Écrits – 8 (ബുക്ക് റിവ്യൂ കോളം)
‘ശരീരമാദ്യം ഖലു ധര്‍മ്മസാധനം’ (?)
(കുമാരസംഭവം)
ശരീരമാണ് ‘വചനവും മാംസവും’ എന്ന ടി.വി മധു എഴുതിയ ഈ പുസ്തകചിന്തയുടെ കേന്ദ്രം. ശരീരത്തെ ആലോചനകളുടെ നടുവിൽ പ്രതിഷ്ഠിച്ച് പല വഴികളിലേക്ക് വിപുലപ്പെടുന്ന ചിന്തകളെ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ. ശരീരചിന്തകൾക്ക് വ്യാപകത്വം കൈവരുന്നത് സമീപകാലത്ത് ആണെങ്കിലും പല മട്ടിൽ ശരീരകേന്ദ്രിത ചിന്തകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തയിലും ശരീരം ചിന്താകേന്ദ്രമായിട്ടുണ്ട്. നാരായണഗുരുവിന്റെയും തിരുമൂലരുടെയും സിദ്ധയോഗികളുടെയും പാരമ്പര്യത്തെക്കുറിച്ച് ഉദയകുമാറും സ്വാമിശിവാനന്ദ പരമഹംസന്റെ ശരീരചിന്തകളെ കുറിച്ച് കെ.എം അനിലും പഠനം നടത്തിയിട്ടുണ്ട്. ശരീരകേന്ദ്രിത ചിന്തകൾ സാഹിത്യകൃതികളിലും തത്വചിന്തയിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെ സമഗ്രമായി ചേർത്തുവച്ചുകൊണ്ടുള്ള പഠനം സമീപകാലത്താണ് ചിന്താചരിത്രത്തിൽ സംഭവിച്ചത്. സാഹിത്യവും തത്വചിന്തയും സാമൂഹ്യശാസ്ത്രവും ലിംഗപഠനവും രാഷ്ട്രീയ ചിന്തയും ശരീരത്തെ കേന്ദ്രമാക്കി പുതിയ വിജ്ഞാനങ്ങൾ ഉത്പാദിപ്പിക്കുന്ന സന്ദർഭമാണ് ഇന്ന് സംജാതമായിരിക്കുന്നത്.
ദലിത് എന്ന മുറിവ, നിയമം മാംസമാകുന്നത്, ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച്, പൗര ശരീരത്തിന്റെ പുറമ്പോക്കുകൾ, ശരീരം ആൾക്കൂട്ടം അധികാരം, ഉടലും അറിവും വിശ്വാസവും : ചില നവോത്ഥാന ചിന്താ സംഘർഷങ്ങൾ എന്നീ ലേഖനങ്ങൾ സാമൂഹിക ചിന്തയുടെ കേന്ദ്രമായി ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന ആലോചനകളാണ് പങ്കുവയ്ക്കുന്നത്. രാഷ്ട്രീയം, നിയമം, നീതിശാസ്ത്രം, തത്വചിന്ത, ചരിത്രം തുടങ്ങി അനേകം ജ്ഞാന മേഖലകളെ കൂട്ടിയിണക്കികൊണ്ടാണ് ഓരോ പ്രബന്ധവും രൂപപ്പെടുത്തിയിരിക്കുന്നത്.
‘വചനവും മാംസവും’ എന്ന ലേഖനം ഈ പുസ്തകത്തിലെ ലേഖനങ്ങൾക്കെല്ലാം ആധാരമായ സിദ്ധാന്തചട്ടക്കൂട് അവതരിപ്പിക്കുകയാണ്. ശരീരവും വാക്കും തമ്മിലുള്ള ബന്ധമാണ് ‘വചനവും മാംസവും’ എന്ന ലേഖനത്തിൽ ആലോചിക്കുന്നത്. ഈ ആലോചന ശരീരവും തത്വചിന്തയും തമ്മിലുള്ള ബന്ധത്തിലേക്ക് നീളുന്നു. അരിസ്റ്റോട്ടിലും തുടർന്നുവന്ന ചിന്തകരും ശരീരത്തെ എപ്രകാരമാണ് നിർവചിച്ചത് എന്ന് ടി.വി മധു വിവരിക്കുന്നു. ‘ശരീരം, വ്യവസ്ഥ, ആരോഗ്യം: നിസാറിന്റെ ചിന്ത യിലൂടെ’ എന്ന ലേഖനം തത്വചിന്തകനായ നിസാർ അഹമ്മദിന്റെ ചിന്താവഴികളോടുള്ള പ്രതികരണമാണ്. ‘നമ്മൾ എന്ന വിലക്ഷണ ബഹുവചനം’, ‘ആദി യിലുണ്ടായത് വാക്കല്ല വരയാണ്’ എന്നീ ലേഖനങ്ങൾ ടി.വി മധുവിന്റെ തന്നെ അന്വേഷണങ്ങളുടെ തുടർച്ചയാണ്. ഞാൻ എന്ന (അ)ഭാവ ത്തിൽ ‘ആരുടെ പ്രതിച്ഛായാണ് ഞാൻ’, ‘ഞാൻ എന്ന (അ)ഭാവം’ തുടങ്ങിയ ലേഖനങ്ങളിൽ ഇതിൽ അവതരിപ്പിച്ചിരിക്കുന്ന ചിന്തകളുടെ പൂർവ്വരൂപം കാണാൻ സാധിക്കും. ‘ശരീരത്തിന്റെ സാമൂഹിക ബലതന്ത്രങ്ങൾ’, ‘വിശ്വാസത്തിന്റെ രാസലീലകൾ’ തുടങ്ങിയ ലേഖനങ്ങളിലും ഈ പുസ്തകത്തിലേക്കുള്ള സഞ്ചാരത്തെ കാണാൻ സാധിക്കും. ചിന്താ തുടർച്ചയുള്ള, നിരന്തരം പുതുക്കി കൊണ്ടിരിക്കുന്ന പ്രക്രിയയാണത്. ‘ഞാൻ എന്ന (അ)ഭാവം’ കൂടാതെ ‘നവമാർക്സിസ്റ്റ് സാമൂഹ്യവിമർശം’, ടി.വി മധു എഡിറ്റർ ആയ ‘മാർക്സ് വായനകൾ’ എന്ന പുസ്തകം, അതിന്റെ ആമുഖമായി എഴുതിയ ‘മാർക്സ് വായനകളിൽ തെളിയുന്നതും മറയുന്നതും’ എന്ന ലേഖനം ചിന്താചരിത്രത്തിന്റെയും തത്വചിന്തയുടെയും മാർക്സിന്റെ സവിശേഷമായ ചിന്താവഴികളുടെയും വിമർശനാത്മകമായ അന്വേഷണങ്ങളിൽ ഒന്നാണെന്ന് പറയാം.
പലനിലയിലാണ് ശരീരത്തെ ഈ പുസ്തകം സമീപിക്കുന്നത്. സാമൂഹിക ശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും ശരീരത്തെ മനുഷ്യചിന്ത എങ്ങനെയാണ് സമീപിക്കുന്നത് എന്ന് വിവരിക്കാൻ ആണ് ടി.വി മധു ശ്രമിക്കുന്നത് . പരിപ്രേക്ഷത്തിനുള്ളിൽ നിർത്തിക്കൊണ്ട് വൈദ്യശാസ്ത്രം എങ്ങനെയാണ് ശരീ രത്തെ സമീപിച്ചത് എന്ന് രണ്ട് ലേഖനങ്ങളിലായിട്ട് പറയാൻ ശ്രമിക്കുന്നു. ‘മൃതശരീരവും വൈദ്യവും’ തമ്മിൽ എന്ന പേരിൽ രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്.
ഈ രണ്ട് ലേഖനങ്ങളും ശരീരത്തെ വൈദ്യശാസ്ത്രം ഓരോ കാലഘട്ടത്തിലും എങ്ങനെയാണ് സമീപിച്ചത് എന്ന് ഫൂക്കോ (Michel Foucault)യുടെ ചിന്തകളെ മുൻനിർത്തി പരിശോധിക്കുന്നു. ശരീരത്തെ പല നിലയിൽ സൂക്ഷ്മമായി നോക്കിക്കാണാനുള്ള ശ്രമം ഈ ലേഖനത്തിൽ ഉണ്ട്. വൈദ്യൻ ശരീരത്തിലേക്ക് നോക്കുമ്പോൾ ഏതുവിധത്തിലുള്ള സമീപനമാണ് ഓരോ കാലഘട്ടവും സ്വീകരിച്ചത് എന്ന് ഫൂക്കോയെ ആധാരമാക്കി ടി.വി മധു പറയുന്നു. സ്റ്റെതസ്കോപ്പിന്റെ കണ്ടുപിടിത്തത്തിന് ശേഷം ശരീരത്തെ വൈദ്യശാസ്ത്രം സമീപിച്ചത് എങ്ങനെ, രോഗാവസ്ഥയുള്ള ശരീരത്തെ വൈദ്യശാസ്ത്രം സമീപിച്ചത് എങ്ങനെ, മൃതശരീരത്തെ കീറി മുറിക്കുന്നതിലൂടെ വസ്തുതയെ സൂക്ഷ്മമായി പരിശോധിക്കുവാനുള്ള യുക്തിചിന്ത എങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ ഇടപെട്ടത്, സാമൂഹിക വ്യാപന രോഗങ്ങൾ വൈദ്യശാസ്ത്രത്തെ ഏതൊക്കെ രീതിയിൽ പുതിയ ചിന്തകൾ രൂപീകരിക്കുവാൻ പ്രേരിപ്പിച്ചു തുടങ്ങിയ ആലോചനകളാണ് ഈ ലേഖനത്തിലുള്ളത്.
1
വചനവും മാംസവും തമ്മിലുള്ള ബന്ധമെന്ത് എന്ന ആലോചനയാണ് ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങളിൽ ഉള്ളത്. ക്യൂറയുടെ നാടോടി കഥയും ചിന്തകനായ ഹൈദഗർ പറഞ്ഞതുപോലെ മനുഷ്യജീവിയുടെ ആയിരിക്കലിന്റെ സവിശേഷ സ്വഭാവമായി കരുതലിനെക്കുറിച്ചുള്ള വിവരണം, വാക്ക് എങ്ങനെ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആലോചനയിലേക്കാണ് നയിക്കുന്നത്.
സെൻ്റ് അഗസ്റ്റിൻ, പ്ലേറ്റോ തുടങ്ങിയ ചിന്തകൾ വചനത്തെ മനസ്സിലാക്കിയ രീതി ടി.വി മധു വിശദമാക്കുന്നുണ്ട്. ദൈവികമായ സർഗ്ഗശക്തിയുള്ള വചനമാണല്ലോ മാംസം എന്ന സെൻറ് അഗസ്റ്റിന്റെ അഭിപ്രായവും പ്ലേറ്റോയുടെ കേവല ആശയ സങ്കല്പവും വചന-മാംസ സൂചനയാണ്. എല്ലാറ്റിന്റെയും ആദിരൂപമായി വചനത്തെ മനസ്സിലാക്കുകയാണ് ഈ ചിന്തകളെല്ലാം. സർവ്വതിനെയും സാധ്യമാക്കുന്ന ഒന്നായി വചനത്തെ കാണുന്നു സെൻ്റ് അഗസ്റ്റിൻ. ഈ അഭിപ്രായത്തിൽ വചനം തന്നെയാണ് മാംസമാകുന്നത്. യുക്തിനിഷ്ഠ ചിന്തയുടെ മുർത്തരൂപമായി മനുഷ്യനെ കാണുന്ന ആധുനിക നോട്ടത്തിന് പിറകിൽ ‘വചനം മാംസമാണ്’ എന്ന ചിന്തയുടെ മറ്റൊരു രീതിയുണ്ടെന്ന് പറയാം. ജുഡിത് ബട്ലറിന്റെയും മെർല്യൂ പോണ്ടിയുടെയും ചിന്തകളിൽ ഈ ആശയം വ്യത്യസ്ത രീതിയിൽ കടന്നുവരുന്നുണ്ട് എന്ന് ഗ്രന്ഥകാരൻ പറയുന്നു. ഫൂക്കോയിലും ഈ ചിന്ത പ്രവർത്തിക്കുന്നുണ്ട്. പെണ്ണാവൽ എന്ന സങ്കൽപ്പനത്തിൽ വചനം മാംസമാകുന്ന, വചനവും മാംസവും തമ്മിലുള്ള ബന്ധം കാണാം.
ശരീരവും തത്വചിന്തയും തമ്മിലുള്ള ബന്ധത്തെയാണ് ഈ പുസ്തകത്തിന്റെ ആധാരമായി ടി.വി മധു കണക്കാക്കുന്നത്. ശരീരമെന്നാൽ ആശങ്കപ്പെടാൻ മാത്രം എന്താണ് അതിലുള്ളത് ? എന്ന് ചോദ്യമാണ് ആദ്യം ഉന്നയിക്കുന്നത്. വിഷയം എന്ന നിലയിലും വിഷയി എന്ന നിലയിലും ശരീരം എങ്ങനെ പ്രവർത്തിക്കുന്നു ? എന്ന ആലോചനയാണ് ആദ്യം നടത്തുന്നത്. “ഒരേസമയം ആവിഷ്കാരങ്ങളുടെ ഉപകരണവും ഉറവിടവുമായാണ് ഉടൽ നിലകൊള്ളുന്നത്.” (പേജ് 15).
മനസ്സും ബോധവും തത്വചിന്തയുടെ കേന്ദ്രം ആയിട്ടുണ്ടെങ്കിലും ശരീരത്തെക്കുറിച്ച് തത്വചിന്തനം എന്ന നിലയിൽ ഒരു ശാഖയില്ല. പ്ലേറ്റോയും അരിസ്റ്റോട്ടിലും ആത്മാവും ശരീരവും തമ്മിലുള്ള ബന്ധത്തെ സവിശേഷമായി ആലോചിക്കുമ്പോഴും ശരീരത്തെ സൂക്ഷ്മമായി കാണുന്നില്ല എന്ന് കാണാം. ശരീരത്തെക്കുറിച്ചുള്ള നൂതനമായ കാഴ്ചപ്പാട് അരിസ്റ്റോട്ടിലിലുണ്ട്. കണ്ണിനെ ഒരു മൃഗമായി സങ്കൽപ്പിച്ചാൽ അതിന്റെ ആത്മാവാണ് കാഴ്ച എന്ന് അരിസ്റ്റോട്ടിൽ പറയുന്നു. കണ്ണും കാഴ്ചയും പോലെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ശരീരവും ആത്മാവും എന്നർത്ഥം. അത് ശരീരത്തിന് ഒരു പുതിയ മാനം കൊണ്ടുവന്നു. ശരീരവും ആത്മാവും എന്നീ തലങ്ങൾ മാഞ്ഞുപോകുന്ന ഇടത്തെയാണ് ദെക്കാർത്ത് സങ്കൽപ്പിച്ചത്. ഈ ചിന്തയുടെ വിയോജിപ്പാണ് സ്പിനോസയിൽ കാണാൻ സാധിക്കുന്നത്. ‘ഉണ്മയുടെ ഏകസ്വരത’ എന്ന ആശയമാണ് സ്പിനോസ മുന്നോട്ടുവയ്ക്കുന്നത്. ആയിത്തീരൽ എന്നാൽ പലതായിരിക്കൽ എന്ന വാദം സ്പിനോസ അവതരിപ്പിക്കുന്നുണ്ട്. സ്പിനോസയുടെ ചിന്തകൾക്ക് ദെല്യൂസിലൂടെ തുടർച്ചയുണ്ടാവുന്നുണ്ട് എന്ന കാര്യവും ടി.വി മധു സൂചിപ്പിക്കുന്നു. പിന്നീട് വന്ന നീത്ഷെ ആത്മീയം ശരീരത്തിന്റെ ചിഹ്നഭാഷയാണ് എന്ന് വ്യക്തമാക്കുന്നു. ഈ ശരീരം അനേകം ചോദനകളുടെ ഉറവിടമാണ്. നീത്ഷെ ശരീരത്തെ രൂപകമായി സങ്കൽപ്പിക്കുന്നു. കാഴ്ചപ്പാടിന്റെ ഇടമായി ശരീരം മാറുന്നു. നൃത്തം ചെയ്തിരുന്ന , ശരീരത്തെ അതിന്റെ ഇച്ഛകൾക്ക് അനുസരിച്ച് വിട്ടുകൊടുക്കാൻ വെമ്പൽ കൊണ്ടിരുന്ന നീത്ഷെ, അതാണ് നീത്ഷെയുടെ ആത്മീയത.
ശരീരത്തെ സംബന്ധിച്ച് വർത്തമാനകാലത്ത് നടക്കുന്ന ആലോചനകളെ മൂന്നായി തിരിക്കുന്നൂ. വാസനാശരീരം, ഉദ്ദിശ്യശരീരം, അന്തർ രഹിത ശരീരം. പ്രതിഭാസ പഠനസമ്പ്രദായത്തെ ഈ മൂന്നു കാര്യങ്ങളെയും വിശദീകരിക്കുവാനായി ഉപയോഗിക്കുന്നുണ്ട്. തുടർന്നുവരുന്ന ഫൂക്കോയുടെ രാഷ്ട്രീയമായ ശരീരവായനകൾ, ആരോഗ്യം, സുരക്ഷ, പൗരത്വം, അഭയാർഥിഅവകാശങ്ങൾ, ജനായത്തം, വൈദ്യം, ജീവശാസ്ത്രം, ജൈവസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്ക് വികസിക്കുന്ന ശരീര പഠനങ്ങളുടെ അടിസ്ഥാനം മേൽവരിച്ച ചിന്തകളാണെന്ന് ടി.വി പറയുന്നുണ്ട്. ചിന്താപരമായ പൊതുപശ്ചാത്തലമാണ് ആദ്യ അധ്യായത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
വചനം മാംസമാകുന്നത് എങ്ങനെ എന്ന് ആലോചനയിൽ നിന്നും നിയമം മാംസമാകുന്നത് എങ്ങനെയാണ് എന്ന ആലോചനയുടെ ഉപശീർഷകം ‘ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച്’ എന്നാണ്. ജൈവരാഷ്ട്രീയവുമായി ബന്ധപ്പെട്ട അഗംമ്പന്റെയും ഫൂക്കോയുടെയും ആലോചനകളെ ആശ്രയിക്കുന്നുണ്ട് ഈ ലേഖനം. പൗരത്വഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയസന്ദർഭത്തിന്റെ പശ്ചാത്തലം കൂടി ഈ ലേഖനത്തിന് പിറകിലുണ്ട്. ഭരണകൂടവും നിയമവും പൗരന്റെ ശരീരത്തിന് മേൽ ഇടപെടുന്നത് എങ്ങനെയാണ് എന്ന സൂക്ഷ്മമായ ആലോചനയാണ് ഈ ലേഖനം. ജനനം മുതൽ മരണം വരെ ഒരാൾ നിയമത്തിനുള്ളിലാണ് ജീവിക്കുന്നത്. നിയമത്തിനു മുന്നിൽ നിരുപാധികം ഹാജരായി, ബയോമെട്രിക് പഞ്ചിങ് യന്ത്രത്തിനു മുന്നിൽ പൂർണ്ണമായും സമർപ്പിച്ചാൽ മാത്രമേ ഒരു ദേശത്തെ ജീവിതം സാധ്യമാവു എന്ന അവസ്ഥ വന്നിരിക്കുന്നു. ഒപ്പടയാളം ബയോമെട്രിക് യന്ത്രത്തിലേക്ക് മാറിയത് എങ്ങനെയെന്ന രാഷ്ട്രീയമായ ആലോചന ഇവിടെ അവതരിപ്പിക്കപ്പെടുന്നു. മുഖാവരണം എന്നർത്ഥം വരുന്ന പെർസോണ എന്ന വാക്കിൽ നിന്നാണ് പേഴ്സൺ എന്ന വാക്കുണ്ടായതെന്ന് പറയുന്നു. (1966 ൽ ബെർഗ്മാൻ സംവിധാനം ചെയ്ത സിനിമയുടെ പേര് പെർസോണ എന്നായിരുന്നു) ഹേബിയസ് കോർപ്പസുമായി ബന്ധപ്പെടുത്തി നിയമവും ശരീരവും തമ്മിലുള്ള ബന്ധം ചിന്തകനായ അഗംബൻ വിശദീകരിക്കുന്നുണ്ട്. ആധാർ കാർഡും പൗരത്വഭേദഗതി രജിസ്റ്റരും ജനതയുടെ ഉടലിൽ പിടിമുറുക്കുന്നത് എങ്ങനെയെന്ന് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. നോട്ടം മാംസം ആവുകയും ആ മാംസം നമ്മെ പൊതിയുകയും ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു.
മനുഷ്യനും മൃഗവും തമ്മിൽ രാഷ്ട്രീയമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, രാഷ്ട്രീയമായ പരിവർത്തനത്തിലൂടെ ധിഷണാശേഷിയെ വികസിപ്പിക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ്, അഭയാർത്ഥികൾ മനുഷ്യശരീരം വിട്ട് പൗര ശരീരത്തിലേക്ക് മാറ്റപ്പെടുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു. അടുത്ത ലേഖനമായ ‘പൗരശരീരത്തിന്റെ പുറമ്പോക്കുകൾ’ ഡി-വോട്ടേഴ്സ് എന്ന ആശയം അവതരിപ്പിക്കുന്നു. ഒരു രാജ്യത്ത് ജീവിക്കുമ്പോൾ തന്നെ ആ രാജ്യത്തെ സാമൂഹികാവകാശങ്ങൾ ഒന്നും ലഭ്യമല്ലാതെ ജീവിക്കുന്ന മനുഷ്യരുടെ പരിതോവസ്ഥയാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. തത്വചിന്തയുടെയും രാഷ്ട്രീയ ത്തിന്റെയും നിയമത്തിന്റെയും ജ്ഞാനപരമായ സാധ്യതകളെ മുൻനിർത്തിയാണ് ഈ രണ്ട് ലേഖനങ്ങളും എഴുതപ്പെട്ടിരിക്കുന്നത്.
‘ദലിത് എന്ന മുറിവ്’ എന്ന ലേഖനം ഇന്ത്യൻ ജാതിരാഷ്ട്രീയത്തിന്റെ അകങ്ങളിലേക്ക് സഞ്ചരിക്കുന്നു. ‘ദലിത്’ നാമം ഒരു പുനരുദ്ധാനപ്രക്രിയയുടെ ഭാഗമാകുന്നത് എങ്ങനെയെന്നും സങ്കൽപ്പനത്തിന്റെ രാഷ്ട്രീയവിവക്ഷകൾ എന്തെല്ലാമാണെന്നും അവതരിപ്പിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ശരീരചിന്തകളുമായി വാദങ്ങളെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു. ‘ദലിത്’ എന്ന വാക്കിന്റെ നിരുക്തിയിലേക്കാണ് ലേഖനത്തിന്റെ ആദ്യഭാഗം കടക്കുന്നത്. ഗാന്ധിയും അംബേദ്കറും ഈ പദത്തെ എങ്ങനെയാണ് സമീപിച്ചത് എന്നും വ്യക്തമാക്കുന്നു. ശുദ്ധിയെ സംബന്ധിക്കുന്ന നിർവചനങ്ങളിൽ ഗാന്ധിയും അംബേദ്കറും ഏത് രീതിയിലാണ് അകന്നു നിൽക്കുന്നത് എന്നുകൂടി വ്യക്തമാക്കുന്നുണ്ട് ലേഖനം. അടിസ്ഥാനപരമായി വ്യത്യസ്തമായ രണ്ട് കാഴ്ചപ്പാടുകൾ ആണ് തൊട്ടുകൂടായ്മയെ കുറിച്ച് ഗാന്ധിക്കും അംബേദ്കറിനും ഉണ്ടായിരുന്നത്. ഗാന്ധി തൊട്ടുകൂടായ്മയെ ഒരു പാപമായി കണ്ടപ്പോൾ ഈ ദുരാചാരത്തെ മാറ്റാനുള്ള പ്രവർത്തനങ്ങളിലേക്ക് അംബേദ്കർ തിരിഞ്ഞു. തൊട്ടുകൂടായ്മ അടിസ്ഥാനപരമായി രോഗാതുരം ആണെന്ന ചിന്തയായിരുന്നു അംബേദ്കറിന് . വ്യവസ്ഥയെ അംബേദ്കർ ഒരു ശരീരം ആയിട്ടാവും കണ്ടിട്ടുണ്ടാവുക. സ്വത്വം എന്ന ആശയത്തിന്റെ രാഷ്ട്രീയ വിവക്ഷകളിലേക്കാണ് പിന്നീട് ലേഖനം പോകുന്നത്. ഒരാളുടെ തിരിച്ചറിവാണ് സ്വത്വമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “തങ്ങൾ ദളിതരാണ് എന്ന് ഒരു ജനത പ്രഖ്യാപിക്കുമ്പോൾ പുതിയൊരു പേരിൽ സ്വയം വെളിപ്പെടുത്തുക മാത്രമല്ല അവർ ചെയ്യുന്നത് തങ്ങളെ ഒരേസമയം ഉൾക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുന്ന ഒരു വ്യവസ്ഥയുടെ ആഭ്യന്തര വൈരുദ്ധ്യത്തിൽ നിന്ന് വിമോചനകരമായ ഒരു രാഷ്ട്രീയ കർത്തൃത്വത്തെ രൂപപ്പെടുത്തുകയാണ്.” നാരായണഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയും നാരായണ ഗുരുവിൻറെ ആത്മത്തെ കുറിച്ചുള്ള സങ്കല്പനകളും വിവരിക്കുന്നുണ്ട് ലേഖനം. വചനം മാംസമായി, പുതിയ ശരീരം എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്. ശരീരത്തിന്റെ രാഷ്ട്രീയവിവക്ഷകളാണ് ലേഖനത്തിന്റെ താൽപര്യം എന്നർത്ഥം.
2
‘അറിവും വിശ്വാസവും ചില നവോത്ഥാന ചിന്താസംഘർഷങ്ങൾ’ – ഈ ലേഖനം ആരംഭിക്കുന്നത് നവോത്ഥാനത്തിന്റെ നിരുക്തി അന്വേഷിച്ചുകൊണ്ടാണ്. യൂറോപ്പിന്റെ സവിശേഷമായ സാഹചര്യത്തിൽ നവോത്ഥാനം എന്ന വാക്കിലൂടെ എന്താണ് പുനർജനിച്ചത് എന്ന അന്വേഷണം യുക്തിചിന്തയെക്കുറിച്ചുള്ള ആലോചനയിലെത്തുന്നു. അതീതശക്തികളിൽ ഉള്ള വിശ്വാസം പ്രധാനമായ കാലഘട്ടത്തിൽ വിശ്വാസവും യുക്തിയും തമ്മിൽ നിലനിന്ന സംഘർഷത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. തോമസ് അക്നാസിന്റെയും മറ്റും രചനകൾ ഗ്രന്ഥകാരൻ തന്റെ ചിന്തകളെ വികസിപ്പിക്കുവാനായി ആധാരമാക്കുന്നുണ്ട്. ദൈവചിന്ത പ്രബലമായ കാലത്ത് യുക്തിചിന്തയ്ക്ക് പുതുജീവൻ സംഭവിച്ചു. ഈ പുതുജീവൻ ആണ് നവോത്ഥാനം. ഇന്ത്യയിലെയോ കേരളത്തിലെയോ നവോത്ഥാന നീക്കങ്ങൾക്ക് യൂറോപ്യൻ നവോത്ഥാനവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. അതിനുശേഷം ചർച്ചാവിഷയമാക്കുന്നത് ‘അർപ്പണം, വിശ്വാസം’ എന്നീ രണ്ടു വാക്കുകളിൽ ഊന്നി കൊണ്ടാണ് ലേഖനം പിന്നീട് സഞ്ചരിക്കുന്നത്. അർപ്പണമായും അറിവിന്റെ രൂപമായും വിശ്വാസത്തെ നാം പരിഗണിക്കാറുണ്ട്. അർപ്പിത വിശ്വാസം ഒരു വസ്തുവിന്റെ തെളിയിക്കപ്പെടാവുന്ന നിലയെയല്ല ആശ്രയിക്കുന്നത്; മനുഷ്യജീവിയുടെ ഭോഗപരമായ പ്രത്യേകതയായി അർപ്പണത്തെ ഗ്രന്ഥകാരൻ മനസ്സിലാക്കുന്നു.
വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സംഘർഷം യൂറോപ്യൻ അവസ്ഥയിലാരുന്നില്ല ഇന്ത്യയിലും കേരളത്തിലും സംഭവിച്ചത്. യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു ഘട്ടം ശബരിമല വിധി വന്ന സന്ദർഭത്തിൽ നാം കണ്ടതാണ്. പരമോന്നത നീതിപീഠത്തെക്കാൾ വിശ്വാസത്തിന് സമൂഹത്തിൽ പ്രാധാന്യം വരികയും ശാസ്ത്രബോധത്തിനും തുല്യതാ സങ്കൽപ്പത്തിനും യുക്തിചിന്തക്കും അതിനു താഴെ മാത്രമാണ് സ്ഥാനമെന്ന് പ്രഖ്യാപിക്കുന്ന ഭൂരിപക്ഷ ജനത ഒരു സമൂഹത്തിൽ ഉടലെടുക്കുകയും ചെയ്ത ദുര്യോഗമാണ് കേരളത്തിൽ ഉണ്ടായത്. യൂറോപ്പിൽ സംഭവിച്ച നവോത്ഥാനം എന്ന സാമൂഹിക വിപ്ലവാവസ്ഥ കേരളത്തിൽ ഇനിയും സംജാതമായിട്ടില്ല എന്ന ബോധ്യമാണ് ഈ സംഭവം ജനങ്ങളിൽ ഉണ്ടാക്കിയത്. പലതരത്തിലുള്ള നവോത്ഥാന പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അവയുടെ ആവിർഭാവം സാമൂഹിക അവസ്ഥയിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവിതനിലവാരത്തെ ഉയർത്താനും അത് സഹായിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്പിൽ സംഭവിച്ചതുപോലെ യുക്തിചിന്തയ്ക്ക് പ്രബലത വരുന്ന അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല എന്ന് ടി.വി മധുവിന്റെ ആലോചനകളോട് ചേർത്തുവച്ചുകൊണ്ട് നമുക്ക് പറയാം. ജാതിയഭിമാന കൊലകളും വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ അധകൃതരായി പരിഗണിക്കുന്ന അവസ്ഥയും ഇന്നും കേരളത്തിൽ തുടരുന്നു എന്നത് ഏറെ ദുഃഖകരമായ വസ്തുതയാണ്.
തീർപ്പുകളോ സുനിശ്ചിതത്വമോ അല്ല; അനിശ്ചിതത്വവും ചിന്തയുടെ വഴിവിട്ട സഞ്ചാരവും ആണ് ഈ ലേഖനങ്ങളുടെ എല്ലാം മുഖമുദ്ര. ചിന്തയ്ക്ക് നിയതമായ രൂപമോ വഴിയോ ഇല്ല. ചിന്തയെഴുത്ത് എഴുത്തിന്റെ തീര്‍പ്പുകളെ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആശയത്തെ നിസാര്‍ അഹമ്മദിന്റെ ലേഖനത്തോടുള്ള പ്രതിക രണമെഴുതുന്ന വേളയില്‍ ടി.വി മധു മറ്റൊരു വിധത്തില്‍ വിവരിക്കുന്നുണ്ട്. ‘ചിന്തയുടെ തത്സമയരേഖനം’ എന്നാണ് നിസ്സാര്‍ അഹമ്മദിന്റെ എഴുത്തിനെ ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. ”വാക്കുകൾ നിഘണ്ടുവിലെ തേഞ്ഞ അർത്ഥങ്ങളെ തിരഞ്ഞെടുത്തു പുറത്തെടുക്കുകയല്ല ചെയ്യുന്നത്. ചിന്തയുടെ മാന്ത്രിക സ്പർശം കൊണ്ട് അവൻ നവങ്ങളായ അർത്ഥങ്ങളെ സൃഷ്ടിക്കുന്നു. വാഴ്വിന്റെ വിസ്മയങ്ങളെ തുടരെത്തുടരെ പുറത്തെടുക്കുന്ന പ്രവർത്തനമായി ചിന്ത മാറുന്നു.” (പേജ് 116 ).
സമകാലികനായ ചിന്തകന്റെ രചനയോടുള്ളപ്രതികരമാണ് ‘ശരീരം, വ്യവസ്ഥ, ആരോഗ്യം: നിസാറിന്റെ കാഴ്ച്ചപ്പാടിലൂടെ എന്ന ലേഖനം. ‘ഒരു സാമൂഹിക കാഴ്ച്ചപ്പാടില്‍ നിന്ന്’ എന്ന നിസാര്‍ അഹമ്മദിന്റെ പുസ്തകത്തിന് സനില്‍ വി ‘ചിന്ത നിവര്‍ത്തനമാവുമ്പോള്‍ ‘ എന്ന ശീര്‍ഷകത്തില്‍ പഠനമെഴുതിയിട്ടുണ്ട്. ചിന്തയും ഭാഷയും സാമൂഹികതയും അറിവും നിരീക്ഷണവിധേയമാവുന്നു. ഇവിടെ ടി.വി മധു വിമര്‍ശനാത്മകമായി നിസാര്‍ അഹമ്മദിന്റെ ചിന്താലോകത്തെ സമീപിക്കുകയാണ്. നിസാറിന്റെ പുസ്തകത്തിലെ ചില താക്കോല്‍ പദങ്ങളാണ് ലേഖനത്തിന്റെ ശീര്‍ഷകത്തിലും ഉപയോഗിച്ചിരിക്കുന്നത്. ആ പുസ്തകത്തിലെ ‘വ്യവസ്ഥയില്‍ നിന്ന് മോചനം: സാമൂഹ്യ രോഗ്യത്തെ മുന്‍നിര്‍ത്തി ചില ചിന്തകള്‍ ‘ എന്ന ലേഖനത്തോടുള്ള പ്രതികരണമാണ് ടി.വി മധു എഴുതുന്നത്. വ്യവസ്ഥയില്‍ നിന്നുള്ള മോചനം ഒരു വിമോചന ദൈവശാസ്ത്രചിന്തയായാണ് നാടോടിവ്യവഹാരങ്ങളിലും പൊതു ബോധത്തിലും പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
നിസാര്‍ അഹമ്മദിന്റെ ചിന്തയിലെ സാമൂഹികാരോഗ്യത്തില്‍ സമൂഹത്തിന്റെ രോഗതുരമായ അവസ്ഥയില്‍ നിന്നുള്ള മോചനമാണ് അര്‍ത്ഥമാക്കുന്നത്. ശരീര വ്യവസ്ഥ പോലെ സമൂഹവ്യവസ്ഥയും നിലനില്‍ക്കുന്നു. വസ്തുനിഷ്ഠമായ വിശകലന ത്തിനുള്ള സാധ്യത സമൂഹവ്യവസ്ഥയിലുമുള്ളതായി ഗ്രന്ഥകാരന്‍ പറയുന്നു. ആധുനികവൈദ്യശാസ്ത്രം ഒരു യന്ത്രമായി മനുഷ്യശരീരത്തെ സമീപിച്ചതും ശരീരം വൈദ്യന്റെ നോട്ടത്തില്‍ വിഷയമാവുകയും ചെയ്യുന്ന സന്ദര്‍ഭം, ശരീരം ജീവിബോധം വിട്ട് ജീവനുള്ള മൃതശരീരമായി മാറുന്നത് എങ്ങനെ എന്ന് ടി.വി മധു അവതരിപ്പിക്കുന്നു. സാമൂഹികശാസ്ത്രം, സിദ്ധാന്തവല്‍കരണം, പ്രതിയോഗിത, സംരംഭം, സ്വത്വം തുടങ്ങിയ ആശയങ്ങള്‍ ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു. ഇമ്മാനുവല്‍ ലെവിനാസിന്റെ ചിന്തകളെ ഈ വേളയില്‍ പിന്‍പറ്റുന്നുണ്ട്. സംബോധന, അന്തര്‍രേഖനം തുടങ്ങിയ ചിന്തകളും ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഒരു ലേഖനത്തോടുള്ള പ്രതികരണമായി നെറ്റ് വര്‍ക്ക് രൂപത്തില്‍ അനേകം ആലോചനകളിലേക്ക് ലേഖനം സഞ്ചരിക്കുന്നു.
‘ശരീരം, ആള്‍ക്കൂട്ടം, അധികാരം’ തൊട്ടു മുന്‍പുള്ള ലേഖനത്തിന്റെ അതുവരെ പ്രസ്താവിച്ച ശരീരചിന്തകളുടെയും തുടര്‍ച്ചയാണ്. ദേശാഭിമാനിയില്‍ റഫീഖ് ഇബ്രാഹിമിന്റെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണങ്ങളാണ് ഈ ലേഖനം എന്ന് ഫൂട്ട്നോട്ടില്‍ പറയുന്നുണ്ട്. കോവിഡ് കാലത്താണ് ഈ അഭിമുഖം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത്. പാന്‍ഡെമിക് പശ്ചാത്തലം കൂടി ഈ ചിന്തകള്‍ക്കുണ്ട്. ‘ഉള്ളില്‍ നിന്നുള്ള നോട്ടമാണ് ഇപ്പോഴിത്’ എന്ന ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. രോഗാവസ്ഥകള്‍, വിശിഷ്യ പകര്‍ച്ചവ്യാധികള്‍ സാമൂഹികാവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റം വിവരിച്ചാണ് ലേഖനമാരംഭിക്കുന്നത്. ലോകം കണ്ട വലിയ മഹാവ്യാധികളിലൊന്നായ പ്ലേഗ് സാമൂഹിക വ്യവഹാരങ്ങളെ ആകമാനം പൊളിച്ചെഴുതിയ കാര്യം ഗ്രന്ഥകാരന്‍ വിവരിക്കുന്നു. കാമുവിന്റെ മഹത്തായ നോവല്‍ ആരോഗാവസ്ഥ സൃഷ്ടിച്ച സാമൂഹികപരിണതികളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. സാമൂഹികബന്ധങ്ങളിലും അധികാരവ്യവസ്ഥയിലും പ്ലേഗ് പൊളിച്ചെഴുത്ത് നടത്തി. കോവിഡും ഈ നിലയില്‍ ഒരു പൊളിച്ചെഴുത്താണ് നടത്തിയത്. ശരീരങ്ങളെ പുനര്‍നിര്‍ണ്ണയിച്ച് പ്രവര്‍ത്തനക്ഷമമായ പാന്‍ഡെമിക്ക് പദസഞ്ചയത്തക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. ക്വാറന്റൈന്‍, റിവേഴ്സ് ക്വാറന്റൈന്‍, സാമൂഹിക അകലം തുടങ്ങിയ പദങ്ങള്‍ ശരീരാസ്പദമായാണ് രൂപപ്പെട്ടത്. ഭാഷ ശരീരത്തില്‍ എഴുതിയ പദങ്ങള്‍. രോഗവും ശരീരവും എന്ന ആലോചനയുടെ മറ്റൊരു തലമാണ് ഈ ലേഖനം. പകര്‍ച്ചവ്യാധിയാണ് വ്യക്തിയെ രൂപ്പെടുത്തിയത് എന്ന നിരീക്ഷണം ടി.വി മധു നടത്തുന്നുണ്ട്. ഒറ്റപ്പെടല്‍, മാറിനില്‍ക്കല്‍ പ്രക്രിയകള്‍ വ്യക്തിക്ക് സവിശേഷമാനം നല്‍കി. ‘സവിശേഷമായ ഒരു അകലം പാലിക്കലിന്റെ ഉപാധിയിന്‍മേലുണ്ടാകുന്ന ഒന്നാണ് വ്യക്തി’ (പേജ് 141 ) രോഗം ആള്‍ക്കൂട്ടത്തെ അപകടസാധ്യതയായി കണ്ടു. ജനതയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഭരണകൂടം ഈ വേളയില്‍ ശ്രമിക്കുന്നു. സാമൂഹിക നിരീക്ഷണ സംവിധാനങ്ങളെ ഊര്‍ജ്ജിതമാക്കിയത് പാന്‍ഡെമിക്കാണെന്ന് ഫൂക്കോയെ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ പറയുന്നു.
”നടക്കാൻ ഇറങ്ങിയ ഒരു ബിന്ദുവാണ് വര. വര നടന്നുനടന്ന് അലക്ഷ്യമായി അലഞ്ഞുതിരിഞ്ഞ് ഒരു ചിത്രം ഉണ്ടാക്കുന്നു.” എന്ന പോൾ ക്ലീയുടെ നിരീക്ഷണത്തിലാണ് ആദിയിൽ ഉണ്ടായത് വാക്കല്ല വരെയാണ് എന്ന കലാവിമർശന ലേഖനം ആരംഭിക്കുന്നത്. ശരീരവുമായി കലയെ ചേർത്തുവയ്ക്കുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്. അതോടൊപ്പം തന്നെ എഴുത്തും ചിന്തയും തമ്മിലുള്ള ബന്ധത്തെ കൂടി ലേഖനം പരിശോധിക്കുന്നുണ്ട് . റൊദാങ്ങിന്റെ ‘ചിന്തകനും ‘ , സെസാന്റെ ചിത്രങ്ങളില്‍ നിന്ന് പുറത്തേക്ക് വമിച്ച പഴഗന്ധവും, ഹുസോളിന്റെ എഴുത്ത് ചിന്തകളും ദെറിദയുടെ വിവര്‍ത്തനാലോചനകളൂം മെര്‍ല്യൂ പോന്തിയുടെ എഴുത്ത് – ചിന്ത – ശരീര ചിന്തകളും ലേഖനം ആശ്രയിക്കുന്നുണ്ട്. സ്പര്‍ശവും ഗന്ധവും ചിന്തയും എഴുത്തും ചേര്‍ന്ന ഉടല്‍വിനിമയങ്ങളുടെ ആലോചനയാകുന്നു ലേഖനം. വരക്കുമ്പോള്‍ നിറങ്ങള്‍ കൈവശപ്പെടുത്തുന്ന തന്നെക്കുറീച്ചുള്ള പോള്‍ ക്ലീയുടെ ചിന്തയില്‍ തത്വചിന്തയുടെ I think therefor i am എന്ന ചിന്തയോടുള്ള വെല്ലുവിളി ടി.വി മധു ദര്‍ശിക്കുന്നു
3
തത്വചിന്തയുടെ നിയതമായ അധികാരഘടകങ്ങളെ വിച്ഛേദിച്ച ഒരു നോട്ടം ടി.വി മധുവിന്റെ പുസ്തകത്തിന്റെയും വിഷയസമീപനത്തിന്റെ ചിന്താരീതിയുടെയും പ്രത്യേകതയാണ്. പ്രേമത്തെ, ഞാനിനെ, ഗാന്ധിയന്‍ സങ്കല്പത്തെ, മാര്‍ക്സിസത്തെ, അയല്‍പക്കത്തെ, ശരീരത്തെ, രോഗത്തെ, അധികാരത്തെ, ജൈവരാഷ്ട്രീയത്തെ, ഈ നോട്ടത്തിലൂടെ ടി.വി മധു പുനര്‍വായിക്കുന്നു. ആ വായനയുടെ പരിധിയും സാധ്യതയും ഈ നോട്ടത്തിലുണ്ട്. പല മടങ്ങ് വികസിപ്പിക്കാന്‍ ഉതകുന്ന ആശയങ്ങളുടെ വൈപുല്യം ഓരോ ലേഖനത്തിലും കാണാം. നിലനില്‍ക്കുന്ന നോട്ടം സംവഹിക്കുന്ന അധികാരബന്ധങ്ങളെ അഴിച്ചെടുത്ത് പുതിയൊരു കാഴ്ച്ചപ്പാടിലൂടെ ഈ ലേഖനങ്ങള്‍ അവതരിപ്പിക്കുന്നു. സീസെക്കും ഫൂക്കോയും മെര്‍ല്യൂ പോന്തിയും അഗംബെനും ഹുസോളും പറഞ്ഞ ചിന്തകളെ ചേര്‍ത്ത് വച്ച് പുതിയൊരു ചിന്താക്രമത്തെയും ആലോചന ഇടങ്ങളെയും മൗലികമായി ടി.വി മധു വികസിപ്പിക്കുന്നു എന്നതാണ് ചിന്താചരിത്രത്തില്‍ ഈ പുസ്തകത്തിനുള്ള സ്ഥാനം.
‘വചനവും മാംസവും’ എന്ന പുസ്തകം ഇൻസൈറ്റ് പബ്ലിക്കയാണ് പുറത്തി റക്കിയിരിക്കുന്നത്. ഇൻസൈറ്റ് പബ്ലിക്കയുടെ പ്രാക്സിസ് ഗ്രന്ഥവരി എന്ന പുസ്തക സമാഹരത്തിലാണ് ഇതും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ കവർ ചിത്രം ചെയ്തിരിക്കുന്നത് പ്രശസ്ത ചിത്രകാരനായ കെ.കെ മുഹമ്മദ് ആണ്. ടൈറ്റിൽ കാലിഗ്രഫി എൻ അജയനും കവർ ഡിസൈൻ പ്രിയരഞ്ജൻ ലാലും നിർവഹിച്ചിരിക്കുന്നു.
പുസ്തകം ലഭിക്കുന്നതിന് :
https://www.insightpublica.com/books/malayalam/philosophy/writings/vachanavum-mamsavum