പക്ഷി നിരീഷണത്തിലൂടെയാണ് ഈ മേഖലയിലേക്ക് കടന്നുവന്നതെങ്കിലും ചെറുതും വലുതുമായ എല്ലാ ജീവികളെയും നിരീക്ഷിക്കാനും ഫോട്ടോ എടുക്കുവാനും ഇഷ്ടമാണ്. പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയുമാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയെക്കുറിച്ച് അറിഞ്ഞുതുടങ്ങിയതെങ്കിലും ആഴത്തിൽ മനസ്സിലാക്കുന്നതും കൂടുതൽ സുഹൃത്തുക്കളെ ലഭിക്കുന്നതും സോഷ്യൽ മീഡിയ വഴിയാണ്.
അച്ഛൻ വാങ്ങി തന്ന ഒരു ബ്രിഡ്ജ് ക്യാമറയിൽ ആണ് ചിത്രങ്ങൾ എടുക്കാൻ പഠിച്ചത്. ഒറ്റയ്ക്കും സുഹൃത്തുക്കളുടെ കൂടെയും പല സ്ഥലങ്ങളിൽ യാത്ര ചെയ്ത് ഫോട്ടോ എടുക്കാൻ സാധിച്ചിട്ടുണ്ട്. വീടിന്റെയും പഠിച്ചിരുന്ന കോളജിന്റെയും ചുറ്റുപാടുമുള്ള പക്ഷികളെയും മറ്റു ജീവജാലങ്ങളെയുമാണ് കൂടുതൽ പകർത്തിയിട്ടുള്ളത്. പല ജീവജാലങ്ങളെയും പിന്തുടർന്നിട്ടുണ്ടെങ്കിലും പക്ഷികളെ നിരീക്ഷിക്കുന്നതാണ് ഏറെ സന്തോഷം. നാട്ടിലായാലും കാട്ടിലായാലും ഒരുപാട് പക്ഷികളെ കാണാൻ ഇഷ്ടമാണ്.
Tadoba-Andhari National Park ൽ നിന്ന് പകർത്തിയതാണ് അമ്മക്കടുവയെയും കുഞ്ഞിനെയും. അപ്രതീക്ഷിതമായി ഞങ്ങളുടെ സഫാരി ജീപ്പിനു മുന്നിലേക്ക് കടന്നുവന്ന ആ കടുവയും മൂന്ന് കുഞ്ഞുങ്ങളും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ചയാണ്. മൂന്നാറിൽ നിന്ന് എടുത്തിട്ടുള്ള വടക്കൻ ചിലുചിലപ്പൻ, കരിങ്കിളി എന്നീ പക്ഷികളെ ഇവിടെ കാണാം. പക്ഷികളെ പോലെ പ്രിയപ്പെട്ടതാണ് എനിക്ക് തുമ്പികൾ. എല്ലാ ആവാസ വ്യവസ്ഥയിലും തുമ്പികൾ കാണപ്പെടുന്നുണ്ട്. പീലിത്തുമ്പി (Stream glory) ഇണയെ ആകർഷിക്കാൻ വേണ്ടി ചിറക് വിടർത്തുന്നതാണ് ഒരു ചിത്രം. തിളങ്ങുന്ന ചുവപ്പ് നിറത്തിലുള്ള ചെങ്കറുപ്പൻ അരുവിയൻ (Malabar torrent dart) പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന തുമ്പിയാണ്. ഇണയെ ആകർഷിക്കാൻ വേണ്ടി വിളിച്ചു കൊണ്ടിരുന്ന ഒരു തവളയുടെ തലയിലേക്ക് മറ്റൊരു തവള ചാടിക്കയറിയിരുന്ന് അത് തടസപ്പെടുത്താൻ ശ്രമിക്കുന്ന കാഴ്ചയാണ് മറ്റൊരു ചിത്രം.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയായ ഞാൻ ഏഴ് കൊല്ലമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ സജീവമാണ്.




























Featured Image: Ochlandrae Reed Frog
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

