തീരം കവരുന്ന തോട്ടപ്പള്ളിയിലെ മണൽ ഖനനം

“കടലമ്മ കള്ളി എന്ന് എഴുതിയാൽ തിര വന്ന് മായ്ക്കും എന്ന് പറയാറുണ്ട്. അത് കടലമ്മയെ കള്ളിയെന്ന് വിളിക്കുന്നത് കൊണ്ടല്ല. അത്തരം ചെറിയവര പോലും നികത്തി കടല് മണ്ണ് കൊണ്ടുവന്നിടും. തോട്ടപ്പള്ളിയിലെടുക്കുന്ന വലിയ കുഴികളടക്കാൻ കടല് എവിടെ നിന്നെങ്കിലും മണല് കൊണ്ടുവരും. എത്ര വർഷം വാരിയാലും അത് തീരത്തില്ല. അത് അവർക്കും അറിയാം. ഭൂപടത്തിൽ നിന്ന് ഈ പ്രദേശം ഇല്ലാതാവും വരെ അവർ മണലെടുക്കും. തീരവും ഉണ്ടാവില്ല, തീരത്ത് താമസിക്കുന്ന മനുഷ്യരും ബാക്കിയുണ്ടാവില്ല.”

സൈജു മത്സ്യത്തൊഴിലാളിയാണ്. തോട്ടപ്പള്ളി കടപ്പുറത്ത് നിന്ന് വർഷങ്ങളോളം മീൻപിടിക്കാൻ പോയിരുന്ന സൈജുവിന് ഇന്ന് കിലോമീറ്ററുകൾ യാത്ര ചെയ്ത് വലിയഴീക്കലെത്തി വേണം ജോലിക്ക് പോവാൻ. കാരണം തോട്ടപ്പള്ളി തീരത്ത് ചെറുവള്ളങ്ങളല്ലാതെ ഒന്നും അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. “തീരത്ത് മണലില്ല, പിന്നെങ്ങനെ വള്ളമടുപ്പിക്കും?” സൈജുവിന്റെ വാക്കുകളിൽ ആശങ്ക നിറയുന്നു.

“മത്സ്യബന്ധന ബോട്ടും, ലൈലാൻഡ് വള്ളങ്ങളും, ചെറിയവള്ളങ്ങളും എല്ലാം നിരന്നുകിടന്നിരുന്ന ഒരു കാലം തോട്ടപ്പള്ളിക്കും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് തോട്ടപ്പള്ളി, പുന്നപ്ര, ആലപ്പുഴ ഭാ​ഗത്തുള്ള മത്സ്യത്തൊഴിലാളികൾ വണ്ടിക്കൂലിയും മുടക്കി വലിയഴീക്കൽ ചെന്നെങ്കിലേ പണിക്ക് പോവാൻ പറ്റൂ. വണ്ടിക്കാശിന് തന്നെ പോവും മാസം നല്ലൊരു തുക.” കടല് കയറി തീരമില്ലാതാവുന്നതിന്റെ എല്ലാ പ്രശ്‌നങ്ങളും അനുഭവിക്കുന്ന ഇവർക്ക് മുന്നിലാണ് ഉള്ള മണലും ഊറ്റിയെടുക്കുന്ന ഖനനം.

ദുരന്ത ലഘൂകരണം എന്ന ദുരന്തം

ഖനനം എന്ന വാക്ക് അധികൃതർ ഉപയോഗിക്കില്ല. ‘ദുരന്തലഘൂകരണ പ്രവർത്തന’ങ്ങളാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന് അവരുടെ ന്യായം. എന്നാൽ തങ്ങളുടെ തീരം എന്നന്നേക്കുമായി ഇല്ലാതാക്കുന്ന കരിമണൽ ഖനനമാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന കാര്യത്തിൽ തോട്ടപ്പള്ളിക്കാർക്ക് നല്ല ഉറപ്പുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്തും (ഐ.ആർ.ഇ), കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡും (കെ.എം.എം.എൽ) ആലപ്പാട്ടും കൊല്ലം തെക്കൻ തീരങ്ങളിലും നടത്തുന്ന കരിമണൽ ഖനനത്തിന്റെ തുടർച്ചയാണ് തോട്ടപ്പള്ളിയിലേക്കും നീളുന്നത്. പക്ഷെ അത് തോട്ടപ്പള്ളിയിലേക്ക് എത്തുമ്പോള്‍ ‘കരുത’ലിന്റെ ശബ്ദമായി മാറുന്നു.

വെള്ളപ്പൊക്കം തുടർക്കഥയായ കുട്ടനാടിനെ കരകയറ്റാനുള്ള അടിയന്തിര നടപടി എന്ന നിലയ്ക്കാണ് തോട്ടപ്പള്ളിയിലെ മണൽവാരൽ. “ആദ്യം കുട്ടനാട്ടുകാരുടെ വിഷയം പറഞ്ഞുവന്നു. പിന്നെ വണ്ടിയെത്തി മണലെടുക്കാൻ തുടങ്ങി. പൊഴി മുറിക്കാനാണെങ്കിൽ, ആഴം കൂട്ടാനാണെങ്കിൽ അത് ചെയ്യേണ്ടേ? അതിന് പകരം പൊഴിമുഖത്തെ മണലെടുക്കുന്നതെന്തിന്? എല്ലാ വർഷവും മുറിക്കുന്ന പൊഴി, ഖനനം തുടങ്ങി ഇത്രകാലമായിട്ടും മുറിഞ്ഞിട്ടില്ല! തോട്ടപ്പള്ളി ഹാർബറിൽ അടിഞ്ഞ മണ്ണ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ തന്നെയാണ് സമരം ചെയ്തത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മണൽ നീക്കാൻ സഹായിക്കുമെന്ന് പറഞ്ഞു. പക്ഷേ ആ സഹായം ഇത്ര വലുതായിരിക്കുമെന്ന് കരുതിയില്ല. ഹാർബറിലെ മണ്ണ് ഐ.ആർ.ഇ.എൽ ആണ് നീക്കുന്നത്. ഹാർബർ എന്ന് തുറക്കുന്നോ, അന്ന് വരെ മണലെടുക്കാനാണ് അവർക്ക് അനുമതി കൊടുത്തിരിക്കുന്നത്. ഹാർബറും തുറക്കില്ല, മണലെടുപ്പും തീരില്ല. ഇപ്പുറത്ത് കെ.എം.എം.എൽ കുട്ടനാടിന്റെ പേരും പറഞ്ഞ് രക്ഷിക്കാനെത്തി മണൽ കോരുന്നു.” സൈജു തുടർന്നു.

തീരം കടലെടുത്ത് പോയപ്പോൾ കടലും സൈജുവിന്റെ പുരയിടവുമായുള്ള ദൂരം മീറ്ററുകൾ പോലുമില്ലാതെ ചുരുങ്ങി. തിര ആഞ്ഞടിച്ചാൽ ഏത് നിമിഷവും വീടില്ലാതാവാം. കടലാക്രമണ ദുരന്തങ്ങൾ തുടരുന്ന ആലപ്പുഴ തീരങ്ങൾ പലായനത്തിന്റെ കഥകൾ പറയുമ്പോഴാണ് തീരത്തിന് ഭീഷണിയായി മണൽഖനനം. “അമ്പലപ്പുഴ, പുറക്കാട് തുടങ്ങി എല്ലാ പ്രദേശത്തും കിലോമീറ്റർ കണക്കിന് തീരമുണ്ടായിരുന്നു. കടലിൽ പോയി വന്ന് എഞ്ചിനും മറ്റ് സാധനങ്ങളും തോളിൽ ചുമന്ന് കുറേ നടന്നാലേ കരയിലോ വീട്ടിലോ എത്താൻ പറ്റൂ. ഇന്ന് ആ സ്ഥലങ്ങളിലെ തീരവും പുരകളും എല്ലാം പോയി. കുട്ടനാട്ടുകാർ വെള്ളത്തിൽ കിടക്കുകയാണ്, അത് സത്യമാണ്. പക്ഷെ അതുപോലെ തന്നെ ശ്രദ്ധവേണ്ടതാണ് തീരദേശവാസികളും നിലനിൽപ്പും തീരത്തിന്റെ സംരക്ഷണവും.” സൈജു കൂട്ടിച്ചേർത്തു.

2020ലാണ് കെ.എം.എം.എൽ പൊഴിയിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടാനെന്ന പേരിൽ തോട്ടപ്പള്ളിയിലെത്തുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ സർക്കാരും കെ.എം.എം.എല്ലും അതിനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. 2019ലെ പ്രളയത്തിന് ശേഷം ഡിസംബറിലാണ് തോട്ടപ്പള്ളി സ്പിൽവേയിലെ മണ്ണ് നീക്കം ചെയ്യുന്നതിന് സർക്കാർ തീരുമാനം എടുക്കുന്നത്.

“എന്നാൽ നവംബർ മാസത്തിൽ തന്നെ കെ.എം.എം.എല്ലിൽ തോട്ടപ്പള്ളിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. സർക്കാർ തീരുമാനമെടുത്ത് രണ്ട് മാസത്തിനകം അത് കെ.എം.എം.എല്ലിന് അനുവദിച്ച് ഉത്തരവായി. സർക്കാർ തീരുമാനത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ ഉന്നതതല യോ​ഗങ്ങൾ പലതവണ ചേർന്നിട്ടുണ്ട്.” പരിസ്ഥിതി പ്രവർത്തകനായ ദീപക് ദയനാന്ദൻ ആരോപിക്കുന്നു. എന്നാൽ ആദ്യം ഒരു ക്യുബിക് മീറ്ററിന് 250 രൂപയാണ് കെ.എം.എം.എൽ നിശ്ചയിച്ചിരുന്ന വില. കൊല്ലം നീണ്ടകരയിൽ മണ്ണെടുക്കുന്നതിന് ക്യുബിക് മീറ്ററിന് 464 രൂപയായിരുന്നു നിശ്ചയിച്ചത്. ഈ വ്യത്യാസം ഉന്നത ഉദ്യോഗസ്ഥ തലത്തിൽ ചോദ്യം ചെയ്യപ്പെടുകയും കെ.എം.എം.എല്ലിന്റെ നിരക്കുവില നിരസിക്കുകയും ഉണ്ടായി. പിന്നീട് ഒരു ക്യുബിക് മീറ്ററിന് 450 രൂപയ്ക്ക് കെ.എം.എം.എല്ലിനും ഐ.ആർ.ഇ.യ്ക്കും മണ്ണ് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. “എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ കെ.എം.എം.എല്ലിന് ഖനനം ചെയ്യാൻ അനുമതിയില്ല എന്ന് വ്യക്തമാണ്.” ദീപക് പറയുന്നു.

2020 മെയ് 22ന് രാവിലെ തോട്ടപ്പള്ളി തീരത്ത് നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെയാണ് പ്രദേശവാസികൾ ഇക്കാര്യം അറിയുന്നത്. വർഷങ്ങൾക്ക് മുമ്പ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബിനോയ് വിശ്വം വനംവകുപ്പ് മന്ത്രിയായിരിക്കെ സാമൂഹികവനവൽക്കരണ വിഭാഗവും പുറക്കാട് പഞ്ചായത്തും ചേർന്ന് വച്ചുപിടിപ്പിച്ച മരങ്ങൾ രാത്രിക്ക് രാത്രി പോലീസ് സംരക്ഷണയിൽ വെട്ടിമാറ്റുകയായിരുന്നു. ആയിരത്തിയഞ്ഞൂറിലധികം പോലീസുകാരെ നിരത്തി ആയിരത്തിലധികം കാറ്റാടി മരങ്ങളാണ് അന്ന് വെട്ടിമാറ്റിയത്. പൊഴിയുടെ ആഴം കൂട്ടണമെങ്കിൽ മരങ്ങൾ വെട്ടിമാറ്റുന്നതെന്തിനെന്ന ചോദ്യം അന്നുതന്നെ പ്രദേശവാസികളും തദ്ദേശസ്ഥാപന പ്രതിനിധികളും ഉന്നയിച്ചിരുന്നു.

ഓരോ വർഷവും കാലവർഷം തുടങ്ങുന്നതിന് മുമ്പ് പൊഴിമുറിക്കുകയാണ് ചെയ്തിരുന്നത്. എല്ലാ വർഷവും ഇറിഗേഷൻ വകുപ്പ് ഇതിനായി ടെൻഡർ വിളിക്കും. 2020ലും ഇതിനായി ടെൻഡർ വിളിച്ചിരുന്നു. സ്പിൽവേ പൊഴിമുഖത്ത് 190 മീറ്റർ നീളത്തിലും 27.5 മീറ്റർ വീതിയിലും 0.5 മീറ്റർ ആഴത്തിലും മണൽ നീക്കം ചെയ്യുന്നതിനായിരുന്നു ടെൻഡർ. 26 ലക്ഷം രൂപ കരാർ തുകയായി കണക്കാക്കിയിരുന്നു. മെയ് 19ന് ടെൻഡർ സ്വീകരിക്കുന്ന നടപടികൾ അവസാനിക്കുമെന്നും 25ന് കരാർ ഉറപ്പിക്കുമെന്നും ഇറിഗേഷൻ വകുപ്പ് അറിയിപ്പും നൽകി. എന്നാൽ മെയ് 19ന് ടെൻഡർ സ്വീകരിക്കുന്നതിനുള്ള അവസാന ദിവസം, തോട്ടപ്പള്ളി പൊഴിയുടെ ആഴവും വീതിയും കൂട്ടുന്നതിന് കെ.എം.എം.എല്ലിനെ ചുമതലപ്പെടുത്തിയതായുള്ള ഉത്തരവ് സർക്കാരിൽ നിന്ന് ഇറിഗേഷൻ വകുപ്പിന് ലഭിച്ചു. മെയ് 19ന് തന്നെ കെ.എം.എം.എൽ തോട്ടപ്പള്ളി പൊഴിയ്ക്ക് സമീപം യന്ത്രസാമഗ്രികൾ എത്തിക്കുകയും 20ന് ലോറികളെത്തിത്തുടങ്ങുകയും ചെയ്തു. ഇന്നും നൂറ് കണക്കിന് ലോറികൾ തീരത്തുനിന്ന് വാരിയ മണലുമായി നീങ്ങുന്നു.

പ്രളയം മണലെടുപ്പിന് മറയാകുമ്പോൾ

തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തെ നിർവീര്യമാക്കി, പ്രാദേശിക പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അതിക്രൂരമായി അടിച്ചമർത്തി നടത്തുന്ന ഖനനം ദുരന്തലഘൂകരണത്തിന്റെ പേരിൽ പെട്ടെന്നുണ്ടായതല്ലെന്ന് പ്രദേശവാസികൾ പറയുന്നു. “വർഷങ്ങളായി ആലപ്പുഴയിലെ തീരത്തെ മണലിൽ കണ്ണുണ്ടായിരുന്നെങ്കിലും അതിനുള്ള വഴിയില്ലായിരുന്നു. അപ്പോഴാണ് പ്രളയം വന്നത്. അതോടെ കുട്ടനാട്ടിലെ പ്രളയ കാരണം പറഞ്ഞ് മണൽവാരാനുള്ള വഴിയൊരുക്കി.” തോട്ടപ്പള്ളി ഖനനത്തിനെതിരെ സമരം നയിക്കുന്ന സുരേഷ്‌കുമാർ ആരോപിച്ചു. രണ്ട് ദശാബ്ദം മുമ്പ് ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ പാട്ട വ്യവസ്ഥയിൽ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകാൻ നീക്കമുണ്ടായി. കേരളം ഗൾഫ് ആവുമെന്നും അതിലേക്കുള്ള വഴിയാണ് തീരത്തെ മണ്ണെന്നുമായിരുന്നു അന്ന് സർക്കാർ അധികൃതർ പറഞ്ഞത്. എന്നാൽ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. 2003 ജൂൺ 16ന് വലിയഴീക്കൽ മുതൽ ആലപ്പുഴ വരെയുള്ള തീരത്ത് പതിനായിരക്കണക്കിന് പേർ ചേർന്ന് മനുഷ്യക്കോട്ടയൊരുക്കി സർക്കാർ നീക്കത്തെ പ്രതിഷേധിച്ചു. ആലപ്പുഴ തീരത്ത് പൊതു, സ്വകാര്യ, സംയുക്ത മേഖലകളിലൊന്നും കരിമണൽ ഖനനം വേണ്ട എന്ന തീരദേശവാസികളുടെ ഒറ്റക്കെട്ടായ തീരുമാനത്തിന് മുന്നിൽ സർക്കാരിന് ഖനനാനുമതി റദ്ദാക്കേണ്ടി വന്നു. എന്നാൽ ധാതുസമ്പുഷ്ടമായ ആലപ്പുഴ തീരത്തെ ഖനനത്തിനായുള്ള നീക്കം പലവഴിക്ക് നടക്കുന്നുണ്ടായിരുന്നു. ഇതാണ് ഒടുവിൽ തോട്ടപ്പള്ളിയിലേക്കെത്തിയത്.

തദ്ദേശഭരണം നോക്കുകുത്തിയാകുന്നു

പ്രാദേശിക പ്രതിഷേധത്തെ അവഗണിച്ചും വ്യാപകമായി മണലെടുപ്പ് തുടർന്നപ്പോൾ പുറക്കാട് പഞ്ചായത്ത് ഭരണസമിതി സ്റ്റോപ്പ്‌ മെമ്മോ നൽകാൻ തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എം.എം.എല്ലിന് സ്റ്റോപ് മെമ്മോ നൽകിയിട്ടും അത് പരിഗണിക്കാതെ മണലെടുപ്പ് തുടർന്നു. പഞ്ചായത്ത് അംഗങ്ങൾ കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റോപ്പ്‌ മെമ്മോ നിലനിൽക്കുന്നില്ല എന്ന് കെ.എം.എം.എല്ലിന് വേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഈ വിഷയത്തിൽ ഇടപെടില്ലെന്നും ധാതുമണൽ നീക്കം തുടരാമെന്നും എന്നാൽ പൊഴിമുഖത്ത് നിന്നു കൊണ്ടുപോകുന്ന മണൽ കെ.എം.എം.എൽ പരിസരത്ത് സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. “പക്ഷെ ഇവിടെയാണ് തന്ത്രപരമായ നീക്കം നടന്നിരിക്കുന്നത്. ഡിസാസ്റ്റർ മാനേജ്‌മെന്റ് പദ്ധതി പ്രകാരമാണ് മണൽനീക്കം തീരുമാനിച്ചത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലോ പദ്ധതികളിലോ തദ്ദേശസ്ഥാപനങ്ങൾക്ക് ഇടപെടാനോ ചോദ്യം ചെയ്യാനോ സാധ്യമല്ല. പഞ്ചായത്ത് സെക്രട്ടറിക്ക് തടസ്സവാദം ഉന്നയിക്കാൻ കഴിയില്ല. അതിനാലാണ് സ്റ്റോപ്‌മെമ്മോ കളക്ടർക്ക് റദ്ദാക്കാനും സെക്രട്ടറിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാനും കഴിഞ്ഞത്. മറ്റൊരു കാര്യം, എടുക്കുന്ന മണൽ കെ.എം.എം.എല്ലിൽ സൂക്ഷിക്കണമെന്ന് കോടതി പറയുന്നു. എന്നാൽ ഇത് നടക്കുന്നില്ല. കെ.എം.എം.എല്ലിനോട് ഇക്കാര്യത്തിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ അത് ലഭിക്കാറുമില്ല.” ദീപക് പറഞ്ഞു.

ഖനന വ്യവസ്ഥകൾ പ്രകാരം തീരത്ത് നിന്ന് എടുക്കുന്ന മണൽ ധാതുക്കൾ തരംതിരിച്ചതിന് ശേഷം തിരികെ തീരത്ത് നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. 2,02023 ടൺ മണൽ എടുക്കാനുള്ള അനുമതിയാണ് കെ.എം.എം.എല്ലിന് ലഭിച്ചിരിക്കുന്നത്. എന്നാൽ എടുക്കുന്ന മണലും, തരംതിരിച്ച മണലും എവിടെപ്പോവുന്നു എന്നത് സംബന്ധിച്ച ഒരു രേഖകളും ലഭ്യമല്ല. ദീപക് തുടർന്നു, “ചെല്ലാനത്തേക്ക് ജിയോബാഗുകൾ നിറക്കാനാണ് മണൽ പോയത് എന്ന് പറയുന്നു. എന്നാൽ അതിന് പരിധിയുണ്ട്. 27 കോടിയുടെ മണൽ തോട്ടപ്പള്ളിയിൽ നിന്ന് എടുത്തു എന്നും ഇതിൽ നിന്ന് കെ.എം.എം.എല്ലിന് അഞ്ച് കോടി രൂപ ലാഭമുണ്ടായിട്ടുണ്ടെന്നുമാണ് കമ്പനി പുറത്തുവിടുന്ന കണക്ക്. അങ്ങനെയെങ്കിൽ അത്രയും രൂപയുടെ ധാതുക്കൾക്കായി എടുത്ത മണൽ എവിടെപ്പോയി എന്നത് ചോദ്യമാണ്.”

കുട്ടനാട് സംരക്ഷിക്കപ്പെടില്ല

കുട്ടനാടിനെ രക്ഷിക്കാനെന്ന പേരിൽ നടത്തുന്ന ഖനനം കുട്ടനാടിന് പോലും അപകടകരമാവുമെന്ന മുന്നറിയിപ്പ് വിദഗ്ദ്ധരും തോട്ടപ്പള്ളി പ്രദേശവാസികളും നൽകുന്നു. കാലവർഷ സമയത്ത് മുറിക്കുന്ന പൊഴി കാലവർഷം കഴിയുമ്പോൾ മണ്ണ് വന്ന് മൂടി അടയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തത്. കായലിന് മുകളിലാണ് കടൽ നിരപ്പ് എന്നതിനാൽ ഉപ്പുവെള്ളം കയറാതെ കുട്ടനാട്ടിലെ കൃഷിക്കുള്ള സംരക്ഷണ കവചം കൂടിയാണ് തോട്ടപ്പള്ളി പൊഴി. അവിടെ നിന്ന് വ്യാപകമായി മണലെടുക്കുകയും തീരത്തെ മണൽ ഇല്ലാതാവുകയും ചെയ്താൽ കുട്ടനാട്ടിലേക്ക് കടൽ വെള്ളം കയറുമെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. അടുത്തിടെ ലോവർ, അപ്പർ കുട്ടനാടുകളിലെ കൃഷി ഉപ്പുവെള്ളം കയറി നശിക്കുന്ന അവസ്ഥയുണ്ടായെന്നും ഇവർ പറയുന്നു.

തോട്ടപ്പള്ളി സമരസമിതി നേതാവ് എസ് സുരേഷകുമാർ പറയുന്നു, “പൊഴിമുഖത്ത് ഖനനം പാടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. അത് ലോക നിയമങ്ങൾക്ക് എതിരാണ്. മീൻകുഞ്ഞുങ്ങളും ചെമ്മീൻകുഞ്ഞുങ്ങളുമെല്ലാം ഉണ്ടാവുമെന്നതിനാൽ കൊട്ടകൊണ്ട് കോരിയേ മണ്ണ് നീക്കാവൂ. ആ അഴിമുഖത്താണ് സീവാഷിങ്ങിനായി വലിയഗർത്തങ്ങൾ തീർത്തിരിക്കുന്നത്. അതിൽ മണ്ണ് വന്ന് വീഴും. 100 കൊല്ലമായാലും പൊഴിയിലെ മണ്ണ് തീരില്ല. പക്ഷെ ഇപ്പോഴും തോട്ടപ്പള്ളിയിൽ നടക്കുന്നത് ഖനനമാണെന്ന് അധികൃതർ പറയില്ല. തീരവരമ്പ് നഷ്ടമായാൽ കുട്ടനാട്ടിലേക്ക് വെള്ളം കയറും. ഗുണത്തേക്കാളേറെ ദോഷമാവും കുട്ടനാടിനുണ്ടാവുക. ഇത്രനാളായി മണലെടുത്തിട്ട് കുട്ടനാട്ടിലെ വെള്ളം കുറഞ്ഞോ? ഇത്തവണയും മഴയിൽ വെള്ളപ്പൊക്കമുണ്ടായി. തോട്ടപ്പള്ളി തീരത്തെ മണ്ണെടുത്താൽ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് പരിഹാരമാവുമോ? ഇതൊന്നുമില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വീതം കിട്ടുന്ന പൈസയുള്ളപ്പോൾ ആരും ഒന്നും പറയില്ല, ഒരു നടപടിയും എടുക്കില്ല. കടൽ രണ്ട് കിലോമീറ്റർ കയറി തീരശോഷണമുണ്ടായ തോട്ടപ്പള്ളിയിൽ നിന്നാണ് ഓരോ ദിവസം 150-170 ലോഡ് മണ്ണ് കമ്പനികൾ കൊണ്ടുപോവുന്നത്. പുറക്കാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുന്നപ്രനോർത്ത്, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളിൽ നിന്നായി 456 കുടുംബങ്ങളാണ് കടലാക്രമണത്തിന് ഇരകളായി വീട് നഷ്ടപ്പെട്ടത്. റയിൽവേ പുറമ്പോക്കിലും, ദുരിതാശ്വാസ കേന്ദ്രങ്ങളിലും, ബന്ധുവീടുകളിലുമായി വർഷങ്ങളായി കഴിയുകയാണ് ആ കുടുംബങ്ങൾ. കടലാക്രമണം നേരിടുന്നവർക്ക് തീരത്ത് നിന്ന് പോവാൻ ‘പുനർ ഗേഹം’ പദ്ധതിയുണ്ട്. 10 ലക്ഷം രൂപ തരാം, തീരത്ത് നിന്ന് പോവാനാണ് പറയുന്നത്. അങ്ങനെപോയാൽ എവിടെയുണ്ട് സ്ഥലം? വള്ളവും വലയുമായി ജീവിക്കുന്നവർ എങ്ങനെ വേറൊരു സ്ഥലത്ത് ജീവിക്കും? അതിനൊന്നും ഉത്തരമില്ല.”

നിലവിൽ ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കലിലും ഹാർബർ വികസനം എന്ന പേരിൽ മണ്ണെടുക്കൽ ആരംഭിച്ചിരിക്കുകയാണ്. ഖനനത്തിനുള്ള യന്ത്രസാമഗ്രികളുപയോഗിച്ചുള്ള മണ്ണെടുക്കലിനെതിരെ പ്രാദേശിക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡീഫിൽറ്റിങ് എന്ന പേരിലാണ് ഇവിടെ നിന്ന് മണലെടുപ്പ്. “പറയുന്നത് ഡീഫിൽറ്റിങ് എന്നാണ്. അഴുക്കും ചെളിയും മാറ്റുക. എന്നാൽ കരയിലേക്കിടുന്ന മണലിൽ നിന്ന് കരിമണൽ വേർതിരിക്കുന്ന സ്‌പൈറൽ യൂണിറ്റുമായാണ് ഐ.ആർ.ഇ അവിടെ പ്രവർത്തിക്കുന്നത്.” സുരേഷ്‌കുമാർ ആരോപിച്ചു.

കോൺഗ്രസ് നേതാവ് വി.എം.സുധീരനും തോട്ടപ്പള്ളി ഖനന വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. “കുട്ടനാട്ടിലേക്കെത്തുന്ന പ്രളയജലം കടലിലേക്കൊഴുക്കുന്നതിനുള്ള സുപ്രധാന ജലനിർഗമന മാർഗ്ഗമായ തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം അവതാളത്തിലായിട്ട് എത്രയോ നാളുകളായി. ആകെയുള്ള 40 ഷട്ടറുകളുടെയും കോർണർ ആംഗിളുകൾ തകരാറിലാണ്. 12 ഷട്ടറുകൾ ക്രെയിൻ സഹായത്തോടെ പ്രവർത്തിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. അടുത്ത കാലത്ത് സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു വീണത് മൂലമുണ്ടായ ഗുരുതരമായ സ്ഥിതിവിശേഷം തുടരുകയാണ്. തുരുമ്പെടുത്ത് ദ്രവിച്ച ഷട്ടറുകളുടെ വിടവിലൂടെയും അടിയിൽ കൂടിയും ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് കയറുന്ന ആപൽക്കരമായ അവസ്ഥയാണുള്ളത്. വേലിയേറ്റ സമയത്ത് ഓരുവെള്ളം പാടശേഖരങ്ങളിൽ കയറുന്ന ഈ സ്ഥിതി വിശേഷം കുട്ടനാടിന് തന്നെ വൻ ഭീഷണിയാണ് ഉയർത്തിയിട്ടുള്ളത്. തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപ്പണികൾ പോലും നേരെ ചൊവ്വേ ചെയ്യുന്നതിൽ വീഴ്ചവരുത്തിയ സർക്കാരാണ് സ്പിൽവേയുടെ ആപൽക്കരമായ അവസ്ഥ കണ്ടില്ലെന്നു നടിച്ചുകൊണ്ട് കരിമണൽ ഖനനം എന്ന ഏക ‘രക്ഷാമാർഗ്ഗം’ സ്വീകരിച്ചിട്ടുള്ളത്.” സുധീരൻ പറയുന്നു.

അടുത്ത ആലപ്പാടാണ് തോട്ടപ്പള്ളി എന്ന മുന്നറിയിപ്പാണ് ആലപ്പാട് സമര നേതാക്കളിൽ ഒരാളായ കാർത്തിക് ശശി നൽകുന്നത്. “ആലപ്പാട് സീവാഷിങ് നിർത്തിയതൊഴിച്ചാൽ ഇപ്പോഴും ഖനനാനുമതി നൽകിയിരിക്കുകയാണ്. എന്നാൽ മുമ്പ് എടുത്തിരുന്ന സ്ഥലങ്ങളല്ലാതെ മറ്റെവിടെയും അവർക്ക് ഖനനം നടത്താൻ കഴിയുന്നില്ല. രണ്ട് മൂന്ന് പുതിയ പ്ലോട്ടുകൾ അവർ നോക്കിയെങ്കിലും ആ നീക്കം പരാജയപ്പെട്ടു. അതുകൊണ്ട് തോട്ടപ്പള്ളി, ആറാട്ടുപുഴ മേഖലകളിലേക്ക് എത്തിയിരിക്കുകയാണ്.”

വിലപിടിപ്പുള്ള ധാതുക്കൾ എവിടേക്ക്?

വർഷങ്ങൾക്ക് മുമ്പ് ഐ.ആർ.ഇ.എൽ നടത്തിയ പഠനത്തിൽ തോട്ടപ്പള്ളി തീരത്തുൾപ്പെടെ 34 വ്യത്യസ്ത ധാതുക്കൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് ഐ.ആർ.ഇ.യും കെ.എം.എം.എല്ലും വേർതിരിക്കുന്നത് കരിമണലും മറ്റ് ചുരുക്കം ചില ധാതുക്കളും മാത്രമാണ്. അപ്പോൾ വിലപിടിപ്പുള മറ്റ് ധാതുക്കളും മണലും എവിടേക്ക് പോവുന്നു? കേരളത്തിലെ തെക്കൻ തീരങ്ങളിൽ ലാഭക്കണ്ണ് വച്ചിരുന്ന സ്വകാര്യകമ്പനികളിലേക്ക് ഇത് പോവുന്നു എന്ന് പ്രദേശവാസികളും വിഷയത്തിൽ ഇടപെടുന്ന വിദഗ്ദ്ധരും സംശയിക്കുകയും ആരോപിക്കുകയും ചെയ്യുന്നു.

ഓരോ പേരിൽ കമ്പനികൾ ഖനനത്തിനെത്തുമ്പോൾ ഇല്ലാതാവുന്ന തീരം നോക്കി നെടുവീർപ്പിടുകയാണ് തീരവാസികൾ. തോട്ടപ്പള്ളിയിൽ ജനകീയ സമരം മൂന്ന് മാസം പിന്നിടുകയാണ്. ഇതിനിടെ പോലീസ് പലതവണ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. ക്രൂരമായ ആക്രമണങ്ങൾ ഇവർക്ക് നേരെയുണ്ടായി. എന്നാൽ തോട്ടപ്പള്ളിയിൽ ഖനനം അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. വലിയഴീക്കൽ മുതൽ പുന്നപ്ര ചള്ളി കടപ്പുറം വരെയുള്ള പ്രദേശത്തെ ജനങ്ങൾ ചേർന്ന് ഇപ്പോൾ 25 സമരസമിതികൾ രൂപീകരിച്ചിരിക്കുകയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 22, 2021 10:48 am