കുറ്റപത്രം പോലും കിട്ടാതെ ഞങ്ങൾ എന്ത് ചെയ്യും?

2020 സെപ്തംബർ 29നാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ, സവർണരായ ഥാക്കൂർ പുരുഷന്മാർ കൂട്ട ബലാത്സംഗം ചെയ്ത ദലിത് പെൺകുട്ടി ചികിത്സ ലഭിക്കാതെ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഹത്രാസിലേക്ക് പോകുന്നതിനിടയിലാണ് മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സിദ്ദീഖ് കാപ്പൻ ജയിലിൽ അടയ്ക്കപ്പെട്ടിട്ട് ഇന്ന്, ഒക്ടോബർ 5ന് ഒരു വർഷം പൂർത്തിയാവുകയാണ്.

സമുദായങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ കലാപം സൃഷ്ടിച്ചു, അത് സംഘടിപ്പിക്കുന്നതിനായി വെബ്സൈറ്റ് ഉണ്ടാക്കി, വിദേശത്തു നിന്നുൾപ്പെടെ ഇതിനായി പണം സമാഹരിച്ചു എന്നീ കുറ്റകൃത്യങ്ങൾ ആരോപിച്ച് യു.എ.പി.എ വകുപ്പുകൾ, രാജ്യദ്രോഹം, ഐ.ടി ആക്റ്റിലെ വകുപ്പുകൾ, പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് 2020 ഒക്ടോബർ 5ന് മഥുര ടോൾ പ്ലാസയിൽ വച്ച് സിദ്ദീഖ് കാപ്പൻ, ക്യാംപസ് ഫ്രണ്ട് ദേശീയ നേതാക്കളായ ആതിക്കുർ റഹ്മാൻ, മസൂദ് ഖാൻ, ഇവർ സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെ യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. (ദിവസങ്ങൾക്ക് മുമ്പ് ഹൃദയരോഗിയായ ആതിക്കുർ റഹ്മാനെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഡൽഹി എയിംസിലേക്ക് മാറ്റാൻ ലക്നൗവിലെ പ്രത്യേക കോടതി നിർദ്ദേശിച്ചിരുന്നു).

മഥുര ടോൾ പ്ലാസയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഈ നാലുപേരെ കൂടാതെ കേരളം, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് യു.എ.പി.എ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത മറ്റു നാലുപേരുടെയും പേരുകൾ ചേർത്താണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. മലയാളികളായ ക്യാംപസ് ഫ്രണ്ട് നേതാവും ചാർട്ടേഡ് അകൗണ്ടന്റുമായ റൗഫ് ഷരീഫ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നേതാവായ ഡാനിഷ്, പ്രവർത്തകരായ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരാണ് പിന്നീട് ഈ കേസുമായി കൂട്ടിച്ചേർക്കപ്പെട്ട മറ്റു നാലു പേർ.

ദിവസങ്ങൾക്ക് മുമ്പ് കുറ്റപത്രത്തെ അടിസ്ഥാനമാക്കി ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നെങ്കിലും സിദ്ദീഖ് കാപ്പന്റെ കുടുംബത്തിനും അഭിഭാഷകനും ഇതുവരെ കുറ്റപത്രം മുഴുവനായി ലഭ്യമായിട്ടില്ല. സിദ്ദീഖ് കാപ്പൻ തയ്യാറാക്കിയ 36 റിപ്പോർട്ടുകൾ മുസ്ലീംങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ് എന്ന് പ്രസ്തുത കുറ്റപത്രം ആരോപിക്കുന്നു. കുറ്റപത്രം ലഭ്യമാവുക, കേസ് നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുക എന്നത് ഒരു കുറ്റാരോപിതന്റെ അടിസ്ഥാന അവകാശമാണ്. ഇതിനായി മഥുര കോടതിയിൽ ഹർജി നൽകിയെങ്കിലും അതിൽ പ്രതികരണം ഉണ്ടായിട്ടില്ല. ആറു മാസത്തിനുള്ളിൽ പൊലീസ് തെളിവുകൾ ഹാജരാക്കി അന്വേഷണം പൂർത്തിയാക്കാത്തതിനാൽ, 2021 ജൂൺ 15ന് മഥുര കോടതി സിദ്ദീഖ് ഉൾപ്പെടെ നാലു പേർക്കെതിരെ ചുമത്തിയ വകുപ്പുകളിൽ സി.ആർ.പി.സി 151, 107, 116 എന്നിവ ഒഴിവാക്കപ്പെട്ടു.

ജോലി ചെയ്തിരുന്ന അഴിമുഖം വെബ്സൈറ്റിനെ അറിയിച്ച ശേഷമായിരുന്നു ഫോളോ അപ് റിപ്പോർട്ടിം​ഗിനായി സിദ്ദീഖ് കാപ്പന്റെ യാത്ര. കെ.യു.ഡബ്ല്യു.ജെയുടെ ഡൽഹി യൂണിറ്റ് സെക്രട്ടറിയായ കാപ്പനെ അറസ്റ്റ് ചെയ്തയുടൻ സംഘടന സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചിരുന്നു.

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ തടവ് ഒരു വർഷം പൂർത്തിയാവുന്ന സാഹചര്യത്തിൽ നിയമപോരാട്ടം തുടരുന്ന ഭാര്യ റെയ്ഹാനത് സംസാരിക്കുന്നു.

സെപ്തംബർ 30നാണ് ഹത്രാസ് ഗൂഢാലോചന കേസിലെ കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അറസ്റ്റിലായവരുടെ ബന്ധുക്കൾക്കും അഭിഭാഷകർക്കും അറസ്റ്റ് നടന്ന് ഒരു വർഷം പൂർത്തിയാവുമ്പോഴും കുറ്റപത്രം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. ഇതിനോടുള്ള പ്രതികരണമെന്താണ്?

ചാർജ് ഷീറ്റ് നമുക്ക് മുഴുവനായും നൽകാത്തതിനെ തുടർന്നാണ് മഥുര കോടതിയിൽ പിന്നെയും അതിനായി ഹർജി സമർപ്പിച്ചത്. ഈ ഹർജി ഇതുവരെയും ലിസ്റ്റ് ചെയ്തിട്ടില്ല. നിങ്ങൾ പറഞ്ഞ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ആ വാർത്തയെ തുടർന്ന് മറ്റു മാധ്യമങ്ങളിലും സമാനമായ വാർത്തകൾ വന്നിരുന്നു. ആറുമാസം മുമ്പ് വന്ന വാർത്തകളുടെ ആവർത്തനങ്ങൾ തന്നെയായിരുന്നു മിക്ക വാർത്തകളിലെയും ആദ്യ ഭാ​ഗത്ത് ഉണ്ടായിരുന്നത്. ഇപ്പോളത് കുത്തിപ്പൊക്കി കൊണ്ടുവന്നതിന്റെ ലക്ഷ്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല. പക്ഷേ അതുകൊണ്ട് പേടിക്കാനൊന്നുമില്ല. ചാർജ് ഷീറ്റ് ലഭിച്ചാൽ മാത്രമെ ജാമ്യത്തിന് അപേക്ഷിക്കാൻ കഴിയൂ. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി എനിക്ക് അറിയില്ല. ഇതുവരെ സിദ്ദീക്കയെ അറസ്റ്റ് ചെയ്തത് മഥുര ടോൾ പ്ലാസയിൽ നിന്നാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു ടോൾ പ്ലാസ കടന്ന് ഹത്രാസിന് അടുത്തെത്തിയിട്ടുണ്ട്, ആളുകളോട് സംസാരിച്ചിട്ടുണ്ട്, പ്രസംഗിച്ചിട്ടുണ്ട്, കാശു നൽകി സഹായിച്ചിട്ടുണ്ട്, അതിന് ദൃക്സാക്ഷികളുമുണ്ട് എന്ന്. ഇത് കാണുന്നവർക്ക് അറിയാമല്ലോ എത്രത്തോളം ഫാബ്രിക്കേറ്റ് ചെയ്ത കേസ് ആണെന്ന്. നമുക്ക് ചാർജ് ഷീറ്റ് കിട്ടാതിരിക്കുമ്പോൾ അവർ അത് പത്രങ്ങൾക്കാണ് കൊടുക്കുന്നത്. നമ്മളാണ് അത്രയും അത്യാവശ്യമുള്ള ആളുകൾ. നമ്മളാണ് അത് അറിയേണ്ടത്. അതിനവിടെ ഹർജി വരെ നൽകിയിട്ടുണ്ട്. പക്ഷേ ഇതുവരെ ചാർജ് ഷീറ്റ് തന്നിട്ടില്ല. സിദ്ദീഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഒരു വർഷം തികയുകയാണ്. അദ്ദേഹത്തിനെതിരെ പ്രത്യേകിച്ച് തെളിവുകളൊന്നും കിട്ടിയിട്ടില്ല, ഒരു വർഷമായി കേസിങ്ങനെ നീണ്ടുപോവുകയാണ്. ജാമ്യത്തിനുള്ള എന്തെങ്കിലും സാധ്യതകൾ കിട്ടുന്നതിന് മുമ്പേ അദ്ദേഹത്തിനെതിരെ വേറൊരു പ്രചരണം ഉണ്ടാക്കിയെടുക്കാൻ വേണ്ടി ബോധപൂർവ്വം ചെയ്യുന്ന ഒരു കാര്യമാണിത്. അല്ലാതെ എങ്ങനെയാണ് പെട്ടെന്നൊരു ദിവസം അങ്ങനെയൊരു വാർത്ത വരുന്നത്. ചില മാധ്യമങ്ങൾക്ക് മാത്രം കുറ്റപത്രം കിട്ടി എന്ന് പറഞ്ഞാൽ അത് കള്ളത്തരമല്ലേ? ഔദ്യോഗികമായി പൊലീസ് കോടതി വഴി ചാർജ് ഷീറ്റ് തന്നിട്ടില്ല. അതു ലഭ്യമാക്കുക എന്നത് അവരുടെ കടമയാണ്. പൊലീസ് ചാർജ് ഷീറ്റ് ആറുമാസം മുമ്പേ തന്നെ കോടതിയിൽ സമർപ്പിച്ചതാണ്.

കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ വിചാരണ നടന്നിട്ടുണ്ടോ?

സുപ്രീം കോടതിയിൽ വിചാരണ മൂന്നര മാസത്തോളം നീട്ടി വെച്ച ഒരു സമയമുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് ജാമ്യം കിട്ടും എന്ന് എല്ലാവരും പറഞ്ഞിരുന്നു. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചതുമാണ്. കുറ്റപത്രം ഹാജരാക്കിയിരുന്നില്ല. കുറ്റപത്രം സമർപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോയി ആറുമാസം പൂർത്തിയാവുന്നതിന് രണ്ട് ദിവസം മുമ്പേയാണ് ചാർജ് ഷീറ്റ് അവർ സമർപ്പിക്കുന്നത്. അതുവരെ കേസ് ലിസ്റ്റ് ചെയ്തിരുന്നില്ല. ഈ ചാർജ് ഷീറ്റ് കിട്ടിയ ശേഷമാണ് കേസ് പിന്നീട് ലിസ്റ്റ് ചെയ്തത്. അപ്പോഴേക്കും സിദ്ദീക്കയ്ക്ക് വയ്യാതായി. അങ്ങനെയാണ് കേസ് ലിസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയുടെ വിചാരണ ആയിരുന്നില്ല, അസുഖത്തിന്റെ പേരിലുള്ള ഹർജിയിലായിരുന്നു വിചാരണ നടന്നത്. ഈ ആറുമാസത്തിന് രണ്ട് ദിവസം മുന്നെയാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. ഒരു ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കേണ്ടുന്ന രീതിയിലല്ല സുപ്രീം കോടതി ഞങ്ങളുടെ ഹർജി പരിഗണിച്ചിരിക്കുന്നത്. ലിസ്റ്റ് ചെയ്യാതെ മൂന്നര മാസത്തോളമാണ് ഹർജിയിന്മേൽ വാദം കേൾക്കുന്നത് നീട്ടിവെച്ചത്. അവർ പുതുതായി ചാർജ് ഷീറ്റിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നുണ്ടോ എന്നറിയില്ല. ‍ഹത്രാസിൽ സിദ്ദീഖ് കാപ്പൻ പോയി എന്നത് ഇപ്പോൾ കേൾക്കുന്ന വാർത്തകളാണ്. അതിന് രണ്ട് ദൃക്സാക്ഷികളുണ്ട്, സംസാരിച്ചു, കാശ് കൊടുത്തു എന്ന് പറയുന്നതൊക്കെ പുതിയ കൂട്ടിച്ചേർക്കലുകളാണ്. അവരുടെ സൗകര്യം പോലെ പുതിയ കഥകൾ മെനഞ്ഞെടുക്കുകയാണ്. പൊലീസിന്റെ പക്കൽ തെളിവുകളില്ല. ഇത് കോടതിയിലെത്തിയാൽ, കോടതിയിൽ നിന്നും ജനാധിപത്യപരമായ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്. ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടാത്ത ആളാണ് ഒരു വർഷമായി കിടക്കുന്നത്. കോടതിയിൽ വിചാരണ വൈകിയതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ആയിത്തീർന്നത്? ഓരോ ഘട്ടങ്ങളിലും ഞങ്ങൾ നിയമസാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടുപോയിട്ടുണ്ട്. പക്ഷേ നടപടിക്രമങ്ങൾ വൈകുകയാണ്, വൈകിപ്പിക്കുകയാണ്. മഥുര കോടതിയിൽ കേസിനാസ്പദമായ ഒന്നും നടക്കുന്നില്ല. മഥുര കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ നൽകണം എന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ചാർജ് ഷീറ്റ് തരാതെ എങ്ങനെയാണ് ഞങ്ങൾ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോകുക?

ഹത്രാസ് ഗൂഢാലോചന കേസിൽ പിന്നീട് പ്രതി ചേർക്കപ്പെട്ട മലയാളിയായ അൻഷാദ് ബദറുദ്ദീന്റെ ഉമ്മ നസീമയെയും ഭാര്യ മുഹ്സിനയെയും മകൻ ആതിഫിനെയും യു.പിയിൽ വെച്ച് അറസ്റ്റ് ചെയ്ത വാർത്തയാണല്ലോ ഇപ്പോൾ അറിയുന്നത്?

സോഷ്യൽ മീഡിയയിലൂടെയാണ് ഞാനീ വാർത്തയറിയുന്നത്. അവർ കുറ്റവാളികളല്ലല്ലോ. ഇന്ത്യയിലല്ലേ അവർ ജീവിക്കുന്നത്. ഇന്ത്യയിലുള്ള ഒരു സംസ്ഥാനത്തേക്കാണവർ പോയത്. അതും പത്തുമാസത്തിൽ കൂടുതലായി അവർ അൻഷാദിനെ കാണാതിരിക്കുകയല്ലേ. എത്ര തവണയാണ് ഞാൻ തന്നെ കോടതിയെ സമീപിച്ചത്, ഒരു തവണയെങ്കിലും സിദ്ദീക്കയെ കാണണം എന്ന് പറഞ്ഞുകൊണ്ട്. ഇതുവരെയും കോടതി അദ്ദേഹത്തെ കാണാനുള്ള അനുമതി നൽകിയിട്ടില്ല. അത് യു.പി ആണ്, അവിടെ പോകാൻ ഭയപ്പെടണം എന്നാണ് മനസ്സിലാകുന്നത്. കോടതിയുടെ അനുമതി കിട്ടിയിട്ട് പോയാൽ മതി, അല്ലെങ്കിലവർ എന്തും ചെയ്തേക്കും എന്നാണ് വക്കീൽ എന്നോട് പലപ്പോഴും പറഞ്ഞിരുന്നത്. അത് ശരിയാണ് എന്ന് ഈ അറസ്റ്റോടെ മനസ്സിലായി. വക്കീൽ ഇതുക്കൊണ്ടായിരിക്കണം എന്നെ തടഞ്ഞിട്ടുണ്ടാവുക.

പൊലീസ് വാദം അതേപടി വിശ്വസിച്ചുകൊണ്ടാണ് ഭരണപക്ഷത്തിന്റെ ഒപ്പമുള്ളവർ ഈ കേസിനെ നോക്കിക്കാണുന്നത്. മാധ്യമ റിപ്പോർട്ടുകളുംം യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ മറച്ചുവച്ചാണ് അവതരിപ്പിക്കപ്പെടുന്നത്. പൊലീസ് വാദം അതേപടി പകർത്തുന്ന മാധ്യമരീതിയെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്?

സിദ്ദീഖ് കാപ്പൻ ഒരു നല്ല മാധ്യമപ്രവർത്തകനാണ്. സിദ്ദീക്ക ഒരിക്കലും തെറ്റായ ഒരു കാര്യം പൊലിപ്പിച്ചു കാണിക്കാൻ ഇതുവരെയും തുനിഞ്ഞിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്താണ് സത്യാവസ്ഥ എന്നത് മാത്രമേ എഴുതുകയുള്ളൂ. മുസ്ലിങ്ങൾക്കുവേണ്ടി മാത്രം സംസാരിച്ചു, മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നു, ഹിന്ദുക്കൾക്കെതിരെ സംസാരിച്ചു എന്നൊക്കെയാണ് അവർ സിദ്ദീക്കയെക്കുറിച്ച് പറയുന്നത്. മുസ്ലിങ്ങൾ മാത്രമല്ല, അടിച്ചമർത്തപ്പെടുന്ന എല്ലാ ആളുകൾക്കും വേണ്ടിയാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. പൊതുവെ എന്താണ് ഇന്ത്യയിൽ നടക്കുന്നത് എന്നതിന്റെ സത്യാവസ്ഥയാണ് സിദ്ദീക്ക പുറത്തുകൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളത്. അല്ലാതെ മുസ്ലിങ്ങൾക്കുവേണ്ടി മാത്രമേ സംസാരിക്കുകയുള്ളൂ, ദലിതർക്ക് വേണ്ടി മാത്രമേ സംസാരിക്കുകയുള്ളൂ എന്ന നിലപാട് അദ്ദേഹം ജീവിതത്തിൽ സ്വീകരിച്ചിട്ടില്ല. ആരാണ് അടിച്ചമർത്തപ്പെടുന്നത് അവരെപ്പറ്റി എഴുതുക എന്നത് ഒരു ജേണലിസ്റ്റിന്റെ കടമയാണ്. അല്ലാതെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്ന് വേർതിരിച്ച് അതിനെ കാണാൻ കഴിയില്ല. അദ്ദേഹം മനുഷ്യരുടെ നന്മ മാത്രമേ നോക്കാറുള്ളൂ. അതുപോലെ തന്നെയാണ് എല്ലാ മാധ്യമപ്രവർത്തകരും ചെയ്യേണ്ടത്. പൊലീസ് പറഞ്ഞത് മുഴുവൻ ശരി എന്ന നിലയിലല്ല മാധ്യമപ്രവർത്തകർ പോവേണ്ടത്. എത്ര ദൃക്സാക്ഷികളെ വേണമെങ്കിലും പൊലീസിന് ഉണ്ടാക്കാൻ കഴിയും. സത്യം അന്വേഷിച്ച് അതെഴുതുക എന്നതാണ് മാധ്യമധർമ്മം. സിദ്ദീക്കയെ പോലെ അറസ്റ്റ് ചെയ്യപ്പെടും എന്ന് വിചാരിക്കുന്നുണ്ടാകും പലരും. ആ പേടി ആളുകളിൽ ഉണ്ടാവും.

സിദ്ദീഖ് കാപ്പൻ മലയാളത്തിൽ ചെയ്ത റിപ്പോർട്ടുകൾ വരെ അവരുടെ നിരീക്ഷണത്തിലുണ്ടായിരുന്നു എന്ന് വേണമല്ലോ പൊലീസ് പറയുന്നതിൽ നിന്നും മനസ്സിലാക്കാൻ?

അതെ. സിദ്ദീക്ക എഴുതിയ 36 ഓളം മലയാളം റിപ്പോട്ടുകളാണ് പൊലീസ് തെളിവായി പിടിച്ചെടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൂടാതെ ലാപ്ടോപിലുണ്ടായിരുന്നത് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ പത്തോ ഇരുപതോ കേസുകളുടെ വിശദാംശങ്ങളാണ്. അതിന്റെ കേസ് ഫയലുകളാണ് സൂക്ഷിച്ചിരുന്നത്. അത് വിവരാവകാശ നിയമപ്രകാരം കിട്ടിയതാണ്. അങ്ങനെ കിട്ടിയ ഫയലുകൾക്ക് എന്താണ് കുഴപ്പം? സിദ്ദീക്ക എഴുതിയ വാർത്തകൾ പി.ഡി.എഫ് ആയി സൂക്ഷിച്ചിരുന്നു. അത് ഒളിപ്പിച്ചു വച്ചതല്ലല്ലോ. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ്. പക്ഷെ പൊലീസ് പറയുന്നത് അതെല്ലാം ഒളിപ്പിച്ചുവെച്ച കാര്യങ്ങളാണ് എന്നാണ്. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന ഓരോ പ്രശ്നങ്ങളെക്കുറിച്ചും എത്രയോ പത്രങ്ങളെഴുതുന്നുണ്ട്. യു.എ.പി.എയെ കുറിച്ച് തന്നെ എത്രയോ പേരെഴുതിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യയിലെ എത്ര മാധ്യമപ്രവർത്തകരെ യു.എ.പി.എ നിയമപ്രകാരം തടവിലാക്കേണ്ടി വരും? എത്ര പ്രശസ്തരായ മാധ്യമപ്രവർത്തകർ ഇതിനെ കുറിച്ചെഴുതുന്നുണ്ട്? ഇന്ത്യക്കു പുറത്തുള്ളവർ പോലും ഇന്ത്യയിലെ അവസ്ഥകളെക്കുറിച്ച് എഴുതുന്നില്ലേ? സിദ്ദീഖ് കാപ്പന്റെ വാർത്തകളിൽ ഇതുവരെ ഒരു പ്രശ്നവും ആർക്കും കണ്ടെത്താനായിട്ടില്ല. അറസ്റ്റ് ആസൂത്രിതമാണ് എന്നാണ് അതിൽ നിന്നും മനസ്സിലാകുന്നത്. കേസ് എങ്ങോട്ടാണ് പോകുന്നത് എന്ന് സിദ്ദീക്കക്ക് നന്നായി അറിയാം.

Also Read