

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


എ.ഡി.എച്ച്.ഡി (Attention Deficit Hyperactivity Disorder) ബാധിച്ച ഒരു കുട്ടിയുടെ മാനസിക വ്യാപാരങ്ങൾ എന്തൊക്കെയായിരിക്കും എന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. ശാരീരികമായും, മാനസികമായും കുട്ടികൾ അക്ഷീണം ഓരോരോ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അസ്വസ്ഥരാകുന്ന വീട്ടുകാരും അയൽപക്കക്കാരും അധ്യാപകരും ചിലപ്പോൾ അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കൂടുതലും വേദനിപ്പിക്കുന്നത് അമ്മമാരെയാണ്. വീട്ടുകാരുടേയും അല്ലാത്തവരുടേയും നോട്ടവും കുറ്റപ്പെടുത്തലും ശാരീരികവും മാനസികവുമായി ശക്തയല്ലാത്ത ഒരമ്മയെ ബാധിക്കുമ്പോൾ അത് ഒന്നുകൂടി അവരെ താളം തെറ്റിക്കും. ഇത്തരത്തിലുള്ള എല്ലാ അമ്മമാർക്കും വേണ്ടി രചിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ് ഷബീദ പി യുടെ ആദ്യ കൃതിയായ ‘വിപരീതങ്ങളുടെ വിസ്മയം’. എല്ലാം കൊണ്ടും വായനയെ വേറിട്ടതാക്കിത്തീർക്കുന്ന ഒരു കൃതിയാണിത്. ആത്മാംശമുള്ള കുറിപ്പുകളുടെ സമാഹാരം എന്നും ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. ഇത് ഒരു അമ്മയുടെ അനുഭവമല്ല, പല അമ്മമാരുടേയും അനുഭവമാണ്. മക്കളുടെ എല്ലാ വല്ലായ്മകളേയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് അമ്മമാരെയാണ്. കുടുംബത്തെ മൊത്തം ബാധിക്കുന്നുണ്ടെങ്കിൽ തന്നെയും അത് ഒരമ്മയെ സംബന്ധിച്ചാണ് വലിയ വേദനയായി മാറുന്നത്.
ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി (അടങ്ങിയിരിക്കാതെ ഓടിനടക്കുകയോ അമിതമായി കലഹിക്കുകയോ സംസാരിക്കുകയോ ചെയ്യുക) എന്നിവയാണ് എ.ഡി.എച്ച്.ഡിയുടെ പൊതുവായ ലക്ഷണങ്ങൾ. എ.ഡി.എച്ച്.ഡി. സാധാരണ കുട്ടികളിലാണ് കണ്ടുവരുന്നത്, വലുതാകുമ്പോള്‍ അതിന്റെ തീവ്രത കുറഞ്ഞുകുറഞ്ഞുവരും. കുഞ്ഞുങ്ങളിലെ ഈ മനോഭാവങ്ങളും ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ഒരമ്മയുടെ പരിശ്രമങ്ങളുമാണ് ‘വിപരീതങ്ങളുടെ വിസ്മയം’ എന്ന ഈ ജീവിതാനുഭവ കൃതിയിൽ ഉൾക്കൊള്ളുന്നത്. വാത്സല്യം, മാതൃത്വം, സ്നേഹം, സഹിഷ്ണുത എന്നിങ്ങനെ വിഭിന്ന ഭാവങ്ങൾ തെളിയുന്ന ഈ പുസ്തകത്തിൽ ശാരീരിക ക്ലേശമുള്ള ഒരു അമ്മയുടെ മനോവ്യാപാരം കൂടി ഉൾപ്പെടുന്നുണ്ട്.


തൻ്റെ മകനെ ഉൾക്കൊള്ളാൻ സമൂഹത്തിനോട് സമരം ചെയ്യുന്ന ഒരമ്മ സമൂഹത്തിൻ്റെ മുന്നിൽ കുറ്റവാളിയെ പോലെ ആകുമ്പോഴും അവൻ്റെ ഇഷ്ടങ്ങൾക്ക് വേണ്ടി ഭക്ഷണം ഒരുക്കിയും അവൻ്റെ സംഗീതാഭിമുഖ്യത്തിൽ ഒന്നിച്ചുനിന്നും അവനെ സാധാരണ കുട്ടിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറായ എ.ഡി.എച്ച്.ഡി എന്ന അവസ്ഥയെ നിയന്ത്രിക്കാൻ മരുന്നുകളും പെരുമാറ്റ ചികിത്സയും ഉപയോഗിക്കാമെങ്കിലും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. എ.ഡി.എച്ച്.ഡി-യെ എങ്ങനെ നേരിടണമെന്നും അഭിമുഖീകരിക്കണമെന്നുമുള്ള ശാസ്ത്രീയമായ അറിവ് നൽകുന്നതിനോടൊപ്പം സമൂഹത്തെ ബോധവത്കരിക്കാനുള്ള ശ്രമവും ഈ കൃതി നിർവ്വഹിക്കുന്നു. തൻ്റെ മകന് ഈ അസുഖം വന്നതിന് പിന്നിലെ കാരണങ്ങൾ ആരായുന്ന അമ്മയെ ഈ കൃതിയിൽ മാറ്റി നിർത്താൻ സാധിക്കുകയില്ല.
ഒരിടത്തും അടങ്ങിയിരിക്കാതെ ഞെളിപിരികൊണ്ട് എപ്പോഴും വാചാലനായി എല്ലാ സാധനങ്ങളും തച്ചുടയ്ക്കുന്ന കുഞ്ഞിനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്താൻ ശ്രദ്ധിക്കുന്ന അമ്മ കുടുംബബന്ധങ്ങൾ, അധ്യാപകർ, എന്നിവരുടെയെല്ലാം സ്വഭാവത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. അവൻ, അവൾ എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ മാനസിക വെല്ലുവിളി നേരിടുന്ന മൊത്തം കുട്ടികളുടേയും, അമ്മമാരുടേയും കഥപറയുകയാണ് എഴുത്തുകാരി. മാതൃസ്നേഹത്തോളം മാധുര്യമുള്ള മറ്റെന്താണ് ഭൂമിയിൽ ഉള്ളത്. ഉദരത്തിൽ ജീവൻ്റെ തുടിപ്പ് കണ്ട നാൾ മുതൽ എത്രത്തോളം ആഗ്രഹിച്ചാണ് കുഞ്ഞ് പിറക്കുന്നത്. സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല തൻ്റെ കുഞ്ഞ് എന്ന് തിരിച്ചറിയുമ്പോൾ എത്രമാത്രം വേദനയായിരിക്കും അവർക്കുണ്ടാവുക. ഇത്തരം ചോദ്യങ്ങൾ ഈ പുസ്തകം വായനക്കാരിൽ നിറയ്ക്കുന്നു. ചെറിയ, ചെറിയ അധ്യായങ്ങളിലൂടെയാണ് രണ്ടു കഥാപാത്രങ്ങളുടേയും ജീവിതം വികസിക്കുന്നത്.
ആർദ്ര ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങാൻ കാരണം തൻ്റെ ജീവിതാനുഭവമാണ് എന്ന് എഴുത്തുകാരി പറയുന്നു. മാനസികവും, ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്ക് ആശ്രയമാകാൻ ജീവിതം തന്നെ സമർപ്പിച്ച എഴുത്തുകാരിയുടെ ജീവിതവും ഈ പുസ്തക വായനപോലെ അതിശയകരമാണ്. വ്യതിയാനങ്ങളെ ഉൾക്കൊള്ളാനുള്ള മനുഷ്യൻ്റെ മാനസികനിലകളെ വ്യത്യസ്തമായ ജീവിത പരിസരങ്ങളിൽ കൂടി നോക്കി കാണുകയാണ് എഴുത്തുകാരി. ഒരു കാലത്ത് പിൻതള്ളപെട്ട അമ്മയും മകനും, അവരെ രണ്ടു കയ്യും നീട്ടി സ്നേഹിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന പിന്നീടുള്ള കാലം. അമ്മയും, മകനും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന കാലഘട്ടത്തിനെ ‘വെളിച്ചം’ എന്ന് വിളിക്കാനാണ് എഴുത്തുകാരി ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ വെളിച്ചത്തിൽ നിന്നാണ് കഥ എഴുതി തുടങ്ങുന്നത്. ഇത് വെറും കഥകളല്ല, ഓർമ്മകളാണ്, തിളക്കമുള്ള കണ്ണീർ നനവുള്ള ഓർമകൾ.


“പ്രസവം എന്നത് കുഞ്ഞുങ്ങളെ എന്നപോലെ അമ്മമാരേയും സൃഷ്ടിക്കുന്നു. ശക്തവും കഴിവുള്ളതും സ്വയം വിശ്വസിക്കുന്നതുമായ സ്വത്വത്തെ അറിയുന്ന അമ്മമാരെ” എന്ന ബാർബി കാറ്റ്സ് റോത്ത്മാൻ്റെ പ്രമുഖ വാചകത്തിലൂടെയാണ് ഒരു കുഞ്ഞിൻ്റെ ജനനം എന്ന അധ്യായം തുടങ്ങുന്നത്. ADHD എന്ന് തിരിച്ചറിയുന്നതിന് മുമ്പ് അവൾ മനസിലാക്കിയത് എൻ്റെ കുഞ്ഞ് മറ്റ് കുഞ്ഞുങ്ങളെ പോലെ ഉറങ്ങുന്നില്ല, മറ്റ് കുഞ്ഞുങ്ങളെ പോലെ ഭക്ഷണം കഴിക്കുന്നില്ല, ശാന്തനാകുന്നില്ല എന്നാണ്. അത് ഓരോ നിമിഷവും അവളുടെ അസ്വസ്ഥത വർദ്ധിക്കുന്നു. ഗർഭകാലത്ത് അവൾ നേരിട്ട ശാരീരിക വെല്ലുവിളി കൊണ്ടാണോ മകന് ഇങ്ങനെയെല്ലാം വന്ന് ചേർന്നത് എന്ന് അവൾ ഭയക്കുന്നു. എ.ഡി.എച്ച്.ഡി ഉള്ള മസ്തിഷ്കത്തിന് ആശയക്കുഴപ്പമില്ല, അതിന് വ്യത്യസ്തമായ ഒരു ക്രമീകരണമുണ്ട് എന്ന ഡോ. എഡ്വേർഡ് ഹാലോവെലിൻ്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന അതേതലത്തിലൂടെ സംഗീതത്തോടുള്ള അസാധാരണമായ അടുപ്പം അവനെ കുറച്ചു കൂടി ശാന്തനും, സമാധാന പ്രിയനും ആക്കുന്ന എന്ന സത്യം അവൾ തിരിച്ചറിയുന്നു.
“കുടുംബം ഒരു മാനസിക ഏകകമാണ്, ഒരാളെ ബാധിക്കുന്നത് എല്ലാവരേയും ബാധിക്കുന്നു” – മുറെ ബോവറുടെ വാക്കുകളെ പോലെ കുടുംബം ഒറ്റപ്പെടുത്തുന്ന ഒരു അമ്മയുടെ വേദനയാണ് പിന്നീടുള്ള അധ്യായങ്ങളിൽ എഴുതിയിട്ടുള്ളത്. പ്രശസ്തരായ ചിന്തകരുടെ വാക്കുകളിൽ തുടങ്ങുന്ന അധ്യായങ്ങളിൽ അവളുടെ അനുഭവങ്ങളും വിജയങ്ങളുമാണ് എഴുതിയിട്ടുള്ളത്. ആരും ശ്രദ്ധിക്കാത്തതും, മനസിലാക്കാത്തതും ആയ ആ കുഞ്ഞു മനസ് തിരിച്ചറിയുന്ന വഴികൾ അവളെ അത്ഭുതപ്പെടുത്തി. ചില അധ്യാപകരുടെ സ്വഭാവങ്ങളും വിവിധ സ്കൂളുകളിൽ നേരിട്ട അനുഭവങ്ങളും അധ്യാപക സമൂഹത്തിൻ്റെ പോരായ്മകൾ വരച്ചു കാണിക്കുന്നുണ്ട്. പിക്കാസോവിൻ്റെ വാക്കുകളിൽ, ഓരോ കുട്ടിയും ഒരു കലാകാരനാണ്. പക്ഷേ, നമ്മൾ വളരുമ്പോഴും ഒരു കലാകാരനായി തുടരുക എന്നതാണ് വലിയ പ്രശ്നം. മകനിലെ ചിത്രകാരനേയും അവൾ കണ്ടു. ഈ പുസ്തകത്തിൽ ഓരോ അധ്യായത്തിലും കുഞ്ഞുങ്ങളുടെ വരകൾ ഉണ്ട്. അത്ഭുതമെന്ന് പറയട്ടേ, മകൻ്റെ കുഞ്ഞു വരകളുമുണ്ട്. എത്ര തെളിച്ചത്തോടെയാണ് ഒരമ്മ മകനെ തൻ്റെ ഓർമകളിൽ കൂടി അടയാളപ്പെടുത്തുന്നത്. “ഒരു കുട്ടിക്ക് നൂറ് ഭാഷകൾ ഉണ്ട്, പുതുതായി കണ്ടെത്താനുള്ളതും പ്രകടിപ്പിക്കാനുള്ള തുമായ മറ്റൊരു ഭാഷയാണ് പുതിയ അന്തരീക്ഷം” – ലോറിസ് മലഗുസ്സിയുടെ ഈ വാക്കുകളുടെ പൊരുൾ പോലെ ഓരോ അന്തരീക്ഷങ്ങളും മകനുവേണ്ടി തിരഞ്ഞെടുത്ത് ഒടുവിൽ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് ആ അമ്മയും മകനും യാത്ര ചെയ്ത് പുറത്ത് കടക്കുന്നു. എത്ര ഇരുട്ട് നിറഞ്ഞ വാതിലുകളിലൂടെയാണ് അവനും അവളും വെളിച്ചത്തിൻ്റെ പുറത്തെത്തിയത്.