2010-ൽ എൻഡോസൾഫാൻ ആഗോള നിരോധനത്തിന് വേണ്ടി സ്റ്റോക്ക്‌ഹോം കൺവെൻഷൻ നടക്കുമ്പോൾ കാസർഗോഡ് ഉയർത്തിയ ഒപ്പുമരം ക്യാമ്പയിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച “ഒപ്പുമരം – എൻവിസാജ് രേഖകൾ” എന്ന പുസ്തകത്തിൽ കാസറഗോട്ടെ രോഗികളെ നേരിൽ കണ്ടും വരച്ചും എഴുതിയും ഒരു പരിഛേദം നല്കാൻ ഞങ്ങൾ കാസറഗോട്ടെ പ്രശസ്തരായ എട്ടു ചിത്രകാരന്മാരോട് ആവശ്യപ്പെട്ടു. കെ.എ ഗഫൂർ, ജ്യോതിചന്ദ്രൻ എം.ബി സുകുമാരൻ, രാജേന്ദ്രൻ പുല്ലൂർ, സചീന്ദ്രൻ കാറടുക്ക, വിനോദ് അമ്പലത്തറ, മോഹനചന്ദ്രൻ പനയാൽ എന്നീ ചിത്രകാരന്മാർ ക്കൊപ്പം ബിജു കാഞ്ഞങ്ങാടും ആ ദൗത്യം ഏറെറടുത്തു.
“അവരും ജീവിക്കുന്നു” എന്ന തലക്കെട്ടിൽ ഒപ്പുമരം പുസ്തകത്തിൽ ഈ ചിത്രങ്ങളും എഴുത്തും 2012-ൽ പ്രസിദ്ധീകൃതമായി. ചിത്രകാരന്മാര്‍ തന്നെ വ്യത്യസ്ത ഗ്രാമങ്ങളിലെ തെരഞ്ഞെടുത്ത രോഗികളെ നേരിട്ട് പോയി കണ്ട ശേഷം തയ്യാറാക്കിയതാണ് ഇവ. ബിജു കാഞ്ഞങ്ങാടിനോട് ആവശ്യപ്പെട്ടപ്പോൾ തന്‍റെ പരിസരത്തെ ചിത്താരിപ്പുഴക്കരയിലെ ശ്വേത എന്ന പെൺകുട്ടിയെ ചെന്നു കണ്ടു വരക്കാമെന്ന് താല്പര്യത്തോടെ പറഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളിൽ 3 പേജുള്ള കുറിപ്പും 3 ചിത്രങ്ങളും എഡിറ്റോറിയൽ ബോർഡിനു ലഭിച്ചു. അനലംകൃതമായ കവിത പോലെയുള്ള വാക്യങ്ങളാണ് കുറിപ്പിൽ നിറയെ.
‘കാരുണ്യപൂർണമായ കാല്പാടുകൾ, അകന്നുപോവുകയാണ് വഴികൾ. ദൈവത്തിന്‍റെ ചൂണ്ടുവിരൽ എന്‍റെ ഇളം കയ്യിലുണ്ടല്ലോ കൂട്ടിനായ് ‘.. ‘ഒന്നും കാണാനുറപ്പില്ലാത്ത മനസ്സുകൾക്ക് ഇങ്ങനെയല്ലാതെ മറ്റെന്താണ് തോന്നുക’ എന്ന് മുമ്പ് കണ്ട ഒരു രോഗിയെപ്പറ്റിയുണ്ടായ വെപ്രാളവും വേവലാതിയും ഈ കുറിപ്പിൽ മുൻകൂട്ടി പറയുന്നുണ്ട് ബിജു. അതിൽ നിന്ന് കവിക്ക് ഇരകളോട് തോന്നിയ സഹാനുഭൂതി മനസ്സിലാകുന്നു. അത് കവിയുടെ തന്നെ ഹൃദയമാണ്.
ശ്വേതയുടെ രോഗാതുരവും ദുരിത ബാധിതവുമായ ജീവിതം കണ്ടെഴുതി അവസാനിപ്പി ക്കുമ്പോൾ “എത്രയെത്ര ഇരുണ്ടാലും ജീവിതം ഒരു നിലാവിന് കണ്ണോർക്കുന്നുണ്ട് – കൂടുതൽ പ്രകാശമാർന്ന് അതെന്നുള്ളിൽ നിറയുന്നുണ്ടല്ലോ” എന്ന പ്രകാശമാനമായ ആരംഭം നമുക്ക് തരുന്നു. കൂടെ ഈ വാക്യവും: “എല്ലാ പൂക്കൾക്കും പേരു വേണമെന്നില്ല. സുഗന്ധത്തിന്‍റെ പേര് മാഞ്ഞ് എന്‍റെ ഭാഷ,” എന്ന് അവസാനിപ്പിക്കുമ്പോൾ ബിജു നല്കുന്ന ഹിതകരമായ പ്രത്യാശ ബിജു നമുക്കിടയിൽ നിന്ന് മറയുമ്പോഴും പ്രകാശം പരത്തി റിയോ സമ്മേളനത്തിന്‍റെ അന്താരാഷ്ട്രക്കരാറനുസരിച്ച് നമുക്കിടയിലേക്ക് വന്നിരിക്കുന്നു.
2022 ലെ സുപ്രീം കോടതി വിധിയനുസരിച്ച് (CERV കളക്റ്റീവ് ഫയൽ ചെയ്ത കേസ് ) ഓരോ രോഗിക്കും 5 ലക്ഷം രൂപ താല്ക്കാലിക നഷ്ടപരിഹാരം എന്ന നിലാവാണ് ഇവിടെ 6500 രോഗികൾക്കായി ഉദിച്ചുയർന്നത്. ശ്വേതയെപ്പോലെ തന്നെ മറ്റു ചിത്രകാരന്മാർ വരച്ച രോഗികൾക്കും ഈ നിലാവിന്‍റെ രേണുക്കൾ കിട്ടിയിരിക്കുന്നു. ഈ കാവ്യനീതി ബിജുവിന്‍റെ ചിത്രങ്ങളും കവിതയും ഒന്നു തന്നെ എന്ന് നമ്മോട് പറയുന്നു.
സദാചാരമേ, കുറ്റബോധത്തിന്‍റെ പാഠപുസ്തകത്തിൽ നിന്നും എന്നെ പുറത്താക്കണമേ… എന്ന കവിയുടെ പ്രാര്‍ഥനയിൽ (ആമീൻ) കൂടി പ്രത്യക്ഷപ്പെടുമ്പോൾ ഈ പാരഡോക്സ് നമ്മുടെ സദാചാരക്കവികളുടെ ഉള്ളിൽ നിന്നും കുറ്റബോധത്തിന്‍റെ പാഠപുസ്തകം വലിച്ചെറിയാൻ പ്രേരിപ്പിക്കുമെന്ന് തീർച്ചയാണ്. കവിതയുടെ പ്രയോജകമൂല്യത്തെ പറ്റി ഒരിക്കലും ബിജു വേവലാതിപ്പെട്ടിട്ടില്ല. ഭ്രാന്ത് എന്ന കവിതയിൽ “എന്‍റെ പ്രണയത്തിൽ നിന്നെയെന്തിനാണ് മറവു ചെയ്യുന്നത്” എന്ന് ഫിലോസഫറാകുന്നു കവി. നിന്‍റെ പ്രകൃതിയിലേക്ക് ഞാനപ്രത്യക്ഷനാവുന്നു എന്ന് മറ്റൊരു കവിതയിലും പ്രകൃതി തന്നെയാണ് ഞാനെന്ന ദിവ്യ പ്രതീതിയിൽ നമ്മെ ലയിപ്പിക്കുന്നത്.
കവിത തനിക്ക് തികയാതെ വരുമ്പോഴാണ് കവി ചിത്രപ്രതലം തേടിപ്പോയത്. ചിത്രത്തിലേക്കുള്ള ഈ പരകായപ്രവേശം കവിതയിലെ ബിംബങ്ങൾക്ക് പാകമായ വാക്കിന്‍റെ അഭാവം തന്നെ. എന്നാൽ ചൊൽക്കാഴ്ച കൊണ്ട് ഞെട്ടിക്കേണ്ടതല്ല എന്നൊരു തത്ത്വജ്ഞാനം തന്നെ ബിജുവിന്‍റേത്. നിലവിലുള്ള കവികളുടെ നടപ്പു ശൈലിക ളൊന്നും അദ്ദേഹത്തെ തൊടുന്നില്ല. വാക്കുകൾ വിശുദ്ധങ്ങളാണെന്ന ധ്വന്യാത്മകമായ ഒരു വിശ്വാസം മിക്ക കവിതകളുടെയും അന്തസ്ഥലിയിലുണ്ട്. തന്‍റെ അനുഭവങ്ങളെ ല്ലാം ചിത്രമായിപ്പോകുന്നു എന്ന് തിരിച്ചറിഞ്ഞ കവിക്കു വാക്കിനെ ത്യജിക്കാൻ കുറ്റ ബോധത്തിന്‍റെ പാഠപുസ്തകം വലിച്ചെറിയേണ്ടിവരുന്നു. ഇതിനു പകരംവെക്കാനാണ് കുളത്തിൽ പച്ചയിൽ തൊടുമ്പോഴൊക്കെ അകന്നുപോയി; എന്നാലെന്താ തിരിച്ചു വന്നില്ലേ… അതിനേക്കാൾ വേഗത്തിൽ കൈയെടുത്തപ്പോഴൊക്കെ എന്ന് വാക്കിന്‍റെ ബിംബങ്ങളിലും വചനംകൊണ്ട് ജയിക്കുന്നുണ്ട്. മൗനത്തിന്‍റെ അനലംകൃതമായ ഒരു സംഗീതം ബിജുവിന്‍റെ കവിതകളിൽ നിന്ന് നമുക്ക് കേൾക്കാം. ആ ചിത്രകാവ്യ പ്രതലങ്ങളിൽ നിന്നും അതു തന്നെ കേൾക്കാം.
ധ്യാനനിരതമായ ഒരാത്മാവിന്‍റെ ഏകാന്തഭരിതമായ അഗാധപ്രതലത്തിൽ ചിത്രത്തെയും കാവ്യത്തെയും സമന്വയിപ്പിച്ച ഇംപ്രഷണിസ്റ്റ് വ്യാഖ്യാനങ്ങളാണ് ബിജു കാഞ്ഞങ്ങാടിന്‍റെ കവിതയും ചിത്രങ്ങളും. ആറ്റിക്കുറുക്കിയതാണ് ആ ഏകാന്ത പ്രതലങ്ങൾ.
കവികളുടെ ശബ്ദായമാനതയിൽ വിശ്വസിക്കാത്ത ഏറ്റവും വടക്കുള്ള ഒരു കവിയുടെ ആത്മസ്പന്ദനങ്ങളായ കാവ്യചിത്രങ്ങളെ തിരിച്ചറിയാൻ ബുദ്ധനെയും വാൻഗോഗിനെയും ഒരുപോലെ സ്നേഹിച്ച കവിയുടെ അന്തർമുഖജീവിതം അറിഞ്ഞാൽ മതി. ഏതു പൂവിലാണ് പ്രണയമുള്ളതെന്ന് ചോദിക്കരുത്, വീണുപോയിട്ടും കാത്തിരിക്കുകയാണെന്ന് കേൾക്കുന്നില്ലേ. (ചെമ്പകച്ചോട്ടിൽ) ഈ ന്യൂനോക്തികളിൽ വാക്കും ചിത്രവും ഒരൊറ്റ ഇഴയായി നമ്മെ കേൾപ്പിക്കുന്നില്ലേ വീണപൂവിന്‍റെയും നവജന്മങ്ങൾ?