Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


2011-12ൽ ജന്തർ മന്ദർ മൈതാനത്ത് രണ്ടാം യു.പി.എ സർക്കാരിന്റെ അഴിമതിയെച്ചൊല്ലി ഗാന്ധിയൻ എന്ന ലേബലിൽ അണ്ണാ ഹസാരെ ഒരു ’ഗാന്ധിയൻ’ നിരാഹാര സമരം നടത്തുകയുണ്ടായി. മാധ്യമങ്ങൾ അണ്ണാ ഹസാരെയുടെ ’ഗാന്ധിയൻ’ സമരത്തെ വാഴ്ത്തിപ്പാടി. അരവിന്ദ് കെജ്രിവാൾ അതിന്റെ മുൻ നിരയിലുണ്ടായിരുന്നു, വലിയൊരു ആൾക്കൂട്ടവും.
അന്ന്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കമൽറാം സജീവ് ഒരു ലേഖനം അണ്ണാ ഹസാരെ സമരവുമായി ബന്ധപ്പെട്ട് എഴുതണമെന്ന് ആവശ്യപ്പെട്ടു. ആഴ്ചപതിപ്പിന്റെ ഒരു ലക്കം ഈ സമരത്തെ മുൻ നിർത്തിയായിരുന്നു. എന്റെ ലേഖനം, ‘അണ്ണാ ഹസാരെയുടേത് ഗാന്ധിയൻ സമരമല്ല’ എന്നും അത് മോദിയും ആർ.എസ്.എസും ഫേബ്രിക്കേറ്റ് ചെയ്തതാണെന്നും വസ്തുനിഷ്ഠമായി വിലയിരുത്തി. എന്റെ ഒരു അടുത്ത സുഹൃത്ത് എന്നെ ആ ലേഖനത്തിന്റെ പേരിൽ നിശിതമായി വിമർശിച്ചു. താമസിയാതെ ആ സമരം ആർ.എസ്.എസ്-ബി.ജെ.പി-മോദി സഖ്യത്തിന് അധികാരത്തിലെത്താനുള്ള മാർഗമായിരുന്നുവെന്ന് ബോധ്യപ്പെട്ടു. ഹസാരെ വെറും ഒരു ഉപകരണം മാത്രം. പിന്നീട്, കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആ ’ഗാന്ധിയൻ’ സത്യാഗ്രഹിയുടെ പൊടിപോലും കണ്ടിട്ടില്ല. രണ്ടാം യു.പി.എ സർക്കാരിന്റെ അഴിമതിയെ പെരുപ്പിച്ച് കാണിച്ച സി.എ.ജി മുഖ്യന് (വിനോദ് റായ്) ബി.ജെ.പി ഉപകാരസ്മരണയായി സ്ഥാനമാനങ്ങളും നൽകി.
മഹാരാഷ്ട്രയിലെ റാലിഗാൻ സിദ്ധി ഗ്രാമക്കാരനും പഴയ പട്ടാളക്കാരനുമായ ഹസാരെ ഫാസിസ്റ്റ് രീതികളിലൂടെയാണ് ആ ഗ്രാമീണരെ പാഠം പഠിപ്പിച്ചിരുന്നത്. തൂണിൽ കെട്ടിയിട്ട് കുറ്റം ചെയ്തവരെ ബെൽറ്റുകൊണ്ട് തല്ലി കുറ്റസമ്മതം നടത്തിക്കുമായിരുന്നെന്നും കേട്ടിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇന്ത്യയിൽ തുടരുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ എന്തുകൊണ്ട് ഹസാരെ മിണ്ടുന്നില്ല എന്നതിന്റെ ഉത്തരം ആ ഗ്രാമീണരുടെ അനുഭവങ്ങൾ പറയും.


അന്നത്തെ ജന്തർ മന്ദറിലെ സിവിൽ സമൂഹങ്ങൾ, മാധ്യമങ്ങൾ, ജനക്കൂട്ടം, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരെല്ലാം കോക്രാച്ച് ജനതാ പാർട്ടി ബി.ജെ.പി സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിന്റെ ഒരംശമായ നീറ്റ് പരീക്ഷയിലെ അതിരൂക്ഷമായ ക്രമക്കേടുകൾക്കെതിരെ 26 ദിവസമായി തുടരുന്ന പ്രതിഷേധ നിരാഹാര സമരം എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? ഒരു കാര്യം തറപ്പിച്ചു പറയാം, അണ്ണാ ഹസാരെ സമരത്തിലെ ആൾക്കൂട്ടത്തിലെ ഭൂരിഭാഗവും ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായിരുന്നു. സി.ജെ.പി, ജനാധിപത്യപരമായി ആവശ്യപ്പെടുന്നത് ഈ ക്രമക്കേടുകൾക്കെല്ലാം ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ്. ഇന്ത്യയിലെ യുവാക്കളുടെ കൂട്ടായ്മയാണ് സി.ജെ.പി. അവരെ പിന്തുണയ്ക്കേണ്ടത് ധാർമ്മികതയുള്ള ഓരോ പൗരരുടെയും കടമയാണ്.
തീർച്ചയായും, വിദേശ രാജ്യങ്ങളിൽ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനും, ഇന്ത്യൻ ജനാധിപത്യത്തിന്റെ യശസ്സ് നിലനിർത്താനും പ്രധാനമന്ത്രി പറന്ന് നടക്കുമ്പോൾ (അതിൽ അനേകം വ്യാപാര ഡീലുകൾ ഉണ്ടെന്നാണ് അപഗ്രഥന പടുക്കളും ഗോഡി മീഡിയയും ഉയർത്തിപ്പിടിക്കുന്നത്, വേണ്ടതുതന്നെ) രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വളരെ ആസൂത്രിതമായി അരങ്ങേറിയ നീറ്റ് പരീക്ഷയിലെ വമ്പൻ അഴിമതി പരിശോധിക്കാൻ സമയമെവിടെ? പരിശോധിച്ചാൽ കുറ്റക്കാർ തന്റെ കൂട്ടത്തിലുള്ളവരായിരിക്കുമെന്നും അദ്ദേഹത്തിനറിയാം. അദ്ദേഹം സംരക്ഷിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പങ്കിനെപ്പറ്റിയും അറിവില്ലാതിരിക്കില്ല. സത്യസന്ധതയോ, സുതാര്യതയോ, രാഷ്ട്രീയ മാന്യതയോ, മര്യാദയോ ഒന്നും തന്നെ മോദി ഭരണത്തിന് ബാധകമല്ല. വാസ്തവത്തിൽ എല്ലാം വ്യാപര ഡീലുകളാണ്, ജനാധിപത്യം അതിനുള്ള സൗകര്യപ്രദമായ ഒരു വാക്ക് മാത്രം.
ഈ അധാർമ്മികതയ്ക്കെതിരെ കഴിഞ്ഞ പതിനേഴ് ദിവസങ്ങളിലായി കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക് നിരാഹാര സമരത്തിലാണ്. ലഡാക്കിന്റെ സംസ്കാരത്തെ സംരക്ഷിക്കുന്നതിനായി അദ്ദേഹവും നാട്ടുകാരും നടത്തിയ ഗാന്ധിയൻ സമരം അക്രമാസക്തമാക്കി അദ്ദേഹത്തെ തിഹാർ ജയിലിൽ ദിവസങ്ങളോളം തടവിലാക്കിയത് അടുത്ത ദിവസങ്ങളിലാണ്. അദ്ദേഹം ലഡാക്കിൽ വിദ്യാഭ്യാസ മേഖലയിൽ ഒരു ഗാന്ധിയൻ പഠനരീതി നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. ഭൂമിയുടെ അതിജീവനം അദ്ദേഹത്തിന്റെ ഹൃദയത്തിലെ മറ്റൊരംശമാണ്; ഭൂമിയിൽ ജീവിക്കുന്ന ഏതൊരു മനുഷ്യരുടെയും ഹൃദയത്തിൽ ഇന്ന് ഭൂമി മനുഷ്യരുടെ തിന്മകളാൽ നേരിടുന്ന ഭീഷണിയെപ്പറ്റി വേവലാതിയും ആധിയുമുണ്ട്.


തീർത്തും അഹിംസാത്മകമായ അദ്ദേഹവും സി.ജെ.പിയിലെ ജെൻസിയും എർപ്പെട്ടിരിക്കുന്നത്. പല രാഷ്ട്രീയ പാർട്ടികളും സമരത്തിന് പ്രതീകാത്മക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം നിരാഹാരത്തിലുണ്ടായിരുന്നവരിൽ ചിലരെങ്കിലും ആശുപത്രികളിലാണ്. മറ്റ് ചിലർ അനാരോഗ്യം മൂലം പിന്മാറി. അഭിനേതാക്കളായ നസറുദ്ദീൻഷാ, രത്നാ പഥക്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, അരുന്ധതി റോയ്, ജെ.എൻ.യു പ്രൊഫസർമാർ എന്നിവർ നേരിട്ട് വന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. നിരാഹാരം ജീവനെ ഓർത്ത് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അവരോടെല്ലാം അപേക്ഷിച്ചത് ഒന്നുമാത്രം:
“നിരാഹാരം അവസാനിപ്പിക്കാൻ എന്നോട് പറയരുത്. സർക്കാരിനോട് ചോദിക്കൂ; എന്തുകൊണ്ടവർ ഒരു ചർച്ചയ്ക്ക് (dialouge) പോലും തയ്യാറാകുന്നില്ല?”
ഡയലോഗ് ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. ഒരു ഫാസിസ്റ്റ് ഭരണകൂടം ചർച്ചയ്ക്ക് തയ്യാറാവുകയെന്നാൽ ജനാധിപത്യത്തിന്റെ ആദ്യപാഠം അംഗീകരിക്കലാണ്. വിദ്യാഭ്യാസ മന്ത്രിയോട് രാജി ആവശ്യപ്പെട്ടാൽ അത് തന്റെയും സർക്കാരിന്റെയും പരാജയമായിരിക്കുമെന്ന് മോദിയെന്ന പ്രധാനമന്ത്രി ഭയപ്പെടുന്നു.
നിരാഹാര സമരത്തിലൂടെ മരണപ്പെടുന്നത് ഈ സർക്കാരിന്റെ കാലത്ത് പുതിയ സംഭവമൊന്നുമല്ല. ഗംഗ വൃത്തിയാക്കുന്നതിനെച്ചൊല്ലി നിരാഹാര സമരത്തിലേർപ്പെട്ട പ്രൊഫസർ സമരത്തിലൂടെ ആത്മാഹൂതിയിലെത്തിയത് നാം ഓർക്കുന്നുണ്ടാകില്ല. എന്തുകൊണ്ട് ഈ സമരവും നിരാഹാര സത്യാഗ്രഹവും മാധ്യമങ്ങൾക്ക് വാർത്തപോലും ആകുന്നില്ല. ഇതിൽ അത്ഭുതമില്ല. മാധ്യമങ്ങൾ, നമുക്കറിയാം എല്ലാക്കാലത്തും ഭരിക്കുന്നവർക്കൊപ്പമാണ്, അല്ലെങ്കിൽ ഭരണത്തിലേക്ക് എത്താൻ കെല്പുള്ളവർക്കൊപ്പമാണ്. മൂലധനം-കച്ചവടം ആണല്ലോ വലുത്. പക്ഷേ, എന്തുകൊണ്ട് പൊതുസമൂഹം – നിങ്ങളും ഞാനും ഇത്ര നിസ്സംഗരായി, ‘ഞാനൊന്നുമിറിഞ്ഞില്ല രാമനാരായണ’ എന്ന മട്ടിൽ ജീവിക്കുന്നു?
ഇന്ന് നമ്മെ ഭരിക്കുന്നത് നമ്മൾ തന്നെയാണ്. ഏത് കുന്ത്രവും ഉപയോഗിച്ച് വോട്ടുനേടി ഭരണത്തിലെത്തുന്നവർക്ക് വോട്ടു ചെയ്യുന്ന പൗരൻ/പൗരി വെറുമൊരു കളിപ്പാവ മാത്രം. ഭയം മൂലമായിരിക്കാം, ജനാധിപത്യത്തിന്റെ വില, മൂല്യം നാം അറിയുന്നില്ല. മുകുലിക ബാനർജിയുടെ ‘Why India Votes?’ (2014) എന്ന പുസ്തകത്തിൽ നിന്ന് രുക്മിണി ഭായിയെപ്പറ്റി കാളീശ്വരം രാജ്, തുളസി കെ രാജ് എന്നിവർ പറയുന്നുണ്ട്: ഇന്ത്യൻ പൗരിയെന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തിനാൽ (അത് പൗരിയുടെ ചുമതലയോ/സർക്കാർ ഉദ്യോഗസ്ഥന്റെയോ?) രുക്മിണി ഭായിക്ക് വോട്ട് ചെയ്യാനായില്ല. അതിന്റെ വിഷമം ഭായി പറഞ്ഞു; എന്താണ് വോട്ടിന് ഇത്ര പ്രാധാന്യം എന്ന ചോദ്യത്തോട്: “ചാക്കുകളിൽ നിന്നും അളവ് യന്ത്രത്തിൽ നിന്നും തറയിൽ വീഴുന്ന ധാന്യമണികൾ അടിച്ചുകൂട്ടലാണ് എന്റെ പണി. വൈകുന്നേരമാകുമ്പോൾ ഞാൻ ശേഖരിച്ച ധാന്യം വിൽക്കുന്നു. അതിന്റെ പകുതി പണം എനിയ്ക്കെടുക്കാം. അതാണെന്റെ വരുമാനം. നോക്കൂ, ഓരോ ധാന്യമണിയുടെയും വില ഞാനറിയുന്നു. നിലത്ത് കിടക്കുമ്പോൾ അവയ്ക്ക് ഒരു വിലയുമില്ല. ഒരു ഒറ്റപ്പെട്ട ധാന്യമണി. എന്നാൽ, ഓരോ ധാന്യമണിയും കൂട്ടിയിടുമ്പോൾ അതെന്റെ ജീവിതമാർഗമാകുന്നു. എന്റെ വോട്ട് ആ ഒറ്റപ്പെട്ട ധന്യമണിയാണ്.” (ദി ഹിന്ദു, 14.07.2026).


ഒട്ടും വിദ്യാഭ്യാസമില്ലാത്ത രുക്മിണി ഭായിയുടെ സത്യസന്ധത, ആർജവം, മൂല്യബോധം, ധാർമ്മികത നമ്മുടെ പ്രധാനമന്ത്രിക്കുണ്ടോ? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്കുണ്ടോ? നമ്മുടെ പ്രതിപക്ഷത്തിനുണ്ടോ? നിങ്ങൾക്കും എനിക്കുമുണ്ടോ? ഇന്ത്യൻ പൊതുസമൂഹത്തിനുണ്ടോ?
ഇവിടെയാണ് ഇന്ത്യ ബ്ലോക്കിന്റെ യോഗത്തിൽ കോൺഗ്രസ്സിനെപ്പറ്റി രാഹുൽ ഗാന്ധി പറഞ്ഞതിന്റെ പ്രധാന്യം (നിർഭാഗ്യവശാൽ അദ്ദേഹവും ഈ നിരാഹാര സമരത്തിൽ പങ്കെടുത്തില്ല): 1923 മുതൽ 1947 വരെ കോൺഗ്രസ് പ്രതിരോധ (resistance) പാർട്ടിയായിരുന്നു. 1947 ആഗസ്റ്റ് 15ന് അർദ്ധരാത്രിയിൽ അത് ഭരണപാർട്ടിയായി (governing). ഇന്ന് ഫാസിസത്തിനെതിർ നിൽക്കുന്ന നിശബ്ദത പാലിക്കാത്ത വ്യക്തികൾ, തിരിച്ചറിയേണ്ടത് രുക്മിണി ഭായിയുടെ വോട്ടിന്റെ മൂല്യത്തെപ്പറ്റിയാണ്. അത് സത്യത്തിൽ പ്രതിരോധത്തിന്റെ മൂല്യവിചാരമാണ്, നിരക്ഷരയായ ഇന്ത്യൻ സ്ത്രീയുടെ മൂല്യബോധം. ഇവിടെയാണ് സോനം വാങ്ചുക്കിന്റെ വാക്കുകൾ നെരിപ്പോടിലെ കനലുകളായി നമ്മിൽ നീറിപ്പിടിക്കുന്നത്.
“എന്നോട് നിരാഹാരം അവസാനിപ്പിക്കാൻ പറയരുത്. പകരം നിങ്ങൾ സർക്കാരിനോട് ചോദിക്കൂ, എന്തുകൊണ്ട് നിങ്ങൾ ഒരു ചർച്ചയ്ക്ക് പോലും (dialogue) തയ്യാറാകുന്നില്ല?.”

