കേരളത്തിൽ കാട് കൂടി എന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടോ? വന്യജീവികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടോ? മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇപ്പോൾ നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ മതിയാകുമോ? കേരള കാർഷിക സർവ്വകലാശാലയുടെ വന്യജീവി വിഭാഗം മേധാവി ഡോ. പി.ഒ നമീർ സംസാരിക്കുന്നു.
അടുത്തിടെ വയനാട് ജില്ലയിലെ മാനന്തവാടിക്ക് സമീപം കടുവയുടെ ആക്രമണത്തിൽ കർഷകൻ മരണപ്പെട്ടതിനെത്തുടർന്ന് മനുഷ്യ വന്യജീവി സംഘർഷത്തിന്റെ കാരണങ്ങളെയും പരിഹാരങ്ങളെയും കുറിച്ചുള്ള പലതരം ചർച്ചകൾ വിവിധ കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ടല്ലോ. കാടിന്റെ വിസ്തൃതി വർദ്ധിച്ചുവെന്നും അത് വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നതിന് കാരണമായയെന്നും മാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള പ്രസ്താവനകൾ വരുന്നു. വനത്തെയും വന്യജീവികളെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ താങ്കളോട് ചോദിക്കട്ടെ, എന്താണ് ഇതിലെ യാഥാർത്ഥ്യം?
വനത്തിന്റെ വിസ്തൃതി വർദ്ധിച്ചുവെന്നും അത് വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നതിന് കാരണമായെന്നും മാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നമ്മുടെ വനവിസ്തൃതി ഇപ്പോഴും വനം വകുപ്പിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, അതായത് അവരുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത് 11309.5032 ചതുരശ്ര കിലോമീറ്ററാണ്. Percentage of forest area to the total forest area 29.101ശതമാനമാണ്. അതിൽ റിസർവ് ഫോറസ്റ്റ് 9107.2006 ചതുരശ്ര കിലോമീറ്റർ, പ്രപ്പോസ്ഡ് ഫോറസ്റ്റ് 364. 5009 ചതുരശ്ര കിലോമീറ്റർ, വെസ്റ്റഡ് ഫോറസ്റ്റ് ആൻഡ് എക്കോളജിക്കലി ഫ്രജൈൽ ഫോറസ്റ്റ് 1837.7957 ചതുരശ്ര കിലോമീറ്റർ. ഈ പതിനൊന്നായിരം വിസ്തൃതിയുള്ള ഫോറസ്റ്റ് വനം വകുപ്പ് പറയുമ്പോൾ അതിൽ റിസർവ്ഡ് ഫോറസ്റ്റ് 9107.2006 ചതുരശ്ര കിലോമീറ്റർ ആണ്. ബാക്കിയുള്ളത് പ്രപ്പോസ്ഡ് ഫോറസ്റ്റും വെസ്റ്റഡ് ഫോറസ്റ്റ് ആൻഡ് എക്കോളജിക്കലി ഫ്രജൈൽ ഫോറസ്റ്റ് അടക്കമാണ് 11,000 ഉണ്ടെന്ന് പറയുന്നത്. അത് 29 ശതമാനം ഉള്ളുവെന്ന് അവരുടെ വെബ്സൈറ്റ് തന്നെ പറയുന്നു. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കിന്റ അടിസ്ഥാനത്തിലെ വാദമാകട്ടെ കേരളത്തിൽ 50 ശതമാനത്തോളം വനമുണ്ട് എന്നുള്ളതാണ്. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ വനവിസ്തൃതി എന്നല്ല, ‘കനോപ്പി കവർ’ എന്നാണ് പറയുന്നത്. ഏരിയൽ ഫോട്ടോഗ്രാഫുകളും ജി.ഐ.എസ് ടെക്നോളജിയും ഉപയോഗിച്ചിട്ടാണ് ‘കനോപ്പി കവർ’ രീതിയിൽ ഇന്ത്യ മുഴുവൻ സർവ്വേ നടത്തുന്നത്. ഈ റിപ്പോട്ടിൽ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് നിങ്ങൾ ഈ റിപ്പോർട്ട് ഗ്രൗണ്ടിൽ പരിശോധിക്കണം എന്ന്. കാരണം കനോപ്പി കവറിൽ റബ്ബർ തോട്ടങ്ങൾ, തെങ്ങിൻ തോപ്പുകൾ, കവുങ്ങിൻ തോപ്പ്, ജാതി, കാപ്പി, തേയില ഒക്കെ ഉൾപ്പെടും. അതെല്ലാം കൂട്ടിയാണ് 50 ശതമാനം എന്ന് പറയുന്നത്. ഇത് മറ്റു പല താല്പര്യങ്ങളുള്ളവർ തെറ്റായി വ്യാഖ്യാനിക്കാൻ ഉപയോഗിക്കുന്നു. വനം വകുപ്പ് 11,000 ചതുരശ്ര കിലോമീറ്റർ എന്നേ ഇന്നും പറയുന്നുള്ളൂ.
വന്യജീവികളുടെ കാര്യത്തിൽ 1993-1997-2002ൽ KFRI (Kerala Forest Research Institute) വനം വകുപ്പിന് വേണ്ടി സർവേ നടത്തിയിട്ടുണ്ട്. അതിനുശേഷം വനം വകുപ്പ് നേരിട്ട് നടത്തുന്ന സർവ്വേകളായിരുന്നു ഉണ്ടായിരുന്നത്. 1993-1997-2002 ലേത് സംസ്ഥാന തലത്തിൽ നടന്ന സെൻസസ് ആണ്. വന്യജീവി സങ്കേതത്തിൽ മാത്രമല്ല റിസർവ് ഫോറസ്റ്റിലും ഈ സെൻസസ് നടന്നിട്ടുണ്ട്. പല ബ്ലോക്കുകളായി തിരിച്ച് പൊതുജന പങ്കാളിത്തത്തോടെ നടന്ന സെൻസസ് ആണിത്. ഈ റിപ്പോർട്ടുകൾ നമ്മൾ പരിശോധിച്ചു കഴിഞ്ഞാൽ കുറേ നമ്പർ കൊടുത്തിരിക്കുന്നത് കാണാം. കണക്കിലെ കുറേ കളികൾ എന്ന് പറയാം. അത് സ്റ്റാറ്റിസ്റ്റിക്കലി സ്വീകരിക്കാൻ കഴിയണമെങ്കിൽ ‘കോയിഫിഷ്യൻ്റ് ഓഫ് വേരിയേഷൻ’ (coefficient of variation-CV-ഗുണനഘടകം) പരിഗണിക്കേണ്ടതുണ്ട്. കോയിഫിഷ്യൻ്റ് ഓഫ് വേരിയേഷൻ കുറയുന്നതനുസരിച്ച് വിവരങ്ങൾ കൃത്യമാകാനുള്ള സാധ്യത വളരെ കൂടുതലാകും. 93-97-2002 റിപ്പോർട്ട് പരിശോധിച്ചാൽ അവിടെയുള്ള കോയിഫിഷ്യൻ്റ് ഓഫ് വേരിയേഷൻ ഇൻവേരിയബിളി 50 ശതമാനം കൂടുതലാണ്. ചിലത് 80 ശതമാനം വരെയുണ്ട്. 100 ആനയുണ്ടെന്ന് പറഞ്ഞാമുൽ 80 ശതമാനം കോയിഫിഷ്യൻ്റ് ഓഫ് വേരിയേഷൻ ആണെങ്കിൽ അത് 20 മുതൽ 180 വരെ ആകാം. അതാണ് നമ്മുടെ കയ്യിലുള്ള പ്രാഥമികമായ കണക്ക്. 2011 വരെയുള്ള വിവരങ്ങളാണ് വെബ്സൈറ്റിൽ ലഭ്യമായത്. അതിന് ശേഷമുള്ളത് വെബ്സൈറ്റിലും ലഭ്യമല്ല.
ആനയുടെ കണക്ക് നോക്കാം. 1993 ൽ 7600, 1997 ൽ 17056, 2002 ൽ 13227. അത് കഴിഞ്ഞ് 2011 ൽ വന്നപ്പോൾ 9480. ഇതാണ് ആനയുടെ ലഭ്യമായ കണക്ക്. ആനയുടെ കാര്യത്തിലും കടുവയുടെ കാര്യത്തിലും ദേശീയതലത്തിൽ ഒരു ഗൈഡ് ലൈനുണ്ട്. ആനയുടെ കാര്യത്തിൽ ഏത് രീതി ഉപയോഗിക്കണമെന്ന് പ്രോജക്ട് എലഫന്റ് പറയുന്നുണ്ട്. കടുവയുടെ കാര്യത്തിൽ പഴയ പ്രോജക്ട് ടൈഗർ, ഇപ്പോൾ NTCA (National Tiger Conservation Authority) പറയുന്ന ഗൈഡ് ലൈനുണ്ട്. ഇതുപ്രകാരമുള്ള കണക്കെടുപ്പ് എല്ലാ നാല് വർഷം കൂടുമ്പോഴും രാജ്യം മുഴുവൻ നടക്കുന്നതിന്റെ ഭാഗമായി നമ്മുടെ സംസ്ഥാനത്തും നടക്കുന്നുണ്ട്. ഈ ഡേറ്റ കുറച്ചുകൂടി കൃത്യമാണ്. കാരണം അത് ദേശീയ തലത്തിലുള്ള ഗൈഡ് ലൈൻ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെയും പ്രശ്നങ്ങളുണ്ട്. പല റിപ്പോർട്ടുകളും പൊതുവായി ലഭ്യമല്ല. വയനാടിനെ സംബന്ധിച്ച് ലഭ്യമായ ഒരു റിപ്പോർട്ട് 2014ൽ World Wide Fund for Nature (WWF) നടത്തിയ പഠന റിപ്പോർട്ട് ആണ്. അതുപ്രകാരം മൊത്തം 75 കടുവ ഉണ്ടെന്ന് പറയുന്നു. ക്യാമറാ ട്രാപ്പിങ്ങ് ടെക്നിക്ക് ആണ് ഉപയോഗിക്കുന്നത്. 75 കടുവയുടെ ചിത്രങ്ങൾ അവർ എടുത്തിട്ടുണ്ട്. അതിന് മുൻപ് സെൻസസ് നടന്നത് 2010 ലാണ്. അന്ന് അവിടെ 40 കടുവകളാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. 2014 ലെ ക്യാമറാട്രാപ്പിൽ WWF റെക്കോർഡ് ചെയ്തിരിക്കുന്നത് 75 കടുവകളെയാണ്.
ഈ കണക്കിൽ എത്രത്തോളം കൃത്യതയുണ്ട്? കൃത്യത ഉറപ്പാക്കാൻ കഴിയുന്ന തരത്തിലുള്ള പഠനരീതിയാണോ അവലംബിക്കാറുള്ളത്?
അതിന് ക്യാമറാ ട്രാപ്പ് ടെക്നിക്കിനെ കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കേണ്ടതുണ്ട്. നിരീക്ഷണ മേഖലകളിൽ ക്യാമറ വിന്യസിക്കുന്നു, അതിൽ കിട്ടുന്ന ചിത്രങ്ങൾ നമ്മൾ പരിശോധിക്കുന്നു എന്നതാണ് ചെയ്യുന്നത്. ഇതിന് രണ്ട് ഘട്ടങ്ങൾ ഉണ്ട്, ക്യാപ്ച്ചർ ഫേസും റീ ക്യാപ്ച്ചർ ഫേസും. ഇതിൽ അവർ പറഞ്ഞിരിക്കുന്നത് 117 ദിവസം നീണ്ടു നിന്ന പഠനമാണെന്നും 44 ദിവസം ക്യാമറാ ട്രാപ്പ് വെക്കുകയും ആ ക്യാമറാ ട്രാപ്പ് 20 ദിവസം ക്യാപ്ച്ചറിനായി ഉപയോഗിക്കുകയും ബാക്കി 20 ദിവസം റീ ക്യാപ്ച്ചറിനായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ്. നാല് ദിവസത്തെ ഗ്യാപ്പുണ്ടായിരുന്നു. ആദ്യത്തെ ക്യാമറാ ക്യാപ്ച്ചർ ശ്രമത്തിൽ 75 കടുവയെ കിട്ടിയെങ്കിൽ രണ്ടാമത്തെ ഘട്ടത്തിൽ 70 കടുവകളുടെ ചിത്രം പതിഞ്ഞു. ആദ്യഘട്ടത്തിൽ പതിഞ്ഞ അതേ കടുവ എത്ര എണ്ണമാണ് റീ ക്യാപ്ച്ചർ ചെയ്തത് എന്ന വിശദമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് എണ്ണത്തിലേക്കെത്തേണ്ടത്. ആദ്യത്തെ ഘട്ടത്തിലേത് വെറും ഇമേജ് മാത്രമാണ്. അതേ റിപ്പോർട്ടിൽ ക്യാപ്ച്ചർ-റീക്യപ്ച്ചർ വച്ചിട്ട് പറയുന്നുണ്ട് വയനാട് 44 കടുവകളേയുള്ളൂ. 2010 ൽ 40 കടുവയായിരുന്നു, 2014 നാലെണ്ണം കൂടി 44 ആയി. സാധാരണ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള മൃഗങ്ങളുടെ എണ്ണമാണ് കണക്കാക്കുക. എന്നാൽ കടുവയുടെ കാര്യത്തിൽ 100 കീലോ മീറ്ററിൽ ഉള്ള കടുവകളുടെ എണ്ണം കണക്കാക്കുന്നു. ഇതേ റിപ്പോർട്ടിൽ പറയുന്നത് വയനാട്ടിലെ ടൈഗർ ഡെൻസിറ്റി 11.2 /100 കി.മീ ആണെന്നാണ്. വയനാട് 344 ചതുരശ്ര കിലോമീറ്ററാണുള്ളത്. ഈ 344 ചതുരശ്ര കിലോമീറ്ററിൽ 38 കടുവ ആണുള്ളത്. അതായത് ഏകദേശം 40 ന് അടുത്താണ് കടുവയുടെ എണ്ണം. 2022 കഴിഞ്ഞപ്പോൾ 150 കടുവ ആണെന്ന് പറയുന്നു. ഒരു പക്ഷെ 150 കടുവയുടെ ചിത്രങ്ങൾ കിട്ടിയിട്ടുണ്ടാകും. പക്ഷെ ക്യാപ്ച്ചർ-റീ ക്യാപ്ച്ചർ വിശകലനത്തിൽ കിട്ടിയിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം. മറ്റൊന്ന് വയനാട്, തമിഴ്നാടും കർണ്ണാടകയുമായി 102 കി.മീ അതിർത്തി പങ്കിടുന്നുണ്ട്. ഒരോ രണ്ട് കിലോമീറ്ററിൽ ക്യാമറ വെച്ചിട്ടാണ് ക്യാമറാ ക്യാപ്ച്ചറിങ്ങ് ചെയ്യുന്നത്. അതുപ്രകാരം ഏകദേശം 100 ക്യാമറകൾ അതിർത്തിയിൽ വെച്ചിട്ടുണ്ട്. അതിർത്തികളിൽ വരുന്ന മൃഗങ്ങളും ക്യാമറാ ട്രാപ്പിൽ പതിയാം. എന്നാൽ അതിൽ എത്ര എണ്ണം റീക്യാപ്ച്ചർ ചെയ്യപ്പെടുന്നു എന്നുള്ളത് നോക്കിയിട്ടാണ് എണ്ണത്തിൽ എത്തേണ്ടത്.
കാടിന്റെ വിസ്തൃതി, മൃഗങ്ങളുടെ എണ്ണം എന്നിവയ്ക്ക് ആധികാരികമായ ഒരു ഡേറ്റാ ഇല്ല. എന്നാലും, ഉള്ളതു തന്നെ നമ്മൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കടുവയുടെ പോല തന്നെയാണ് ആനയുടെ കാര്യവും. പ്രോജക്ട് എലഫന്റ് പറയുന്നത് ആനപിണ്ഡം നോക്കുന്ന രീതിയാണ് (DUNG COUNT METHOD). അതിനൊപ്പം ടോറ്റൽ കൗണ്ട് നടത്തുന്നുണ്ട്. എന്നാൽ ടോറ്റൽ കൗണ്ടിങ്ങിൽ ഒരു ട്രാൻസിറ്റിൽ കണ്ട ആന മറ്റൊരു ട്രാൻസിറ്റിൽ എണ്ണപ്പെടാം. ഇത് ഡൂപ്ലിക്കേഷൻ സാധ്യത കൂട്ടും. DUNG COUNT METHOD ൽ പിണ്ഡത്തിന്റെ ഡെൻസിറ്റി, ഡീകേയിങ് റേറ്റ്, defecation റേറ്റ് എല്ലാം കണക്കാക്കി വിശകലനം നടത്തും. ഇതിന് സമയം എടുക്കും. അപ്പോൾ സെൻസസ് നടത്തുന്ന ഉടനെ കൃത്യമായ വിവരം നൽകാൻ കഴിയില്ല. വന്യ ജീവികളുടെ എണ്ണം സംബന്ധിച്ച് നമുക്ക് അടിസ്ഥാന മാനദണ്ഡങ്ങൾ ഇല്ല എന്നതാണ് യാഥാർത്ഥ്യം. അടിസ്ഥാന മാനദണ്ഡങ്ങൾ ഉള്ളത് ആനയുടെയും കടുവയുടെയും കാര്യത്തിൽ മാത്രമാണ്. എന്നാൽ അതുതന്നെ ഈ പറഞ്ഞ തരത്തിൽ തെറ്റായി ഓരോരുത്തർക്കും സൗകര്യപൂർവ്വം വ്യാഖ്യാനിക്കാൻ കഴിയുന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.
വയനാട് പോലെ ഉള്ള പ്രദേശങ്ങളിൽ എല്ലാ വർഷവും ആവർത്തിക്കുന്ന കാട്ടുതീ കാടിന്റെ വിസ്തൃതിയേയും ആരോഗ്യത്തേയും ബാധിച്ചിട്ടില്ലേ? ഇത് വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകർക്കുകയല്ലേ ചെയ്തിട്ടുള്ളത്?
കാട്ടുതീ മാത്രമല്ല, നമ്മുടെ വന വന്യജീവി സംരക്ഷണത്തെ ബാധിക്കുന്ന മറ്റ് പല പ്രശ്നങ്ങളുമുണ്ട്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മൾ പിന്തുടരുന്ന പെരുമാറ്റ ചട്ടങ്ങളുണ്ട്. വൈൽഡ് ലൈഫ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് വാട്ടർഹോൾസ് നിർമ്മിക്കുക, വിസ്താ ക്ലിയറിങ്ങ് നടത്തുക, കള നിർമ്മാർജനം ചെയ്യുക മുതലായവ പതിവുണ്ട്. വിസ്താ ക്ലിയറിങ്ങിനായി കാടിനുള്ളിലെ വഴികളിൽ ഇരുവശത്തുമായി 10 മീറ്റർ വിസ്തൃതിയിൽ അടിക്കാടുകൾ വെട്ടാം. യാത്ര ചെയ്യുന്നവർക്കോ, ഉദ്യോഗസ്ഥർക്കോ വന്യജീവി സാന്നിദ്ധ്യം നേരത്തെ മനസിലാക്കാൻ വേണ്ടിയാണിത്. വന്യജീവി സംരക്ഷണ മാനേജ്മെന്റിന്റെ ഭാഗമായിട്ടാണിതൊക്കെ നടക്കുന്നത്.
2005 മുതൽ 2015 വരെ കേരളത്തിൽ മൊത്തമുള്ള വന്യജീവി മനുഷ്യ സംഘർഷത്തിന്റെ കണക്കെടുത്താൽ 64 ശതമാനവും വയനാട് (നോർത്ത്, സൗത്ത്, സാങ്ച്വറി) മേഖലയിൽ നിന്നാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ സംഘർഷം ഉണ്ടാക്കിയത് ആനയാണ്. 42 ശതമാനം ആന, 22.8 ശതമാനം കാട്ടുപന്നി, 16.3 ശതമാനം നാടൻ കുരങ്ങ് എന്നിങ്ങനെയാണ് സംസ്ഥാന ആസൂത്രണ കമ്മീഷൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ നടത്തിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. വയനാട് എന്തുകൊണ്ട് വന്യജീവി മനുഷ്യ സംഘർഷം കൂടുന്നു എന്നറിയാൻ പഠനം നടത്തിയതിൽ നിന്ന് മനസിലായത് 1952-1980 കാലയളവിനിടയിൽ 60 ശതമാനം വനം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. മറ്റൊന്ന്, ഭൂരിഭാഗം സ്വാഭാവിക വനങ്ങളും പ്ലാന്റേഷനുകളായി മാറിക്കഴിഞ്ഞു. വനത്തിന്റെ വിസ്തൃതി കുറഞ്ഞുവെന്ന് മാത്രമല്ല, ഉളള വിസ്തൃതിയിൽ തന്നെ ക്വാളിറ്റേറ്റീവ് ഡിറ്റീരിയേഷൻ സംഭവിച്ചിട്ടുണ്ട്. വയനാട് വയലുകളുടെ നാടാണ്. വയലുകളും വാട്ടർഹോൾസും മാപ്പ് ചെയ്ത് നോക്കുമ്പോൾ 90 ശതമാനമോ അതിലധികമോ വാട്ടർഹോളുകൾ വയലുകൾക്ക് അടുത്തോ വയലുകളിൽ തന്നെയോ ആണ്. വലിയ മൃഗങ്ങളായ ആന, കടുവ, കാട്ടുപോത്ത് എന്നിവയെ ലക്ഷ്യം വെച്ചാണ് ആഴത്തിൽ വാട്ടർഹോൾസ് ഉണ്ടാക്കുന്നത്. ഇത് വയലിലെ വെള്ളം വാട്ടർഹോൾസിലേക്ക് ഒലിച്ചിറങ്ങാൻ കാരണമാകുകയും സ്വാഭാവികമായിട്ടുള്ള വയൽ ഉണങ്ങുകയും ചെയ്യും. ഈ വയലിൽ നിന്നാണ് ആനയടക്കം ധാരാളം മൃഗങ്ങൾ പുല്ലും അത്യാവശ്യം വെള്ളവും കുടിച്ച് ജീവിക്കുന്നതെന്ന് ഓർക്കണം. പക്ഷികൾ, ഉരഗങ്ങൾ, തവളകൾ, തുമ്പികൾ, മത്സ്യങ്ങൾ, പൂമ്പാറ്റകൾ തുടങ്ങി ധാരാളം ജീവികൾ വയലിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇതിനെ ഒന്നും കാണാതെ, മെഗാവെർട്ടിബ്രേറ്റ്സ് ആയിട്ടുള്ള ജീവികളെ മാത്രം ലക്ഷ്യം വെച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. വാട്ടർഹോൾസിലെ വെള്ളം ഒഴുക്കില്ലാത്തതാണ്. ഇത് പെട്ടെന്ന് മലിനീകരിക്കപ്പെടും. ഒരു വന്യജീവിയും മലിനീകരിക്കപ്പെട്ട വെള്ളം കുടിക്കില്ല. അത് വേറെ സ്ഥലം അന്വേഷിച്ച് പോകും. വന വിഭവ-വന്യജീവി പ്രശ്നങ്ങൾ നമ്മൾ കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങളാണ് ഇതെല്ലാം.
വിസ്ത ക്ലിയറിങ്ങിന്റെയും, കള നിർമാർജനത്തിന്റെയും ഭാഗമായി അടിക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കപ്പെടുന്നു. വയനാട്ടിൽ നടത്തിയ റീജനറേഷൻ സർവ്വേയിൽ ഭൂരിഭാഗം പ്രധാന മരങ്ങളുടെയെല്ലാം തന്നെ വലിയ മരങ്ങൾ മാത്രമേയുള്ളൂ, ചെറിയ തൈകൾ ഇല്ല. ഈ അവസ്ഥയിൽ പോയാൽ ഒരു 50 വർഷം കൂടിയെ നമ്മുടെ കാട് കാണൂ. വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലയെന്ന് പറയുമ്പോൾ അതില്ലാതാക്കിയത് നമ്മളാണെന്നതാണ് സത്യം. അതുകൊണ്ട് അവിടെ പോയി കുറച്ച് കൂടുതൽ കുളം കുത്താം, വാഴയും, മാവും നടാം എന്നതല്ല പരിഹാരം. നമ്മളുടെ ഈ മാനേജ്മെന്റ് സ്ട്രാറ്റർജി മാറ്റുകയാണ് പരിഹാരം. ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ ഒരു പുനർചിന്തയാണ് വേണ്ടത്. കാട്ടിലേക്കുള്ള നമ്മുടെ കൈകടത്തലുകൾ കുറക്കുന്നതായിരിക്കും ഏറ്റവും നല്ല വന്യജീവി മാനേജ്മെന്റ് നയം.
കാടിനുള്ളിലേക്ക് ടൂറിസ്റ്റുകളെ കടത്തിവിടുമ്പോൾ ടൂറിസത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടി വരും. അതും കാടിന്നുള്ളിൽ ശല്യമുണ്ടാക്കുന്നു. മുമ്പ് നമുക്കിതിലും മൃഗങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും എത്ര യോജിപ്പോടെയാണ് ജീവിച്ചത്. കൃത്യമായി പരിശോധിച്ച്, മൃഗങ്ങളുടെ എണ്ണം കൂടുതലുണ്ട് എങ്കിൽ അതിനുള്ള പരിഹാരം തീർച്ചയായും കാണണം. എന്നാൽ എടുത്ത് ചാടി വന്യജീവി സംരക്ഷണത്തിൽ തീരമാനമെടുക്കരുത്.
ഇര പിടിക്കാൻ സാധിക്കാത്ത പ്രായമുള്ള കടുവകളാണ് നാട്ടിലേക്ക് എത്തുന്നതെന്ന് പറയുന്നത് ശരിയാണോ? എന്താണ് കടുവകൾ വനാതിർത്തിയിൽ നിന്നും 10 കീലോമീറ്റർ ദൂരത്തോളമുള്ള, മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് വരാനുള്ള കാരണം? കടുവ, ആരോഗ്യമുള്ള കാടിന്റെ ലക്ഷണമാണെന്നാണ് പറയുന്നുത്. അങ്ങനെയെങ്കിൽ കടുവ കാടിറങ്ങുന്നതിൽ വൈരുദ്ധ്യമില്ലേ?
മാധ്യമങ്ങളിലൊക്കെ 150 ലധികം കടുവയുണ്ടെന്ന് പറയുന്നു. എങ്കിൽ ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് പൊതുജനങ്ങൾക്ക് കൂടി മനസിലാകുന്ന തരത്തിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നില്ല. ക്യാപ്ച്ചറിങ് രീതി വഴി 150 ചിത്രങ്ങൾ കിട്ടിയിട്ടുണ്ടാകും. എന്നാൽ ക്യാപ്ച്ചർ-റീക്യാപ്ചർ ക്രമീകരണത്തിൽ എത്രയെണ്ണമുണ്ട് എന്നതാണ് പ്രധാനം. വിരളമായിട്ടാണ് കടുവ കാടിന് വെളിയിലേക്കിറങ്ങുക. എന്നാലിപ്പോൾ കടുവ നാട്ടിലിറങ്ങുന്നുണ്ട്. ഇപ്പോഴിറങ്ങിയ കടുവകളെല്ലാം പ്രായാധിക്യം സംഭവിച്ചതോ, പരിക്ക് പറ്റിയതോ, കാഴ്ചശക്തി നഷ്ടപ്പെട്ടതോ, പല്ല് നഷ്ടപ്പെട്ടതോ ഒക്കെയാണ്. ഇത്തരം കടുവകൾക്ക് കാട്ടിൽ ഇരപിടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. മാനുകൾ, കാട്ടുപോത്തുകൾ തുടങ്ങി അതിശക്തരായ, കായികശേഷിയുള്ള ഇരകളാണ് കടുവയുടേത്. അതിനെ പിടിക്കുക അത്ര എളുപ്പമല്ല. സ്വാഭാവികമായും അടുത്തുള്ള പ്രദേശങ്ങളിൽ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ വളരെ എളുപ്പത്തിൽ ഇരയായി കിട്ടുമ്പോൾ അത് നാട്ടിലേക്ക് വരാനുള്ള ഒരു പ്രവണത കാണിക്കും. കാരണം അതിന്റെ ലക്ഷ്യം നിലനിൽപ്പാണ്. അങ്ങനെ വരുമ്പോഴാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. അത് നടക്കാൻ പാടില്ലാത്തതായിരുന്നു. ഒരു തെറ്റും ചെയ്യാത്ത വ്യക്തിക്ക് മരണം സംഭവിച്ചു. അത് വളരെ വേദനാജനകമാണ്. എന്നാൽ അതുകൊണ്ട് കടുവകളുടെ എണ്ണം വർദ്ധിച്ചുവെന്നു പറഞ്ഞ് പെട്ടന്നൊരു പരിഹാരം കൊണ്ടുവരുന്നത് പ്രായോഗികമോ ശാസ്ത്രീയമോ ആയ രീതിയല്ല.
വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ മൃഗങ്ങൾ ഇവിടെയുണ്ടെന്നും കടുവകളെ പുനരധിവസിപ്പിക്കുമെന്നും, ആനയെ ആഫ്രിക്കൻ നാടുകളിൽ വന്ധ്യകരണം നടത്തുന്നത് പോലെ ഇവിടെയും അവലംബിക്കണമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി പറയുന്നതിൽ എത്രത്തോളം പ്രായോഗികതയും ശാസ്ത്രീയതയും ഉണ്ട്?
എണ്ണം കൂടിയതായി കൃത്യമായ, ആധികാരികമായ വിവരം ഉണ്ടെങ്കിൽ ഈ പറയുന്നത് പ്രായോഗികമാണോയെന്ന് പരിശോധിക്കാം. പുനരധിവാസം നല്ലതാണ്. പ്രായമായ, പല്ല് നഷ്ടപ്പെട്ട, സ്വന്തമായി ഇര തേടാൻ കഴിയാത്ത കടുവകളെ പുനരധിവസിപ്പിക്കണം. അതിന് ഫണ്ട് പ്രശ്നമാണെന്ന് പറയരുത്. എന്നാൽ എണ്ണം കൂടുതലെന്നു പറഞ്ഞ് കടുവകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് ഒരു കാലിലെ മന്ത് മറ്റൊന്നിലേക്ക് വെക്കുന്നതിന് തുല്യമായ പ്രവർത്തിയാണ്. കാരണം എല്ലാ മേഖലയിലും ഒരു സന്തുലിതാവസ്ഥയുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രങ്ങളിൽ കടുവകളെ വയനാട്ടിൽ നിന്നും പറമ്പിക്കുളത്തേക്കോ തേക്കടിയിലേക്കോ മാറ്റുമെന്ന റിപ്പോർട്ട് കണ്ടു. അവിടെ ജനവാസമേഖല അല്ലെന്നതുകൊണ്ടും, ആദിവാസി സമൂഹം ഇത്ര രൂക്ഷമായി പ്രതികരിക്കില്ല എന്നത് കൊണ്ടും ഇവിടെ ശല്യമുള്ളത് അപ്പുറത്തേക്ക് എന്നതാവരുത് പ്രതിവിധി. ഒറ്റക്കെട്ടായി നിന്നുകൊണ്ട് എങ്ങനെ പരിഹാരമുണ്ടാക്കാമെന്നാണ് ചിന്തിക്കേണ്ടത്.
എല്ലാം നമുക്ക് ആഫ്രിക്കയാണ് ഉദാഹരണം. വാട്ടർഹോൾസ് എന്ന ആശയം ഉൾകൊണ്ടത് ആഫ്രിക്കയിൽ നിന്നാണ്. എന്നാലവിടെ മരുഭൂമിയാണ്. 4000 മില്ലിമീറ്റർ മഴ പെയ്യുന്ന കേരളത്തിൽ വാട്ടർഹോൾസ് കുത്തി നമ്മുടെ ജലസ്രോതസുകളെയും ഹൈഡ്രോളജിയേയും താറുമാറാക്കുകയാണ് ചെയ്തത്. ആനയുമായി സംഘർഷമുണ്ടാകുന്നത് കുറക്കാൻ ആഫ്രിക്കയിൽ തേനീച്ചയെ ഉപയോഗിച്ചുവെന്ന് പറഞ്ഞ് തേനീച്ച കൂട് കൊണ്ടുവച്ചു. പീച്ചിയിൽ തേനീച്ച കൂട് വെച്ചിട്ട് കരടിയുടെ ആക്രമണമുണ്ടായി. ആഫ്രിക്കൻ രാജ്യങ്ങൾ പോലും പറഞ്ഞിട്ടില്ല തേനീച്ചയെ ഉപയോഗിച്ചിട്ടുള്ള പ്രതിരോധം വിജയകരമാണെന്ന്. എവിടുന്നോ കിട്ടുന്ന റിപ്പോർട്ട് ഇവിടെ പ്രായോഗികമാക്കാൻ ശ്രമിക്കുന്നു. ഇതൊക്കെ വ്യവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. മുറി വൈദ്യന്മാരുടെ കുറിപ്പടി പോലെയാണ് വന്യജീവി സംരക്ഷണത്തിന്റെ നിർദ്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. വ്യവസ്ഥയെ മനസിലാക്കാതെ, വിശദമായ പഠനം നടത്താതെ ദ്രുതഗതിയിലുള്ള പരിഹാര മാർഗങ്ങളിലെത്തുകയാണ്. മനുഷ്യരുടെ കാടിനുള്ളിലെ ഇടപെടലുകൾ കുറക്കുക, പ്രകൃതിക്കനുസരിച്ച് മൃഗങ്ങൾ ജീവിക്കട്ടെ.
പൊതുജനത്തിന്റെ സഹകരണമില്ലാതെ ഒരു സംരക്ഷണവും പ്രായോഗികമല്ല. പൊലീസിങ്ങിന്റെ കാലഘട്ടം കഴിഞ്ഞു. അതിർത്തി കെട്ടി കയറരുത് എന്ന് പറഞ്ഞ് മാറ്റിനിർത്താതെ പൊതു ജനത്തെ കൂടി ഉൾക്കൊള്ളിച്ച് എങ്ങനെ വന്യജീവി വന സംരക്ഷണം നടത്താമെന്നാണ് ചിന്തിക്കേണ്ടത്. കൃഷിയോ വളർത്തുമൃഗമോ നഷ്ടപ്പെട്ട് അധികൃതരെ സമീപിക്കുന്ന കർഷകനെ ശത്രുവായിട്ട് കാണാതെ, ന്യായമായ തുക സമയബന്ധിതമായി കൊടുക്കണം. ഇക്കളോജിക്കൽ സെൻസ് മാത്രമല്ല, സോഷ്യൽ സെൻസും കൂടി വേണം.
തേക്ക്, അക്കേഷ്യ, മഞ്ഞക്കൊന്ന എന്നീ മരങ്ങൾ ഭക്ഷ്യശൃംഖലയെ തകർക്കുന്നുവെന്ന് പറയപ്പെടുന്നു. മഞ്ഞക്കൊന്ന ഉള്ള സ്ഥലങ്ങളിൽ വന്യമൃഗങ്ങൾ കുറയുമെന്നും അതിനാൽ 786 ഹെക്ടറിൽ നിന്ന് മഞ്ഞക്കൊന്ന പിഴുതുനീക്കുമെന്നുമാണ് സർക്കാർ പറയുന്നത്. ഇത് സംഘർഷം കുറയ്ക്കാൻ ഉപകാരപ്പെടുമോ?
മഞ്ഞക്കൊന്ന (Senna spectabilis) ഒരു ഓർണമെന്റൽ പ്ലാന്റായി സോഷ്യൽ ഫോറസ്റ്ററിയുടെ ഭാഗമായി വച്ച മരമാണ്. മഞ്ഞക്കൊന്ന ഒരു ഗൗരവമുള്ള പ്രശ്നമാണ്. സസ്യഭുക്കുകളായ ജീവികൾ ഇത് ഭക്ഷണമാക്കാറില്ല. വെട്ടിക്കളഞ്ഞാൽ വെട്ടിയ ഭാഗത്ത് നിന്ന് വീണ്ടും മുളക്കുന്ന (coppicer), പിഴുതെടുത്താൽ വേരുകളിൽ നിന്നും വീണ്ടും പൊട്ടിമുളക്കുന്ന (root sucker), സീഡ് ജർമിനേഷൻ കൂടുതലുള്ള ഒരു മരമാണിത്. അല്ലെങ്കിൽ ജെ.സി.ബി കൊണ്ടുപോയി പിഴുതെടുക്കേണ്ടി വരും. അങ്ങനെ ചെയ്താൽ ആ കാടിനെ മുഴുവൻ അത് ബാധിക്കും. അപ്പോൾ തീർച്ചയായും അതല്ല പരിഹാരം. പത്ത് വർഷത്തോളമായി മഞ്ഞക്കൊന്ന പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതേ പറ്റി പഠനങ്ങളും നടക്കുന്നുണ്ട്. ഇതിനെ വളരെ ഗൗരവത്തോടെ പഠിച്ച്, പരിഹാരങ്ങൾ തേടുകയാണ് വേണ്ടത്.