ദേശീയ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 2024 ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായക വർഷമാണ്. സംഘപരിവാർ വീണ്ടും അധികാരത്തിൽ വന്നാൽ നമ്മുടെ ഭരണഘടന പോലും റദ്ദാക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നു. ആർ.എസ്.എസ്സിനെ സംബന്ധിച്ച് സംഘടനാ രൂപീകരണത്തിന്റെ നൂറാം വർഷമാണ് 2025. നൂറ് വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി മാറ്റും എന്നതായിരുന്നു അവരുടെ രാഷ്ട്രീയ പദ്ധതി. ആ നീക്കത്തെ തടയാൻ ജനാധിപത്യത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന മനുഷ്യർ പലരീതിയിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ കക്ഷികളുടെയും പൗരരുടെയും പുതിയ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ദില്ലി സർവ്വകലാശാലയിലെ അധ്യാപകനായ പ്രൊഫ. അപൂർവാനന്ദ് സംസാരിക്കുന്നു.
“nafrat ke bazaar mein, mai mohabbat ki dukan kholne nikla hoon” (വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ വ്യാപാരം തുടങ്ങാൻ ഞാൻ പുറപ്പെടുകയാണ്) എന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയെക്കുറിച്ച് പറയുകയുണ്ടായി. വെറുപ്പിന്റെയും ഒറ്റപ്പെടുത്തലിന്റെയും പേശീ ബലത്തെ ചെറുക്കാനുള്ള ലളിതവും ശക്തവുമായ സന്ദേശമായിരുന്നല്ലോ അത്. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോയ ഭാരത് ജോഡോ യാത്രയ്ക്ക് ബഹുസ്വരതയ്‌ക്കിടയിലും ഒരു കൂട്ടായ സ്വത്വബോധം വീണ്ടെടുക്കാൻ കഴിഞ്ഞതായി താങ്കൾ കരുതുന്നുണ്ടോ?
ഭാരത് ജോഡോ യാത്രയ്ക്ക് ആ ഉദ്യമം ഉയർത്തിയ വിഷയങ്ങൾ പൊതുമണ്ഡലത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു എന്നാണു ഞാൻ കരുതുന്നത്. ഇന്ത്യ എന്ന രാജ്യത്തിൽ എങ്ങനെയാണ് ജനങ്ങൾ പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദത്തോടെയും കഴിഞ്ഞതെന്നും നമ്മുടെ ഭരണഘടന എങ്ങനെയാണ് സാഹോദര്യത്തെയും തുല്യതയെയും വിഭാവനം ചെയ്തിരിക്കുന്നതെന്നും ജനങ്ങളെ ഓർമ്മിപ്പിക്കാൻ യാത്രയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിഭാഗീയതയുടെയും കപട ദേശീയതയുടെയും പേരിൽ എങ്ങനെയാണ് ഒരു ഭരണകൂടം ഒരു രാജ്യത്തെ ജനതയെ ആകെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആ യാത്രയിൽ ഒരു പ്രധാന സംവാദ വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഈ കാര്യങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ എനിക്കുറപ്പില്ല. കാരണം കുറച്ചു വർഷത്തിനുള്ളിൽ നരേന്ദ്ര മോദി സർക്കാർ നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾക്ക് ഉണ്ടാക്കിയ പരുക്ക് അത്രയേറെ വലുതും ആഴമേറിയതുമാണ്. അതുണ്ടാക്കിയ മുറിവുകൾ ഉണക്കാൻ ഭാരത് ജോഡോ യാത്ര പോലുള്ള ഒരുപാട് ശ്രമങ്ങൾ ആവശ്യമായിട്ടുണ്ട്. മാത്രവുമല്ല തുടർച്ചകൾ ഉള്ളതും സുദീർഘവുമായ പരിപാടികളിലൂടെ മാത്രമേ നമുക്ക് ആ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ. അതിന് സാധ്യതകൾ ഉണ്ടെന്നും അത് സാധ്യമാണെന്നും ഭാരത് ജോഡോ യാത്രയ്ക്ക് തെളിയിക്കാൻ കഴിഞ്ഞു. മാത്രവുമല്ല രാഷ്ട്രീയ പാർട്ടികൾ അത്തരം ശ്രമം നടത്തുമ്പോൾ അതിനോട് ജനങ്ങൾ പ്രതികരിക്കും എന്ന് മനസിലാക്കാനും യാത്ര സഹായിച്ചു. സാധാരണ ജനങ്ങൾ വിദ്വേഷത്തിനും അക്രമത്തിനും എതിരായ സ്നേഹത്തിന്റെ ഭാഷ ആവശ്യപ്പെടുന്നു എന്നുകൂടി അത് തെളിയിച്ചു. ഇനി വേണ്ടത് പൊതുസമൂഹവും രാഷ്ട്രീയ പാർട്ടികളും യാത്ര തുടങ്ങിവച്ച ആവശ്യങ്ങളെ, പ്രതികരണങ്ങളെ, സാധ്യതകളെ ഒക്കെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണ്.
സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, സ്വേച്ഛാധിപത്യ രാഷ്ട്രീയം എന്നിങ്ങനെ മൂന്ന് വലിയ പ്രശ്നങ്ങളാണ് ഭാരത് ജോഡോ യാത്ര ഉയർത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നടത്തത്തിനിടയിലെ ആശയവിനിമയങ്ങളിലും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും റാലികളിലും ഓരോ ദിവസവും ഈ വിഷയങ്ങൾ ഉന്നയിക്കപ്പെടുന്നു. സുസ്ഥിരമായ പൊതുപ്രവർത്തനത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയത്തെ പുനർവിചിന്തനം ചെയ്യാനുള്ള ശ്രമമെന്ന നിലയിൽ സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ കോൺഗ്രസ്സ് പാർട്ടിയെ ഈ യാത്ര സഹായിച്ചതായി താങ്കൾ കരുതുന്നുണ്ടോ?
ഞാൻ നേരത്തെ പറഞ്ഞപോലെ പല സാധ്യതകളെയും തുറന്നുകാട്ടാൻ ഈ യാത്രയ്ക്ക് സാധിച്ചിട്ടുണ്ട്. കോൺഗ്രസ്സ് പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ എല്ലാം അവസാനിച്ചു എന്ന തോന്നൽ ഇല്ലാതാക്കാനും അത് സഹായമായിട്ടുണ്ട്. എല്ലാ ജനങ്ങളും വർഗീയതയെ അനുകൂലിക്കുന്നില്ല എന്നുള്ള യാഥാർത്ഥ്യം അവർക്കു കാണിച്ചുകൊടുത്തു. സാധാരണ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ കൂടുതൽ ഫലവത്തായ രാഷ്ട്രീയ പ്രവർത്തനം സാധ്യമാണെന്ന് കോൺഗ്രസ്സിന് മനസിലാക്കാൻ അത് അവസരം നൽകി. അത് പാർട്ടിയിൽ ഒരു ആത്മവിശ്വാസം ജനിപ്പിച്ചു എന്ന് ഞാൻ മനസിലാക്കുന്നു.
ത്രിപുരയിലും മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം കോൺഗ്രസ്സിന്റെ ഈ ആത്മവിശ്വാസത്തിന് തിരിച്ചടി നൽകി എന്ന് തോന്നുന്നുണ്ടോ?
ആ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുമായി കൂട്ടി ചേർത്തു വിശകലനം ചെയ്യാൻ പാടില്ല എന്ന് തോന്നുന്നു. തെരഞ്ഞെടുപ്പ് നേരിടുക എന്ന കാര്യം തികച്ചും വ്യത്യസ്തമാണ്. ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശത്തെ ഈ തിരഞ്ഞെടുപ്പുമായി കൂട്ടിച്ചേർത്തു കാണാൻ പാടില്ല. യാത്രയുടെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് വിജയത്തിനും അപ്പുറമാണ്. തെരഞ്ഞെടുപ്പ് നേരിടുന്നത് പാർട്ടി സംവിധാനങ്ങളും മറ്റൊരുപാട് തന്ത്രങ്ങളും കൊണ്ടാണ്. എല്ലാ സാധ്യതകളെയും ശരിയായ രീതിയിൽ വിനയോഗിച്ചും നല്ല സ്ഥാനാർത്ഥികളെ നിർത്തിയും പാർട്ടിയുടെ എല്ലാ സംവിധാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചുമാണ് ഒരു തെരഞ്ഞെടുപ്പിനെ ഒരു പാർട്ടി നേരിടുക. ഈ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് എത്രമാത്രം പ്രവർത്തനം കാഴ്ചവച്ചു എന്ന് എനിക്കറിയില്ല. ത്രിപുരയിലെ ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞത് കോൺഗ്രസ്സ് പാർട്ടിയും സി.പി.എമ്മും വേണ്ടത്ര കഠിനാധ്വാനം ചെയ്തില്ല എന്നാണ്. കോൺഗ്രസ്സ് പാർട്ടി യാത്ര തുടങ്ങിയത് ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നില്ല. യാത്ര തുടങ്ങിയപ്പോൾ ഗുജറാത്ത് തെരെഞ്ഞെടുപ്പ് നടക്കാൻ പോവുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ്സ് പാർട്ടി പരാജയം ഏറ്റുവാങ്ങി. ഗുജറാത്തിൽ ഭാരത് ജോഡോ യാത്ര വലിയ ചർച്ചാ വിഷയം ആയിരുന്നില്ല. മാത്രവുമല്ല ഇന്ത്യയിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ പഴയതുപോലെ അല്ല എന്ന യാഥാർഥ്യവും നിലനിൽക്കുന്നു. പ്രചാരണ സംവിധാനങ്ങൾ, മാധ്യമങ്ങൾ, പണം, നുണ പ്രചാരണങ്ങൾ, ഉദ്യോഗസ്ഥ സ്വാധീനം അങ്ങനെ പലതും ദുരുപയോഗം ചെയ്താണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്സ് പാർട്ടിക്ക് ഈ പുതിയ സാഹചര്യത്തെ മറികടക്കാൻ പറ്റുന്ന ഒരു സംവിധാനം വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പഴയ ജനാധിപത്യ സംവിധാനങ്ങളോ തെരഞ്ഞെടുപ്പ് രീതികളോ അല്ല ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് എന്ന് നമ്മൾ മറക്കരുത്.
ഈ അടുത്തകാലത്ത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നല്ലോ. ഹിൻഡൻബെർഗ് റിപ്പോർട്ട്, വർദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയവ അവയിൽ ചിലതായിരുന്നല്ലോ. ഇതൊന്നും ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ ബാധിച്ചില്ല എന്നുവേണമോ മനസ്സിലാക്കാൻ?
ഞാൻ മനസ്സിലാക്കുന്ന ചില കാര്യങ്ങൾ പറയാം. ജനങ്ങൾക്ക് പ്രശ്നങ്ങളുടെ ആഴവും പരപ്പും അറിയാൻ കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യമാണ്. ജനങ്ങൾ ഉപയോഗിക്കുന്ന മാധ്യമങ്ങൾ നമ്മുടെ രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങളെക്കുറിച്ച് അവരെ അറിയിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നത് വാസ്തവമാണ്. പല വിവരങ്ങളും ജനങ്ങളിൽ നിന്നും മറച്ചു പിടിക്കുകയാണെന്നു കാണാം. ഹിൻഡൻബെർഗ് റിപ്പോർട്ട് വന്നപ്പോൾ എങ്ങനെയാണ് മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തത് എന്ന് മാത്രം നോക്കിയാൽ ഇക്കാര്യം മനസ്സിലാകും. ആ റിപ്പോർട്ടിലെ ഉള്ളടക്കവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മിക്കവാറും മാധ്യമങ്ങൾ മറച്ചുവയ്ക്കുകയായിരുന്നു. അതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ സാധാരണ ജനങ്ങൾക്ക് സാധിക്കുന്നില്ല. സർക്കാരിനെ വിമർശിക്കുന്നതുകൊണ്ട് പ്രതിപക്ഷത്തെ ആക്രമിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നത് ആഗോള പ്രതിസന്ധിയുടെയും കോവിഡിന്റെയും ഭാഗമായാണെന്നും മാധ്യമങ്ങൾ ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നു. സർക്കാർ പരമാവധി നന്നായി പ്രവർത്തിക്കുന്നു എന്നും ദുരിതങ്ങൾ എല്ലാം തങ്ങളുടെ വിധിയാണെന്നും ജനങ്ങൾ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. കോവിഡിന് ശേഷം ഉണ്ടായ ദുരിതങ്ങൾ ദൈവകോപമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ജനങ്ങൾ ഇവിടെ ഉണ്ട്. ഹിന്ദി മാധ്യമങ്ങളിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും സാമ്പത്തിക പ്രതിസന്ധിയുടെ കഥകൾ നിരന്തരം പ്രസിദ്ധീകരിക്കുന്നത് ഇന്ത്യൻ സർക്കാരിനെ സംരക്ഷിക്കാൻ വേണ്ടിയാണ്.
രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തിലും വിവിധ വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള കഴിവിലും ഭാരത് ജോഡോ യാത്ര കാര്യമായ മാറ്റം വരുത്തിയതായി കരുതുന്നവരുണ്ട്. അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു പക്വതയില്ലാത്ത രാഷ്ട്രീയക്കാരനോ പ്രത്യേകാവകാശമുള്ള രാജകുമാരനോ ഒക്കെ ആയി നിലവിലെ ഭരണകൂടം നൽകിയ പ്രതിച്ഛായ ഇല്ലാതാക്കുന്നതിൽ അദ്ദേഹം വിജയിച്ചു എന്ന് കരുതുന്നുണ്ടോ? രാഹുൽ ഗാന്ധിയെ ഒരു ലീഡർ എന്ന നിലയിൽ എങ്ങനെ കാണുന്നു?
ലീഡർ എന്ന വാക്ക് നമ്മൾ വളരെ സൂക്ഷിച്ചും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണം എന്ന് ഞാൻ കരുതുന്നു. ആരാണ് ഒരു ലീഡർ? ഒരു സമൂഹത്തെ നയിക്കുന്ന ഒരാളെയാണ് നമ്മൾ ലീഡർ എന്ന് വിളിക്കുന്നത്. ഏത് ദിശയിലേക്ക് എന്നതും അതുപോലെ പ്രധാനമാണ്. ഒരാൾക്ക് ലീഡർ ആകാൻ അയാൾ ജനങ്ങളുടെ ജീവിതത്തിനു വേണ്ടി തന്റെ ജീവിതം മാറ്റിവയ്‌ക്കേണ്ടിവരും. അവരുടെ ജീവിതത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടി വരും. പല കാര്യങ്ങൾ ചേർന്നാണ് ഒരു നേതാവ് ഉണ്ടാകുന്നതെങ്കിലും അതിന് ദൈനംദിന പ്രവർത്തനം അനിവാര്യമാണ്. ഒരു പ്രൊജക്റ്റ് എന്ന നിലയിലോ ഒരു പ്രോഗ്രാം എന്ന നിലയിലോ സംഭവിക്കുന്ന ഒന്നല്ലത്. സ്നേഹത്തെ ചേർത്തുപിടിക്കേണ്ടതിനെക്കുറിച്ചും വെറുപ്പിനെ കയ്യൊഴിയേണ്ടതിനെക്കുറിച്ചും സംസാരിക്കുന്ന ഒരു നേതാവ് നസീറും ജുനൈദും ഗോരക്ഷകരാൽ രാജസ്ഥാനിൽ കൊല്ലപ്പെട്ടപ്പോൾ അവരുടെ കുടുംബത്തെ സന്ദർശിക്കണമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് ഞാൻ കരുതുന്നു. ഞാൻ പറഞ്ഞു വരുന്നത് ലീഡർ എന്നത് ദിവസം മുഴുവൻ പ്രവർത്തനക്ഷമമാകേണ്ട ഒരു കാര്യം ആണെന്നാണ്. അതില്ലാത്ത പക്ഷം നിങ്ങളുടെ നേതൃത്വശേഷിയെ ആളുകൾ സംശയിക്കും. ഒരു നേതാവിന് ജനങ്ങളുടെ ജീവിതവുമായി അടുത്ത് നിൽക്കേണ്ടി വരും, അവരുടെ ജീവിത സമരങ്ങളിൽ കൂടെ നിൽക്കേണ്ടി വരും, അവരുടെ വിശ്വാസമാർജ്ജിക്കേണ്ടിവരും- അങ്ങനെയൊക്കെയാണ് ഒരാൾ ലീഡർ ആകുന്നത്. അങ്ങനെയാണ് ഗാന്ധിയും നെഹ്രുവും അംബേദ്ക്കറും ഒക്കെ നേതൃസ്ഥാനത്തേക്ക് വരുന്നത്. ആ ഒരു നേതൃത്വശേഷി രാഹുൽ ഗാന്ധിയിൽ ഇനിയും ഉണ്ടായിവരേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയം ശുദ്ധമാണെന്നും അദ്ദേഹത്തിന് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്താണെന്ന് അറിയാമെന്നും ഞാൻ കരുതുന്നു. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നും മാറിനിന്നു പ്രവർത്തിക്കാൻ കഴിയണം എന്ന് ഞാൻ കരുതുന്നു. സത്യം തുറന്നു പറയാനും അത് പ്രാവർത്തികമാക്കാനും അദ്ദേഹത്തിന് കഴിയണം. ചില കാര്യങ്ങളിൽ മൗനം പാലിക്കുകയും, ചില കാര്യങ്ങളിൽ തന്ത്രപരമായി പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ നിന്നും അദ്ദേഹം മാറേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ യഥാർത്ഥ ലീഡർ ആയി അദ്ദേഹത്തിന് മാറാൻ കഴിയുകയുള്ളൂ. അദ്ദേഹത്തിന് അതിനുള്ള കഴിവും സാധ്യതയും ഉണ്ട്. ഭാരത് ജോഡോ യാത്രയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ, ആർക്കും സമീപിക്കാവുന്ന, മറ്റുള്ളവരെ കേൾക്കാൻ സന്നദ്ധനായ, ഒപ്പം നടക്കാവുന്ന ഒരാളെ ഒക്കെ സാധാരണ മനുഷ്യർ അടുത്തറിഞ്ഞതാണ്.
മതേതരത്വത്തെ ഹിന്ദു വിരുദ്ധതയുമായി തുലനം ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്നതിൽ ബി.ജെ.പി വിജയിച്ചതായി കോൺഗ്രസ്സ് കരുതുന്നെന്ന വാദമുണ്ട്. അതിനാൽ, രാഹുൽ ഗാന്ധി ഹിന്ദു വേഷങ്ങൾ ധരിക്കാനും ക്ഷേത്രങ്ങൾ സന്ദർശിക്കാനും സ്വയം ശിവഭക്തനാണെന്ന് പ്രഖ്യാപിക്കാനും തുനിയുന്നു. കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ പാർട്ടികളും ഹിന്ദുത്വ വോട്ടുകൾക്കായി ബി.ജെ.പിയുമായി മത്സരിക്കണമെന്ന് വിശ്വസിച്ച് അവരുടെ ‘ഹൈന്ദവ യോഗ്യത’ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. മൃദു ഹിന്ദുത്വത്തിന് കടുത്ത ഹിന്ദുത്വത്തെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടുവെന്ന് താങ്കൾ കരുതുന്നുണ്ടോ?
ആദ്യം ഹിന്ദുത്വ എന്ന രാഷ്ട്രീയ അജണ്ട എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. അത് അടിസ്ഥാനപരമായി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരായ പ്രത്യയശാസ്ത്രമാണ്. അത് ന്യൂനപക്ഷങ്ങളെ അംഗീകരിക്കാതിരിക്കുന്നതും ഭൂരിപക്ഷ സമുദായത്തിന്റെ മേൽക്കോയ്മയെ വാഴ്ത്തുന്നതുമാണ്. അതിനു ഹിന്ദു ആചാരങ്ങളുമായോ, ക്ഷേത്ര സന്ദർശനങ്ങളുമായോ, വേഷവിധാനങ്ങളുമായോ ചില വിശ്വാസങ്ങൾ പിന്തുടരുന്നതുമായോ ബന്ധമില്ല. മൃദു ഹിന്ദുത്വയുടെ യഥാർത്ഥ പ്രയോക്താക്കളുടെ നല്ല ഉദാഹരണമാണ് ആം ആദ്മി പാർട്ടി. ഡൽഹിയിൽ 2021 ഫെബ്രുവരിയിൽ നടന്ന റിങ്കു ശർമ്മ എന്ന യുവാവിന്റെ കൊലപാതകത്തെ അവർ എങ്ങനെ ഉപയോഗിച്ചു എന്ന് നോക്കിയാൽ അത് മനസിലാകും. ‘ജയ് ശ്രീ രാം’ എന്ന മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് റിങ്കു ശർമ്മ കൊലചെയ്യപ്പെട്ടതെന്നാണ് ആം ആദ്മി പാർട്ടി പറഞ്ഞത്. ഇത് മുസ്ലീം സമുദായത്തിനെ ഉന്നം വച്ചുള്ളതാണ്. അങ്ങനെയൊരു സമീപനം രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസ്സിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നാണ് ഞാൻ കരുതുന്നത്. ഹിന്ദു വോട്ടുകളെ ആകർഷിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നു എന്നത് ശരിയാണ്. അത് കോൺഗ്രസ്സിനെ ഒരു രീതിയിലും സഹായിക്കാൻ പോകുന്നില്ല. അത് ശരിയായ നടപടിയുമല്ല. അത് കോൺഗ്രസ്സിന്റെ പ്രത്യശാസ്ത്രത്തിന് വിരുദ്ധമായ കാര്യവുമാണ്. അത്തരം അബദ്ധങ്ങൾ കോൺഗ്രസ്സ് കഴിഞ്ഞ കാലയളവിൽ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മുസ്ലീങ്ങളും ക്രിസ്ത്യാനികളും പീഡിപ്പിക്കപ്പെടുമ്പോൾ അവരോട് തുറന്ന ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കോൺഗ്രസ്സിന് പലപ്പോഴും കഴിയാത്തത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ പലപ്പോഴും കോൺഗ്രസ്സ് നിശബ്ദമാകുന്നത് അതുകൊണ്ടാണ്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചു എന്ന് പറയാൻ കഴിയില്ല. ഒരു വിഭാഗം ഹിന്ദു വോട്ടുകൾ ബി.ജെ.പിക്ക് ലഭിക്കുന്നത് ഹിന്ദു മതത്തിന്റെ പേരിലല്ല. മറിച്ചു ഞാൻ നേരത്തെ പറഞ്ഞ ഹിന്ദുത്വയുടെ പേരിലാണ് എന്ന് മറക്കരുത്.
കോൺഗ്രസിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, ഹിന്ദുമഹാസഭയെപ്പോലെയോ ബ്രഹ്മസമാജം പോലെയോ ആര്യസമാജം പോലെയോ ഉള്ള ഹൈന്ദവ സംഘടനകളുടെ സ്വാധീനത്താൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്ന എന്നാൽ അക്രമകാരികളല്ലാത്ത ഒരു വിഭാഗം ആളുകൾ അതിലുണ്ടായിരുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. നമ്മുടെ രാജ്യത്തെ ദലിതരെയും പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങളെയും പ്രതിനിധീകരിക്കാൻ കഴിയുന്ന, സവർണ്ണ ഹിന്ദു മൂല്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന ഒരു പ്രത്യയശാസ്ത്രം കണ്ടെത്താൻ കോൺഗ്രസ്സിന് കഴിഞ്ഞില്ലെന്ന് താങ്കൾ കരുതുന്നുണ്ടോ?
അതാണ് ഞാൻ നേരത്തെ പറഞ്ഞത്. കോൺഗ്രസ്സിന്റെ പഴയ കാല ചരിത്രത്തിൽ അത്തരം എപ്പിസോഡുകൾ കാണാൻ കഴിയും. പല കോൺഗ്രസ്സ് നേതാക്കൾക്കും ആ പോരായ്മ ഉണ്ടായിരുന്നു എന്നത് യാഥാർഥ്യമാണ്. വലതുപക്ഷ നേതാക്കൾ പല കാലത്തും കോൺഗ്രസ്സിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും ആർ.എസ്.എസിന്റെ രാഷ്ട്രീയത്തോട് കോൺഗ്രസ്സിനെ അടുപ്പിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ്സ് ആ തെറ്റ് തിരുത്തേണ്ടിയിരിക്കുന്നു. അത് ഒരു തന്ത്രപരമായ രീതിയിൽ ചെയ്‌താൽ പോരാ. ആത്മാർത്ഥമായി തെറ്റ് തിരുത്തുകയും ഇന്ത്യയിലെ പാർശ്വവത്കൃത ജനതയെ ശരിയായ രീതിയിൽ ഉൾക്കൊള്ളുന്ന രാഷ്ട്രീയം കോൺഗ്രസ്സ് പിന്തുടരുകയും ചെയ്യണം.
ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ നടന്ന കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, യുവജനങ്ങൾ എന്നിവർക്ക് അമ്പത് ശതമാനം സംവരണം ഉറപ്പാക്കുന്ന ഭേദഗതി കോൺഗ്രസ്സ് അംഗീകരിച്ചത് ആ രീതിയിലുള്ള തെറ്റ് തിരുത്തലിന്റെ ഭാഗമായി കാണാൻ കഴിയുമോ?
ഞാൻ അതിനെ അങ്ങനെയാണ് കാണുന്നത്. എന്നാൽ കോൺഗ്രസ്സ് ആ തെറ്റ് തിരുത്തൽ പ്രക്രിയയുടെ ഭാഗമായി പലപ്പോഴും പ്രതിസന്ധിയിലുമാവുന്നുണ്ട്. അത് തുറന്നു പറയേണ്ട ഭാഷ പോലും വശമില്ലാതായി പോകുന്നത് കാണാം. അത് അത്ര എളുപ്പത്തിൽ കോൺഗ്രസ്സിന് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഭൂരിപക്ഷ ദേശീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തോട് പൊരുതാൻ ഒരു പുതിയ രാഷ്ട്രീയ പ്രവർത്തനരീതി ആവശ്യമല്ലേ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അത്തരം ഒരു പരിവർത്തനത്തിനായുള്ള പോരാട്ടം കൂടിയാണല്ലോ. നിലവിലെ രാഷ്ട്രീയ പാർട്ടികൾ ഈ പോരാട്ടം ഏറ്റെടുക്കാൻ പ്രാപ്തരാണെന്ന് താങ്കൾ കരുതുന്നുണ്ടോ? കൂടാതെ പ്രതിപക്ഷ പാർട്ടികൾക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള പ്രതിബദ്ധതയുണ്ടെന്ന് കരുതാനാവുമോ?
ജനങ്ങളുമായി ചേർന്ന് താഴേക്കിടയിൽ പ്രവർത്തിക്കുമ്പോൾ മാത്രമേ പ്രതിപക്ഷ കക്ഷികൾക്ക് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധികളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ കഴിയുകയുള്ളൂ. അതിന് അവർ ധൈര്യവും ആത്മാർത്ഥതയും കാണിക്കേണ്ടിയിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലും ജനങ്ങളുമായി ചേർന്ന് അവർ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അത് നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അല്ലാതെ സമ്മേളനങ്ങളിലോ സ്വകാര്യ സംഭാഷണങ്ങളിലോ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതുകൊണ്ട് കാര്യമില്ല. ന്യൂനപക്ഷങ്ങളും ഇന്ത്യ എന്ന രാജ്യവും നേരിടുന്ന നാനാവിധമായ പ്രതിസന്ധികൾ രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളുമായി നേരിട്ട് സംസാരിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ പ്രതിപക്ഷ ധർമ്മം അവർക്കു നിറവേറ്റാൻ കഴിയുകയുള്ളൂ.
2019 തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്ന പ്രതിപക്ഷ പാർട്ടികൾ ഒന്നായി അണിനിരക്കുന്ന ഒരു സാധ്യതയെ താങ്കൾ എങ്ങനെയാണ് കാണുന്നത്? കേരളത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ഇടതുപക്ഷവും കോൺഗ്രസ്സും ഒന്നിച്ചു നിൽക്കാനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്. അതുപോലെ എതിർ കക്ഷിയുമായുള്ള തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് സംസ്ഥാനതലത്തിൽ അവരുടെ രാഷ്ട്രീയ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാക്കുന്നത് എന്നത് ഒരു യാഥാർഥ്യമാണല്ലോ. എൻ.ഡി.എ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് ബി.ജെ.പിക്കെതിരെ ഒരുമിച്ച് കൈകോർക്കാൻ കഴിയാത്ത സ്ഥിതിയെ എങ്ങനെ മറികടക്കാൻ കഴിയും?
ഇത് എളുപ്പത്തിൽ ഉത്തരം നൽകാൻ കഴിയുന്ന ചോദ്യമല്ല. ഓരോ സംസ്ഥാനത്തും പല രാഷ്‌ടീയ പാർട്ടികളുടെ കൂട്ടുകെട്ടിന് എങ്ങനെ വിജയകരമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്ന കാര്യം എനിക്ക് അറിയില്ല. ഇടതുപക്ഷം രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി പ്രവർത്തിച്ചാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എങ്ങനെ അവർ കേരളത്തിൽ പ്രവർത്തിക്കും എന്നത് ഒരു പ്രതിസന്ധി തന്നെയാണ്. ഈ പ്രശ്നത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണ് നേരിടാൻ പോകുന്നതെന്ന് എനിക്കറിയില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്. വലിയ ഒരു ലക്ഷ്യത്തിനുവേണ്ടി പാർട്ടികൾ തങ്ങളുടെ സങ്കുചിത മനോഭാവങ്ങൾ ഉപേക്ഷിക്കേണ്ടി വരും. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരാണെന്നും ഈ സ്ഥിതി തുടർന്നാൽ ഇന്ത്യ എന്ന രാജ്യം അവശേഷിക്കില്ല എന്നുമുള്ള യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അത് വളരെ ശ്രദ്ധിച്ചു ചെയ്യുകയും വേണം. വോട്ടർമാരുടെ മനഃശാസ്ത്രം അറിഞ്ഞു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ആഴത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ശുശ്രൂഷിക്കുമ്പോൾ കാണിക്കേണ്ട ശ്രദ്ധയും ജാഗ്രതയും ഇവിടെയും കാണിക്കേണ്ടിയിരിക്കുന്നു. മുറിവേറ്റ ഇന്ത്യയിലെ ജനങ്ങളോട് ഏതു ഭാഷയിൽ, എങ്ങനെ സംസാരിക്കും എന്നത് ഏറെ കുഴക്കുന്ന കാര്യമാണ്. രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കുമത്. പല രാഷ്ട്രീയ പാർട്ടി നേതാക്കളുമായി സംസാരിക്കുമ്പോൾ പലരും നിസ്സഹായരും ആശയക്കുഴപ്പമുള്ളവരും ആണെന്നാണ് എനിക്ക് മനസിലായത്.
നരേന്ദ്ര മോദിയെ മറ്റു രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒരു കാര്യം അദ്ദേഹത്തിന് തെരെഞ്ഞെടുപ്പ് വിജയത്തിൽ കുറഞ്ഞ ഒന്നും തന്നെ അജണ്ടയിൽ ഇല്ല എന്നുള്ളതാണ്. പരാജയം ഏറ്റുവാങ്ങി പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന ഒരു സാഹചര്യം ഉണ്ടായാൽ അതിനോട് എങ്ങനെ മോദി-അമിത്ഷാ കൂട്ട്കെട്ട് പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല. ഈ പശ്ചാത്തലത്തിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് താങ്കൾ നോക്കികാണുന്നത്?
ഇന്ത്യാ രാജ്യം കണ്ട വളരെ വ്യത്യസ്ത രാഷ്ട്രീയ നേതൃത്വമാണ് മോദിയുടേത്. അധികാരം നഷ്ടപ്പെടുന്നത് സങ്കൽപ്പിക്കാൻ കഴിയുന്ന സാധാരണ രാഷ്ട്രീയക്കാരൻ അല്ല അദ്ദേഹം എന്നത് ശരിയാണ്. ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമാണെന്ന സാമാന്യ തത്വം അംഗീകരിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നത് നമ്മുടെ രാജ്യം നേരിടുന്ന വലിയ അപകടം തന്നെയാണ്. പ്രതിപക്ഷ പാർട്ടികൾക്കും പ്രസക്തിയുണ്ടെന്ന എന്ന തത്വം തന്നെ അംഗീകരിക്കാത്തവർ ആണല്ലോ അവർ. അതുകൊണ്ട് ഏത് കുറുക്കുവഴി ഉപയോഗിച്ചും അധികാരം നിലനിർത്താൻ അവർ ശ്രമിക്കുമെന്നുറപ്പാണ്. അതാണ് പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എതിരാളികളെ ബഹുമാനിക്കാത്ത യുദ്ധമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല അതിനുള്ള പിന്തുണ നൽകാൻ ഭരണഘടനാ സ്ഥാപനങ്ങളും ഉണ്ട് എന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. ഇലക്ഷൻ കമ്മിഷൻ പോലും ഇപ്പോൾ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത്. ഏക്നാഥ് ഷിൻഡെ പക്ഷത്തെ യാഥാർത്ഥ ശിവസേനയായി പ്രഖ്യാപിച്ചത് നമ്മൾ കണ്ടതല്ലേ. സർക്കാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ കോടതികൾ അവഗണിക്കുന്നതും നമ്മൾ കാണുന്നു. ഏതൊരു ജനാധിപത്യ വിശ്വാസിയെയും പോലെ ഞാനും ആശങ്കാകുലനാണ്.
ദേശീയത തങ്ങളുടെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന സംഘപരിവാർ രാഷ്ട്രീയം നിർബാധം തുടരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്‌ക്കെതിരായ യുദ്ധമെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിനെ പോലും അവർ വിശേഷിപ്പിച്ചത്. ഓരോ സന്നിഗ്‌ധ ഘട്ടത്തിലും സംഘപരിവാർ പ്രയോഗിക്കുന്ന ദേശീയത എന്ന ആയുധത്തെ ചെറുക്കുക എന്നത് കഠിനമായ ദൗത്യമല്ലേ?
അതുകൊണ്ടാണ് ദേശീയതയെ ഒരു ‘ശാപം’ എന്നും ‘രോഗം’ എന്നും പലരും വിശേഷിപ്പിക്കുന്നത്. ഒരു ഭൂരിപക്ഷം ജനതയെ ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ അത് ചികിത്സിച്ചു മാറ്റുക എളുപ്പമല്ല. മാത്രവുമല്ല പ്രതിപക്ഷത്തെ അതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്താൻ വളരെ എളുപ്പമാണുതാനും. സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ഇതിനെ നേരിടാനും കഴിയില്ല. അത്രവേഗം ഒഴിഞ്ഞുപോകുന്ന ബാധയല്ല അത്. പല രാഷ്ട്രീയ പാർട്ടികളും അതിനെ നേരിടാൻ ആവാതെ കുഴങ്ങുന്നത് നമ്മൾ കാണുന്നതല്ലേ? ബി.ജെ.പിയും ആർ.എസ്.എസ്സും തങ്ങളുടെ അണികളെ ബോധ്യപ്പെടുത്തിയിരിക്കുന്നത് ദേശീയതയ്ക്കുവേണ്ടി, മുഗളന്മാരോട് തുടങ്ങിയ യുദ്ധം നൂറു വർഷമായി അവർ തുടരുകയാണ് എന്നാണ്. അതുകൊണ്ടുതന്നെ സർക്കാരിനെ വിമർശിക്കുന്നവരെയൊക്കെ ദേശവിരുദ്ധനായി ചിത്രീകരിക്കാൻ അവർക്ക് എളുപ്പത്തിൽ കഴിയുന്നു. മാത്രവുമല്ല ഈ യുദ്ധത്തിൽ അവർ നീതിയുടെ ഒരു മാനദണ്ഡവും ഉപയോഗിക്കുന്നില്ല എന്നും കാണാനാകും. അതുകൊണ്ട് കളവുകൾ പടച്ചുണ്ടാക്കാനും സത്യം മറച്ചു പിടിക്കാനും അനീതികൾ പ്രവർത്തിക്കാനും അവർക്കു നിഷ്പ്രയാസം കഴിയുന്നു. അതൊന്നും ഒരുവിഭാഗം ജനങ്ങൾ പരിഗണിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. അവർക്കു വേണ്ടത് വിജയം മാത്രമാണ്.
ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനു ശേഷം അദാനി സംരംഭങ്ങളുടെ ഓഹരി വിപണി ഇടിയുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും എന്ന് കരുതുന്നുണ്ടോ? മോദിയുടെ വലിയ സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ അദാനിയുടെ തകർച്ച അടുത്ത തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേ?
എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് ജനങ്ങൾ അറിയാത്ത കാലത്തോളം എന്ത് സംഭവിച്ചാലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കാൻ പോകുന്നില്ല. മാധ്യമങ്ങൾ അത്തരം വാർത്തകൾ ഒന്നും ജനങ്ങളിലേക്കെത്തിക്കുന്നില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ. അപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് യാഥാർത്ഥ്യം ജനങ്ങളിലേക്കെത്തിക്കാൻ പുതിയ വഴികൾ തേടേണ്ടിവരും. ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ പ്രാദേശിക ഭാഷകളിൽ പ്രചരിപ്പിക്കുന്നതൊക്കെ അവർ ആലോചിക്കേണ്ടിയിരിക്കുന്നു. ഞാൻ പറഞ്ഞുവരുന്നത് പ്രതിപക്ഷ പാർട്ടികൾ പുതിയ രീതിയിൽ വെല്ലുവിളികളെ ഏറ്റെടുത്തു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നാണ്. ആശയ പ്രചാരണത്തിന് സാമൂഹ്യ മാധ്യമങ്ങൾ മാത്രം മതിയാവില്ല.
2020-ലെ ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക കേസിലെ പ്രതികളായ മൂന്ന് പേരെ ഉത്തർപ്രദേശിലെ കോടതി വെറുതെവിട്ടു. എന്നാൽ അത് റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന് ജാമ്യം കിട്ടാൻ ഏറെ കടമ്പകൾ കടക്കേണ്ടി വന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലിയ ദുരന്തമല്ലെ അത്?
ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക കേസിലെ പ്രതികളായ മൂന്ന് പേരെ വെറുതെവിട്ട കാര്യത്തിൽ ഞാൻ കോടതിയെയോ ആ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിനെയോ കുറ്റപ്പെടുത്തുന്നില്ല. വിചാരണ വേളയിൽ ആവശ്യത്തിനുള്ള തെളിവുകളും സാക്ഷികളും ഉറപ്പാക്കി കേസ് ശക്തമായി നടത്തേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമാണ്. തെളിവുകൾ ഇല്ലാതെ, സാക്ഷികൾ ഇല്ലാതെ പോലീസ് കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയാൽ പിന്നെ ജഡ്ജിന് കാര്യമായി ഒന്നും ചെയ്യാനില്ല. അന്വേഷണ സമയത്തുതന്നെ തോൽക്കാൻ വേണ്ടി ദുർബലപ്പെടുത്തിയ കേസ് ആയിരുന്നു അത്. ദലിതർക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും നടക്കുന്ന മിക്കവാറും അതിക്രമങ്ങളുടെ അവസ്ഥ ഇതാണ്. ഫോറൻസിക് റിപ്പോർട്ട് വരെ വ്യാജമായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ബന്ധുക്കൾക്കുപോലും വിട്ടുകൊടുക്കാതെ അല്ലെ ധൃതിപിടിച്ച് ഉത്തർ പ്രദേശ് പോലീസ് ജഡം മറവു ചെയ്തത്. സർക്കാരും പോലീസും ഒക്കെ ആ ഇരയായ പെൺകുട്ടിക്കെതിരായിരുന്നല്ലോ. ആ കുട്ടിയുടെ സ്വഭാവഹത്യ നടത്തുകയല്ലേ അവർ ചെയ്തത്? ഉന്നത ജാതിക്കാർ ബലാത്സംഗം നിഷേധിക്കുകയല്ലേ ഉണ്ടായത്? പിന്നെ അന്വേഷണം നടത്തേണ്ടത് പൊലീസ് അല്ലാതെയുള്ള സ്വതന്ത്ര അന്വേഷണ ഏജസി ആണ്. അങ്ങനെ ഒന്ന് ഇന്ത്യയിൽ ഇപ്പോൾ ഇല്ലല്ലോ. എൻ.ഐ.എ ആയാലും സി.ബി.ഐ ആയാലും മറിച്ചൊരു റിപ്പോർട്ട് നൽകാൻ സാധ്യതയില്ല. ഹത്രാസ് കേസിൽ നീതി നടപ്പാവില്ല എന്ന് തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. സിദ്ധിഖ് കാപ്പനെപ്പോലെ സത്യം റിപ്പോർട്ട് ചെയ്യാൻ തുനിഞ്ഞവരെ അറസ്റ്റ് ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ആയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ലോകം അറിയരുതെന്ന് യു.പി സർക്കാർ തീരുമാനിച്ചിരുന്നു. സിദ്ധിഖ് കാപ്പൻ കേരളത്തിൽ നിന്നുള്ള ആളാണെന്നതും അയാൾ ഒരു മുസ്ലീം ആണെന്നുള്ളതും മറ്റൊരു കാരണം ആണ്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ അപകടം പിടിച്ച സ്ഥലങ്ങൾ ആണെന്നാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കളെ സംഘപരിവാർ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സർക്കാരിന്റെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാനമന്ത്രിയുടെ ‘കഠിനാധ്വാനി’, ‘നിസ്വാർത്ഥൻ’, ‘വലിയ ദേശീയ ലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്നയാൾ’ എന്നിങ്ങനെയുള്ള പ്രതിച്ഛായയാണ് ഉപയോഗിക്കുന്നത്. 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഒരു വ്യക്തിപ്രഭാവമുള്ള നേതൃത്വം ആവശ്യമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ആദ്യം എന്താണ് വ്യക്തിപ്രഭാവത്തിന് അടിസ്ഥാനം എന്ന് തീരുമാനിക്കേണ്ടി വരും. എന്താണ് നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിനാധാരം ? അത് മുസ്ലീങ്ങളെ ശിക്ഷിക്കാൻ കഴിയുന്ന ഒരു ഭരണകർത്താവെന്ന ഒരു വിഭാഗം ജനങ്ങളുടെ അംഗീകാരം ആണോ? ദേശത്തിന്റെ പൊതു സമ്പത്ത് യാതൊരു കൈയ്യുംകണക്കുമില്ലാതെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള മിടുക്കാണോ? പ്രകൃതി വിഭവങ്ങൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ കമ്പനികൾക്ക് കയ്യേറാനുള്ള അനുമതി നൽകുന്നതിനുള്ള ഇച്ഛാശക്തിയാണോ? ഇത്തരം കാര്യങ്ങൾ ചെയ്യാൻ യാതൊരു ലജ്ജയോ മനഃസാക്ഷിയോ ഇല്ലാത്തതിനെയാണോ നാം വ്യക്തിപ്രഭാവമായി കാണേണ്ടത്? അങ്ങനെയെങ്കിൽ അത് ഒരു തെരുവ് ഗുണ്ടയ്ക്കും ദാദയ്ക്കും ചേർന്ന കാര്യങ്ങളാണ്. ഈ ഗുണങ്ങളോടാണോ പ്രതിപക്ഷ പാർട്ടികൾ മത്സരിക്കേണ്ടത് എന്നത് പ്രധാനമാണ്. രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും അഗ്രെസ്സിവ് അല്ല എന്ന് പൊതുവെ പരാതിപറയാറുണ്ട്. അങ്ങനെ അഗ്രസ്സീവ് ആകുന്നത് ജനാധിപത്യത്തിന് അഭികാമ്യമാണെന്നു ഞാൻ കരുതുന്നില്ല. എങ്ങനെ പുരോഗമനാത്മകമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കാൻ കൂട്ടായി എന്ത് ചെയ്യാൻ കഴിയും എന്നാണ് ഇപ്പോൾ ആലോചിക്കേണ്ടത്. എങ്ങനെ പരമാവധി യാഥാർത്ഥ്യങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാൻ കഴിയുമെന്നും. പരമാവധി കുപ്രചരണങ്ങളും നുണങ്ങളും അവരിലേക്കെത്താതിരിക്കാനും കഴിയണം. ജനാധിപത്യം എന്നത് വിരുദ്ധ ചേരിയിൽ നിൽക്കുന്ന രണ്ട് രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള വാക്പോരല്ല എന്ന് നമ്മൾ മറക്കരുത്. അത് പല സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സർവ്വകലാശാലകളും മാധ്യമങ്ങളും ജനങ്ങളും ഒക്കെ ചേർന്ന് സൃഷ്ടിക്കുന്ന ഒന്നാണ്. ഇന്ത്യ എന്ന ആശയം അഭൂതപൂർവമായ വെല്ലുവിളി നേരിടുന്നു. ജനാധിപത്യത്തെ പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടേതു മാത്രമല്ല. ഓരോ പൗരരുടെയും കൂടിണത്.
ഈ സാഹചര്യത്തിൽ ശുഭപ്രതീക്ഷയ്ക്ക് വക നൽകുന്ന എന്തെങ്കിലും താങ്കൾ കാണുന്നുണ്ടോ?
എന്റെ മുന്നിൽ അനിശ്ചിതത്വം തളംകെട്ടിക്കിടക്കുന്നു എന്ന് പറയാനേ എനിക്ക് കഴിയുള്ളൂ. ഒരു വ്യക്തി, അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അങ്ങനെയാണ് എന്റെ അവസ്ഥ. ഹിന്ദി സാഹിത്യം ആണ് എന്റെ മേഖല. ഭാഷയാണ് എന്റെ മാധ്യമം. എന്റെ സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഭാഷയുടെ സാധ്യതകൾ നഷ്ടമാകുമ്പോൾ ഞാൻ നിരാശനാണ്. അറിവിന്റെയും നീതിയുടെയും ഭാഷ എന്റെ ചുറ്റും ഇല്ലാതാകുന്നത് എന്നെ ഏറെ ആകുലപ്പെടുത്തുന്നു. 2024 ന് ശേഷവും നമ്മുടെ സർക്കാർ ഇതുപോലെ തുടരുകയാണെങ്കിൽ നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാൻ നമുക്ക് ഏറെ നാളുകൾ പണിപ്പെടേണ്ടിവരും എന്ന് ഞാൻ ഭയക്കുന്നു. എന്താണ് നമുക്ക് മുന്നിലുള്ള വഴി എന്ന് എനിക്കറിയില്ല. എല്ലാ സ്ഥലങ്ങളിലും പൗരർ അവരുടെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുന്നതാണ് ഞാൻ കാണുന്നത്. അധ്യാപകർക്കും, ഉദ്യോഗസ്ഥർക്കും മറ്റ് മനുഷ്യർക്കും ഒക്കെ പ്രതിരോധ നിരയുയർത്തിക്കൊണ്ട് ജനാധിപത്യത്തിനു സംഭവിക്കുന്ന അപഭ്രംശത്തിനു തടയിടാൻ ശ്രമിക്കാമായിരുന്നു. എന്നാൽ പലരും നീതിയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ തങ്ങളുടെ നിർണ്ണായക പങ്കുവഹിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്. ഇങ്ങനെ ഒരുക്കുന്ന സുരക്ഷിതത്വം വ്യാജമാണെന്ന് അവർ എന്നാണ് തിരിച്ചറിയുക? ഈ അനിശ്ചിതത്വങ്ങൾക്കിടയിലും വെറുതെ ഇരിക്കൽ അല്ല നമ്മുടെ ദൗത്യം എന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ട്. നമ്മൾ എല്ലാവരും ജനാധിപത്യത്തിനും നീതിക്കും മതേതരത്വത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യേണ്ട കാലമാണിത്. 2024 ലെ ജനാധിപത്യത്തിനും നീതിക്കും വേണ്ടിയുള്ള യുദ്ധം നമുക്ക് ജയിച്ചേ മതിയാവൂ.