഫിറോസുമായി ഒരു അഭിമുഖം നടത്തി. സംസ്ഥാനത്ത് സിപിഎം ഇസ്‌ലാമോഫോബിയ പടര്‍ത്തുകയാണെന്നാണ് അദ്ദേഹം ആ അഭിമുഖത്തില്‍ ഉദാഹരണങ്ങളിലൂടെ പറയാന്‍ ശ്രമിച്ചത്:
1) വയനാട്ടില്‍ പ്രിയങ്കാഗാന്ധി നാല് ലക്ഷം വോട്ടിന് ജയിച്ചപ്പോള്‍ ന്യൂനപക്ഷവര്‍ഗീയതാണ് വിജയത്തിന് പിന്നിലെന്നാണ് പറഞ്ഞത്. ലീഗിന് ഭൂരിപക്ഷമുള്ള മൂന്ന് മണ്ഡലങ്ങള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്നതുകൊണ്ടാണോ അത്.
2) ചില സമയത്ത് സിപിഎം, ലീഗ് മതേതരകക്ഷിയാണെന്ന് പറയും. ചിലപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയാണെന്നും പറയും. വിവാദമായപ്പോള്‍ പറഞ്ഞത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചാണ് പറഞ്ഞതെന്നാണ്. (ലീഗിന് മുഖ്യമന്ത്രി സ്ഥാനം വേണ്ട, അര്‍ഹത കോണ്‍ഗ്രസിനുതന്നെ, 09 ഫെബ്രുവരി, ന്യൂസ് 18കേരള).
3) സിപിഎം നേതാക്കളുടെ പല പ്രസ്താവനകളും അബദ്ധത്തില്‍ വരുന്നവയല്ല. നിരന്തരം ഇത്തരം പ്രസ്താവനകള്‍ കാണുന്നുണ്ട്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറയുന്നത് കടകംപള്ളി സുരേന്ദ്രനാണ്.
4) മെക് 7 ഇസ്‌ലാമിക രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമമാണെന്നാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞത്.
5) കേരളത്തിൽ നിന്ന് കുറച്ച് വിദ്യാർഥികൾ ഡല്‍ഹി സര്‍വകലാശാലയിലേക്ക് പോയപ്പോള്‍ തീവ്രവാദപ്രവര്‍ത്തനത്തിനാണെന്നാണ് പറഞ്ഞത്.
6) മലപ്പുറം കുറ്റകൃത്യം കൂടുതലുള്ള ജില്ലയാണെന്ന പോലുള്ള പ്രചാരണവും അങ്ങനെയാണ്. സ്വപ്‌ന സുരേഷിന്റെയോ ശിവശങ്കറിന്റെയോ മതമേതാണെന്നോ ജില്ലയേതാണെന്നോ ആരും ചര്‍ച്ച ചെയ്തിട്ടില്ല. സ്വപ്‌ന സുരേഷിനെ ജയിലിലടച്ചതുകൊണ്ട് അവര്‍ താമസിക്കുന്ന ജില്ലക്കാര്‍ എന്തു പിഴച്ചു?
സിപിഎം ഇസ്‌ലാമോഫോബിക് ആയ കാര്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ ഗുണമുണ്ടാക്കുന്നവര്‍ ബിജെപിയാണെന്നാണ് പി.കെ ഫിറോസിന്റെ അഭിപ്രായം.


12. ലൗജിഹാദ് ആരോപണം: ഝാർഖണ്ഡ് സ്വദേശികള്‍ കേരളത്തില്‍
ലൗജിഹാദ് ആരോപണവും കള്ളക്കേസും ഭയന്ന് ഝാര്‍ഖണ്ഡ് സ്വദേശികളായ പ്രണയിനികള്‍ ഫെബ്രുവരി 9ന് കേരളത്തിലെത്തി. വ്യത്യസ്ത മതസ്ഥരായ 26 കാരി ആശ വര്‍മ്മയും 30 കാരന്‍ മുഹമ്മദ് ഗാലിബും പത്ത് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. മുഹമ്മദ് ഗാലിബ് വിദേശത്ത് എഞ്ചിനീയറാണ്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ കുടുംബം ലൗജിഹാദ് ആരോപണം ഉയര്‍ത്തി. താമസിയാതെ ക്രമസമാധാനപ്രശ്‌നമായി മാറി.
അതോടെയാണ് കായംകുളത്തെ സുഹൃത്തിന്റെ സഹായം തേടിയത്. ഫെബ്രുവരി 11ന് ഇരുവരും വിവാഹം ഇസ്ലാംമതാചാരപ്രകാരം ഹിന്ദു ആചാരപ്രകാരവും വിവാഹം കഴിച്ചു (01 മാര്‍ച്ച്, ഡൂള്‍ ന്യൂസ്). ഇതിനിടയില്‍ ആശയുടെ കുടുംബം മകളെ കാണാനില്ലെന്ന ഹർജി ഫയല്‍ ചെയ്തിരുന്നു. അഭിഭാഷക മുഖേന ആശയും ഗാലിബും ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു.


നാട്ടില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഗാലിബിന്റെ രക്ഷാകര്‍ത്താക്കളെ ഝാര്‍ഖണ്ഡ് പോലിസ് കസ്റ്റഡിയിലെടുത്തു. ആശയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആശയുടെ ബന്ധുക്കളും ഝാര്‍ഖണ്ഡ് പൊലീസിനൊപ്പം കായംകുളത്തെത്തി. പ്രായപൂര്‍ത്തിയായവരും വിവാഹിതരുമാണെന്ന് ബോധ്യപ്പെട്ടതോടെ കായംകുളം പൊലീസും ഇവര്‍ക്ക് സുരക്ഷ ഒരുക്കി. ഇതോടെയാണ് ബന്ധുക്കള്‍ മടങ്ങിപ്പോയത്. നാട്ടില്‍ എത്തിയാല്‍ ജീവന്‍പോലും നഷ്ടപ്പെടുമെന്ന് മുഹമ്മദ് ഗാലിബും ആശയും ഭയപ്പെടുന്നു.
ഗാലിബ് ആശയെ തട്ടിക്കൊണ്ടുപോയതാണെന്ന എഫ്‌ഐആറുമായിട്ടാണ് പൊലീസ് എത്തിയിരുന്നത്. ഗാലിബിനെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട് (01 മാര്‍ച്ച്, ഡൂള്‍ ന്യൂസ്).
വിദ്വേഷ പ്രസ്താവന
എക്‌സില്‍ വിദേഹി എന്ന പ്രൊഫൈല്‍ പക്ഷേ, ഇതുകൊണ്ട് തൃപ്തനായില്ല. ആ പ്രൊഫൈല്‍ എക്‌സില്‍ കുറിച്ചതിങ്ങനെ: ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്… റെസിഡന്റ്‌സ് അല്ലാതെ ഇവിടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. അമ്പലത്തിലോ ചര്‍ച്ചിലോ വിവാഹം ചെയ്തതായി മാധ്യമ റിപ്പോര്‍ട്ടും ഇല്ല. 1. അപ്പോ വിവാഹം കഴിച്ചു എന്ന് പറയുന്നത് നിക്കാഹ് ആണോ? 2. നിക്കാഹ് ചെയ്യാന്‍ ഹിന്ദുവായ പെണ്‍കുട്ടി മതം മാറിയോ?
13. മദ്രസ അധ്യാപകര്‍ക്ക് മാത്രം പലിശരഹിത വായ്പ
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന മദ്രസ അധ്യാപകര്‍ക്കുമാത്രമായി 5 ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം ഫെബ്രുവരി 10ന് ആണ് പുറത്തുവരുന്നത്. അതനുസരിച്ച് മദ്രസ അധ്യാപകരില്‍നിന്ന് അപേക്ഷയും ക്ഷണിച്ചു. ഈ നടപടി മതവിവേചനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആക്ഷേപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി രംഗത്തുവന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം. പരാതി ഇതാണ്:
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന, മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്കായി നല്‍കുന്ന ഭവനവായ്പ 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തിയിരിക്കുന്നു എന്ന രീതിയിലാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ കെഎസ്എംഡിഎഫ്സി യുടെ വെബ്സൈറ്റിലുള്ള വിശദ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് പലിശ രഹിതവായ്പയാണെന്ന് വ്യക്തമാണ്. മുസ്ലീമിതര ന്യൂനപക്ഷങ്ങളെക്കൂടി ഗുണഭോക്താക്കളായി പരിഗണിക്കുന്ന മറ്റൊരു ഭവന വായ്പാ പദ്ധതിക്ക് കൂടിയ നിരക്കില്‍ പലിശ ഈടാക്കുന്നുണ്ട്. ഇത് വിവേചനപരവും ന്യൂനപക്ഷ തത്വങ്ങളുടെ ലംഘനവുമാണ്. മദ്രസ അധ്യാപകര്‍ക്ക് മാത്രമായി പലിശ രഹിത ലോണ്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അത് പൂര്‍ണമായും മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡാണ് നടപ്പിലാക്കേണ്ടത്. അതിന് പകരം ന്യൂനപക്ഷങ്ങളുടെ പൊതുവായ സംവിധാനങ്ങളിലേക്ക് അതിന്റെ ബാധ്യത അടിച്ചേല്പിക്കുന്നതും ഫണ്ട് വകമാറ്റുന്ന നടപടിയും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല. ഇത്തരം അനീതിപരമായ നടപടികളില്‍ നിന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പും കോര്‍പ്പറേഷനും പിന്മാറണം. സര്‍ക്കാര്‍ പലിശ രഹിത വായ്പ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍, അതില്‍ ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷ മതാധ്യാപകരെയും പരിഗണിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. (10 ഫെബ്രുവരി, ദീപിക ദിനപത്രം).
വസ്തുത
കേരള സ്റ്റേറ്റ് മൈനോറിറ്റിസ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെഎസ്എംഡിഎഫ്സി) ലിമിറ്റഡ് എന്നത് കമ്പനി ആക്ട്, 1956 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കേരള സര്‍ക്കാര്‍ സ്ഥാപനമാണ്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (മൈനോറിറ്റി വെല്‍ഫെയര്‍) വകുപ്പിന്റെ ഭരണപരമായ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് താമസിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതം, ജൈനമതം, പാര്‍സി എന്നീ ന്യൂനപക്ഷവിഭാഗങ്ങളുടെ സാമ്പത്തികവും വികസനപരവുമായ ഉന്നമനമാണ് ലക്ഷ്യം.
യഥാര്‍ത്ഥത്തില്‍ ഇത് ദേശീയവികസന ഫിനാന്‍സ് കോര്‍പ്പറേഷന്റെ നോഡല്‍ ഏജന്‍സിയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ മിക്കവയും ഈ ഏജന്‍സി വഴി നടപ്പാക്കുന്നു. ന്യൂനപക്ഷവിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ, ബിസിനസ് വികസന വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി/വിസാ വായ്പ, മദ്രസാ അധ്യാപകര്‍ക്കുള്ള വീട് വായ്പ, മൈക്രോ ഫിനാന്‍സ്, തൊഴില്‍പരിശീലന പരിപാടികള്‍ എന്നിവ ഏജന്‍സി വഴി നല്‍കുന്നു.
ന്യൂനപക്ഷവിഭാഗങ്ങളുടെ ആവശ്യങ്ങളും സാഹചര്യങ്ങളുമനുസരിച്ചാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. എല്ലാവര്‍ക്കും ഭവനവായ്പ, എല്ലാവര്‍ക്കും ബിസിനസ് വായ്പ എന്ന രീതിയിലല്ല പദ്ധതി. ക്രൈസ്തവ വിഭാഗത്തിന് ഒരു പദ്ധതി പ്രകാരം ലഭിക്കുന്ന വായ്പ മുസ്ലീമിനോ ജൈനനോ ലഭിക്കണമെന്നില്ല, തിരിച്ചും. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പണവും സംസ്ഥാനസര്‍ക്കാരിന്റെ വിഹിതവും അനുസരിച്ച് ആവശ്യങ്ങള്‍ പരിഗണിച്ചാണ് വായ്പ നല്‍കുന്നത്. വായ്പയുടെ രീതിയും പല തരത്തിലാണ്. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് മുസ്ലീങ്ങള്‍ അനര്‍ഹമായ വിഹിതം നേടുന്നുവെന്ന് പറയുന്നത്.
14. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ ഇസ്‌ലാമോഫോബിയയെന്ന് വരുത്തിത്തീര്‍ക്കുന്നു
പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ കുറിച്ച് പറയുമ്പോള്‍ മതമൗലികവാദികള്‍ ആയിട്ടുള്ള ചില ആളുകള്‍ അത് ഇസ്‌ലാമോഫോബിയയാണ് എന്ന് വരുത്തി തീര്‍ക്കുന്നുവെന്ന് പി ജയരാജന്‍. മാതൃഭൂമി ബുക്‌സിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം (12 ഫെബ്രുവരി, മാതൃഭൂമി ന്യൂസ്). “ഇസ്‌ലാം വന്നിട്ട് 1400 വര്‍ഷമായിട്ടുണ്ടെങ്കിലും പൊളിറ്റിക്കല്‍ ഇസ്‌ലാം ആവിര്‍ഭവിച്ചിട്ട് നൂറുവര്‍ഷമേ ആയിട്ടുള്ളൂ. സംഘപരിവാര്‍ പറയുന്ന 32,000 പേര്‍ ഐഎസിലേക്ക് പോയിട്ടുണ്ടെന്നത് വസ്തുതാ വിരുദ്ധമാണെങ്കിലും കുറച്ചുപേര്‍ പോയിട്ടുണ്ട്. സിറിയക്ക് വേണ്ടി യുദ്ധം ചെയ്തിട്ടുണ്ട്. സിയാദ്ദീന്‍ സര്‍ദാറിന്റെ സ്വര്‍ഗം തേടി എന്ന പുസ്തകം ഉണ്ട്. അതില്‍ ഇസ്‌ലാം മതവിശ്വാസികള്‍ സ്വര്‍ഗം തേടി അലയുന്നതാണ്. സ്വര്‍ഗത്തിലേക്കുള്ള വഴി ഇവിടെ നിന്നും സിറിയയിലേക്ക് പോകുക, ഐഎസിന് വേണ്ടി യുദ്ധം ചെയ്യുക, നേരെ സ്വര്‍ഗ്ഗത്തിലേക്ക് കടക്കുക എന്നാണ്.
ഐഎസ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം മുസ്ലീം ബ്രദര്‍ഹുഡ് മുന്നോട്ടുവെച്ചതാണ്. അതുതന്നെയാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവെക്കുന്നത്. ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെയും മതനിരപേക്ഷ ദേശീയതയെയും അംഗീകരിക്കുന്നില്ല. അപ്രായോഗികമായിട്ടുള്ള മുദ്രാവാക്യമുയര്‍ത്തി മതഭ്രാന്ത് സൃഷ്ടിച്ച് സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ മരണമാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷ എന്ന് ചിന്തിക്കുന്ന മതഭ്രാന്തന്മാരാണ് കേരളത്തിലെ തീവ്രവാദികള്‍. ഇവരെ എതിര്‍ക്കണം. അതിനെ എതിര്‍ക്കുമ്പോള്‍ ഇസ്‌ലാമോഫോബിയ എന്നു പറയുന്നത്, ഇവരുടെ ഈ പ്രവര്‍ത്തനം സംഘപരിവാറിന് പഞ്ചാരപാല്‍പ്പായസം കുടിച്ച പോലെയാണ്.
ഈ മതഭ്രാന്ത് മുസ്ലീങ്ങള്‍ക്ക് ഇടയില്‍ ശക്തിപ്പെടുന്നത് സംഘ്പരിവാറിന് ഇഷ്ടമാണ്. ഇവര്‍ പരസ്പര സഹായസഹകരണ സഖ്യമാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും അംഗീകരിക്കാത്തവരാണ് തീവ്ര ഹിന്ദുത്വ ശക്തികളും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും. കേരളത്തില്‍ ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുക്കുന്നത്.”


വാക്കുകൾ, വസ്തുതകൾ, പഠനങ്ങൾ
1) മാർക്സിസം എന്ന പദം മാർക്സ് ഉപയോഗിച്ചതല്ല. പിൽക്കാല ‘മാർക്സിസ്റ്റുകളാണ്’ അതു വികസിപ്പിച്ചത് (Sean Sayers,. 2021. “What Is Marxism?” International Critical Thought 11 (3): 377–88.)
2) 1922-ൽ വി.ഡി സവർക്കർ എഴുതിയ പുസ്തകത്തിൻ്റെ പേരാണ് ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’. സവർക്കറുടെ പിൻഗാമികളെ ഹിന്ദുത്വർ എന്നു വിളിക്കുന്നു. 1892-ൽ ചന്ദ്രനാഥ് ബസുവാണ് ഈ വാക്ക് രൂപപ്പെടുത്തിയത് (Arvind Sharma, “On Hindu, Hindustān, Hinduism and Hindutva.” Numen, vol. 49, no. 1, 2002, pp. 1–36.)
3) ഇസ്‌ലാമിസം എന്ന പദം 1913-ൽ സിയ ഗോകാൽപ് എന്ന എഴുത്തുകാരനാണ് ടർക്കിഷ് ഭാഷയിൽ വികസിപ്പിച്ചത്. പൊളിറ്റിക്കൽ ഇസ്‌ലാം എന്ന പദം 1980-ൽ മാർട്ടിൻ ക്രാമർ എന്ന ഗവേഷകനാണ് സൈദ്ധാന്തികമായി വിശദീകരിച്ചത്. ഇസ്‌ലാമിസം/പൊളിറ്റിക്കൽ ഇസ്‌ലാം എന്നാരോപിക്കപ്പെടുന്ന ഒരു പ്രസ്ഥാനവും വിശകലന മാതൃകയിൽ സൈദ്ധാന്തിക വിശദീകരണത്തിന് അതുപയോഗിക്കാറില്ല. പ്രായോഗിക ആശയവിനിമയ മേഖലയിൽ വാക്കിന് ശക്തിയുള്ളതിനാൽ വിവരണ സ്വഭാവത്തിൽ ഉപയോഗിക്കുന്നു (വിശദ വായനക്ക് : Richard C Martin and Abbas Barzegar, (eds.) Islamism: Contested Perspectives on Political Islam. Stanford University Press, 2009). ദി ഫെയിലിയർ ഓഫ് പൊളിറ്റിക്കൽ ഇസ്‌ലാം (1994) എന്ന പുസ്തകമെഴുതിയ ഒലിവിയെ റോയ് പ്രസ്തുത വാക്കിൻ്റെ പ്രചാരത്തിൽ ഏറെ പങ്കുവഹിച്ചയാളാണ്. 2020ൽ എഴുതിയ ഒരു പഠനത്തിൽ ആരോപണ സ്വഭാവമുള്ള അമിത ഉപയോഗം കൊണ്ട് ആ വാക്കിനു ഗൗരവമില്ലാതായെന്നു നിരീക്ഷിക്കുന്നു (Roy, Olivier. “The Failure of Political Islam Revisited.” In Pathways to Contemporary Islam: New Trends in Critical Engagement, edited by Mohamed Nawab Mohamed Osman, 167–80. Amsterdam University Press, 2020).
4) ഐസിസ് എന്ന ഇറാഖ് – സിറിയ മേഖലയിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളെ അംഗീകരിക്കുന്ന ഒരു മുസ്ലീം പ്രസ്ഥാനവും കേരളത്തിലില്ല. (അവലംബം: Muslim organisations launch campaigns against ‘un-Islamic’ ISIS, ഡെക്കൻ ഹെറാൾഡ്, 29 സെപ്തംബർ 2015 ).
5) എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒന്നല്ലാത്തതുപോലെ എല്ലാ ഇസ്‌ലാമിക പാർട്ടികളും ഒന്നല്ല. മുസ്ലീം ബ്രദർഹുഡ് എന്ന പ്രസ്ഥാനം ദക്ഷിണേഷ്യയിൽ പ്രവർത്തിക്കുന്നില്ല. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യത്യസ്ത ദേശീയ മുൻഗണനകളിൽ പ്രവർത്തിക്കുന്നു. ഐസിസ് അവരെ മുസ്ലീങ്ങളായി പരിഗണിച്ചിട്ടില്ല. മാത്രമല്ല ബ്രദർഹുഡ് അവരോടു യോജിക്കുന്നുമില്ല. (റഫറൻസ്: Islamic State’s Perspective on the Muslim Brotherhood. (2018). Durham University, School of Government and International Affairs. The Narrative of the Islamic State, Briefing Paper VI). ഐസിസ്, അൽ- ഖായ്ദ പോലുള്ള സായുധ പ്രസ്ഥാനങ്ങളും ‘പൊളിറ്റിക്കൽ ഇസ്ലാം’ എന്ന് താൻ പേരിട്ടുവിളിച്ച പ്രസ്ഥാനങ്ങളും തമ്മിൽ വ്യത്യസമുണ്ടെന്ന് ഒലിവിയെ റോയ് (2020) തന്നെ മേലുദ്ധരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
6) സിപിഎം, ജമാഅത്തെ ഇസ്‌ലാമി എന്നീ രണ്ട് വിഭാഗങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമുണ്ട്. ജനാധിപത്യം, മതേതരത്വം എന്നീ വിഷയങ്ങളിലും അതുണ്ട്. പക്ഷേ, ജമാഅത്തെ ഇസ്ലാമി ഭരണഘടനാ വ്യവസ്ഥ പ്രകാരമുള്ള ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ദേശീയതയെയും അംഗീകരിക്കുന്നില്ല എന്ന വാദം നിയമപരമായ ഒരു വസ്തുതയല്ല. സാമൂഹ്യ – രാഷ്ട്രീയ വിമർശകർക്ക് മറ്റ് അഭിപ്രായങ്ങളുണ്ട് എന്നതാണ് വസ്തുത. (വിശദ വായനക്ക്: Irfan Ahmad. 2009. Islamism and Democracy in India: The Transformation of Jamaat-e-Islami. Princeton University Press.)
15. പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയുടെയും മീഡിയാവണിന്റെയും കുതന്ത്രങ്ങള്‍
പാലാ ബിഷപ്പ് ഹൗസിന്റെ ഭൂമിയില്‍ കപ്പ കൃഷിക്ക് കുഴിയെടുത്തപ്പോള്‍ ശിവലിംഗസമാനമായ ഒരു വസ്തുകണ്ടെത്തി. പാലാ വെള്ളപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് മാറി ഫെബ്രുവരി ആറാം തിയ്യതി വൈകുന്നേരമാണ് സംഭവം നടന്നത്. ജെസിബി ഉപയോഗിച്ച് കപ്പ കൃഷിക്കായി മണ്‍കൂന ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്ഥലം ആഴത്തില്‍ മാന്തിയപ്പോഴാണ് ശിലാവസ്തുക്കള്‍ കണ്ടെത്തിയത്. ഇതിന് പുറമേ, കല്‍വിളക്കും മറ്റൊരു ശിലയും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയവര്‍ വിളക്ക് കൊളുത്തി നാമജപവും ആരാധനയും നടത്തി.
ശിലാവസ്തു ശിവലിംഗമാണെന്ന് സമീപത്തെ ക്ഷേത്ര കമ്മിറ്റിക്കാര്‍ അവകാശപ്പെട്ടതായ വാര്‍ത്ത ഫെബ്രുവരി 12ാം തിയ്യതി പുറത്തുവന്നു. (ടൈംസ് ഓഫ് ഇന്ത്യ, സമയം, 12 ഫെബ്രുവരി). ഈ വാര്‍ത്ത എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലെ മീഡിയാവണും മാധ്യമവും റിപോര്‍ട്ട് ചെയ്തു. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെ കുതന്ത്രങ്ങളാണെന്നാണ് ചില സംഘടനകള്‍ ആരോപിച്ചത്.


മറുനാടന്‍ മലയാളിയും കാസയും
ഈ വിഷയത്തില്‍ മറുനാടന്‍ മലയാളി ചെയ്ത വീഡിയോയുടെ ശീര്‍ഷകം ഇങ്ങനെ: ‘പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ച കാര്യം ക്രൈസ്തവര്‍ തന്നെയാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്; മീഡിയവണ്ണും ജമാഅത്തെ ഇസ്ലാമിയും നോക്കിനിന്ന് വെള്ളമിറക്കേണ്ടതില്ല! വിഷയത്തില്‍ പ്രതികരിച്ച് കാസ’ (ഫെബ്രുവരി 13, മറുനാടന്‍ മലയാളി): “പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ച കാര്യം ക്രൈസ്തവര്‍ തന്നെയാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. രൂപത നേതൃത്വവും ക്ഷേത്ര സമിതിയും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ തീരുമാനമാക്കി. വിഷയത്തില്‍ മുതലെടുപ്പ് നടത്താനായി മീഡിയ വണ്ണും ജമാഅത്തെ ഇസ്ലാമിക്കാരും കാത്തുനില്‍ക്കേണ്ടതില്ല. ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍ സംഭവസ്ഥലത്ത് എത്തി വാര്‍ത്തകള്‍ വളച്ചൊടിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു. മറ്റ് ചാനലുകളും മറ്റെന്തോ വലിയ വിഷയത്തെപ്പോലെ സംഭവത്തെ ഏറ്റെടുത്തു. പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കിട്ടി എന്നു പറഞ്ഞ് അതിന്റെ പേരില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയും മീഡിയവണ്ണും പോലുള്ളവരും ഇതു വെച്ച് മുതലെടുപ്പ് നടത്താമെന്ന് കരുതിയിരിക്കുന്ന രാജ്യദ്രോഹികളും രാഷ്ട്രീയക്കാരും വെറുതെ സമയം പാഴാക്കേണ്ടതില്ല.” കാസ ഭാരവാഹികള്‍ പറയുന്നു.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ
ക്രൈസ്തവ സ്ഥാപനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുമെന്നാണ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തിയത്. (22 ഫെബ്രുവരി, മെട്രോ വാര്‍ത്ത).
വസ്തുത
മീഡിയാവൺ മറ്റ് മാധ്യമങ്ങളെ പോലെ വാർത്ത റിപ്പോർട്ട് ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വിഷയത്തിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല.
16. താലിബാന്‍വല്‍ക്കരിക്കപ്പെട്ട ഹിന്ദുസംസ്‌കാരം
ശ്രീ എം ഇന്ത്യന്‍ സംസ്‌കാരത്തെ പരമോന്നതമായി കരുതുന്ന ഒരു ആധ്യാത്മിക നേതാവാണ്. മുസ്ലീം ആയി ജനിച്ച അദ്ദേഹം പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകളെ യോഗപഠിപ്പിച്ചും കണ്ണൂരിലെ സിപിഎം ആര്‍എസ്എസ് കൊലപാതകങ്ങളില്‍ ഇടപെട്ടും വാര്‍ത്താപ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 16ാം തിയ്യതി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അദ്ദേഹത്തിന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. ‘ഈഫ് ഹിന്ദുയിസം ഈസ് താലിബാനൈസ്ഡ്, വേള്‍ഡ് വുഡ് ബി ഡിസ്‌ട്രോയ്ഡ്: ശ്രീ എം’. ഇതായിരുന്നു ശീര്‍ഷകം.
ഹിന്ദുമതത്തിലെ സ്വാതന്ത്ര്യമാണ് തന്നെ അങ്ങോട്ട് ആകര്‍ഷിച്ചതെന്ന് ഒരിക്കല്‍ ശ്രീം എം പറഞ്ഞിരുന്നു. അതേകുറിച്ചായിരുന്നു അഭിമുഖകാരന്‍ ചോദിച്ചത്.


താന്‍ ഇപ്പോള്‍ ഭയത്തിലാണെന്നും ഹൈന്ദവത താലിബാന്‍വല്‍ക്കരിക്കപ്പെടുന്നുണ്ടോയെന്ന് ആശങ്കയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ലോകം തകര്‍ക്കപ്പെടുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. തുടര്‍ന്ന് ഹിന്ദുമതത്തിലെ ജാതി വ്യത്യാസങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം പറയുന്നുണ്ടെങ്കിലും അതൊന്നും സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതായി അദ്ദേഹം കാണുന്നില്ല.
ഹിന്ദുമതത്തില്‍ കാണുന്ന സങ്കുചിതത്വത്തെയാണ് അദ്ദേഹം താലിബാനൈസേഷന്‍ എന്ന രൂപകംകൊണ്ട് വിശേഷിപ്പിക്കുന്നത്. താലിബാനൈസേഷന്‍ ഒരു ഇസ്‌ലാമോഫോബിക് രൂപകമാണ്. തിന്മയുടെ രൂപകം മുസ്ലീം സൂചനയുള്ള ഒരു വാക്കായി മാറി.
ഭാഷയും രൂപകവും
രൂപകം ഒരു സാർവത്രിക ഭാഷാ ഉപകരണമാണ്, അത് ഒരു വസ്തുവിനെയോ ആശയത്തെയോ മറ്റൊരു വസ്തുവിന്റെ അർത്ഥവുമായി താരതമ്യപ്പെടുത്തി അതിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ‘ഹിന്ദു /താലിബാൻ’ എന്ന രൂപകത്തിൽ, ഹിന്ദുത്വത്തെ വിമർശിക്കാൻ ഇന്ത്യൻ സന്ദർഭത്തിൽ സമാനമോ സവിശേഷമോ ആയ ആശയങ്ങളോ വസ്തുതകളോ (ഉദാ: ചരിത്രപരമായ പ്രവർത്തനങ്ങൾ, സംഘടനകളുടെ പ്രവർത്തനങ്ങൾ) ആശ്രയിക്കാതെ, ‘താലിബാൻ’ എന്ന സാർവത്രിക നാമം സ്വീകരിക്കപ്പെടുന്നു. ‘താലിബാൻ’ എന്ന വാക്ക്, ഇസ്‌ലാമുമായി ബന്ധപ്പെട്ട ഹിംസ, അക്രമം എന്നിവയെ പ്രതിനിധീകരിക്കുന്നതായി മാധ്യമങ്ങളിലും പൊതുസംവാദങ്ങളിലും കാണാം. ഇത് ഹിന്ദുത്വത്തിന്റെ വിമർശനത്തിന് ഒരു രൂപകമായി ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ മുസ്ലീങ്ങടെ അനുഭവങ്ങളെ, പ്രത്യേകിച്ച് ഹിന്ദുത്വ പ്രവർത്തനങ്ങളുടെ ഇരകളായവരുടെ അനുഭവങ്ങളെ, അഭിമുഖീകരിക്കാതിരിക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു.
17. ഉറൂസ്, ‘ഹമാസ് ഭീകരര്‍’
ഹമാസ് ‘ഭീകരരുടെ’ ചിത്രങ്ങളുമായി പാലക്കാട് തൃത്താലയില്‍ പള്ളി ഉറൂസ് നടന്നുവെന്ന ഒരു വാര്‍ത്ത ഫെബ്രുവരി 17ാം തിയ്യതി ജനം ടിവി ടെലികാസ്റ്റ് ചെയ്തു. ഫലസ്തീന്‍ ഭീകരരുടെ ചിത്രങ്ങളേന്തിയാണ് ആന എഴുന്നള്ളത്ത് നടന്നതെന്നും ഇസ്രായേല്‍ തുടച്ചുനീക്കിയ ഹമാസ് തലവന്മാരായ ഇസ്മയില്‍ ഹനിയ, യഹിയ സിന്‍വര്‍ എന്നിവരുടെ ചിത്രങ്ങള്‍ ആനപ്പുറത്ത് എഴുന്നള്ളിച്ചെന്നും വാര്‍ത്തയില്‍ പറയുന്നു. തറവാടീസ് തെക്കെഭാഗം, മിന്നല്‍പ്പട തെക്കെഭാഗം എന്നിവരാണ് ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ എഴുന്നള്ളിച്ചത്. അതേ ദിവസം ഇതേ വാര്‍ത്ത ജന്മഭൂമിയും റിപ്പോര്‍ട്ട് ചെയ്തു (17 ഫെബ്രുവരി, ജനംടിവി). ഇതിനെതിരേ ഹിന്ദുഐക്യവേദിയും രംഗത്തെത്തി (18 ഫെബ്രുവരി, ന്യൂസ് 18).
ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നത് ശരിയായിരുന്നെങ്കിലും ജനം ടിവിയും ജന്മഭൂമിയും റിപോര്‍ട്ട് ചെയ്തതില്‍നിന്ന് വ്യത്യസ്തമായി തൃത്താലഫെസ്റ്റ്, ഉറൂസ് ആയിരുന്നില്ല. അതൊരു ദേശോല്‍സവമായിരുന്നു. പള്ളിയുമായോ ആരാധനാലയവുമായോ ബന്ധപ്പെട്ടുള്ള ഒരു മതപരമായ ആഘോഷമായിട്ടല്ല കുറേക്കാലമായി നടന്നുവരുന്നതും. ഇങ്ങനെയൊരു ഉത്സവത്തെയാണ് ജനം ടിവി ഉറൂസാക്കി മാറ്റിയത്. ഹമാസ് നേതാക്കളുടെ ചിത്രം മാത്രമായിരുന്നില്ല ചെഗുവേരയുടെ ചിത്രവും ഉപയോഗിച്ചിരുന്നു. (17 ജനം ടിവി, ജന്മഭൂമി).
ഹമാസും കേരളത്തിലെ മുസ്ലീങ്ങളും
“തീവ്രവാദികള്‍ക്ക് എല്ലാ പിന്തുണയും സമുദായം നല്‍കുമ്പോള്‍ എങ്ങനെയാണ് ഐഎസും അല്‍ഖ്വയ്ദയും ഇവിടെ വേരുറപ്പിക്കാതിരിക്കുന്നത്? ഹമാസ് തീവ്രവാദികളും കേരളത്തിലെ മുസ്ലീങ്ങളും തമ്മിലെന്താണ് ബന്ധം? ലോക മുസ്ലീം രാഷ്ട്രങ്ങള്‍ക്കില്ലാത്ത എന്ത് വിഷമമാണ് കേരളത്തിലെ മുസ്ലീങ്ങള്‍ക്കുള്ളത്?” എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ഫേസ്ബുക്കില്‍ എഴുതിയത് (17, ഫേസ്ബുക്ക് പോസ്റ്റ്). ജമാഅത്തെ ഇസ്ലാമി സൗദിയില്‍ നിന്ന് പണം വാങ്ങി മുസ്ലീം സമുദായത്തെ റാഡിക്കലൈസ് ചെയ്യാന്‍ ഫണ്ട് കൈപ്പറ്റുന്നുവെന്നും അദ്ദേഹം അതേ ദിവസം ന്യൂസ് 18 കേരളത്തില്‍ നടന്ന പ്രൈംടൈം ചര്‍ച്ചയില്‍ ആരോപിച്ചു.


ആണ്ടുനേര്‍ച്ചയും മയ്യിത്ത് നമസ്‌കാരവും
ഹമാസ് ഭീകരര്‍ക്ക് ആണ്ടുനേര്‍ച്ച നടത്തുകയായിരുന്നുവെന്ന് ഷെക്കിന ടിവിയും ആരോപിച്ചു (17 ഫെബ്രുവരി ഷേക്കിന ടിവി). ”ലോകത്തെവിടെയെങ്കിലും ഒരു തീവ്രവാദി കൊല്ലപ്പെട്ടാല്‍ കേരളത്തില്‍ മയ്യിത്ത് നിസ്‌കാരം നടത്തണം, പോരാളിയാണെന്ന വാഴ്ത്തുപാട്ടു വേണം, തീവ്രവാദിക്ക് അഭിവാദ്യമര്‍പ്പിച്ച് റാലികള്‍ നടത്തണം. ആ റാലികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നിര്‍ ഭരണപ്രതിപക്ഷ മുന്നണികളുമുണ്ടാവും” എന്ന് കർമ്മ ന്യൂസ് റിപോര്‍ട്ടിലും പറയുന്നു (17 ഫെബ്രുവരി, കർമ്മ ന്യൂസ്).
ദേശീയ വാര്‍ത്തയാക്കി സുരേന്ദ്രനും
ഈ വാര്‍ത്ത താമസിയാതെ എന്‍ഡിടിവിയും റിപോര്‍ട്ട് ചെയ്തു. ഗസയില്‍ ഇസ്രായേല്‍ ആക്രമണം നടക്കുന്ന സമയത്ത് കേരളത്തില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ ഹമാസ് നേതാക്കള്‍ ഓണ്‍ലൈനില്‍ സംസാരിച്ചുവെന്നും അതിനെതിരേ ഇടതുസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഇപ്പോഴത്തെ അനിഷ്ടത്തിന് കാരണം ഇതാണെന്നും കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചിരുന്നു. ഇതിനെ അവലംബിച്ചായിരുന്നു എന്‍ഡിടിവി വാര്‍ത്ത. (17 ഫെബ്രുവരി എന്‍ഡിടിവി). സംഘാടകര്‍ക്കെതിരേ കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു വിശദീകരണം : ഉറൂസല്ല, ദേശോല്‍സവം
ഇതേകുറിച്ച് മുന്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ വിശദാംശങ്ങള്‍ പങ്കുവച്ചു: ‘തൃത്താല ഫെസ്റ്റ്’ എന്ന പേരില്‍ എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. അത് ഏതെങ്കിലും പള്ളിയുമായോ ആരാധനാലയവുമായോ ബന്ധപ്പെട്ടുള്ള ഒരു മതപരമായ ആഘോഷമല്ല. ഇതിന്റെ സംഘാടക സമിതിയില്‍ എല്ലാ മതത്തില്‍പ്പെട്ടവരും ജനപ്രതിനിധികളും ഉണ്ടാവാറുണ്ട്. പരിപാടിയെ പിന്തുണക്കാനും വിവിധ മതവിശ്വാസികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഔദ്യോഗിക സംവിധാനങ്ങളും കടന്നുവരാറുണ്ട്. ധാരാളം ടൂറിസ്റ്റുകളും ദേശോത്സവം കാണാനെത്താറുണ്ട്. (17, ഫേസ്ബുക്ക് പോസ്റ്റ്). ഇത്തവണത്തെ ഫെസ്റ്റിന് ആശംസകളര്‍പ്പിച്ച്, മന്ത്രി എം.ബി രാജേഷും എം.പി. അബ്ദുസ്സമദ് സമദാനിയും ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ടുമൊക്കെ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. അത് സപ്ലിമെന്റായി അച്ചടിക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹം ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു: “ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഫലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയില്‍ത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തെ മുസ്ലീം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘപരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കും.”
ഇതേ വിഷയം ഫെബ്രുവരി 17ന് ന്യൂസ് 18 കേരളം പ്രൈംടൈംമില്‍ ചര്‍ച്ച ചെയ്തു.
18. കായംകുളം ആരോഗ്യകേന്ദ്രത്തിലെ ‘മത’പ്രാര്‍ത്ഥന
തൃത്താല ‘ഉറൂസ്’ വാര്‍ത്ത പുറത്തുവന്ന അതേദിവസം ജന്മഭൂമി അവരുടെ ഒന്നാം പേജില്‍ മറ്റൊരു വാര്‍ത്തയും പ്രസിദ്ധീകരിച്ചു. സിപിഎം ഭരിക്കുന്ന കായംകുളം അയ്യന്‍ കോയിക്കല്‍ നഗറില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ റാത്തീബും ദുഅമജ്‌ലിസും നടത്തിയെന്നായിരുന്നു വാര്‍ത്ത. നഗരസഭയുടെ 43ാം വാര്‍ഡിലായിരുന്നു സംഭവം. ചടങ്ങില്‍ മന്ത്രി സജി ചെറിയാനും യു പ്രതിഭ എംഎൽഎയും പങ്കെടുത്തു. സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ പരിപാടിയില്‍ ഇസ്ലാംമതപ്രാര്‍ത്ഥന നടത്തിയതിനെ ബിജെപി ചോദ്യം ചെയ്തു. ബിജെപി നേതാക്കള്‍ ഇതിനെതിരേ സമരവും പ്രഖ്യാപിച്ചു. നഗരസഭ ഭരിക്കുന്ന സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധസഖ്യമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം (18 ഫെബ്രുവരി, ജന്മഭൂമി).
ജനം ടിവിയുടെ ഫെബ്രുവരി 17ലെ വാര്‍ത്തയനുസരിച്ച് പരിപാടി നടന്നത് 16ാം തിയ്യതിയാണ്. ഉടന്‍ ബിജെപിയുടെ ആലപ്പുഴയിലെ നേതാവ് വാര്‍ത്താസമ്മേളനം വിളിച്ച് ഒരു വീഡിയോ പുറത്തുവിട്ടു. ഏതാനും ഉസ്താദുമാര്‍ കൂടിയിരുന്ന് പ്രാര്‍ത്ഥിക്കുന്ന രണ്ട് മിനിറ്റ് വീഡിയോ. ഉദ്ഘാടനച്ചടങ്ങിലെ വീഡിയോ ആണ് അതെന്നും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് റാത്തീബ് അടക്കമുള്ള പ്രാര്‍ത്ഥകള്‍ നടന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. വാര്‍ഡ് ഭരിക്കുന്നത് ലീഗാണ്. അവിടെ ഭരണഘടനയനുസരിച്ചാണോ ശരിഅ അനുസരിച്ചാണോ ഭരണം നടക്കുന്നത് – എന്നീ ചോദ്യങ്ങളും ഉന്നയിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മതപ്രാര്‍ത്ഥന നടന്നുവെന്നതായിരുന്നു പ്രധാന ആരോപണം.
പ്രാര്‍ത്ഥന നടത്തിയെന്ന വിവാദത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിരുന്നു നടപടി (19 ഫെബ്രുവരി, മനോരമ).
ഉദ്ഘാടനത്തിന് മുമ്പ് അതിക്രമിച്ച് കയറി മതപ്രാര്‍ത്ഥന നടത്തിയ മുസ്ലീംലീഗ് കൗണ്‍സിലര്‍ നവാസ് മുണ്ടകത്തിലിനെ നഗരസഭ കൗണ്‍സിലില്‍ യോഗത്തില്‍ നിന്നും മൂന്ന് മാസം സസ്‌പെന്‍ഡ് ചെയ്യാനും കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനും കായംകുളം നഗരസഭ പ്രമേയം പാസാക്കി. നവാസ് മുണ്ടകത്തിലിനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും, സംസ്ഥാന സര്‍ക്കാരിനോടും നഗരസഭ കൗണ്‍സില്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. ചെയര്‍പേഴ്‌സണ്‍ പി ശശികലയാണ് പ്രമേയം അവതരിപ്പിച്ചത്. ചടങ്ങ് നടക്കുന്നതിന് മുമ്പായി 43-ാം വാര്‍ഡ് കൗണ്‍സിലറായ നവാസ് മുണ്ടകത്തില്‍ മുന്‍കൈയെടുത്ത് ഏതാനും മതപുരോഹിതരെ തെറ്റിദ്ധരിപ്പിച്ച് കെട്ടിടത്തില്‍ അതിക്രമിച്ച് കടന്ന് പ്രാര്‍ത്ഥന നടത്തുകയും ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചു (22 ഫെബ്രുവരി, കേരളകൗമുദി). നവാസ് മുണ്ടകത്തിലിന്റെ നടപടി തെറ്റാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്ലീലീഗും പ്രതികരിച്ചു. (22 ഫെബ്രുവരി, ന്യൂസ് 18).
പ്രാര്‍ത്ഥന നടന്നത് എപ്പോള്‍?
ഫെബ്രുവരി 17ന് ജനം ടിവി വാര്‍ത്തയില്‍ അവതാരകന്‍ ആമുഖമായി പറഞ്ഞത് വെല്‍നെസ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ മതപ്രാര്‍ത്ഥന നടന്നുവെന്നാണ്. എന്നാല്‍ അതേ വാര്‍ത്തയില്‍ റിപോര്‍ട്ടര്‍ പറഞ്ഞത് ചടങ്ങിന് മുന്നോടിയായി പ്രാര്‍ത്ഥന നടന്നുവെന്നും. ഈ വിഷയത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ സന്ദീപ് വാചസ്പതി ചടങ്ങില്‍ മതപ്രാര്‍ത്ഥന നടന്നെന്നും പറഞ്ഞു. പിറ്റേ ദിവസത്തെ ജന്മഭൂമി വാര്‍ത്തയും ചടങ്ങിലെ മതപ്രാര്‍ത്ഥനയിലാണ് ഊന്നിയത്. അതായത് ഹിന്ദുത്വമാധ്യമങ്ങള്‍ പടിപടിയായാണ് സ്ഥാപനത്തില്‍ നടന്ന മതപ്രാര്‍ത്ഥനയെ ഉദ്ഘാടനച്ചടങ്ങിലെ മതപ്രാര്‍ത്ഥനയായി മാറ്റിയത്. ചടങ്ങിലല്ല മതപ്രാര്‍ത്ഥന നടന്നതെന്ന് 17ാം തീയതിയിലെ ജനംടിവി ചര്‍ച്ചയില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ പി ശശികലയും വ്യക്തമാക്കിയിരുന്നു. ഉദ്ഘാടന ചടങ്ങിന് മുന്‍പേയാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ‘മതപരമായ ചടങ്ങുകള്‍’ നടന്നതെന്നായിരുന്നു നഗരസഭ സെക്രട്ടറിയെ ഉദ്ധരിച്ച് മനോരമ എഴുതിയത് (19 ഫെബ്രുവരി, മനോരമ).
നടന്നത് എന്താണ്?
ഇതുവരെയുള്ള വിശകലനങ്ങള്‍ തെളിയിക്കുന്നത് ചടങ്ങില്‍ മതപ്രാര്‍ത്ഥന നടന്നിട്ടില്ലെന്നാണ്. 17ാം തീയതിയിലെ ജനംടിവി വാര്‍ത്തയില്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. അതിലും മതപ്രാര്‍ത്ഥനയുടെ ദൃശ്യം കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയാന്‍ കഴിയില്ലെങ്കിലും അനില്‍ ടോക് എന്ന യുട്യൂബ് ചാനലില്‍ അനില്‍ മുഹമ്മദ് നല്‍കുന്ന വിവരണം ഇങ്ങനെ: ആരോഗ്യകേന്ദ്രത്തിന്റെ തൊട്ടുമുന്നിലെ വീട്ടില്‍ ചടങ്ങിനെത്തിയ ഏതാനും ഉസ്താദുമാരാണ് ക്ഷണപ്രകാരം ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥിച്ച് മടങ്ങിയത് (18 ഫെബ്രുവരി, അനില്‍ ടോക്‌സ്).
19. ഒരു സിനിമ തമാശയും പാനായിക്കുളം കേസും
അരുണ്‍ ഡി ജോസിന്റെ സിനിമ, ബ്രൊമാന്‍സ്ല്‍ തീയേറ്ററുകളില്‍ ചിരി പടര്‍ത്തിയ ഒരു രംഗം ഇതാണ്: “നിന്റെ പേരില്‍ പണ്ടേതോ ക്യാമ്പില്‍ പങ്കെടുത്ത കേസുണ്ടല്ലോ. വാഗമണോ പാനായിക്കുളത്തോ. അതിനി കുത്തിപ്പൊക്കണോ?” സിനിമയില്‍ കൊറിയര്‍ ബാബു എന്ന കഥാപാത്രത്തോട് (കലാഭവന്‍ ഷാജോണ്‍) കേരള പൊലീസിലെ ഉദ്യോഗസ്ഥന്‍ (ബിനു പപ്പു) ചോദിക്കുന്ന ചോദ്യമാണ്. ഒരു കേസന്വേഷണത്തിന് സഹകരിക്കാത്തപ്പോള്‍ പോലീസ് അയാളെ വിരട്ടുന്നത് ഇത് പറഞ്ഞാണ്. അയാളാണെങ്കില്‍ “അയ്യോ സാറേ” എന്ന് പറഞ്ഞ് സമ്മതിക്കുകയും ചെയുന്നു.
അത്ര വെടിപ്പല്ലാത്ത കൊറിയര്‍ ബാബുവിന് അങ്ങനെ ഒരു ‘വാഗമണ്‍/പാനായിക്കുളം’ പാസ്റ്റ് ഉണ്ടെന്ന് പൊലീസ് ഓര്‍മിപ്പിക്കുമ്പോള്‍ അതിന് വഴങ്ങി ‘അയ്യോ സാറേ’ പറയുന്ന ബാബു തിയേറ്ററുകളില്‍ ഒരു തമാശരംഗമായാണ് സ്വീകരിക്കപ്പെട്ടത് (19 ഫെബ്രുവരി, അസ്ലാഹ് കയ്യലകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്).
പാനായിക്കുളം കേസ് (2006) എന്‍ഐഎ കേരളത്തില്‍ ആദ്യമായി അന്വേഷിച്ച കേസാണ്. പിന്നീട് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടി (2019) സുപ്രീംകോടതി ശരിവെച്ചു (2023).


21. ആശമാര്‍ക്ക് പിന്നില്‍?
സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വർക്കർമാര്‍ നടത്തുന്ന സമരം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എളമരം കരീം ദേശാഭിമാനി പത്രത്തില്‍ ഒരു ലേഖനം എഴുതി, ‘ആര്‍ക്കുവേണ്ടിയാണ് ഈ സമര നാടകം’ എന്ന തലക്കെട്ടില്‍. സമരത്തിന് പിന്നില്‍ അരാജകവാദികളെന്നായിരുന്നു അദ്ദേഹം അതില്‍ ആരോപിച്ചത്: ഏതാനും ‘ആശ’ വര്‍ക്കര്‍മാരെ വ്യാമോഹിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ച് സെക്രട്ടറിയറ്റിന് മുന്നില്‍ സര്‍ക്കാരിനെതിരെ നടത്തുന്ന സമരം എല്‍ഡിഎഫ് വിരുദ്ധമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നാറിലെ ടാറ്റ ടി എസ്റ്റേറ്റിലെ ഒരു വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ‘പൊമ്പിളെ ഒരുമ’ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണിത്. അന്നും മാധ്യമങ്ങളാണ് സമരം കൊഴുപ്പിച്ചത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളെ മുഴുവന്‍ അധിക്ഷേപിച്ചുകൊണ്ടായിരുന്നു മൂന്നാര്‍സമരം. ഒരു അരാജക സംഘടനയായിരുന്നു നേതൃത്വം നല്‍കിയത്. അതേ മാതൃകയില്‍ ചില അരാജക സംഘടനകള്‍ ഏതാനും ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും അദ്ദേഹം പറഞ്ഞു (24 ഫെബ്രുവരി, എളമരം കരിം, ദേശാഭിമാനി).
ഏതാനും ദിവസത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ മറ്റൊരു ഘടകത്തെയാണ് പിന്നില്‍ കണ്ടെത്തിയത്. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം: “രാഷ്ട്രീയമായി ഇടപെടല്‍ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ ശത്രുക്കളല്ല, ഇനിയും ചര്‍ച്ചക്ക് തയ്യാര്‍. സമരവും സമരത്തിന് നേതൃത്വം നല്‍കുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. അതില്‍ എസ് യുസിഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള അരാജകവാദികളുമുണ്ട്. അരാജകവാദികളായ നിരവധി പേരുണ്ട്. അതിനോട് ശക്തിയായ വിയോജിപ്പുണ്ട്.” (28 ഫെബ്രുവരി 24ന്യൂസ്).
സമൂഹത്തിലുണ്ടാകുന്ന ചലനങ്ങളില്‍ ഒരു മുസ്ലീം ഘടകത്തെ കണ്ടെത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഒരു രീതിശാസ്ത്രമാണ്. ഇവിടെ ആദ്യം അരാജകവാദികളില്‍നിന്ന് ആരംഭിക്കുകയും പിന്നീട് മുസ്ലീം ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്തത്. മുസ്ലീം സംഘടനകൾ, അരാജകവാദികൾ എന്നീ പ്രയോഗങ്ങൾ ഒരു തൊഴിലാളി പ്രക്ഷോഭത്തെ നിഗൂഢവൽകരിക്കാനാണ് പ്രയോഗിക്കുന്നത്. ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് തൊഴിലാളി രാഷ്ട്രീയവകാശങ്ങളെ അട്ടിമറിക്കാനാണ് ശ്രമം.


22. ജാസ്മിന്‍ഷാ, സാജന്‍ സ്‌കറിയ, സുഡാപ്പി രൂപകവും
ഫെബ്രുവരി 22ാം തിയ്യതി മറുനാടന്‍ മലയാളിയുടെ സാജന്‍ സ്‌കറിയ ഒരു വീഡിയോ അപ് ലോഡ് ചെയ്തു. ‘ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക… ജാസ്മിന്‍ ഷായെും മറുനാടന്‍ ഷാജനെയും’ (22 ഫെബ്രുവരി, മറുനാടന്‍ മലയാളി). യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷായും മറുനാടന്‍ മലയാളി ചാനല്‍ മുതലാളിയും മാധ്യമപ്രവര്‍ത്തകനുമായ സാജന്‍ സ്‌കറിയയും സുഡാപ്പികളുടെ അച്ചാരം വാങ്ങി ക്രൈസ്തവ സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണെന്ന് പ്രചരിപ്പിക്കുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്.
ആരോപണങ്ങൾ
ജാസ്മിന്‍ ഷാ ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളെ കേന്ദ്രീകരിച്ചാണ് സമരം ചെയ്യുന്നത്. സുഡാപ്പികളുടെ അച്ചാരം പറ്റി ക്രൈസ്തവ ആശുപത്രികളെ പൂട്ടിക്കുകയാണ് ലക്ഷ്യം. മുസ്ലീം മാനേജ്‌മെന്റ് ആശുപത്രികളില്‍ സമരം ചെയ്യാറില്ല. പാലാ അതിരൂപതയുടെ കീഴിലുള്ള മാര്‍ശ്ലീവാ ആശുപത്രിയെ തകര്‍ക്കാനാണ് അവിടെ സമരം നടത്തുന്നത് ഇതൊക്കെയാണ് അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങള്‍. ഈ ആരോപണങ്ങള്‍ തള്ളിയതും ജാസ്മിഷന്‍ ഷായുടെ യൂണിയനെ ഉയര്‍ത്തിപ്പിടിച്ചതുമാണ് സാജനെ സുഡാപ്പികളുടെ അച്ചാരം വാങ്ങുന്നയാളാക്കിയത്.
സന്ദർഭം
സാജന്‍ പറയുന്നതനുസരിച്ച് കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ അധ്യാപിക കാേഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നി ആത്മഹത്യ ചെയ്തിരുന്നു. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അലീനയുടെ കുടുംബം പറയുന്നത്. ജോലിക്കായി ആറുവര്‍ഷം മുന്‍പ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് നല്‍കിയിരുന്നു (19 ഫെബ്രുവരി, ഏഷ്യാനെറ്റ്). ഇതിനെക്കുറിച്ചും പാലാ ആശുപത്രിക്കെതിരേ നടത്തിയ സമരത്തെക്കുറിച്ചും വാര്‍ത്ത ചെയ്തതുമാണ് ചിലരെ പ്രകോപിതരാക്കിയത്. അവരാണ് ഇരുവര്‍ക്കുമതിരേ സുഡാപ്പി ആരോപണവുമായി രംഗത്തുവന്നത്.


മാത്യു സാമുവലിൻ്റെ ആരോപണങ്ങൾ
അത്തരമൊരു ആരോപണം ഉന്നയിച്ച ആളാണ് മാത്യു സാമുവല്‍. അദ്ദേഹം തന്റെ മാത്യു സാമുവല്‍ ഒഫിഷ്യല്‍ എന്ന യുട്യൂബ് ചാനലില്‍ ജാസ്മിന്‍ ഷായെക്കുറിച്ച് ഒരു വീഡിയോ ചെയ്തു, ‘ജാസ്മിന്‍ ഷാ: ഹിഡണ്‍ അജണ്ടയുള്ള മതതീവ്രതയുടെ പിന്തുണക്കാരന്‍ എന്ന പേരില്‍’ (28 ഫെബ്രുവരി, മാത്യു സാമുവല്‍ ഒഫിഷ്യല്‍): ക്രൈസ്തവ, ഹിന്ദു മാനേജ്‌മെന്റ് ആശുപത്രികളെ മിലിറ്റന്റ് രീതിയിലുള്ള യൂണിയന്‍ പരിപാടി നടത്തി അടപ്പിക്കുന്ന രീതിയാണ് ജാസ്മിന്‍ഷാ തുടര്‍ന്നുവരുന്നത്. പ്രത്യേക സമുദായത്തെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നുവെന്നായിരുന്നു മാത്യു സാമുവലിന്റെ വിശദീകരണം.
കൂട്ടത്തില്‍ ജാസ്മിന്‍ഷാ മതതീവ്രവാദിയല്ലെന്ന സാജന്‍ സ്‌കറിയയുടെ വാദത്തെ പൊളിക്കാന്‍ ചില ലിറ്റ്‌മെസ് ടെസ്റ്റുകൂടി അദ്ദേഹം മുന്നോട്ടുവച്ചു. താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കലായിരുന്നു അത്. ചോദ്യങ്ങള്‍ ഇവയാണ്: കേരളത്തില്‍ 3500 ഓളം പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ പെടുത്തിയിട്ടുണ്ടെന്ന് ജാസ്മിന്‍ ഷാ വിശ്വസിക്കുന്നുണ്ടോ? അവരില്‍ പലരും നഴ്‌സിങ് കമ്മ്യൂണിറ്റിയിലുള്ളവരാണ്. അവരെ മതതീവ്രവാദികള്‍ അടിച്ചുമാറ്റി സിറിയയിലും അഫ്ഗാനിസ്ഥാനിലം കൊണ്ടുപോയി ഐഎസ്സില്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് ജാസ്മിന്‍ഷാ വിശ്വസിക്കുന്നുണ്ടോ? ഖത്തര്‍ ഭീകരവാദപ്രവര്‍ത്തനം നടത്താന്‍ പണം കൊടുക്കുന്നുണ്ടോ ഇല്ലയോ? ഹമാസ് ഭീകരസംഘടനയാണോ മകമൗലികവാദ സംഘടനയാണോ സ്വാതന്ത്ര്യപ്പോരാളികളാണോ? (28 ഫെബ്രുവരി, മാത്യുസാമുവല്‍ ഒഫിഷ്യല്‍).
വിശദീകരണം
ജാസ്മിന്‍ഷായെ ക്രൈസ്തവിരോധിയാക്കുന്നതിലെ വിരോധാഭാസത്തെ സാജന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ജാസ്മിന്‍ഷായുടെ യൂണിയന്‍ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയാണ്. അവര്‍ ആദ്യം സമരം ചെയ്തത് മദര്‍ ആശുപത്രിയിലാണ്. അത് മുസ്ലീം മാനേജ്‌മെന്റ് യൂണിയനാണ്. പിന്നീട് സമരം ചെയ്ത എല്ലാ ആശുപത്രികളും മുസ്ലീം മാനേജ്‌മെന്റ് ആശുപത്രികളായിരുന്നു. ഏറ്റവും വലിയ സമരം നടന്നത് കാക്കനാട്ട് സണ്‍റൈസ് ആശുപത്രിയിലാണ്. അതും മുസ്ലീം മാനേജ്‌മെന്റ് ആശുപത്രിയാണ്. ഒരു ക്രൈസ്തവ ആശുപത്രിക്കെതിരേ മാത്രമേ യുഎന്‍എ സമരം ചെയ്തിട്ടുള്ളുള്ളൂ- അങ്കമാലി ലിറ്റില്‍ ഫ്ലവര്‍. പിന്നെയുള്ള സമരങ്ങള്‍ എല്ലാം പൊതു ആഹ്വാനപ്രകാരം നടന്ന സമരങ്ങളാണ്. അത്തരം സമരങ്ങള്‍ എല്ലായിടത്തും ഒരുമിച്ചാണ് നടന്നത്.
അതായത് സുഡാപ്പി രൂപകം വസ്തുതാപരമായി ഉന്നയിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു വംശീയപ്രചാരണമാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
22. അനുഭവം: തടവറയിലെ മുസ്ലീം
കോഴിക്കോട് നടന്ന റാസിഖ് റഹീമിന്റെ ‘തടവറക്കാലം: ഒരു UAPA തടവുകാരന്റെ നിയമപോരാട്ടത്തിന്റെ 17 വര്‍ഷങ്ങള്‍’ (പ്രതീക്ഷ ബുക്സ്, 2025) എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശന ചടങ്ങില്‍ ത്വാഹാ ഫസല്‍ തന്റെ അനുഭവം വെളിപ്പെടുത്തി: “ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സമയത്ത് ഐബി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യമ്പോള്‍ ആദ്യമായി ചോദിച്ചത് ഉമ്മ പര്‍ദ്ദയാണോ ഇടുന്നത് എന്നാണ്. പിന്നെ ഞാന്‍ പാന്റ് ഞെരിയാണിക്ക് താഴെയാണോ മുകളിലാണോ ഇടുന്നത് എന്നും ചോദിച്ചു. കൊറോണക്കാലത്ത് ജയിലിനുള്ളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് പോകാതിരുന്നവരെ അടുത്ത ദിവസം മറ്റൊരു സെല്ലിലാക്കുകയും അവര്‍ക്കെതിരേ ജയിലില്‍ കലാപം നടത്താന്‍ ശ്രമിച്ചുവെന്ന പേരില്‍ കേസെടുക്കുകയും ചെയ്തു. തടവുകാര്‍ കോടതിയില്‍ വാദിച്ചാണ് അതില്‍നിന്ന് ഊരിയത്.” (23 ഫെബ്രുവരി, മഖ്ദൂബ് മീഡിയ).


23. കൊലയാളികളും കലോത്സവവും ഫലസ്തീനും (ഫെബ്രുവരി 26)
എം.ജി സര്‍വകലാശാല യൂണിയന്‍ കലോത്സവം തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ മാര്‍ച്ച് 17 മുതല്‍ 23 വരെയാണ് നടന്നത്. കലോത്സവത്തിന്റെ പോസ്റ്ററില്‍ ഉപയോഗിച്ചിരുന്നത് യുദ്ധംകൊണ്ടുതകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ഫലസ്തീന്‍ പതാകശരീരത്തില്‍ ചുറ്റി നടന്നുനീങ്ങുന്ന ഒരു ബാലന്റെ ചിത്രമായിരുന്നു. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ സാജന്‍ സ്‌കറിയ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “എംജി യൂണിവേഴ്‌സിറ്റിയുടെ കലോത്സവ പോസ്റ്ററാണ്. കൊലയാളികള്‍ക്കായി യുവത്വം ഒരുങ്ങുമ്പോള്‍ ഈ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കില്‍ അല്ലേ ഞെട്ടേണ്ടതുള്ളൂ.” (26 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്).
24. മുസ്ലീങ്ങളുടേത് പേര്‍ഷ്യന്‍ സംസ്‌കാരം
മറുനാടന്‍ മലയാളി പ്രതിനിധിയുടെ വഖ്ഫ് ബോര്‍ഡിനെക്കുറിച്ച ചോദ്യത്തിന് പി.സി ജോര്‍ജ് നല്‍കി മറുപടി ഒടുവില്‍ ചെന്നുനിന്നത് മുസ്ലീങ്ങളെ ആട്ടിയിറക്കണമെന്ന കമന്റിലാണ്. വഖ്ഫ് ബോര്‍ഡിനെ മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ലെന്നും ഭരണഘടനയ്ക്ക് മുകളില്‍ ഒന്നും നിലനില്‍ക്കില്ലെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ ഒരു ഹൈന്ദവരാഷ്ട്രമാണെന്നും എന്നാല്‍ മുസ്ലീങ്ങൾ പേര്‍ഷ്യന്‍ സംസ്‌കാരക്കാരാണെന്നും ആട്ടിയിറക്കണമെന്നും പറഞ്ഞു.
വിദ്വേഷ പ്രസ്താവന
മറുനാടന്‍ മലയാളി : ശരിയത്ത് നിയമം പോലെയാണോ ?
പി.സി ജോര്‍ജ് : ശരിയത്ത്. ആരുടെ ശരിയത്ത്? ഇതൊന്നും ശരിയല്ല. ഇന്ത്യയെന്നത് മഹത്തായ ഭാരതമാണ്. ഹൈന്ദവ രാഷ്ട്രമാണിത്. ഒന്നും ഒളിച്ചുവെക്കാതെ പറയാം. ഞാന്‍ ഇവിടെ സംസാരിക്കുന്നത് ഒരു ക്രിസ്ത്യാനിയാണ്. പക്ഷേ, ഞാന്‍ ഹൈന്ദവനാണ്. ഹിന്ദു സംസ്‌കാരമാണ് ഭാരതത്തിന്റെത്. അത് വിട്ട് പേര്‍ഷ്യന്‍ സംസ്‌കാരവുമായി വലിഞ്ഞുകേറി ഭരിക്കാന്‍ വന്നാല്‍ ആട്ടി ഇറക്കും. ഭരണഘടന ബഹുമാനിച്ച് പോകുന്നവര്‍ മാത്രം ഇവിടെ മതി. ഇന്ത്യക്കൊരു ഭരണഘടനയുണ്ട്. അതിനെ ബഹുമാനിക്കാത്ത ഒരുത്തനെയും ഇന്ത്യയ്ക്കകത്ത് നിര്‍ത്താന്‍ പാടില്ല. ആ ട്രംപ് കൂടെ അവിടെ വന്നിട്ടുണ്ട്. ട്രംപിന് എന്റെ അഭിവാദ്യമര്‍പ്പിക്കുകയാണ്.
തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, മുഹമ്മദ് മുഹ്‌സിന് പി എച്ച്, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.
ഭാഗം രണ്ട് വായിക്കാം: വാക്കും പ്രയോഗവും സൃഷ്ടിക്കുന്ന ഇസ്‌ലാമോഫോബിയ