വർഗീയ ചേരിതിരിവിന് വഴിയൊരുക്കുന്ന കടുത്ത വാദമുഖങ്ങളും ആരോപണങ്ങളും കേരളം പോലെ മതസൗഹാര്‍ദ്ദത്തിന്‍റെ ഈറ്റില്ലമായ ഒരു സംസ്ഥാനത്ത് സമൂഹ മാധ്യമങ്ങളിലൂടെ കത്തിപ്പടരുന്ന സാഹചര്യം കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. നിയമസഭയ്ക്കുള്ളില്‍ ഫാഷിസത്തെ ഒന്നിച്ച് പ്രതിരോധിക്കേണ്ടവര്‍ പ്രത്യക്ഷത്തില്‍ തമ്മിലടിക്കുന്നു. ചിലകാര്യങ്ങളില്‍ ഭയപ്പാടും ചങ്ങാത്തവും കൊണ്ട്, നല്‍കേണ്ട മറുപടികളില്‍ ഒളിച്ചുകളിയും നടത്തുന്നു.
പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിച്ച ഒരു പ്രസ് മീറ്റില്‍ ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പൊതുസമൂഹവും ആദരിക്കുന്ന സംശുദ്ധ രാഷ്ട്രീയ ജീവിതത്തിന്‍റെ ഉടമയായ സഖാവ് പാലോളി മുഹമ്മദ് കുട്ടിക്കുള്ള മറുപടി 1943 മെയ് 31ന് ബോംബയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ദേശീയ കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ തന്നെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഭജനത്തിന് മുമ്പുള്ള ലീഗിന്‍റെയും കോണ്‍ഗ്രസ്സിന്‍റെയും ചരിത്രം മറന്നുപോയ സഖാവിനും ആ ചരിത്രം അറിയാത്ത അവരുടെ അണികള്‍ ഉള്‍പ്പെട്ട പൊതുസമൂഹത്തിനുമായി ചില രേഖകള്‍ സമര്‍പ്പിക്കുന്നു.
പഴയ ലീഗ് വര്‍ഗ്ഗീയമാണെന്നും അവരുടെ നേതാവ് സീതിസാഹിബ് മലപ്പുറത്ത് കോട്ടപ്പടി മൈതാനത്ത് ‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ കോണ്‍ഗ്രസല്ല ഭരിക്കുന്നത് ഹിന്ദുക്കളാണെന്നും അവിടെ മുസ്ലിംങ്ങള്‍ക്ക് യാതൊരു രക്ഷയും കിട്ടില്ലെന്നും’ പ്രസംഗിച്ചത് താന്‍ കേട്ടുവെന്നും അദ്ദേഹം പറഞ്ഞത് ശുദ്ധ നുണയായി മാറുന്നത് മറവി കൊണ്ടും സഖാവിന്‍റെ നാക്കിന് വന്ന പിഴവ് കൊണ്ടും ആകാം. സഖാവ് അന്ന് അത്തരം യോഗങ്ങളില്‍ പങ്കെടുത്തത് സത്യമായിരിക്കാം. കാരണം സി.എച്ച് മുഹമ്മദ് കോയ പണ്ട് സീതിസാഹിബിനെ അനുസ്മരിച്ചപ്പോള്‍ എഴുതിയ ഒരു സംഭവം അത് ശരിയും വെയ്ക്കുന്നു.
അന്ന്, 1943ല്‍ കമ്യൂണിസ്റ്റ്പാർട്ടി മുസ്ലീംലീഗിനെയും പാക്കിസ്ഥാനെയും അനുകൂലിക്കുന്ന കാലം. ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ. ഇ.കെ ഇമ്പിച്ചിബാവയുടെ നേതൃത്വത്തിലൊരു ജാഥ, സീതിസാഹിബും സത്താര്‍ സേട്ടുവും പങ്കെടുക്കുന്ന പൊന്നാനിയിലെ ഒരു വലിയ ചര്‍ച്ചാസമ്മേളനത്തിലെത്തിച്ചേർന്നു. അവരിലൊരാള്‍ ‘പാക്കിസ്ഥാൻ എന്നാലെന്തെന്ന് ഇനിയും നിർവചിച്ചിട്ടില്ലെന്ന്’ സൂചിപ്പിച്ചപ്പോള്‍ സീതിസാഹിബ് തൻ്റെ മറുപടി ഒരു വാചകത്തിൽ ഒതുക്കിക്കൊണ്ട് ഇങ്ങനെ ചോദിച്ചു: “പാക്കിസ്ഥാൻ എന്താണെന്ന് നിർവചിച്ചിട്ടില്ലെങ്കിൽ പിന്നെ കമ്യൂണിസ്റ്റുകാർ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുപറഞ്ഞു വന്നതെന്തിനാണ്?” ഈ ചോദ്യത്തോടുകൂടി തുടർ ചോദ്യങ്ങള്‍ ഇല്ലാതെ അവര്‍ നിശബ്ദരായി. അവര്‍ നിശബ്ദരായതിന് കാരണം 1942 ജൂണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ പ്ലീനത്തില്‍ അംഗീകരിച്ച പ്രമേയം പിന്നീട് 1943 മേയ് 31ന് അവരുടെ ആദ്യത്തെ ദേശീയ കോണ്‍ഗ്രസ്സ് ബോംബയില്‍ ആവര്‍ത്തിച്ച് അംഗീകരിച്ചത് ഇവിടെ ഉദ്ധരിക്കുന്നതില്‍ നിന്നും മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്നത്തെ മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടി ആയിരുന്നോ എന്നത് വിലയിരുത്താം.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത്, രാജ്യത്തിന്‍റെ വൈദേശിക ആധിപത്യത്തിനെതിരെയുള്ള പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനുമായി ഇന്ത്യയിൽ അധിവസിക്കുന്ന വിവിധ സമുദായങ്ങളെയും അവരുടെ ദേശീയതയേയും മാനിച്ചുകൊണ്ട് അവരുടെ ഇടയിലെ പരസ്പരമുള്ള അവിശ്വാസം ദൂരീകരിക്കണമെന്നതാണ്. അങ്ങനെ ഒരു ഐക്യനിര ദേശീയ മുന്നണിയായി രൂപപ്പെടാന്‍ അനിവാര്യവുമാണ്. മുന്‍കാല ഫ്യൂഡൽ സാമ്രാജ്യത്വ ചൂഷണത്തിൽ നിന്ന് ഉയർന്നുവന്ന ചരിത്രപരമായ അടിച്ചമർത്തലുകളുടെയും ഇന്നത്തെ സാമൂഹിക അസമത്വങ്ങളുടെയും ഓർമ്മകള്‍ അത് അനിവാര്യമാക്കുന്നു. അതിലേക്കായി സമുദായങ്ങളുടെയും ദേശീയതകളുടെയും അടിസ്ഥാന അവകാശങ്ങൾ, ഐക്യ ദേശീയ മുന്നണി (യു.എന്‍.എഫ്) അംഗീകരിക്കുന്ന പരിപാടിയില്‍ അനിവാര്യ ഭാഗമാക്കണം.
“യു.എൻ.എഫിന്‍റെ പരിപാടിയില്‍ സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് ജീവിക്കുന്ന, അവരുടെ ‘ഹോം ലാന്‍ഡ്’നോടുള്ള ദേശീയതയും അവിടുള്ള സമൂഹങ്ങള്‍ തമ്മിലുള്ള സമ്പൂർണ്ണ സമത്വവും ഉറപ്പാക്കണം. ഒരു ദേശീയതയെ (സ്വന്തം ജന്മനാട്ടില്‍) മറ്റൊരു ദേശീയത അടിച്ചമർത്താന്‍ പാടില്ല. ജാതിയുടെയും സമുദായത്തിന്‍റെയും അടിസ്ഥാനത്തിലുള്ള അസമത്വങ്ങള്‍ക്കോ വൈകല്യങ്ങള്‍ക്കോ ഇടമില്ല. അത് ഉറപ്പാക്കാൻ, ദേശീയ പ്രസ്ഥാനം ദേശീയ ഐക്യത്തിനായുള്ള പരിപാടിയുടെ ഭാഗമായി ഇനിപ്പറയുന്ന അവകാശങ്ങൾ അംഗീകരിക്കണം.
(എ) ഓരോ വിഭാഗം ജനതയുടെയും ജന്മഭൂമി, അവരുടെ പൊതു ചരിത്ര പാരമ്പര്യം, പൊതു ഭാഷ, സംസ്കാരം, മാനസിക ഘടന, പൊതു സാമ്പത്തിക ജീവിതം എന്നിവ നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്ക് ഒരു സ്വയംഭരണ രാഷ്ട്രമായി നിലനിൽക്കാനുള്ള അവകാശത്തെ ഒരു പ്രത്യേക ദേശീയതയായി അംഗീകരിക്കപ്പെടണം. അങ്ങനെയുള്ള ഒരു സ്വതന്ത്ര ഇന്ത്യൻ യൂണിയന്‍ അല്ലെങ്കിൽ ഫെഡറേഷനില്‍ നിന്നും ആവശ്യമെന്ന് കണ്ടാല്‍ വേർപെട്ട് നില്‍ക്കാനുള്ള അവകാശവും അവര്‍ക്ക് ഉണ്ടായിരിക്കണം.
അതായത്, ദേശീയത ഉള്‍ക്കൊള്ളുന്ന സ്വന്തം ജന്മഭൂമികള്‍ (ഹോം ലാന്‍ഡ്) – ഇന്നത്തെ കൃത്രിമ അതിരുകളാൽ വിഭജിക്കപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് പ്രവിശ്യകളും ‘ഇന്ത്യൻ സംസ്ഥാനങ്ങൾ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളും ഇന്ത്യയിൽ പുനർനിർണ്ണയിക്കപെടണം. അങ്ങനെയുള്ള നാളത്തെ സ്വതന്ത്ര ഇന്ത്യ, പത്താൻസ്, പടിഞ്ഞാറൻ പഞ്ചാബികൾ (പ്രധാനമായും മുസ്ലീങ്ങൾ), സിഖുകാർ, സിന്ധികൾ, ഹിന്ദുസ്ഥാനികൾ. രാജസ്ഥാനികൾ. ഗുജറാത്തികൾ, ബംഗാളികൾ,. ആസാമികൾ, ബീഹാറികൾ, ഒറിയക്കാർ, ആന്ധ്രക്കാർ, തമിഴർ, കർണാടകക്കാര്‍, മഹാരാഷ്ട്രക്കാർ കേരളക്കാര്‍ തുടങ്ങിയവരെ പോലുള്ള വിവിധ ദേശീയതകളുടെ ഒരു ഫെഡറേഷൻ അല്ലെങ്കിൽ യൂണിയൻ ആയിരിക്കും.
(ബി) ഇങ്ങനെ രൂപീകരിക്കപ്പെട്ട പുതിയ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടകലര്‍ന്ന് ന്യൂനപക്ഷങ്ങൾ ഉണ്ടെങ്കിൽ, അവരുടെ സംസ്കാരം, ഭാഷ, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച അവകാശങ്ങൾ നിയമം മൂലം ഉറപ്പുവരുത്തുകയും അതിനെതിരെയുള്ള ലംഘനങ്ങള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും.
(സി) ജാതിയെ അടിസ്ഥാനമാക്കിയുള്ള എല്ലാ വൈകല്യങ്ങളും പ്രത്യേകാവകാശങ്ങളും വിവേചനങ്ങളും വംശത്തിനോ സമുദായങ്ങള്‍ക്കോ ഉള്ളത് (അയിത്തവും അനുബന്ധ തെറ്റ്കുറ്റങ്ങളും ഉള്‍പ്പടെ) നിയമപ്രകാരം നിർത്തലാക്കും, അതില്‍ സംഭവിക്കുന്ന ലംഘനങ്ങള്‍ നിയമപ്രകാരം ശിക്ഷാർഹമായിരിക്കും.
ഇത്തരം അവകാശ പ്രഖ്യാപനം, മുകളിൽ നിർവചിച്ചിരിക്കുന്നതുപോലെ എല്ലാ ദേശീയതയ്ക്കും, അതായത് മുസ്ലീം വിശ്വാസികളുടെ ദേശീയതകൾക്കും, സ്വയംഭരണാധികാരമുള്ള സംസ്ഥാനങ്ങളുടെ വിഭജനത്തിനും സ്ഥാപനത്തിനും ഉള്ള അവകാശം കോൺഗ്രസും ലീഗും തമ്മിലുള്ള ഐക്യത്തിന്‍റെ അടിത്തറയാകും. കാരണം, അത് മുസ്ലീങ്ങൾക്ക് അവരുടെ മാതൃഭൂമിയായ (ഹോംലാന്‍ഡ്), അടുത്തടുത്ത് കിടക്കുന്ന ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ കൂട്ടി അവർക്ക് സ്വയംഭരണാധികാരമുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കാനും വേണമെങ്കിൽ വേർപിരിയാനുമുള്ള അവകാശം നൽകും. ബംഗാളിന്‍റെ കിഴക്കൻ, വടക്കൻ ജില്ലകളിലെ ബംഗാളി മുസ്ലീങ്ങളുടെ കാര്യത്തിൽ അവർ ഭൂരിപക്ഷമുള്ളിടത്ത്, ബംഗാൾ സംസ്ഥാനം അല്ലെങ്കിൽ പ്രത്യേക സംസ്ഥാനങ്ങള്‍ രൂപീകരിക്കുമ്പോൾ അവിടെയും സ്വയംഭരണ പ്രദേശങ്ങളായി മാറിയേക്കാം. അതിനാൽ അത്തരമൊരു പ്രഖ്യാപനം ന്യായമായ പാക്കിസ്ഥാൻ ആവശ്യത്തിനെ അംഗീകരിക്കുമ്പോള്‍ മതങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ രാഷ്ട്രങ്ങളായി വിഭജിക്കുന്ന വിഘടനവാദ സിദ്ധാന്തവുമായി അതിന് സമാനതകളൊന്നുമില്ല.
എന്നാൽ ഈ രൂപത്തിൽ വേർപിരിയാനുള്ള അവകാശം വകവച്ചുകൊടുക്കുന്നത് യഥാർത്ഥ വിഭജനത്തിലേക്ക് നയിക്കണമെന്നില്ല. മറുവശത്ത്, പരസ്പര സംശയങ്ങൾ ദൂരീകരിക്കുന്നതിലൂടെ, ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ നാളത്തെ സ്വതന്ത്ര ഇന്ത്യയിൽ ഒരു വിഭജനം ഒഴിവാക്കി വിശാല ഐക്യത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ഐക്യം പുനസ്ഥാപിക്കുമ്പോള്‍ തോൽവിയെക്കുറിച്ചുള്ള, ഒരു ചോദ്യത്തിനും യാതൊരു പ്രസക്തിയും ഇല്ല.
ഇത്തരമൊരു പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ദേശീയ ഐക്യം, നമ്മുടെ മാതൃരാജ്യത്തിന്‍റെ സംരക്ഷണത്തിനായുള്ള സംയുക്ത പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് സഹായകമാകും. അത് എല്ലാ ഇന്ത്യൻ ദേശീയതകളിലെയും ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതിന്‍റെയും ഒരു സ്വതന്ത്ര ഇന്ത്യൻ യൂണിയൻ രൂപീകരിക്കേണ്ടതിന്‍റെയും അടിയന്തിര ആവശ്യകതയെ ബോധ്യപ്പെടുത്തും.
ഇന്ന് കോൺഗ്രസിനെയോ ലീഗിനെയോ പിന്തുടരുന്ന ജനങ്ങള്‍ക്ക് ഇടയില്‍ പ്രകടമായ സംഘട്ടനങ്ങളും പരിഹരിക്കാനാകാത്ത ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും, ഐക്യത്തിനായുള്ള തീഷ്ണമായ ആഗ്രഹം കൂടുതൽ ശക്തമായി നിലനില്‍ക്കുന്നു. ഫാസിസ്റ്റ് അധിനിവേശത്തിന്‍റെ വർദ്ധിച്ചുവരുന്ന ഭീഷണിയും നിലവിലെ പ്രതിസന്ധികളും തരണം ചെയ്യാന്‍ ഈ പ്രമേയത്തിൽ ആഹ്വാനം ചെയ്യുന്ന പരിഹാരത്തിന്‍റെ മാര്‍ഗ്ഗത്തിലേക്ക് രണ്ട് സംഘടനകളുടെയും നേതൃനിരയും ഒരുമിച്ചു നടന്നു നീങ്ങണം. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങൾ ജനകീയമാക്കാനും, കൂടുതല്‍ സങ്കീര്‍ണമായി അപകടത്തിലേക്ക് പോകുന്ന ഈ ഘട്ടത്തില്‍ കോൺഗ്രസ്-ലീഗ് ഐക്യം സാക്ഷാത്കരിക്കാനും എല്ലാ ദേശസ്നേഹികളും അതില്‍ അണിചേരാനും കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്യുന്നു.” (‘On Pakistan and National Unity’ edited by G. Adhikari, Marxists Internet Archive, Communist party of India, 1942 & The Indian Express, Madras, 02-06-1943).