പ്രകൃതിയേയും സസ്യജന്തുജാലങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിയുന്നു. ഭൗതികശാസ്ത്ര ഗവേഷണ കാലത്ത് പരീക്ഷണശാലയുടെ പുറത്തുള്ള ചെറിയ പൂന്തോട്ടത്തിലെ അലങ്കാരചെടിയിൽ കൂട് കൂട്ടിയ ബുൾബുൾ പക്ഷികളെ നിരീക്ഷിച്ചും ചിത്രീകരിച്ചും തുടങ്ങിയതാണ് വന്യജീവി ഫോട്ടോഗ്രഫി ജീവിതം. ജീവിതപങ്കാളി വിവാഹ വാർഷിക സമ്മാനമായി തന്ന ചെറിയ ക്യാമറയിലായിരുന്നു അന്നത്തെ പരീക്ഷണങ്ങൾ. പിന്നീട് അധ്യാപന ജീവിതത്തിലേക്ക് കടന്നപ്പോഴും ക്യാമറയുമായുള്ള കാട്ടുയാത്രകൾ തുടർന്നുകൊണ്ടേയിരുന്നു. കാടുകളിൽ നിന്ന് കാടുകളിലേക്കുള്ള ഭ്രമിപ്പിക്കുന്ന യാത്രകൾ. വൈവിധ്യമാർന്ന ഒട്ടനവധി പ്രകൃതി ദൃശ്യങ്ങൾ പകർത്തുമ്പോഴും കണ്ണുകൾ കാട്ടിലാദ്യം തിരയുക പക്ഷികളെയാണ്. വന്യജീവി ചിത്രങ്ങൾക്കൊപ്പം മുന്നൂറിലധികം പക്ഷിയിനങ്ങളുടെ ചിത്രങ്ങളും ശേഖരത്തിലുണ്ട്. IUCN ൻ്റെ ചുവപ്പ് പട്ടികയിലുള്ള മരനായയുടെ ചിത്രം പകർത്തിയത്തിന് ശേഷമാണ് വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. അവയുടെ സംരക്ഷണം വനസംരക്ഷണം കൂടി ഉറപ്പാക്കുന്നു എന്ന തിരിച്ചറിവാണ് അത്തരം ജീവജാലങ്ങളെ കുറിച്ചുള്ള കൂടുതൽ അറിവുകൾ സമൂഹത്തിലേക്ക് എത്തിക്കണം എന്ന തോന്നൽ ഉണ്ടാക്കിയത്. അങ്ങനെ അപൂർവങ്ങളായ ജീവിയിനങ്ങളുടെ ചിത്രങ്ങളും ശേഖരത്തിലുൾപ്പെടുത്തി. ഇക്കാലമത്രയും നടത്തിയ യാത്രകളിൽ കണ്ട കാഴ്ചകളിൽ ചിലത് ഇവിടെ പങ്കുവയ്ക്കുന്നു.
ഭ്രമിപ്പിക്കുന്ന കാട്ടുയാത്രകൾ
INDEPENDENT,
October 7, 2022 2:52 pm