ഇസ്ലാമോഫോബിയയും അപരങ്ങളുടെ പ്രതിനിധാനവും

മാർച്ച് 15 അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ മുസ്ലിം വെറുപ്പിനെ നിർമ്മിച്ച ഇന്ത്യയുടെ ചരിത്രത്തെ വിശകലനം ചെയ്യുന്നു.

ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം മാർച്ച് 15 അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധദിനമായി ആചരിച്ചിരിക്കുയാണല്ലോ. ആഗോളതലത്തിൽ തന്നെ മുസ്ലിംങ്ങൾ ഇസ്ലാം മതവിശ്വാസികളും നേരിടുന്ന കടുത്ത അപരവത്ക്കരണവും വെറുപ്പ് നിറഞ്ഞ സമീപനങ്ങളുമാണ് ഇത്തരമൊരു ദിനാചരണത്തിലേക്ക് ഐക്യരാഷ്ട്രസഭയെ നയിച്ചത്. ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമോഫോബിയ വിരുദ്ധദിനാചാരണത്തിന് വലിയ പ്രാധാന്യമുണ്ട്. ബ്രഹ്മണ്യപരിവാരം അധികാര ഭരണകൂടശക്തികളായി നിലനിൽക്കുന്നതിനായി ഇന്ത്യയിൽ കാലങ്ങളായി ഉപയോഗിക്കുന്ന സാംസ്കാരിക പ്രത്യയശാസ്ത്ര ഉപകരണമാണ് ഇസ്ലാമോഫോബിയ. മുസ്ലിം എന്ന ‘അപരത്തെ’ ചൂണ്ടിയാണ് ഹിന്ദുത്വർ ഭരണകൂടശക്തിയായും സാംസ്കാരിക അധീശത്വശക്തിയായും ഇന്ത്യയിൽ തുടരുന്നത്. പൊതുവെ വാദിക്കപ്പെടാറുള്ളത് ഇസ്ലാമോഫോബിയക്കാധാരമായ സാംസ്കാരിക വെറുപ്പിന്റെ മതിലുകൾ നിർമ്മിച്ചത് ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണെന്നാണ്. ഇങ്ങനെ വാദിക്കുന്നതിലൂടെ ഇസ്ലാമോഫോബിയ കേവലം ഒരു കൊളോണിയൽ ഗൂഢാലോചനയാണെന്നും വരുന്നു. ബ്രിട്ടീഷ് ചരിത്രനിർമ്മിതിയും ഇന്ത്യ ചരിത്രത്തെ ഹിന്ദുകാലഘട്ടമെന്നും മുസ്ലിം കാലഘട്ടമെന്നും വ്യത്യസ്തമായി വിഭജിച്ചതായും കാണാവുന്നതാണ്. എന്നാൽ കൊളോണിയൽ അധീശവാഴ്ചയ്ക്കും മുസ്ലിം വെറുപ്പിലാധാരമായ ചരിത്രനിർമ്മിതിയിൽ പങ്കുണ്ടായിരുന്നുവെങ്കിലും അതിലുമധികം ആഴത്തിൽ മുസ്ലിം വെറുപ്പിനെ ശാശ്വതവൽക്കരിച്ചതിൽ ഇന്ത്യൻ ബ്രാഹ്മണ്യ ഭാവനകൾക്ക് വിപുലമായ പങ്കുണ്ട്. ഒരുവേള, ഇന്ത്യൻ ഭാവനകളാണ് ഇവിടെ നിലവിൽ വന്ന മുസ്ലിം വെറുപ്പിന്റെയും അപരവത്ക്കരണത്തിന്റെയും കാരണഭൂതർ.

ന്യൂഡൽഹിയിലെ ജഹാംഗീർപുരിയിൽ മുസ്ലിങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ തകർക്കുന്ന ബുൾഡോസർ. കടപ്പാട്: REUTERS

മുസ്ലിം പ്രതിനിധാനവും ബ്രാഹ്മണ്യഭാവനകളും‌

മുസ്ലിംങ്ങളും ഇസ്ലാം മതവും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്ന നിഗമനത്തിലെത്തിക്കുന്നതിന് പൂണുൽ പരിവാരികളെ സഹായിച്ചത് പ്രാചീന-മധ്യകാല പൗരോഹിത്യ ബ്രാഹ്മണ്യഭാവനകളാണ്. ഭവിഷ്യപുരാണം ഉൾപ്പടെയുള്ള പുരാണ സാഹിത്യങ്ങൾ മുസ്ലിംങ്ങളെയും ഇസ്ലാമിന്റെ കടന്നുവരവിനെയും ഏറ്റവും അസഹിഷ്ണുതയോടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. വിശാലമായ സഹിഷ്ണുതയുടെ പാരമ്പര്യത്തെ സംബന്ധിച്ച തറവാട്ടുഘോഷണം സത്യസന്ധമായി ചരിത്രം പരിശോധിച്ചാൽ കാപട്യമാണെന്ന് തിരിച്ചറിയാൻ കഴിയും.

പൊതുവർഷം (CE) 1380ൽ എഴുതപ്പെടുന്ന ഗംഗാദേവിയുടെ മധുരാവിജയമെന്ന സംസ്കൃത മഹാകാവ്യത്തിൽ കമ്പനെ രാമനായും മധുരാ സുൽത്താനെ രാവണനായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മുസ്ലിംകളെ രാക്ഷസവത്ക്കരിക്കുന്നതിന്റെ ഒരു പ്രധാന ദൃഷ്ടാന്തമാണിത് (മധുരവിജയം, 8.29). സുത്താനേറ്റിലുള്ളവരെ ചിത്രീകരിക്കുമ്പോൾ ഏറ്റവും നിന്ദ്യമായാണ് അവരെ അടയാളപ്പെടുത്തുന്നത്. ഇവർ മദ്യപരും, മാംസാഹാരികളും, പശുവിനെ കൊല്ലുന്നവരുമാണെന്ന് മധുരവിജയം രേഖപ്പെടുത്തുന്നു (8.7, 8.32, 8.13). ജയനായകന്റെ പൃത്ഥ്വിരാജവിജയം എന്ന സംസ്കൃതകാവ്യത്തിലും മുസ്ലിം പ്രതിനിധാനം വെറുപ്പിനാൽ ഹീനവൽക്കരിക്കപ്പെടുന്നുണ്ട്. പൃത്ഥ്വിരാജവിജയം (CE.1191-1200) രചിക്കപ്പെടുന്ന കാലത്ത് മുസ്ലിംങ്ങൾ മധ്യേഷ്യയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് വ്യാപിക്കുന്ന കാലഘട്ടം കൂടിയാണ്. മുസ്ലിംങ്ങളെ അഭിസംബോധന ചെയ്യാൻ പലതരം പ്രയോഗങ്ങളും സംസ്കൃതകൃതികളിലും ഉപയോഗിക്കപ്പെട്ടിരുന്നു. യവന, തുരുഷ്ക, ചണ്ഡാളർ, ഹമ്മീരർ, മ്ലേച്ഛർ, മുദ്ഗലർ, പുളിന്ദർ, ശാഹി, സുരത്രാണ (സുൽത്താൻ) തുടങ്ങിയ നിരവധി പദപ്രയോഗങ്ങൾ സംസ്കൃതത്തിൽ സുലഭമാണ്. ഇത്തരം ഭാഷാപ്രയോഗങ്ങൾ അടിസ്ഥാനപരമായി അപരങ്ങളായി അടയാളപ്പെടുത്തപ്പെട്ട മനുഷ്യരെ ഹീനരായി മുദ്രകുത്താനാണ് ഉപയോഗിച്ചിരുന്നത്.

വർണവ്യവസ്ഥയുടെ ശത്രുക്കളെയും ഗോത്രങ്ങളെയും കുറിക്കനാണ് ബ്രാഹ്മണ്യപാരമ്പര്യം മ്ലേച്ഛർ എന്ന പദമുപയോഗിച്ചിരുന്നത്. വർണവ്യവസ്ഥയ്ക്ക് പുറത്തുള്ളവർ ജീവിക്കുന്ന പ്രദേശത്തെ ധർമ്മശാസ്ത്രങ്ങൾ മ്ലേച്ഛദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.(ഉദാഹരണത്തിനായി വൈഷ്ണവ ധർമ്മശാസ്ത്രം (CE.7) നോക്കുക, 444.84.4) സംസ്കൃതം സംസാരിക്കാനറിയാത്തവരെ പൃത്ഥ്വിരാജവിജയത്തിൽ ‘മ്ലേച്ഛവാക്’ എന്നാണ് ജയാനകൻ അടയാളപ്പെടുത്തുന്നത്. സംസ്കൃതത്തിലെ ‘മ്ലേച്ഛ’ എന്നർത്ഥമാക്കുന്നത് അവ്യക്തമായി സംസാരിക്കുക’ എന്നാണ്. മുസ്ലിംങ്ങളുടെ സംഭാഷണം മൃഗങ്ങളുടെയും പക്ഷികളുടെയും പോലെയാണെന്ന് മധുരവിജയവും പൃത്ഥ്വിരാജവിജയവും ഏകസ്വരത്തിൽ പറയുന്നുണ്ട്. (മധുരാവിജയം, 8.12, പൃത്ഥ്വിരാജവിജയം,10.45). മനുഷ്യരെ പോലെ സംസാരിക്കാൻ കഴിയാത്തവരായി ചിത്രീകരിക്കുന്നതിലൂടെ മുസ്ലിംങ്ങളെ മൃഗവൽക്കരിക്കുകയാണ് ബ്രാഹ്മണ്യ ഭാവനകൾ.

പൃത്ഥ്വിരാജവിജയത്തിൽ പൃത്ഥ്വിരാജനെ ബ്രാഹ്മണ സംരക്ഷകനായും ക്ഷേത്രസംരക്ഷകനായുമാണ് അവതരിപ്പിക്കുന്നത്. കൂടാതെ പൃത്ഥ്വിരാജൻ രാമനെ പോലെ രാവണനാകുന്ന മുസ്ലിം രാക്ഷസന്മാരെ വധിക്കുന്ന അസുരഘാതകനാണെന്നും പൃത്ഥ്വിരാജവിജയം വർണിക്കുന്നു. ഗംഗാദേവിയുടെ മധുരാവിജയത്തിലും സുൽത്താനെ രാവണനായും കമ്പനെ രാമനായുമാണ് അവതരിപ്പിക്കുന്നത്. നയചന്ദ്രസൂരിയുടെ രംഭാമഞ്ചരിയിൽ ജൈത്രചന്ദ്രൻ എന്നരാജാവിനെ രാമന്റെ അവതാരമായും മുസ്ലിംകളെ നശിപ്പിക്കുന്നവനായും ചിത്രീകരിച്ചിരിക്കുന്നു (“നിഖില യവന ക്ഷയകര”). രാമനെ കോപാകുലനായി അവതരിപ്പിക്കുന്ന ചിത്രീകരണങ്ങൾ ഇന്ത്യയുടെ നാൽക്കൂട്ടപ്പെരുവഴികളിലും നഗരമധ്യത്തിലും പ്രത്യക്ഷപ്പെടുന്നത് യാദൃശ്ചികമല്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

പൊതുവർഷം1200ന് മുൻപുള്ള സംസ്കൃത ഉപാദാനങ്ങളിൽ മുസ്ലിംങ്ങളെ സൂചിപ്പിക്കാൻ ചണ്ഡാളൻ എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ ഹീനമനുഷ്യരാണ് മുസ്ലിംങ്ങളെന്ന് ബ്രാഹ്മണ്യം മുദ്രകുത്തി. മുസ്ലിംങ്ങളെ സൂചിപ്പിക്കുന്ന തുരുഷ്ക എന്ന പ്രയോഗത്തിന്റ ആദ്യരേഖ പൊതുവർഷം 7,8 നൂറ്റാണ്ടുകളിൽ കാണാം.
(കാണുക CE. 738ലെ Navasari Plate, 928ലെ Chinchani Rashtra Kuta Grant).

മുസ്ലിംങ്ങളെ അടയാളപ്പെടുത്താൻ C.E 700 ലെ ഒരു ബുദ്ധിസ്റ്റ് ഗ്രന്ഥത്തിൽ ‘മുസലമാനാ’ എന്ന് പ്രയോഗിക്കുന്നതായി Leonard Vander Kuijp രേഖപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും കാലചക്രതന്ത്രം എന്ന ബൗദ്ധ ഗ്രന്ഥവും മുസ്ലിംങ്ങളെ ‘മ്ലേച്ഛർ’ എന്നാണ് കണക്കാക്കിയിരുന്നത്. ബൗദ്ധകൃതികളുൾപ്പടെ മുസ്ലിമുകളെ മ്ലേച്ഛരായി വ്യവഹരിക്കുന്ന നിലയിൽ നിർണായകമായ സ്വാധീനശക്തിയായി വർത്തിച്ചത് ബ്രാഹ്മണ്യത്തിന്റെ മുസ്ലിം/ഇസ്ലാം ഭാവനകളെണെന്ന് Audrey Truschke രേഖപ്പെടുത്തുന്നുണ്ട്.

Leonard Vander Kuijp

കേരളപാണിനി എന്നറിയപ്പെടുന്ന എ.ആർ രാജരാജവർമ്മയുടെ ആംഗലസാമ്രാജ്യത്തിലുൾപ്പടെ മുസ്ലിം പ്രതിനിധാനം രാക്ഷസീയമായാണ് രേഖപ്പെടുത്തപ്പെട്ടത്. മുസ്ലിംങ്ങൾ കടന്നുവന്നപ്പോൾ കേരളം അശുദ്ധമായതായി എ.ആർ ആംഗലസാമ്രജ്യത്തിലെഴുതി. ഈ കൃതിയിൽ ടിപ്പുവിനെ രാവണനായും ബ്രിട്ടീഷുകാരെ രാമനായുമായാണ് എ.ആർ അവതരിപ്പിക്കുന്നത്. ചുരുക്കത്തിൽ ഒരു മുസ്ലീംമിനെ അടയാളപ്പെടുത്തേണ്ട എല്ലാ സന്ദർഭങ്ങളിലും അവരെ രാക്ഷസരായി ചിത്രീകരിക്കുന്ന സവിശേഷ രീതി ഇന്ത്യയിൽ ആദ്യകാലം മുതൽക്ക് തന്നെ നിലനിന്നിരുന്നു.

മുസ്ലിം അപരവത്ക്കരണമെന്നത് കേവലം ഒരു കൊളോണിയൽ സൃഷ്ടിയല്ലെന്നും അതിലുപരി അത് ഇന്ത്യയിൽ സമ്പൂർണാർത്ഥത്തിൽ ബ്രാഹ്മണ്യ ഭാവനകളുടെ സൃഷ്ടിയായിരുന്നുവെന്നുമാണ് സംസ്കൃത ഉപാദാനങ്ങളും ചരിത്രരേഖകളും തെളിയിക്കുന്നത്. ഇങ്ങനെ ഉരുവം കൊണ്ട രാക്ഷസവത്ക്കരിക്കപ്പെട്ട മുസ്ലിം പ്രതിനിധാനമാണ് പിന്നീട് ഹിന്ദുത്വശക്തികൾക്ക് ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനുള്ള ആയുധമായി തീർന്നിരിക്കുന്നത്. ഇതൊരു കൊളോണിയൽ സൃഷ്ടിയാണെന്ന് മാത്രം വാദിച്ചാൽ അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയും മുസ്ലിംങ്ങളെ ഹീനവൽക്കരിച്ച ബ്രാഹ്മണ്യ ഭാവനകളെ കുറ്റവിമുക്തമാക്കാലുമാവും.

Audrey Truschke

സഹജീവനത്തിന്റെ ചരിത്രം

ഹീനമായ അരികുവൽക്കരണത്തിന്റെ സംഘർഷങ്ങൾക്കിടയിലും സഹജീവനത്തിന്റെ അതിജീവന മാതൃകകളും ഇന്ത്യയിലെ മുസ്ലിം പ്രതിനിധാനത്തിലുള്ളടങ്ങിയിരിരുന്നു. മുഗൾ ഭരണകാലത്ത് മുഗൾ രാജാക്കാന്മാർ ഭാഷയിലും സാഹിത്യത്തിലും വാസ്തുശില്പവിദ്യയിലും മറ്റിതര മേഖലകളിലും നൽകിയ സംഭാവനകളുടെ വിപുലമായ ചരിത്രം Culture of Encounters: Sanskrit at the Mughal Court എന്ന ഗ്രന്ഥത്തിൽ Audrey Truschke രേഖപ്പെടുത്തുന്നുണ്ട്. ചില സംസ്കൃത ഉപാദാനങ്ങളിൽ പ്രാദേശിക ഇന്ത്യൻ സമൂഹത്തിലെ അവിഭാജ്യഘടകമാണ് മുസ്ലിംങ്ങളെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് CE 1059 ലെ പ്രധാനപ്പെട്ട ഒരു ചരിത്രരേഖയിൽ ഒരു മുസ്ലിം കുടുംബം (Tayika) കടൽ വ്യാപാരത്തിലൂടെ സമ്പത്താർജ്ജിക്കുകയും കദംബ രാജവംശത്തെ (ഗോവ) സേവിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Culture of Encounters: Sanskrit at the Mughal Court ബുക്ക് കവർ

ജഗദു എന്ന ജൈനനായ ഗുജറാത്ത് വ്യപാരി (CE.13) മോസ്കുകൾ നിർമ്മിക്കാൻ ഇസ്മയിൽ മുസ്ലിംങ്ങൾക്ക് ധനം നൽകിയയായി സർവാനന്ദൻ തന്റെ ജഗദു ചരിത്രത്തിൽ വിവരിക്കുന്നുണ്ട്. ‘മോസ്ക്’ എന്നതിന് ‘മസീതി’ എന്നാണ് സംസ്കൃതഭാഷാന്തരണം. ഒരു സംസ്കൃത ശാസനത്തിൽ ഹിജ്റ കലണ്ടർ സ്വാംശീകരിക്കപ്പെട്ടിട്ടുമുണ്ട്. “റസൂലഹമ്മദ സംവദ്” എന്ന് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു (Epigraphica Indica, 34.146). CE. 1264 ലെ വെരാവൽശാസനത്തിൽ മുസൽമാൻ ജമാഅത്ത് എന്നുള്ളത് “മുസൽമാന ജമാഥാ” എന്നെഴുതിയിരിക്കുന്നു. ഇസ്ലാമിക അനുഷ്ഠാനങ്ങളെ അടയാളപ്പെടുത്തുന്ന നാണയങ്ങൾ ഹമ്മീര ചൗഹാൻ പുറപ്പെടുവിക്കുന്നുണ്ട്. വിജയനഗര രാജാക്കന്മാർ ഇസ്ലാമിക ശൈലിയിലുള്ള വസ്ത്രധാരണത്തിൽ സഭയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ള അരികുവത്ക്കരിക്കലിന് മുസ്ലിം സമുദായം ഇന്ത്യയിൽ വിധേയമായി എന്നാണ് സൂചിപ്പിക്കുന്നത്. വർണവ്യവസ്ഥയുടെ പാർശ്വങ്ങളിൽ നിലനിർത്തി, പുറന്തള്ളുന്ന ബ്രാഹ്മണ്യ യുക്തിയാണിത്.

വർത്തമാന ഇന്ത്യ ഭീതിമായ മുസ്ലിം പേടിയിലൂടെയും വെറുപ്പിലൂടെയുമാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ ചരിത്ര ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം വർത്തമാന പ്രതിസന്ധികളിൽ പരിഹാരമായില്ലെങ്കിലും ദിശാസൂചകങ്ങൾ നൽകിയേക്കാം. CE.1349ൽ രാജശേഖരൻ തന്റെ പ്രബന്ധകോശത്തിൽ വിവരിക്കുന്ന ഒരു കാര്യമുണ്ട്; പതിമൂന്നാം നൂറ്റാണ്ടിലെ വഗേല മന്ത്രിമാരായ വാസ്തുപാലനും തേജപാലനും 64 മോസ്കുകൾ നിർമ്മിക്കാൻ ധനം നൽകിയെന്നാണ് രാജശേഖരൻ പ്രസ്താവിക്കുന്നത്. മുസ്ലിം വെറുപ്പിൽ വെറിപൂണ്ട് ആക്രാമക ഹിന്ദുത്വം രാജ്യത്തെ വിഴുങ്ങുമ്പോൾ ചരിത്ര ഭൂതകാലത്തിലെ വാസ്തുപാലനും തേജപാലനും സഹജീവനത്തിന്റെ ചില മാതൃകകൾ വെച്ചു നീട്ടുന്നുണ്ട്. ഇതിൽ സാഹോദര്യ ജനാധിപത്യത്തിന്റെ തത്വങ്ങൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയെ ഭരണഘടനാ ജനാധിപത്യ രാഷ്ട്രമായി നിലനിർത്താൻ കഴിയൂ. അല്ലാത്ത പക്ഷം മുസ്ലിം വെറുപ്പിൽ ഉരുക്കിയെടുക്കുന്ന രാഷ്ട്ര വിചാരങ്ങൾ പൗരശരീരത്തെ തന്നെ ദഹിപ്പിക്കുകയും സാഹോദര്യ ജനാധിപത്യത്തെ വിഴുങ്ങുകയും ചെയ്യും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read