വൻതാര: ആനന്ദ് അംബാനിയുടെ മൃഗസ്നേഹം ലക്ഷ്യമാക്കുന്നതെന്ത്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും വ്യവസായി വീരേൻ മർച്ചൻ്റിന്റെ മകൾ രാധിക മർച്ചൻ്റിൻ്റെയും പ്രീ വെഡിങ് ആഘോഷങ്ങളുടെ ആവേശത്തിലാണ് ഇപ്പോഴും ഇന്ത്യയിലെ മാധ്യമങ്ങൾ. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ഗുജറാത്തിലെ ജാംനഗറിൽ നടന്ന അത്യാഢംബര ആഘോഷത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സെലിബ്രിറ്റികളായ അതിഥികള്‍ എത്തിയിരുന്നു. ഏകദേശം 1250 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി അംബാനി കുടുംബം ചെലവഴിച്ചത്. ഈ ആഘോഷങ്ങൾ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഫെബ്രുവരി 26ന് റിലയൻസ് ഇൻഡസ്ട്രീസും (RIL) റിലയൻസ് ഫൗണ്ടേഷനും തങ്ങൾ പുതുതായി മൃഗസംരക്ഷണത്തിനായി ആരംഭിക്കുന്ന ഒരു പദ്ധതിയെ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു – ‘വൻതാര’.

എന്താണ് വൻതാര?

ഇന്ത്യയിലേയും വിദേശത്തേയും പരിക്കേറ്റതും, ഉപദ്രവിക്കപ്പെട്ടതും, ഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയെല്ലാം ഏറ്റെടുക്കുന്ന സമഗ്രമായൊരു പദ്ധതിയാണ് റിലയൻസ് ഗ്രൂപ്പ് പ്രഖ്യാപിച്ച, ‘വന നക്ഷത്രം’ (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) എന്നർഥം വരുന്ന വൻതാര പ്രോജക്ട്. ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീന്‍ ബെല്‍റ്റില്‍ വ്യാപിച്ച് കിടക്കുന്ന 3000 ഏക്കറാണ് പദ്ധതി പ്രദേശം. വനത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ പുനഃസൃഷ്ടിക്കുകയാണിവിടെ ചെയ്യുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ ബോർഡ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഇളയ മകനുമായ ആനന്ത് അംബാനിയുടെ ആശയമാണ് വൻതാര എന്ന ഈ വമ്പൻ മൃഗസംരക്ഷണ പദ്ധതി. ലോകത്തിലെ ഏറ്റവും സമ്പന്നരും പ്രശസ്തരും പങ്കെടുത്ത ആനന്തിൻ്റെ വിവാഹ പൂർവ്വ ആഘോഷങ്ങളുടെ വേദിയായി വൻതാര മാറി.

3000 ഏക്കറിൽ 650 ഏക്കറിലധികം വരുന്ന പ്രദേശത്ത് ഒരു ഗ്രീൻ സുവോളജിക്കൽ, റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ കിംഗ്ഡം (GZRRK) വൻതാര സ്ഥാപിച്ചിട്ടുണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങളെ പരിപാലിക്കുന്നതിനായി ഇവിടെ 2,100-ലധികം ജീവനക്കാരുണ്ട്. റോഡപകടങ്ങളിലോ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ഭാ​ഗമായോ പരിക്കേറ്റ 200 ഓളം പുള്ളിപ്പുലികളെ ഇന്ത്യ പലഭാ​ഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തി ഇവിടെ സംരക്ഷിക്കുന്നുണ്ടെന്ന് GZRRK അവകാശപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നും ആയിരത്തിലധികം മുതലകളെയും ആഫ്രിക്കയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും രക്ഷിച്ച അപൂർവ്വ ഇനം മൃഗങ്ങളും ഇവിടെയുണ്ട്.

ആനന്ദ് അംബാനി, വൻതാര പ്രോജക്ടിന്റെ ഭാ​ഗമായി സംരക്ഷിക്കുന്ന ആനയ്ക്കൊപ്പം. കടപ്പാട്:instagram

വൻതാരയിൽ ആനകൾക്കായി ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, ജലാശയങ്ങൾ, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയെല്ലാമുണ്ട്. കൂടാതെ ആനകളുടെ പരിചരണത്തിനായി മാത്രം 500-ലധികം ആളുകൾ ഉൾപ്പെടുന്ന വിദ​ഗ്ധസംഘമുണ്ട്. ഇവരിൽ മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പരിസ്ഥിതി ശാസ്ത്രജ്ഞർ എന്നിവരെല്ലാം ഉൾപ്പെടുന്നു. ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആന ആശുപത്രികളിലൊന്നാണെന്ന് റിലയൻസ് അവകാശപ്പെടുന്നു. നിലവിൽ ഈ പദ്ധതിയിലൂടെ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതായാണ് കണക്ക്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രം, ഐ.സി.യു, എം.ആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെന്‍റൽ സ്കെലാർ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയകൾ, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവുമൊക്കെ വൻതാരയിലൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രീ വെഡിങ് വാർത്തകൾക്കൊപ്പം വൻതാര എന്ന വമ്പൻ മൃഗസംരക്ഷണ പദ്ധതിയെക്കുറിച്ചുള്ള വിവരണങ്ങളും മുഖ്യധാരാ മാധ്യമങ്ങളിൽ നിറഞ്ഞു. സമൂഹ മാധ്യമങ്ങളിലും മൃഗസ്നേഹിയായ ആനന്ത് അംബാനിയായിരുന്നു താരം. എന്നാൽ പ്രീ വെഡിങ് ആഘോഷങ്ങളുടെ ബഹളങ്ങൾക്ക് മുമ്പ് തന്നെ ചില ആരോപണങ്ങൾ ഈ പദ്ധതിക്കെതിരെ ഉയർന്നിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആനകളെ അനധികൃതമായി ജാംനഗറിലേക്ക് മാറ്റുന്നുവെന്ന ആരോപണം രാ‍‍ജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉന്നയിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട ഹർജികൾ വിവിധ കോടതികളിൽ സമർപ്പിക്കപ്പെടുകയും ചെയ്തിരുന്നു. മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യ മൃഗശാലയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിലും ഹർജി സമർപ്പിക്കപ്പെട്ടു. ഈ മേഖലയിൽ അനുഭവജ്ഞാനമില്ലാത്ത ഒരു സ്ഥാപനത്തിന് മൃഗശാല പോലെ ​ഗൗരവമുള്ള ഒരു സംരംഭം കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമതയെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിയിൽ ഒരു പൊതു താത്പര്യ ഹർജി ഫയൽ ചെയ്യപ്പെട്ടു. എന്നാൽ സ്വകാര്യ വ്യക്തി മൃഗശാല നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് തടയാൻ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതി നൽകിയ മറുപടി. 2019 ൽ കമ്പനിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സെൻട്രൽ സൂ അതോറിറ്റി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി വിധി. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും രാജ്യത്തെ മൃഗശാലകളുടെ മേൽനോട്ടം വഹിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പരിധിയിലുള്ള സ്ഥാപനമാണ് സെൻട്രൽ സൂ അതോറിറ്റി (CZA).

ആനന്ദ് അംബാനി, വധു രാധിക മെർച്ചന്റിനൊപ്പം പ്രീ വെഡിങ് ആഘോഷത്തിൽ. കടപ്പാട്:reliancefoundation

രാധാകൃഷ്ണ ടെംപിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ്

വൻതാര എന്ന തന്റെ പുതിയ സംരഭത്തെ പറ്റി വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് സംസാരിക്കവേ ആനന്ദ് അംബാനി രാധാകൃഷ്ണ ടെംപിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് (ആർ.കെ.ടി.ഇ.ഡബ്ല്യൂ.ടി) 200 ആനകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയതായി പറയുന്നുണ്ട്. ജാം നഗറിലെ റിലയൻസിന്റെ റിഫൈനറിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ട്രസ്റ്റിന്റെ കീഴിൽ ഒരു ഹിന്ദു ക്ഷേത്രമുണ്ട്. രാധാകൃഷ്ണ ടെംപിൾ എലിഫന്റ് ട്രസ്റ്റിന്റെ ആന സംരക്ഷണ പ്രവർ‌ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആരോപണങ്ങളും നിലനിൽക്കെയാണ് വൻതാര എന്ന വലിയ മൃഗസംരക്ഷണ പദ്ധതിയുമായി റിലയൻസ് ഗ്രൂപ്പ് മുന്നോട്ടുവരുന്നത്.

അരുണാചൽ പ്രദേശ്, ത്രിപുര എന്നിവടങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് 23 ആനകളെ ജാംനഗറിലെ രാധാകൃഷ്ണ ടെംപിൾ എലിഫന്റ് ട്രസ്റ്റിലേക്ക് മാറ്റുന്നത് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്ന്, 2022 നവംബർ 7ന് ത്രിപുര ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ട്രസ്റ്റിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഉന്നതാധികാര സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം രൂപീകരിക്കപ്പെട്ട സുപ്രീം കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ദീപക് വർമ്മയുടെ നേതൃത്വത്തിലുള്ള എട്ടംഗ ഉന്നതാധികാര കമ്മിറ്റി 2022 ഡിസംബർ 10-11 തീയതികളിൽ പ്രദേശത്ത് രണ്ട് ദിവസത്തെ സർവേ നടത്തുകയും അന്തിമ റിപ്പോർട്ട് 2023 ഏപ്രിൽ 1 ന് സമർപ്പിക്കുകയും ചെയ്തു. ആനകൾക്കായി ഒരുക്കിയിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളെ പ്രശംസിച്ച കമ്മിറ്റി റിപ്പോർട്ട്, ട്രസ്റ്റ് ഔപചാരികമായി 2019 ഒക്ടോബറിൽ ഗുജറാത്തിലെ ചാരിറ്റി കമ്മീഷണറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആനകളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഒരു പതിറ്റാണ്ട് മുമ്പേ തുടങ്ങിയിരുന്നതായും വ്യക്തമാക്കുന്നു. ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട്-1950, ബോംബെ പബ്ലിക് ട്രസ്റ്റ് (ഗുജറാത്ത്) റൂൾസ്-1961 എന്നിവയുടെ വ്യവസ്ഥകൾ അനുസരിച്ച് ട്രസ്റ്റ് അതിൻ്റെ ഓഡിറ്റ് റിപ്പോർട്ട് ചാരിറ്റി കമ്മീഷണർക്ക് പതിവായി ഫയൽ ചെയ്യുന്നുണ്ടെന്നും ഉന്നതാധികാര സമിതി റിപ്പോർട്ട് പറയുന്നു. എന്നാൽ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ ചാരിറ്റി കമ്മീഷണറുടെ ഓഫീസ് നൽകിയ മറുപടിയിൽ രാധാകൃഷ്ണ ടെമ്പിൾ എലിഫൻ്റ് വെൽഫെയർ ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റും ജാം നഗറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എന്നാൽ മറ്റേതെങ്കിലും നഗരത്തിൽ ട്രസ്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നും പരഞ്ജോയ് ​ഗുഹാ താക്കുര്‍ത്ത, അയാസ്കന്ത് ദാസ് എന്നീ മാധ്യമ പ്രവർത്തകരുടെ അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. അതുപോലെ തന്നെ ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംഘടനകളുടെ പട്ടികയിലും രാധാകൃഷ്ണ ടെംപിൾ എലിഫന്റ് ട്രസ്റ്റിനെ ഉൾപ്പെടുത്തിയിട്ടില്ല.

വൻതാര സൂ, ആകാശദൃശ്യം. കടപ്പാട്:reliancefoundation

സമിതി സമർപ്പിച്ച 70 പേജുള്ള റിപ്പോർട്ടിൽ 54-ാം പേജിൽ 11 ആനകൾ ഇവിടെ മരണപ്പെട്ടതായി പറയുന്നു. ആനകൾ ചത്തത് ഗുജറാത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിച്ചതായി ട്രസ്റ്റ് പറയുന്നുണ്ടെങ്കിലും അതിൽ എത്ര കൊമ്പനാനയുണ്ടെന്ന് പരാമർശിച്ചിട്ടില്ല. മരണപ്പെട്ട ആനകളുടെ ആനക്കൊമ്പ്, പല്ലുകൾ, തൊലി എന്നിങ്ങനെ വിലപിടിപ്പുള്ള അവശിഷ്ടങ്ങൾ എന്ത് ചെയ്തുവെന്നറിയാനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവിക്ക് ഫെബ്രുവരി 19ന് ചോദ്യങ്ങളയച്ചുവെങ്കിലും പ്രതികരിച്ചിട്ടില്ല എന്നും പരഞ്ജോയ് ​ഗുഹാ താക്കുര്‍ത്തയുടെയും, അയാസ്കന്ത് ദാസിന്റെയും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 സെപ്തംബറിലെ കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം പുനരധിവാസ-രക്ഷാ കേന്ദ്രങ്ങളിൽ പരമാവധി 50 ആനകൾ എന്ന പരിധി നിശ്ചയിച്ചിരുന്നുവെന്നതും ട്രസ്റ്റിലെ ആനകളുടെ എണ്ണത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.

രാധാകൃഷ്ണ ടെംബിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് നിയന്ത്രിക്കുന്നത് റിലയൻസ് എക്‌സിക്യൂട്ടീവായ ധനരാജ് നത്വാനിയാണ്. രാജ്യസഭാ അംഗമായ പരിമൾ നത്വാനിയുടെ മകനായ ധനരാജ് നത്വാനി അംബാനി കുടുംബത്തിൻ്റെ ബിസിനസ് സാമ്രാജ്യത്തിലെ പ്രധാന വ്യക്തിയാണ്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ട് (സി.എസ്.ആർ) ഈ ട്രസ്റ്റിന് ലഭിക്കുന്നുണ്ട്. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ട് സ്വന്തം താത്പര്യങ്ങൾക്കായി വിനിയോ​ഗിക്കുന്നതിനുള്ള റിലയൻസിന്റെ തന്ത്രമായും രാധാകൃഷ്ണ ടെംബിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റിനെ കാണാം.

പരിമൾ നത്വാനി, മകൻ ധനരാജ് നത്വാനി

ഇന്ത്യയിലുടനീളം വ്യാജ എൻ.ഒ.സി വഴി ഗുജറാത്തിലേക്ക് ആനക്കടത്ത് നടത്തുന്നതായും പലതും ജാം നഗറിലെ ടെംപിൾ ട്രസ്റ്റിന് വേണ്ടിയാണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വംശനാശഭീഷണി നേരിടുന്നതിൽപ്പെടുന്ന പട്ടികയിലാണ് ഏഷ്യൻ ആന. അതിനാൽ തന്നെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, ജീവനുള്ള ആനയെ കൈമാറ്റം ചെയ്യണമെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാണ്. മാർച്ചിൽ നടന്ന പ്രീ വെഡിങ്ങ് ആഘോഷങ്ങൾക്കിടയിൽ ആനകളെ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി 2024 ഫെബ്രുവരി 12 ന് ഡൽഹി ഹൈക്കോടതി തള്ളുകയുണ്ടായി. എന്നാൽ ആഘോഷ വേളയിൽ മൃഗങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കാൻ മുൻകരുതൽ നടപടിയെന്ന രീതിയിൽ കോടതി ചുമതലപ്പെടുത്തിയതാകട്ടെ ത്രിപുര ഹൈക്കോടതി രൂപീകരിച്ച അതേ ഉന്നതാധികാര സമിതിയെയും.

അരുണാചൽ പ്രദേശ്, ആസാം, ത്രിപുര എന്നിവിടങ്ങളിൽ നിന്നും ജാം നഗറിലെ ട്രസ്റ്റിലേക്ക് കയറ്റി അയച്ച് രക്ഷപ്പെടുത്തി എന്ന് അവകാശപ്പെടുന്ന ആനകൾ ‘ആരോഗ്യമുള്ളതും’, ‘യാത്രയ്ക്ക് യോഗ്യമായ’ ആനകളാണെന്ന് നോർത്ത് ഈസ്റ്റ് നൗ റിപ്പോർട്ട് ചെയ്യുന്നു. “യാത്രയ്ക്ക് അനുയോജ്യം” എന്ന വെറ്റിനറി ഡോക്ടർമാർ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ ആവശ്യം രക്ഷപ്പെടുത്തുന്ന മൃഗങ്ങൾക്ക് ആവശ്യമില്ല, എന്നാൽ ആർ.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് രക്ഷപ്പെടുത്തി എത്തിച്ച ആനകൾക്ക് എന്തിനാണ് അത്തരം സർട്ടിഫിക്കറ്റിന്റെ ആവശ്യകത എന്നും വന്യജീവി പ്രവർത്തകയായ മുബീന അക്തർ നോർത്ത് ഈസ്റ്റ് നൗ റിപ്പോർട്ടിൽ ചോദ്യം ഉന്നയിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ ആർ.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് മാറ്റിയതായി ഔദ്യോഗിക രേഖകളും സ്ഥിരീകരിക്കുന്നുണ്ട്. 2021 മുതൽ, കുറഞ്ഞത് 39 ആനകളെയെങ്കിലും അരുണാചൽ പ്രദേശിൽ നിന്ന് മാറ്റിയിട്ടുണ്ട്. 2022 ഏപ്രിൽ-ജൂൺ മാസങ്ങളിൽ മാത്രം 17 ആനകളെയാണ് ആർ.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് മാറ്റിയത്. 2023 ഏപ്രിലിൽ കോടതി നിയോഗിച്ച സമിതി 23 ആനകളെ (അരുണാചൽ പ്രദേശിൽ നിന്ന് 20) ആർ.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് മാറ്റാൻ ശുപാർശ ചെയ്ത നീക്കത്തെ വിവിധ വന്യജീവി സംഘടനകൾ എതിർത്തിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും അരുണാചൽ പ്രദേശിലെ നാംസായ് ജില്ലയിൽ നിന്ന് 20 ആനകളെ ആർ.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് മാറ്റി. എന്നാൽ ഈ ആനകളൊക്കെ നാട്ടാനകളായിരുന്നെ അതോ അവയെ കാട്ടിൽ നിന്ന് പിടികൂടി ബന്ദികളാക്കിയതാണോ എന്ന സംശയവും റിപ്പോർട്ട് ഉന്നയിക്കുന്നു. 2024 ഫെബ്രുവരിയിൽ ത്രിപുരയിൽ നിന്ന് ഗുജറാത്തിലേക്ക് 12 ആനകളെ കയറ്റി അയച്ചത് നിയമലംഘനമാണെന്ന് കാണിച്ച് ത്രിപുര ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ആനകൾ വ്യത്യസ്‌തമായ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി വന്യജീവി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ പറയുന്നതുപോലെ ആർ.കെ.ടി.ഇ.ഡബ്ല്യൂ.ടിലേക്കെത്തിച്ച ആനകൾ ബന്ദിയാക്കപ്പെട്ടതോ കാട്ടിൽ നിന്ന് പിടികൂടിയതോ എന്നുള്ള വിവരങ്ങൾ അവ്യക്തമാണ്. അരുണാചൽ പ്രദേശിലും ആസാമിലുള്ള കാടുകളിൽ നിന്ന് ആനകളെ പിടികൂടി ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിൽ വില്പന നടത്തുന്ന പതിവ് വർഷങ്ങളായി ഉണ്ടായിരുന്നു എന്നത് കൂടി ഇത്തരം സംശയങ്ങളുടെ ആക്കം കൂട്ടുന്നു. നാല് ഇസ്രായേൽ സീബ്രകൾക്ക് പകരമായി 2021 ൽ അസാം സ്റ്റേറ്റ് സൂവിൽ നിന്ന് രണ്ട് കരിം പുലികളെ (black panthers) കൈമാറിയത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. 1957-ൽ സ്ഥാപിതമായ ആസാം മൃഗശാലയുടെ സംരക്ഷണത്തിനായി 2017-ൽ രൂപീകരിച്ച Chiriyakhana Suraksha Mancha എന്ന സംഘടനയിലെ അംഗങ്ങളാണ് പ്രതിഷേധത്തിന് നേത‍ത്വം നൽകിയത്. രാജ്യത്തെ കരിം പുലികളുടെ ഏക പ്രജനന കേന്ദ്രമാണ് അസാം സ്റ്റേറ്റ് സൂ. സെൻട്രൽ സൂ അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സർക്കാരിന്റെ മൃഗശാലകൾ തമ്മിലൽ മാത്രമേ കൈമാറ്റം നടത്താവൂ എന്നായിരുന്നു Chiriyakhana Suraksha Mancha ആരോപിച്ചത്.

ജാംന​ഗറിലെ റിലയൻസിന്റെ പെട്രോളിയം ഇൻഡസ്ട്രിയൽ കോംപ്ലക്സ്

ഇത്തരത്തിൽ കൈമാറ്റം നടത്തുമ്പോൾ ആ മൃഗശാലയുടെ പ്രജനനം, ശിശു ആരോഗ്യ സംരക്ഷണം, പരിപാലനം എന്നീ മേഖലകളിലെ മുൻകാല ട്രാക്ക് റെക്കോർഡ് പരിശോധിക്കണം എന്നാണ് 2008 ലെ സെൻട്രൽ സൂ അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് എന്നാൽ പൊതു മൃഗശാലകളിൽ നിന്ന് സ്വകാര്യ മൃഗശാലകളിലേക്കുള്ള കൈമാറ്റം ഒരു നിയമവും തടയുന്നില്ല. റിലയൻസിന്റെ നേതൃത്വത്തിലുള്ള മൃഗശാലയുടെ മാസ്റ്റർ ലേ ഔട്ട് പ്ലാൻ 2019 ഫെബ്രുവരിയിലാണ് അംഗീകരിക്കപ്പെട്ടത്. അതിൽ നിന്ന് തന്നെ ഇത്തരത്തിൽ മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനുള്ള ട്രാക്ക് റെക്കോർഡിന്റെ കാര്യത്തിലും വ്യക്തതയില്ല.

ജാംനഗറിലെ 250 ഏക്കറിലധികം വരുന്ന ഗ്രീൻസ് സുവോളജിക്കൽ, റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ (GZRRC) ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗശാലയെന്നാണ് മാധ്യമ വിശേഷണം. എന്നാൽ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വിസ്തൃതിയിൽ ഇതിലും വലിയ മൃഗശാലകളുണ്ട്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്ക് 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നു. ചെന്നൈയിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക്, ഭുവനേശ്വറിലെ നന്ദൻകനൻ ബയോളജിക്കൽ പാർക്ക്, ഗുവാഹത്തിയിലെ അസം സ്റ്റേറ്റ് സൂ കം ബൊട്ടാണിക്കൽ ഗാർഡൻ, ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്ക്, വിശാഖപട്ടണത്തെ ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക്, മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ പാർക്ക് എന്നിവയും വളരെ വിപുലമായവയാണ്. അവയെല്ലാം അതാത് സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല റഷ്യയിലെ മോസ്കോ മൃഗശാലയാണ്, അതിൽ 1,226 വ്യത്യസ്ത ഇനങ്ങളിൽ പെട്ട 24,500 മൃഗങ്ങളുണ്ട്. യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ മറ്റ് വലിയ മൃഗശാലകളുണ്ട്.

വൻതാര സൂ. കടപ്പാട്:reliancefoundation

തദ്ദേശീയമല്ലാത്ത ജീവജാലങ്ങളെ ഇവിടേക്കെത്തിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കും പ്രാദേശിക ആവാസവ്യവസ്ഥയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദ​​ഗ്ദർ ആശങ്ക ഉന്നയിക്കുന്നത്. ആനകൾക്ക് പാകം ചെയ്ത ഭക്ഷണം നൽകുന്നതിനെ പറ്റി ആനന്ത് അംബാനി വിശദമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരത്തിൽ ജീവജാലങ്ങളെ അതിന്റെ നൈസർഗിക ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റി പാർപ്പിച്ചുകൊണ്ട് മൃഗസംരക്ഷണത്തിന്റെ പേരിൽ നടത്തുന്ന മൃഗ അവകാശ ലംഘനങ്ങളെ പറ്റി ഗൗരവപരമായ ചർച്ചകൾ ഉയരേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ നീക്കങ്ങൾ

ആനകളുടെ വാണിജ്യ വ്യാപാരത്തിൽ ഏർപ്പെടാൻ സ്വകാര്യ വ്യക്തികളെ അനുവദിക്കുന്ന നിയമ ഭേദഗതി കൊണ്ടുവരുന്നതിന് 2021 ഡിസംബറിൽ ലോകസഭയിൽ ബില്ല് അവതരിപ്പിച്ചുവെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് ആനകളുടെ ‘വാണിജ്യ കച്ചവടം’ എന്ന വ്യവസ്ഥ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിക്കുകായിരുന്നു. അതുപോലെ തന്നെ ആനക്കൊമ്പ് വ്യാപാരം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര നിരോധനം നീക്കാൻ നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. 2022 നവംബർ 18-ന് COP19 സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആനക്കൊമ്പ് വ്യാപാരം നിരോധിക്കുന്നതിനുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നീക്കങ്ങളും ആനന്ത് അംബാനി വളർത്താൻ ഉദ്ദേശിക്കുന്ന വൻതാരയും പദ്ധതിയും ഇന്ത്യയുടെ ജൈവവൈവിധ്യ സമ്പത്തിന്റെ വാണിജ്യവത്കരണത്തിന് വഴിയൊരുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Also Read

8 minutes read March 11, 2024 3:11 pm