Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎ മുന്നണിയില് അവഗണന നേരിട്ടു എന്ന് പറഞ്ഞുകൊണ്ടാണ് ആദിവാസി നേതാവ് സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്ട്ടി (ജെആര്പി) മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. അതിന് പിന്നാലെ ഐക്യ ജനാധിപത്യ മുന്നണിയിൽ (യുഡിഎഫ്) ചേരാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തിരിക്കുകയാണ് സി.കെ ജാനു. ഘടകകക്ഷിയായി ഉൾപ്പെടുത്താനുള്ള സാധ്യത തേടിക്കൊണ്ട് യുഡിഎഫിന് കത്ത് നൽകിയതായി സി.കെ ജാനു മാധ്യമങ്ങളോട് പറഞ്ഞു. എന്ഡിഎ മുന്നണി വിട്ടതിന് പിന്നാലെ നൽകിയ ഈ അഭിമുഖത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും നിരന്തരം നീതി നിഷേധിക്കപ്പെടുന്ന ആദിവാസി ജീവിതങ്ങളെക്കുറിച്ചും സി.കെ ജാനു വിശദമായി സംസാരിക്കുന്നു.
അധികാരം നൽകുന്നവരുടെ കൂടെയായിരിക്കും ഉണ്ടാവുക എന്ന് സി.കെ ജാനു മുമ്പ് പറഞ്ഞിട്ടുണ്ട്. എൻഡിഎയിലേക്ക് പോകാനുള്ള കാരണവും അധികാരമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്താണ് ഇപ്പോൾ ആ ബന്ധം ഉപേക്ഷിക്കാനുള്ള കാരണം?
ആദിവാസികൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ എൻഡിഎയിലേക്ക് പോയത്. പക്ഷേ, പരിഗണനകൾക്ക് പകരം അവഗണനയാണുണ്ടായത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ആദിവാസി, ദലിതരുടെ മുമ്പിൽ ഒരു നാണയത്തിന്റെ ഒരു വശമാണ്. ഈ ജനതയോട് എല്ലാവരും ഒരുപോലെ അവഗണനയും അകറ്റിനിർത്തലും അയിത്തവും തന്നെയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ഭാഗമായാൽ മാത്രമേ ആളുകളുടെ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. നാല്പത് വർഷത്തെ എന്റെ സമരജീവിതം എന്നെ പഠിപ്പിച്ചത് ഈ ബോധ്യമാണ്. നമ്മൾ സെക്രട്ടേറിയേറ്റിന്റെ മുന്നിൽ മൂന്നുമാസവും ആറുമാസവും സമരം ചെയ്താൽ പോലും അതിനകത്തുള്ള ആളുകൾ നമ്മുടെ പ്രശ്നം പരിഹരിക്കുകയില്ല. വെയിലും മഴയും കൊണ്ട് പുറത്ത് സമരം നടത്തുന്നതിന് പകരം നിയമസഭയിൽ രണ്ട് ദിവസം വാദിച്ചാൽ അതിന് വ്യവസ്ഥ വരും. അത് പ്രായോഗികമായി മാറും. നിയമസഭ എന്നത് വിലപേശി ആവശ്യങ്ങൾ നേടിയെടുക്കുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ ആദിവാസി ലേബലിൽ അവിടെ എത്തിച്ചേരേണ്ടത് അനിവാര്യമാണ്. നമ്മൾ ഏതെങ്കിലും പാർട്ടിയുടെ ടിക്കറ്റിലാണ് നിയമസഭയിലേക്ക് എത്തുന്നതെങ്കിൽ നാം അവരുടെ അടിമകളായിത്തീരും. അവർ കൽപ്പിക്കുന്നത് മാത്രം ചെയ്യേണ്ടിവരും. കേരളത്തിൽ പതിനാല് എസ്.സി എംഎൽഎമാരും രണ്ട് എസ്.ടി എംഎൽഎമാരുമുണ്ട്. ഇവർ കൃത്യമായി നിയമസഭയിൽ എത്തിച്ചേരുന്നുണ്ടോ എന്നുപോലും ആരും അറിയുന്നില്ല. പാർട്ടിയുടെ ലേബലിൽ എംഎൽഎ ആകുന്നതുകൊണ്ട് നേരിടേണ്ടിവരുന്ന പ്രതിസന്ധിയാണിത്. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ച് പാർലമെന്റിലേക്ക് ചേക്കേറിയത് സത്യത്തിൽ വിഡ്ഢിത്തമാണ്. എസ്.സി വകുപ്പ്, ദേവസ്വം വകുപ്പ് മന്ത്രി സ്ഥാനങ്ങൾ രാജിവെച്ചത് അബദ്ധമാണെന്നേ പറയാനൊക്കൂ. പ്രായോഗികമായി ഇവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടായിരിക്കെയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഒ.ആർ കേളു മന്ത്രിയായി. അതുകൊണ്ട് ആദിവാസികൾക്ക് എന്ത് ഉപകാരമാണ് ഉണ്ടായത്? ആദിവാസികൾക്ക് വേണ്ടി നിയമസഭയിലോ മറ്റോ കേളുവിന്റെ ശബ്ദം ഉയർന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ. ദലിതുകൾ ഇന്ത്യൻ പ്രസിഡണ്ട് ആയതുകൊണ്ട് പോലും ന്യൂനപക്ഷങ്ങൾക്ക് ഒരു ഗുണവും ഉണ്ടാവുന്നില്ല. അതുകൊണ്ട് ആദിവാസി ലേബലിൽ അധികാരത്തിലേറുമ്പോൾ മാത്രമാണ് നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത്.
തെരഞ്ഞെടുപ്പ് കാലം വരാൻ പോവുകയാണ്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായോ സഖ്യം രൂപീകരിച്ചോ പ്രവർത്തിക്കാനുള്ള ആലോചനയുണ്ടോ?
ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയുടെ കൂടെ ഞങ്ങളുണ്ടാകും. അത് നമുക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നടപടിയെടുക്കുന്ന പ്രസ്ഥാനത്തിന്റെ കൂടെയായിരിക്കും. എൻഡിഎയിലേക്ക് ഇനി ഒരു മടക്കമില്ല. കാരണം ഞങ്ങൾ ഉണ്ടായിരുന്ന സമയത്ത് അവർ ഒന്നും ചെയ്തുതന്നിട്ടില്ല. കോൺഗ്രസിന്റെ ഭരണകാലത്താണ് ഭൂമിക്ക് വേണ്ടിയുള്ള സമരത്തെ അംഗീകരിക്കുകയും കരാർ ഉണ്ടാക്കുകയും ഭൂ വിതരണം നടക്കുകയും ചെയ്തത്. എൽഡിഎഫ് നമ്മുടെ സംവിധാനങ്ങളെയെല്ലാം അട്ടിമറിക്കുകയാണുണ്ടായത്. യുഡിഎഫ് ഭരണകാലത്ത് നേടിയെടുത്ത കാര്യങ്ങളെല്ലാം എൽഡിഎഫ് ഭരണത്തിലിരിക്കുമ്പോൾ അട്ടിമറിക്കുകയും അതിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന പണിയാണ് അവർ എടുത്തിരുന്നത്.


മുത്തങ്ങയിൽ നടന്ന കാര്യങ്ങളിൽ എ.കെ ആന്റണി അടുത്തിടെ ഖേദം പ്രകടിപ്പിക്കുകയുണ്ടായല്ലോ. ആന്റണിയുടെ ഖേദപ്രകടനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇപ്പോൾ അദ്ദേഹത്തിന് പശ്ചാത്താപം തോന്നിയതിലും തെറ്റ് തിരിച്ചറിഞ്ഞതിലും സന്തോഷമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ മാപ്പ് അംഗീകരിക്കാനാവില്ല. കാരണം, മാപ്പർഹിക്കുന്ന കാര്യങ്ങളല്ല മുത്തങ്ങയിൽ ഉണ്ടായത്. ഞങ്ങൾ അനുഭവിച്ച വേദനയ്ക്ക് ഒരു മാപ്പും പകരം നിൽക്കുകയില്ല. മാപ്പിന് പകരം രാഷ്ട്രീയ പരിഹാരത്തിലേക്കെത്താൻ അവർക്ക് സാധിക്കുമെങ്കിൽ അതാണ് ആളുകൾക്ക് മനസ്സമാധാനം ഉണ്ടാക്കുക. ആ രീതിയിൽ മുന്നോട്ടുപോയാൽ ചിലപ്പോൾ ഇരകൾ മനസ്സുകൊണ്ട് മാപ്പ് തന്നേക്കാം.
ആദിവാസി ഗോത്ര മഹാസഭയുടെയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെയും പ്രസിഡന്റ് ആണല്ലോ താങ്കൾ. ഈ രണ്ട് സംഘടനകളുടെയും പ്രവർത്തനരീതി എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? എന്തെല്ലാമാണ് പുതിയ ആലോചനകൾ?
ആദിവാസി ഗോത്ര മഹാസഭ ആദിവാസികളുടെ കാര്യങ്ങളിൽ മാത്രം ഇടപെട്ട് മുന്നോട്ട് പോകുന്ന സംഘടനയാണ്. നമ്മൾ മുന്നണിയായി പ്രവർത്തിക്കുന്നത് ജെആർപി എന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ പേരിലാണ്. അതിൽ കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗക്കാരെല്ലാം ഉൾപ്പെടുന്നു. ആദിവാസി ഗോത്ര മഹാസഭയുടെ കീഴിലാണ് സമരങ്ങളെല്ലാം മുന്നോട്ടുപോകുന്നത്. ട്രൈബൽ പ്രമോട്ടർ എന്ന തസ്തിക പോലും നമ്മുടെ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. സംഘടനയ്ക്ക് കീഴിൽ ട്രൈബൽ റിസർച്ച് സെന്റർ നിർമ്മിക്കണമെന്ന ആലോചന നിലവിലുണ്ട്. കേരളത്തിൽ മുപ്പത്തിയാറ് വിഭാഗം ആദിവാസികളുണ്ട്. ഈ വിഭാഗങ്ങളുടെ ആചാരങ്ങളും സംസ്കാരങ്ങളും ശേഖരിച്ച് ഒരു പുസ്തകരൂപത്തിൽ തയ്യാറാക്കി അത് പഠനവിധേയമാക്കാൻ പാകത്തിലുള്ള റിസർച്ച് സെന്ററാണ് ഉദ്ദേശിക്കുന്നത്. അതുപോലെ ട്രൈബൽ യൂണിവേഴ്സിറ്റി, ആദിവാസികൾക്ക് വേണ്ടിയുള്ള സ്കൂൾ തുടങ്ങിയ കാര്യങ്ങൾ ചെയ്ത് തീർക്കണമെന്ന ആഗ്രഹം കൂടിയുണ്ട്. അതിന്റെ അടിസ്ഥാന കാര്യങ്ങൾ പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോഴുള്ളത്.
‘അടിമമക്ക’ എന്ന താങ്കളുടെ ആത്മകഥയിൽ മുഖ്യധാര രാഷ്ട്രീയപാർട്ടികളെ നിശിതമായി വിമർശിക്കുന്നുണ്ട്. അതുകാരണം അവരുടെ ഭാഗത്തുനിന്ന് വിമർശനങ്ങളോ സൈബർ ആക്രമണങ്ങളോ നേരിടേണ്ടി വന്നിട്ടുണ്ടോ?
ഒന്നും നേരിടേണ്ടി വന്നിട്ടില്ല. കാരണം, അവരൊന്നും ഈ പുസ്തകം വായിച്ചത് പോലുമില്ല. ഞാൻ കരുതിയിരുന്നത് പുസ്തകത്തിന് ജാതിയില്ല എന്നായിരുന്നു. ഇത് എഴുതിയപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് പുസ്തകത്തിനും ജാതിയുണ്ടെന്ന്. നമ്മുടെ പുസ്തകം ആയതുകൊണ്ട് മാത്രം പലയാളുകളും വാങ്ങാൻ തയ്യാറാകുന്നില്ല. ആദിവാസികൾക്ക് എന്താണ് എഴുതാനുള്ളത്? അവർക്കെന്താണ് അറിയുക? അവർക്ക് എന്ത് കഥയാണുള്ളത്? തുടങ്ങിയ മുൻധാരണാ പ്രകാരമുള്ള ചോദ്യങ്ങളാണ് പലർക്കുമുള്ളത്. അതുകൊണ്ടുതന്നെ ഈ പുസ്തകം എഴുതിയതിന്റെ പേരിൽ കാര്യമായ വിമർശനങ്ങളൊന്നും വന്നിട്ടില്ല.


‘അടിമമക്ക’ എന്ന പേരിലേക്ക് എങ്ങനെയാണ് എത്തിയത്?
എന്റെ അച്ഛനും അമ്മയും ജന്മിയുടെ വീട്ടിൽ അടിമപ്പണി ചെയ്തിരുന്നവരായിരുന്നു. എനിക്കും എന്റെ ചെറിയ പ്രായത്തിൽ ജന്മിയുടെ വീട്ടിൽ പണിയെടുക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിൽ, അടിമസന്ധതിയുടെ അടയാളപ്പെടുത്തൽ എന്നായിരുന്നു പുസ്തകത്തിന്റെ പേരായി കൊടുത്തിരുന്നത്. ഞങ്ങൾ അടിയ സമുദായത്തിൽപ്പെട്ട ആദിവാസികളാണ്. ഇതിനെ അടിയ സമുദായത്തിന്റെ ഭാഷയിലേക്ക് മാറ്റിയപ്പോഴാണ് അടിമമക്ക എന്നായത്. ഒരു കുട്ടിയാണെങ്കിൽ മകൾ എന്നും ഒരു കൂട്ടം ആളുകൾ ഉണ്ടെങ്കിൽ മക്ക എന്നുമാണ് പറയാറുള്ളത്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുന്ന വാക്കാണ് മക്ക. അങ്ങനെയാണ് അടിമ മക്കൾ എന്ന അർത്ഥം വരുന്ന അടിമമക്ക എന്ന പേരിലേക്ക് എത്തുന്നത്.
മുത്തങ്ങ സമരം, കുടിൽ കെട്ടൽ സമരം, നിൽപ്പ് സമരം തുടങ്ങി എത്രയോ വ്യത്യസ്തങ്ങളായ സമരങ്ങൾക്ക് താങ്കൾ നേതൃത്വം നൽകി. ഈ സമരങ്ങൾ വഴി ആദിവാസി സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞ മാറ്റങ്ങളെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത് ?
ഒത്തിരി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സമരങ്ങളുടെ ഭാഗമായി കേരളത്തിലെ 35,000 ആദിവാസികൾക്ക് ഭൂമി ലഭിച്ചു. ചിലയിടങ്ങളിൽ അഞ്ചേക്കറും മറ്റിടങ്ങളിൽ മൂന്ന് രണ്ട് ഒന്ന് എന്നിങ്ങനെ ഏക്കർ ഭൂമികൾ ലഭിക്കാൻ കാരണമായിട്ടുണ്ട്. നമ്മുടെ സമരങ്ങൾ ഓരോന്നും ഓരോ ഡിമാന്റിനെ മുൻനിർത്തിയാണ് ഉണ്ടായിട്ടുള്ളത്. ആദിവാസികൾക്ക് സംവരണം രണ്ട് ശതമാനം മാത്രമാണുള്ളത്. 10% സംവരണത്തിൽ 8% എസ് സി ക്കും 2% എസ് ടിക്കുമാണ്. ഇത് എല്ലാ ആദിവാസികളെയും ഉൾക്കൊള്ളുന്നതല്ല. അതുകൊണ്ടാണ് കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ പാക്കേജ് പ്രഖ്യാക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. അതിലൂടെയാണ് ഒരുപാട് പേരെ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 3000 പൊലീസുകാരും 3000 എക്സൈസുകാരും 3000 ഫോറസ്റ്റുകാരെയൊക്കെ രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചു. ഇവരെല്ലാം ഒരിക്കലും പരിഗണനകൾ ലഭിക്കാത്ത കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവരായിരുന്നു. അതുകൊണ്ടാണ് കമ്മ്യൂണിറ്റി പാക്കേജ് വെച്ച് ഇവരെ ഉൾപ്പെടുത്താൻ സാധിച്ചത്. ഇങ്ങനെ ചെയ്യുമ്പോൾ ആ കമ്മ്യൂണിറ്റിയിൽപ്പെട്ട ആളുകളെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ. അതുകൊണ്ടുതന്നെ സംവരണം എന്ന നിലയിൽ മറ്റുള്ളവർക്ക് അതിൽ പ്രവേശിക്കാൻ കഴിയില്ല. ഇതിലൂടെയാണ് ഒരുപാട് പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായത്. ഞാൻ താമസിക്കുന്ന ഈ വീട് തന്നെ 1995 മാർച്ച് അഞ്ചിൽ ആരംഭിച്ച സമരത്തിന്റെ ബാക്കി പത്രമാണ്. ഇവിടെ ഉണ്ടായിരുന്നവർ ഫോറസ്റ്റ് ബൗണ്ടറിയിൽ താമസിച്ചിരുന്നവരായിരുന്നു. അവിടെ ആന ശല്യവും മറ്റും കൊണ്ട് പ്രയാസപ്പെട്ടിരുന്നു. കുറച്ചു പേർ വീടിന്റെ മുറ്റത്ത് തീയിട്ട് രാത്രി കാവലിരിക്കും. ബാക്കിയുള്ളവർ ഉറങ്ങും. അടുത്ത ദിവസം തലേ രാത്രി ഉറങ്ങിയവർ കാവലിരിക്കും. ഇങ്ങനെ ഊഴം വെച്ച് ഉറങ്ങിയവരായിരുന്നു. അതുപോലെ പുഴയുടെ പുറമ്പോക്കിൽ കുറച്ചുപേർ താമസിച്ചിരുന്നു. അവിടെ ചെറിയ കുടിലുകളായതുകൊണ്ടുതന്നെ വെള്ളം വരുമ്പോൾ ഒലിച്ചുപോകും. ആ സമയത്ത് താഴെയുള്ള സ്കൂളിലായിരുന്നു വെള്ളമിറങ്ങുന്നത് വരെ താമസിപ്പിച്ചിരുന്നത്. വെള്ളമിറങ്ങിയാൽ വീണ്ടും കുടിൽ വച്ച് താമസിക്കും. അങ്ങനെ ദുരിതത്തിൽ താമസിച്ച 53 വീട്ടുകാരുടെ നേതൃത്വത്തിലായിരുന്നു 1995ൽ സമരം നടത്തിയത്.
ഈ സമരങ്ങളുടെയെല്ലാം അടിസ്ഥാന ആവശ്യം ഭൂമിയായിരുന്നല്ലോ. സ്വന്തം ഭൂമിയിൽ നിന്നും ഉപജീവനം കണ്ടെത്താൻ വേണ്ടിക്കൂടിയാണല്ലോ ആദിവാസി സമൂഹം ഭൂസമരങ്ങളിലേക്ക് എത്തിയത്. ഭൂമി എന്നത് ഒരു അടിസ്ഥാന ആവശ്യമായിരുന്നിട്ടും എന്തുകൊണ്ടാണ് അത് പരിഗണിക്കപ്പെടാതെ പോയത്?
യഥാർത്ഥത്തിൽ നമ്മുടെ സമരങ്ങൾ ആദിവാസികൾക്ക് വേണ്ടി മാത്രമുള്ളതല്ല. ഞങ്ങളുടെ പറമ്പിലുണ്ടാകുന്ന കാപ്പി, കുരുമുളക് തുടങ്ങിയവയെല്ലാം തൊട്ടടുത്ത മാർക്കറ്റിലേക്കാണ് പോകുന്നത്. അതിലൂടെ മാർക്കറ്റ് വികസിക്കുന്നു. നമുക്ക് ഒരു കിലോഗ്രാം മുളകിന് 500 രൂപ ലഭിച്ചാൽ അവരത് മാർക്കറ്റിൽ 700 രൂപയ്ക്ക് വിൽക്കുന്നു. ഒരു കിലോഗ്രാമിന് 200 രൂപ ലാഭം വരുന്നു. ഞങ്ങളുടെ സമരം കൊണ്ട് സമരത്തിൽ പങ്കാളിത്തമോ സഹകരണമോ ഇല്ലാത്ത ആളുകൾക്കാണ് കൂടുതൽ ഗുണം ലഭിക്കുന്നത്. കണ്ണൂരിൽ കീഴ്പ്പള്ളി എന്ന സിറ്റിയുണ്ട്. അതിന്റെ തൊട്ടടുത്ത് കണിച്ച എന്ന മറ്റൊരു സിറ്റിയുമുണ്ട്. അവിടെ ഞങ്ങൾ ഭൂസമരം നടത്തുന്ന സമയത്ത് ഒരു കട മാത്രമാണ് ഉണ്ടായിരുന്നത്. കടയുടെ ഒരു ഭാഗത്ത് പലചരക്കും മറ്റൊരു ഭാഗത്ത് ചായക്കടയുമാണ് ഉണ്ടായിരുന്നത്. അങ്ങനെയുണ്ടായിരുന്ന സ്ഥലം ഇപ്പോൾ മാനന്തവാടി, സുൽത്താൻബത്തേരി പോലെയുള്ള വലിയ ടൗണായി മാറിയിരിക്കുന്നു. കണിച്ചയുടെയൊക്കെ മുഖഛായ തന്നെ മാറിപ്പോയി. നമ്മുടെ തോട്ടത്തിൽ ഉണ്ടാകുന്ന കാപ്പി, കുരുമുളക്, കൊക്കോ, തേങ്ങ, കശുവണ്ടി, റബ്ബർ തുടങ്ങി മുഴുവൻ സാധനങ്ങളും തൊട്ടടുത്ത കടയിലേക്കാണ് പോകുന്നത്. അതിന്റെ ഭാഗമായി എല്ലാവർക്കുമാണ് ഉപകാരമുണ്ടാകുന്നത്. ഒരു വണ്ടി പോലും ഇല്ലാതിരുന്ന സ്ഥലത്ത് ഇന്ന് നൂറോളം ഓട്ടോറിക്ഷകൾ നിറഞ്ഞുനിൽക്കുന്നു. എല്ലാവർക്കും വേണ്ടിയാണ് നമ്മൾ സമരം ചെയ്യുന്നത്. പക്ഷേ, അത് ആദിവാസി സമരമായി മാത്രം വേർതിരിച്ചു കാണുന്നു.


ഇത് പറയുമ്പോഴും മറ്റൊരുവശത്ത് കാപ്പിത്തോട്ടങ്ങളിലും തേയിലത്തോട്ടങ്ങളിലും ആദിവാസികൾ ഇന്നും കഠിനമായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ഇപ്പോഴും വൻകിട മുതലാളിമാർക്ക് വേണ്ടിയുള്ള അടിമപ്പണി തുടരുകയല്ലേ?
കഠിനമായി ജോലി ചെയ്യുന്നു എന്നതിനപ്പുറം ആളുകളെ കർണാടകയിലേക്കും മറ്റും കടത്തിക്കൊണ്ട് പോവുകയും ചെയ്യുന്നു. കർണ്ണാടകയിലെ മുതലാളിമാർക്ക് ഏജന്റ് പണി ചെയ്യുന്ന ആളുകൾ കേരളത്തിലുണ്ട്. അവർ നമ്മുടെ ആളുകളെ കർണ്ണാടകയിലേക്ക് കടത്തുന്നു. കൊണ്ടുപോകുന്ന ആളുകളിൽ നിന്നും കർണ്ണാടകയിലെ മുതലാളിമാരിൽ നിന്നും ഈ ഏജന്റുമാർ കമ്മീഷൻ വാങ്ങുന്നു. ജനങ്ങൾ അവിടെ ഒരു ദിവസം പോലും മുടങ്ങാതെയാണ് പണിയെടുക്കുന്നത്. പക്ഷേ, കൃത്യമായി അവർക്ക് കൂലി പോലും നൽകുന്നില്ല. മാസങ്ങൾക്ക് ശേഷമാണ് കൂലി കണക്കുകൂട്ടുന്നത്. ജോലിക്കാർ കൃത്യമായ കൂലി ചോദിക്കുമ്പോൾ അവർ വഴക്കുണ്ടാക്കി തൊഴിലാളികളെ അടിച്ചുകൊല്ലുന്നു. ഇത്തരം പ്രതിസന്ധികളിൽ നിന്ന് ബോധവൽക്കരണം കൊണ്ട് മാത്രം ജനങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കുകയില്ല. കാരണം, ആളുകൾക്ക് തൊഴിലില്ല. ജീവിതപ്രശ്നമായതുകൊണ്ട് തന്നെ ആളുകൾ അവിടങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇവിടെ തൊഴിൽ സംരംഭങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതാണ്. ആദിവാസികൾക്ക് തൊഴിലുറപ്പ് മാത്രമാണ് ആശ്രയമായുള്ളത്. അതിൽതന്നെ ഒരാൾക്ക് 400 രൂപയാണ് ലഭിക്കുന്നത്. ഈ വർദ്ധനവ് തന്നെ അടുത്ത കാലത്താണുണ്ടായത്. മൂന്നും നാലും കുട്ടികളുള്ള ഒരു കുടുംബത്തിന് നാനൂറ് രൂപ കൊണ്ട് ജീവിക്കുക എന്നത് വളരെ പ്രയാസകരമാണ്. ആദിവാസികൾക്ക് വേണ്ടി കോടികൾ സർക്കാർ അനുവദിക്കുന്നുണ്ടെങ്കിലും അത് ആദിവാസി ജനങ്ങളിലേക്ക് എത്തുന്നില്ല. ഇടനിലക്കാരായ ഉദ്യോഗസ്ഥർ ഫണ്ട് തട്ടിയെടുക്കുന്നതുകൊണ്ട് അത് കൃത്യമായി ജനങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നില്ല.
ഒരു കുടുംബത്തിന് അഞ്ചേക്കർ വരെ ഭൂമി നൽകണം എന്നായിരുന്നല്ലോ സമരത്തിലെ ആവശ്യം. ആദിവാസികളല്ലാത്തവരുടെ ദൃഷ്ടിയിൽ ഇത്രയധികം ഭൂമി എന്തിനാണ് ആദിവാസികൾക്ക് നൽകുന്നതെന്ന ചോദ്യം ഇപ്പോഴുമുണ്ട്. എന്താണ് അവർക്കുള്ള മറുപടി?
വളരെ കുറഞ്ഞ ആദിവാസികൾ മാത്രമാണ് ഗവൺമെന്റ് ജോലികളിലുള്ളത്. കൂലിപ്പണി കൊണ്ട് മാത്രം ജീവിക്കുന്നവരാണ് ആദിവാസികൾ. അഞ്ചേക്കറിൽ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് നമ്മുടെ ജീവിതം കഴിഞ്ഞുപോകുന്നത്. ഗവൺമെന്റ് ജോലിക്കാരാണെങ്കിൽ അവർക്ക് മാസത്തിൽ ശമ്പളം ലഭിക്കും. നമുക്ക് വർഷത്തിലൊരിക്കൽ വിളവെടുപ്പിന്റെ ഘട്ടത്തിൽ മാത്രമാണ് വരുമാനം ലഭിക്കുന്നത്. 1957 ലാണ് ആദ്യമായി ട്രൈബൽ പ്രോജക്ട് ഉണ്ടാവുന്നത്. ചീങ്ങേരി പ്രോജക്ട് എന്നും പറയും. ആദിവാസികളെ ആ ഭൂമിയിൽ കുടിയിരുത്തി പണിയെടുപ്പിക്കുകയും അവർക്ക് കൂലി കൊടുക്കുന്നതിനുവേണ്ടി ഗവൺമെന്റിന്റെ ഒരു താൽക്കാലിക സൊസൈറ്റിയെ ഉണ്ടാക്കുകയും ചെയ്തു. ഗവർണർ ചെയർമാനായുള്ള സൊസൈറ്റിയായിരുന്നു. അഞ്ച് വർഷം കഴിഞ്ഞ് ഈ പദ്ധതി പ്രദേശം ആദായമായിക്കഴിയുമ്പോൾ ഒരു കുടുംബത്തിന് അഞ്ചേക്കർ വെച്ച് പതിച്ച് പട്ടയം കൊടുത്തുകൊണ്ട് ഗവൺമെന്റിന്റെ താൽക്കാലിക സൊസൈറ്റി പിരിച്ച് വിട്ട് പുറത്തു പോകണം എന്നതാണ് വ്യവസ്ഥ. ഈ നിയമം നടപ്പിലാക്കാനാണ് നമ്മൾ സമരം ചെയ്യുന്നത്. സുഗന്ധഗിരി, പൂക്കോട്, പ്രിയദർശിനി, ചീങ്ങേരി തുടങ്ങിയ അനേകം പ്രോജക്ടുകളുണ്ട്. ഈ പ്രോജക്ടുകൾ മാത്രം ആദിവാസികൾക്ക് വീതിച്ചാൽ ഒരുപാട് ആളുകളുടെ ഭൂപ്രശ്നത്തിന് പരിഹാരമാകും. അഞ്ച് വർഷം കഴിയുമ്പോൾ ആദിവാസികൾക്ക് കൊടുക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. വർഷങ്ങൾ കടന്നുപോയിട്ടും ഇത്തരം ഭൂമികൾ വിതരണം ചെയ്യപ്പെട്ടിട്ടില്ല. കോഴിക്കോട് ജില്ലയിലെ വട്ടച്ചിറപാമ്പിൽ ആളുകൾ കയ്യേറി താമസിച്ചത് കൊണ്ടാണ് ഒരേക്കർ വെച്ച് വിതരണം ചെയ്തത്. അട്ടപ്പാടിയിൽ ഒരുപാട് ഫാമുകളുണ്ട്. ചിണ്ടക്കി, പോത്തുപ്പടി, കുറുക്കൻ പടി, മരുതൻപടി തുടങ്ങിയ ഫാമുകൾ വീതിച്ചാൽ മാത്രം അട്ടപ്പാടിയിലെ ഏകദേശം ആളുകൾക്ക് ഭൂമി ലഭിക്കും. ഇത് ആദിവാസികൾക്ക് വേണ്ടി മാറ്റിവെച്ച ഭൂമിയാണ്. അതുകൊണ്ടുതന്നെ ഇത് നടപ്പിലാക്കാൻ ഗവൺമെന്റിന് യാതൊരു പ്രയാസവുമില്ല. ഫാമിലെ വിഭവങ്ങളെ കൊള്ളയടിക്കുന്ന കൊള്ള സംഘങ്ങളായി ഉദ്യോഗസ്ഥർ മാറുന്നു. ഭൂമി കൃത്യമായി വിതരണം ചെയ്താൽ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരമാവും.
വന്യജീവി ആക്രമണം വനമേഖലയിൽ താമസിക്കുന്ന ആദിവാസികളെയും ഇപ്പോൾ രൂക്ഷമായി ബാധിക്കുന്നുണ്ടല്ലോ. പ്രത്യേകിച്ച്, കാട്ടാനകളുടെ ആക്രമണത്തിൽ നിരവധി ആദിവാസികൾക്ക് കഴിഞ്ഞ വർഷം ജീവൻ നഷ്ടപ്പെടുകയുണ്ടായി. വനാശ്രിതരായ ആദിവാസി സമൂഹത്തെ സംബന്ധിച്ച് ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. എന്താണ് താങ്കൾക്ക് പറയാനുള്ളത് ?
ആദിവാസികൾ എല്ലായിടത്തും അനുഭവിക്കുന്ന പ്രശ്നമാണ് കാട്ടാനകളുടെ ആക്രമണം. കൃഷിയൊക്കെ ചെയ്താൽ വലിയ പ്രയാസം നേരിടേണ്ടിവരുന്നു. പ്ലാവിൽ ചക്കയുണ്ടായാൽ അത് നേരത്തെ തന്നെ പറിക്കും. അല്ലെങ്കിൽ ആന തോട്ടങ്ങളെ നശിപ്പിക്കും. കണ്ണൂർ ആറളം ഫാമിൽ മാത്രം പതിനാറ് പേരെയാണ് ആന കൊന്നുകളഞ്ഞത്. ഇതിനെതിരെ നമ്മൾ സമരം ചെയ്യുമ്പോഴെല്ലാം ചെയ്യാമെന്ന് ഗവൺമെന്റ് പറയുമെങ്കിലും സമരം ശക്തമാകുമ്പോൾ മാത്രം ചെറിയ രീതിയിലുള്ള ഇടപെടൽ നടത്തുകയും സമരം അവസാനിപ്പിച്ചാൽ അവർ വിട്ടുകളയുകയും ചെയ്യും. ആറളം ഫാമിൽ മതിൽ കെട്ടാൻ തുടങ്ങിയിട്ട് തന്നെ പത്ത് വർഷത്തോളമായി. ഇന്നേവരെ കെട്ടിക്കഴിഞ്ഞിട്ടില്ല. സമരം ചെയ്യുമ്പോൾ മാത്രം അവർ പണി തുടങ്ങും. കൂലിപ്പണി ചെയ്യുന്നവരായതുകൊണ്ട് തന്നെ എല്ലാ ദിവസവും ആളുകൾക്ക് സമരം ചെയ്യാൻ സാധിക്കില്ല. ഒരു മാസവും രണ്ട് മാസവുമൊക്കെ സമരത്തിൽ നിൽക്കുന്നത് കൂലിപ്പണി മുടക്കിയാണ്. മാത്രമല്ല ഇവരെല്ലാം കുട്ടികളൊക്കെ ഉള്ളവരുമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്കൂൾ കാര്യങ്ങളും ഭക്ഷണവും മറ്റു ചിലവുകളും വരുന്നതുകൊണ്ട് സമരം നിർത്തിവെച്ച് കൂലിപ്പണിക്ക് പോകേണ്ടി വരുന്നു.


ശ്രീലങ്ക, സൗത്താഫ്രിക്ക, സ്കോട്ട്ലാൻഡ് തുടങ്ങി അനേകം രാജ്യങ്ങൾ താങ്കൾ സന്ദർശിച്ചിട്ടുണ്ട്. അവിടങ്ങളിലെ ആദിവാസി ജീവിതങ്ങളെക്കുറിച്ച് പഠിക്കുകയും പല ഘട്ടങ്ങളിലും അവരുടെ പോരാട്ടങ്ങളോട് ഐക്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ആദിവാസി ജീവിതവും ഇന്ത്യയിലെ ആദിവാസി ജീവിതവും വിലയിരുത്തുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവർ ആരാണ്?
എല്ലായിടങ്ങളിലും ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളാണ് നടക്കുന്നത്. ഭൂരിഭാഗം ആളുകളും ഭൂരഹിതരാണ്. ഞാൻ കഴിഞ്ഞ ആറ് മാസം സ്കോട്ട്ലാൻഡിലായിരുന്നു. അവിടെ അഞ്ചര മില്യൺ ആളുകൾ ആണുള്ളത്. അവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം 400 പേർക്ക് മാത്രമാണുള്ളത്. ബാക്കി മുഴുവൻ മനുഷ്യരും ഭൂരിഹിതരാണ്. അവരുടെ ജീവിതം നിലനിൽക്കുന്നത് സൂപ്പർമാർക്കറ്റിനെ മാത്രം ആശ്രയിച്ചാണ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ പ്രശ്നം രൂപപ്പെടുകയും ഇറക്കുമതിയും കയറ്റുമതിയും അവസാനിക്കുകയും ചെയ്താൽ ഏറ്റവും കൂടുതൽ പട്ടിണി മരണം നടക്കുന്ന സ്ഥലം സ്കോട്ട്ലാൻഡ് ആയിരിക്കും. അവിടങ്ങളിൽ അനേകം കൃഷിയോഗ്യമായ ഭൂമിയുണ്ടെങ്കിലും വിജനമായിക്കിടക്കുകയാണ്. അവിടെയുള്ള ആളുകൾ ഏതെങ്കിലുമൊരു ഭൂവുടമയുടെ സ്ഥലത്ത് പലകയടിച്ചുകൊണ്ട് ചെറിയ കുടിൽ കെട്ടുന്നു. ആ കുടിലുകളിൽ ഒറ്റമുറി മാത്രമാണുള്ളത്. അതിൽ തന്നെ ഭക്ഷണം പാകം ചെയ്യുകയും കിടന്നുറങ്ങുകയും ചെയ്യുന്നു. സൗകര്യങ്ങൾ ഒട്ടുമില്ലാത്ത ഇത്തരം കുടിലുകൾക്ക് പോലും ഭൂവുടമയ്ക്ക് റെന്റ് കൊടുക്കേണ്ടി വരുന്നു. ഇത്തരം ദയനീയമായ കാഴ്ചകൾ കാണേണ്ടി വന്നിട്ടുണ്ട്.
അവകാശ സമരങ്ങൾ അവിടെയും നടക്കുന്നുണ്ടോ?
AN) പുറം രാഷ്ട്രങ്ങളിലും സമരങ്ങൾ നടക്കുന്നുണ്ട്. ഞാൻ ഇംഗ്ലണ്ടിൽ പോയപ്പോൾ അവിടെ ഭൂമി കയ്യേറ്റ സമരം നടത്തിയിരുന്നു. അവിടങ്ങളിൽ പോയി ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും ഭൂമി നഷ്ടപ്പെടുന്നതിനെ കുറിച്ച് അവരോട് പറയുകയും മനുഷ്യന്റെ മൗലികാവകാശമാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഞാനവിടെ പഠിക്കാനായിരുന്നു പോയിരുന്നത്. പക്ഷേ, മീറ്റിങ്ങുകളുടെ ആധിത്യം കൊണ്ട് പഠിക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലാൻഡ് ഇവിടങ്ങളിലെല്ലാം മീറ്റിങ്ങിലായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. അവിടങ്ങളിലും ഭൂസമരങ്ങൾ നടക്കുന്നുണ്ട്.
വളരെ ശ്രദ്ധേയമായ ഒന്നാണ് ആശയ പ്രചരണരീതി. കോളനികളിലേക്ക് ഇറങ്ങിച്ചെന്ന് ആളുകൾ അനുഭവിക്കുന്ന പ്രതിസന്ധികളുടെ പരിഹാരമെന്താണെന്ന് അവരെ ബോധ്യപ്പെടുത്തുന്നു. അതേസമയം, മറ്റ് രാഷ്ട്രീയ പാർട്ടികൾ നിങ്ങൾ പറയുന്നത് കള്ളമാണെന്ന് പ്രചരണവും കോളനികളിൽ നടത്തുന്നുണ്ട്. ഈയൊരു പ്രതിസന്ധിയെ എങ്ങനെയാണ് തരണം ചെയ്തത്?
വളരെ പ്രയാസമുള്ള കാര്യമായിരുന്നു ഇത്. ഞങ്ങൾ മീറ്റിംഗ് കൂടി പിരിയുമ്പോഴേക്കും പാർട്ടിക്കാർ വന്ന് ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും. അപ്പോൾ ഞങ്ങൾ വീണ്ടും കോളനിയിലേക്ക് ചെന്ന് അവരുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് വിശദീകരിച്ചു കൊടുക്കേണ്ടിവരും. അവർ പറയുന്നതുകൊണ്ട് അവർക്ക് മാത്രമാണ് നേട്ടമെന്നും നമ്മൾ മാറ്റിനിർത്തപ്പെടുകയാണെന്നും അവരെ ബോധ്യപ്പെടുത്തിക്കൊടുക്കും. ആളുകൾക്കിന്നത് കൃത്യമായി മനസ്സിലാകുന്നുണ്ട്. കാരണം, വർഷങ്ങളായി ഇവരുടെ പിറകിൽ അണിനിരന്നവരെല്ലാം മരിച്ചു തീർന്നു. ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയും ഇന്നേവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടിക്കാരുടെ അജണ്ട എന്താണെന്ന് ആളുകൾക്ക് കൃത്യമായി ബോധ്യപ്പെടുന്നുണ്ട്.
ഓരോ സമൂഹത്തിന്റെയും അടിസ്ഥാന സത്തയാണ് അവരുടെ സംസ്കാരം. ആ സംസ്‌കാരം പലരീതിയിൽ നഷ്ടപ്പെട്ട് പോകുന്നുമുണ്ട്. ആദിവാസികളുടെ ആചാരങ്ങളും സംസ്കാരങ്ങളും ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ടോ?
തീർച്ചയായും, ഒരു പെൺകുട്ടിക്ക് ആർത്തവമുണ്ടായാൽ ചെറിയ രീതിയിലുള്ള കല്യാണം ഇന്നും നിർബന്ധപൂർവ്വം നടത്തപ്പെടുന്നു. ആ കുട്ടിയെ പിന്നീടുള്ള ഒരു മാസം പണിയെടുപ്പിക്കുകയില്ല. റൂമിന്റെ അകത്ത് തന്നെയാണ് താമസിപ്പിക്കുക. കൃത്യമായ സമയങ്ങളിൽ അവർക്ക് ഭക്ഷണം എത്തിച്ച് നൽകുകയും രാവിലെയും വൈകുന്നേരവും കുളിക്കാനുള്ള വെള്ളം ചൂടാക്കി കൊടുക്കുകയും മഞ്ഞൾ തേച്ച് കുളിപ്പിക്കുകയും ചെയ്യും. ഈ ചടങ്ങുകൾക്ക് ശേഷം മാത്രമാണ് കുട്ടി പുറത്തേക്ക് വരികയുള്ളൂ. ഇത്തരത്തിൽ ഓരോ സമൂഹത്തിന്റെയും സംസ്കാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഒരു സമൂഹത്തിന്റെ തനതായ ഭാഷയും സംസ്കാരങ്ങളും ആചാരങ്ങളും നിലനിർത്തി പോരുമ്പോൾ മാത്രമാണ് ആ സമൂഹത്തിന് ഐഡന്റിറ്റി ഉണ്ടാവുകയുള്ളൂ. സംസ്കാരം നശിക്കുന്നതോടെ അസ്തിത്വ പ്രശ്നം അനുഭവിക്കേണ്ടി വരുന്നു.


കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ആഘോഷിക്കുകയാണ്. സർക്കാർ കാര്യങ്ങളെല്ലാം ഇ-ഗവേണൻസ് എന്ന രീതിയിൽ ഡിജിറ്റൽവത്കരിക്കപ്പെട്ടു. ആദിവാസികൾ ഡിജിറ്റൽ സാക്ഷരരാണ് എന്ന് പറയാൻ കഴിയുമോ? അവർ ഈ ഡിജിറ്റൽവത്കരണത്തിൽ നിന്നും പുറന്തള്ളപ്പെടുന്നുണ്ടോ?
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്നത് പച്ച നുണയാണ്. നമ്മൾ ഇപ്പോഴും അക്ഷയ കേന്ദ്രങ്ങളെ തന്നെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ആദിവാസികളിൽ ഇപ്പോഴും എഴുതാനും വായിക്കാനുമറിയാത്തവരുണ്ട്. ഒരു കുട്ടിക്ക് സ്കൂളിലേക്ക് പഠനത്തിന് പോകണമെങ്കിൽ ഒരുപാട് ഭൗതിക സാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ട്. ഡ്രസ്സ്, ബാഗ്, ചെരുപ്പ്, പണം തുടങ്ങി അടിസ്ഥാന ഘടകങ്ങൾ ഉണ്ടാകുമ്പോഴാണ് കുട്ടി സ്കൂളിലേക്ക് പോകുന്നത്. സമ്പൂർണ്ണ സാക്ഷരത നമ്മൾ ആഘോഷിക്കുമ്പോഴും ഇതൊന്നുമില്ലാത്തവർ നമുക്കിടയിൽ തന്നെയുണ്ട്.
ആദിവാസി മതം എന്നത് താങ്കളുടെ പ്രധാന ആശയങ്ങളിൽ ഒന്നാണ്. എന്ത് മാറ്റമാണ് ആദിവാസി മതത്തിലൂടെ പ്രതീക്ഷിക്കുന്നത് ?
വ്യത്യസ്തങ്ങളായ ഗോത്രങ്ങൾ അവരുടെ തനതായ ആചാരാനുഷ്ഠാനങ്ങൾ മുറുകെപ്പിടിക്കുകയും പൊതുവേ ഒരു മതം എന്ന രൂപത്തിൽ ഏകീകരിക്കപ്പെടുകയും വേണം. പത്ത് ശതമാനം ആദിവാസികൾ ഇന്ത്യയിലുണ്ട്. ആദിവാസികൾ ഒരുമിച്ച് നിന്നാൽ ഒന്നാം പാർട്ടി എന്ന നിലയിൽ ആദിവാസികൾക്ക് ഉയർന്നുവരാം. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ ഭരണത്തിലേറുന്നത് മുന്നണി സമവാക്യത്തിലൂടെയാണ്. ആദിവാസികൾ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ ഇന്ത്യ ഭരിക്കാനുള്ള സാധ്യതയുണ്ട്. നമ്മൾ ഒരു മുന്നണിയിൽ ചേരുന്നതോടെ നമ്മുടെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നു. ഇതുകൂടാതെ ആത്മീയതക്ക് വേണ്ടി മതത്തെ ആശ്രയിക്കുന്ന ആളുകളുമുണ്ട്. ഒരുപാട് ആളുകൾ പെന്തക്കോസിലേക്ക് പോകുന്നു. ദലിതുകൾ ക്രിസ്ത്യാനിറ്റിയിലേക്ക് ചേക്കേറുന്നു. ക്രിസ്തുമതം സ്വീകരിക്കുമ്പോഴും അവരെ ദലിത് ക്രിസ്ത്യാനി എന്ന ലേബലിൽ മാത്രമാണ് കാണുന്നത്. യഥാർത്ഥ ക്രിസ്ത്യാനിയിലേക്ക് അവരെ ഉൾക്കൊള്ളുന്നില്ല. എന്റെ സമുദായം അടിയ സമുദായമാണ്. ഞങ്ങളുടെ മതം ചേർക്കുന്ന ഘട്ടത്തിൽ ഹിന്ദു എന്ന് രേഖപ്പെടുത്തുന്നു. ഞങ്ങളാരും ഹിന്ദുക്കളല്ല. ഞങ്ങൾ ഹിന്ദുവിന്റെ പുറത്ത് നിൽക്കുന്നവരാണ്. ഹിന്ദുക്കളുടെ യാതൊരു ആചാരവും ഞങ്ങൾക്കില്ല. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയവർക്കെല്ലാം ഏകീകൃത സ്വഭാവമുള്ളതുകൊണ്ടാണ് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത്. അതുകൊണ്ടാണ് ആദിവാസി മതം എന്ന ആശയം ഉയർത്തിക്കൊണ്ടുവരുന്നത്.


