യുക്രൈനിലെ അമേരിക്കൻ ‘കരാർ’ നാടകങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കഴിഞ്ഞ ദിവസങ്ങളിൽ ആഗോളതലത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു
കരാറിന് അമേരിക്കയും യുക്രൈനും തമ്മിൽ ധാരണയാകുകയും കരാർ നിലവിൽ
വരുകയും ചെയ്തു. അന്താരാഷ്ട്ര നയതന്ത്രത്തിൽ രൂപപ്പെട്ട അമേരിക്കൻ
സമ്മർദ്ദ തന്ത്രങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണിത്. മലയാളത്തിലെ
മുഖ്യധാരാ മാധ്യമങ്ങൾ ആ സംഭവത്തെ വേണ്ടത്ര ഗൗരവത്തിൽ കാണുകയോ
കരാറിന്റെ വിവിധവശങ്ങളെപ്പറ്റി പര്യാലോചനകൾ നടത്തുകയോ ചെയ്യാതെ ഒരു കോളം വാർത്ത മാത്രമായി അത് ഒതുക്കി. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ ആരംഭം മുതൽ പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകളെ അതേപടി ‘കോപ്പി-പേസ്റ്റ്’ ചെയ്യുന്ന തികച്ചും യാന്ത്രികമായ പണിയിലായിരുന്നല്ലോ മലായാളത്തിലെ പത്ര- ദൃശ്യ മാധ്യമങ്ങളെല്ലാം. അതുകൊണ്ടുതന്നെ പുതിയ കരാർ ‘ഒട്ടും ബാധിക്കാതെ’ കടന്നുപോകുന്നത് സ്വാഭാവികമാണ്.

രാഷ്ട്രീയമായും ഭൗമശാസ്ത്രപരമായും ചരിത്രപരമായും വലിയ പ്രാധാന്യമുള്ള ഒരു കരാറാണിത്. യുക്രൈന്റെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള വലിയ സാധ്യതകൾ തുറന്നിടുന്നു എന്ന് ഇരു രാഷ്ട്രത്തലവന്മാരും പ്രത്യാശിക്കുന്ന ഈ കരാർ, ഒരു പരമാധികാര രാഷ്ട്രത്തിന്റെ ധാതുസമ്പത്തിനുമേൽ നടത്തുന്ന അമേരിക്കൻ മൂലധനത്തിന്റെ സർവാധിപത്യത്തിനാവും വഴിതെളിക്കുക. 350 ബില്യൺ അമേരിക്കൻ സഹായത്തിന് തിരിച്ചടവ് നൽകണം എന്ന അമേരിക്കയുടെ അന്ത്യശാസനത്തിന് കീഴിലായിരുന്നു യുക്രൈൻ. എന്നാൽ ഈ തുകയുടെ തിരിച്ചടവ് യുദ്ധമുന്നണിയിലുള്ള യുക്രൈനെപ്പോലുള്ള ഒരു ചെറുരാജ്യത്തിന് അസാധ്യവുമായിരുന്നു. ഈ സമയത്താണ് ഡൊണാൾഡ് ട്രംപ് ധാതുകരാർ മുന്നോട്ടുവച്ചത്. അതിൻ പ്രകാരം യുക്രൈന്റെ എണ്ണയും അപൂർവ ധാതുക്കളുമടങ്ങുന്ന ധാതുസമ്പത്തിന്റെ കൈവശാവകാശം അമേരിക്കയുടെ പക്കലാകും. അങ്ങനെ അമേരിക്കൻ കമ്പനികൾക്ക് യുക്രൈനിൽ നിക്ഷേപം നടത്തുവാനും ധാതുഖനനത്തിനും വഴിയൊരുങ്ങും. ഇവയുടെ ഉടമസ്ഥത യുക്രൈനായിരിക്കും. എന്നാൽ വിനിയോഗം അമേരിക്കയ്ക്കും.

യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യുക്രൈൻ വൈസ് പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോയും ധാതു കരാറിൽ ഒപ്പുവെച്ചതിന് ശേഷം. കടപ്പാട്: Reuters

യുക്രൈന്റെ പുനർനിർമാണത്തിനായി തുക ആദ്യഘട്ടത്തിൽ വിനിയോഗിക്കപ്പെടും എന്ന് പറയപ്പെടുന്ന ഈ തീരുമാനം യുദ്ധത്തിൽ തകർന്ന യുക്രൈനുമേൽ കൂടുതൽ നിയന്ത്രണങ്ങളിലേക്കാകും നയിക്കുക. കരാറിന്മേൽ ഇരു രാഷ്ട്രത്തലവന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമൊടുവിലാണ് ഏപ്രിൽ 30ന് ഇരുവരും ഈ കരാർ ഒപ്പിട്ടത്. ലോകത്തെ മൊത്തം ധാതുസമ്പത്തിന്റെ ഏതാണ്ട് അഞ്ച് ശതമാനത്തോളം യുക്രൈനിലാണ് എന്ന കണക്ക് ഈ അമേരിക്കൻ നയതന്ത്രത്തിന്റെ നിഗൂഢവിജയത്തിന്റെ ചിരി ഇരട്ടിയാക്കുന്നുണ്ട്. ബൈഡൻ തുടങ്ങിവച്ച യുക്രൈനുള്ള യുദ്ധസഹായം ട്രംപ്  മരവിപ്പിച്ചുതും പിന്നീട് ഇരുവരും നടന്ന പരസ്യ കൂടിക്കാഴ്ചയിൽ യുക്രൈന് നൽകിയ ‘സഹായത്തിന് നന്ദിയില്ല’ എന്ന് അധിക്ഷേപിച്ചതുമെല്ലാമടങ്ങുന്ന അമേരിക്കൻ നാടകത്തെ ഈ കരാറിനോട് ചേർത്തുവായിക്കാനാവും. ചുരുക്കത്തിൽ
അഫ്ഗാനിസ്ഥാനിൽ ‘താലിബാനെതിരെയുള്ള യുദ്ധം’ എന്ന വ്യാജേന അമേരിക്കൻ
കമ്പനികൾക്ക് ഇടമുണ്ടാക്കികൊടുത്ത സമാനനയം, കിഴക്കൻ യൂറോപ്പിൽ
മറ്റൊരുവിധത്തിൽ പരീക്ഷിച്ച് വിജയിച്ച അമേരിക്കൻ പദ്ധതിയാണ് ഈ കരാർ.

ഈ കരാറിന്റെ മറ്റൊരു പ്രധാനഭാഗം യുക്രൈന് ഈ കരാർ വഴി യാതൊരു സുരക്ഷാ
പിന്തുണയും അമേരിക്ക നൽകുന്നില്ല എന്നതാണ്. യുക്രൈനെ റഷ്യൻ
ആക്രമണത്തിൽനിന്ന് രക്ഷിക്കാനുള്ള നിലവിലുള്ളതോ ഭാവിയിലേക്ക് നീളുന്നതോ ആയ
ഒരു പദ്ധതിയും കരാർ നിലവിൽ വരുന്നതോടെ യുക്രൈന് ലഭിക്കുന്നില്ല. അമേരിക്കൻ
സുരക്ഷാ സഹായവുമായി ബന്ധപ്പെട്ട യാതൊരു ഉറപ്പുമില്ലാത്ത ഈ കരാർ
അതുകൊണ്ടുതന്നെ യുക്രൈൻ ആഗോളതലത്തിൽ ഇതുവരെ മുന്നോട്ടുവച്ച
നയങ്ങൾളെയെല്ലാം തകിടംമറിക്കുന്നതുമാണ്. സാധാരണാഗതിയിൽ യുദ്ധത്തിൽ
തകർന്നിരിക്കുന്ന ഒരു സുഹൃത്ത് രാജ്യത്തിന് സാമ്പത്തിക പിന്തുണയോ പുനർനിർമ്മാണത്തിനുള്ള സാങ്കേതികവും വിഭവാധിഷ്ഠിതവുമായ സഹായമോ
നൽകേണ്ടിയിരുന്ന അമേരിക്ക, അവരുടെ തന്നെ നട്ടെല്ലായ ധാതുസമ്പത്തിനെ
കവർന്നെടുത്തുകൊണ്ട് ആ രാജ്യത്തെ കൂടുതൽ ദാരുണമായ അവസ്ഥയിലേയ്ക്ക്
തള്ളിവിട്ടിരിക്കുന്നു.

യുക്രൈനിലെ കിറോവോഹ്രാഡിന്റെ മധ്യമേഖലയിലെ ഒരു ഇൽമനൈറ്റ് ഖനി. കടപ്പാട്: AP

കലക്കവെള്ളത്തിൽ മീൻപിടിക്കുക എന്ന നാടൻപ്രയോഗത്തിനെ
ഓർമ്മപ്പെടുത്തുന്ന ഈ അമേരിക്കൻ നീക്കം ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ
പശ്ചിമേഷ്യൻ യുദ്ധങ്ങളിൽ മാത്രമേ മുൻപ് കണ്ടിരുന്നുള്ളു. എയർ ഡിഫൻസ്
സംവിധാനമുൾപ്പെടെ നിരവധി ആവശ്യങ്ങൾ യുക്രൈൻ
ഇതിനോടനുബന്ധിച്ചാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വാഷിങ്ടൺ ഇതിനോട്
മുഖംതിരിഞ്ഞുതന്നെ നിൽപ്പാണ്. റഷ്യയുടെ അധിനിവേശം ഇതുവഴി തടയാം എന്ന
യുക്രൈന്റെ മോഹത്തിന് അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ നിരവധി ഉത്തരങ്ങൾ
ലോകത്തുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ നേടിയതിനുശേഷം അതാതുരാജ്യത്തെ രാഷ്ട്രീയ
അസ്ഥിരത നിലനിർത്തി അവിടെനിന്നും മടങ്ങുന്ന അമേരിക്കൻ നയതന്ത്രത്തിന്റെ
ഭാഗമാകുമോ യുക്രൈയ്ൻ എന്ന രാജ്യം എന്ന് കാത്തിരുന്നു കാണേണ്ടിവരും.

(മഹാത്മാഗാന്ധി സർവകാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ ഗവേഷകനാണ് ലേഖകൻ)

Also Read

3 minutes read May 9, 2025 2:53 pm