അട്ടപ്പാടി: സംസ്ക്കാരത്തിന്റെ ആരോഗ്യം

ദിവാസിയുടെ ഭക്ഷ്യ സ്വയംപര്യാപ്തതയെ ഇല്ലാതാക്കി അവരെ കേവലം ഗുണഭോക്താക്കളാക്കി ചുരുക്കുന്ന സർക്കാരിൻ്റെ പദ്ധതികളെ കുറിച്ചുള്ള എ കെ ഷിബുരാജിൻ്റെ വീഡിയോ സ്റ്റോറി ഈ പദ്ധതികളിലൊന്നും പരിഗണിക്കാതെ പോകുന്ന അട്ടപ്പാടിയുടെ പോഷക സമൃദ്ധിയെ പരിചയപ്പെടുത്തുന്നു. തുറന്നു പ്രവർത്തിക്കാത്ത ചീരക്കടവിലെ ആശുപത്രിയും ഒരറ്റ അധ്യാപകനുമില്ലാത്ത പാലൂരിലെ പ്രൈമറി സ്കൂളും ഒക്കെയുള്ള അട്ടപ്പാടിയിൽ കാൽ നൂറ്റാണ്ടു മുമ്പെ നടന്ന ഒരു ആരോഗ്യ സർവേയുടെ ഭാഗമാകാൻ കഴിഞ്ഞ ഓർമകളിലേക്ക് എന്നെ പിൻനടത്തി ഈ ദൃശ്യ ലേഖനം. ഇന്നത്തെ അഹാഡ്സ് പദ്ധതി നിലവിൽ വരും മുമ്പെ, പി.എൻ ഉണ്ണികൃഷ്ണൻ ഐ.എഫ് .എസിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് തുടക്കം കുറിച്ച മല്ലീശര പ്രൊജക്റ്റിന് മുന്നോടിയായി നടന്ന അട്ടപ്പാടി ആരോഗ്യത്തിൻ്റെ സംസ്ക്കാരവും സംസ്ക്കാരത്തിൻ്റെ ആരോഗ്യവും എന്ന പഠനത്തിൻ്റെ -ആരോഗ്യ സർവേയുടെ ഭാഗമാകാൻ അന്ന് കഴിഞ്ഞിരുന്നു. ആയുർവേദ അഭ്യുദയകാംക്ഷികൾ ചേർന്ന് തൃശൂരിൽ ആർ.എം മനക്കലാത്തിൻ്റെ വീട്ടിൽ ആയുർവേദ വികാസ കേന്ദ്രം എന്ന പേരിൽ ഒത്തുചേർന്ന് പ്രവർത്തിച്ചിരുന്നു അക്കാലത്ത്. കോയമ്പത്തൂരിൽ നിന്നും ആയുർവേദ പഠനം കഴിഞ്ഞ ഡോ.വിജയൻ, വിനോദ് , മനക്കലാത്തിൻ്റെ പുത്രനും അന്ന് ആയുർവേദ വിദ്യാർത്ഥിയുമായിരുന്ന രാംമനോഹർ തുടങ്ങി നേരായ വൈദ്യത്തെപ്പറ്റിയുള്ള സങ്കല്പങ്ങൾ മനസ്സിൽ പേറുന്ന ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു അതിനു മുമ്പിൽ. ഔഷധ സസ്യ പഠനം ഒരു ഭ്രാന്തമായ താത്പര്യമായിക്കഴിഞ്ഞ ആ കാലത്ത് വൈദ്യനല്ലാതിരുന്നിട്ടും ഞാനുമാക്കൂട്ടായ്മയുടെ ഭാഗമായി. ആയുർവേദ വികാസ കേന്ദ്രം മല്ലീശരപ്രൊജക്ടിനായി അട്ടപ്പാടിയിലെ 14 ഊരുകൾ കേന്ദ്രീകരിച്ചു 107 വീടുകളിൽ 512 ആളുകളിൽ നടത്തിയ പഠനത്തിൽ 267 പേർ അതായത് പകുതിയിലേറെയും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന കണ്ടെത്തൽ നടുക്കം സൃഷ്ടിച്ചു. പ്രകൃതിയോടൊത്തിണങ്ങി ജീവിക്കുന്ന ആരോഗ്യമുള്ള മനുഷ്യർ എന്ന് അട്ടപ്പാടിയുടെ തദ്ദേശീയരെ ചൊല്ലി വിളിക്കാനാകില്ലെന്നു ബോധ്യപ്പെടുത്തി അന്നത്തെയാ പoനം. വികസനം അടിവേരു നഷ്ടപ്പെടുത്തിയവരുടെ അനിവാര്യമായ അവസ്ഥയിലായിരുന്നു അന്നു തന്നെ അവർ. അതേ സമയം 467 ഔഷധസസ്യങ്ങൾ ഗോത്ര ജനത ആരോഗ്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നതായി പഠനത്തിൽ കണ്ടു. കാൽ നൂറ്റാണ്ടു മുമ്പ് തന്നെ അട്ടപ്പാടിയുടെ മരുവത്കരണം ഏതാണ്ട് പൂർണ്ണമായിക്കഴിഞ്ഞിരുന്നു എന്നതോടൊപ്പം പ്രകൃതിയാൽ നിർധാരണം ചെയ്യപ്പെട്ടു ശക്തമായ ആദിമനിവാസികളുടെ പ്രതിരോധ വ്യവസ്ഥ തന്നെ തകരാറിലായിക്കഴിഞ്ഞു എന്നതുകൂടിയാണ് അന്നേ മനസിലാക്കിയത്. ഷിബുരാജ് അവതരിപ്പിക്കുന്ന അട്ടപ്പാടിക്കാഴ്ചകളിൽ അട്ടപ്പാടിയുടെ പ്രകൃതിയുടെയും മനുഷ്യജീവിതത്തിൻ്റെയും സമഗ്ര വികസനത്തിനായി ആവിഷ്ക്കരിച്ച അഹാഡ്സ് പോലുള്ള വൻ പദ്ധതികൾക്കു ശേഷം കാൽ നൂറ്റാണ്ടിനിപ്പുറവും തുടരുന്ന ദുരന്ത പർവ്വങ്ങൾ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അനേകം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമേകുമായിരുന്ന പാരമ്പര്യ ആരോഗ്യ അറിവുകളും ചെറുധാന്യങ്ങളും കാട്ടു കിഴങ്ങുകളും പച്ചിലക്കറികളും അന്യമാവുകയും അവയെക്കുറിച്ചുള്ള അറിവടിത്തറ തന്നെ തലമുറകൾക്കിടയിൽ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സമൃദ്ധിയിലും ദാരിദ്ര്യം എന്ന് അട്ടപ്പാടിയെ ചൂണ്ടിപ്പറയേണ്ടി വന്നത്. ഈയൊരവസ്ഥയാണ് കേരളീയം ടീം ചിത്രീകരിച്ചു കാട്ടുന്നത്. 119 കോടിയുടെ അഹാഡ്സ് പദ്ധതി വന്നതോടെ മരത്തൈ വെക്കാൻ പോയ തദ്ദേശ ജനത തനതായ കൃഷി രീതികൾ ഉപേക്ഷിച്ചതും റേഷനരി നിത്യ ഭക്ഷണമാക്കിയതും ഷുഗറും ബി.പി.യും നിത്യരോഗമായതും തായ് കുലസംഘത്തിലെ മരുതി പറയുന്നുണ്ട് ആ ഡോക്യുമെൻററിയിൽ.

1993 ഏപ്രിൽ മാസത്തിൽ ബൊമ്മിയാംപടി, ചീരക്കടവ്, തേക്കുവട്ട, ധാന്യം, ഗൊട്ടിയാർ കണ്ടി, കുറുക്കത്തിക്കല്ല്, ആനക്കട്ടി, പാലൂര്, കൊളപ്പാടിഗ, തേക്കുപ്പന, പഴയൂർ, വല്ലവട്ടി, ദൊഡുഗട്ടി, കൽപട്ടി എന്നീ ഊരുകളിലായി നടത്തിയ പഴയ പഠനത്തിൻ്റെ റിപ്പോർട്ടിലൂടെ വീണ്ടും കടന്നു പോയി. അതിൽ തലചുറ്റൽ അനുഭവപ്പെടുന്ന നാലു പേരൊഴിച്ചാൽ രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ആരും ഉള്ളതായി കണ്ടില്ല. ശ്വേത പ്രദരം, മൈഗ്രീൻ, വാസ്കുലാർ ഹെഡ് എയ്ക്ക് തുടങ്ങിയ ശിരസ്തോദങ്ങൾ, വിസർപ്പം, പരിണാമശൂല എന്നിവയായിരുന്നു അക്കാലത്തെ പ്രധാന ആതുരാവസ്ഥകൾ. എട്ടുപേരിൽ അനീമിയ ലക്ഷണങ്ങൾ കാണപ്പെട്ടു. മണ്ണുതിന്നുന്ന സ്വഭാവമുള്ള മൃദ് ഭക്ഷണ പാണ്ഡു രോഗം ഒരാളിൽ കണ്ടു.

അന്ന് പഠനവിധേയമാക്കിയ 200 പ്രസവങ്ങളിൽ 185 ഉം വീട്ടിൽ നടന്നവയായിരുന്നു. പതിനഞ്ച് പേരെയാണ് ആശുപത്രിയിൽ പ്രസവിച്ചത്. നാലു പേരിൽ ലക്ഷണം കാണിച്ച, അവർക്കിടയിൽ ഗൗളി എന്നറിയപ്പെട്ട കോളറയടക്കം പൊതുവെ വൃത്തിഹീനത, ജലദൗർലഭ്യം തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ ആണ് അവിടെ അക്കാലത്ത് വ്യാപകമായുണ്ടായിരുന്നത്. കൊടങ്ങരപ്പള്ളം പോലുള്ള കുടിവെള്ള സ്രോതസ്സുകളോരോന്നും വറ്റിച്ച വികസനത്തിൻ്റെ ഉപോല്പന്നമായിരുന്നു ഇത്തരം ജലജന്യരോഗങ്ങൾ.

പോഷകക്കുറവുകൊണ്ടുള്ള ശിശു മരണങ്ങൾ തുടർച്ചയായ ഒരു അട്ടപ്പാടിയിലേക്കാണ് ഷിബുരാജ് ക്യാമറ തിരിക്കുന്നത്. എന്നാൽ തങ്ങൾ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടതെങ്ങനെയെന്നതിനെക്കുറിച്ച് ഇന്നത്തെ അട്ടപ്പാടിക്കാർക്ക് നല്ല ബോധ്യമുണ്ട്. മണ്ണൂക്കാരനെന്ന കൃഷി കാര്യകർത്താവിൻ്റെ നേതൃത്യത്തിൽ പൊതുഭൂമിയിൽ തുവരയും റാഗിയും തിനയും ചാമയും ചോളവുമെല്ലാം മഴയുടെ കാരുണ്യമറിഞ്ഞ് കൃഷി ചെയ്യുന്നതാണ് അട്ടപ്പാടിയുടെ കാർഷിക വ്യവസ്ഥ. പൊരി കീരയെന്ന ചീരയുടെ വിത്ത് അട്ടപ്പാടിക്കാരുടെ വിശേഷപ്പെട്ട ധാന്യമാണ്. പരുത്തി പോലുള്ള നാണ്യവിളകളുടെ കൃഷി വ്യാപകമായിട്ടുണ്ടെങ്കിലും ആ വരുമാനം സൂക്ഷിച്ചു വെക്കുന്ന ശീലം ഞങ്ങൾ പഠനം നടത്തിയ കാലത്ത് തദ്ദേശവാസികൾക്ക് അധികമുണ്ടായിരുന്നില്ല. ബാങ്കുകളൊക്കെ ബ്രാഞ്ചുകൾ തുറന്നെങ്കിലും അത്തരം സമ്പാദ്യശീലത്തിലേക്ക് അവർ ഇന്നും വലുതായി പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല. ജോലിക്ക് കൂലി ധാന്യമെന്ന ഗിഫ്റ്റ് ഇക്കോണമി രീതി അന്നത്തേ പോലെ ഇന്നും തുടരുന്നു.

നൂറ്റി എഴുപത്തഞ്ചോളം ഇലക്കറികൾ കഴിച്ചിരുന്നു എന്നാണ് മരുതി പറയുന്നത്. ഇത് അതിശയോക്തിയായി തോന്നാം. അട്ടപ്പാടിക്കാരുടെ നാല്പതോളം ഇലക്കറികളെ പഴയ പഠനത്തിൽ നേരിട്ട് കാണാനായി. അട്ടപ്പാടിക്കാർ ഏതൊരു ചെടിയും വർഗീകരിക്കുന്നത് “തിന്നണഡാഗ്” എന്നും അല്ലാത്തതെന്നുമാണ്. ഭക്ഷ്യത്തെ മുൻനിർത്തിയുള്ള ഈ മനസ്സിലാക്കൽ ആണ് ഗോത്ര ജനതയുടെ നിലനില്പിൻ്റെ താക്കോൽ .


അട്ടപ്പാടിക്കാർ ഇലക്കറികളൊന്നും കൃഷി ചെയ്യുന്നില്ല. പരിസരങ്ങളിൽ നിന്നും ശേഖരിക്കാറാണ് പതിവ്. കൃഷിയിടങ്ങളിലെ കണ്ടോനക്കുത്തിയെന്ന കളച്ചെടി മുതൽ ആയുർവേദം “വരേശാകേഷു ജീവന്തി ” എന്ന് ഇലക്കറികളിൽ ശ്രേഷ്ഠമായി പറയുന്ന അടപതിയനെ വരെ പാലൈച്ചെടിയെന്ന പേരിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യകോശം അട്ടപ്പാടിക്കുണ്ട്. ആദിവാസിയുടെ വാക്കുകളെ വിലവെക്കാത്ത, അവരുടെ നാട്ടറിവുകൾക്ക് മൂല്യം കാണാത്ത വികസനമാണ് സ്ഥിതി ഗുരുതരമാക്കിയത്. കമ്യൂണിറ്റിയുടെ അറിവുകളുടെ ജൈവ സമൃദ്ധിയെ യുക്തിപൂർവമായി ഉപയോഗിച്ചു കൊണ്ട് മറികടക്കാനാവുന്നതാണ് ഒരു പരിധിവരെ എല്ലാ ആദിവാസിയൂരുകളിലെയും പോഷക പ്രശ്നം. മണ്ണിൽ ഇപ്പോഴും വേരുള്ള ഗോത്ര ജീവിതങ്ങൾക്കിടയിൽ പ്രത്യേകിച്ച്. ഞങ്ങളുടെ തന്നെ മനസ്സിൽ നിന്നും വരുന്ന പ്രൊജക്റ്റുകളാണ് ഞങ്ങൾക്ക് വേണ്ടതെന്ന് ശിശു മരണങ്ങളെ തുടർന്ന് സർക്കാർ കമ്യൂണിറ്റി കിച്ചൺ സ്ഥാപിക്കുന്നതിനെ എതിർത്തു കൊണ്ട് മരുതി പറയുന്നുണ്ട് ഡോക്യുമെൻ്ററിയിൽ . ഈ വാക്കുകൾ അട്ടപ്പാടി നേടിയ പുതിയ തിരിച്ചറിവുകളുടെ സാക്ഷ്യമാണ്. എന്നാൽ പ്രശ്നങ്ങൾ ഫലവത്തായി പരിഹരിക്കുന്നതിലല്ല അട്ടപ്പാടിയെ എക്കാലവും തങ്ങളുടെ ഉപജീവനമാർഗമായി നിലനിർത്തുന്നതിലാണ് അധികൃതരുടെ താത്പര്യം.
” ഗൾഫിൽ എന്തിനാ പോണത്.അട്ടപ്പാടി തന്നെ ഗൾഫല്ലേ” എന്നത് മരുതിയുടെ ഉറക്കെ പറഞ്ഞു പോകുന്ന ആത്മഗതം മാത്രമല്ല. അട്ടപ്പാടിയെ സംബന്ധിച്ച് അത് ഭരണകൂടത്തിൻ്റെയും വികസന ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കവിഞ്ഞൊഴുകിപ്പോയ പ്രതീക്ഷാനിർഭരതയുടെ മുദ്രാവാക്യമാണ്.

“ഞങ്ങൾക്ക് പവറില്ല , പണമില്ല. നിയമവും പണത്തിൻ്റെ വഴിക്കാണ്.”
എന്ന മരുതിയുടെ വാക്കുകളിലെ നിസ്സഹായത കേരളത്തിലെ എല്ലാ ആദിവാസിയൂരുകളുടെതുമാണ്‌. എങ്കിലും ഏതൊരു സർക്കാർ പദ്ധതിയ്ക്കും ഉണ്ടാക്കാനാകാത്ത ആത്മവിശ്വാസം ഗോത്രവർഗ ജനത ഇന്ന് സ്വയമാർജിച്ചിരിക്കുന്നു എന്ന് ഈ ഡോക്യുമെൻററിയിൽ സംസാരിച്ച ഓരോരുത്തരുടെയും മുഖത്ത് വായിച്ചെടുക്കാം.

“വെള്ളാട്ട് കുട്ടിക്ക് വേലി മേലാത്
മുലവന്ത
കുമരന്ക്ക് പുരുസനോടാത്”
ചോരയിലെ കാട്ടുപാട്ടുമായി കാട്ടിലേക്കുള്ള വഴി നടന്നു മറയുന്ന രണ്ടു പെണ്ണുങ്ങളിലാണ് ചിത്രമവസാനിക്കുന്നത്. ആദിവാസിയുടെ ചുരയ്ക്കാത്തൊണ്ടിൽ ഇപ്പോഴും ആരും കവർന്നെടുക്കാത്ത പാട്ടും കാട്ടറിവുമുണ്ട് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് .

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 28, 2022 2:00 pm