സത്യം പ്രചരിപ്പിക്കുന്ന ഉള്ളട​ക്കങ്ങൾ നമുക്ക് ആവശ്യമുണ്ട്

ഡിജിറ്റൽ ചുമരുകളിലെ വായനക്കാലം – 6

ഇന്റർനെറ്റിലെ സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയയിലെ പ്രധാന എഴുത്തുകാരിലൊരാളാണ് നേത ഹുസൈൻ. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വിക്കിപീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയാണ് സ്വീഡനിൽ ഡോക്ടറായി ജോലി ചെയ്യുന്ന നേത ആ​ഗോള ശ്രദ്ധ നേടിയത്. വിക്കിമീഡിയൻ ഓഫ് ദി ഇയർ അവർഡ് നേടിയ ആദ്യ മലയാളി കൂടിയായ നേത ഹുസൈൻ സംസാരിക്കുന്നു.

വിക്കിമീഡിയൻ ഓഫ് ദ ഇയർ പുരസ്ക്കാരത്തിന് അർഹയായ ആദ്യ മലയാളിയാണല്ലോ നേത, പഠനകാലം മുതൽ വിക്കിപീഡിയ ജീവിതത്തിന്റെ ഭാഗമാണ്. വിക്കിപീഡിയയിൽ അനേകം ആളുകൾ വായിക്കുന്ന കണ്ടന്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള നേത എന്തെല്ലാമാണ് വായിക്കാറുള്ളത് ? വിക്കിപീഡിയയിലെ എഴുത്ത് സ്വന്തം വായനയെ വിപുലപ്പെടുത്തിയിട്ടുണ്ടോ ?

ജോലിയുടെ ഭാ​ഗമായി അക്കാദമിക്ക്സും മെഡിസിനും തന്നെയാണ് കൂടുതൽ വായിക്കുന്നത്. മെഡിസിനിലിരിക്കുമ്പോൾ നമ്മൾ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. പിന്നെ പുതിയ അപൂർവ്വമായ രോ​ഗങ്ങളെ കുറിച്ചൊന്നും നമ്മൾ കോളേജ് കാലത്ത് പഠിച്ചിട്ടുണ്ടാവില്ല. ജോലിയിലൂടെ വേണം അത് പഠിച്ചെടുക്കാനായിട്ട്. അതിനുവേണ്ടി വളരെയധികം വായിക്കേണ്ടി വരാറുണ്ട്. പിന്നെ റിസ‍ർച്ചിന്റെ ഭാ​ഗമായിട്ടും… ന്യൂറോസയൻസ്, കോവിഡ്-19, റേഡിയോളജിയെ കുറിച്ചൊക്കെ വളരെയധികം വായിക്കാറുണ്ട്. ഇത് ജോലിയുടെ ഭാ​ഗമാണ്.

അതിന് പുറമെ ഞാൻ കൂടുതലായും നോൺ ഫിക്ഷനാണ് വായിക്കാറുള്ളത്. യുവാൽ നോവാ ഹരാരിയുടെ സാപിയൻസാണ് എനിക്ക് ഈയടുത്ത് വായിച്ചതിൽ ഏറെ ഇഷ്ട്ടപ്പെട്ടത്. ഹരാരിയുടെ ഹോമോ ഡ്യുസ്, റ്റ്വന്റി വൺ ലെസ്സൻസ് ഫോ‍ർ റ്റ്വന്റി ഫസ്റ്റ് സെഞ്ച്വറി ഉൾപ്പെടെയുള്ള പുസ്തകങ്ങളും വളരെ നന്നായി തോന്നി.

സാപിയൻസ് മലയാള പരിഭാഷ

​ഗബ്രിയേൽ മാർക്വേസ് ആണ് ഫിക്ഷനിൽ എന്റെ ഫേവറേറ്റ്. ‘ലവ് ഇൻ ദ ‍‍ടൈം ഓഫ് കോളറ’ ഇഷ്ട പുസ്തകങ്ങളിലൊന്നാണ്. സമകാലിക എഴുത്തുകാരിൽ ഇന്ത്യൻ എഴുത്തുകാരിയായ ജുംപാ ലാഹിരിയുടെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ ഇഷ്ടം. ഇന്ത്യൻ ഇമി​ഗ്രന്റ് ടു വെസ്റ്റേൺ വേൾഡ് എന്ന കാഴ്ച്ചപ്പാടിലുള്ളതാണ് അവരുടെ എഴുത്ത്. ആ കഥകളിലെ പല കാര്യങ്ങളും റിലേറ്റബിൾ ആയതിനാൽ അവരുടെ എല്ലാ എഴുത്തുകളും എനിക്ക് പൊതുവിൽ ഇഷ്ടമാണ്.

ബയോ​ഗ്രഫിയിൽ പോൾ കലാനിധിയുടെ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ട്രാജിക്ക് ജേണി പറയുന്ന ‘വെൻ ബ്രെത്ത് ബിക്കംസ് എയർ’ വളരെയേറെ സ്പർശിച്ച രചനയാണ്. മലയാളത്തിൽ വായന കുറവാണ്. സ്റ്റോറി ടെല്ലിൽ ചില പുസ്തകങ്ങൾ കേൾക്കാറുണ്ട്. ഫോറൻസിക്കും കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണവ.

ജുംപാ ലാഹിരി

പിന്നെ തീ‍ർച്ചയായും വിക്കിപീഡിയ വായിക്കാറുണ്ട്. ചില ആർട്ടിക്കിളുകളിൽ നശീകരണ പ്രവ‍ർത്തികൾ നടത്തുന്നവരുണ്ട്. അത് എനിക്ക് അറിയാവുന്ന ആർട്ടിക്കിളുകളാവണം എന്നില്ല, എന്തിനെ കുറിച്ചും ആവാം. അപ്പോൾ അവിടെ ചെന്ന് ആ നശീകരണ പ്രവർത്തികൾ കണ്ടുപിടിച്ച് അത് പഴയ രീതിയിലാക്കണം. അതിനായി വിക്കിപീഡിയ ലേഖനങ്ങൾ ഒരുപാട് വായിക്കാറുണ്ട്. പിന്നെ ഒരു ലേഖനത്തിൽ ഒരു ലിങ്ക് കണ്ടു കഴിഞ്ഞാൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ കാരണം ക്ലിക്ക് ചെയ്ത് നോക്കും. എന്നിട്ട് അതിനെ കുറിച്ച് വായിക്കും. അപ്പോൾ ആ ലേഖനത്തിൽ വേറൊരു ലിങ്ക് കാണും അങ്ങനെ ക്ലിക്ക് ചെയ്ത്, ക്ലിക്ക് ചെയ്ത് വായിച്ചുപോയി എവിടെയൊക്കെയോ കാടുകേറി എത്താറുണ്ട്. ‘വിക്കീ റാബിറ്റ് ഹോൾ’ എന്നാണ് ഈ ഒരു കാര്യത്തിന് പറയുന്നത്. ഒരു മുയൽ കഴിയുന്ന കുഴിയിൽ ഒരുപാട് വഴികൾ ഉള്ളതുപോലെ വിക്കിപീഡിയയിൽ വഴികൾ കെട്ടുപിണഞ്ഞു കിടക്കുന്നു.

ഫിലോസഫി, സൈക്കോളജി, എക്കണോമിക്ക്സ് എന്നീ മൂന്ന് വിഷയങ്ങളിലും ഇങ്ങനെ എക്സ്പ്ലോർ ചെയ്തിട്ടാണ് കുറെ കൺസെപ്റ്റുകൾ മനസ്സിലാക്കിയിട്ടുള്ളത്. പിന്നെ വിക്കിപീഡിയയിലെ റഫറൻസുകൾ വായിക്കുന്നതും എനിക്കിഷ്ടമാണ്. അതുപോലെ തന്നെ ആർട്ടിക്കിളുകൾ ഇല്ലുസ്ട്രേറ്റ് ചെയ്യുന്ന ചിത്രങ്ങൾ, ചിലത് വളരെ ക്യൂരിയസായിട്ട് തോന്നും. ഒരു ​ഫോട്ടോ​ഗ്രാഫാകാം, ​ഗ്രാഫിക്കൽ ഫി​ഗറാവാം, പെയിന്റിങ്ങാവാം. അപ്പോൾ അതേപ്പറ്റി കൂടുതൽ അറിയാനായി പോകും. വിക്കിപീ‍ഡിയയുടെ അനുബന്ധ സംരംഭമായ വിക്കിമീഡിയ കോമൺസിൽ ആ കാറ്റ​ഗറിയിലുള്ള പടങ്ങൾ നോക്കും. അങ്ങനെ പോകും. എഴുത്തും വായനയും ഇങ്ങനെ കെട്ടുപിണഞ്ഞാണ് വിക്കിപീഡിയയിൽ പ്രവർത്തിക്കുമ്പോൾ വരാറുള്ളത്. ഒരു വിഷയത്തിൽ ഞാൻ എന്റെ വായന ഒതുക്കാറില്ല, കിട്ടുന്നതെന്തും വായിക്കുന്ന സ്വഭാവമുള്ളയാളാണ്.

വിക്കിമീഡിയ കോമൺസ് ലോഗോ

വിക്കിപീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പോലും എങ്ങനെയാണ് ഈ ഉള്ളടക്കങ്ങൾ രൂപപ്പെടുന്നത് എന്നറിയാനിടയില്ല. ഒരു രചയിതാവിന്റെ പേര് അവയിൽ കാണാറില്ല. എന്നാൽ ഓരോ രചനയിലും നിരവധി രചയിതാക്കൾ പങ്കുചേരുന്നു. ഈ കൂട്ടെഴുത്തിന്റെ പ്രവർത്തനരീതി വിശദീകരിക്കാമോ ? വിക്കിപീഡിയയിലെ എഴുത്തിന് മാർഗരേഖകളുണ്ടോ ? വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങനെയാണ് ?

വിക്കിപീഡിയയിൽ രചയിതാവിന്റെ പേരൊന്നും നമ്മൾ കാണാറില്ല എങ്കിലും ഓരോ ലേഖനവും ഒരുപാട് പേ‍ർ ചേർന്നാണ് എഴുതിയിട്ടുള്ളത്. അതിൽ ഏറെ പേരും അനോണിമസ് എഡിറ്റേർസായിരിക്കും. വിക്കിപീഡിയയിൽ അക്കൗണ്ട് ഇല്ലാത്ത ആളുകളായിരിക്കും ആ ലേഖനം എഴുതുന്നതും ചിത്രങ്ങൾ കൂട്ടിച്ചേ‍ർക്കുന്നതും. അങ്ങനെ ഒരുപാട് പേരുണ്ട്. അതുപോലെ ഒരു വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ച് എഴുതുന്നവരുമുണ്ട്. കോവിഡിനെ കുറിച്ചും, സ്ത്രീകളുടെ ആരോ​ഗ്യത്തെ കുറിച്ചുമാണ് ഞാൻ കൂടുതലായും എഴുതുന്നത്, അതേസമയം പ്രശസ്തരായ സ്ത്രീകളെ കുറിച്ചും, ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചുമൊക്കെ ഞാൻ എഴുതിയിട്ടുണ്ട്. പിന്നെ പൊതുവായി ക്ലീനിങ്ങും മെയിന്റനൻസും നടത്തുന്ന ആളുകളുണ്ട്. ​ഗ്രാമാറ്റിക്കൽ തെറ്റുകൾ ശരിയാക്കുക, രചനകളെ കാറ്റ​ഗറൈസ് ചെയ്യുക, പഴയ ചിത്രങ്ങൾ മാറ്റി പുതിയ ചിത്രങ്ങൾ ചേ‍ർക്കുകയൊക്കെ ചെയ്യുന്നവരുണ്ട്. ഇതു മാത്രം ചെയ്യുന്നവരുണ്ട്, ഇതെല്ലാം ചെയ്യുന്നവരുമുണ്ട്.

മലയാളത്തിന്റെ ഡിജിറ്റൽ വായനയിൽ വിക്കിപീഡിയയുടെ പ്രാധാന്യം വളരെയേറെയാണ്. ഏതൊരു വിഷയവും എളുപ്പത്തിൽ മനസ്സിലാക്കാം എന്നതിനാൽ വിക്കിപീഡിയയിൽ ലഭ്യമാകുന്ന വിവരങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ വിക്കിപീഡിയ വിവരങ്ങൾ തുടർവായനകളെ, ആഴത്തിലുള്ള അന്വേഷണത്തെ പരിമിതപ്പെടുത്തുന്നുണ്ടോ ?

ഇന്റെർനെറ്റിൽ മലയാളത്തിൽ സെർച്ച് ചെയ്യുന്നവർ എന്തായാലും വിക്കിപീഡിയയിൽ എത്തിച്ചേർന്നിട്ടുണ്ടാവും. എന്നാൽ വിനോദിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് മലയാളത്തിൽ കൂടുതൽ സെർച്ച് ചെയ്യുന്നത്. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായി നിലകൊള്ളുമ്പോഴും അത് അത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു വിഷയത്തിൽ സാമാന്യമായ ധാരാണയുണ്ടാക്കുന്നതിനാണ് വിക്കിപീഡിയ ഉപയോ​ഗിക്കുന്നത്. അതോടൊപ്പം തന്നെ വിക്കിപീഡിയക്കകത്തെ ഇന്റേണൽ ലിങ്കുകളും എക്സേറ്റണൽ ലിങ്കുകളും ഉപയോ​ഗപ്പെടുത്തി ആഴത്തിൽ പഠിക്കാവുന്നതാണ്. ഇത്രയേറെ ലിങ്കുകൾ ഉള്ളതുകൊണ്ടുതന്നെ വിക്കിപീഡിയ തുടർവായനയെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം ഒരു സംവിധാനം ഇല്ലാത്തതുകൊണ്ടുതന്നെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തുടർ വായനയ്ക്ക് അത്രയും സാധ്യതയില്ല. ഇത്തരം മാധ്യമങ്ങൾ എക്സേറ്റണൽ ലിങ്കുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ആ പ്ലാറ്റ്ഫോമിനകത്തുതന്നെ നിന്ന് അതിലൂടെ ലോകത്തെ കാണാനാണ് പ്രേരിപ്പിക്കുന്നത്. അതേസമയം വിക്കിപീഡിയ നമുക്ക് പുറമേക്കുള്ള ലിങ്കുകളും റഫറൻസുകളും തന്ന് കൂടുതൽ പഠിക്കാനാണ് പ്രേരിപ്പിക്കുന്നത്. വിക്കിപീഡിയയുടെ ഡിസൈനും കാഴ്ചപ്പാടും അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.

വസ്തുതകളോടൊപ്പം തന്നെ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. വിക്കിപീഡിയ ഈ വെല്ലുവിളിയിൽ നിന്നും മുക്തമാണോ ? തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കപ്പെടാറുണ്ടോ ? അവ കണ്ടെത്തുന്നതും തിരുത്തുന്നതും എങ്ങനെയാണ് ?

ജെനറേറ്റീവ് എ.ഐ കൂടി വന്നപ്പോൾ, എ.ഐ ഉപയോ​ഗിച്ചുള്ള ഒരുപാട് ഫേക്ക് കണ്ടന്റുകൾ ഇന്റർനെറ്റിൽ വരുന്നുണ്ട്. എഴുത്ത് മാത്രമല്ല ഇമേജസും, വീഡിയോസും ഒക്കെ കൃത്രിമമായി വരുന്നുണ്ട്. ഈ സാങ്കേതികവിദ്യ കൂടുതൽ പ്രചാരം നേടുന്നതോടെ വ്യാജ വാർത്തയും തെറ്റായ വിവരങ്ങളും പ്രൊപ്പഗണ്ടയും ഒക്കെ ഇന്റർനെറ്റിൽ നിറയും. ഈ വെല്ലുവിളിയിൽ നിന്നും വിക്കിപീഡിയ മുക്തമൊന്നുമല്ല. വിക്കിപീഡിയയിലും ആളുകൾ തെറ്റായ വിവരങ്ങൾ ചേർക്കാറുണ്ട്. എന്നാൽ അത് തിരുത്താനുള്ള കൂട്ടായ ശ്രമം വിക്കിപീഡിയയിലുണ്ട്. തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് ചലഞ്ച് ചെയ്യും, ചർച്ച ചെയ്യും, തെറ്റാണോ എന്നുറപ്പിക്കും, അതു തിരുത്തും. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലുള്ള തരത്തിൽ വിക്കിപീഡിയയിൽ തെറ്റായ വിവരങ്ങൾ ഇല്ല. വിക്കിപീഡിയയിൽ മിസ് ഇൻഫോർമേഷൻ ഉണ്ടോ എന്ന് പരിശോധിക്കുന്നത് സൈറ്റേഷൻ നോക്കിയിട്ടാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ആധികാരികമായ സൈറ്റേഷനുകളോ റഫറൻസുകളോ കൊണ്ടുവരാനാവില്ല. തെറ്റായ വിവരങ്ങളെ നേരിടാനായി വളരെ നല്ലൊരു സംവിധാനം വിക്കിപീഡിയ കൊണ്ടുവന്നിട്ടുണ്ട്.

ലിസ്റ്റ് ഓഫ് അൺ പ്രൂവൺ മെതേഡ്സ് അ​ഗൈൻസ്റ്റ് കോവിഡ്-19 കടപ്പാട് : wikipedia.org

അതോടൊപ്പം തന്നെ മിസ് ഇൻഫോർമേഷനുകളെക്കുറിച്ചുള്ള പേജുകളും വിക്കിപീഡിയയിൽ ഉണ്ട്. ‘ലിസ്റ്റ് ഓഫ് അൺ പ്രൂവൺ മെതേഡ്സ് അ​ഗൈൻസ്റ്റ് കോവിഡ്-19’ ഞാൻ സ്റ്റാർട്ട് ചെയ്ത പേജാണ്, വാക്സിൻ മിസ് ഇൻഫർമേഷൻ, 5 ജി മിസ് ഇൻഫോർമേഷൻ പേജുണ്ട്. അതുകൊണ്ട് പുറത്ത് നിന്നുള്ള ഒരു ഇൻഫോർമേഷൻ ശരിയാണോ എന്ന് പരിശോധിക്കാനും വിക്കിപീഡിയ ഉപയോ​ഗിക്കാം.

കോവിഡ്-19 നെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം വാർത്തകൾ പ്രചരിച്ചു. ഇത്തരം വാർത്തകളെ പ്രതിരോധിക്കുവാനായി നത വിക്കിപീഡിയയിലൂടെ നടത്തിയ ഇടപെടലുകളെ യു.എൻ അവരുടെ ട്വിറ്റർ പേജിലൂടെ പ്രശംസിച്ചിരുന്നു. വിക്കിപീഡിയയെ ഒരു പ്രതിരോധ മാധ്യമമാക്കുന്നതിലെ പ്രചോദനം എന്തായിരുന്നു ? ഈ ഇടപെടലുകൾ ഫലം കണ്ടുവോ ?

മിസ് ഇൻഫർമേഷൻ എന്ന ഏരിയയിൽ വർക്ക് ചെയ്യാൻ ഞാൻ തത്പരയാണ്. ഒരു ഡോക്ടറായതുകൊണ്ടുകൂടിയാണത്. ആരോ​ഗ്യത്തെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ഒക്കെ വളരെയധികം തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട്. അതോടൊപ്പം സർക്കാരും മറ്റ് സംഘടനകളും നടത്തുന്ന പ്രൊപ്പ​ഗണ്ടകളുണ്ട്. അതിലൊക്കെ വിശ്വസിച്ചിട്ടാണ് റീജിയണലിസം, നാഷണലിസം, എക്സ്ട്രിമിസം തുടങ്ങിയ ആശയങ്ങളിലൊക്കെ വീണുപോകുന്നത്. ഒരു വ്യക്തിയുടെ ചിന്താരീതിയെ തന്നെ മാറ്റി മറിക്കാൻ ഈ മിസ് ഇൻഫർമേഷനുകൾക്ക് കഴിയും.

ആളുകളുടെ ജീവിതത്തെ തന്നെ ബാധിച്ചേക്കാം എന്നതുകൊണ്ട് എത്രമാത്രം തടയാൻ കഴിയുമോ അത്രമാത്രം മിസ് ഇൻഫർമേഷനെ തടഞ്ഞുനിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെയാണ് ഞാൻ കോവിഡ്-19 വന്നപ്പോൾ കോവിഡ്-19 മിസ് ഇൻഫർമേഷനെ കുറിച്ച് എഴുതാൻ തുടങ്ങിയത്. മിസ് ഇൻഫർമേഷനെ കുറിച്ച് എഴുതാൻ ഏറ്റവും നല്ല മാധ്യമം വിക്കിപീഡിയ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വിക്കിപീഡിയക്ക് നിലവിൽ ഒരു വായനാ സമൂഹം ഉണ്ട്. അതിനകത്ത് ഒരു ലേഖനം വന്നു കഴിഞ്ഞാൽ കൂടുതൽ പേരിലേക്കെത്തും. എന്റെ ബ്ലോ​ഗിലൊ, സോഷ്യൽ മീഡിയയിലൊ ആണ് എഴുതുന്നത് എങ്കിൽ വളരെ കുറച്ചു പേരെ അത് വായിക്കുകയുള്ളൂ. വിക്കിപീഡിയക്കുള്ള വിശ്വാസ്യതയും, റീഡർഷിപ്പും, പിന്നെ അതിന്റെ കൊളാബറേറ്റീവ് പവറും കൂടെ ഉപയോ​ഗിച്ചിട്ടാണ് ഈയൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്.

ഈ ഇടപെടലുകൾ ഫലം കണ്ടോ എന്നു ചോദിച്ചാൽ എനിക്കതറിയില്ല, പേജ് വ്യൂസിന്റെ കാര്യമാണെങ്കിൽ അത് വായിക്കപ്പെട്ടിട്ടുണ്ട്. അത് വായിച്ച് പലരും തങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടുണ്ടാകും, മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവും. വെബ് സൈറ്റുകളിൽ ആ വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകും, അലക്സയോടും ​ഗൂ​ഗിൾ നെസ്റ്റിനോടുമൊക്കെ ഒരു കാര്യം ചോദിച്ചാൽ വിക്കിപീഡിയയിൽ നിന്നുള്ള വിവരങ്ങൾ ആണ് പറഞ്ഞുതരിക. എ.ഐ മോഡലുകൾ ആദ്യം ട്രെയിൻ ചെയ്തെടുക്കുന്നതും വിക്കിപീഡിയിൽ നിന്നാണ്. ഇതിലുമേറെ വഴികളിലൂടെ പ്രചരിക്കുന്നതിനാൽ വിക്കിപീഡിയയിലെ ഒരു കണ്ടന്റ് എങ്ങനെയൊക്കെ ലോകത്തിൽ പ്രതിഫലിക്കുന്നു എന്നു തീർത്തു പറയാനാവില്ല.

വിക്കിമീഡിയൻ എന്നതോടൊപ്പം തന്നെ ഒരു ന്യൂറോസയന്റിസ്റ്റ് കൂടിയാണല്ലോ. ആ നിലക്ക് ഈ ഫേക്ക് ന്യൂസുകളെയും അവ പ്രചരിപ്പിക്കുന്ന ആളുകളുടെയും അവരുടെ മനോനിലയെയും നിരീക്ഷിച്ചിട്ടുണ്ടോ ? നുണകൾ എന്തുകൊണ്ട് സത്യത്തേക്കാൾ പ്രചാരം നേടുന്നു ? ആളുകൾ എന്തുകൊണ്ട് അത്തരം വാർത്തകൾ പങ്കുവെക്കുന്നു ? എന്നെല്ലാം അന്വേഷിച്ചിട്ടുണ്ടോ?

ഫേക്ക് ന്യൂസ് പടരുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ ഒന്ന് കൺഫർമേഷൻ ബയാസാണ്. നമ്മുടെ ഉള്ളിലുള്ള ബയാസുകളെ കൺഫർമേഷൻ ചെയ്യുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അത് വിശ്വസിക്കും. അങ്ങനെയാണ് ഒരുപാട് മിസ് ഇൻഫർമേഷനുകൾ ആളുകൾ സ്വീകരിക്കുന്നത്. മറ്റൊന്ന് സാമ്പത്തികമാണ്, പിന്നെ പലർക്കും അവരവരുടേതായിട്ടുള്ള അജണ്ടകളുണ്ടാവും. അവർക്ക് അവരുടെ നാഷണലിസവും, മതവും, ഐഡിയോളജിയും ഒക്കെയായിരിക്കും പ്രചരിപ്പിക്കേണ്ടി വരിക. ഇത്തരം പ്രചാരണങ്ങൾക്കായി അറിഞ്ഞുകൊണ്ട് തന്നെ ഡിസ് ഇൻഫർമേഷനുണ്ടാക്കി വിടും. മിസ് ഇൻഫർമേഷനല്ല ഇത് ഡിസ് ഇൻഫർമേഷനാണ്. കൺഫർമേഷൻ ബയാസ് ഉള്ള ആളുകളിലേക്ക് ഇത് എത്തുമ്പോൾ അവർ അത് വിശ്വസിക്കും. പിന്നെയും പ്രചരിപ്പിക്കും. അങ്ങനെയാണ് ഈ ഫേക്ക് ന്യൂസ് വലുതാവുന്നത്. ആളുകളോട് അവർക്ക് വിശ്വസിക്കാൻ ആ​ഗ്രഹമുള്ള കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞാൽ അവർ വളരെയേറെ സന്തുഷ്ടരാവും.

മിസ് ഇൻഫർമേഷൻ പ്രചരിപ്പിക്കുന്നവർ വളരെ ലളിതമായ വിധത്തിലാവും അത് പറഞ്ഞുകൊടുക്കുന്നത്. അതു മനസ്സിലാക്കാൻ എളുപ്പമായതുകൊണ്ട് അത് സത്യമാണ് എന്നു വിചാരിക്കും. കോവിഡ് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നൊക്കെയുള്ള റിസർച്ചുകൾ പഠിക്കാൻ വളരെ പാടാണ്. അതേസമയം ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഒരാൾ വായ തുറന്നുപിടിച്ചാലാണ് കോവിഡ് ശരീരത്തിൽ കേറുന്നത് എന്നും മൂന്ന് തവണ ശ്വാസമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തലതിരിച്ചു കഴിഞ്ഞാൽ കോവിഡ് ഇല്ല എന്നൊക്കെ, ആർക്കും മനസ്സിലാക്കാവുന്ന തരത്തിൽ സങ്കീ‍ർണ്ണമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുകയാണെങ്കിൽ ആളുകൾ അതു വിശ്വസിക്കും. സെൻസേഷണൽ ആയിട്ടുള്ള ക്ലിക്ക്ബയ്റ്റുള്ള കാര്യങ്ങൾ, അതു മിസ് ഇൻഫർമേഷനാണെങ്കിലും വിശ്വസിക്കപ്പെടും. വൈകാരികമായി കണക്ട് ചെയ്യുന്ന അത്തരം കാര്യങ്ങൾ മിസ് ഇൻഫർമേഷൻ ആകാൻ സാധ്യത വളരെ കൂടുതലാണ്, വിശ്വസിക്കപ്പെടാനും.

എ.ഐ ടൂളുകളിൽ ചിലത്. കടപ്പാട് : markcarrigan.net

എ.ഐ ടൂളുകൾ ഒക്കെ ഉള്ളതുകൊണ്ട് മിസ് ഇൻഫർമേഷൻ ഉണ്ടാക്കാൻ വളരെ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ സത്യം പ്രചരിപ്പിക്കുന്ന കണ്ടന്റുകൾ നമുക്ക് ആവശ്യമുണ്ട്. വിക്കിപീഡിയയിൽ മാത്രമല്ല എല്ലായിടത്തും അതാവശ്യമുണ്ട്. മിസ് ഇൻഫർമേഷൻ കണ്ടുപിടിക്കാനായിട്ടുള്ള കൂടുതൽ ടൂളുകൾ നമുക്ക് ആവശ്യമുണ്ട്.

മിസ് ഇൻഫർമേഷനെ മനസ്സിലാക്കേണ്ടത് എങ്ങനെയെന്ന് സ്കൂൾ തലം മുതലേ പഠിപ്പിക്കേണ്ടതുണ്ട്. റഫറൻസ് ഉള്ള കാര്യങ്ങൾ മാത്രമെ വിശ്വസിക്കാവൂ എന്നും വെരിഫയ് ചെയ്യാവുന്ന റഫറൻസുകൾ ഏതുതരത്തിലാണെന്നെല്ലാം പഠിപ്പിക്കേണ്ടതുണ്ട്.

വൈദ്യശാസ്ത്ര വിവരങ്ങൾ പങ്കുവെച്ചതിനാണ് 2020 ൽ നതയ്ക്ക് ‘വുമൺ ഇൻ ഓപൺ സോർസ്’ അവാർഡ് ലഭിച്ചത്. വിക്കിപീഡിയ പോലെ ഒരു ഓപ്പൺ സോർസിൽ വൈദ്യശാസ്ത്ര വിവരങ്ങളുടെ പ്രചാരണം എത്രത്തോളം പ്രധാനമാണ് ? എന്നാൽ ഗൂഗിൾ ചെയ്ത് സ്വയം രോഗനിർണ്ണയം നടത്തുന്നവരും, ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘വിദഗ്ദാഭിപ്രായം’ നൽകുന്നവരും ഇന്ന് ഏറെയാണ്. അത് ഗുണകരമാണോ ? ശാസ്ത്ര സംബന്ധിയായ ഇത്തരം രചനകൾക്ക് സ്വീകരിക്കുന്ന മാർഗരേഖ എന്താണ് ?

ചരിത്രപരമായി തന്നെ വൈദ്യശാസ്ത്രത്തെ ഒരു എലൈറ്റ് പ്രൊഫഷനായാണ് കണ്ടുവരുന്നത്. വൈദ്യശാസ്ത്രത്തെ കുറിച്ച് അറിവുള്ള കുറച്ചുപേരേയുള്ളൂ, അവർ ആ വിവരങ്ങൾ അവരുടെ ഒരു ​ഗ്രൂപ്പിൽ മാത്രം നിലനിർത്തുന്നു. നമുക്ക് ഒരു അസുഖം ഉണ്ടെങ്കിൽ അതേക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രോ​ഗങ്ങളെ കുറിച്ചും, വൈദ്യശാസ്ത്രത്തെ കുറിച്ചും സാമാന്യ വിവരങ്ങൾ ലഭ്യമാക്കുന്നതിനും പൊതുവായിട്ടുള്ള അവബോധം വളർത്തുന്നതിനും ഇന്റർനെറ്റ് വളരെയേറെ സഹായിച്ചിട്ടുണ്ട്. യു.എസിലെ സി.ഡി.സി യു.കെയിലെ എൻ.എച്ച്.എസ് പോലെയുള്ള പ്രധാന ​സർക്കാർ സ്ഥാപനങ്ങൾ അവരുടെ വെബ്സൈറ്റിലൂടെ വൈ​ദ്യശാസ്ത്ര വിവരങ്ങൾ പൊതുജനത്തിന് മനസ്സിലാവുന്ന തരത്തിൽ പങ്കുവെക്കുന്നത് ഇതിന്റെ തുട‍ർച്ചയാണ്. ഞാൻ ഇപ്പോൾ താമസിക്കുന്ന സ്വീഡനിൽ 1177 എന്ന വെബ്സൈറ്റിലൂടെ ഇത്തരം വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട്. ​

സർക്കാർ വെബ്സൈറ്റുകളിലൂടെ ആരോഗ്യസംബന്ധിയായ വിവരങ്ങൾ ജനങ്ങൾക്ക് കൊടുത്തു തുടങ്ങിയിട്ടുണ്ട്. കാരണം നമുക്ക് ആരോഗ്യ സേവന ദാതാക്കളുടെ എണ്ണം വളരെ കുറവാണ്, എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതലും. അപ്പോൾ ജനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അവർ തെറ്റായ വിവരങ്ങൾ മറ്റുള്ളവരിൽ നിന്നും സ്വീകരിക്കും. ശരിയായ വിവരങ്ങൾ വെബ്സൈറ്റ് വഴി നൽകുന്നതിലൂടെ ജനങ്ങൾക്ക് രോഗത്തെക്കുറിച്ച് സമഗ്രമായി മനസിലാക്കാൻ സാധിക്കും. ഇന്റർനെറ്റിൽ ആധികാരികമായ വിവരങ്ങൾ നൽകുന്നത് എപ്പോഴും നല്ലതായിരിക്കും. ഒരു ആരോഗ്യ സേവനദാതാവിന് ഒരു രോഗിയുമായി സംസാരിക്കാനുള്ള സമയം വളരെ കുറവാണ്. തമിഴ്നാട്ടിലൊക്കെ രണ്ട് മുതൽ മൂന്നു മിനിറ്റ് വരെയാണ് ഡോക്ടർ രോഗിയുമായി സംസാരിക്കുക. ആ സമയം ഡോക്ടർക്ക് വിശദമായ നിർദ്ദേശം നൽകാൻ തികയുകയില്ല. അതേസമയം ഈ വിവരങ്ങളെല്ലാം രോഗിക്ക് മനസിലാകുന്ന രീതിയിൽ ഒരു വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ടെങ്കിൽ നമുക്ക് രോഗിയെ അവിടേക്ക് നയിക്കാം. ആരോഗ്യപരമായ വിവരങ്ങൾ ഒരു പൊതു സൈറ്റിൽ നൽകുന്നത് ആളുകളുടെ ആരോഗ്യനിലവാരം കൂട്ടുകയെയുള്ളു. വളരെ കുറച്ചുപേര് സ്വയം രോഗനിർണ്ണയം നടത്തി അബദ്ധങ്ങളിലേക്ക് ചാടാമെങ്കിലും ഇതുവഴി ആളുകളുടെ ആരോഗ്യസംബന്ധിയായ ഗുണനിലവാരവും, വിദ്യഭ്യാസവും ഉയരുകയേയുള്ളൂ.

1177 വെബ്സൈറ്റ്

മെഡിസിൻ എന്നത് വളരെ സെൻസിറ്റീവ് ആയ ഒരു കാര്യമാണ്. വിക്കിപീഡിയയുടെ വശത്തു നിന്ന് സംസാരിക്കുകയാണെങ്കിൽ ആളുകൾ വിക്കിപീഡിയ നോക്കി വിവരമെടുത്തായിരിക്കാം ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കുക. അങ്ങനെ ഒരു സാധ്യത വരാം. പ്രത്യേകിച്ചും ആരോഗ്യ സേവനങ്ങളിലേക്കുള്ള തുറവി കുറവുള്ള രാജ്യങ്ങളിൽ ഇത് സംഭവിക്കാം. ഒരു രാജ്യത്ത് ഒരു വ്യക്തിക്ക് അധികം പൈസ ഇല്ല. പക്ഷെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ട്. അദ്ദേഹത്തിനൊരു രോഗം വന്നാൽ, ഡോക്ടറെ കാണാൻ ഫീസ് കൂടുതലാണ്, അല്ലെങ്കിൽ കൂടുതൽ നേരം വരിയിൽ നിൽക്കണം എന്ന അവസ്ഥ വന്നാൽ അവർ തീർച്ചയായും രോഗാവസ്ഥയെ കുറിച്ച് നോക്കുകയും അഭിപ്രായം രുപീകരിക്കുകയും ചെയ്യും. അതുകൊണ്ട് ഇന്റർനെറ്റിൽ അവർ ആ അസുഖത്തെ കുറിച്ച് എന്ത് കാണുന്നു എന്നത് പ്രധാനപ്പെട്ടതാണ്. അതിനാൽത്തന്നെ ആരോഗ്യസംബന്ധിയായ കാര്യങ്ങളെ ഒരു സെൻസിറ്റീവ് വിഷയമായാണ് വിക്കിപീഡിയ കാണുന്നത്. അതുകൊണ്ട് വിക്കിപീഡിയയിൽ മരുന്നുകളുമായി ബന്ധപ്പെട്ട് എഴുതുന്നതിന് കൂടുതൽ നിർദേശങ്ങൾ വച്ചിട്ടുണ്ട്. മരുന്നകളുമായി ബന്ധപ്പെട്ട റഫറൻസുകളിൽ പിയർ റീവ്യൂഡ് ജേർണലുകളിലെ റഫറൻസുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. സിസ്റ്റമാറ്റിക് റിവ്യൂ, മെറ്റാ അനാലിസിസ് എന്നിവ വഴി ലഭിക്കുന്ന റിസർച്ച് മെറ്റീരിയലുകൾ മാത്രമേ ഇവിടെ ഉപയോഗിക്കാൻ പാടുള്ളൂ. പാഠപുസ്തകങ്ങളാണെങ്കിലും പ്രമുഖമായ പുസ്തകങ്ങൾ മാത്രമേ വിക്കിപീഡിയ റഫറൻസ് ആയി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കൂടുതൽ നിർദേശങ്ങൾ മെഡിസിനുമായ ബന്ധപ്പെട്ട ആർട്ടിക്കിളുകൾ എഴുതുന്നതിൽ വിക്കിപീഡിയയിൽ നൽകുന്നുണ്ട്. സാധാരണ ഒരു വ്യക്തിയെക്കുറിച്ചോ, വസ്തുവിനെക്കുറിച്ചോ എഴുതുന്ന ആർട്ടിക്കിളുകളേക്കാൾ കണിശത മെഡിസിനുമായ ബന്ധപ്പെട്ട ആർട്ടിക്കിളുകളിൽ വിക്കിപീഡിയ പുലർത്തുന്നുണ്ട്. അത് ഉറപ്പുവരുത്തുന്നതിന് ഒരുപാട് എഡിറ്റേഴ്സും ഉണ്ട്. ഈ ശ്രമകരമായ കാര്യം ചെയ്യുന്നത് വിക്കിപീഡിയയിലെ എഡിറ്റർമാരാണ്. അതുകൊണ്ടാണ് വിക്കിപീഡിയയിലെ ലേഖനങ്ങൾ ഇത്ര മികച്ചതായി മാറുന്നത്.

ഇന്ത്യയിലെ സ്ത്രീകൾക്കും എൽ.ജി.ബി.ടി.ക്വു + കമ്മ്യൂണിറ്റികൾക്കുമായി വിക്കിപീഡിയ ഔട്ട്റീച്ച് ഇവന്റുകൾ സംഘടിപ്പിച്ചിട്ടുണ്ടല്ലോ. സ്ത്രീകളുടെയും എൽ.ജി.ബി.ടി.ക്വു + കമ്മ്യൂണിറ്റികൾക്കുമായി എന്തെല്ലാം പ്രവർത്തനങ്ങൾക്കാണ് വിക്കിപീഡിയ അവസരം നൽകുന്നത് ? നേതയുടെ നേതൃത്വത്തിൽ നടന്ന ഇവന്റുകളെക്കുറിച്ച് പറയാമോ?

വിക്കിപീഡിയയിൽ എൽ.ജി.ബി.ടി.ക്വു + വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തം കുറവാണ്. ഈ ഒരു കാര്യം മുൻനിർത്തിക്കൊണ്ട് ഈ വിഭാഗം ആളുകളുടെയുള്ളിൽ ഔട്ട്റീച്ച് പരിപാടികൾ നമ്മൾ നടത്താറുണ്ട്. അത് ഇന്ത്യയിലും കേരളത്തിലും മാത്രമല്ല, ലോകവ്യാപകമായി നടത്താറുണ്ട്. പല വിഭാഗം ആളുകൾക്കും പലതരം അറിവുകളും, കാഴ്ചപ്പാടുകളുമായിരിക്കും. സ്ത്രീകളുടെ വിവരങ്ങളും, കാഴ്ചപ്പാടുകളും വിക്കിപീഡിയയിൽ വന്നില്ലെങ്കിൽ വിക്കിപീഡിയ ഒരിക്കലും നിഷ്പക്ഷവും, സമഗ്രവും ആകുന്നില്ല. എല്ലാവരുടെയും കാഴ്ചപ്പാടുകൾ വിക്കിപീഡിയക്ക് അകത്തുണ്ടാകണം. വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസ് പറയുന്നത് “we aim to create the sum of all human knowledge” എന്നാണ്. ‘Sum of all human knowledge’ എന്ന് പറയുമ്പോൾ എല്ലാവരും ഉൾപ്പെടുമല്ലോ. എല്ലാത്തരം ആളുകളും ഉൾപ്പെടുന്ന വിക്കിപീഡിയ നമ്മൾ നിർമ്മിക്കുമ്പോൾ അതിൽ ധാരാളം വൈവിധ്യം ആവശ്യമുണ്ട്. അങ്ങനെയാണെങ്കിൽ മാത്രമേ എല്ലാ സ്ഥലങ്ങളും, ജൻഡറുകളും, സംസ്കാരങ്ങളും പ്രതിനിതീകരിക്കപ്പെടുകയുള്ളൂ. ഇതിനെല്ലാം വേണ്ടിയാണ് നമ്മൾ നിലവിൽ ഇതിൽ പങ്കെടുക്കാത്ത വിഭാഗങ്ങളുമായി സംസാരിച്ച് അവരെ വിക്കിപീഡിയയിൽ എഴുതാൻ ക്ഷണിക്കുന്നത്. സ്ത്രീകൾക്ക് മാത്രമായ പരിപാടികളും, എൽ.ജി.ബി.ടി.ക്വു + വിഭാഗങ്ങൾക്കുള്ള പരിപാടികളും നമ്മൾ നടത്താറുണ്ട്.

ജിമ്മി വെയിൽസ്

ഞാൻ നാട്ടിലുണ്ടായിരുന്നപ്പോഴാണ് കൂടുതൽ പരിപാടികൾ നടത്തിയിരുന്നത്. ഇപ്പോൾ ഞാൻ സ്വീഡനിലാണ്. ഇപ്പോൾ ഞാൻ പൊതുവായ പരിപാടികളിൽ പങ്കെടുക്കാറേയുള്ളൂ. പിന്നെ വിക്കിപീഡിയയിൽ കോൺഫറൻസുകൾ വരാറുണ്ട്. ഈ വരുന്ന ഒക്ടോബറിൽ വിക്കിവുമൺ ക്യാമ്പുണ്ട്. അത് വിക്കിപീഡിയയിൽ എഴുതുന്ന സ്ത്രീകൾക്കും ജെൻഡർ ഫ്ലൂയിഡ് ആയിട്ടുള്ള ആളുകൾക്കും വേണ്ടിയുള്ള ക്യാമ്പുകളാണ്. ആ കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിക്കികോമൺസ് വരുന്നുണ്ട്. അത്തരത്തിലുള്ള പ്രവർത്തനങ്ങളെല്ലാം നടക്കുന്നുണ്ട്. വിക്കിപീഡിയ നടത്തുന്നത് വിക്കിപീഡിയ ഫൗണ്ടേഷനാണ്. അവരും ഇത്തരത്തിൽ ഇത്തരത്തിൽ വൈവിധ്യം വർധിപ്പിക്കുന്ന നിരവധി പരിപാടികൾക്ക് ഫണ്ട് ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നുണ്ട്.

വെബ്സൈറ്റുകളും, കണ്ടന്റുകളുമെല്ലാം മൊണിറ്റൈസ് ചെയ്യപ്പെടുമ്പോഴും നേതയെ പോലെ ധാരാളം പേർ ഓപ്പൺ സോർസുകൾക്കായി പ്രവർത്തിക്കുന്നു. മലയാളത്തിലെ പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന് സഹായകമായ ഓപ്പൺ സോർസ് ടൂളുകൾ ഇവയിൽ പ്രധാനപ്പെട്ടതാണ്. ഓപ്പൺ സോർസ് മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ എന്തെല്ലാമാണ് ?

ഓപ്പൺസോഴ്സ് മേഖലയിലെ പൊതുവായ മുന്നേറ്റം എനിക്ക് പരിചിതമായ വിഷയമല്ല. എന്റെ പ്രവർത്തനം മുഴുവൻ വിക്കിപീഡിയക്കകത്തും, വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളുമായി ബന്ധപ്പെട്ടുമാണ്. വിക്കിപീഡിയയിൽ ജനറേറ്റിവ് AI നെ കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. AI വരുമ്പോൾ അവിടെ വിക്കിപീഡിയയുടെ പങ്ക് എന്തായിരിക്കും, ആർട്ടിഫിഷ്യൽ ഇന്റെലിജൻസിനെ ഉപയോഗിച്ച് ലേഖനങ്ങൾ എങ്ങനെ മെച്ചപ്പെട്ടതാക്കാൻ സാധിക്കും എന്ന തരത്തിലുള്ള ആലോചനകൾ വിക്കി പീഡിയയിൽ വരുന്നുണ്ട്. പിന്നെ വിക്കി പീഡിയയിൽ 2030 -ലേക്കുള്ള സ്ട്രാറ്റജി എന്തായിരിക്കണം എന്ന ചിന്തയുണ്ട്. വിക്കി പീഡിയ എന്നത് നിരന്തരം രൂപാന്തരം പ്രാപിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണല്ലോ. വേഗതയിൽ മാറ്റങ്ങൾ വരുന്ന ഒരിടമാണ് സാങ്കേതികവിദ്യ. വിക്കിപീഡിയ തുടങ്ങിയത് 2001-ലാണ്. അന്ന് പ്രചാരത്തിലുള്ള വെബ് സൈറ്റുകൾ ഒന്നും ഇന്ന് അത്ര പ്രചാരത്തിലില്ല. അന്ന് യാഹൂ ആയിരുന്നു എല്ലാവരും ഇ-മെയിലിനുവേണ്ടി പ്രധാനമായും ഉപയോഗിച്ചിരുന്നത്. പക്ഷെ ഇപ്പോൾ യാഹുവിനെക്കുറിച്ചു കേൾക്കാനില്ല. ഇത്തരം സാങ്കേതികവിദ്യ കമ്പനികൾ വളരുന്നതും, വീഴുന്നതും ഒക്കെ പെട്ടെന്നായിരിക്കും. എന്നാൽ വിക്കിപീഡിയക്ക് കഴിഞ്ഞ 21 വർഷമായി മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ട്. അതിന്റെ പ്രധാന കാരണം വിക്കിപീഡിയയിൽ ഒത്തിരി മാറ്റങ്ങൾ വരുന്നുണ്ട്. പുതിയ കാലത്തിനനുസരിച്ച് വിക്കിപീഡിയ ചിന്തിക്കുന്നുണ്ട്. 2030 ൽ വിക്കി മീഡിയ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചുള്ള പദ്ധതി രൂപീകരിക്കുന്നതിൽ വലിയൊരു പ്രൊജക്റ്റ് വിക്കിപീഡിയയിൽ നടക്കുന്നുണ്ട്. അതിൽ എല്ലാ വോളണ്ടിയർമാരും വിക്കിപീഡിയ സ്റ്റാഫും, പുറത്തുനിന്നുള്ള പങ്കാളികളും ചർച്ച ചെയ്തു. എന്തിനു വേണ്ടിയായിരിക്കണം വിക്കിപീഡിയ നിലകൊള്ളേണ്ടത് എന്നതിനെക്കുറിച്ചുള്ള നയങ്ങളും, നിർദേശങ്ങളുമൊക്കെ വന്നിട്ടുണ്ട്. അതുപോലെ ജോലി കാര്യക്ഷമമാക്കാൻ കൂടുതൽ ടൂൾസ് ഉപയോഗിക്കുന്നുണ്ട്. പുതിയ ഗവേഷണങ്ങൾ വരുന്നുണ്ട്. അതിനാൽ ഞാൻ അത് വായിക്കുകയും മനസിലാക്കുകയും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യാറുണ്ട്.

നേത ഹുസൈൻ

വിക്കിപീഡിയ മലയാളത്തിന്റെ പുസ്തകശേഖരമായ വിക്കിഗ്രന്ഥാലയത്തിൽ സന്ദർശകരെത്തുന്നുണ്ടോ ? കൂടുതൽ പുസ്തകങ്ങൾ ചേർക്കപ്പെടുമോ ?

വിക്കി ഗ്രന്ധശാല എന്നത് ഡിജിറ്റലൈസ് ചെയ്ത ഗ്രന്ഥങ്ങളുടെ ഒരു ശേഖരമാണ്. ഇവിടെ കൂടുതൽ ആളുകൾ എത്തുന്നുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇല്ല എന്നതാണ് ഉത്തരം. പുസ്തകങ്ങൾ ചേർക്കുന്നുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഉണ്ട് എന്നാണ് ഉത്തരം. ഇവിടെ ആളുകൾ വരാത്തതിന്റെ കാരണം കോപ്പി റൈറ്റ് ഇല്ലാത്ത പുസ്തകങ്ങളെ വിക്കിഗ്രന്ധശാലയിൽ ചേർക്കാൻ പറ്റുകയുള്ളൂ എന്നതാണ്. അല്ലെങ്കിൽ ഒരു ലേഖകനോ ലേഖികയോ അവരുടെ ഗ്രന്ഥം വിക്കി ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്യണം. സംഭാവന ചെയ്യുകയെന്നാൽ, CCSA (ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്) ലൈസെൻസിലേക്ക് അവരുടെ പുസ്തകം മാറ്റണം. അതിനുശേഷം മാത്രമേ വിക്കി ഗ്രന്ഥശാലയിലേക്ക് വരുത്താൻ സാധിക്കുകയുള്ളു. എല്ലാ രാജ്യങ്ങളിലും കോപ്പി റൈറ്റ് നിയമങ്ങൾ എഴുത്തുകാരൻ പുസ്തകത്തിന്റെ മേൽ കൂടുതൽ അവകാശങ്ങൾ നൽകുന്നുണ്ട്. ഒരു എഴുത്തുകാരി മരിച്ചതിന് അറുപതു വർഷങ്ങൾക്ക് ശേഷം മാത്രമെ ആ പുസ്തകം പബ്ലിക് ഡൊമൈനിലേക്ക് എത്താറുള്ളു. അതിനാൽ 1930 -കൾക്ക് ശേഷമുള്ള പുസ്തകങ്ങൾ മാത്രമേ ഇപ്പോൾ ഡിജിറ്റലൈസ് ചെയ്യാൻ സാധിക്കുകയുള്ളൂ. വളരെ പഴക്കം ചെന്ന പുസ്തകങ്ങളാണ് ഇപ്പോൾ വിക്കി ഗ്രന്ഥശാലയിലുള്ളത്. ആളുകൾക്ക് പഴക്കം ചെന്നവ വായിക്കാൻ താല്പര്യമില്ല. പുതിയ വിഷയങ്ങൾ ആയിരിക്കും താല്പര്യം. അത്തരം പുസ്തകങ്ങളൊന്നും വിക്കിഗ്രന്ഥശാലകളിലില്ല. ഇതിലുള്ളത് പഴയ കവിതകളും, മത ഗ്രന്ഥങ്ങളും, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ ഇത്തരത്തിലുള്ളവരുടെ രചനകളും, പഴയ ഡിക്ഷനറികളുമാണ്. കണ്ടന്റ് പഴയതാണ് എന്നുള്ളതിനാൽ വിക്കിഗ്രന്ഥശാലക്ക് വായനക്കാരെ ആകർഷിക്കാൻ കഴിയുന്നില്ല. പക്ഷെ ഇത്തരം ഗ്രന്ഥങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നത് മലയാളത്തിൽ നന്നായി നടക്കുന്നുണ്ട്. ഇതിനായി നിരവധി പേര് പ്രവർത്തിക്കുന്നുണ്ട്. വളരെ അപൂർവമായി ചില ലേഖകർ അവരുടെ പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിലേക്ക് എടുക്കാൻ ലൈസൻസ് മാറ്റിത്തരാറുണ്ട്. ഉദാഹരണത്തിന് ‘കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ?’ എന്ന പുസ്തകം അതിന്റെ രചയിതാവായ ജെ. ദേവിക CCSA ലൈസൻസിലേക്ക് മാറ്റിത്തന്നിട്ടുണ്ട്.

കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ?

ആ പുസ്തകം നമ്മൾ വിക്കിഗ്രന്ഥശാലയിലേക്ക് ചേർത്തു. ഇന്നത്തെ കാലത്തെ എഴുത്തുകാർ ഇത്തരത്തിൽ വിക്കിപീഡിയക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ലൈസൻസ് മാറ്റിത്തരുകയാണെങ്കിൽ തീർച്ചയായും നമുക്ക് വിക്കിഗ്രന്ഥശാലയെ കൂടുതൽ വിപുലമാക്കാൻ പറ്റും. അതിലൂടെ കൂടുതൽ പേർക്ക് പണം കൊടുക്കാതെ ഈ പുസ്തകം വായിക്കാൻ സാധിക്കും.നമ്മൾ ഒരു പുസ്തകം എഴുതുന്നുണ്ടെങ്കിൽ അത് വിക്കിഗ്രന്ഥശാലയിലേക്ക് നൽകുന്നത് അതിന്റെ വായന കൂട്ടാൻ സഹായിക്കും.

വുമൺ ഇൻ ഓപൺ സോർസ് അവാർഡും, വിക്കീമീഡിയൻ ഓഫ് ദ ഇയർ അവാർഡും ഉൾപ്പെടെ നേടിയിട്ടുണ്ടെങ്കിലും ഒരു വിക്കിമീഡിയൻ എന്നുള്ള നിലയ്ക്ക് നതയുടെ ഏറ്റവും വലിയ നേട്ടമായ് കരുതുന്നതെന്താണ് ?

വിക്കിപീഡിയയിൽ ഒരു എഡിറ്റർ ആയി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. അത് ഞാൻ ആദ്യം പ്രതീക്ഷിച്ചിരുന്നതല്ല. ഏറ്റവും ആദ്യം വിക്കിപീഡിയയിൽ എഡിറ്റ് ചെയുമ്പോൾ ഇത്രയും അധികം സമയം ഇതിൽ കൊടുക്കേണ്ടിവരുമെന്ന് ഞാൻ വിചാരിച്ചിരുന്നതല്ല. എന്നാൽ പിന്നീടതങ്ങനെ സംഭവിച്ചു. ഒരു വിക്കിമീഡിയൻ എന്നറിയപ്പെടുന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. അങ്ങനെ ഒരു വിക്കിമീഡിയൻ ആയിരിക്കുന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ നേട്ടവും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 24, 2023 7:18 pm