ആരോഗ്യം: വ്യക്തിപരവും സാമൂഹികവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളം ആരോഗ്യപരമായി ലോകത്തിലെ രാജ്യങ്ങളിൽ മുൻപന്തിയിലാണെന്ന് അവകാശപ്പെടാറുണ്ടല്ലോ. എങ്ങനെ കേരളം ആ നില കൈവരിച്ചു എന്ന് രാജ്യാന്തരങ്ങളിൽ കൂടി ഗവേഷണങ്ങൾ നടത്തപ്പെട്ടുവരുന്നതായി കാണുന്നു. ചികിത്സാ സൗകര്യങ്ങളുടെ വികാസമാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അലോപ്പതിയിലും ആയുർവ്വേദത്തിലും ഹോമിയോപ്പതിയിലുമെല്ലാം ധാരാളമായി മെഡിക്കൽ കോളേജുകൾ സ്ഥാപിക്കപ്പെടുന്നു. വലിയ സംഖ്യ ഡൊണേഷനും മറ്റുമായി കൊടുത്ത് അവയിൽ പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരക്കം പായുന്നു. അവയിൽ കൂടി കടന്നുവരുന്ന ചികിത്സകർക്ക് തൊഴിൽപരമായി വലിയ പ്രതീക്ഷയാണല്ലോ ഉള്ളത്. എല്ലാ ചികിത്സാശാഖകളിലും ധാരാളമായി പഞ്ചനക്ഷത്ര ആശുപത്രികൾ സ്ഥാപിക്കപ്പെടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് രോഗത്തിന്റെ വ്യാപ്തിയും രോഗികളുടെ എണ്ണവും വർദ്ധിച്ചു വരുന്നതായാണല്ലോ.

പത്രമാസികകൾ നോക്കിയാൽ, ആരോഗ്യപംക്തികൾക്ക് പ്രധാന്യം നൽകിക്കാണുന്നു. പക്ഷേ, അവയിലെല്ലാം രോഗങ്ങളാണ് ചർച്ചാവിഷയമാക്കിക്കാണപ്പെടുന്നത്. ആരോഗ്യമാസികകളുമുണ്ട്, അവയിലും രോഗങ്ങളാണ് ചർച്ചാവിഷയമായി സാമാന്യമായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ ആരോഗ്യനിലവാരത്തെക്കുറിച്ച് പല പഠനങ്ങളും നടത്തപ്പെട്ടതായി കാണുന്നുണ്ട്. Low mortality, high morbidity എന്നാണ് സാമാന്യമായി കാണപ്പെടുന്ന നിഗമനം, ചികിത്സാ സംവിധാനം കൊണ്ട് മരണനിരക്ക് കുറഞ്ഞുവന്നിട്ടുണ്ട്. എന്നാൽ രോഗനിരക്ക് വർദ്ധിച്ച് വരുന്നു എന്ന് താൽപര്യം. രോഗത്തെക്കുറിച്ചെന്നപോലെ, ആരോഗ്യത്തെക്കുറിച്ച് വേണ്ട പോലെ പഠിക്കപ്പെടുന്നില്ല, പരിഗണിയ്ക്കപ്പെടുന്നില്ല, പ്രവർത്തിക്കപ്പെടുന്നില്ല എന്നാണല്ലോ അതിൽ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നത്. വൻകിട വ്യവസായമായി ചികിത്സാരംഗം വികസിച്ചിരിക്കുന്നു. രോഗവും, രോഗികളുമില്ലെങ്കിൽ ചികിത്സാരംഗം വികസിക്കുകയും വിജയിക്കുകയും ചെയ്യുകയില്ലല്ലോ. ആരോഗ്യവും രോഗവും ഒത്തുപോവുകയും ചെയ്യുകയില്ലല്ലോ. ഇക്കാലത്തെ സാഹചര്യങ്ങളിൽ, രോഗം വ്യാപിയ്ക്കുന്നു, രോഗത്തിന് കാഠിന്യം വർദ്ധിക്കുന്നു എന്നത് സ്വാഭാവികം തന്നെയാകുന്നു.

ഇതിന് സാമാന്യമായ പരിഹാരമെന്ത്? രോഗത്തെക്കുറിച്ചെന്നതിനെക്കാൾ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. രോഗം അതിന്റെ കാരണം കൊണ്ടും ആരോഗ്യം അതിന്റെ കാരണം കൊണ്ടുമാണുണ്ടാവുന്നത്. രോഗത്തിന്റെ കാരണത്തെ നിലനിർത്തിക്കൊണ്ട് ആരോഗ്യത്തെ അനുഭവിക്കാൻ കഴിയുകയില്ലല്ലോ. അതിന് ആരോഗ്യത്തിന്റെ കാരണത്തേയും സാഹചര്യത്തെയും ഉളവാക്കുകയും നിലനിർത്തുകയും വേണം. ജീവിതത്തിന്റെ ശൈലിയും സാഹചര്യവുമാണ് രോഗമാണെങ്കിലും ആരോഗ്യമാണങ്കിലും കാരണമാകുന്നത്. അനുകൂലമെങ്കിൽ ആരോഗ്യവും പ്രതികൂലമെങ്കിൽ രോഗവും അനുഭവപ്പെടുന്നു. ആഹാരം, വ്യായാമം, ഉറക്കം, ലൈംഗികത എന്നിവയെ വ്യക്തിപരമായ ജീവിതശൈലിയിലെ വിഷയങ്ങളായി കണക്കാക്കാം. ഈ വിഷയങ്ങളെക്കുറിച്ചൊന്നും ആരോഗ്യത്തിന് ഉചിതമായ അവബോധം ഇക്കാലത്തെ വിദ്യാഭ്യാസ കാലത്ത് സിദ്ധിക്കുന്നതായി തോന്നുന്നില്ല. കുറെയൊക്കെ വാസന കൊണ്ടും അധികവും എങ്ങനെയൊക്കെയും സിദ്ധിക്കുന്ന അനുഭവം വെച്ച് അങ്ങനെ ജീവിക്കപ്പെടുന്നു. സാഹചര്യത്തെക്കുറിച്ചാണെങ്കിൽ, വായുവും, ജലവും, അന്തരീക്ഷവുമെല്ലാം കുറെയൊക്കെ സ്വാഭാവികമായും അധികവും മനുഷ്യകൃതമായും അധികമധികം മലിനമായിക്കൊണ്ടിരിക്കുന്നു. എൻഡോസൾഫാനെക്കുറിച്ചും കൊക്കക്കോളയെക്കുറിച്ചുമെല്ലാം ധാരാളമായി നാം വായിക്കുന്നുണ്ടല്ലോ.

വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട്

രോഗത്തെ, എന്തൊക്കെയോ കാരണം കൊണ്ടുണ്ടാവുന്ന ഒരു അത്യാഹിതാവസ്ഥയാണ് (Emergeney condition) എന്ന് പറയാം. ഏതു സമ്പ്രദായപ്രകാരമായാലും, ചികിത്സ ഒരു Emergancy management ആകുന്നു. രോഗത്തിന്റെ മൗലികമായ കാരണമായി ജീവിതശൈലിയിലും സാഹചര്യത്തിലും ശ്രദ്ധിക്കുകയാകുന്ന പഥ്യത്തിൽ ശ്രദ്ധിക്കാതെയുള്ള ചികിത്സ രോഗത്തെ താത്കാലികമായി ശമിപ്പിക്കുന്നു. അത് കുറച്ചൊക്കെ ആയുസ്സിനെ നീട്ടിത്തരുന്നു. അങ്ങനെ Low mortality എന്ന മരണനിരക്ക് കുറയുക എന്ന അവസ്ഥയെ കൈവരിക്കാൻ കഴിയുന്നു. എന്നാലത് High morbidity എന്ന അവസ്ഥയെ ഉളവാക്കുന്നു. അതിന് കാരണം അഹിതമായ ജീവിതത്തിന്റെ ശൈലിയും സാഹചര്യവും നിലനിൽക്കുന്നു, നില നിർത്തപ്പെടുന്നു എന്ന വസ്തുതയാകുന്നു. മരുന്നുകളും ആ വിഷയത്തിൽ കൂട്ടുനിൽക്കുന്നു. ചികിത്സകൊണ്ട് അനുഭവപ്പെടുന്ന താത്കാലികമായ ആശ്വാസം, ജീവിതശൈലിയെ ജീവിതസാഹചര്യത്തെ സംബന്ധിച്ച് അലംഭാവത്തിന് കാരണമാകുന്നു. പ്രതികൂലമായ സാഹചര്യത്തിലും, ശരീരത്തിന്റെ സ്വയം സംരക്ഷകമായ സ്വഭാവം, മരണത്തെ നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുന്നു. അതുകൊണ്ട് വ്യക്തിപരമായി, ശ്രദ്ധ പ്രയോജനകരമായി അനുഭവപ്പെടാതിരിക്കയില്ല. എങ്കിലുമത് ഭവാത്മകമായ ആരോഗ്യത്തിന്റെ അനുഭവമായിരിക്കുകയില്ല.

ഒരു വിഷയത്തിലും ആത്യന്തികമായ കാരണത്തെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ചിന്തിയ്ക്കപ്പെടുന്നതായി തോന്നുന്നില്ല. അങ്ങുമിങ്ങും ചിന്തിയ്ക്കപ്പെടുന്നുണ്ടെങ്കിൽ തന്നെ, സമൂഹത്തിന്റെ മനഃസാക്ഷിയെ സ്വാധീനിയ്ക്കത്തക്ക കരുത്ത് അതിനില്ല എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ട് High morbidity എന്നത് ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല, സമഗ്രമായ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

Also Read