ബുദ്ധനിൽ തെളിയുന്ന അംബേദ്ക്കർ

അംബേദ്ക്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു എന്നതിന് പൊതുവെ നൽകുന്ന ഉത്തരം അദ്ദേഹം തന്റെ ജീവിതത്തിലുടനീളം കർക്കശമായി എതിർത്ത ജാതിവ്യവസ്ഥയിൽ നിന്നും പുറത്തുകടക്കുന്നതിനുവേണ്ടി എന്നതാണ്. ബുദ്ധമതം ജാതിവ്യവസ്ഥയെ ഒരിക്കവും അംഗീകരിച്ചിരുന്നില്ല. തനിക്കു ജനിക്കേണ്ടി വന്നത് ഹിന്ദുമതത്തിലാണെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടായിരിക്കില്ലെന്ന് അംബേദ്ക്കർ മുന്നേതന്നെ പറയുകയുണ്ടായി. മരണത്തിന് രണ്ടുമാസം മുമ്പാണ് അദ്ദേഹം മൂന്നുലക്ഷത്തിലേറെ വരുന്ന അയിത്ത ജാതിക്കാരുമായി നാഗ്പൂരിൽ വച്ച് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതെങ്കിലും, ദശകങ്ങൾക്കു മുന്നേ അംബേദ്ക്കറിൽ അതിനുള്ള ആലോചനകൾ ഇടതടവില്ലാതെ നടന്നിരുന്നു.

ഒരുപക്ഷെ ​ഗാന്ധി ജാതിവ്യവസ്ഥയെ തള്ളിപ്പറഞ്ഞിരുന്നെങ്കിൽ അംബേദ്ക്കർ ഹിന്ദുമതത്തെ കൈവിടില്ലായിരുന്നു. ​ഗാന്ധിയാകട്ടെ, അവർ തമ്മിലുള്ള സംവാദത്തിലുടനീളം തൊട്ടുകൂടായ്മയെ എതിർക്കുകയും ജാതിയെ ന്യായീകരിക്കുകയും ചെയ്തുപോന്നു. അതുകൊണ്ട് മനുഷ്യസാഹോദര്യത്തെ തരിമ്പും അം​ഗീകരിക്കാത്ത ഒരു മതത്തെ അംബേദ്ക്കറിന് തീരെ ഉൾക്കൊള്ളാനായില്ല. സാഹോദര്യത്തിലെന്ന പോലെ മനുഷ്യസമത്വത്തിലും വേരൂന്നിയതായിരുന്നു അംബേദ്ക്കർ ചിന്തയെന്നതിനാൽ മാർക്സിസവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ മാർക്സിസ്റ്റ് പ്രയോ​ഗങ്ങളിൽ വന്നുചേർന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യമില്ലായ്മയെ അദ്ദേഹം ചോദ്യം ചെയ്തു. സമത്വത്തിനുവേണ്ടി സ്വാതന്ത്ര്യം ബലിയർപ്പിക്കുന്നതിനോട് അദ്ദേഹം ഒട്ടും യോജിച്ചില്ല. സമത്വവും സ്വാതന്ത്ര്യവും ഒരേപോലെ വിലപ്പെട്ടതാണെന്നും ഒന്നു നഷ്ടപ്പെടുത്തി മറ്റൊന്ന് നേടുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കണ്ടു.

ഡോ. ബാബാസാഹേബ് അംബേദ്കർ പ്രസംഗിക്കുന്നു. ഫോട്ടോ: വിക്കിമീഡിയ കോമൺസ്

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ലോകമാണ് അംബേദ്ക്കറെ എന്നും പ്രചോദിപ്പിച്ചത്. അത്തരം ഒരു ലോകത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിതാന്ത്യം വരെ അവിശ്രമം തന്റെ മനോവാക് കർമ്മങ്ങളെ ഉപയോ​ഗിച്ചതും. ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയപ്പോൾ അതിന്റെ അടിസ്ഥാനശിലയായി അംബേദ്ക്കർ ഉറപ്പിച്ചതും ഈ മാനവിക മൂല്യങ്ങളെയാണ്. എന്നാൽ ഈ മൂല്യങ്ങളെ താൻ സ്വീകരിച്ചത്, പലരും തെറ്റിദ്ധരിക്കുന്നതു പോലെ കേൾവികേട്ട ഫ്രഞ്ചുവിപ്ലവത്തിൽ നിന്നല്ല എന്ന് അംബേദ്ക്കർ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ​ഗുരുവായ ബുദ്ധനിൽ നിന്നാണ് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളെ നമ്മുടെ ഭരണഘടനയിലേക്ക് സ്വാംശീകരിച്ചതെന്നു അംബേദ്ക്കർ പറഞ്ഞു. ശ്രീബുദ്ധൻ അദ്ദേഹത്തിന്റെ മാനസ​ഗുരുവായിരുന്നു. അന്ന് ഇന്ത്യയിൽ ഏതൊരു ബുദ്ധിജീവിയെയും അതിശയിപ്പിക്കുന്ന വിധം, ഏറ്റവും മുന്തിയ പാശ്ചാത്യ സർവ്വകലാശാലകളിൽ പഠിക്കുകയും നിരവധി ബിരുദങ്ങൾ കരസ്ഥമാക്കുകയും അവിടങ്ങളിലെ ആദരണീയരായ പല അദ്ധ്യാപകരും അദ്ദേഹത്തെ സ്വാധീനിക്കുയും ചെയ്തെങ്കിലും അവർക്കപ്പുറം അദ്ദേഹം തന്റെ ​ഗുരുവായി ശ്രീബുദ്ധനെ എന്തുകൊണ്ട് സ്വയംവരിച്ചു എന്നത് ബുദ്ധ പദ്ധതികൾ അദ്ദേഹത്തിൽ ചെലുത്തിയ സ്വാധീനത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു.

അധഃസ്ഥിത ജനതയുടെ ഭൗതികമായ ഉന്നമനത്തിന് വേണ്ടി അംബേദ്ക്കർ സ്വയം സമർപ്പിച്ചെങ്കിലും ഭൗതികപുരോ​ഗതിയിൽ മാത്രം അധിഷ്ഠിതമായിരുന്നില്ല അംബേദ്ക്കർ ചിന്ത. അതുകൊണ്ടുതന്നെ കരുണ, സാഹോദര്യം എന്നീ മനോ​ഗുണങ്ങളെ ഉല്പാദിപ്പിക്കുന്ന ആത്മീയശക്തിയുടെ മൂല്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആത്മീയോന്നതിയില്ലാത്ത ഭൗതിക പുരോ​ഗതി സ്വാർത്ഥതയും അസ്വാതന്ത്ര്യവും അസമത്വവുമായി പരിണമിക്കുമെന്നും അദ്ദേഹം ദീർഘവീക്ഷണം ചെയ്തു. അതായത് അപ്പം കൊണ്ടു മാത്രം ജീവിക്കുന്ന ജന്തുവായി മനുഷ്യനെ കരുതാൻ അദ്ദേഹം തയ്യാറായില്ല. ഭൗതികപുരോ​ഗതിയിൽ മാത്രം ഉന്നംവെയ്ക്കുന്ന പാശ്ചാത്യ രാഷ്ട്രീയദർശനങ്ങൾ സ്വാതന്ത്ര്യത്തെയും സമത്വത്തെയും ഉല്പാദിപ്പിച്ചാലും സാഹോദര്യത്തെ മനുഷ്യരിൽ വളർത്തുന്നതിൽ വിജയിക്കുന്നില്ലെന്ന് അംബേദ്ക്കർക്ക് അറിയാമായിരുന്നു. മുതലാളിത്തം വ്യക്തിസ്വാതന്ത്ര്യത്തെ പ്രഘോഷണം ചെയ്യുന്നുണ്ടെങ്കിലും, വ്യക്തികൾ തമ്മിൽ സാഹോദരഭാവം നശിച്ച സ്വാർത്ഥമൂർത്തികളുടെ സമാഹാരമായി മുതലാളിത്തലോകം സ്വയം പിളരുകയും അത് അസമത്വത്തെയും അസന്തുഷ്ടിയെയും വർധിപ്പിക്കുകയും ചെയ്യുന്നു. മാത്സര്യത്തിന്റെ ആ ലോകത്ത് സ്വാതന്ത്ര്യം വ്യക്തിയുടെ ആർത്തിക്ക് വഴിമാറുകയും അതിരറ്റ ഉപഭോ​ഗത്തിന് വേണ്ടിയുള്ള പാച്ചിലിൽ മാനുഷികമായ എല്ലാ മൂല്യങ്ങളും ഹോമിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മനുഷ്യനിലെ ആസക്തികളെ സ്വാതന്ത്ര്യത്തിന്റെ പേരിൽ പെരുപ്പിക്കുന്ന പാശ്ചാത്യ മൂലധനാധിപത്യത്തെ അനുസരിക്കാൻ അംബേദ്ക്കർ വിസമ്മതിച്ചു. മുതലാളിത്തത്തിൽ അവിരാമമായ വളർച്ച സ്ഥായീഭാവമാകയാൽ, ആ വ്യവസ്ഥക്കു സമൂഹത്തിന്റെ ആർത്തിക്കു കടിഞ്ഞാണിടാൻ കഴിയാതെ വരുന്നു. അതാകട്ടെ നാമിന്നു വ്യക്തമായി കാണുന്നതു പോലെ, ഒരു വശത്ത് ധൂർത്തിന്റെയും മറുവശത്ത് ഇല്ലായ്മയുടെയും രണ്ടുലോകങ്ങളെ നിലനിർത്തുന്നു. മനുഷ്യരെ മാത്രമല്ല സകല ലോകത്തെയും മൂലധനം തന്റെ സ്വാർത്ഥ വളർച്ചക്കുള്ള നിശ്ചേതന വിഭവമായി കരുതുന്നു. അത് മനുഷ്യവർ​ഗത്തെയാകെ ബാധിക്കുന്ന യുദ്ധങ്ങളെയും പരിസ്ഥിതിനാശങ്ങളെയും പെരുപ്പിക്കുന്നു. അഥവാ യുദ്ധങ്ങളിലും പ്രകൃതിയുടെ ലക്കുകെട്ട ചൂഷണത്തിലും കൂടി ഏറ്റവും ഹിംസാത്മകമായിട്ടാണ് മുതലാളിത്തം പിടിച്ചുനിൽക്കുന്നത്. ആർത്തിയെ അടക്കുന്ന ആത്മീയതയുടെ അഭാവം മനുഷ്യന്റെ എല്ലാ നേട്ടങ്ങളെയും നിഷ്പ്രഭമാക്കിയിരിക്കുന്നു.

ഡോ. ബാബാസാഹേബ് അംബേദ്കർ ബുദ്ധ പ്രാർത്ഥനയ്ക്കായി ഡൽഹിയിലെ അശോക് ബുദ്ധ വിഹാറിൽ

സമത്വാധിഷ്ഠിതമായ സാഹോദര്യത്തിന്റെ ലോകം വിളംബരം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പദ്ധതികളാകട്ടെ ഭൗതിക വിഭവങ്ങളുടെ നീതിപൂർവ്വകമായ വിതരണത്തിൽ മാത്രം ശ്രദ്ധ കൊടുക്കുകയും അത് നടപ്പിലാക്കുന്നതിനായി വ്യക്തിസ്വാതന്ത്ര്യത്തെ ഒട്ടും വിലമതിക്കാതെ ഹിംസയെ ഉപാസിക്കുകയും ചെയ്യുന്നു. മുതലാളിത്തവും കമ്മ്യൂണിസവും ഒരേപോലെ മനുഷ്യരെ ശാരീരിക ചോദനകളാൽ മാത്രം നയിക്കപ്പെടുന്ന ആൾക്കൂട്ടമായി കരതുന്നുണ്ട്. ഒരുപക്ഷം സമൂഹത്തെ ഇന്ദ്രിയസുഖത്തിനായി പരക്കം പായുന്ന ശരീരങ്ങൾ മാത്രമായി കണക്കാക്കുമ്പോൾ, മറുപക്ഷം സമൂഹത്തെ ആയുധം കൊണ്ട് എക്കാലവും അടക്കി നിർത്താവുന്ന, കൂട്ടിൽ കഴിയുന്ന ജീവികളായി നിശ്ചയിക്കുന്നു. ഒരുഭാ​ഗം വിഭവങ്ങൾ കാട്ടി മനുഷ്യരെ ശാരീരികമായി വരുതിയിലാക്കുമ്പോൾ, മറുഭാ​ഗം സർക്കസ് കൂടാരത്തിലെ ജീവികളെയെന്ന പോലെ ഭരിക്കുന്നവരുടെ ഇം​ഗിതങ്ങൾ ജനകീയാഭിലാഷം എന്ന പേരിൽ അടിച്ചേൽപ്പിക്കുന്നു. മനുഷ്യരെന്നാൽ ആർത്തിക്കും ഭയത്തിനും കീഴ്പ്പെട്ടവരാണിവർക്ക്. മനുഷ്യലോകത്തിന് ആത്മീയമായൊരു തലമുണ്ടെന്നു ഇരുകൂട്ടരും കരുതുന്നേയില്ല.

അംബേദ്ക്കറാകട്ടെ സമത്വത്തെ വിലമതിച്ചപ്പോൾ തന്നെ അതിനായുള്ള ഹിംസയെ അപലപിച്ചു. എല്ലാവരുടെയും ഭൗതികാവശ്യങ്ങളെ ഏറ്റവും ആദരിച്ചപ്പോൾ തന്നെ വ്യക്തിസ്വാതന്ത്ര്യത്തെ ആത്മനിയന്ത്രണത്തിന് വിധേയമാക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. ഹിംസയെന്നാൽ ആയുധം കൊണ്ടുള്ള കീഴ്പ്പെടുത്തൽ മാത്രമായി അദ്ദേഹം ചുരുക്കിക്കണ്ടില്ല. ‘പൂനാ കരാർ’ നടപ്പിലാക്കുന്നതിനായി ​ഗാന്ധിജി നടത്തിയ മരണം വരെയുള്ള ഉപവാസത്തെയും ഹിംസയുടെ സോഫ്റ്റ് പവ്വറായി അംബേദ്ക്കർ തിരിച്ചറിഞ്ഞു. ജനായത്തത്തിൽ, ധാർമ്മികതയിൽ അടിത്തറയിട്ട നിരന്തരമായിട്ടുള്ള സംവാദത്തിന് പകരമായി ഭൗതികമോ മാനസികമോ ആയ മറ്റൊരു ശക്തിയെയും പ്രവേശിക്കാൻ അദ്ദേ​ഹം അനുവദിച്ചില്ല. ഏതെങ്കിലും വിധത്തിലുള്ള ശക്തി ഉപയോ​ഗിച്ച് സമൂഹത്തിന് മേൽ അടിച്ചേല്പിച്ചുകൊണ്ട് നിർമ്മിച്ചെടുക്കേണ്ടതല്ല ജനസമ്മതിയെന്ന് അദ്ദേഹം ഉൾക്കൊണ്ടിരുന്നു. സമൂഹത്തിന്റെ ബോധ്യങ്ങൾ അവർക്കുള്ളിൽ മാനസികതലത്തിൽ സ്വയം സംഭവിക്കേണ്ടതാണ്. അത്തരം പരിവർത്തനത്തിനുള്ള സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് സമൂഹനേതാക്കളുടെ ഉത്തരവാദിത്വം. അതായത് മനുഷ്യരെ ജന്തുതലത്തിലേക്ക് പരിമിതപ്പെടുത്തുന്ന ഭൗതികാശയങ്ങളിൽ നിന്നും മനുഷ്യരിലെ ആത്മീയ​ഗുണങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ദർശനമയിരുന്നു അംബേദ്ക്കറെ പ്രചോദിപ്പിച്ചത്. ആത്മീയതയെ നിരസിക്കുന്ന ഭൗതികതയെയും ഭൗതികതയെ തള്ളിക്കളയുന്ന ആത്മീയതയെയും അദ്ദേഹം സ്വീകരിച്ചില്ല. യഥാർത്ഥത്തിൽ ഭൗതികം ആത്മീയം എന്നിങ്ങനെ മനുഷ്യസ്വത്വത്തെ പിളർക്കുന്നതിനോടുള്ള വിയോജിപ്പായിരുന്നു അംബേദ്ക്കർ ദർശനം.

1935 ഒക്‌ടോബർ 13-ന് നാസിക്കിൽ ഹിന്ദുമതം ത്യജിക്കുന്നതിനെക്കുറിച്ച് അംബേദ്കർ പ്രസംഗിക്കുന്നു

മനുഷ്യജീവിതത്തിന്റെ സാമൂഹികതലത്തെയും ആത്മീയതലത്തെയും വേർപെടുത്തി കാണാത്ത ലോകവീക്ഷണം പ്രദാനം ചെയ്യുന്ന ദർശനം കാഴ്ചവെച്ചതിനാലാണ് അംബേദ്ക്കർ ബുദ്ധനെ തന്റെ ​ഗുരുവെന്ന് പ്രഖ്യാപിച്ചത്. മനുഷ്യരുടെ ഉദാത്തമായ മാനസിക​ഗുണങ്ങളിൽ ബുദ്ധൻ ആത്മീയത കണ്ടെത്തി. കരുണയും ആത്മസംയമനവും സാഹോദര്യവുമായിരുന്നു ഈ മാനസിക ​ഗുണങ്ങൾ. അതിരറ്റ ചോദനകൾക്ക് കീഴടങ്ങുന്ന നിസ്സഹായനായ ജീവിയായിട്ടല്ല, തനിക്കൊപ്പം അപരരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള തുറന്ന ഹൃദയമായിട്ടാണ് ബുദ്ധനിൽ മനുഷ്യസമൂഹം നിൽക്കുന്നത്. ഏതൊരു രാഷ്ട്രീയ സാമൂഹികക്രമത്തിന്റെയും അടിത്തറ ആത്മീയത കൈവിടാത്ത ഭൗതികവീക്ഷണം ആയിരിക്കണമെന്നുള്ള സമന്വിത ദർശനം ബുദ്ധനിൽ നിന്നല്ലാതെ മറ്റെവിടെനിന്നും അത്രമാത്രം പൂർണ്ണതയോടെ വഴിവിളക്കായി അംബേദ്ക്കറിന് കിട്ടുമായിരുന്നില്ല. അതുകൊണ്ടാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ഇന്ത്യൻ ഭരണഘടനയുടെ ചർച്ചകൾക്കുള്ള മറുപടിയിൽ ബുദ്ധദർശനത്തെയും അത് ഉടലെടുത്ത പ്രാചീന ഭാരതത്തിലെ ജനായത്തരൂപമായിരുന്ന ​ഗണങ്ങളെയും പ്രത്യേകം എടുത്തു പറഞ്ഞത്. ഹിംസയെ വെടിഞ്ഞു നാട്ടുധാർമ്മികമൂല്യങ്ങളിൽ ഊന്നിയ ഇത്തരം ​ഗണങ്ങളിൽ നിന്നാണ് താൻ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങളെ ആനയിച്ചതെന്ന് അദ്ദേഹം അനുസ്മരിക്കാൻ കാരണമിതാണ്. ജനായത്തം നിലകൊള്ളുന്നത് ധാർമ്മികമൂല്യങ്ങളിലാണെന്ന് അദ്ദേഹം അസന്നി​ഗ്ധമായി പറയുന്നുണ്ട്. ഈ മൂല്യങ്ങളാകട്ടെ മനുഷ്യരെ മാത്രമല്ല സകലചരാചരലോകത്തെയും ഉൾക്കൊള്ളുന്നതുമാണ്.

മതത്തിന്റെ ബാഹ്യമായ ചടങ്ങുകളിലോ അതിന്റെ മിത്തുകളിലോ പൗരോഹിത്യത്തിന്റെ കുടിലതകളിലോ അല്ല അംബേദ്ക്കർ ബുദ്ധനെ കണ്ടത്. ആധുനിക ലോകം എത്തിച്ചേർന്നിരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ഏകോപായമായ മൂല്യവ്യവസ്ഥയുടെ ആധാരമെന്ന നിലയിലാണ് ബുദ്ധദർശനം അദ്ദേഹത്തെ ആകർഷിച്ചത്. അത് ആത്മീയതയുടെ അധികാരം ലിം​ഗ, ജാതി ഭേദമില്ലാതെ എല്ലാവർക്കുമായി പ്രദാനം ചെയ്യുന്നു. ചാതുർവർണ്യ വ്യവസ്ഥയിൽ ആത്മീയതയുടെ അധികാരം ബ്രാഹ്മണർക്കു മാത്രമായി പരിമിതപ്പെടുത്തുന്ന പ്രത്യയശാസ്ത്രനിർമ്മിതിയെ ഇന്ത്യയിൽ ഇന്നോളം പിന്നാക്ക-ദളിത് സമൂഹങ്ങൾക്കു വെല്ലുവിളിക്കാനും, ആത്മീയതയുടെ അധികാരത്തിൽ സ്വാശ്രിതരാകാനും സാധിക്കാത്തതിനെ പറ്റി കാഞ്ചാ ഐലയ്യയുടെ നിരീക്ഷണങ്ങൾ ഈ സന്ദർഭത്തിൽ ഏറ്റവും പ്രസക്തമാണ്. വോട്ടവകാശം നേടിയതുകൊണ്ട് നാം ക്ഷേത്രങ്ങളിലെ പുരോഹിതരാകുന്നതിനുള്ള ആത്മീയാധികാരം കരസ്ഥമാക്കുന്നില്ല എന്നദ്ദേഹം പറയുന്നു. കേരളത്തിൽ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്താൽ മാത്രം നേടിയെടുക്കാവുന്നതല്ല ആത്മീയധികാരം. അത് ഉയർന്ന സ്വത്വബോധത്തിന്റെയും ബ്രാഹ്മണാധീശ്വത്തത്തെ തറപറ്റിക്കാൻ പ്രാപ്തമായ ജ്ഞാനാർജ്ജനത്തിന്റെയും വഴിയിലൂടെ മാത്രം പ്രാപ്തമാകുന്നതാണ്. ഇന്ത്യയിൽ അത്തരം ഒരു മുന്നേറ്റത്തിനാണ് അസ്പർശ്യ സമൂഹങ്ങൾ പരിശ്രമിക്കേണ്ടതെന്നു കാഞ്ച ഐലയ്യ ദിശാബോധം നൽകുന്നു. സാമൂഹ്യ രാഷ്ട്രീയാവശ്യതകൾക്കുവേണ്ടിയുള്ള സമരം ആ രം​ഗങ്ങളിലെ സ്വാധികാരത്തിനായുള്ള യത്നമാണെങ്കിൽ, ആത്മീയലോകത്തെ സ്വാധികാരത്തിലേക്കു കൂടി നമ്മൾ കടന്നുചെല്ലുന്നതിലൂടെ മാത്രമേ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സമൂഹത്തിൽ ഒന്നാകെ പുലർന്നു കാണൂ. അല്ലാത്ത പക്ഷം അധഃസ്ഥിതരുടെ സമൂഹ്യോന്നമനം ബ്രാഹ്മണാധിപത്യത്തിന്റെ ആത്മീയാധികാരത്തെ അം​​ഗീകരിക്കുന്ന ദുരഃവസ്ഥ വരുത്തിവെയ്ക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇന്നോളം നാം എത്തിനിൽക്കുന്ന ഇന്ത്യയിൽ കാണുന്നത്, അപ്പക്കഷണങ്ങൾ കൊണ്ട് അധഃസ്ഥിതരുടെ ആത്മീയമായ ഉന്നതിയെ നിശ്ചേതനമാക്കാൻ കഴിഞ്ഞിരിക്കുന്നു എന്നാണ്.

ഇന്ത്യയിൽ മറ്റെങ്ങും സംഭവിക്കാത്ത വിധം, ഭൗതികോന്നമനത്തിനും അതോടൊപ്പം ആത്മീയോന്നതിക്കും വേണ്ടിയുള്ള സമരം കേരളത്തിൽ അടിത്തട്ട് സമൂഹങ്ങൾ നടത്തുകയുണ്ടായി. ഈഴവ ശിവനെ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചുകൊണ്ട് 1888ൽ ഇതിന് തുടക്കമിടുകയായിരുന്നു ശ്രീനാരായണ​ഗുരു ചെയ്തത്. പൊയ്കയിൽ അപ്പച്ചനും വാ​ഗ്ഭടാനന്ദനും ഇതേ പാതയിലൂടെ മലയാളികളെ നടത്തിയവരാണ് (ബുദ്ധസ്വാധീനം കേരളത്തിലെ നവോത്ഥാനകാലത്തിന്റെയും ആധാരശിലയായിരുന്നു). എന്നാൽ അവർക്കുശേഷം വന്ന രാഷ്ട്രീയ- സാമ്പത്തിക സമരങ്ങളുടെ ഓളങ്ങളിൽ ആത്മീയാധികാര മുന്നേറ്റങ്ങൾ നിന്നിടത്തുതന്നെ നിന്നു. അതുകൊണ്ടാണ് ദളിതർക്കും സ്ത്രീകൾക്കും മറ്റും ​ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പൂജാരിയാകാനോ എന്തിന്, മാലകെട്ടാനോ ചെണ്ട കൊട്ടാനോ പോലും ജോലി കൊടുക്കാൻ സർക്കാർ തന്നെ സമ്മതിക്കാത്തത്. അഥവാ പഴയ തൊട്ടുകൂടാ ജാതികൾ തന്നെ ഇത്തരം ജനായത്താവകാശങ്ങളെ എതിർക്കുകയും ബ്രാഹ്മണാധീശത്വത്തെ മനസാ വരിക്കുകയും ചെയ്യുന്നവരായി വ്യവസ്ഥയുടെ സംരക്ഷകരായി മാറിയിരിക്കുന്നു. തങ്ങളുടെ അധമത്വത്തെ സ്വയം ശിരസ്സേറ്റുന്നവരായി ഇവർ നിലനിൽക്കുന്നതിൽ നിന്നും നാം തിരിച്ചറിയുന്നത് രാഷ്ട്രീയ സമരങ്ങളുടെ പരിമിതിയും അതിനെ മറികടക്കുന്ന ആത്മജ്ഞാനത്തിന്റെ പ്രസക്തിയുമാണ്. അതായത് യജാമാനപ്രത്യയശാസ്ത്രങ്ങളെ ഉള്ളിൽ പേറുന്നവരായി സ്വയം യജമാനകിങ്കരർ ആയിത്തീരാതിരിക്കുന്നതിന്, ധാർമ്മികമൂല്യങ്ങളെ ഉൾക്കൊള്ളുന്ന ആത്മപരിവർത്തനം സമൂഹത്തിൽ സംഭവിക്കണം.

ജനായത്ത സാമൂഹികക്രമത്തിൽ ആത്മീയമൂല്യങ്ങളുടെ ചിരന്തനപ്രസക്തിയെന്തെന്ന് ബോധ്യപ്പെടുത്തുന്ന ചരിത്രസംഭവമാണ് 1956 ഒക്ടോബർ 14-ാം തീയതി അംബേദ്ക്കറും അനുയായികളും നടത്തിയ ബുദ്ധമാർ​ഗ പ്രവേശം. സാമ്പ്രദായിക മതംമാറ്റത്തിൽ നിന്നും അതെങ്ങനെ വേറിട്ടു നിൽക്കുന്നു എന്ന് പ്രായോ​ഗികമായി ചരിത്രത്തെ ബോധ്യപ്പെടുത്താനുള്ള അവസരം അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നിര്യാണത്താൽ നഷ്ടപ്പെട്ടുപോയി. എന്നാൽ കാഞ്ച ഐലയ്യ ആവശ്യപ്പെട്ടതുപോലെ, അഹിംസ, കരുണ, ആത്മജ്ഞാനം, ആത്മസംയമനം, മിതത്വം എന്നിവയുടെ രാഷ്ട്രീയ പ്രാധാന്യം എത്രമാത്രമെന്ന് സമകാലികലോകത്തെ ബോധ്യപ്പെടുത്താൻ ഉതകുന്നതാണീ സംഭവം. രാഷ്ട്രീയത്തിൽ അഹിംസയുടെയും ഇന്ദ്രിയ നി​ഗ്രഹത്തിന്റെയും ചരാചരസാഹോദര്യത്തിന്റെയും സ്ഥാനം എത്രത്തോളമെന്ന് ലോകം തിരിച്ചറിയുന്ന ഈ വേളയിൽ ബുദ്ധദർശനത്തെ രാഷ്ട്രമീമാംസയിലേക്ക് വിളക്കിച്ചേർക്കുന്ന അംബേദ്ക്കർ ചിന്ത ഏറ്റവും പ്രധാനപ്പെട്ടതാണ്.

April 14, 2022 9:03 am