ഇനി ‍ഞാനീ പുസ്തകം പൂർത്തിയാക്കട്ടെ…

തൊഴിൽപരമായ ചില വാ‍ർത്തകൾ എനിക്കു പങ്കുവെക്കാനുണ്ട്. ഒന്നര പതിറ്റാണ്ടോളം ത‌ുടർന്ന ദൈർഘ്യവും ആഴവുമുള്ള അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് ശേഷം എന്റെ കാരവൻ ബൂട്ടുകൾ ഞാനിന്ന് അഴിച്ചെടുക്കുകയാണ്. വ്യക്തിപരമായും തൊഴിൽപരമായും തിളക്കമാ‍ർന്നതായിരുന്നു ഈ യാത്ര. ഏറെയാളുകൾക്കു ഞാൻ നന്ദിയ‍ർപ്പിക്കേണ്ടതുണ്ട്. കാരവന്റെ ഉടമയും പ്രസാധക എഡിറ്ററുമായ എന്റെ ബോസ് ആനന്ദ് നാഥിനും, 2009 ജനുവരിയിൽ എന്നെ നിയമിച്ച മാതൃസ്ഥാപനമായ ഡൽഹി പ്രസ്സിനും ആദ്യം നന്ദി പറയുന്നു. ആനന്ദിന്റെ അച്ഛൻ പരേഷ് നാഥും സഹോദരി റിച്ചാ ഷാഹും വളരെയേറെ പിന്തുണച്ചിട്ടുണ്ട്. കഠിനമായിരുന്ന ചില സാഹചര്യങ്ങളിൽ അവർ എന്റെ കൂടെയുണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ദീർഘ രൂപത്തിലുള്ള മാസികയെ രൂപപ്പെടുത്താൻ ഒരു ഇരുപത്തൊമ്പതുകാരന് ലഭിച്ച അസുലഭമായ അവസരത്തിന് ആനന്ദിനോടും കുടുംബത്തോടും എനിക്ക് നന്ദിയുണ്ട്.

സ്വതന്ത്ര മാധ്യമപ്രവർത്തനം ഇന്ത്യയിൽ നേരിടുന്ന ഭീഷണികളെക്കുറിച്ചും മാധ്യമ വിലക്കുകളെക്കുറിച്ചും 2022 ഫെബ്രുവരി 22ന് കേരളീയം പബ്ലിഷ് ചെയ്ത അഭിമുഖം.

ഇന്ത്യൻ പത്രപ്രവ‍ർത്തനത്തിൽ ഒരു ഇന്ത്യൻ എഡിറ്റർക്കു കിട്ടിയ ദൈർഘ്യമേറിയ കാലമാണ് പതിനാലു വ‍ർഷം എന്നതിൽ തികച്ചും അനുഗ്രഹീതനായി തോന്നുന്നു. ഒരുനാൾ ഒരു മാധ്യമസുഹൃത്ത് പറഞ്ഞതുപോലെ, ആറോ ഏഴോ വ‍ർഷമാണ് ഒരു ഇന്ത്യൻ എഡിറ്ററുടെ ശരാശരി കാലാവധി. അതിന്റെ ഇരട്ടിയോളം ഞാൻ പിന്നിട്ടു കഴിഞ്ഞു. ഒരുപക്ഷെ 2009 ൽ കാരവാൻ ഡൽഹിയിലെ ഏറ്റവും ചെറിയ ന്യൂസ് റൂം ആയിരിക്കും. എന്റെ കുഞ്ഞുകാറിൽ കൊള്ളാവുന്നത്ര ആളുകൾ മാത്രം. ഓൾഡ് ഡൽഹിയിലെ കരീംസിൽ പോയി ഉച്ചഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ, രണ്ടാമതൊരു കാറോ ഊബറൊ ഞങ്ങൾക്ക് വേണ്ടിവന്നിരുന്നില്ല. എന്നാൽ ഇന്ന് പത്തിരട്ടിയോളം വലുതാണ് ആ സംഘം. മാസികയെ ആരോഗ്യകരമാക്കി മാറ്റിയത് അതിന്റെ സബ്സ്ക്രിപ്ഷൻ ഫസ്റ്റ് ബിസിനസ് മോഡൽ ആണ്. നിങ്ങൾക്ക് വ്യക്തമായി അറിയുന്നതുപോലെ കാരവൻ പുനരാരംഭിച്ചത് ഗൂഢപ്രവ‍ർത്തികൾ വെളിപ്പെടുത്താനായല്ല, ന്യൂയോ‍ർക്കറും അറ്റ്ലാന്റിക്കും പോലെ വിവരണാത്മകമായ ഒരു ദീ‍ർഘരൂപ മാസികയായിട്ടായിരുന്നു. എന്നാൽ ആസൂത്രിതമായല്ലാതെ തന്നെ അതിന്റെ ദീ‍ർഘ ആഖ്യായിക സ്വഭാവത്തിലേക്ക് ക്രമേണ അത്തരം വിഷയങ്ങൾ കടന്നുവന്നു. അതിനാൽ ഒരുവശത്ത് അമ്പതും, നൂറും അതിലും ഏറെ ഉറവിടങ്ങളെ അഭിമുഖം ചെയ്തും തയ്യാറാക്കിയ ഇൻ-ഡെപ്ത്ത് വാ‍ർത്തകളിലൂടെയും സാന്ദർഭികമായ ലേഖനങ്ങളിലൂടെയും ഞങ്ങൾ അഭിവ‍ൃദ്ധിപ്പെട്ടു. മറുവശത്ത്, അന്വേഷണങ്ങൾ വലിയ വാ‍ർത്തകൾ പുറത്തുകൊണ്ടുവന്നു. പുസ്തകങ്ങളുടെ പേജുകൾ, പുസ്തകത്തിന്റെ പുറംചട്ട, ഫോട്ടോ ലേഖനങ്ങൾ തുടങ്ങിയവ സമ​ഗ്രമായ ഒരു വിരുന്ന് വായനക്കാർക്കൊരുക്കി.

അധികാരത്തോട് സത്യം പറഞ്ഞിരുന്നതിനാൽ രസകരമായിരുന്നു ആ അന്വേഷണങ്ങൾ. 2009 മുതലുള്ള ചില വലിയ വാ‍ർത്തകൾ ചുമതലപ്പെടുത്താനോ മേൽനോട്ടം വഹിക്കാനോ എനിക്കു കഴിഞ്ഞു. കോമൺവെൽത്ത് ഗെയിംസ് അഴിമതി, ഹിന്ദു ഭീകരശൃംഖല, സായിബാബയുടെ കുത്തകാധികാരം, അദാനിയുടെ കോൾഗേറ്റ് അഴിമതി, അമിത് ഷായുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസ് വിചാരണ ചെയ്തു കൊണ്ടിരുന്ന ജഡ്ജ് ലോയയുടെ നിഗൂഡ മരണം, റഫേൽ അഴിമതി, ആഭ്യന്തര സുരക്ഷാ ഉപദേശകൻ അജിത് ഡോവലിന്റെ മകന്റെ ടാക്സ് ഹാവൻ കയ്മാൻ ദ്വീപിലെ കമ്പനി, അമിത് ഷായുടെ മകന്റെ ബാങ്ക് ലോണുകൾ, യെഡ്ഡി ഡെയറി എന്ന് അറിയപ്പെടുന്ന ബി.ജെ.പി നേതൃത്വത്തിലേക്ക് യെദ്യൂപ്പ നൽകിയ ദശലക്ഷങ്ങൾ ഉൾപ്പെടെ എല്ലാം സാധ്യമായത് റിപ്പോട്ടർമാരുടെയും എഡിറ്റർമാരുടെയും മികച്ചൊരു സംഘം എന്റെ കൂടെ ഉണ്ടായിരുന്നതിനാലാണ്. നൂറോറം മുഴുവൻ സമയ പത്രപ്രവർത്തകരോടും നൂറുകണക്കിന് എഴുത്തുകാരോടുമൊപ്പം ഞാൻ പണിയെടുത്തിട്ടുണ്ട്.

2009 ഡിസംബറിൽ കാരവൻ പുനരാരംഭിച്ചപ്പോൾ നടത്തിയ പ്രസ് മീറ്റ്.

എന്നോടൊപ്പം പ്രവർത്തിക്കുകയും നേരത്തെ പിരിഞ്ഞു പോവുകയും ചെയ്ത മുതിർന്ന എഡിറ്റർമാർ, വിശാൽ അറോറ, കാജൽ ബസു, ആദം മാത്യൂസ്, ജോനാഥൻ ഷൈനിൻ, നഫീസ സയ്യിദ്, ഡേവ് ബെസ്സലിംഗ്, അലക്സ് ബ്ലാസ്ഡൽ, ജ്യോതി നടരാജൻ, സുപ്രിയ നായർ, സോണാൽ ഷാ, സ്നിഗ്ധ പൂനം, അജയ് കൃഷ്ണൻ, അർഷു ജോൺ, റോമൻ ഗൗതം തുടങ്ങിയവർ. അവരുടെ ഓരോ എഴുത്തുകളും ഓരോ തവണയും നാളെ ഇല്ലെന്ന മട്ടിൽ മെച്ചപ്പെടുത്തുകയും സ്ഥാപനത്തിൽ അവരുടെ വ്യക്തിത്വത്തിന്റെ ഒരു നിഴൽ അവശേഷിപ്പിക്കുകയും ചെയ്തു. (ഈ പേരുകളിൽ ചിലത് ഞാൻ പട്ടികപ്പെടുത്തുമ്പോൾ, അവരുടെ സംഭാവനകൾ വേണ്ടത്ര വിവരിച്ചില്ലെങ്കിൽ അവരുടെ ഓരോ സംഭാവനകളോടും എനിക്ക് നീതി പുലർത്താൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ജീവചരിത്രം എഴുതാൻ ജീവിതം അവസരം നൽകിയാൽ അത് സംഭവിച്ചേക്കാം).

സ്റ്റാഫ് റൈറ്റർമാരായ മെഹബൂബ് ജീലാനി, രാഹുൽ ഭാട്ടിയ, പ്രവീൺ ദോന്തി, പൂർണിമ ജോഷി, കൃഷ്ണ കൗശിക്, പ്രിയങ്ക ദുബെ, ടോറൽ വാരിയ, അതുൽ ദേവ്, നികിത സക്‌സേന തുടങ്ങിയവർ പുതിയ സ്രോതസ്സുകൾ നിർമ്മിക്കുന്നതിൽ വിജയച്ചു. കൂടുതൽ ആളുകളെ അവ‍ർ തുറന്നുകാണിച്ചു. രൂപരേഖയിലും ഉള്ളടക്കത്തിലും അവരുടെ ചക്രവാളങ്ങളെ നിരന്തരം മുന്നോട്ടുനയിക്കുകയും ചെയ്തു. അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, പങ്കജ് മിശ്ര, വില്യം ഡാൽറിംപിൾ, കാഞ്ച ഐലയ്യ, മിറാൻഡ കെന്നഡി, ഡെബോറ ബേക്കർ, ക്രിസ്റ്റഫ് ജാഫ്രലോട്ട്, സിദ്ധാർത്ഥ ദേബ്, സഞ്ജയ് കാക്ക്, അമിതാവ കുമാർ, സാമന്ത് സുബ്രഹ്മണ്യൻ, ബഷാരത് പീർ തുടങ്ങിയവർ തങ്ങളുടെ മികച്ച രചനകൾ കാരവനിലും പ്രസിദ്ധീകരിച്ചു. അവരിൽ പലരും മാസികയുടെ കോൺട്രിബ്യൂട്ടിം​ഗ് എഡിറ്റർമാരായിരുന്നു.

അഞ്ജും ഹസൻ, കുശാനവ ചൗധരി, രജനി ജോർജ്ജ്, ചന്ദ്രഹാസ് ചൗധരി എന്നിവർ പുസ്തകങ്ങളും ഫിക്ഷൻ, കവിതാ പേജുകളും ഇന്ത്യൻ മാസികകളിലെ ഏറ്റവും മികച്ചതായി രൂപപ്പെടുത്തി. എഡിറ്റോറിയൽ മാനേജർമാരായ എ.എൻ ഝാ, ലീന ഗീതാ രഘുനാഥ്, സുകൃതി സ്റ്റാൻലി, അനൂപ് ശ്രീനിവാസ്, ഹരിപ്രിയ കെ.എം എന്നിവർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളെല്ലാം നി‍ർവഹിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കുകയും ആളുകളെ കൈകാര്യം ചെയ്യുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തു. എഡിറ്റോറിയലുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് മുൻ വർഷങ്ങളിൽ മുനാസ റഹ്മാൻ കാരവനെ വിപണനം ചെയ്തു. മനസ് റോഷൻ, നിലീന എം.എസ്, കൗശൽ ഷ്രോഫ്, അഹാൻ ജോഷ്വ പെങ്കർ എന്നിവർ ഓരോ വാക്കും സംശയാസ്പദമായി കണക്കാക്കുകയും മികച്ച വസ്തുതാ പരിശോധന നടത്തുകയും ചെയ്തു. ആഞ്ജനേയ ശിവൻ തടസ്സങ്ങളില്ലാത്ത പേവാൾ സ്ഥാപിച്ചു. ട്രാഫിക്കിനെ സബ്‌സ്‌ക്രിപ്‌ഷനുകളാക്കി മാറ്റി. മാസികയ്ക്ക് ദൃശ്യഭാഷ നൽകിയ ഗിരീഷ് അറോറയോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള മാസങ്ങൾ ഭ്രാന്തവും ആവേശകരവുമായിരുന്നു. ഗിരീഷ് മാസികയുടെ ഓരോ വിഭാഗത്തിനും ജീവൻ നൽകി. മറ്റൊന്നിൽ നിന്ന് വ്യത്യസ്തവും എന്നാൽ ഏകീകൃതമായതുമായിരുന്നു രൂപകൽപ്പന. അദ്ദേഹം നിർമ്മിച്ച എല്ലാ ഡമ്മി ഓപ്ഷനുകളും മറ്റൊന്നിനേക്കാൾ മികച്ചതായിരുന്നു.

തുടർന്ന് മാസികയുടെ വിവിധ ഘട്ടങ്ങളിൽ വന്ന ഫോട്ടോ എഡിറ്റർമാരും ഡിസൈനർമാരും, സാമി ശിവ, ബീരേന്ദ്ര, പരംജീത് സിംഗ്, ശ്രീനിവാസ് കുരുഗന്തി, രാഹുൽ എം, പരശുറാം കോക്രി, തൻവി മിശ്ര, അഞ്ജലി നായർ, സന്ധ്യ വിശ്വനാഥൻ, കെവിൻ ഇളങ്കോ തുടങ്ങിയവർ അവരുടെ മികച്ച സർഗാത്മകത മാഗസിനിലേക്കു സംഭാവന ചെയ്തു. ദൃശ്യ പദ്ധതിയെ അവ‍ർ ആരംഭിച്ചിടത്ത് നിന്നും ഏറെ മുന്നോട്ടുകൊണ്ടുപോയി.

എനിക്ക് ഉറപ്പുണ്ട് വളരെ നീണ്ടു പോകുമെന്നതിനാൽ ഈ പട്ടികയിൽ പേരു ചേർക്കാത്ത നിലവിലെ എഡിറ്റോറിയൽ ടീൺ, അവർ ചെയ്യുന്ന കാര്യങ്ങൾ എത്ര നന്നായി ചെയ്യുന്നുവെന്ന് അവർക്കറിയാം. എല്ലാ മേഖലകളിലും അവർ ഇനിയും അഭിവൃദ്ധിപ്പെടുമെന്നും. ന്യൂസ്‌റൂമുകളുടെ സാമൂഹ്യശാസ്ത്രത്തിൽ പി.എച്ച്‌.ഡി ഉണ്ടായിരുന്ന ഒരു മാധ്യമ പണ്ഡിതൻ എന്ന നിലയിൽ എനിക്ക് വ്യക്തിപരമായി കാരവനിലെ എന്റെ പ്രിയപ്പെട്ട വശം ഞങ്ങൾ എങ്ങനെ ന്യൂസ്‌റൂമിലേക്ക് വൈവിധ്യം കൊണ്ടുവന്നു എന്നതിലാണ്. ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ന്യൂസ്‌റൂമുകളിൽ ഒന്നാണ് കാരവൻ എന്ന് ഞാൻ കരുതുന്നു. 2011-ൽ പാർശ്വവൽക്കരിക്കപ്പെട്ടതിന്റെ പേരിൽ പരസ്യം നൽകിയ ആദ്യത്തെ ന്യൂസ് റൂം കൂടിയായിരുന്നു ഇത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ പിന്മാറ്റത്തോടൊപ്പം ന്യൂസ് റൂമിന്റെ ഭരണഘടനയെക്കുറിച്ചുള്ള ചോദ്യവും വളരെ പ്രധാനപ്പെട്ടതാണ്. 2014-ൽ പൊളിറ്റിക്കൽ എഡിറ്ററായി ഞാൻ കൊണ്ടുവന്ന ഹർതോഷ് എനിക്ക് പകരക്കാരനായി എക്സിക്യൂട്ടീവ് എഡിറ്ററായി എത്തും. അനന്തിന്റെയും ഹർതോഷിന്റെയും കീഴിൽ വരും വർഷങ്ങളിൽ കാരവൻ കൂടുതൽ ഉയരങ്ങൾ താണ്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്കെല്ലാം വിജയാശംസകൾ നേരുന്നു.

എല്ലാ തലങ്ങളിലും എന്നെ വളരെയധികം സഹായിച്ച പ്രിയ സുഹൃത്തുക്കൾ നിരവധിയുണ്ട്. അവർ എന്താണ് ചെയ്തതെന്ന് അവർക്കറിയാം, അവരുടെ സ്നേഹവും പിന്തുണയും ഞാൻ എത്രമാത്രം വിലമതിക്കുന്നുവെന്നും. എല്ലാ കാലത്തും ഞങ്ങളുടെ പത്രപ്രവർത്തനത്തെ പിന്തുണച്ച വായനക്കാർക്ക് ഞാൻ നന്ദി പറയുന്നു. അവർ ഞങ്ങളുടെ വാർത്തകൾ വായിച്ചു, ചർച്ച ചെയ്തു, വിമർശിച്ചു, വരിസംഖ്യകൾ നൽകി, തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി പകർപ്പുകൾ നൽകി. അനേകം വഴികളിൽ, കാരവൻ കഥയുടെ കേന്ദ്രബിന്ദു വായനക്കാരാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്കു നന്ദി.

ഇനിയെന്തെന്ന് എന്നോട് സ്വകാര്യമായി ചോദിക്കുന്നവരോട്- ആദ്യ ഉദ്യമം ഒരു പ്രമുഖ പ്രസാധകനുമായി ഞാൻ എഴുതാൻ കരാറുള്ള ഒരു പുസ്തകം പൂർത്തിയാക്കാനുള്ള പദ്ധതിയാണ്. ഞാൻ ആഗ്രഹിക്കുന്നത്രയും എഴുതാനും റിപ്പോർട്ട് ചെയ്യാനും കഴിയാതെ മനോഹരമായ ഒരു എഡിറ്ററുടെ മുറിയിൽ കൂട്ടിലടച്ച ഒരു റിപ്പോർട്ടറായി ഞാൻ എന്നെ കരുതുന്നു. ഞാൻ മേൽനോട്ടം വഹിച്ച റിപ്പോർട്ടർമാരിലൂടെ എന്റെ റിപ്പോർട്ടിംഗ് ചായ്‌വ് നിറവേറ്റുകയായിരുന്നു. പതിനൊന്ന് വർഷം മുമ്പ് ഞാൻ എഴുതിയ മോദി പ്രൊഫൈലിൽ ശേഷം ഞാൻ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. നമ്മുടെ സമീപകാലത്തെ ചരിത്ര വിവരണമാകാൻ പോകുന്ന ഈ പുസ്തകം ഉടൻ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

2023 എനിക്ക് ജേണലിസത്തിൽ 25-ാം വർഷമാണ്. 1998-ൽ എന്റെ ആദ്യ ബൈലൈൻ പ്രത്യക്ഷപ്പെട്ടു. അന്ന് ഞാൻ കൗമാരത്തിന്റെ അവസാനത്തിലായിരുന്നു. രാജ്യത്തിലെ ഒരു ചെറിയ ​ഗ്രാമത്തിൽ വളർന്നതിന്റെ എല്ലാ അവസരങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചിട്ടുള്ളതിനാൽ പത്രപ്രവർത്തനം ഗൗരവമായി എടുക്കുകയും ചെയ്തു. അതിനുശേഷം ഞാൻ സ്ട്രിംഗർ, ഫിക്സർ, കബ് റിപ്പോർട്ടർ, ഫ്രീലാൻസ് റിപ്പോർട്ടർ, ഫീൽഡ് പ്രൊഡ്യൂസർ, ഷോ പ്രൊഡ്യൂസർ, പ്രസാധകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 25 വർഷം നീണ്ട ആ ഓട്ടത്തിൽ ഒരിക്കലും ഒന്നും സംഭവിക്കാതെ പോയ ഒരു ദിവസം ഉണ്ടായിട്ടില്ല.

കാരവൻ ലക്കങ്ങളുടെ കവറുകൾ

എന്റെ സർട്ടിഫിക്കറ്റുകൾ ചാരമാക്കി മാറ്റിയ 2000 ത്തിന്റെ തുടക്കത്തിൽ ഡൽഹിയിലെ എന്റെ അപ്പാർട്ടുമെന്റിൽ നടന്ന തീവെയ്പ്പിൽ നിന്ന് രക്ഷപ്പെട്ടത് മുതൽ അടുത്തിടെ കോടതികളിൽ വന്ന പത്തോ അതിലധികമോ രാജ്യദ്രോഹക്കേസുകൾ വരെ, ചെറുതോ വലുതോ ആയ ഓർമ്മയിലില്ലാത്ത ഒരു കഥയുമില്ല. നാം ജീവിക്കുന്ന കാലഘട്ടം ന്യൂസ്‌റൂമിന്റെ അതിരുകൾക്കപ്പുറത്ത് നിന്നുപോലും ഗൗരവമായ ചിന്തകളും ഇടപെടലുകളും ആവശ്യപ്പെടുന്നു എന്നതും എന്നെ ഭാരപ്പെടുത്തുന്നു. എന്നാലും അതിന്റെ അർത്ഥം വ്യക്തമല്ല. ആദ്യം, എന്റെ കയ്യിലുള്ള പുസ്തകം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ ഓട്ടത്തിനായി ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത എന്റെ കുടുംബത്തിനും എന്റെ മാതാപിതാക്കൾക്കും ഭാര്യക്കും കുട്ടികൾക്കും സഹോദരിമാർക്കും കുടുംബത്തിനും ഞാൻ നന്ദി പറയുന്നു. അടുത്തുള്ളവർക്കും പ്രിയപ്പെട്ടവർക്കും കുറച്ച് സമയം നൽകാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ ഒരു എഡിറ്റർ എന്ന നിലയിൽ തൽക്കാലം വിട, ഒരു വായനക്കാരനും എഴുത്തുകാരനും എന്ന നിലയിൽ ഹായ്.

പരിഭാഷ: ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 31, 2023 12:55 pm