“എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ്. എനിക്ക് എന്റെ അമ്മയെ നഷ്ടമായി. എന്റെ മകളെയും നഷ്ടമായി. എനിക്ക് പേടിയാണ്. ഞാൻ എങ്ങനെ ജീവിക്കും? ആത്മഹത്യയെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത് മാഡം.” ബി.ബി.സിയുടെ ‘ദി ട്രാപ്പ് : ഇന്ത്യാസ് ഡെഡ്ലിയസ്റ്റ് സ്കാം’ എന്ന ഡോക്യുമെന്ററിയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൂനെ സ്വദേശി സുനിൽ ഇത് പറയുന്നത്. 70 വയസുള്ള സുനിലിന്റെ അമ്മയെ സുനിലിന്റെ മകൾ ഗൗരി കൊലപ്പെടുത്തുകയായിരുന്നു. ഈ ക്രൂര കൃത്യത്തിന് കാരണമായിത്തീർന്നത് ലോൺ ആപ് എന്ന് പൊതുവെ വിളിക്കുന്ന കടം കൊടുക്കൽ ആപ്ലിക്കേഷനുകളാണ്.
ലോൺ ആപ്പിൽ നിന്നും ഗൗരി എടുത്ത കടം വീട്ടാനാകാതെ വന്നപ്പോൾ ലോൺ റിക്കവറി ഏജന്റ് ഗൗരിയുടെ ഫോൺ കോൺടാക്ടിലുള്ള എല്ലാവർക്കും ഗൗരിയെ അപകീർത്തിപ്പെടുത്തുന്ന മെസേജുകൾ അയക്കുമെന്ന് ഭീഷണിപ്പെടുത്തി. വല്ലാതെ പേടിച്ച ഗൗരി ലോൺ തിരിച്ച് അടക്കാനായി മുത്തശ്ശിയുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് രോഗിയായ ആ വൃദ്ധയെ ചെറുമകൾ കൊല്ലുന്നത്. ലോൺ ആപ് തീർത്ത ചതിയിലൂടെ അമ്മയേയും മകളേയും നഷ്ടമായ സുനിൽ വിതുമ്പിക്കൊണ്ട് ഈ അനുഭവങ്ങൾ ഡോക്യുമെന്ററിയിൽ വിശദീകരിച്ചു.
പൂനം അഗർവാൾ എന്ന അന്വേഷണാത്മക മാധ്യമപ്രവർത്തക 18 മാസം നീണ്ട അന്വേഷണത്തിലൂടെ ലോൺ ആപ്പുകളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ‘ദി ട്രാപ്പ് : ഇന്ത്യാസ് ഡെഡ്ലിയസ്റ്റ് സ്കാം’ എന്ന ഡോക്യുമെന്ററിയിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാതെ ഇന്ത്യയിൽ പ്രചരിക്കുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ വഴി നിരവധി പേർ പറ്റിക്കപ്പെടുന്നുണ്ടെന്ന വാർത്തകൾ വ്യാപകമായ സാഹചര്യത്തിലാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്തുവരുന്നത്.
ലോൺ ആപ്പുകളുടെ പരസ്യം കണ്ട് അത് ഫോണിൽ ഡൗൺലോഡ് ചെയ്‌താൽ ഉടൻ നിങ്ങൾക്ക് ലോൺ ലഭിക്കും. എന്നാൽ അതിന് പിന്നാലെ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, വാട്ട്‌സ്ആപ്പ് ടെക്‌സ്‌റ്റുകൾ, ഫോൺ കോളുകൾ എന്നിവ ഈ തട്ടിപ്പ് സംഘങ്ങളിൽ നിന്നും വരുകയും, നിങ്ങളുടെ ഫോണിൽ നിന്നും അവർ കൈക്കലാക്കിയ വിവരങ്ങൾ ഉപയോഗിച്ച് ശല്യപ്പെടുത്തുകയും, വേഗത്തിൽ ലോൺ തിരിച്ചടയ്‌ക്കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും ലോൺ എടുക്കുമ്പോൾ സമ്മതിച്ചതിനേക്കാൾ വളരെ ഉയർന്ന തുകയ്ക്ക് പണം തിരിച്ചടയ്ക്കേണ്ടിയും വരും. അത് വിസമ്മതിച്ചാൽ, ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിൽ നിന്നും കൈക്കലാക്കിയ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നമ്പരിൽ വിളിച്ച് ശല്യപ്പെടുത്തും, ബ്ലാക്ക് മെയിൽ ചെയ്യും, മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ നിങ്ങളുടെ കോൺടാക്ടിലുള്ളവർക്ക് അയച്ച് ഭീഷണി തുടരും. ഈ അപകടകരമായ തട്ടിപ്പ് വഴി സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും മുന്നിൽ അപമാനിതരാകാതിരിക്കാൻ പലരും ആത്മഹത്യ ചെയ്യുന്നു. ഇത് എങ്ങനെയാണ് ഇന്ത്യയിൽ വ്യാപകമായി നടക്കുന്നത് എന്നതാണ് ഈ ഡോക്യുമെന്ററി അന്വേഷിക്കുന്നത്.
ഇന്ത്യയിൽ ലോൺ ആപ്പുകളുടെ പ്രവർത്തനമെങ്ങനെയാണെന്നും, കടമെടുക്കുന്നവരെ കുരുക്കിലാക്കുന്ന രീതികളും, ലോൺ റിക്കവറി കോൾ സെന്ററുകളുടെ പ്രവർത്തനങ്ങളും, എടുത്ത തുക തിരിച്ചടക്കാൻ സാധിക്കാത്തവരുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതും വിശദമായി അന്വേഷണം നടത്തി തയ്യാറാക്കിയതാണ് 47 മിനിറ്റ് ദൈർഘ്യമുള്ള ബി.ബി.സിയുടെ ഈ ക്രൈം ഡോക്യുമെന്ററി.
ലോൺ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഉപയോക്താക്കളുടെ ഫോണിലെ വിവരങ്ങൾ, ഐഡന്റിറ്റി കാർഡിലെ വിവരങ്ങൾ, കോൺടാക്റ്റുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ശേഖരിക്കപ്പെടുന്നു. ഉപഭോക്താക്കൾ കൃത്യസമയത്ത് വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈ ആപ്പുകൾ തങ്ങളുടെ റിക്കവറി സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന കോൾ സെന്ററുകളുകൾക്ക് ഉപയോക്താവിന്റെ വ്യക്തി വിവരങ്ങൾ കൈമാറുന്നു. കോൾ സെന്ററുകൾ വായ്പ തിരിച്ചടക്കാത്തവരെ വിളിക്കുകകയും വളരെ മോശം ഭാഷയിൽ അപമാനിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ 60-ഓളം പേർ ജീവനൊടുക്കാൻ ഇത്തരം ലോൺ ആപ്പുകൾ കാരണമായെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു.
ഇരകളുടെ അനുഭവങ്ങൾ
24 വയസുള്ള തെലങ്കാന സ്വദേശി മോണിക്ക ആത്മഹത്യ ചെയ്തത് ലോൺ ആപ്പിൽ നിന്നുള്ള റിക്കവറി ഏജന്റുമാരുടെ ഭീഷണിയെത്തുടർന്നായിരുന്നുവെന്ന് നാല് മക്കളിലെ ഏകമകൾ നഷ്‍ടപ്പെട്ടത് ഉൾക്കൊള്ളാനാകാതെ മാതാപിതാക്കൾ വിവരിക്കുന്നുണ്ട്. മുംബൈ സ്വദേശി ഭൂമി സിൻഹ ശമ്പളം താമസിച്ചപ്പോൾ ASAN ലോൺ ആപ്പിൽ നിന്ന് കടമെടുത്തു. ഏഴ് ദിവസത്തിനുള്ളിൽ തിരിച്ചടക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അഞ്ചാം ദിവസം തന്നെ വായ്പ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞ് ഫോൺ കോളുകൾ വന്നു തുടങ്ങി.
ആദ്യത്തെ ലോൺ തുക തിരിച്ചടക്കാൻ അവർ ഉയർന്ന പലിശ നിരക്കിൽ രണ്ടാമത്തെ വായ്പ എടുത്തു. മുമ്പ് എടുത്ത കടം തീർക്കാൻ അവർ പല ആപ്പുകളിൽ നിന്ന് കടമെടുത്ത് തുടങ്ങിയതോടെ ദിവസവും 30-40 കോളുകൾ വരാൻ തുടങ്ങി. എല്ലാം ഭീഷണികളും അധിക്ഷേപങ്ങളും മാത്രം. അവർ ഒരോന്നായി തിരിച്ചടച്ചുകൊണ്ടേയിരുന്നു. എന്നാൽ ASAN ലോൺ ഭീഷണി തുടർന്നു. സഹപ്രവർത്തകർ, പരിചയക്കാർ, മകൾ ഉൾപ്പെടെ മുഴുവൻ കോൺടാക്ട് ലിസ്റ്റിലേക്കും ഭൂമിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ചു. ബാധ്യതകൾ തീർത്ത് ലോൺ ആപ്പുകളുടെ പിടിയിൽ നിന്നും ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷപെട്ട ഭൂമി സിൻഹ താൻ ലോൺ ആപ്പുകളുടെ കെണിയിലകപ്പെട്ട അനുഭവങ്ങൾ കണ്ണീരോടെ വിവരിക്കുന്നുണ്ട് ഡോക്യുമെന്ററിയിൽ.
കോൾ സെന്ററുകളുടെ പങ്ക്
നേരത്തെ ഇത്തരം ലോൺ ആപ്പിലെ കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന റിക്കവറി ഏജന്റായ, ഐഡന്റിറ്റി വെളുപ്പെടുത്താത്ത യുവാവിന്റെ സഹായത്തോടെ ഡൽഹിയിലെയും (MAJESTY LEGAL) നോയിഡയിലെയും (CALLFEX CORPORATION) കോൾ സെന്ററുകളുടെ പ്രവർത്തനവും ജീവനക്കാർ ലോൺ തിരിച്ചടക്കാത്തവരോട് കോളിൽ സംസാരിക്കുന്നതിന്റെ രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ കാണാം. റിക്കവറി ഏജന്റുമാർ കടക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെയും വളരെ മോശമായി സംസാരിക്കുന്നതിന്റെയും കടം തിരിച്ചടയ്ക്കാൻ അവരുടെ സഹോദരിയെയും അമ്മയെയും കുറിച്ച് വരെ അധിക്ഷേപം പറയുന്ന ദൃശ്യങ്ങൾ ഡോക്യുമെന്ററിയിലുണ്ട്.
പണം തിരിച്ചെടുക്കാനായി മാനേജർമാരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇത്തരം കോൾ സെന്ററുകളാണ് നിസഹായരായ മനുഷ്യരെ ക്രൂരമായി ബ്ലാക്ക്മെയിൽ ചെയ്യുന്നത്. അന്വേഷണത്തിൽ ഈ കോൾ സെന്ററുകളിൽ കൂടുതലും സ്ത്രീകളാണ് ജോലി ചെയ്യുന്നതെന്നും ഓരോ നൂറിലും ഏകദേശം 70 സ്ത്രീകളും 30 പുരുഷന്മാരുമാണെന്നും ഇത് തനിക്കും അത്ഭുതകരമായി തോന്നിയതായും ഡോക്യുമെന്ററി റിപ്പോട്ടർ പൂനം അഗർവാൾ പറഞ്ഞതായി ന്യൂസ്‌ലോൺട്രി റിപ്പോർട്ട് ചെയ്യുന്നു.
കടം കൊടുക്കുന്ന തുക റിക്കവറി ചെയ്യാൻ പ്രവർത്തിക്കുന്ന കോൾ ഫ്ലെക്സ് കോർപ്പറേഷൻ മാനേജർ വിശാൽ ചൗരസ്യ, അറിയാതെ രഹസ്യമായി പകർത്തിയ സംഭാഷണത്തിൽ ഓരോ വ്യക്തിയുടെയും മൊബൈൽ കോൺടാക്ട് ലിസ്റ്റിൽ അവരുടെ ജീവിതം നശിപ്പിക്കാൻ കഴിയുന്ന ഒരു നമ്പർ ഉണ്ടാകുമെന്ന് പറയുന്നുണ്ട്. കോൾ ഫ്ലെക്സ് കോർപ്പറേഷൻ, PAY SENSE ഉൾപ്പെടെ നിരവധി ആപ്പുകളുടെ റിക്കവറി കൈകാര്യം ചെയ്യുന്നുണ്ട്. ASAN ആപ്പിന്റെയുൾപ്പടെ നിരവധി ലോൺ ആപ്പുകളുടെ റിക്കവറികൾ കൈകാര്യം ചെയ്തിരുന്നത് പരശുരാം തക്‌വെയും തക്‌വെയുടെ ഭാര്യ ചൈനക്കാരിയായ ലിയാങ് ടിയാന്റെയും ഉടമസ്ഥതയിലുള്ള പൂനെയിലെ ജിയാലിയാങ് ഇൻഫോടെക്ക് എന്ന സ്ഥാപനം ആണ്. ഇവർ റിക്കവറി ഏറ്റെടുത്തിരുന്ന ആപ്പുകളിൽ പലതിന്റെയും ഉടമസ്ഥത ചൈനീസ് കമ്പനികളായിരുന്നു (EPOCH GOCREDIT, AJAYA SOLUTIONS).
2022ൽ കൊള്ളയടി, ഭീഷണിപ്പെടുത്തൽ, ആത്മഹത്യക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഗവൺമെന്റ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ നിലവിൽ ഒളിവിലാണ്. ഇവർ റിക്കവറി നടത്തിയിരുന്ന ലോൺ ആപ്പുകളുടെ ഉടമയായ ചൈനീസ് വ്യവസായി ലി സിയാങ്ങിന്റെ കമ്പനികൾ ലോൺ ആപ്പുകൾ വഴിയുള്ള ചൂഷണത്തെക്കുറിച്ച് അന്വേഷിച്ച ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥർ, 2021-ൽ ജിയാലിയാങ് ഇൻഫോടെക്ക് റെയ്ഡ് ചെയ്യുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. നിക്ഷേപകരാണെന്ന വ്യാജേനെ അന്വേഷണത്തിന്റെ ഭാഗമായി ബി.ബി.സി ബന്ധപ്പെട്ടപ്പോൾ തങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ ഒരു ചൈനീസ് കമ്പനിയാണെന്ന് ഇന്ത്യക്കാരെ അറിയിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും പറയുന്നുണ്ട് ലി സിയാങ്ങ്. നിക്ഷേപം വേഗത്തിൽ വീണ്ടെടുക്കാൻ ലക്ഷ്യമിടുന്നതിനാൽ, പ്രാദേശിക നികുതികൾ നൽകില്ലെന്നും, തങ്ങൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്ക് ഇന്ത്യയിലെ നിയമങ്ങളെ ലംഘിക്കുന്നതാണെന്നും ഇന്ത്യ, മെക്സിക്കോ, കൊളംബിയ എന്നിവിടങ്ങളിൽ ലോൺ ആപ്പുകൾ നടത്തുന്ന ലിസിയാങ്ങ് ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നുണ്ട്.
“കടമെടുക്കുന്ന പണം നിങ്ങൾ തിരിച്ചടച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ വാട്സാപ്പിൽ ചേർക്കും. മൂന്നാം ദിവസം ഞങ്ങൾ ഒരേസമയം വാട്സാപ്പിൽ നിങ്ങളെ വിളിക്കുകയും സന്ദേശമയയ്‌ക്കുകയും നിങ്ങളുടെ കോൺടാക്‌റ്റുകളെ വിളിക്കുകയും ചെയ്യും. തുടർന്ന്, നാലാം ദിവസം, നിങ്ങളുടെ കോൺടാക്റ്റുകൾ പണമടച്ചില്ലെങ്കിൽ, ഞങ്ങൾക്ക് പ്രത്യേക നടപടിക്രമങ്ങളുണ്ട്. ഞങ്ങൾ കോൾ റെക്കോർഡുകൾ ശേഖരച്ച് വ്യക്തി വിവരങ്ങൾ പിടിച്ചെടുക്കും. അടിസ്ഥാനപരമായി, കടം എടുക്കുന്ന വ്യക്തി നമ്മുടെ മുന്നിൽ നഗ്നനായിരിക്കുന്നതിന് തുല്യമാണത്.” ഇവരുടെ പ്രവർത്തനരീതികൾ എത്രമാത്രം സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് ഡോക്യുമെന്ററിയിൽ ലി സിയാങ്ങ് വിശദീകരിക്കുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണി ബ്രാന്റ് അംബാസിഡറായ NAVI ആപ്പിൽ നിന്ന് പണം എടുത്ത പേര് വെളിപ്പെടുത്താത്ത വ്യക്തിയും ഭീഷണി കോളുകൾ നേരിടേണ്ടി വന്നതായി ഡോക്യുമെന്ററിയിൽ പറയുന്നു. ഫ്ലിപ്കാർട്ടിന്റെ സ്ഥാപകൻ ആയിരുന്ന സച്ചിൻ ബൻസാലിന്റെ ഉടമസ്ഥതയിലുളളതായതുകൊണ്ട് വ്യക്തി വിവരങ്ങൾ സുരക്ഷിതമാകും എന്ന് കരുതിയാണ് NAVI ആപ്പിനെ ആശ്രയിച്ചതെന്നും പറയുന്നുണ്ട്. ഭീഷണിപ്പെടുത്തിയ ജീവനക്കാരന് താക്കീത് നൽകുകയും മോശം ഭാഷ ഉപയോഗിച്ച ആളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് NAVI ബി.ബി.സിയോട് പറയുന്നത്.
2023 സെപ്തംബറിൽ കടമക്കുടിയിൽ പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതോടെയാണ് ലോൺ ആപ്പുകളുടെ കെണിയെക്കുറിച്ച് കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. കടമക്കുടിയിലെ വീട്ടില്‍ നിജോയെയും ഭാര്യ ശില്‍പയെയും ഏഴും അഞ്ചും വയസ്സുള്ള മക്കളായ എയ്ബല്‍, ആരോണ്‍ എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, സാമ്പത്തിക ബാധ്യതയില്‍ കുടുംബം ആത്മഹത്യ ചെയ്യാനുള്ള സാധ്യത നാട്ടുകാരും ബന്ധുക്കളും തള്ളിക്കളഞ്ഞു.
ഇവരുടെ മരണത്തിന് പിന്നാലെ ഓണ്‍ലൈന്‍ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്കും നാട്ടുകാരില്‍ ചിലര്‍ക്കും ലഭിച്ചതോടെയാണ് നിജോയും ഭാര്യ ശില്‍പയും ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ചതിയില്‍പ്പെട്ട വിവരം പുറംലോകം അറിയുന്നത്. വിളിച്ചിട്ട് ശില്‍പ ഫോണ്‍ എടുക്കുന്നില്ലെന്നും പണം ഉടന്‍തന്നെ അടച്ചില്ലെങ്കില്‍ അവരുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ശില്‍പയുടെ ഫോണ്‍ ലിസ്റ്റിലുള്ളവര്‍ക്ക് അയച്ചുനല്‍കുമെന്നുമായിരുന്നു ഒരു ബന്ധുവിന് ലഭിച്ച ഭീഷണി. രാത്രിയില്‍ ശില്‍പയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ബന്ധുവിന്റെ ഫോണിലേക്ക് എത്തി. കുട്ടികളെ കൊലപ്പെടുത്തി ആ ദമ്പതികൾ ആത്മഹത്യ ചെയ്ത ശേഷമാണ് കേരളം ലോൺ ആപ്പുകളുടെ പ്രശ്നങ്ങൾ കാര്യമായി ചർച്ച ചെയ്ത് തുടങ്ങിയത്. ഈടില്ലാതെ അതിവേഗം പണം ലഭ്യമാകുന്ന ലോൺ ആപ്പുകളെ ആശ്രയിക്കുന്നവർ അകപ്പെടുന്നത് ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന രാജ്യാന്തര തട്ടിപ്പ് സംഘത്തിന്റെ വലയിലാണെന്ന് ഓർമ്മപ്പെടുത്തുന്നു ഈ ഡോക്യുമെന്ററി.
ഡോക്യുമെന്ററി കാണാം: