കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടയാൾ; സ്വന്തത്തിലും ബന്ധത്തിലും ഉള്ളവർ; അല്ലെങ്കിൽ അടുപ്പമുള്ളൊരു ചങ്ങാതി; സഹപ്രവർത്തക-ഇവരെല്ലാം വ്യക്തിപരമായി നിരുപദ്രവകാരികളും സൗമ്യരും ഉദാരമനസ്ക്കരുമാണെങ്കിലും, നമുക്ക് പിടികിട്ടാത്തൊരുകാര്യം എന്തുകൊണ്ടിവർ ഹിന്ദുത്വ ഫാസിസത്തെ രാഷ്ട്രീയമായി സ്വയം വരിക്കുന്നു എന്നതാണ്. ഈ മനുഷ്യർക്ക് എങ്ങനെ മതാധിഷ്ഠിത ഏകാധിപത്യത്തെ വരവേൽക്കാൻ പൂച്ചെണ്ടുകളുമായി നിൽക്കാൻ കഴിയുന്നു? ഇന്ത്യയിൽ ഇന്ന് നടമാടുന്ന എല്ലാവിധ ജനായത്ത നിഷേധങ്ങളെയും കണ്ണടച്ചു കൈയടിക്കാൻ നിഷ്ക്കളങ്ക ഹൃദയർക്ക് എങ്ങനെ സാധിക്കുന്നു? വ്യക്തിപരമായി ആരെയും മുറിവേൽപ്പിക്കാത്ത ശുദ്ധാത്മാക്കളിൽ നീതിയെ ചവച്ചുതുപ്പുന്ന “അന്യൻ”ഏതുവഴിക്ക് കുടിയേറി?
ഹിന്ദുത്വ ഫാസിസം എന്തുകൊണ്ട് ഇന്ത്യയിൽ ശക്തമാകുന്നു എന്നതിനു പല കാരണങ്ങളും നിരത്താനുണ്ടെങ്കിലും, അതിൽ മുഖ്യമായ ഒന്ന് ജാതിയെ അടിസ്ഥാനപ്പെടുത്തിയ നമ്മുടെ കുടുംബഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ ഫാസിസത്തിന് ആളിപ്പടരാനുള്ള എല്ലാ ഇന്ധനങ്ങളും നിറച്ചുവെച്ചിരിക്കുന്ന ഒരു വെയർ ഹൗസാണ് ജാതിയധിഷ്ഠിത കുടുംബവ്യവസ്ഥ അഥവാ ജാതികുടുംബം.
വ്യക്തിപരമായി ഒരുത്തൻ/ഒരുത്തി എത്ര ശുദ്ധയും സൗഹൃദമനസ്ക്കയുമായാലും അയാളുടെ വ്യക്തിനന്മയ്ക്ക് കടകവിരുദ്ധമായി അത്തരക്കാർ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ കടുത്ത അനുയായികളായി മാറുന്നതിന് കാരണം അവരെ വളർത്തിയത് ജാതികുടുംബമായതാണ്. ജാതിശ്രേണിയിൽ ഒരു കുടുംബം അതിൻ്റെ പാരമ്പര്യമിത്തുകളിൽ അഭിരമിക്കുമ്പോൾ ഹിന്ദുത്വപ്രത്യയശാസ്ത്രവുമായുള്ള അതിൻ്റെ ഭാവിചങ്ങാത്തം തുടങ്ങുന്നു. അത്തരക്കാർ സാഹചര്യവശാൽ മറ്റേതൊരു പാർട്ടിയിൽ ആയാലും, ശരിക്കും അവർ ബ്രാഹ്മണ നിർമ്മിത മിത്തുകളുടെ അബോധ അടിമകളായതിനാൽ അവസരം കിട്ടുമ്പോൾ ഹിന്ദുത്വരാഷ്ട്രീയവുമായി താദാത്മ്യപ്പെട്ടൽ എളുപ്പമാണ്.
കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഹിന്ദുത്വരാഷ്ട്രീയം മുന്നേറുന്നത് നോക്കുക. മുമ്പ് ഇതര പാർട്ടികൾക്കു വോട്ടു ചെയ്തിരുന്നവർക്ക്, അവരുടെ ജാതികുടുംബ സംസ്ക്കാരവുമായി ഒത്തുപോകുന്ന രാഷ്ട്രീയം പ്രകടമാക്കാൻ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ വ്യാപനം വഴി ഈ തെരഞ്ഞെടുപ്പുകൾ ഇപ്പോൾ കൂടുതൽ അവസരം നൽകുന്നുണ്ട്. അതായത് ജാതിബോധത്തിൽ നിലയുറച്ച കുടുംബഘടനയിൽ ഹിന്ദുത്വരാഷ്ട്രീയം പ്രതീക്ഷയർപ്പിക്കുന്നു. ജനായത്തത്തിന് നിരക്കാത്ത കുത്സിതമാർഗ്ഗങ്ങളിലൂടെ ഹിന്ദുത്വരാഷ്ട്രീയം ഇപ്പോൾ ഇന്ത്യയിൽ അധികാരം ശാശ്വതമാക്കാൻ കിണഞ്ഞ് ശ്രമിക്കുമ്പോൾ, അത്തരം നീക്കങ്ങൾ ജാതികുടുംബങ്ങളിൽ നിലയുറപ്പിച്ചവരെ ചൊടിപ്പിക്കണമെന്നില്ല; പകരം ജനായത്ത വിരുദ്ധതയെ അവർ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ. കാരണം ജാതികുടുംബങ്ങൾക്ക് അന്യമാണ് ജനായത്തം. കുടുംബം ഹിന്ദുത്വ – ജാതിപുരുഷൻ്റെ പരമാധികാരവേദിയാണ്.
ജാതിയെ കുടുംബത്തിൻ്റെ അടിത്തറയായി അംഗീകരിക്കുക എന്നാൽ സാമൂഹ്യവും ലിംഗപരവുമായ അനീതികളെ ദൈവസൃഷ്ടിയായി കുടുംബം സ്വാംശീകരിച്ച് അനുസരിക്കുന്നു എന്നാണർത്ഥം. ഹിന്ദുത്വരാഷ്ട്രീയം അനീതിയെ ദൈവദത്തമായി കരുതുന്നതിനാൽ ജാതികുടുംബത്തിന് ആത്യന്തികമായി അതിനോട് ഐക്യപ്പെടാതെ പറ്റില്ല. അതുകൊണ്ടുതന്നെ സാമൂഹ്യ -ലിംഗനീതിയുടെ ധാർമ്മികതയിലൂന്നിയ ജനായത്ത രാഷ്ട്രീയം ജാതികുടുംബത്തിൻ്റെ തനിപ്രകൃതവുമായി പൊരുത്തപ്പെടുന്നുമില്ല. ഇന്ത്യയിൽ ജനായത്തമുള്ളതിനാൽ ജാതി കുടുംബങ്ങൾ അപ്രകാരം വോട്ട് ചെയ്യുന്നുവെന്നേയുള്ളൂ.
ജാതികുടുംബ സംസ്ക്കാരമെന്നത് ജാതിശ്രേണിയിലെ മുകൾ ജാതികളോടുള്ള ആദരവും കീഴ് ജാതികളോടുള്ള അവഹേളനവുമാണ്. ജാതി ആദരവ്- അവഹേളനങ്ങളുടെ പരിശീലനക്കളരിയാണ് ജാതികുടുംബം. നമ്മൾ ഏതു ജാതിയാണ്, മറ്റുള്ളവർ ഏതു ജാതി ,നമ്മുടെയും അവരുടെയും ജാതിസ്ഥാനം എവിടെ – ഇതൊക്കെ കുടുംബം വഴിയാണ് കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കപ്പെടുന്നത്. അമ്പലത്തിൽ പൂജിക്കാൻ അധികാരമുള്ള ജാതി, ദേവനു മാല കെട്ടാൻ നിയോഗമുള്ള ജാതി, അനപ്പുറത്തു കയറി ബിംബം, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം പിടിക്കാൻ അർഹതപ്പെട്ട ജാതി, അമ്പലം പണിയാൻ തെരഞ്ഞെടുക്കപ്പെട്ട ഉപജാതി എന്നിങ്ങനെ ജാതിയെന്നത് ദൈവനിശ്ചിതമായ സാമൂഹ്യപദവിയാണെന്ന ബോധം അനുഷ്ഠാനങ്ങളുടെ ഉദാഹരണ സഹിതം കുട്ടികളിൽ ഓർമ്മവെയ്ക്കുമ്പോൾ മുതൽ സ്ഥിരപ്പെടുത്തുന്നു. അതിനാൽ ഒരാളെ പരിചയപ്പെട്ടാൽ അയാളുടെ ജാതിയറിയാതെ ഇരിക്കപ്പൊറുതിയുണ്ടാകില്ല ജാതികുടുംബം വളർത്തിയ മക്കൾക്ക്.
ജാതിശ്രേണിയിൽ മുകളിലേയ്ക്ക് പോകുന്തോറും കുടുംബത്തിനകത്തെ ജാതിബോധം ശക്തിപ്പെട്ടുവരുന്നു. കാരണം ഇത്തരം കുടുംബത്തിൻ്റെ പണവും പദവിയും ജാതി സമ്മാനിച്ചതാണ്. അതിനാൽ ജാതിബോധത്തെ കുടുംബത്തിൽ നിരന്തരം ബലപ്പെടുത്തിക്കൊണ്ടേ പണവും പദവിയും നിലനിർത്താനും ഉയർത്താനും കഴിയൂ. ഇതുകൊണ്ടുതന്നെ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ സ്രഷ്ടാക്കളും വക്താക്കളും മുഖ്യപ്രചാരകരും ജാതിപദവി അനുഭവിക്കുന്ന കുടുംബങ്ങളാണ്. എന്നാൽ സ്വയംഭരണത്തിനായി ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന സമരങ്ങൾ വിദേശവാഴ്ചയെ മാത്രമല്ല ജാതിമേധാവിത്വത്തെയും ചോദ്യം ചെയ്യുന്ന ബഹുജന ജനായത്ത രാഷ്ട്രീയത്തിൽ അടിയുറച്ചതായിരുന്നു. സ്വയംഭരണത്തിന് ബഹുജന ഭാരതം കൊടുത്ത നിർവ്വചനം ജാതിവ്യവസ്ഥയെ അവസാനിപ്പിക്കുന്ന ജനായത്തമെന്നാണ്. മുസ്ലീം ന്യൂനപക്ഷങ്ങൾക്കായി മറ്റൊരു രാഷ്ട്രം ആവശ്യപ്പെട്ട മുഹമ്മദലി ജിന്ന പാക്കിസ്ഥാനിൽ ഇസ്ലാംമതഭരണത്തിന് വേണ്ടിയല്ല, ജനായത്തസമ്പ്രദായത്തിനായി നിലയുറപ്പിച്ചത് ഓർക്കുക. എന്നാൽ ബ്രിട്ടീഷ് വാഴ്ചയിൽ അധികാരത്തിൻ്റെ ഭാഗമായി മാറിയ ഇന്ത്യൻ ജാതിമേധാവികൾക്ക് സ്വയംഭരണമെന്നാൽ ജനായത്ത വിരുദ്ധമായ ജാതിവ്യവസ്ഥയുടെ കർക്കശമായ പാലനം എന്നാണർത്ഥം.
അതുകൊണ്ട് സ്വാതന്ത്ര്യത്തിനു മുന്നെയും പിന്നീടും, ജനായത്ത രാഷ്ട്രീയത്തിനൊപ്പം ഹിന്ദുമഹാസഭ എന്ന പേരിലും, സ്വകാര്യജീവിതത്തിൽ ജാതികുടുംബങ്ങളെ ദൃഢപ്പെടുത്താൻ സ്വയം സേവക് സംഘത്തിൻ്റെ രൂപത്തിലും ദ്വിമുഖ പ്രവർത്തനമാണ് ജാതിമേധാവിത്വം ഇന്ത്യയിൽ നടത്തിയത്. ജനായത്ത പരിവർത്തനത്തിൻ്റെ ഈ നിർണ്ണായക ഘട്ടത്തിൽ, അതിനെതിരെ രാഷ്ട്രീയാധികാരം കരസ്ഥമാക്കാൻ ജാതിമേധാവിത്വം നിർമ്മിച്ചെടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. “ഒരു വംശം, ഒരു സംസ്ക്കാരം, ഒരു രാഷ്ട്രം” ഇതാണ് ഹിന്ദുത്വത്തിൻ്റെ കാതൽ എന്നു സാവർക്കർ പറയുമ്പോൾ ഇന്ത്യയിൽ സംഭവിച്ച മതങ്ങൾക്കെല്ലാം ഒരു സംസ്ക്കാരമുണ്ടെന്നും, അത് ജാതിവ്യവസ്ഥയുടെ സംസ്ക്കാരമാണെന്നും, ഈ സംസ്ക്കാരത്തിൻ്റെ അടിസ്ഥാനത്തിൽ ഏകാധിപത്യ രാഷ്ട്രഭരണം കൊണ്ടുവരണമെന്നുമാണ് മനസ്സിലിരിപ്പ്.
അതായത് ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഒപ്പം, ഹിന്ദു എന്ന പേരിൽ ജാതികളുടെ രാഷ്ട്രീയൈക്യം സാധ്യമാക്കുകയും ചെയ്യുന്ന വൈരുദ്ധം മൂടിവെയ്ക്കുന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രം. ജനായത്തത്തിലെ സാമൂഹ്യ-ലിംഗ നീതിയെ അട്ടിമറിക്കാനും, കൂടാതെ ജാതിവ്യവസ്ഥയെ നിലനിർത്തിക്കൊണ്ടുതന്നെ ജാതിസമൂഹങ്ങളുടെ രാഷ്ട്രീയൈക്യം സാധ്യമാക്കാനും ഉതകുന്ന പ്രത്യയശാസ്ത്രമാണിത്.
ഇന്ത്യയിൽ കുടുംബമെന്നത് ജാതിവാഴ്ചയുടെ പ്രത്യുല്പാദനശാലയായതിനാൽ അച്ഛൻ, അമ്മ എന്നിവ പോലെ ജാതി ഒരു ആജന്മവികാരമായി ആളുകളെ ചുറ്റിക്കെട്ടുന്നു. ജാതി വികാരമാകുമ്പോൾ മുകളിലേക്ക് ബ്രാഹ്മണപൂജയും താഴേക്കു ജാതി പരിഹാസവും, കുളിയും നാമജപവും പോലെ ഒരു കുടുംബശീലമാകും. വിദ്യാലയം പോലുള്ള പൊതുവിടങ്ങളെല്ലാം തന്നെ ജാതികുടുംബങ്ങളാൽ വളർത്തപ്പെട്ടവരുടെ സംഗമവേദിയായതിനാൽ, അവിടങ്ങളിലും കുട്ടികളും മുതിർന്നവരും ജാതികുടുംബത്തിൻ്റെ സംസ്ക്കാരത്തെ അനുകരിച്ചുകൊള്ളും. അധ്യാപകർ തമ്മിലും, അധ്യാപകർ കുട്ടികളോടും, കുട്ടികൾ തമ്മിൽ തമ്മിലും ജാതിതിരിച്ചുള്ള ആദരവും അവമതിയും എപ്പോഴും രഹസ്യവും ചിലപ്പോൾ പരസ്യവുമാണ് അവിടങ്ങളിൽ. ജാതികുടുംബത്തിൻ്റെ മുന്നിൽ മുട്ടുകുത്തിയ കഥയാണ് ഇന്ത്യയുടേത്. അതുകൊണ്ട് രോഹിത് വെമുല ആത്മഹത്യ ചെയ്തു.
ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നവരെ ആത്മഹത്യകൾ കൊണ്ട് ഇല്ലായ്മ ചെയ്യിക്കുന്ന ക്രൂരമായ കുശാഗ്രബുദ്ധിയാണ് ജാതിഹിന്ദുത്വം. അത് ജാതിയെദൈവനിശ്ചിത വരം / വിധിയായി അംഗീകരിപ്പിക്കുന്ന പുതിയ ജാതിക്കൂട്ടായ്മയാണ്. ജാതിഘടനയെ ദൈവികമായ നിശ്ചയമായി കാണാൻ പരിശീലിപ്പിക്കുന്ന ജാതികുടുംബം ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ എല്ലാ ഹിംസകളെയും ദൈവികകർമ്മമായി അംഗീകരിക്കുന്നു. മാത്രമല്ല അത് വർണ്ണസങ്കരത്തിനെതിരെ ദൈവസന്ദേശം സ്വയം ഏറ്റെടുത്ത് അക്രമിയായി മാറി വർണ്ണാശ്രമധർമ്മം സംരക്ഷിക്കുകയും ചെയ്യുന്നു. ഓരോ ജാതിക്കൊലയും ഹിന്ദുത്വരാഷ്ട്രീയത്തെ ബലപ്പെടുത്തുന്നു.
ജാതികുടുംബത്തിനും അതിൻ്റെ ജന്മഭൂമിയായ ഹിന്ദുത്വരാഷ്ട്രീയത്തിനും കുടുംബത്തിൽ വർണ്ണസങ്കരം സംഭവിക്കുന്നതാണ് ഹിംസ. വർണ്ണസങ്കരം എന്ന ഹിംസക്കെതിരെ ജാതികുടുംബം നടത്തുന്ന ആക്രമം അഹിംസയായിട്ടാണ് അവർ കാണുന്നത്. വർണ്ണസങ്കരം എന്ന ഹിംസ ചെയ്യുന്നവർക്കെതിരെയുള്ള എല്ലാ ഹിംസയും അവർക്ക് അഹിംസയാണ്. ഹിന്ദുവിനെ രക്ഷിക്കുക എന്നാൽ അർത്ഥം ജാതിവ്യവസ്ഥയുടെ സംസ്ക്കാരത്തെ രക്ഷിക്കുക എന്നാണ്. പള്ളി പൊളിക്കുന്നതും ലഹളകൾ ഉണ്ടാക്കി ആളെ കൊല്ലുന്നതും ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അടിത്തറയായ ജാതികുടുംബത്തെ ബലപ്പെടുത്തുന്നതിനാണ്. ഹിന്ദുത്വരാഷ്ട്രീയത്തിൽ ജാതികുടുംബമാണ് ഒടുവിലത്തെ യൂണിറ്റ്; വ്യക്തിയല്ല. അവിടെ വോട്ട് ചെയ്യാൻ പോകുന്നത് ജാതി കുടുംബമാണ്.
ജാതികുടുംബം നിലനിൽക്കുന്നിടത്തോളം ഹിന്ദുത്വരാഷ്ട്രീയത്തിനു മറ്റൊരു പ്രചരണ മാധ്യമം അത്യാവശ്യമില്ല. അതിൻ്റെ ഘടനയെ ബലപ്പെടുത്തുന്ന കെട്ടുകഥകൾ നിരന്തരം താഴേക്കിട്ടുകൊടുത്ത് ജാതികുടുംബത്തെ വല്ലാതങ്ങു മെലിയാതെ നോക്കിയാൽ മാത്രം മതി. ജാതികുടുംബങ്ങൾ മാത്രമല്ല, ഇന്ത്യയിൽ ജാതിവ്യവസ്ഥയുടെ കാറ്റേറ്റു കഴിയുന്ന ഇതര മതകുടുംബങ്ങളും ജാതിവിവേചനക്കൂട്ടങ്ങളാണ്. അതുകൊണ്ട് സവർണ്ണ കൃസ്ത്യാനി – മുസ്ലീമിന് ഹിന്ദുത്വരാഷ്ട്രീയവുമായി ഐക്യപ്പെടുന്നതിനു അത്ര വിഷമമൊന്നുമുണ്ടാകില്ല.
ജാതികുടുംബത്തിൽ ഓരോ ജാതിയുടെയും പരമ്പരാഗത തൊഴിലും അവകാശങ്ങളും മേൽജാതിയുടെ ഔദാര്യത്തിൻ്റെ സൃഷ്ടിയാണ്. പരശുരാമൻ കേരളം മാത്രമല്ല ഉണ്ടാക്കിയത്; അതിനകത്തുള്ള ജാതികുടുംബങ്ങളുടെ ജീവിതവും തൊഴിലും കലയും ദൈവങ്ങളും സ്തോത്രങ്ങളും ബ്രാഹ്മണസൃഷ്ടിയാണെന്നതിനു പ്രത്യേകം പ്രത്യേകം കഥകളുണ്ട്. ജാതികുടുംബത്തിൻ്റെ ശ്വാസവായുവാണ് ഇത്തരം കെട്ടുകഥകൾ. പെരുന്തച്ചൻ്റെയും പാക്കനാരുടെയും പാണൻ്റെയും പൂർവ്വപിതാവ് ബ്രാഹ്മണനായതുകൊണ്ടാണ് തങ്ങൾക്ക് ഇത്ര കഴിവുകളുണ്ടായതെന്നു ജാതിക്കുടുംബങ്ങൾ വിശ്വസിക്കുന്നു. എല്ലാ തൊഴിലുമായി ബന്ധപ്പെട്ടും, അതിൻ്റെ ഉത്ഭവം ബ്രാഹ്മണ്യമാണെന്നു മിത്തുള്ളതിനാൽ, ജാതിത്തൊഴിലിൽ മുഴുകുന്നവരെല്ലാം ബ്രാഹ്മണഭക്തിയ്ക്ക് സ്വാഭാവികമായും വിധേയരാകും.
ജാതികുടുംബത്തിലെ ബ്രാഹ്മണ്യ കെട്ടുകഥകൾ വിശ്വസിച്ചു വളരുന്ന ഏതൊരു നിഷ്ക്കളങ്കനും ഹിന്ദുത്വരാഷ്ട്രീയത്തിൽ വൈകാതെ ചെന്നെത്തുന്നു. കളിയും പുരാണകഥകളും അടങ്ങിയ ആർ.എസ്.എസ്. ശാഖകൾ ജാതികുടുംബത്തിൻ്റെ എക്സ്റ്റൻഷനാണ്. അതുകൊണ്ട് ശാഖയിൽ പോകണമെന്നില്ല ആർക്കും ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ഹിംസകളെ ന്യായീകരിക്കാൻ. ധർമ്മ സംസ്ഥാപനാർത്ഥം ജനായത്ത ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ഹിംസയെ ദൈവികമായ അവതാരമായി കരുതുന്ന ശുദ്ധഹൃദയങ്ങളെ പടച്ചുവിടുന്ന സ്ഥാപനമാണ് ജാതികുടുംബം. ഇതിൻ്റെ ശക്തി എവിടെയൊക്കെ കൂടുതലുണ്ടോ അവിടെയൊക്കെ ഹിന്ദുത്വരാഷ്ട്രീയം ആധിപത്യം ഉറപ്പിക്കും.
അംബേദ്ക്കറും നെഹ്രുവും ഗാന്ധിയും ഉഴുതുമറിച്ച ഇന്ത്യയിൽ എന്തുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയം കുടിലമായി പടർന്നുകയറിയെന്നു ചോദിച്ചാൽ, ജാതികുടുംബം ദിവസം നട്ടു നനച്ചുവളർത്തുന്ന സാമൂഹ്യവും ലിംഗപരവുമായ അനീതിയിലേക്കു കടക്കാൻ നമ്മുടെ പൊതുരാഷ്ട്രീയത്തിനു സാധിച്ചിട്ടില്ല എന്നർത്ഥം. നമ്മുടെ വിപ്ലവങ്ങളെല്ലാം നടന്നത് ആണുങ്ങൾ കൂടുന്ന കവലകളിലാണ്. പെണ്ണുങ്ങളും കുട്ടികളും കൂടുന്ന വീടിനെ ജാതികുടുംബത്തിനു വിട്ടുകൊടുക്കുന്നതായിരുന്നു ഈ പരിഷ്ക്കരണങ്ങൾ. ജാതികുടുംബത്തോട് സാംസ്ക്കാരികമായി ഇന്ത്യ സംസാരിച്ചിട്ടില്ല.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പൊതുവിടങ്ങൾ മുതൽ കുടുംബത്തിലെ സ്വീകരണ മുറികൾ വരെ റദ്ദാക്കിയ സാമൂഹ്യമണ്ഡലമാണ് ഹിന്ദുത്വത്തിൻ്റെ പ്രവർത്തനവേദി. ക്ഷേത്രപ്രവേശനം, വിദ്യാലയ പ്രവേശനം തുടങ്ങിയ പരിഷ്ക്കാരങ്ങളിൽ കടന്നുകയറിയാണ് അത് പ്രവർത്തിക്കുന്നത്. കേരളത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ തുടർച്ചയായി “ക്ഷേത്ര സംരക്ഷണ സമിതി”യുണ്ടാക്കി, അതിൽ അയിത്തം നീക്കി നാനാജാതികുടുംബങ്ങളെ ഉൾപ്പെടുത്തി, പഴയ തമ്പുരാൻ-അടിയാൻ കുടുംബങ്ങൾ അടുത്തടുത്തിരിക്കുമ്പോൾ, അവരുടെ സത്തയായി ഹിന്ദുത്വം ഉടലെടുക്കുകയും, എന്നാൽ ജാതികുടുംബം കോട്ടം തട്ടാതെ അതിജീവിക്കുകയും ചെയ്യുന്നു. ക്ഷേത്രസംരക്ഷണ സമിതി പോലുള്ളവ ജാതികുടുംബങ്ങളുടെ സംഗമവേദിയും ചാതുർവർണ്ണ്യ മിത്തിൻ്റെ പുനരുല്പാദന കേന്ദ്രങ്ങളുമത്രേ.
തൊഴിൽ, കല എന്നിവയുമായി ബന്ധപ്പെട്ട മിത്തുകൾ നോക്കുക. അവ അടിമുടി ബ്രാഹ്മണവൽക്കരിക്കപ്പെട്ടവയാണ്. തച്ചുശാസ്ത്രം, വൈദ്യം, നൃത്തം, സംഗീതം എന്നിവയുടെ ഉത്ഭവചരിത്രത്തെ വേദങ്ങളുമായും ബ്രാഹ്മണജാതിയുമായും ചേർത്തുവെച്ചിരിക്കുന്നു. ഇത്തരം രംഗങ്ങളിൽ നിലയുറപ്പിക്കുന്നവർ അതിനാൽ ബ്രാഹ്മണ്യത്തിന്റെ വാഴ്ത്തുകാർ മാത്രമല്ല സംരക്ഷകരുമായി തീരുന്നു. യഥാർത്ഥത്തിൽ തൊഴിൽ വിദ്യകളുടെ സമാഹരണവും ക്രോഡീകരണവും വഴി അവയുടെ പേറ്റൻ്റ് അവകാശം ബ്രാഹ്മണരിൽ സ്ഥാപിക്കുക മാത്രമാണ് ഇത്തരം മിത്തുകൾ ചെയ്യുന്നത്. അതിനാൽ മിത്തുകളിൽ കുടുങ്ങിപ്പോകുന്ന പാരമ്പര്യത്തൊഴിലുകളിലും കലകളിലും ഏർപ്പെടുന്നവർ വർണ്ണവ്യവസ്ഥയെ ആദരിക്കുന്ന ജാതികുടുംബ ഘടനയെ നിലനിർത്തുന്നു.
ജനായത്ത പ്രക്രിയയുടെ ഫലമായി രാജകീയ സംരക്ഷണം ലഭിച്ചിരുന്ന പഴയ കലകളുടെ അഭ്യസനത്തിന് പുതിയ അവസരങ്ങൾ ജാതിഘടനയെ മറികടന്ന് കിട്ടുമ്പോൾ, അത്തരം കലകൾ അഭ്യസിക്കുന്നവരിൽ ചാതുർവർണ്ണ്യ മഹത്വം ശക്തിപ്പെടുകയും, അവരുടെ ജാതികുടുംബ ഘടനയെ അത് ദൃഢപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇപ്രകാരം നാം തീരെ ശ്രദ്ധിക്കാത്ത വാതിലുകളിലൂടെയാണ് കുടുംബത്തിൽ ജാതിമേധാവിത്വം പ്രവർത്തനനിരതമാകുന്നത്.
സാർവ്വത്രിക വോട്ടവകാശവും നീതിയുക്തമായ തെരഞ്ഞെടുപ്പുകളും വഴി രാഷ്ട്രത്തെ നമുക്ക് ജനായത്തമുള്ളതാക്കാൻ കഴിയുമെങ്കിലും, ഹിന്ദുത്വ ഫാസിസം വരുന്നത് പ്രധാനമായും ജാതികുടുംബങ്ങളിൽ കൂടിയായതിനാൽ, കുടുംബങ്ങളുടെ ജനായത്തവൽക്കരണം എന്ന സാംസ്ക്കാരിക വിപ്ലവമില്ലാതെ ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുക എളുപ്പമല്ല. ജനായത്ത പാർട്ടികൾ ജാതിനിർമ്മൂലനത്തെ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി അവരുടെ പ്രകടനപത്രികകളിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. മാത്രമല്ല അതിനുള്ള പ്രായോഗിക പരിപാടികൾ നിരന്തരം സർക്കാർ തലത്തിലും പുറത്തും കൊണ്ടുവരികയും വേണം. “പുകവലി അർബ്ബുദമുണ്ടാക്കും ” എന്ന സിനിമാ പരസ്യം പോലെ ജാതിവ്യവസ്ഥയെന്ന മാരകവ്യാധിയെ പ്രതിരോധിക്കാനുള്ള ഉത്ബോധനങ്ങൾ പൊതുവിടങ്ങളിൽ കാണേണ്ടതുണ്ട്. ഇപ്രകാരം ജാതികുടുംബങ്ങളെ ബോധപൂർവ്വം അട്ടിമറിച്ചാലേ ഇന്ത്യയിൽ ബഹുജന ജനായത്തം സാധ്യമാകൂ.